Monday, September 26, 2011

എന്റെ മകളോട്‌...

ചിരിക്കാതിടംകൈയ്യാല്‍ വിടനല്‍കി നീയെന്നെ
ഇന്നലെപ്പിന്നെയും യാത്രയാക്കി.
ചുമരിലെച്ചിരിയോലും ചിത്രവും സമ്മാന-
പ്പൊതികളും ചൊല്ലി നിന്‍ പ്രായമൊന്ന്‌.
കനമുള്ള മാറാപ്പു തോളേറ്റി വഴിവക്കില്‍
ഒരു മാത്ര നിന്നു തിരിഞ്ഞു നോക്കി.
ചിരിയില്ലയപ്പൊഴും, നനവില്ല കണ്‍കളില്‍
സുഖശാന്തമായ നിസ്സംഗഭാവം.
കരയില്ല നീ! യാത്ര വേര്‍പാടെന്നറിയാത്ത
തളിരാണു കുഞ്ഞേ, കുറച്ചു നാള്‍ നീ.
പിരിയുന്ന വേളതന്‍ നോവറിയാത്തയീ
വയസ്സാണു ജീവനില്‍ നല്ല കാലം.

പലനാള്‍ കഴിഞ്ഞൊരു പുലര്‍കാലനേരത്തു
കൊതിയോടെയോടിയണഞ്ഞീടവേ
പിറവിയില്‍ത്തൊട്ടേ കരയാന്‍ പഠിച്ചതി-
ങ്ങുറവയായ്‌ വന്നെന്‍ മുഖം കാണവേ!
'അച്ഛനാ,ണാങ്ങൂന്നു വരികയാണെ'ന്നുള്ള
വാക്കിനും നല്‍കി നീ പുല്ലുവില!
എന്‍.എച്ചിലെപ്പൊടിയേറ്റയെന്‍ ദേഹവും
മുള്ളുപോല്‍ നോവിക്കുമെന്‍ മീശയും
ഏറുമാവേശത്തിലറിയാതുയര്‍ന്നൊരെന്‍
'മോളൂ' വിളി കേട്ടു നീ ഭയന്നോ?
നീറ്റല്‍ പരത്തി മുഖം മാറ്റി നീ, തുടര്‍-
ന്നമ്മ തന്‍ മാര്‍ച്ചൂടിലാഴ്‌ന്നമര്‍ന്നൂ.

പിന്നെയും തെല്ലിട നേരം കഴിയെ നീ
പുഞ്ചിരിതൂകിയെന്‍ ചാരെവന്നു!
കൈകള്‍ നിന്‍ നേര്‍ക്കൊന്നു നീട്ടേണ്ട താമസം
പൂവുടല്‍ എന്‍ നേര്‍ക്കു ചാഞ്ഞുവന്നു.
'വേഗത്തിലച്ഛനോടൊത്തു ചേര്‍ന്നോ'യെന്ന
ചോദ്യത്തെ നോക്കി നീ കണ്ണിറുക്കി!

പിന്നെപ്പതുക്കെയീ താമസം മാറി നീ
കാണുന്ന മാത്ര തിരിച്ചറിഞ്ഞു.
അച്ഛന്‍ വരുന്ന നിമിഷം മനസ്സിലി-
ട്ടെത്രയോ മുത്തങ്ങള്‍ നീ കൊതിപ്പൂ.

എങ്കിലുമിപ്പോഴും പോരുന്ന നേരമ-
തെന്തെന്നറിയാതെ കൈ വീശവേ,
ചിന്തിച്ചു പോകുന്നു നീയിറ്റു സങ്കടം
കണ്ടാലറിയാത്ത ഭാഗ്യവതി!

അച്ഛന്‍ വരുന്നുവെന്നിന്നറിയുന്നപോല്‍
പോവതും പോകെത്തിരിച്ചറിയും.
കാണുന്ന നേരത്തെപ്പുഞ്ചിരിമുത്തിനെ
അശ്രുരത്നങ്ങള്‍ കടത്തിവെട്ടും.
അന്നും വഴിക്കല്‍ നിന്നൊന്നൂടി നോക്കുമ്പോള്‍
നിന്റെയും കരളില്‍ ഞാന്‍ നോവു കാണും.
അതുവരെ സങ്കടമറിയാതെ വാഴുന്ന
തളിരാണു കുഞ്ഞേ, കുറച്ചു നാള്‍ നീ.

3 comments:

  1. പിന്നെയും തെല്ലിട നേരം കഴിയെ നീ
    പുഞ്ചിരിതൂകിയെന്‍ ചാരെവന്നു!
    കൈകള്‍ നിന്‍ നേര്‍ക്കൊന്നു നീട്ടേണ്ട താമസം
    പൂവുടല്‍ എന്‍ നേര്‍ക്കു ചാഞ്ഞുവന്നു.

    ReplyDelete
  2. excellent..... I liked first para the most...

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'