Wednesday, January 28, 2009

പിരിയുന്നേരം - ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-6


കഴിഞ്ഞ കഥ

"സന്തോഷമായി എനിക്ക്‌. എന്നെ ഈ നേരത്ത്‌ ഓര്‍ക്കാനും വിളിക്കാനും തോന്നിയല്ലോ? പിന്നെ, ഞാന്‍ ..കുറെ കാര്യങ്ങള്‍ സംസാരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അന്ന്‌, ഞാന്‍ വെല്യ ചതിയാണ്‌ ചെയ്തതെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്‌. ഇത്രയധികം എന്നെ സ്നേഹിക്കുന്ന ഒരാളെ വേണ്ടെന്നു വെയ്ക്കുന്നതും ആത്ര ഈസി കാര്യമല്ലായിരുന്നു. പക്ഷേ..."

“ശപിക്കപ്പെട്ട ദിവസങ്ങള്‍ എന്നാണു ഇന്നും ഞാന്‍ ആ സമയത്തെക്കുറിച്ച്‌ വിചാരിക്കുന്നത്‌. ആഹ്‌... എന്തു പറയാന്‍..? വീട്ടില്‍ കാര്യങ്ങള്‍ മോശമായിരുന്നു എന്ന്‌ അറിയാമല്ലോ? ആങ്ങള ജോലിയൊന്നുമില്ലാതെ തെണ്ടിത്തിരിഞ്ഞു നടന്ന് അവസാനം സ്വന്തം ജീവിതം കൈവിട്ടു കളഞ്ഞു. എന്നെയും അനിയത്തിയെയും അവന്‍ രക്ഷപെടുത്തും എന്നൊരു വിശ്വാസമുണ്ടായിരുന്നു അച്ഛന്‌. കുറെ നാള്‍ ജോലി തപ്പി നടന്നും പിന്നെ അവിടെയും ഇവിടെയുമെല്ലാമായി പല പല പണികള്‍ ചെയ്തും അവന്‍ സര്‍വൈവ്‌ ചെയ്തു നിന്നു. വീട്ടിലെ കഷ്ടപ്പാടുകള്‍ കൂടി വന്നു. ആയിടെ അമ്മയ്ക്കു അസുഖവും കാര്യങ്ങളും. അച്ഛന്‍ തന്നെ എല്ലാം കൂട്ടിയാല്‍ കൂടില്ല എന്നായി. കാന്‍സര്‍ സെന്ററിലേക്കുള്ള പതിവു യാത്രകള്‍. അവസാനം റോഡിനോട്‌ ചേര്‍ന്നുള്ള അഞ്ചു സെന്റ്‌ സ്ഥലം വില്‍ക്കേണ്ടി വന്നു, അമ്മയെ ചികില്‍സിച്ച വകയിലെ കടബാധ്യതകള്‍ തീര്‍ക്കാന്‍. എന്നിട്ടമ്മയെ രക്ഷപെടുത്താനും പറ്റിയില്ല. അറിയാമല്ലോ, അന്നത്തേ കാര്യങ്ങളൊക്കെ?”

പ്രദീപിന്റെ മുഖത്തു മൗനം കനത്തു കിടന്നു. അലക്ഷ്യമായി റോഡിലേക്കു നോക്കി അവന്‍ കേട്ടു നിന്നു.

"വറുതി പോലെ തന്നെ! കുറച്ചു റബ്ബര്‍ ഉണ്ടായിരുന്നതു കൊണ്ട്‌ ഒരുകാലത്തും കഞ്ഞിക്കു മുട്ടു വന്നില്ല. എന്നാലും ജീവിതം എങ്ങുമെത്തില്ല എന്നു തോന്നിയിരുന്നു. വല്ലവിധേനയും ഞാന്‍ എം.കോം കമ്പ്ലീറ്റ്‌ ചെയ്തൂന്നു പറഞ്ഞാല്‍ മതി. പക്ഷേ, അനിയത്തിയുടെ പഠനം മുടങ്ങി. അജിത്താണെങ്കില്‍ കുടുംബത്തിന്‌ ഒരു ഉപകാരവുമില്ലാതെ നടക്കുന്നു. രാവിലെ ടൗണില്‍ പോകും. ഒരു കൂട്ടുകാരന്റെ കടയുണ്ട്‌. അവിടെയും ഗോഡൗണിലും അല്ലറചില്ലറ പണികള്‍ ഒക്കെ ചെയ്യും. വൈകുന്നേരം അവന്റെ ചെലവിനുള്ളതു കിട്ടുമെന്നല്ലാതെ അതുകൊണ്ട്‌ നയാ പൈസയുടെ ഉപകാരം ഉണ്ടായിട്ടില്ല. എന്നും കുറെ കമ്പനിയും ചുറ്റിക്കറങ്ങലും മാത്രമായി അവന്റെ ലൈഫ്‌. എന്തിനേറെ, ഇടയ്ക്ക്‌ ഒന്നു രണ്ടു ടെസ്റ്റ്‌ എഴുതാന്‍ പോയപ്പോ ഒന്നു കൂടെ വരാമോ എന്നു ചോദിച്ചപ്പോ അതിനുപോലും വയ്യ. എന്തിനാ ദൈവമേ ഇങ്ങനെയൊരു കൂടപ്പിറപ്പിനെ തന്നതെന്നു പലപ്പോഴും കരഞ്ഞുചോദിച്ചിട്ടുണ്ട്‌. അവനിലും പ്രതീക്ഷ നഷ്ടപ്പെട്ടതോടെ അച്ഛനും തളര്‍ന്നു."

കയ്പ്പു നിറഞ്ഞ ഭൂതകാലം ഒരു ഗദ്‌ഗദമായി ഉയര്‍ന്നു വന്നു. മുറിഞ്ഞകന്ന വാക്കുകള്‍ക്കിടയിലൂടെ രണ്ടു കണ്ണീര്‍ത്തുള്ളികള്‍ കൂടി ഉതിര്‍ന്നു വീണു.

"അന്നെല്ലാം എന്റെയൊപ്പം ഉണ്ടായിരുന്നതു പ്രദീപ്‌ മാത്രമാ. എന്തും തുറന്നു പറയാനും, വിഷമങ്ങള്‍ പങ്കു വെയ്ക്കാനും എല്ലാം ഒരു നല്ല ഫ്രണ്ടായിട്ട്‌... പ്രദീപിനും നല്ല ടഫ്‌ ടൈം ആയിരുന്നല്ലോ. പരസ്പരം വേദനകള്‍ പങ്കു വെയ്ക്കുന്നതും ഒരു സുഖമാണെന്ന് അറിഞ്ഞത്‌ അന്നാണ്‌. എഴുപത്തഞ്ചു പൈസയുടെ ഒരില്ലന്റിന്‌ ഇത്രേം വിലയുണ്ടെന്ന് അറിഞ്ഞ നാളുകള്‍!! ഇഷ്ടപ്പെടാനും മോഹിക്കാനും അര്‍ഹതയില്ലാത്തവരായിരുന്നു നമ്മള്‍ രണ്ടും. എന്നാലും എന്തൊക്കെയോ നമ്മളെ തമ്മില്‍ അടുപ്പിച്ചു. ഒരു നാള്‍ നല്ല നിലയിലെത്തുമ്പോള്‍ എന്നെ ഒപ്പം കൂട്ടുമെന്നു നല്ല ഉറപ്പുമുണ്ടായിരുന്നു.പക്ഷേ വീട്ടിലെ സ്ഥിതി മറിച്ചായിരുന്നല്ലോ- ഞങ്ങള്‍ പ്രായം തികഞ്ഞ രണ്ടു പെണ്ണുങ്ങള്‍. അച്ഛനാണെങ്കില്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെയായി. എന്നും അജിത്തിനെ ഓര്‍ത്തു വിഷമിക്കുമായിരുന്നു. എന്തെല്ലാം പ്രതീക്ഷകളായിരുന്നു പഠിച്ചു വരുന്ന പ്രായത്തില്‍, അവനെപ്പറ്റി..! അവനിനി ഒരു തിരിച്ചുവരവുണ്ടാവില്ല എന്നറിഞ്ഞതോടെ പിന്നെ അച്ഛനു ഞങ്ങളെപ്പറ്റി മാത്രമായി ചിന്ത. ദൈവത്തിന്റെ കൃപ കൊണ്ട്‌ ഈയൊരു ബാങ്ക്‌ ടെസ്റ്റ്‌ എഴുതിക്കിട്ടി. അന്ന്‌, ഈ ടെസ്റ്റ്‌ എഴുതാന്‍ പോകുമ്പോ ആശേടെ കാതീക്കിടന്ന ഒരു തരി പൊന്നു പണയം വെച്ചിട്ടാ വണ്ടിക്കൂലിക്കു കാശുണ്ടാക്കീത്‌! ഒരു ജോലി കിട്ടുമെന്നറിഞ്ഞതോടെ ജീവിതത്തില്‍ ഒരു പ്രതീക്ഷയൊക്കെയായി. ഒന്നുമല്ലേലും ആശയ്ക്കെങ്കിലും നല്ല ഒരു ജീവിതം കിട്ടുമല്ലോ എന്നായിരുന്നു എന്റെ ചിന്ത."

വെയില്‍ പതിയെ ചാഞ്ഞു തുടങ്ങിയിരുന്നു. 'പറയ്‌, അനഘേ' എന്നാരോ ഉള്ളിലിരുന്നു പറയുന്നതുപോലെ തോന്നി. പ്രദീപ്‌ എല്ല്ലാം കേട്ടുകൊണ്ട്‌ ക്ഷമാപൂര്‍വ്വം നില്‍ക്കുന്നു.

".. പിന്നെ ജോലിക്കായുള്ള കാത്തിരിപ്പ്‌. അതിനിടയിലാണ്‌ അച്ഛന്റെ പഴയ ഒരു സുഹൃത്തു വഴി ഈ ആലോചന വന്നത്‌. നീയായിരുന്നു മനസ്സില്‍ നിറയെ. മാത്രമല്ല, കുറച്ചു നാള്‍ കുടുംബത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നൊരു ആഗ്രഹമുണ്ടായിരുന്നതു കൊണ്ട്‌ കല്യാണത്തെപ്പറ്റിയൊന്നും ചിന്തിച്ചതുപോലുമില്ല. പക്ഷേ, അവര്‍ക്കു സ്ത്രീധനമൊന്നും വേണ്ട, വിദ്യാഭ്യാസമുള്ള പെണ്ണിനെ മതി എന്ന ആനുകൂല്യം അച്ഛനെ വല്ലാതെ ആകര്‍ഷിച്ചു. അവരുടെ കണ്ണില്‍ എന്താ കുഴപ്പം? വീട്ടില്‍ ജീവിക്കാന്‍ ആവശ്യത്തിലേറെ മുതലുള്ള ഒരാലോചന വന്നപ്പോ എന്നെ എങ്ങനെയും ആ പ്രാരാബ്‌ധക്കൂട്ടില്‍ നിന്നും പറഞ്ഞു വിടാനായിരുന്നു എല്ലാവര്‍ക്കും തിരക്ക്‌. എല്ലാം അറിയാമായിരുന്നിട്ടും ആശയും പറഞ്ഞു, ചേച്ചീ ഇതു തന്നെ മതിയെന്ന്. കുറഞ്ഞപക്ഷം ഞാനെങ്കിലും രക്ഷപെടട്ടെ എന്ന്. ഞാനിതു നിഷേധിക്കുമെന്നു തോന്നിയപ്പോള്‍ അത്രേംകാലം ഒരു വാക്കും മിണ്ടാതെ നടന്ന അജിത്തിനും നാക്കുമുളച്ചു. ഒടുവില്‍ അച്ഛനും കൂടിയായപ്പോ ഉള്ളിലെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം വിട്ടുകളയേണ്ടിവന്നു. അല്ലേലും ഇങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ ഒരു പെണ്ണിന്റെ അഭിപ്രായത്തിനും താല്‍പര്യങ്ങള്‍ക്കും എന്തു വില?"

"ഒന്നാലോചിച്ചാല്‍ ജീവിതം സുരക്ഷിതമായി. കല്യാണം കഴിഞ്ഞെങ്കിലും ഏട്ടന്റെ വീട്ടുകാര്‍ നന്നായി സപ്പോര്‍ട്ടു ചെയ്തു. അതുകൊണ്ട്‌ മുടങ്ങിനിന്ന ആശയുടെ പഠിത്തം തീര്‍ക്കാനായി. ഡിഗ്രിയെങ്കിലും പഠിച്ചില്ലേല്‍ പെണ്ണുങ്ങള്‍ക്കെന്നാ വില എന്നു ചോദിച്ച്‌ ഏട്ടന്‍ തന്നെയാണ്‌ അവളെ പഠിപ്പിക്കാനയച്ചത്‌. ലോണൊക്കെ സംഘടിപ്പിച്ച്‌ അജിത്തിന്‌ ഒരു വണ്ടി വാങ്ങിക്കൊടുത്തു. എന്താണെന്നറിയില്ല, അതു കിട്ടിക്കഴിഞ്ഞപ്പോള്‍ അവനൊരു ഉത്തരവാദിത്വം ഒക്കെ വന്നു. അളിയന്റെ കാശുകൊണ്ട്‌ അടിച്ചുപൊളിക്കേണ്ട എന്നു കരുതിയിട്ടാണോ ആവോ! എന്തായാലും അവിടെയടുത്ത്‌ ഒരു കമ്പനിയിലെ സപ്ലൈ ഓട്ടം കിട്ടി. സ്ഥിരം ഓട്ടം ഉള്ളതോണ്ട്‌ അലമ്പൊന്നുമില്ലാതെ അധ്വാനിച്ചു. ലോണൊക്കെ നന്നായി അടഞ്ഞു തീര്‍ന്നപ്പോള്‍ വണ്ടി അവനോടുതന്നെ എടുത്തോളാന്‍ ഏട്ടന്‍ പറഞ്ഞു. അവന്‍ അത്രേം കരുതിക്കാണില്ല. ആളും ആകെ മാറിപ്പോയി. പിന്നെ ഒരു ചാന്‍സു വന്നപ്പോള്‍ ഗള്‍ഫിനു പോയി. വണ്ടി വിറ്റ പൈസയായിരുന്നു മുതല്‍. മിച്ചം വന്നത്‌ ആശേടെ പേരില്‍ ബാങ്കിലിട്ടു. ഗള്‍ഫിലും പണി ഡ്രൈവിങ്ങ്‌ തന്നെ. അങ്ങനെ അവനും അവിടെ നന്നായി കഷ്ടപ്പെട്ടു. ഒന്നര വര്‍ഷം കഴിഞ്ഞു ആദ്യത്തെ ലീവിനു വന്നു, ആശേടെ കല്യാണം നടത്തി. അച്ഛനും സന്തോഷമായി. അങ്ങനെയങ്ങനെ.... പിന്നെ, ശെരിയാണ്‌. നഷ്ടപ്പെട്ടതിനെക്കുറിച്ച്‌ ആദ്യമൊക്കെ എന്നും ഓര്‍ക്കുമായിരുന്നു. ആഴ്ചയിലൊരിക്കല്‍ അയക്കുന്ന കത്തുകളിലൂടെ നാം ഒരുപാടു സ്വപ്നങ്ങളും സങ്കടങ്ങളും ആശകളും ഒക്കെ പങ്കുവെച്ചിരുന്നു. ഒക്കെ ഇങ്ങനെയാകുമെന്നോ, ഒരിക്കല്‍ കൈവിട്ടു പോയ ജീവിത ഇങ്ങനെ തിരികെക്കിട്ടുമെന്നോ വിചാരിച്ചതല്ല. എന്നും നിന്നെ മിസ്‌ ചെയ്തിരുന്നു..."

വാക്കുകള്‍ ഇപ്പോള്‍ കിട്ടുന്നില്ലയോ? ഇന്നു കൂടി. ഇന്നൊരു ദിവസം, ഈയൊരു സമയം കൂടി മാത്രമേയുള്ളൂ അനഘേ നിനക്ക്‌. പറയ്‌, മനസ്സില്‍ കെട്ടിയൊതുക്കി വെച്ചിരുന്നതെല്ലാം പറയ്‌...!

"പിന്നെ... പ്രദീപ്‌... എനിക്ക്‌ നിന്നെ.. നിന്നെ നഷ്ടപ്പെട്ടുകഴിഞ്ഞാണ്‌ എന്താണ്‌ ഇല്ലാതായത്‌ എന്നു ഞാന്‍ തിരിച്ചറിഞ്ഞത്‌. ആ കാരക്റ്റര്‍. പ്രദീപിന്റെ നേച്ചര്‍ ... എന്നും പ്രദീപിനെ ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ ട്രീറ്റ്‌ ചെയ്യണമെന്നാഗ്രഹിച്ചിരുന്നു. പ്രദീപിനെന്നും ആ ഒരു കെയറും അഫെക്ഷനും ഒക്കെ വേണ്ടിയിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ഒരു ക്ലിയര്‍ കട്ട്‌ ആന്‍സര്‍ വേണമായിരുന്നു. ഒരിക്കലും സ്വന്തം ഫീലിങ്ങ്‌സ്‌ പ്രകടിപ്പിക്കാന്‍ ചമ്മലൊന്നുമില്ലായിരുന്നു. നിന്റെ സങ്കടങ്ങളൊക്കെ എറ്റവും അടുത്തവര്‍ക്കേ അറിയാന്‍ സാധിക്കുമായിരുന്നുള്ളൂ. അത്‌.. എനിക്കു വല്ലാതെ ഇഷ്ടമായിരുന്നെന്ന് ചങ്കു പറിയുന്ന ഒരു നൊമ്പരത്തോടെ... മാത്രമാ.. ഞാന്‍... "

അടക്കാനായില്ല. തേങ്ങലായി, കണ്ണീര്‍പ്പുഴയായി, സങ്കടമൊഴുകി. അതു സങ്കടം തന്നെയാണോ....?

അനഘയുടെ കവിള്‍ത്തടത്തിലെ ഇളംചൂടിനെ കവര്‍ന്ന കണ്ണീര്‍ പ്രദീപിന്റെ നെഞ്ചില്‍ അലിഞ്ഞില്ലാതായി. സിറ്റൗട്ടിലെ ശതാവരിയുടെ ഇലകളും, പ്രദീപിന്റെ ആര്‍ച്ചയും, അനഘയുടെ പ്രിയപ്പെട്ടവരുമെല്ലാം അവിടെ ഒരു നിമിഷം അപ്രസക്തരായി.

"അനീ..."

അവിശ്വസനീയതയോടെ അവന്റെ മുഖത്തേക്കു നോക്കിയതല്ലാതെ ആ വിളിക്കു മറുവാക്കോതാന്‍ ഒരു തേങ്ങല്‍ കാരണം‌ അനഘയ്ക്കായില്ല.

ഒരു ചുടുചുംബനം അനഘയുടെ നെറ്റിയില്‍ സാന്ത്വനമായി ഒട്ടിച്ചേര്‍ന്നു. ഒരു ജന്മത്തിന്റെ പ്രണയസാഫല്യം ആരും കാണാതെ ഒളിപ്പിച്ച ഒരു സ്നേഹചുംബനം.

'പ്രദീപ്‌ വെഡ്‌സ്‌ അര്‍ച്ചന' എന്നെഴുതിയ കവര്‍ അനഘയുടെ കൈയ്യിലേല്‍പ്പിച്ച്‌ ഇനിയും പറയാത്ത ഒരുപാടു വാക്കുകള്‍ ഒരു നോക്കിലൊതുക്കി അവന്‍ പടിയിറങ്ങി.

*** *** ***

പ്രദീപ്‌ പറഞ്ഞു നിര്‍ത്തുമ്പോള്‍ ഞാനും ഒരു ദീര്‍ഘനിശ്വാസം വിട്ടു. അപ്പവും താറാവു കറിയും അപ്പോഴും ശേഷിച്ചിരുന്നു. കുടത്തില്‍ ബാക്കിയുണ്ടായിരുന്ന കള്ളുകൂടി ഒറ്റവലിക്കു മോന്തിയിട്ട്‌ ഞാന്‍ പ്രദീപിനോട്‌ ചോദിച്ചു-

"എന്നിട്ട്‌..?"

"എന്നിട്ടെന്നാ, കൈയും വീശി ഇങ്ങു പോന്നു. ഹല്ല പിന്നെ." പ്രദീപും പാനപാത്രം കാലിയാക്കി. ചിറി തുടച്ച്‌ ഷാപ്പിന്റെ മുളയഴികള്‍ക്കിടയിലൂടെ വെറുതെ പുറത്തേക്കു നോക്കിയിരുന്നു. അല്‍പം കഴിഞ്ഞ്‌ ഒരു ചോദ്യം-

"അല്ല രാജേ, ഇയാളിന്നു വരെ പ്രേമിച്ചിട്ടില്ലേ?"

12 comments:

  1. പ്രിയപ്പെട്ടവരേ,


    തുടങ്ങിവെച്ച ഈ സംഭവം സമയബന്ധിതമായി തീര്‍ക്കണം എന്നുണ്ടായിരുന്നെങ്കിലും ഇടക്കാലത്തു നേരിട്ട ചില സാങ്കേതികവും അല്ലാത്തതുമായ കാരണങ്ങളാല്‍ കൃത്യമായ ഇടവേളകളില്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കാതെ വന്നു. തന്മൂലം രസച്ചരടു പൊട്ടിയ്യതില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. കൂടാതെ തുടര്‍ന്നും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങള്ളും അറിയിക്കണമെന്നും താല്‍പ്പര്യപ്പെടുന്നു.

    സസ്നേഹം,
    എം.എസ്. രാജ്

    ReplyDelete
  2. സത്യം പറഞ്ഞാല്‍ പഴയവ ഒന്നുകൂടി വായിക്കേണ്ടി വന്നു എന്നുമാത്രം... പക്ഷെ നന്നായി...

    ReplyDelete
  3. അതെ.എനിയ്ക്കും കഥ ആദ്യമേ ഒന്നൂടെ ഓര്‍ത്തെടുക്കേണ്ടി വന്നു എന്നേയുള്ളൂ... എഴുത്ത് നന്നായിട്ടുണ്ട്.

    ReplyDelete
  4. നല്ല കഥ...നഷ്ടപ്പെട്ടതിന് ശേഷം മാത്രം കിട്ടുന്ന ചില തിരിച്ചറിവുകള്‍...പിന്നെ നഷ്ടത്തെ കുറിച്ചു ഓര്‍ത്തിട്ടെന്തു കാര്യം???

    (ഷാപ്പോ...ഇതിനിടയില്‍ ഇവരിതെപ്പോള്‍ ഷാപ്പിലെതീന്നായിരുന്നു സംശയം.പിന്നെ പഴയ പോസ്റ്റ് ഓടിപ്പോയി നോക്കി.. അപ്പോള്‍ കിടക്കുന്നു ദിവസങ്ങള്‍ക്കു ശേഷം കേട്ട കഥ എന്ന്...ഓക്കേ. എല്ലാം ശരിയായീ...)

    ReplyDelete
  5. കൊള്ളാമെടാ ഇഷ്ടായി. ശ്രമിച്ചാല്‍ നിനക്കൊരു നോവലും എഴുതാലോ?! :)

    (വലിയ പുതുമകളൊന്നുമില്ലെങ്കിലും) കയ്യടക്കമുള്ള എഴുത്തുകാരനെപോലെ, മിതത്വത്തോടെ പറഞ്ഞിട്ടുണ്ട്. ഒന്നുകൂടി പരിശ്രമിച്ചാല്‍ നല്ല നല്ല കഥകളെഴുതാവുന്നതേ ഉള്ളൂ നിനക്ക്.

    ഭാവുകങ്ങള്‍

    ReplyDelete
  6. തലക്കെട്ട് പോലെ സംഗതി ‘ചില വാക്യ’ങ്ങളില്‍ ഒതുങ്ങിയില്ലല്ലോ?
    മൊത്തത്തില്‍ ഒരു നാടകീയത ഉണ്ട്.

    അപ്പോള്‍ ഇനി?
    -രാജിനു പറയാന്‍ ഒരു(?) പ്രണയകഥ ഉണ്ടാവുമോ?
    -ഉണ്ടെങ്കില്‍ ആ റിസ്ക് എടുത്ത പെണ്ണിനു പിന്നീട് എന്തു സംഭവിച്ചു?
    -ബൂലോകരുടെ മുന്നില്‍ രാജിന്റെ കഥ (ഉണ്ടാവണം, ഇല്ലേല്‍ ഇത്ര വരെ ബഹുമാന്യ ലേഖകന്‍ എത്തിക്കില്ലല്ലോ) ഇതള്‍ വിരിയുമോ?

    ലേഖകാ... മറുപടി പറയൂ.. ;)

    ReplyDelete
  7. എന്നിട്ട് എന്ന് ചോദിക്കുന്നില്ല
    സുഖമുള്ള വായന നല്‍കിയതിനു നന്ദീ....
    എല്ല്ലാം ഇന്ന് ഒന്നു വായിച്ചു വീക്കെന്‍ഡ്
    ഓലപ്പീപ്പിയില്‍ ... നന്നയി ആസ്വദിച്ചു ഒഴുക്കുള്ള വായന തുടരണം ..
    ആശംസകള്‍!!

    ReplyDelete
  8. ഇതെവിടെ ചെന്നു നില്‍ക്കും മാഷേ?

    ReplyDelete
  9. രാജേ മുഴുവനും വായിച്ചു. ബാക്കി വരട്ടെ.

    ReplyDelete
  10. ദീപക് രാജ്,
    ശ്രീ,
    ഏകാന്തതാരം,
    നന്ദകുമാര്‍,
    ജീവ,
    മാണിക്യം,
    അനീഷ്,
    ശ്രീനു,

    എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. :)

    ReplyDelete
  11. "എന്തിനാ ദൈവമേ ഇങ്ങനെയൊരു കൂടപ്പിറപ്പിനെ തന്നതെന്നു പലപ്പോഴും കരഞ്ഞുചോദിച്ചിട്ടുണ്ട്‌."
    "നിന്നെ നഷ്ടപ്പെട്ടുകഴിഞ്ഞാണ്‌ എന്താണ്‌ ഇല്ലാതായത്‌ എന്നു ഞാന്‍ തിരിച്ചറിഞ്ഞത്‌."
    - മനസ്സില്‍ തട്ടിയ ചിലത് .


    ആദ്യമായിട്ടാ ഇവിടെ ... കഴിഞ്ഞ എല്ലാ പോസ്റ്റും ഒന്നിച്ച്‌ വായിച്ചു ... ഒരു നല്ല വായനാനുഭവം നല്‍കിയതിനു നന്ദി ..
    :)

    ReplyDelete
  12. “പറയാത്ത മൊഴികള്‍ തന്നാഴത്തില്‍ മുങ്ങിപ്പോയ്
    പറയുവാനാശിച്ചതെല്ലാം, നിന്നോടു പറയുവാനാശിച്ചതെല്ലാം”

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'