Tuesday, November 17, 2009

ഗൃഹപ്രവേശം

cont'd..

മടക്കയാത്രയില്‍ എത്ര കല്യാണ വണ്ടികള്‍ കണ്ടെന്നറിയില്ല. ചുരുങ്ങിയത്‌ ഒരു പതിനഞ്ച്. പണ്ട്‌ ഓരോ നവവരനെയും കാണുമ്പോള്‍ ഞാന്‍ തമാശിക്കാറുണ്ടായിരുന്നതോര്‍ത്തു - അങ്ങനെ ഒരുത്തന്റെ കാര്യം കൂടി തീരുമാനമായി എന്ന്. ഇന്ന് എന്റെ ദിവസം. താലി കെട്ടിയത്‌ അവളുടെ കഴുത്തിലാണെങ്കിലും കുടുക്കുവീണത്‌ എനിക്കാണല്ലോ!

മാവേലിക്കര-തിരുവല്ല-തെങ്ങണ-പൊന്‍കുന്നം റൂട്ടില്‍ സഞ്ചരിക്കവേ കണ്ട ഒരു കല്യാണപ്പാര്‍ട്ടിയില്‍ വെളുത്തു തടിച്ച ഒരു സ്ത്രീയെ പെട്ടെന്നു തന്നെ ശ്രദ്ധിച്ചു. റോഡരികില്‍ നിന്ന അവര്‍ ഞങ്ങളുടെ വാഹനം പോകവേ സാകൂതം ഉള്ളിലേക്കു നോക്കി. ആരാ?
"സിലുമാനടി!!!"

"ഏതു സിലുമാനടി...??"

"നമ്മടെ .. "

"നമ്മടെ ..??"

"നമ്മടെ പൊന്നമ്മ ബാബു...!!!"

നിങ്ങള്‍ വിചരിച്ചുകാണും മീരാ ജാസ്മിനോ നയന്‍താരയോ മറ്റോ ആയിരിക്കുമെന്ന്. എനിക്കു വേണേല്‍ അങ്ങനെ എഴുതാമായിരുന്നു. പിന്നെ എന്തിനാ ഈ കുഞ്ഞുകല്യാണത്തിന്റെ ഇടയിലേക്ക്‌ അവരെയൊക്കെ വലിച്ചിഴയ്ക്കുന്നതെന്നോര്‍ത്താ...

പൊന്‍കുന്നം എത്തുന്നതിനു മുന്‍പാണ്‌, നിബിഡമായ റബ്ബര്‍ത്തോട്ടങ്ങളിലൂടെ കാര്‍ ചീറിപ്പായുന്നു. സ്പീക്കറിലൂടെ റൊമാന്റിക്‌ സംഗീതം പൊഴിയുന്നു. കേശാലങ്കാരം തലയിണയാക്കി നല്ലപാതി എന്റെ തോളിലുറങ്ങുന്നു. പെട്ടെന്നൊരൊച്ച!

"പ്‌ഡക്ക്‌..."

വിന്‍ഡ്‌ സ്ക്രീനില്‍ തട്ടി എന്തോ തെറിച്ചുപോയതു ഞാന്‍ കണ്ടു. പെട്ടെന്നു ഡ്രൈവര്‍ സുരേഷ്‌ വണ്ടി സ്ലോ ചെയ്തു.

"അതേ ആ ബൊക്കെ തെറിച്ചു പോയി. എടുക്കണോ?"

ബോണറ്റിലുറപ്പിച്ചിരുന്ന പൂക്കൂടയെപ്പറ്റിയാണു പുള്ളി പറഞ്ഞത്‌. അതു പറയുമ്പോഴും മൂപ്പര്‍ വണ്ടി നിര്‍ത്തിയിരുന്നില്ല. അതിവേഗം പൊയ്ക്കൊണ്ടിരുന്ന വണ്ടി ബഹുദൂരം മുന്നോട്ടുപോയിരുന്നതിനാല്‍ ഞാന്‍ വേണ്ടെന്നു പറഞ്ഞു. മുന്നൂറുരൂപയാണല്ലോ ആപ്പോയത്‌ എന്ന് അല്‍പം കഴിഞ്ഞേ ഞാന്‍ ഓര്‍ത്തുള്ളൂ.

അല്‍പം കൂടി കഴിഞ്ഞാണ്‌ അടുത്ത സംഭവം. ഒരു ബൊലേറോ ഞങ്ങളുടെ എതിര്‍ദിശയില്‍ കടന്നു പോയപ്പോള്‍ മുന്‍പു കേട്ടമാതിരി പ്‌ഡക്കെന്നൊരു ശബ്ദം. ഇത്തവണ സംഗതി അല്‍പം പിശകായിരുന്നു. ബൊലേറോച്ചേട്ടന്‍ പോയപോക്കില്‍ ഇന്നോവയുടെ വിങ്ങ്‌ മിററിനിട്ട്‌ ഒന്നു ചാമ്പിയതാണ്‌. ഭാഗ്യത്തിന്‌ അതങ്ങു മടങ്ങി വന്നതല്ലാതെ യാതൊരു നാശനഷ്ടവും ഉണ്ടായില്ല. ബൊലേറോച്ചേട്ടന്‍ ഇതൊന്നും കണ്ടില്ലേയെന്ന ഭാവത്തില്‍ ചീറിപ്പാഞ്ഞുപോകുകയും ചെയ്തു.

മുണ്ടക്കയം കടന്ന് പയ്യെ ഹൈറേഞ്ചിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ കാലവസ്ഥ മാറി. കനത്ത മഞ്ഞ്‌. കൊടികുത്തി മുതല്‍ കുട്ടിക്കാനം വരെ മഴയും മഞ്ഞും. കുട്ടിക്കാനത്തു നിര്‍ത്തി മഞ്ഞിന്റെ അകമ്പടിയോടെ ചായയും പരിപ്പുവട/ഉഴുന്നുവടയും.

സമയം ഏകദേശം നാലര. നല്ലപാതി യാത്രാക്ഷീണം കൊണ്ടു വിവശയാണ്‌. ആന്റിയും ആകെപ്പാടെ ഗ്ലൂമി. ഇനി നാല്‍പത്തിനാലു കി.മീ. കൂടിയെ ഉള്ളൂവെന്നു പറഞ്ഞ്‌ എല്ലാവരെയും ഒന്നു സമാധാനിപ്പിച്ച്‌ യാത്ര തുടര്‍ന്നു. ബാസാണെങ്കില്‍ റാന്നി എരുമേലി റൂട്ടില്‍ വരുന്നതേയുള്ളു.

കൃത്യം അറുമണിക്ക്‌ കട്ടപ്പനയിലെത്തി. ഇടയ്ക്ക്‌ ചെറിയ ചാറ്റല്‍ മഴ പെയ്തതു മാറ്റി നിര്‍ത്തിയാല്‍ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ആറുമണിക്കു ശേഷമാണ്‌ ഗൃഹപ്രവേശത്തിനുള്ള സമയം. ആറു പത്തോടെ എന്റെ ഗ്രാമത്തിലെത്തി.

പിന്നെ മറ്റു ബന്ധുക്കളും ഫോട്ടോഗ്രാഫറുമൊക്കെ വരാനായി കാത്തു കിടന്നു. ഏതാണ്ട്‌ എട്ടുമണിയായപ്പോഴാണ്‌ ബസ്‌ സ്ഥലത്തെത്തിയത്‌. ഗൃഹപ്രവേശം നടന്നപ്പോള്‍ സമയം എട്ടര!

പിന്നെയെന്താ..? കുളിച്ചു, അത്താഴം കഴിച്ചു, കിടന്നുറങ്ങി. അത്ര തന്നെ!

5 comments:

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'