Monday, May 31, 2010

ലയനരജനി

"അവള്‍.. പീജേമോള്‍... എന്നാലും ആ ഒരുമ്പെട്ടോള്‍ ഇങ്ങനെ ചെയ്തല്ലോ..?" തിണ്ണയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്ന്‌ മൂത്തവന്‍ വി.ജയന്‍ ദിനേശ്‌ ബീഡിയുടെ പുക ഊതി വിട്ടു. ചാരുകസേരയില്‍ താടിക്ക്‌ ഇടതു കൈയ്യും കൊടുത്ത്‌ ഇരിപ്പാണ്‌ കാരണവര്‍ അച്ചുമാമന്‍. മൂപ്പര്‌ പൂച്ചവളര്‍ത്തലും നീട്ടിപ്പരത്തിയുള്ള വര്‍ത്തമാനവുമൊക്കെ നിര്‍ത്തിയിട്ട്‌ കാലം കുറെ ആയി. മൗനമാണ്‌ ഇപ്പോഴത്തെ സ്ഥായീഭാവം. പ്രത്യേകിച്ചും മൂത്തവന്‍ വി.ജയന്‍ വീട്ടിലുള്ളപ്പോള്‍.

"വന്‍....ചനയല്ലേ അവളീ കുടുംബത്തോട്‌ കാണിച്ചത്‌?" ഒന്നു നിര്‍ത്തി, "ഒന്നു പറയാമായിരുന്നില്ലേ അവള്‍ക്ക്‌ നേരത്തെ..?"

ജയനു ദേഷ്യം കേറി. "കാര്‍ന്നോരിതെന്താ ഈപ്പറയുന്നത്‌? നേരത്തെ പറഞ്ഞാല്‌ ആ നസ്രാണിച്ചെക്കന്‍ കെ.എം. മോനിക്ക്‌ കെട്ടിച്ചു കൊടുക്കുമായിരുന്നോ?" അവന്റെ സ്വരം വല്ലാതെ കനത്തിരുന്നു. അല്ലേലും ആ പാമോലിന്‍ കമ്പനിയുടെ പണമിടപാടിന്റെ കാര്യം സെറ്റില്‍ ആക്കിയതില്‍ പിന്നെ അവനിത്തിരി മിടുക്ക്‌ കൂടുതലാണല്ലോന്ന് അച്ചുമാമന്‍ ഓര്‍ത്തു.

"എല്ലാം എന്റെ വിധി." കാലിനടിയിലെ മണ്ണൊലിച്ചു പോയപോലെ കാര്‍ന്നോര്‍ മച്ചിലേക്കു കണ്ണു നട്ടു കിടന്നു. പടിപ്പുരയ്ക്കല്‍ എന്തോ അനക്കം കണ്ട്‌ രണ്ടാമത്തവന്‍ വെളിച്ചം ഭാസ്കരന്‍ "ആരാടാ അവിടെ ??" എന്നുറക്കെ വിളിച്ചു ചോദിച്ചു.

"ഞാനാണേ.. സി.പി. നാണു. അകത്തേക്കു വന്നോട്ടെ?"

മച്ചില്‍ നിന്നു നോട്ടം പിന്‍വലിക്കാതെ കാര്‍ന്നോര്‍ പറഞ്ഞു: "ഇവിടെ ഒരുത്തി പുറപ്പെട്ടു പോയതിന്റെ തീയിലിരിക്കുമ്പോഴാ. .. ഒരു പുതിയ വാല്യക്കാരന്‍..! രണ്ടു ദിവസം കഴിയട്ടെ." ഭാസ്കരന്‍ ഒന്നും മിണ്ടാതെ അകത്തേക്കു കയറിപ്പോയി. ജയന്‍ ഓര്‍ത്തു- കാര്യങ്ങള്‍ എന്റെ വരുതിക്കു വരുന്നുണ്ട്‌. അങ്ങനെ വാല്യക്കാരനും എന്റെ ആളായി.

"ദീപം... ദീപം..."

"എ..? ടീച്ചറോ? ഇങ്ങനെയൊരു പതിവൊന്നും ഇവിടില്ലാത്തതാണല്ലോ ശ്രീമതീ?"

തിരി നീക്കിയിട്ട്‌ വിരല്‍ത്തുമ്പില്‍ പറ്റിയിരുന്ന എണ്ണ മുടിയില്‍ തേച്ച്‌ തിരിയവേ ടീച്ചര്‍ പറഞ്ഞു: "തെറ്റുതിരുത്തല്‍ രേഖ കൊണ്ടൊന്നും ഒരു കാര്യോമില്ല. ഇങ്ങനത്തെ പതിവൊക്കെയുണ്ടെങ്കില്‍ ഈശ്വരവിശ്വാസത്തിന്റെ പേരില്‍ ആള്‍ക്കാര്‍ വീടുവിട്ടു പോകുന്നതെങ്കിലും നിര്‍ത്തുമല്ലോ. കൃഷ്ണാ... ഗുരുവായൂരപ്പാ..!"

ഇറയത്തിട്ടിരുന്ന അരിവാള്‍ത്തല നക്ഷത്രവെളിച്ചത്തില്‍ മിന്നി.

*** *** ***

പുതുപ്പള്ളിയിലെ വീട്ടില്‍ കുഞ്ഞൂഞ്ഞ്‌ കുരിശുവര കഴിഞ്ഞ്‌ എഴുന്നേറ്റു. അപ്പോള്‍ മുറ്റത്ത്‌ ഐസ്ക്രീമിന്റെ പരസ്യക്കുടയും പിന്നില്‍ ഫ്രീസറും പിടിപ്പിച്ച ഒരു പെട്ടി ഓട്ടോ വന്നു നിന്നു. അതില്‍ നിന്നിറങ്ങിയ ആള്‍ നേരെ സ്വീകരണമുറിയിലെത്തി ഗൃഹനാഥന്റെ മുന്നിലത്തെ കസേരയിലിരുന്നു.

"കുഞ്ഞൂഞ്ഞു മൊയ്‌ലാളി ഒരു കാര്യം മന്‍സിലാക്കണം. ങ്ങടെ ഒരു ബെശമന്ന്‌ പറഞ്ഞാ ന്റെ കുടുമ്മകാര്യം പോലന്നാണ്‌. അദാണ്‌ ഞമ്മളീ നേരത്തായിട്ടും ഇബിടെ ബന്നേക്കണ്‌"

കുഞ്ഞൂഞ്ഞ്‌ ആലിക്കുട്ടിയെ തറപ്പിച്ചു നോക്കി. എന്നിട്ട്‌.. "ആ..ബ്‌.. ഹാലിക്കുട്ടി ഒഹ്‌ന്നും പറയണ്ടാ. മോനി ഇവിടത്തെ പയ്യനൊക്കെത്തന്നെ. അതുകൊണ്ടുംകൂടിയാ പറയുന്നേ. വീട്ടില്‌ കാര്‍ന്നോന്മാരോട്‌ അലോചിക്കാതെ ഓരോന്നൊക്കെ കാണിച്ചു കൂട്ടുമ്പഴ്‌.. എ.. എനിക്കത്‌ ഹംഗീകരിച്ച്‌ ആ.. കൊടുക്കാന്‌ അല്‍പം ബുദ്ധിമുട്ടൊണ്ട്‌."

ആലിക്കുട്ടി ഒന്നു മുന്നോട്ടാഞ്ഞിരുന്നു. "ങ്ങള്‌ ദെന്തൂട്ടാണ്‌ പറയണ്‌? ഓനങ്ങനെ എടോം വലോം നോക്കാതെ ഒന്നും ചെയ്യൂലാന്ന്‌. പൊറുപ്പിക്കാന്‍ ബേണ്ടീട്ട്‌ തന്ന്യല്ലേ ഓന്‍ കൂടെ കൂട്ടീത്‌? ഇനി നിങ്ങളായിട്ടങ്ങ്‌ നടത്തിക്കൊടുക്കീന്ന്‌."

"ഹാലിക്കുട്ടി എന്നതാ ഈപ്പറയുന്നെ? വേറെ മതക്കാരി ഒരു പെണ്ണ്‍. അതും പണ്ട്‌ മദ്രാസീന്നു വരുമ്പോ ബസേല്‍ വെച്ച്‌ ഏതാണ്ടൊരു ദുഷ്പേരും കേപ്പിച്ചവള്‍ - എന്നതാ? ആരാണ്ടടെ പോക്കറ്റില്‍ കൈയ്യിട്ടെന്നോ, പേഴ്സ്‌ എടുത്തെന്നോ -എനിക്കറിയാന്‍ മേല. ഇതിനെയൊക്കെ നമ്മടെ കൂട്ടത്തി ഹെങ്ങനെ കൂട്ടാനാ ആ..ബ്‌. അലിക്കുട്ടീ..? ഞാന്‍ സമ്മതിക്കുകേല. മാത്രമല്ല, ലീഡറും ഡെല്ലീന്ന്‌ സോണിയക്കുഞ്ഞും തങ്കച്ചനുമൊക്കെ വിളിച്ചു ചോദിക്കുമ്പോ ഞാനെന്നാ സമാധാനം പറയും?"

അതൊക്കെ പറഞ്ഞിട്ട്‌ ഇപ്പെന്താ? ഓനിഷ്ടപ്പെട്ടു പോയില്ലേ? ഓളാണേ പൊറപ്പെട്ടു പോരുകേം ശെയ്തു. ഇനീപ്പോ ഓന്‍ ഓളേം കൊണ്ട്വരുമ്പോ പൊരേല്‌ കേറ്റാതിരിക്കരുത്‌! ഞമ്മള്‌ ഇനി ഇരുന്നാല്‍ ഐശ്ക്രീം അലുത്തുപോകും. ഞമ്മളെറങ്ങണ്‌"

ആലിക്കുട്ടി പോയപാടെ കുഞ്ഞൂഞ്ഞച്ചായന്‍ നീട്ടിയൊരു തുപ്പ്‌. "ഥ്‌ഫൂ... അവനൊരു ഒത്താശേം കൊണ്ട്‌ വന്നേക്കുന്നു. ഹല്ല പിന്നെ." എന്നിട്ടകത്തേക്കു തിരിഞ്ഞു വിളിച്ചു പറഞ്ഞു- "എടിയേ... ചെന്നിത്തലേന്ന്‌ ആരേലും വിളിക്കുവാന്നേല്‍ ഞാന്‍ അതിവേഗം ബഹുദൂരത്തേക്ക്‌ ഒരു യാത്ര പോയേക്കുവാന്നു പറഞ്ഞേരെ!"

*** *** ***

താഴത്തെ വഴിയില്‍ ഒരു വെളിച്ചം, തുടര്‍ന്ന് ഒരനക്കം. അല്‍പം കഴിഞ്ഞപ്പോള്‍ പരത്തിച്ചീകിയ മുടിയുമായി മോനി. ഒരു സൈക്കിളും തള്ളിക്കൊണ്ടാണ്‌ വരവ്‌. പിന്നാലെ ഒരു പെണ്ണും.

"മോനീ, നിക്കെടാ അവിടെ..!" ഒച്ചയുയര്‍ത്തി കുഞ്ഞൂഞ്ഞ്‌. "ആരാടാ ഇവള്‍?"

"ഇത്‌ അച്ചുമാമന്റെ വീട്ടിലെ... ഞങ്ങള്‍ ഒന്നിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ചു. ഇവളാ എന്റെ പെണ്ണ്‌"

"ഫ! നിനക്ക്‌ ലയിക്കാന്‍ സ്വന്തം ജാതീന്നൊരെണ്ണത്തിനെ കിട്ടിയില്ല അല്ലേ? ഇവിടെ ആരോടും മിണ്ടാതേം ചോദിക്കാതേം തോന്ന്യാസം കാണിച്ചിട്ട്‌ ഇരുട്ടത്ത്‌ ഒരു സൈക്കിളും തള്ളിക്കൊണ്ട്‌ വന്നേക്കുന്നു. ഈ പെരയ്ക്കാത്തു കേറിപ്പോകരുത്‌!!!"

"അതെന്നാ വര്‍ത്താനമാ അച്ചായാ? ഞാന്‍ വിളിച്ചോണ്ടുവന്ന പെണ്ണാ ഇവള്‍. ഇനി ഇതാ ഇവള്‍ടെ കുടുംബം."

"ആഹാ? ആന്നോ? അതങ്ങു പള്ളീപ്പോയി പറഞ്ഞാ മതി. ഒരു ലയനം! ഇവിടെ കേറ്റി പൊറുപ്പിക്കണെങ്കിലേ നല്ല അന്തസ്സൊള്ള തറവാട്ടീപ്പിറന്ന നസ്രാണിപ്പെണ്ണ്‌ ആയിരിക്കണം. ഇതിപ്പോ മുറപ്രകാരം ആലോചിക്കാതേം പള്ളീ വിളിച്ചുചൊല്ലാതേം ഒരു സമ്മന്തം. അതാണെങ്കി ഈ കാര്യത്തില്‍ നടക്കുകേമില്ല. എന്നിട്ടും ഇവിടെത്തന്നെ കൂടാനാ ഭാവമെങ്കില്‍, നിനക്കുള്ള കഞ്ഞീം കറീം ഇവിടെ തന്നെ കാണും. അതീന്ന്‌ കൊടുത്തു നീ ഇവളെ പോറ്റിക്കോണം. മനസ്സിലായോ- റേഷന്‍ കാര്‍ഡില്‍ പേരു ചേര്‍ക്കാന്‍ പറ്റില്ലാന്ന്‌!!!" ഇത്രേം പറഞ്ഞ്‌ കുഞ്ഞൂഞ്ഞ്‌ തിരിഞ്ഞു.

വിഷണ്ണയായി പീജെ മോനിയുടെ നിഴലിനു മറഞ്ഞു നിന്നു. എന്തോ ഓര്‍ത്തിട്ടെന്നപോലെ കുഞ്ഞൂഞ്ഞ്‌ ഇതും കൂടി പറഞ്ഞു: "പിന്നെ, നമ്മളു കുടുംബകാര്യം പറയുന്നേടത്തൊന്നും ഇവളെ കണ്ടുപോയേക്കല്ല്‌!!"

തല്‍ക്കാലം സ്ഥിതി ശാന്തമെന്നു കണ്ട്‌ മോനി സൈക്കിള്‍ കന്നാലിക്കൂടിന്റെ ഭിത്തിയില്‍ ചാരി വെച്ചു. പെണ്ണിന്റെ കൈ പിടിച്ച്‌ വീട്ടില്‍ കയറി. വാതില്‍ക്കല്‍ വന്നെത്തിനോക്കിയ മറ്റു കുടുംബാംഗങ്ങള്‍ അക്ഷരമുരിയാടാതെ അകത്തേക്കു വലിഞ്ഞു. പെണ്ണിനെ കൂട്ടി മോനി സ്വന്തം മുറിയിലേക്കു പോയി. പുതിയ വീട്ടിലെത്തിയ എല്ലാ അങ്കലാപ്പോടും കൂടി പീജെ കുമാരി മിഴുങ്ങസ്യാന്നു നിന്നു.

*** *** ***

രാത്രി കനത്തു. ആചാരങ്ങളും അലങ്കാരങ്ങളും ഇല്ലാതെ അവരുടെ ആദ്യരാത്രി.

മെയ്‌മാസച്ചൂടില്‍ ചീവീടുകള്‍ റബ്ബര്‍ മരങ്ങളിലിരുന്ന് ഉറക്കെ ചീറി.

അകത്തെ ഇരുട്ടിലെ നിശ്ശബ്ദതയില്‍ മോനി പതിയെ വിളിച്ചു : "പീജേ..."

"എന്തോ..!" മൃദുലമായി പീജെ വിളി കേട്ടു.

"എന്റെ പീജെ..!"

"മോനിച്ചായാ..."

പ്രണയത്തിന്റെ ഹൃദയതന്ത്രികള്‍ ഒട്ടുപാല്‍ പോലെ വലിഞ്ഞു വിങ്ങി. "മോനിച്ചായനെന്നോട്‌ ദേഷ്യമുണ്ടോ..?"

"എന്നാത്തിന്‌?"

"ഇവിടാര്‍ക്കും ഞാന്‍ വന്നത്‌ ഇഷ്ടമായില്ലല്ലോ?"

"അതെന്നേലും അയിക്കോട്ടെ. എന്നും കൊണ്ട്‌ ഞാന്‍ നിന്നോട്‌ ദേഷ്യപ്പെടുന്നതെന്തിനാ!"

"ഉം... ച്ചായനെന്നാ എന്നോട്‌ ആദ്യം ഇഷ്ടം തോന്നിയേ?"

"എത്ര തവണ പറഞ്ഞതാ പീജേ??"

"കേക്കാനുള്ള കൊതികൊണ്ടല്ലേ ച്ചായാ?"

"തൊടുപുഴ കോളേജിലെ വേദിയില്‍ നീ പാട്ടു പാടിയില്ലേ? അന്ന്‌!!"

"ഉം... ച്ചായന്‍ നടത്തുന്ന ഓരോ പ്രസംഗോം ഞാന്‍ എത്ര കൊതിയോടെ കേക്കുമായിരുന്നെന്നോ? എന്റെ ചേട്ടന്മാരും മാമന്മാരുമൊക്കെ കൂവുമ്പോ എനിക്ക്‌ പക്ഷേ കൈ കൊട്ടാനാ തോന്നുക. ന്നാലും ഞാന്‍ മിണ്ടാതിരുന്നു കളയും. നമ്മള്‍ സൈക്കിളില്‍ ഓവര്‍ലോഡ്‌ പോകുന്നതൊക്കെ ഞാന്‍ എത്ര സ്വപ്നം കണ്ടിട്ടുണ്ടെന്നോ?"

"ആണോ..? പറഞ്ഞപോലെ എന്റെ ചിഹ്നം നിനക്ക്‌ ഇഷ്ടമാണോ?"

"ഉം... ഒത്തിരി ഇഷ്ടമാ. എന്റെ ചിഹ്നത്തിലും രണ്ടിനാണു പ്രാധാന്യം."

"എ..? അതെന്നാ..?"

"വീല്‌... സൈക്കിളിന്റെ വീല്‌." പീജെ കുണുങ്ങിച്ചിരിച്ചു.

"ഓ.. അത്‌!! അവള്‍ടെ ഒരു തമാശ..!"

"ശ്‌... നുള്ളാതെ ച്ചായാ..!"

"നീയിങ്ങു നോക്കിയെ, ഇനി നിന്റെ പേര്‌ എന്റെ ഇനിഷ്യലു കൂട്ടിയാ."

"അറിയാം, ച്ചായാ. ഇനി 'എം'ന്ന് അല്ലേ? ആ ബ്രായ്ക്കറ്റില്‍ 'എം' കിടക്കുന്നതു കാണാന്‍ എന്തു ഭംഗിയാ! അല്ലേലും പെണ്ണ്‌ അവളുടെ അപ്പനേം അമ്മേം വിട്ട്‌ ഭര്‍ത്താവിനോട്‌ ചേരുന്നു എന്നല്ലേ തിരുവചനം? അപ്പോ പേരും മാറണമല്ലോ..?"

"മിടുക്കി. നിനക്കിതൊക്കെ അറിയാമോ?"

"മതം മാറുമ്പോ അതൊക്കെ അറിഞ്ഞിരിക്കണ്ടേ ച്ചായാ..?"

സന്തോഷം കൊണ്ട്‌ മോനിയുടെ ഉള്ളം റബ്ബര്‍പാല്‍ നിറഞ്ഞ ചിരട്ട പോലെ തുളുമ്പി. ഒരു ഗാഢാലിംഗനത്തിലേക്ക്‌ പീജെ അമര്‍ന്നു.

"പിന്നെ, ച്ചായാ, എനിക്ക്‌ ഒരാശ..." പീജെ പറയാനാവാതെ നാണിച്ച്‌ നിന്നു.

"എന്തായാലും പറയ്‌, പീജേ.." മോനി പ്രോല്‍സഹിപ്പിച്ചു.

"നമുക്ക്‌... നമുക്ക്‌... ഒരു യുവജനവിഭാഗവും ഒരു മഹിളാസംഘടനേം രൂപീകരിക്കണം. പിന്നെ ഒരു വിദ്യാര്‍ഥി സംഘടനേം.."

മോനി ഒന്നു ഞെട്ടി.

"ഈശോയേ... മൂന്നു പോഷകസംഘടനയൊക്കെ വളര്‍ത്തിക്കോണ്ട്‌ വരാനുള്ള പാടു നിനക്കറിയാവോ പീജേ? ഏതേലും ഒന്നു പോരായോ..?"

"ച്ചായാ, എന്റെ ആഗ്രഹമല്ലേ.?"

"ഉം... ഇവിടുത്തെ പ്രശ്നങ്ങള്‍ ഒക്കെ ഒന്ന്‌ ഒതുങ്ങിയിട്ടു മതി വര്‍ക്കിംഗ്‌ കമ്മിറ്റി കൂടല്‍. പോരേ..?" മോനി ചോദിച്ചു.

നാണത്താല്‍ തുടുത്ത പീജേ അസ്പഷ്ടമായി മൂളി.

"പോഷകസംഘടനകളേ നോക്കാന്‍ ബുദ്ധിമുട്ടാണേല്‌ നമുക്ക്‌ പുറപ്പുഴേലോട്ട്‌ പോകാം. അവിടെ ഒത്തിരി പശൂം കൃഷീമൊക്കെ ഉണ്ട്‌."

"ഏയ്‌.. അതൊന്നും വേണ്ടിവരില്ല. പാലാച്ചന്തേല്‌ എനിക്കു പണിയുള്ളിടത്തോളം കാലം നമുക്കെവിടേം പോകേണ്ടിവരില്ല. അവിടുത്തെ നമ്മുടെ തോട്ടത്തിലെ ഒട്ടുപാല്‍ മാത്രം മതി നമുക്ക്‌ സുഖമായിട്ട്‌ ജീവിക്കാന്‍!"

"ന്റെ മോനിച്ചായാ... ച്ചായനെന്നോട്‌ എത്ര സ്നേഹമാ. ഞാന്‍ ഭാഗ്യവതിയാ. എനിക്കെന്തു സന്തോഷമാണെന്നോ?"

"ന്നാ എന്റെ പീജെ ഒരു പാട്ടു പാടിക്കേ.. വെല്യ പാട്ടുകാരി അല്ലേ..!"

"യ്യോ... ഈ രാത്രീലോ? ആരേലും കേക്കും..!"

"എന്റെ ചെവീ പാടിയാ മതി."

"ഉം..." പീജെ ശ്രുതി പിടിച്ചു.

"... പാലരുവീ നടുവില്‍, പണ്ടൊരു
പൗര്‍ണ്ണമാസീ രാവില്‍..
മല്‍സ്യകന്യയാം തോണിക്കാരിയെ
മാമുനിയൊരുവന്‍ കാമിച്ചൂ..."

"ന്റെ പീജേ.. നീ പീജേയല്ല ആര്‍.ജെ. ആണ്‌..!!"

ഇതുകേട്ട്‌ സാവധാനം മോനിയുടെ നെഞ്ചില്‍ അവള്‍ തലചായ്ച്ചു.

അവര്‍ അങ്ങനെ ഒരു ഗ്രൂപ്പും പുതച്ച് ഉറങ്ങി.

Friday, May 28, 2010

അമ്മുവിനുള്ള മറുപടി

അമ്മുവിന്റെ ചിന്തകള്‍ ഇവിടെ വായിക്കാം.


എടീ നയവഞ്ചകീ..
നീയിപ്പോ ന്യായം പറയുന്നോ? സ്നേഹിച്ചു വഞ്ചിച്ചു എന്നൊക്കെ കേട്ടിട്ടുണ്ട്. അതും ആണുങ്ങളെപ്പറ്റി. ഇതിപ്പോ...! ഹൂം! മാനം മര്യ്യാദയ്ക്കു പെണ്ണുചോദിച്ചു വന്നപ്പോ അതു നിന്റെ അച്ഛന്‍ തകര്‍ത്തു. എല്ലാ വരും വരായ്കകളും പറഞ്ഞതിനു ശേഷവും ‘എന്റെ കൂടെയേ ജീവിതമുള്ളൂ’ എന്നെല്ലാം നീ ഡയലോഗടിച്ചു. എന്നിട്ടവസാനനിമിഷം നീ കാലുവാരി.
ഞാന്‍ വെറും ശശി. നീ പുണ്യാളത്തി. അതു നിന്റെ വിശ്വാസം. അതു തെറ്റായിരുന്നു എന്നു ബോദ്ധ്യപ്പെടുമ്പോള്‍.. വേണ്ട, കൂടുതല്‍ പറയുന്നതില്‍ കാര്യമില്ല.

പിന്നെ, നിന്റെ ചില പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാതിരിക്കാനാവുന്നില്ല.

നാം അത് ചെയ്തിരുന്നെങ്കില്‍ നമുക്ക് ഈ ജന്മത്തില്‍ ഒരിക്കലും നമ്മോടു തന്നെ പൊറുക്കാന്‍ കഴിയുമായിരുന്നില്ല.
ഞാന്‍ നിന്നെ കല്യാണം കഴിച്ചിരുന്നെങ്കില്‍ എനിക്കെന്നോട് തന്നെ പൊറുക്കാന്‍ കഴിയാതെ പോയേനെ.

തെറ്റുകള്‍ നമുക്ക് രണ്ടു പേര്‍ക്കും പറ്റിയിട്ടുണ്ട്. അപക്വമായ പ്രണയകാലത്ത് ആര്‍ക്കും സംഭവിച്ചേക്കാവുന്നവ.
കൂട്ടത്തില്‍ എനിക്ക് അല്പം പക്വത ഉണ്ടായിരുന്നതുകൊണ്ട് നിനക്കിപ്പോ ഇങ്ങനെ പറയാന്‍ സാധിക്കുന്നു.

അച്ഛന്റെ ഓഫീസിനു തൊട്ടു താഴെയിരുന്നു ഐസ്ക്രീം തിന്നുമ്പോള്‍ എന്തൊക്കെയോ കീഴടക്കിയ സന്തോഷമായിരുന്നല്ലോ നമുക്ക് രണ്ടു പേര്‍ക്കും.
ബഹുവചനം വേണ്ട. നീ, നീ തന്നെ, നീ മാത്രമാണ് നിന്റെ അച്ഛനെ താഴ്ത്തിക്കെട്ടി സംസാരിച്ചത്.

ബീച്ചിലും തിയേറ്ററിലുമൊക്കെ നിന്നോടൊപ്പം ചുറ്റുമ്പോളും മറ്റെന്തിനെക്കാളും വിലക്കപ്പെട്ട എന്തൊക്കെയോ നേടുന്ന അനുഭൂതിയായിരുന്നു.
ഈ തോന്നിയ വീണ്ടുവിചാരം അന്നു നീ കാണിച്ചിരുന്നെങ്കില്‍ നിന്നെ സ്നേഹിതയായി കിട്ടിയതില്‍ ഞാന്‍ അഭിമാനിച്ചേനെ.

കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ ഇതെല്ലാം ഓര്‍ത്തു ചിരിക്കാന്‍ ഒരു തമാശയായേ തോന്നൂ.
ഒക്കെ മനസ്സിലായെടീ. നിനക്കെല്ലാം ഓര്‍ത്തു ചിരിക്കാന്‍ ഒരു തമാശയാ. നിന്റെ കൂടെ ഡിഗ്രിക്കു പഠിച്ച അഖിലിനെ ഞാന്‍ ഇന്നലെ കണ്ടു. നിന്റെ കുറെ തമാശകള്‍ അവനും പറഞ്ഞു. :P

അഭിക്കു ഇത് താങ്ങാന്‍ കഴിയും.
ആവശ്യത്തിലേറെ നീയും നിന്റെ മെയിന്‍ സ്വിച്ചും കൂടി എനിക്കിട്ടു താങ്ങിയല്ലോ..!

അഭിയെ ഇത്രയടുത്ത് അറിഞ്ഞ മറ്റൊരാളുമില്ല
എനിക്കിട്ട് ഇത്രേം നല്ല പണി തന്ന മറ്റൊരാളുമില്ല എന്നു പറ.

വീട്ടിലെ എല്ലാവരോടും ഞാന്‍ ക്ഷമ ചോദിച്ചതായി പറയണം. അഭിയുടെ സുഹൃത്തുക്കളോടും.
എന്നിട്ടുവേണം അവരുടെ വായിലിരിക്കുന്നതു ഞാന്‍ കേള്‍ക്കാന്‍.

അഭിയോടു ഞാന്‍ ക്ഷമ ചോദിക്കുന്നില്ല........... അതെനിക്ക് തരുവാന്‍ നിനക്ക് കഴിയില്ലെന്നെനിക്കറിയാം.
ചോദിച്ചോണ്ടിങ്ങോട്ടു വാ. ഞാന്‍ തരുന്നുണ്ട്.

ഇന്ന് ഞാന്‍ മൂലം നിനക്കുണ്ടായത് നാളെ നീ മൂലം വേറൊരാള്‍ക്ക് ഉണ്ടാവാതിരിക്കട്ടെ.
ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്. ഇന്ന് നീ മൂലം എനിക്കുണ്ടായതുപോലെ വേറൊരാള്‍ക്ക് ഉണ്ടാവാതിരിക്കട്ടെ. കാരണം എല്ലാവരും എന്നെപ്പോലെ ആവണമെന്നില്ല. മറ്റു ചിലരുടെ വാക്കുകളില്‍ പറഞ്ഞാല്‍- ‘എന്നെപ്പോലെ കോന്തനായിരിക്കണമെന്നില്ല’.

എന്തായാലും ഒന്നറിഞ്ഞോ, ഇനി നീയും നിന്റെ അച്ഛനും ഒന്നിച്ചു വന്നു ഈ ബന്ധത്തിനു സമ്മതമാണെന്നു പറഞ്ഞാലും... ഏഹേ..!

അപ്പോ പറഞ്ഞപോലെ,
അഭി

Wednesday, May 26, 2010

വിശ്വാസത്തിന്റെ മറുവശം

വിശ്വാസം...അതാണോ എല്ലാം ?? (http://nayathil.blogspot.com/2010/05/blog-post_25.html) എന്ന കവിതയ്ക്കുള്ള മറുപടി .

ഞാനിപ്പോള്‍ വീട്ടിലാണ്‌. ആകെ ഡെസ്പ്‌. ഓഫീസില്‍ പോകാന്‍ തോന്നുന്നില്ല. ഇതിനെ പ്രേമനൈരാശ്യം എന്നു വിളിക്കാന്‍ വയ്യ. ജീവിത നൈരാശ്യം എന്നു വിളിക്കണം. അല്ലേ, നിങ്ങളു പറ, കൊലച്ചതിയല്ലേ അവളു ചെയ്തത്‌?

കാര്യത്തോടടുത്തപ്പോ അവള്‍ക്ക്‌ അപ്പനോട്‌ മാത്രം വിശ്വാസം. അതവള്‍ കാത്തപ്പോ അവടപ്പന്‌ ആശ്വാസം. അമ്മയ്ക്കു നിശ്വാസം. എനിക്കു മാത്രം പ്രയാസം!

"നാളെ രാവിലെ പോകണം. റെയില്‍വേ സ്റ്റേഷനിലേക്ക്‌ കുട്ടപ്പന്‍ ചേട്ടന്റെ കാര്‍ ഏര്‍പ്പാടാക്കീട്ടൊണ്ട്‌. ഞാന്‍ ഒറ്റയ്ക്ക്‌ പൊക്കോളാം" എന്നു വീട്ടുകാരോട്‌ തലേദിവസം പറഞ്ഞു. അച്ചന്‍ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. സൂക്ഷിക്കണേ മോനേ എന്നു മാത്രം അമ്മ പറഞ്ഞു.

കൊച്ചുവെളുപ്പാങ്കാലത്തു പുറപ്പെടുന്ന ട്രെയിനിനു ടിക്കറ്റും ബുക്ക്‌ ചെയ്ത്‌ തലേദിവസം എല്ലാം പ്ലാന്‍ ചെയ്തു ധാരണയാക്കി വെച്ചിരുന്നതാ. രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പ്‌ ലാന്‍ഡ്‌ ഫോണില്‍ നിന്നു വിളിച്ച്‌ അവളൊരു പറച്ചില്‍: "ഞാന്‍ എന്റെ ജീവിതം നിനക്കായിട്ടു മാത്രം തരുവാ" എന്ന്. വിശ്വസിച്ചു പോയി അളിയാ...!

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട്‌ ഉറക്കം വരുന്നുണ്ടോ? വിധീന്നല്ലാതെ എന്തു പറയാന്‍? അല്ലെങ്കില്‍ എന്തിനു വിധിയെ പഴിക്കണം? അവളുടെ വീട്ടില്‍ ചെന്നു മാനംമര്യാദയ്ക്കു പെണ്ണു ചോദിച്ചതല്ലേ? കുടുംബ മഹിമ, ജീവിക്കാന്‍ ചുറ്റുപാട്‌, സാമാന്യം നല്ലൊരു ജോലി... അല്ല എനിക്കെന്തായിരുന്നു ഒരു കുറവ്‌? എന്നിട്ടും ആ മൊശടന്‍ കാര്‍ന്നോര്‌, അയാള്‍ തടസ്സം പറഞ്ഞു. എന്തിനാന്നു അയാള്‍ക്കു പോലും അറിഞ്ഞൂടാ. വെറുതെ എന്റെ വീട്ടുകാരുടെ സമയം മെനക്കെടുത്താന്‍..!

അല്ല, അവള്‍ക്കെന്നാ ഇപ്പോ പെട്ടെന്ന്‌ വീട്ടുകാരോട്‌ സ്നേഹം? ഒരെത്തും പിടിയും കിട്ടുന്നില്ല. പണ്ടിതൊന്നും ഇല്ലാരുന്നല്ലോ? അവളുടെ അപ്പന്‍ ജോലി ചെയ്യുന്ന ഓഫീസിന്റെ താഴത്തെ നിലയില്‍ ഇരുന്നാ അവള്‍ ഒരിക്കല്‍ ഐസ്ക്രീം നൊട്ടി നുണഞ്ഞത്‌. മൂപ്പരെങ്ങാനും വരുമോ എന്ന എന്റെ സംശയത്തിന്‌ 'അതിയാനു ഷുഗറാ, ഐസ്ക്രീം പാര്‍ലറിന്റെ അടുത്തൂടെ പോലും പോവില്ല.' എന്നായിരുന്നു മറുപടി.

പാര്‍ക്കില്‍ ചുറ്റാന്‍, ബീച്ചില്‍ തിരകള്‍ എണ്ണാന്‍, പൃഥ്വിരാജിന്റെ റിലീസ്‌ പടത്തിനു ഇടികൊണ്ട്‌ ടിക്കറ്റെടുക്കാന്‍, അവളുടെ എക്സാം ഫീസ്‌ അടയ്ക്കാന്‍ ബാങ്കില്‍ ക്യൂ നിക്കാന്‍, പിസ്സ ഓര്‍ഡര്‍ ചെയ്യാന്‍ ... എല്ലാത്തിനും ഞാന്‍. ഈ പാവം ഞാന്‍. മാത്രമോ? അവള്‍ക്കു കാലാകാലം മൊബൈല്‍ റീചാര്‍ജ്‌ ചെയ്തു കൊടുക്കണം, ഓരോ വാരാന്ത്യത്തിലും അവളുടെ കൂടെ കറങ്ങാന്‍ ബൈക്കില്‍ പെട്രോളും നിറച്ച്‌ ഡ്രൈവറെപ്പോലെ ഞാന്‍ കാത്തു നിക്കണം. അവളുടെ കൂട്ടുകാരികള്‍ എന്നു പറഞ്ഞു നടക്കുന്ന കരിങ്കാലികളുടെ ബര്‍ത്ത്ഡേയ്ക്ക്‌ ഗിഫ്റ്റ്‌ സെലെക്റ്റ്‌ ചെയ്യാന്‍ ഞാന്‍ അവള്‍ക്ക്‌ അകമ്പടി പോണം.. അപ്പോഴൊന്നും ഇവള്‍ ഓര്‍ത്തില്ലേ അവളുടെ ഒടുക്കത്തെ വിശ്വാസത്തിന്റെ കാര്യം? അതോ എനിക്കു കിട്ടാന്‍പോണ സാലറി ഹൈക്ക് അവള്‍ മുന്‍‌കൂട്ടി അറിഞ്ഞോ? പരദൈവങ്ങളേ!

എന്തിനേറെ പറയുന്നു.. അവസാനം ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത വകയില്‍ ക്രെഡിറ്റ്‌ കാര്‍ഡില്‍ വീണ്ടും അക്കങ്ങള്‍ പെരുത്തു. വെളുപ്പാങ്കാലത്ത്‌ ഇല്ലാത്ത ഓട്ടത്തിനു വിളിച്ചുവരുത്തിയതിന്‌ കുട്ടപ്പന്‍ ചേട്ടന്‍ വക പുളിച്ച തെറി. ബാംഗ്ലൂരില്‍ ചെന്നിട്ട്‌ റജിസ്റ്റര്‍ കല്യാണം നടത്തുമ്പോള്‍ 'ഞാനൊപ്പിടാം ഞാനൊപ്പിടാം' എന്നു ഉത്സാഹിച്ച സുഹൃത്തുക്കള്‍ 'നീയൊരു കോന്തനായതുകൊണ്ടാ' എന്നു പറഞ്ഞപ്പോളുണ്ടായ ഉള്‍പ്പുളകം. അതിനാണു എറ്റവും കൂടുതല്‍ മാര്‍ക്ക്‌. കോപ്പ്‌. ഇപ്പോ അവരില്‍ ഒരുത്തനും കൂട്ടിയിടിച്ചാല്‍ മിണ്ടില്ലെന്നായി.

എല്ലാം അവളുടെ വിശ്വാസത്തിന്റെ പേരില്‍.

വിശ്വാസം അതല്ലേ എല്ലാം? അതെ...

ഒരിക്കല്‍ ക്രെഡിറ്റ്‌ കാര്‍ഡിലെ കടങ്ങള്‍ ഞാന്‍ കൊടുത്തു തീര്‍ക്കുമെന്ന വിശ്വാസം.

പിണങ്ങിപ്പോയ കൂട്ടുകാര്‍ തിരികെ വരുമെന്ന വിശ്വാസം.

നാട്ടുകാര്‍ എന്നെ പെണ്ണുപിടിയന്‍ എന്നു വിളിക്കുന്നത്‌ ഒരിക്കല്‍ നിര്‍ത്തുമെന്ന വിശ്വാസം.

അവള്‍ക്കു വേണ്ടി ചെലവാക്കിയ കാശുണ്ടായിരുന്നെങ്കില്‍ ഒരു ആള്‍ട്ടോ വാങ്ങാമായിരുന്നെന്ന വിശ്വാസം.

ഡ്രൈവര്‍ കുട്ടപ്പന്‍ ചേട്ടന്‍ എന്നെ കാണുമ്പോഴുള്ള പല്ലിറുമ്മല്‍ ഒരുനാള്‍ നിര്‍ത്തുമെന്ന വിശ്വാസം.

എന്നെങ്കിലും ഒരുനാള്‍ അവടപ്പനെ രണ്ടെണ്ണം പറയാം എന്നുള്ള വിശ്വാസം.

ഒരുനാള്‍ നല്ല ഒരു ഹൈക്ക് വരുമെന്നുള്ള വിശ്വാസം.

വിശ്വാസം - അതു തന്നെ എല്ലാം!

Tuesday, May 18, 2010

ഹരിതഭവനം [തുള്ളല്‍]

ഗ്രീനായ സീനൊക്കെയോര്‍മ്മയായ്‌, മാരണം
പോലെവന്നീടുമീ വറുതിയില്‍, വേനലില്‍
വള്ളിക്കുടിലെന്നു മൂഢം നിനച്ചു ഞാന്‍
ഗ്രീന്‍ഹൗസെന്നൊരു വാക്കുവായ്ച്ചീടവേ
മാലിന്യവാതകം അന്തരീക്ഷം മൂടി
പാരിനെയെപ്പോഴും വേവിച്ചു കൊല്ലുന്നു.
ആരിതു ചെയ്യുന്നുവെന്നും അറിഞ്ഞഹോ,
മറ്റാരുമല്ലെടോ, മാനുഷര്‍ മാനുഷര്‍!

വണ്ടികളേറെ വഴിതിങ്ങിയോടുന്ന
ട്രാഫിക്‌ ജാമുള്ള ബി.റ്റി.എം. ജംക്ഷനില്‍
ചാരത്തു ചേലൊത്ത മങ്കമാര്‍ കാമന്റെ
കൈ കോര്‍ത്തു നീങ്ങുന്ന ഫുട്‌പാത്തില്‍ നിന്നു ഞാന്‍

ചാരവര്‍ണ്ണത്തിലും കാളിമയേറിയും
ധൂപം വമിക്കും നഗരമടര്‍ക്കളം
റിക്ഷകള്‍, ബസ്സുകള്‍, ബൈക്കുകള്‍, കാറുകള്‍
വ്യപാരശാലകള്‍, വീടുകള്‍, ബാറുകള്‍
വ്യവസായശാലകള്‍, മാളുകള്‍, ഭക്ഷണം
പാചകം ചെയ്യുന്ന പീടികക്കുശിനികള്‍
തെല്ലല്ല പിന്നിലും കാര്യാലയങ്ങളും
ഒട്ടുമേ പിന്നിലല്ലോരോ മനുഷ്യരും

അന്തിയാം നേരത്ത്‌, അന്തിച്ചു ഞാന്‍ നിന്ന
ബി.ടി.എം സ്റ്റോപ്പിന്റെ മൂലയ്ക്കു കണ്ടൊരു
കുഞ്ഞൊരു പീടികയില്‍ നിന്നു ഞാന്‍ വാങ്ങിയ
ബീഡ ചവച്ചോണ്ട്‌ വായ്നോക്കി നില്‍ക്കവേ,
'ഗ്രീന്‍ ഹൗസു വാതകം നമ്മളും തള്ളുന്നു,
നിശ്വാസമെന്നു നാം ഈസിയായ്‌ ചൊല്ലുന്നു!'
മണ്ടനായ്‌ ഇമ്മട്ടിലെന്തരോ ചിന്തിച്ചു,
മന്ദം നടക്കുന്ന മങ്കമാരെ പാര്‍ത്തു.

വണ്ടികള്‍ തള്ളുന്ന ധൂപവൃക്ഷങ്ങള്‍ ക-
ണ്ടുണ്ടായൊരിണ്ടലിന്നെങ്ങനെ തീര്‍പ്പൂ ഞാന്‍?
വായില്‍ നിറഞ്ഞൊരു വെറ്റിലനീരഹോ
നിര്‍ലജ്ജമോടയില്‍ തുപ്പിത്തിരിയവേ,
കാളിന്ദിയെ വെല്ലും കാളകൂടം തളം
കെട്ടിയ കാന തന്‍ ഗന്ധമറിഞ്ഞു ഞാന്‍.
ഒട്ടൊന്നു ശങ്കിച്ചു, 'വെയ്ക്കുമോ വാളു ഞാന്‍?
പെട്ടെന്നു തീരുമോ പൊന്മാന്റെ വീര്യവും?'

കല്‍മഷം തൊട്ടുതീണ്ടാത്തയെന്‍ ജീവിതം
ഗ്രീന്‍കണക്റ്റ്‌ പാട്ടിന്റെ ജീവനും സാരവും.
എങ്ങനെയെന്നതു കേള്‍ക്കുവിന്‍ കൂട്ടരേ
നിങ്ങളും കണ്‍പാര്‍ത്തു ചെമ്മേ പകര്‍ത്തിടൂ!

കാര്‍ബണ്‍ ഡയോക്സൈഡ്‌ പേരായ വാതകം
കാണുന്നപോലല്ല, പൊള്ളിക്കുമൂഴിയെ.
ആയതു കൊണ്ടു നാം യാത്ര കുറയ്ക്കുന്നു
നാട്ടിലേക്കാകിലും ക്വാട്ടറിലൊന്നുതാന്‍.
സര്‍ക്കാര്‍ വകയിലെ ബസ്സുകളില്‍ തന്നെ
വര്‍ക്കിനായ്‌ വന്നു, മടങ്ങിപ്പോയീടുന്നു.
നേരവും കാലവും നോക്കേണ്ട, പാര്‍ക്കിങ്ങ്‌
തേടിയലഞ്ഞു മനസ്സു മടുക്കേണ്ട.
ബൈക്കില്ല, കാറില്ല, വ്യാപാരവാണിജ്യ-
മൊട്ടും തിരിയില്ല, ശുദ്ധനാം പാമരന്‍.
ഓഫീസിലേസിയുണ്ടെങ്കിലും നാമതിനേറ്റവും
സൗകര്യമേകിയിരിക്കണം,
ചാരണം വതായനങ്ങളും വാതിലു-
മല്ലെങ്കില്‍ ഏസിയതോഫുചെയ്തീടണം.
നിര്‍ത്തണമേതൊരു ദീപവും, പങ്കയും
വൃത്തി കഴിഞ്ഞുടന്‍ തെല്ലും മടിക്കാതെ.
പാഴാക്കലില്ല, കരണ്ടൊരുതുള്ളിയും
പാരിന്നു മേലേയിരുള്‍ പരന്നീടിലും
പാചകം ദൈനംദിനം ചെയ്യുമെങ്കിലും
പാതികരുതും പഴേങ്കഞ്ഞിയാക്കുവാന്‍.
ലാഭമാണോര്‍ക്കണം പിറ്റേന്നു നാമതു
ലോഭമില്ലാതെ കഴിക്കുന്നു പ്രാതലായ്‌.
അച്ചാറും കഞ്ഞിയും നിത്യവും സേവിച്ചു
സ്വന്തം ഗൃഹാന്തരേ സ്വസ്ഥനായ്‌ വാഴുന്നു.
വെയ്ക്കണം മാമരമൊന്നേലും, കാക്കണം
നട്ടുവെച്ചിട്ടു നനച്ചു പാലിക്കണം.
ഇപ്പൊഴാണോര്‍ത്തതു പേപ്പറിന്‍ വൃത്താന്തം
പാഴാക്കീടല്ലേയൊരു തുണ്ടു പേപ്പറും.
പാചകം ചെയ്യുകില്‍, പാത്രം കഴുകുകില്‍
നീരാടിയാര്‍ക്കുകില്‍, ആടയലക്കുകില്‍
ഫ്ലഷു ചെയ്യുമ്പൊഴും, ഷേവു ചെയ്യുമ്പൊഴും
ബ്രഷു ചെയ്യുമ്പൊഴും, കാര്‍ കഴുകുമ്പൊഴും
വെള്ളമില്ലാതെ കരഞ്ഞു കേഴുന്നവര്‍
ഇല്ലോളമല്ലെന്നു കണ്ടിട്ടൊഴുക്കണം.
മാലിന്യമേറു നടത്തുന്ന മാന്യരും
കാഠിന്യമുള്ള നടപടിക്കര്‍ഹരാം.
നാളത്തെ നമ്മുടെ ജീവനും ശ്വാസവു-
മിന്നു നിന്‍ ചെയ്തിയാലില്ലായ്മചെയ്യല്ലേ!
നമ്മുടെയമ്മയാം ഭൂമിയെ നാമാരു-
മല്ലാതെ കാക്കുവാനില്ലെന്നുമോര്‍ക്കണം.