Thursday, October 28, 2010

പിറവി തന്ന നിറനിമിഷം!

ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം ഒന്‍പത്‌

സെപ്റ്റംബര്‍ ഇരുപത്‌. ഞാന്‍ ലീവിലായിട്ട്‌ ഒരാഴ്ച കഴിഞ്ഞു. പത്തൊന്‍പത്‌ ഞായറാഴ്ചയായതിനാലും അന്നു ഓച്ചിറയില്‍ ഉത്സവം കാരണം വഴിയൊക്കെ ബ്ലോക്കായതിനാലും ടൗണിലേക്കൊന്നിറങ്ങാന്‍ സാധിച്ചില്ല.

പിറ്റേന്ന്‌ ഞാനും ഭാര്യാജിയും കൂടി ഒരുങ്ങിയിറങ്ങി. അന്നുച്ചയ്ക്ക്‌ ഞങ്ങള്‍ കായംകുളത്ത്‌ 'മാതാ ഹോസ്പിറ്റല്‍' നടത്തുന്ന ഡോ. ബേബി ഐപ്പിന്റെ ആതിഥ്യം സ്വീകരിച്ചു. നേരത്തെ ഒന്നു രണ്ടു തവണ ഞാന്‍ അവിടെ ചെന്നിട്ടുണ്ട്‌. എന്നാലും ഏറെ നേരം തങ്ങുന്നത്‌ ആദ്യമായാണ്‌. എനിക്കല്ലേലും ഈ ആശുപത്രീം പരിസരങ്ങളും വല്ലാത്ത ഒരു വീര്‍പ്പുമുട്ടലാണു നല്‍കുന്നത്‌. ഹൈസ്കൂളില്‍ പഠിക്കുന്നകാലത്ത്‌ വയറിളക്കം പിടിച്ച്‌ ഒരു ദിവസം കട്ടപ്പനയിലെ ബാലാ ആശുപത്രിയിലും പിന്നെ 2003-ല്‍ വൈറല്‍ പനി പിടിച്ച്‌ മൂന്നു ദിവസം കട്ടപ്പനയിലെ തന്നെ സെന്റ്‌. ജോണ്‍സ്‌ ആശുപത്രിയിലും കിടന്ന ആശുപത്രി അനുഭവമേ ദൈവം സഹായിച്ച്‌ എനിക്കുണ്ടായിട്ടുള്ളൂ. അല്ലാതെ മുത്തച്ഛനു ഇടയ്ക്കിടെ ആസ്ത്മയും ഷുഗറും സഹിക്കാതാവുമ്പോഴൊക്കെ കൂട്ടിരിപ്പിനു പലപ്പോഴും പോയിട്ടുണ്ട്‌. രോഗിയായിട്ടാണെങ്കിലും കൂട്ടിരിപ്പിനാണെങ്കിലും ആശുപത്രിയില്‍ കഴിയുന്നത്‌ ഒരു തരം തടവുശിക്ഷപോലെയാണെന്നാണു ഞാന്‍ കരുതുന്നത്‌. അവിടുത്തെ ലോഷന്റെ മണവും മരുന്നുകളും വേദനയും കണ്ണീരും ഒരു തരം മനം മടുപ്പുണ്ടാക്കുന്നതാണെന്നതില്‍ സംശയമില്ല.

കാര്യം നേരായ വഴിക്കങ്ങട്‌ പറയാം. ഡോ. ബേബി ഐപ്പിന്റെ വിരുന്നുകാരനാവാന്‍ അങ്ങേരെന്റെ അമ്മാവനൊന്നുമല്ല. മറിച്ച്‌ പ്രഗല്‍ഭനായ ഗൈനക്കോളജിസ്റ്റും എന്റെ ഭാര്യ കണ്‍സള്‍ട്ട്‌ ചെയ്യുന്നയാളുമാണ്‌. കാര്യം പിടികിട്ടിക്കാണുമല്ലോ, ഒരു നീണ്ട അവധി എടുത്തു നാട്ടില്‍ ചെന്ന് ഭാര്യയുടെ ഒപ്പം കഴിഞ്ഞതിന്റെ കാരണം! നിറവയറുമായി അവളും പ്രതീക്ഷകളാല്‍ നിറഞ്ഞ മനസ്സുമായി ഞങ്ങള്‍ ഇരുവരും ആശുപത്രിയില്‍ ചെന്നു. രേവതി അഡ്മിറ്റായി.

മനുഷ്യന്‍ പ്രവചിച്ച ജനനസമയം ഇന്നലേ കഴിഞ്ഞു പോയിരുന്നു. ഒരാഴ്ച അങ്ങോട്ടോ ഇങ്ങോട്ടോ മാറാം എന്നാണ്‌ അനുഭവസ്ഥരുടെ സിദ്ധാന്തം. പതിനെട്ടിനായിരുന്നു പിറവിയെങ്കില്‍ എനിക്കും കുഞ്ഞിനും ഒരേ ജന്മദിനം വന്നേനെ. പ്രവചിത തീയതി പിറ്റേന്ന്‌ - അതായത്‌ എന്റെ പിറന്നാള്‍ (സെപ്റ്റം. 19 നു തിരുവോണം ആയിരുന്നല്ലോ. അതു തന്നെയാണ്‌ എന്റെ പിറന്നാളെന്നാണ്‌ ഞാന്‍ ഇപ്പോഴും കരുതുന്നത്‌. കാരണം, ചിങ്ങത്തിരുവോണം കഴിഞ്ഞ്‌ ഒരു മാസം കഴിയുമ്പോഴാണ്‌ ഓച്ചിറയിലെ ഉത്സവം. ഇരുപത്തെട്ടാം ഓണം എന്നാ പറയുക. അപ്പോള്‍ സെപ്റ്റം. 19 നു ചിങ്ങത്തിരുവോണം കഴിഞ്ഞ്‌ ഒരു മാസമായി എന്നും ആയത്‌ എന്റെ പിറന്നാളാണെന്നും കരുതാമല്ലോ?). ഒരു കുടുംബത്തില്‍ ഒരേനാളുകാര്‍ ഉണ്ടാവുന്നത്‌ ഐശ്വര്യമാണെന്നൊരു വിശ്വാസം ഉണ്ടെന്നും ആരോ ഇതിനിടെ പറയുന്നതു കേട്ടു. എന്തായാലും പിറന്നാളോ ജന്മദിനമോ പങ്കിടാന്‍ എന്നെയും വാവയെയും ദൈവം അനുവദിച്ചില്ല. എനിക്കതിലൊട്ടു പരാതീം ഇല്ല കേട്ടോ :)

ഇരുപതാം തീയതി ചില പരിശോധനകള്‍ നടത്തി. ആവശ്യമെങ്കില്‍ രക്തം നല്‍കാന്‍ സന്നദ്ധനായ ആളെ വിളിച്ച്‌ അങ്ങേര്‍ വിളിപ്പുറത്തുണ്ട്‌ എന്നുറപ്പു വരുത്തി. കൊടുംകാറ്റിനു മുന്‍പുള്ള ശാന്തത പോലെ ഞാനും രേവതിയും മറ്റു ബന്ധുക്കളും കാത്തിരുന്നു. വാവ അപ്പോഴും രേവതിക്കുള്ളില്‍ കിടന്നു പതിവു ബഹളങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു, ചവിട്ടും തലകുത്തി മറിയലും - ഞാന്‍ ഇന്നും വരാന്‍ തയ്യാറല്ല എന്ന പോലെ.

എന്നോട്‌ പലരും ചോദിച്ചു - കുട്ടി ആണാണോ പെണ്ണാണോ വേണ്ടത്‌? എനിക്കാദ്യം ചിരിയാണു വന്നത്‌. കാരണം, കടയില്‍ പോയി ലൈഫ്ബോയിയോ സിന്തോളോ എന്നു തീരുമാനിച്ചു വാങ്ങുന്ന പോലല്ലല്ലോ ഇത്‌. ഞാന്‍ പറഞ്ഞു ദൈവം തരുന്നതെന്തോ അതു സ്വീകരിക്കുക. ഭാഗ്യവശാല്‍ രേവതിക്കും അത്തരം 'വാശികള്‍' ഒന്നും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, ഞങ്ങളുടെ ഇടയിലേക്ക്‌ ഒരാള്‍ കൂടി വരുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ എന്റെയുള്ളില്‍ ഒരു 'വാവമോളുടെ' നിനവുകള്‍ മാത്രമേ തെളിഞ്ഞിരുന്നുള്ളൂ. ആദ്യത്തെയാള്‍ ആണായിരുന്നെങ്കില്‍ എന്നൊരു ദുര്‍ബ്ബലചിന്ത ഇടയ്ക്കെല്ലാം വന്നു. അതെല്ലാം ഇളംവെയിലേറ്റ്‌ മഞ്ഞുമായുന്നതുപോലെ 'മോള്‍ മോള്‍' എന്ന അറിയാ കല്‍പനകളാല്‍ മറഞ്ഞു പോയി. പലരും പലതും പറഞ്ഞു. ലക്ഷണം നോക്കിയും ലൊടുക്കു ശാസ്ത്രം വെച്ചും. ഒരു മാമന്‍ പറഞ്ഞു, ഇത്‌ ആണു തന്നെ. മറ്റൊരു മാമന്‍ കണ്ടപാടെ തീര്‍ത്തു പറഞ്ഞു: "ഇതു പെണ്ണാടീ!". അത്രയ്ക്കു ഉറപ്പുള്ളവിധം. ഒരാന്റി ആദ്യമേ പറഞ്ഞു - ഇതു പെണ്ണാണ്‌. എന്റെ കുടുംബത്തിലെ എല്ലാവരുടെയും പ്രസവചരിത്രം കൊണ്ട്‌ അപ്പീലിനിടയില്ലാത്ത വിധം സമര്‍ഥിച്ചു. ഗര്‍ഭിണിയുടെ വയസ്സ്‌ ഒറ്റ സംഖ്യയാണെങ്കില്‍ പിറക്കുന്ന കുഞ്ഞ്‌ പെണ്ണായിരിക്കും. In other words, if the age of the pregnant woman is an odd number, baby will be female! And vice versa :P

ഇരുപത്തൊന്നാം തീയതിയായി. പ്രതീക്ഷിച്ച തീയതി കടന്നിട്ടും വാവയ്ക്കിങ്ങു വാരാനൊരു മടി. കാത്തിരിപ്പിന്റെ ഒരു ദിവസം കൂടി കഴിഞ്ഞു. പിറ്റേന്നു രാവിലെയും പ്രസവലക്ഷണങ്ങള്‍ കാണാഞ്ഞപ്പോള്‍ പിന്നെ അതിന്റെ പിന്നാലെയായി. ഉച്ചകഴിഞ്ഞിട്ടും വാവയുടെ വാശി മാറുന്നില്ല. വൈകാറായപ്പോള്‍ സിസേറിയന്‍ നടത്താനുള്ള വട്ടം കൂട്ടി. അനസ്തെതിസ്റ്റ്‌ വന്നെന്നും ഇല്ലെന്നു ഒക്കെ പറയുന്നതു കേട്ടു. മറ്റുബന്ധുക്കളൊക്കെ വരാന്തയില്‍ ആകാംക്ഷാപൂര്‍വ്വം കാത്തു നില്‍ക്കുന്നു. സജിയാണ്‌ എന്നോട്‌ വളരെ ലാഘവത്തോടെ ഇങ്ങനെ പറഞ്ഞത്‌ - "അല്ല, നമ്മളിവിടെ വെറുതെ നോക്കി നില്‍ക്കുന്നതില്‍ ഒരു കാര്യോമില്ല. വാ, നമുക്കൊരു ചായ കുടിച്ചിട്ടു വരാം." ഞങ്ങള്‍ ഇരുവരും പുറത്തിറങ്ങി. റോഡ്‌ മുറിച്ചു കടന്ന്‌ ബേക്കറിയില്‍ പോയി ചായ കുടിച്ചു. തിരികെ നടക്കുമ്പോള്‍ സജി പറഞ്ഞു - "ഇപ്പോള്‍ എല്ലാം കഴിഞ്ഞുകാണണം." പക്ഷേ കുഞ്ഞിന്റെ കരച്ചിലോ മറ്റു ബഹളങ്ങളോ കേട്ടില്ല.

പടികയറി ഞങ്ങള്‍ മുകളില്‍ ചെല്ലുമ്പോള്‍ ആകാംക്ഷ നിറഞ്ഞ മുഖങ്ങള്‍ കാണാനില്ലായിരുന്നു. ലോകം പതിയെപ്പതിയെ ചുരുങ്ങി വരുന്നതുപോലെ തോന്നി. കാരണം വെള്ളത്തുണിയില്‍ പൊതിഞ്ഞ ഒരു ചോരക്കുഞ്ഞിനെ കയ്യിലെടുത്ത്‌ അവിടെ ആരോ നിന്നിരുന്നു! എന്റെ അമ്മ കുഞ്ഞിനെ കൈ നീട്ടി വാങ്ങി. അമ്മയുടെ വശം ചേര്‍ന്നു നിന്ന്‌ ഞാന്‍ എന്റെ വാവയെ കണ്ടു. കുഞ്ഞിവിരലുകള്‍ ഇറുക്കിപ്പിടിച്ച്‌, കണ്ണുകളടച്ച്‌ ഉറങ്ങുകയാണ്‌. ഒന്നുമറിയാതെ. അവിടെ നില്‍ക്കുന്നതാരെല്ലാമെന്നും ഇതേതു ലോകമാണെന്നും അറിയാന്‍ തെല്ലും താല്‍പര്യമില്ലാത്ത മട്ടില്‍ അലക്ഷ്യമായി, എല്ലാ സ്വാതന്ത്ര്യത്തോടും കൂടി ഒരുറക്കം. ആര്‍ത്തു കരഞ്ഞ്‌ ഈ ലോകത്തേക്കുള്ള തന്റെ വരവറിയിച്ച ശേഷമുള്ള ഒരു വിശ്രമം. ഈ നേരമത്രയും കണ്ണെടുക്കാതെ ഞാന്‍ ആ മുഖത്തു തന്നെ നോക്കി നിന്നു. ഒന്നുമുരിയാടാതെ, ഒന്നും ചിന്തിക്കാതെ, മനസ്സില്‍ തിങ്ങി നിന്ന ഏതോ നവ്യാനുഭൂതിയുടെ നിറവില്‍ ആ മുഖം മാത്രം കണ്ണില്‍ നിറച്ച്‌ ഉറവപൊട്ടിയുണരുന്ന സ്നേഹത്തിന്റെ ഒരു തന്മാത്രയായി എത്രയോ നേരം ഞാന്‍ നിന്നു...!!!

മോളാണോ എന്നു ഞാന്‍ ആരോടും ചോദിച്ചില്ല. ആരോ പറഞ്ഞു, കേട്ടു. അമ്മ എന്റെ കയ്യിലേക്ക്‌ അവളെ തന്നു. അവളുടെ ദേഹത്തിന്റെ ഇളംചൂട്‌ ആ നേര്‍ത്ത പരുത്തിത്തുണിയും താണ്ടി എന്റെ കൈകളിലൂടെ സിരകളില്‍ ഒഴുകി ഉയിരില്‍ കലര്‍ന്നു. ഞാനും അവളും മാത്രം ഈ ലോകത്തു നിറഞ്ഞ, മറ്റെല്ലാം നിസ്സാരവും നിഷ്‌പ്രഭവുമായ നിമിഷങ്ങള്‍...!!

കുഞ്ഞിനെ കൈമാറി. രേവതിയെ കാണാനുള്ള അനുവാദം തല്‍ക്കാലമില്ല. ഇത്ര ശാന്തത നിറഞ്ഞ ഒരനുഭൂതി ആദ്യമാണ്‌. ഞാനെന്താണു തുള്ളിച്ചാടാതിരുന്നത്‌. എന്റെ അറിയാക്കിനാക്കളിലെ പോലെ തന്നെ മോളുണ്ടായിട്ടു ഞാനെന്താണ്‌ മനം നിറഞ്ഞൊന്നു ചിരിക്കാതിരുന്നത്‌? അറിയില്ല, പക്ഷേ, ഞാന്‍ സന്തോഷവാനായിരുന്നു, പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം. കുറേ സമയം കഴിഞ്ഞ്‌ അകത്തു കയറി രേവതിയെ കണ്ടു. തളര്‍ന്നുതൂങ്ങിയ കണ്ണുകളുമായി പരിക്ഷീണ മുഖത്തോടെ അവള്‍ കിടക്കുന്നു. നഴ്‌സ്‌ കുഞ്ഞിനെ അവളുടെ അരികിലേക്കു ചേര്‍ത്തുപിടിച്ചു. മോളുടെ നെറ്റിയില്‍ അവള്‍ ആര്‍ദ്രമായ ഒരു മുത്തം നല്‍കി. 2010 September 22, Wednesday, 05.20PM IST, പൂരുരുട്ടാതി നക്ഷത്രത്തില്‍ മോളുടെ ജനനം. ഞാന്‍ സ്വയം പറഞ്ഞു - ഞാന്‍ ഒരച്ഛനായിരിക്കുന്നു!

1 comment:

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'