Sunday, August 26, 2012

ഇടുക്കി സിവിൽ സ്റ്റേഷനിലെ ഓണാഘോഷം

ഇടുക്കി സിവിൽ സ്റ്റേഷനിലെ ഓണാഘോഷം

2012 ആഗസ്റ്റ് മാസം 24ആം തീയതി ഓഫീസിലേക്കു പോകുമ്പോൾ ഒരു കൗതുകം മനസ്സിൽ പൊന്തി വന്നു - ജില്ലാ കളക്ടർ ഇന്നു മുണ്ടാണോ ധരിക്കുക? ലളിതമായി സംസാരിക്കുകയും നർമ്മം പറഞ്ഞു ചിരിക്കുകയും ചെയ്യുന്ന അദ്ദേഹം മുണ്ടുടുക്കുമെന്ന ഊഹം ശരിയായി.

വൈറ്റാന്റ് വൈറ്റ് - ഏറെക്കാലമായുള്ള ഒരാഗ്രഹമായിരുന്നു. ആ മോഹത്തെ അലക്കിപ്പശമുക്കിയണിഞ്ഞുകൊണ്ട് രാവിലത്തെ ബസ്സുപിടിച്ചപ്പോൾ സ്ഥിരം സഹയാത്രികനായ അയല്പക്കം കാരൻ വിദ്യാർഥി ചോദിച്ചു: “ഇന്ന് ഓണാഘോഷമാണല്ലേ?” അവർക്കും ഇന്ന് ഓണാഘോഷം തന്നെ. “എന്നിട്ടു മുണ്ടില്ലേ?”
“മുണ്ട് ബാഗിലുണ്ട്. സ്കൂളിൽ ചെന്നിട്ടേ ഉടുക്കുന്നുള്ളൂ. ഇവിടുന്നേ മുണ്ടുടുത്തു പോയാൽ നാണക്കേടാവും.” ചുമ്മാതല്ല വടംവലി മൽസരത്തിൽ പങ്കെടുക്കാനുള്ളവർ നിർബന്ധമായും പാന്റ്സ് ഇടണമെന്ന് അവർക്ക് നിർദ്ദേശം കിട്ടിയത്. നാണം കെടുമെന്നുഭയന്നു മുണ്ടുടുക്കുന്നവർ.

ആരൊക്കെയോ ഇന്ന് കാലേകൂട്ടി ഓഫീസിലെത്തിയെന്നു തോന്നുന്നു. പൂക്കൾമൊക്കെ എപ്പഴേ റെഡി. അന്വേഷണകൗണ്ടറിനു മുന്നിലെ വിശാലമായ തറയിൽ വിടർന്നു കിടന്നു ഒരു സിമട്രിക് പൂക്കളം. അതിലും ആകർഷകം മുനയുള്ള അക്ഷരങ്ങൾ കൊണ്ട് അതിനുമേലെ ‘ഓണാശംസകൾ 2012’ എന്നെഴുതിയിരുന്നതാണ്‌.

ജില്ലാകളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ ഭദ്രദീപം കൊളുത്തി. എല്ലാ ജീവനക്കാർക്കും സന്ദർശകർക്കും കളക്ടർ ഓണാശംസകൾ നേർന്നു. തൊട്ടു പിന്നാലെ കളക്ടർ വിശേഷിപ്പിച്ച വി.ഐ.പി. എത്തി. സാക്ഷാൽ മാവേലി മന്നൻ വിത്ത് ഓലക്കുട ആൻഡ് അക്കമ്പനീഡ് ബൈ എ ലിറ്റിൽ വാമന!
മഹാബലി എയറുപിടിച്ചു നടന്നു സകലമാന ഓഫീസിലും കയറി കളക്ഷനെടുത്തു.; അല്ല ഓണാശംസ നേർന്നു. അനുഗ്രഹം നല്കി. ‘ഹാപ്പി ഓണം’ എന്ന് ഇംഗ്ലീഷ് പറയുന്ന ഒരു മാവേലിയെ ആദ്യമായാണു കണ്ടത്. കാരണം അന്വേഷിച്ചപ്പോൾ മൂപ്പർ പാതാളത്തിൽ സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുന്നുണ്ടെന്നും കേരളത്തിൽ വരുമ്പോൾ ഇക്കാലത്തു പിടിച്ചു നില്ക്കാൻ ഇങ്ങനെ ചിലതില്ലാതെ വയ്യെന്നുമായിരുന്നു മറുപടി. അടുത്ത സംശയം മഹാബലിക്കു മൊബൈലുണ്ടോ എന്നതായിരുന്നു. ഉടൻ വന്നു ഉത്തരം - ഉണ്ടെന്നും അതിപ്പോൾ ഭാര്യ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും. അപ്പോ കുടുംബസമേതം അവിടെ സെറ്റിൽഡാണോ എന്ന ചോദ്യത്തിന്‌ അവിടെ പരമസുഖമല്ലേ എന്ന മറുപടി എന്തുദ്ദേശിച്ചായിരുന്നു എന്നു മാത്രം മനസ്സിലായില്ല.

ശേഷം ശ്രീമാൻ വാമനൻ കളക്ട്രേറ്റിന്റെ മൂന്നാമത്തെ പടിക്കെട്ടിൽ കയറിനിന്ന് മഹാബലിയുടെ കിരീടത്തിന്റെ തുമ്പത്ത് ചവിട്ടി ഒരു മിനിറ്റോളം ഒറ്റക്കാലിൽ നിന്നത് കാണികളെയും ഫോട്ടോഗ്രാഫർമാരെയും അതിയായി വിസ്മയിപ്പിച്ച ഒരഭ്യാസപ്രകടനമായി മാറി. വിധേയത്വഭാവം എന്നതിന്റെ നിർവ്വചനമായിരുന്നു അപ്പോൾ മാവേലിത്തമ്പുരാന്റെ മുഖം. ഒടുക്കം അവർ തമ്മിൽ ‘എല്ലാം കോമ്പ്രമൈസാക്കി’.

സ്ഥലം എം.എൽ.എ. എത്തിയപ്പോൾ ചെണ്ടക്കാർക്ക് ഒരു നവോന്മേഷം വന്നു. ആ നേരം എല്ലാം ഞാനിപ്പ ശരിയാക്കും എന്നമട്ടിൽ ഒരു കിടിലൻ മഴയും പെയ്തു.

മത്സരങ്ങളായിരുന്നു അടുത്ത ആകർഷണം. സ്പൂണിൽ നാരങ്ങയുമായി ഓട്ടം(സ്ത്രീകൾക്കു മാത്രം) നടത്തിയതു നടത്തത്തിൽ കലാശിച്ചു. ലീഡ് ‘സ്പൂൺ പാടിന്‌’ ഏറിയും കുറഞ്ഞും നിന്നു. നിന്ന നില്പ്പിൽ കണ്ണും പൂട്ടി കുടം കണക്കിന്‌ അടിച്ചുതള്ളുന്ന ചേട്ടന്മാരൊക്കെ ‘എന്നാലീയുറിയൊരുകുറിനീയൊന്നടി’യെന്നു പറഞ്ഞ് കണ്ണുംകെട്ടി വിട്ടപ്പോൾ നിന്നു തപ്പി. ടോം ക്രൂയിസിന്റെ പടം വെച്ച് സുന്ദരനു മീശവരയ്ക്കൽ മൽസരം നടത്തിയപ്പോൾ യുവതികളുടെ തള്ളിക്കയറ്റം ഉണ്ടാവാതിരുന്നതു ശ്രദ്ധേയമായി. നിവിൻ പോളിയുടെ പടം വെയ്ക്കാമായിരുന്നു എന്നാരോ പരിഭവം പറയുന്നതുകേട്ടു. സുന്ദരിക്കുപൊട്ടുകുത്തൽ മൽസരത്തിന്‌ പടമായി വെച്ച ഐശ്വര്യാ റായിയുടെ (വിവാഹത്തിനു മുൻപത്തെ) ചിത്രം ആരും കൈ വെയ്ക്കാത്ത നിലയിൽ പിറ്റേന്നു രാവിലെയും തൽസ്ഥാനത്തു കാണപ്പെട്ടു. കണ്ണുകെട്ടി ആനയ്ക്കു വാലുവരച്ച ചിലർ കണ്ണിലെ കെട്ടഴിഞ്ഞപാടേ വരവീണ സ്ഥാനത്തേക്ക് ഒന്നു നോക്കിയിട്ട് ‘അയ്യേ’ന്നൊരു ഭാവത്തോടെ ഉയരുന്ന ചിരിക്കിടയിലൂടെ ഊളിയിട്ടുമുങ്ങി.

ഒരുമണിയായപ്പോൾ ശീലം കൊണ്ട് വയറ്റിൽ അലാം മുഴ്അങ്ങി. മത്സരം നടക്കുന്നയിടത്തു നിന്നും കണ്ണുകൾ ഇരു ബ്ലോക്കുകൾക്കുമിടയിലെ റോഡിൽ കെട്ടിയിരിക്കുന്ന പന്തലിലേക്കു നീണ്ടു നീണ്ടു ചെന്നു. ഒടുക്കം ആ വിളി വന്നു. കളക്ടർ, എം.എൽ.എ. മുതലായവരും മറ്റ് ഉന്നതോദ്യോഗസ്ഥരും ആദ്യപന്തിക്കിരുന്നു. ഒപ്പം വിശന്നു വലഞ്ഞവരും. ആവേശം മൂത്ത് എന്നാലൊന്നു വിളമ്പാൻ കൂടിയേക്കാം എന്നും കരുതിച്ചെല്ലുമ്പോൾ വിളമ്പാൻ ആളുമിച്ചം. സദ്യവട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന എ.ഡി.എം. വരെ മുണ്ടും മടക്കിക്കുത്തി അവിയലുപാത്രവുമായി ഓടിനടന്നു വിളമ്പുതകൃതി! അവിടെ നമുക്കെന്നാ റോള്‌?

കൈ കഴുകാതെ അടുത്ത പന്തിക്കിരുന്നു. ഏതു സദ്യയ്ക്കാണ്‌ സാധാരണ കൈ കഴുകിയിട്ട് ഇരിക്കാറ്‌? അത് പരസ്യമാക്കുന്നമട്ടിൽ ഉടൻ ഒരു അറിയിപ്പുവന്നു - എല്ലാവരും അവരവരുടെ ഓഫീസുകളിൽ പോയി കൈ കഴുകേണ്ടതാണ്‌. ദായത്, വി.ഐ.പി.കൾക്കൊഴികെ ആർക്കും ഉണ്ണുന്നിടത്ത് കൈ കഴുകാൻ ഏർപ്പാടു ചെയ്തിട്ടില്ലെന്നർഥം.

തോരൻ,മെഴുക്കുവരട്ടി, ഇഞ്ചിത്തീയൽ, അവിയൽ, കാളൻ, അച്ചാർ, സാമ്പാർ, പരിപ്പ്, അച്ചാറുപഴമ്പപ്പടമുപ്പേരിശർക്കരവരട്ടി.. എല്ലാം കലക്കി. ഗോതമ്പുപായസത്തിന്‌ മധുരം നെല്ലിട മുന്നിൽ നിന്നു. അടപ്രഥമൻ കൃത്യം. പച്ചമോരിന്റെയും കാളന്റെയും സാമ്പാറിന്റെയും കൊഴുപ്പുകണ്ട് ഞെട്ടിയവർ കാന്റീൻകാർ തന്നെ ചമച്ച സദ്യയോ ഇതെന്ന് അദ്ഭുതം കൂറി.

ഉണ്ട ക്ഷീണത്തിൽ അല്പം വിശ്രമം. എന്നാൽ വയറൊതുങ്ങും മുൻപേ വടംവലി മൽസരത്തിനു വിളിമുഴങ്ങി. ആവേശം വലിഞ്ഞു മുറുകി നില്ക്കുന്ന ഉദ്വേഗനിമിഷങ്ങൾക്കുപകരം ഏകപക്ഷീയവും ഹ്രസ്വവുമായ വലികളില്പ്പെട്ട് വടം ചേരയേപ്പോലെ ഓരോ വശത്തേക്ക് ഇഴഞ്ഞുപോയി.

തുടർന്ന് കാവിലെ പാട്ടുമൽസരം. കളക്ട്രേറ്റ് ഹാളിലെ സ്റ്റേജിലുയരുന്ന കരോക്കെ ട്രാക്കിൽ മനം നട്ട് ഇടതു കൈവിരലുകൾ കൊണ്ട് ഇടത്തു ചെവി മൂടി, കണ്ണുകളടച്ച്, ആസ്ഥാനഗായകൻ കുഞ്ഞുമോൻ സാർ തുടർച്ചയായ മൂന്നാം വർഷവും ‘ഓണപ്പൂവേ പൂവേ പൂവേ..’ എന്ന ഗാനം പാടിയപ്പോൾ മണി നാല്‌ . പലരും അപ്പോൾ വീട്ടിലേക്കു യാത്ര തുടങ്ങിയിരുന്നു. സെറ്റുസാരിയിലും വെള്ളമുണ്ടിലും ചെളിപുരളാതെ ഒതുക്കിപ്പിടിച്ചും സൂക്ഷിച്ചും അടുത്ത ഓണാഘോഷത്തിനും ഇതലക്കാതെ പറ്റിക്കണം എന്ന ചിന്തയുമായി... ബോണസ്സും അഡ്വാൻസും തന്ന ചിരിയുമായി... ഹാപ്പി ഓൺ-അം.

Thursday, August 16, 2012

nenchodu cherthu => എന്നെന്നുമെന്നിൽ

‘യുവ്’ എന്ന ആല്ബത്തിലെ പ്രശസ്തമായ ‘നെഞ്ചോടുചേർത്തു പാട്ടൊന്നുപാടാൻ’ എന്ന ഗാനത്തിന്റെ ഈണത്തിന്‌ ഞാൻ നല്കിയ അക്ഷരച്ചാർത്ത്...
_____________________________________

എന്നെന്നുമെന്നിൽ പൂക്കുന്നു രാഗം
രാവിന്റെ മാറിൽ നിൻ ഗന്ധം
പാടാതെ പാടും നോവിന്റെ ഗീതം
കേൾക്കാതെ പോയോ നീയിന്നും?
ദേവതേ... ഈ കാറ്റിൻ ഈണവും
തേടിയോ... നിൻ നെഞ്ചിൻ നിസ്വനം
പദതാളത്തെക്കവരും ചിരിയോടെ കൊലുസിണകൾ
വിടരും മിഴിയിൽ അലിയും മൂകസാന്ദ്രം മേഘജാലം

നീലാമ്പൽ പൂ ചൂടും പൊയ്ക തന്നോരം
കണ്ണാലേ നീയേതോ കാവ്യം ചമച്ചൂ
കവിളിലെ നാണമോ സിന്ദൂരമായ്പ്പടർന്നൂ
കരളിലെ മോദമോ സുസ്മേരമായി
നീ നിന്നു അഴകായ്.. വിരിയും മലരായ്...

തേരേറിപ്പായുന്ന കാലത്തിനുണ്ടോ
സ്നേഹത്തിൻ നോവുള്ള ഓർമ്മയൊന്നെണ്ണാൻ
വർഷവും ഗ്രീഷ്മവും എത്രയോ മിന്നിമാഞ്ഞു
സ്മൃതികളായ് ഉതിരുമീ ശോകനിശ്വാസം
പൊഴിയുന്നൂ മഴയായ്.. നിനവായ്.. കനവായ്...

Tuesday, August 07, 2012

വന്യസമ്മാനം

ന്നത്തെ ദിവസം അസ്തമിച്ചത് ഒരു കൗതുകവും കൊണ്ടാണ്‌. ഒരു സമ്മാനം കൊണ്ട്. ഇടുക്കി സിവിൽ സ്റ്റേഷനിൽ വരുന്ന ആർക്കും ലഭിക്കാവുന്ന ഒരു കുഞ്ഞു സമ്മാനം കൊണ്ട്.

പതിവുപോലെ ഒരു പ്രവൃത്തി ദിനമായിരുന്നു ഇന്നും. വൈകിട്ട്, ഇറങ്ങാനുദ്ദേശിച്ച സമയമായിട്ടും പിണങ്ങി നിന്ന കമ്പ്യൂട്ടറിനെ വല്ല വിധേനയും അനുനയിപ്പിച്ചുവന്നപ്പോഴേക്കും അല്പം വൈകി. നിവർന്നു നിന്നു പ്രവർത്തിക്കാൻ മതിയാംവണ്ണം റാം ഇല്ലാത്ത ആ സിസ്റ്റം ഇന്ന് ചെറുതല്ലാത്ത വിധം എന്റെ ക്ഷമയെ പരീക്ഷിച്ചിരുന്നു. ശ്വാസം കിട്ടാതെ കണ്ണു മിഴിച്ചു പുളയുന്ന ഒരു രോഗിയെപ്പോലെ ഇടയ്ക്കെല്ലാം ആ സിസ്റ്റം കിറുങ്ങി നില്ക്കാറുണ്ട്. ഒടുക്കം ഷട്ട് ഡൗൺ ചെയ്ത് ബാഗുമെടുത്ത് ബസ് സ്റ്റോപ്പിലേക്കെത്തുമ്പോൾ അവിടെ അപ്പോഴും ആൾക്കൂട്ടം ഉണ്ടെന്നു കണ്ട് ബസ് പോയിട്ടില്ല എന്നാശ്വസിച്ചു. പരിചയമുള്ള മുഖങ്ങൾ, ഓഫീസിലും തീരാത്ത പെൺവർത്തമാനങ്ങൾ ഇടുക്കി, പൈനാവ്, കുയിലിമലയിൽ വനമദ്ധ്യത്തിലെ ആ വഴിയിലേക്കും ചിതറിവീണുകൊണ്ടിരുന്നു.

ഒളിഞ്ഞും തെളിഞ്ഞും ഇന്നു മഴയുണ്ടായിരുന്നു. ട്വീറ്റ് ചെയ്തിരുന്നതു(@olapeeppi) പോലെ പരിഭവിച്ചു നില്ക്കുന്ന പ്രണയിനിപ്പോലെയായിരുന്നു വനത്തിലെ മഴ. ഇടയ്ക്കൊരുവേള രൗദ്രഭാവത്തോടെ അലറിപ്പെയ്ത് ഒരു മഴ വീണു. ആർത്തനാദത്തോടെ മോഹാലസ്യപ്പെട്ടുവീണ ഒരു പെണ്ണിനെപ്പോലെ അതും പെട്ടെന്നു തന്നെ ശമിച്ചു. ശ്യാമഹരിതമായ ഇലകളിൽ മഴനൂലുകൾ അത്യാവേശത്തോടെ പാഞ്ഞുവീഴുന്നതിന്റെ ദൂരക്കാഴ്ച എന്റെ ഇരിപ്പിടത്തിൽ നിന്നും കാണാം. ഓരോ മഴയുടെയും ഇരമ്പം ആർത്തുവരുമ്പോഴും ഞാൻ ആ മഴയിലേക്കും അതിനെ പുണരാൻ കയ്യും കണ്ണും തുറന്നു പിടിച്ചു നില്ക്കുന്ന വനത്തെയും സാകൂതം നോക്കാറുണ്ട്.

ഇന്നു പതിവിലും വിഭിന്നമായി സാറ്റുകളിച്ച മഴ വൈകുന്നേരമായപ്പോഴേക്കും കോടമഞ്ഞിന്റെ വെണ്മയാർന്ന പടലങ്ങൾ കൊണ്ട് ആ പ്രദേശത്തെയാകെ അലങ്കരിച്ചിരുന്നു. താഴേ പച്ചിലച്ചാർത്തിനു മറഞ്ഞിരിക്കുന്ന റിസർവ്വോയറിൽ നിന്നും കാറ്റു പൊന്തിവന്ന് പലകുറി ആ മഞ്ഞിൻ കോലങ്ങളെ മായ്ച്ചെഴുതിക്കൊണ്ടിരുന്നു. റോഡിന്റെ ഓരം ചേർന്നു ഞാൻ നിന്നു. രണ്ടു മിനിറ്റു പോലും നിന്നില്ല,ബസ് വന്നു. തിരക്കിലലിഞ്ഞു കയറി.

തുടർന്ന് കട്ടപ്പനയിലേക്കു നീങ്ങുമ്പോഴും മഞ്ഞിന്റെയും തണുപ്പിന്റെയും ശക്തമായ ഒരു മുന്നണി പ്രകൃതിയെ ഭരിക്കുന്നുണ്ടായിരുന്നു. തൊടുപുഴ പുളിയന്മല എസ്.എച്.33-ൽ ഇടുക്കി ഡാമിനു തോളൊപ്പം റോഡെത്തുന്ന വളവും കഴിഞ്ഞ് നീങ്ങുമ്പോൾ ബസിന്റെ ഷട്ടറുകൾ താഴ്ന്നു. പരശതം തവണ ആ ആർച്ച് ഡാം കണ്ടിട്ടുണ്ടെങ്കിലും ഇന്നും ആദ്യം കണ്ട കൗതുകത്തോടെയാണ്‌ ആ ഹെയർപിൻ വളവു താണ്ടുമ്പോൾ ഞാൻ ആ ഡാമിനെ നോക്കാറുള്ളത്. എന്നെപ്പോലെ പലരും കാണും. കാരണം സമാന ഭാവം വിരിയുന്ന പലജോഡി കണ്ണുകൾ ആ ഡാമിനു നേർക്ക് പോകുന്നതു ഞാൻ എത്രയോ കണ്ടിരിക്കുന്നു.

തൊട്ടു പിന്നിലിരിക്കുന്ന അന്യസംസ്ഥാനത്തൊഴിലാളിയുടെ ഫോണിൽ നിന്ന്‌ ഹിന്ദിസിനിമാ പാട്ടുകൾ അലോസരപ്പെടുത്തിക്കൊണ്ട് കടന്നു വന്നു. റേഡിയോയിൽ കേൾക്കുന്നതു പോലെ പതറുന്ന ശബ്ദം. ചൈനാമൊബൈൽ ആവണം. കുറെ കഴിഞ്ഞപ്പോൾ ഞാനുമതാസ്വദിച്ചു എന്നതു നേര്‌. “ഗജിനി”യിലെ “എങ്ങനെ നിന്നെയെനിക്കു കിട്ടീ” എന്ന ഗാനവും മറ്റും വളരെനാൾ കൂടിയാണു കേട്ടത്!

കട്ടപ്പനയിൽ വന്നിറങ്ങിയപ്പോഴാണ്‌ ഞാൻ പറഞ്ഞുവന്ന അക്കിടി കിട്ടിയത്. നടക്കുമ്പോൾ ഇടത്തെ കാല്പാദത്തിനടിയിൽ ചെരുപ്പിനോട് ഒട്ടുന്നതു പോലെ ഒരു തോന്നൽ. എന്താവും അത്? ഉച്ചയൂണു കഴിച്ചപ്പോൾ ചോറിന്റെ മണി വല്ലത്തും വീണതാവുമോ? ആവാൻ വഴിയില്ല. ആയിരുന്നെങ്കിൽ മുൻപു നടന്നപ്പോൾ അറിഞ്ഞേനെ. ചിലപ്പോൾ മുൻപു മുറിച്ച സെല്ലോടേപ്പിന്റെ കഷണമോ മറ്റോ ആവാം. എനിക്കു വീണ്ടും ബസ് കയറേണ്ട മാർക്കറ്റ് ജംങ്ങ്‌ഷനിൽ നിന്നപ്പോൾ പിന്നെയും അതേ ഒട്ടൽ! നിന്ന നില്പിൽ സൂത്രത്തിൽ ഇടതുകാലിലെ ചെരിപ്പൂരി ഉള്ളിലെന്താണ്‌ പറ്റിപ്പിടിച്ചിരിക്കുന്നതെന്നു നോക്കി. ഇരുണ്ട നിറത്തിൽ എന്തോ അല്പം കാണാം. വിരൽ കൊണ്ട് ചുരണ്ടിക്കളയാൻ നോക്കിയിട്ടു വിജയിച്ചില്ല. ഇനി കാലിൽ അതിന്റെ ബാക്കി വല്ലതും ഉണ്ടോ? വലത്തേക്കു മടക്കി ഉള്ളം കാലിൽ നോക്കിയപ്പോൾ കാൽ വെള്ളയിൽ ഇരുണ്ട നിറത്തിൽ എന്തോ പുരണ്ടിരിക്കുന്നതുകണ്ടു. അത് പാദത്തിന്റെ ഇടത്തെ പാർശ്വത്തിൽനിന്നിറങ്ങി വരുന്ന പോലെ.

മറുവശത്ത് ജീൻസിത്തിരി പൊക്കി നോക്കിയപ്പോൾ കാര്യം ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. ചോര! ചോരയാണ്‌ ഒട്ടിയത്! ഇടത്തെ കാലിന്റെ ഞെരിയാണിക്കു തൊട്ടു താഴെ നിന്നും ചെറിയ ഒരു ചാലായി രക്തം ഒലിച്ചിറങ്ങുന്നു. ഇപ്പോഴുണ്ടായ ഒരു മുറിവിൽ നിന്നെന്നപോലെ. അട്ട കടിച്ചതാണ്‌. അട്ടയെ കാണാനില്ല. ആവശ്യത്തിനു ചോരയൂറ്റിക്കുടിച്ച് തൃപ്തനായി അവൻ പിടിവിട്ടു പോയിട്ടുണ്ടാവും. അതെന്തായാലും നന്നായി. ഇനി വീട്ടിൽ ചെന്നിട്ട് ബാക്കി നോക്കിയാൽ മതി. മാർക്കറ്റ് ജംങ്ങ്‌ഷനിലെ ഭരതനാട്യം തുടരാൻ വയ്യ. അല്ല, അട്ട മേലേക്കെങ്ങാനും കേറീട്ടുണ്ടാവുമോ? എപ്പോൾ ആ ചിന്ത എനിക്കു വന്നോ അപ്പോൾ തൊട്ട് എന്റെ തുടയിലും ഷർട്ടിനുള്ളിലും ഒക്കെ അട്ട കടിക്കുന്നുണ്ടോ എന്ന സംശയം എനിക്കു തോന്നിത്തുടങ്ങി. ഹാലൂസിനേഷൻ ഹാലൂസിനേഷൻ..!

ഇനി അട്ടയെപ്പറ്റി. ഈ ജീവി എവിടുന്നു വന്നു. ഇടുക്കി സിവിൽ സ്റ്റേഷൻ പരിസരത്തെ കാട്ടിൽ ഇവ സുലഭമാണ്‌. അവിടെ സന്ദർശനത്തിനെത്തുന്നവർ പലരും ഇവയുടെ ആക്രമണത്തിനു വിധേയരാവാറുമുണ്ട്. അങ്ങനെയുള്ളപ്പോൾ സിവിൽ സ്റ്റേഷൻ മന്ദിരത്തിന്റെ വരാന്തകളിൽ രക്തം തുള്ളിതുള്ളിയായി വീണു കിടക്കുന്നതു കാണാം. ഈ സാധനം വന്നു കടിക്കുന്ന നേരത്ത് നമ്മൾ അറിയണമെന്നില്ല. കൂടാതെ, കടി വീഴുന്ന കൂട്ടത്തിൽ രക്തം കട്ടപിടിക്കുന്നതിനെ തടയാൻ പോന്ന സംഗതിയും പിടിപ്പിക്കുന്നതിനാൽ നിർലോഭം രക്തം അട്ടയ്ക്കു കിട്ടും. കടിച്ചിരിക്കുന്ന നേരം, ഇവനെ വലിച്ചു പറിച്ചാൽ പണി വേറെ കിട്ടും. ഇവറ്റയുടെ പല്ലു പോലത്തെ അവയവങ്ങൾ അടർന്നു മുറിവിൽത്തന്നെ ഇരിക്കുമെന്നും മുറിവു പിന്നീടു പഴുക്കാൻ അതിടയാക്കുമെന്നും അനുഭവസ്ഥർ പറയുന്നു. അട്ട സ്വമേധയാ പിടി വിടണമെന്നർഥം. അതിനു കാണിക്കുന്ന ചില സൂത്രപ്പണികൾ ഉണ്ട്. ഒന്ന്‌, തീപ്പിട്ടിക്കൊള്ളിയുരച്ച് അട്ടയുടെ തല പൊള്ളിക്കുക. രണ്ട്, പുകയില ചവച്ചു ഉമിനീർ അട്ടയുടെ മേൽ വീഴ്ത്തുക. മൂന്ന്, മൂക്കിൽപ്പൊടി വിതറുക. നാല്‌, ഉപ്പു തൊടുക. അഞ്ച്, ചുണ്ണാമ്പു തൊടുക. ഈ പ്രയോഗങ്ങൾ ചെല്ലുമ്പോൾ അട്ട ഉള്ള ജീവനും കൊണ്ട് പായാൻ കടി വിടും.

വീട്ടിൽ വന്നു മുറിവുകഴുകി. കാണാനുള്ള മുറിവില്ലെങ്കിലും കഴുകിക്കഴിഞ്ഞപ്പോൾ രക്തം പിന്നെയും ഒലിച്ചു വന്നു. തുടർച്ചയായി അതു തുടച്ചുകളഞ്ഞു കൊണ്ടിരുന്നു. അല്പനേരത്തിനുള്ളിൽ രക്തം നിന്നു. അങ്ങനെ ഇടുക്കി സിവിൽ സ്റ്റേഷൻ പരിസരത്തെ അട്ടകൾ എന്ന വന്യജീവികളുടെ ഒളിയാക്രമണത്തിന്‌ ഇരയായി.

പിൻകുറിപ്പ് : 1. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഇതിനു മുൻപ് ഞാൻ അട്ടകടിയേറ്റത് മോളുടെ നാമകരണച്ചടങ്ങിനായുള്ള യാത്രയ്ക്കിടയിലാണ്‌. ഏലപ്പാറയ്ക്കു സമീപം ഇതുപോലെ തന്നെ റോഡരികിൽ നിന്ന്. അന്ന് ആശാനെ പിന്തിരിപ്പിച്ചത് ഒരു നുള്ളു മൂക്കിപ്പൊടികൊണ്ടായിരുന്നു. അതായിരുന്നു ആദ്യത്തെ അട്ടകടി!

2. എറണാകുളം ജില്ലയിൽ വനത്തിനുള്ളിലെ ഏകാധ്യാപക വിദ്യാലയത്തിലെ ഒരു പരിപാടിക്ക് ബ്ലോക്ക് റിസോഴ്സ് സെന്ററിലെ അധ്യാപകരും ഉദ്യോഗസ്ഥരും ആദിവാസിക്കുടിയിൽ ക്യാമ്പ് ചെയ്ത വേള. പിറ്റേന്ന് രാവിലെ ഉദ്യോഗസ്ഥവൃന്ദം ആൺ-പെൺ സംഘം വെവ്വേറെ വെളിമ്പ്രദേശത്ത്(വെളിക്കിറങ്ങാനുള്ള പ്രദേശം എന്നർഥം) ‘ചെന്നു’. ഉപ്പ് ചെറിയ കിഴിയാക്കി കെട്ടി കയ്യിൽ കരുതിയാണു പോവുക. അട്ട കാലിലൂടെ കയറുമ്പോൾ ഈ കിഴിയൊന്നു മുട്ടിക്കും. അട്ട പിടീം വിട്ടു പൊത്തോന്നു താഴെവീഴും. കാര്യമെന്നാന്നു വെച്ചാൽ, ഒരു മാഡത്തിന്റെ കാലിൽ അട്ട കയറിയത് ആ മാഡം അറിഞ്ഞത് അല്പം വൈകിയാണ്‌. അറിഞ്ഞപാടെ മാഡം പരിഭ്രാന്തയായി ഓടി. ഒടുക്കം കുറെ സ്ത്രീകളുടെ നേതൃത്വത്തിൽ അടച്ചിട്ട മുറിയിൽ വെച്ച് ദേഹപരിശോധന നടത്തി അട്ടയെ കസ്റ്റഡിയിലെടുത്തു, വിചാരണ ചെയ്യാതെ വധിച്ചു!