Saturday, August 30, 2008

എഡീ, എവിടെപ്പോയി?

പത്താം ക്ലാസ് പാസ്സായതിനു ശേഷം നല്ല മലയാളം എന്നെ പഠിപ്പിച്ചത് വെട്ടിപ്പുറം ആണ്. വെട്ടിപ്പുറം എന്നു വച്ചാല്‍ വെട്ടിപ്പുറം മുരളി. പത്തനംതിട്ടയിലെ വെട്ടിപ്പുറം സ്വദേശി. തൊഴില്‍ പത്രപ്രവര്‍ത്തനം. ഞാന്‍ കട്ടപ്പനയിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്യുന്ന കാലത്താണു ഞങ്ങള്‍ പരിചയപ്പെടുന്നത്. സഹോദരസ്ഥാപനമായ മാസികയുടെ എഡിറ്ററാണു വെട്ടിപ്പുറം. എഡിറ്റര്‍ എന്നതു ചുരുക്കി ‘എഡീ’ എന്നു വിളിക്കുന്നത് മൂപ്പര്‍ക്കത്ര ഇഷ്ടമുള്ള കാര്യമല്ല കേട്ടോ.

ആളെങ്ങനെ? പ്രായം ഏതാണ്ട് മുപ്പത്തെട്ടുവയസ്സ്. കറുത്ത് പൊക്കം അല്‍പം കുറഞ്ഞ മനുഷ്യന്‍. വെള്ള ഷര്‍ട്ടും ഡബിള്‍ മുണ്ടും വേഷം. എഡിറ്ററായതു കൊണ്ട് പോക്കറ്റില്‍ എപ്പോഴും രണ്ടു പേന കാണും. പതിഞ്ഞ സംസാരം. ശാന്തപ്രകൃതം. വേഷത്തിലും നടപ്പിലും സംസാരത്തിലും ഭാവത്തിലും ഇത്രയേറെ അടക്കവും ഒതുക്കവുമുള്ള ഒരു മനുഷ്യനെ കണ്ടിട്ടില്ല ഞാന്‍. ആകെക്കൂടി ഒരു സന്ന്യാസിയുടെ മട്ട്, എന്നാലോ മൌനമൊട്ടില്ലതാനും. . ആളുടെ അച്ചടക്കം ഡെസ്കില്‍ നോക്കിയാലറിയാം. ജോലി കഴിഞ്ഞ് മേശപ്പുറത്തെ സാമാനങ്ങള്‍ അടുക്കിവെയ്ക്കുന്നത് വിസ്മയത്തോടെ നോക്കി നിന്നിട്ടുണ്ട് ഞാന്‍!

അക്കാലത്ത് അദ്ദേഹം വിമന്‍സ് എറ, ചമ്പക് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ എഴുതാറുണ്ടായിരുന്നു. മുന്‍പ് കേരളകൌമുദി, ഈനാട് തുടങ്ങിയ സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹം എഴുതുന്നതു നോക്കിനില്‍ക്കുന്നതു കൌതുകമുള്ള കാര്യമാണ്. പേപ്പറിനെ നോവിക്കാതെ അയത്നലളിതമായാണ് എഴുത്ത്. ഒരൊറ്റ വെട്ടുതിരുത്തില്ലാതെ. എന്നാല്‍ എഡിറ്റുചെയ്യേണ്ട ഡ്രാഫ്റ്റുകളോ വെട്ടിത്തിരുത്തിയിളക്കിയിണക്കി ഒരു പരുവമാക്കിക്കളയും. നാം വെറുതേ എഴുതുന്ന ഒരു വാക്യത്തിലെ ന്യൂനതകള്‍ വളരെ വ്യക്തമായും വിശദമായും പറഞ്ഞുകാണിച്ചുതരും. എന്നുവച്ചാല്‍ തെറ്റുതിരുത്തുകയല്ല, മറിച്ച് കൂടുതല്‍ ശരിയാക്കുകയാണു ചെയ്യുന്നത്. എഡിറ്റിങ്ങെന്നു പറഞ്ഞാല്‍ ഇതാണെന്നു ഞാന്‍ കാണുന്നത് അന്നാണ്.
സംസാരിക്കുന്നതു കേട്ടാല്‍ എം.എയും ബി.എഡും സെറ്റും ജേണലിസം ഡിപ്ലോമയുമുള്ള ഒരാളാണെന്ന് തോന്നുകേയില്ല. അത്ര ലളിതമായണു സംസാരിക്കുന്നത്. ഇംഗ്ലീഷ് വളരെ നന്നായി കൈകാര്യം ചെയ്യുന്ന ഒരാളായിട്ടും അനാവശ്യമായി ഒരൊറ്റ ഇംഗ്ലീഷ് വാക്കുപോലും അദ്ദേഹത്തിന്റെ സംസാരത്തില്‍ കടന്നു വരില്ല. ഒരു മധ്യതിരുവിതാംകൂര്‍ ചുവ ഉണ്ടെന്നതൊഴിച്ചാല്‍ പറയുന്നത് നല്ല കരിക്കിന്‍‌വെള്ളം പോലത്തെ ശുദ്ധമലയാളം. അതില്‍ നിന്നും പ്രചോദനം കൊണ്ട് ഞാനും ശുദ്ധമലയാളം സംസാരിക്കാന്‍ ഒരു ശ്രമം നടത്തി. എന്റെ സംസാരത്തില്‍ ഒരു കൃത്രിമം വന്നതുകൂടാതെ എഴുതിവായിക്കുന്നതു പോലെ ഒരു അനുഭവവും. നല്ല മലയാളം പറഞ്ഞും എഴുതിയും വായിച്ചും ശീലമാക്കിയതാണ് വെട്ടിപ്പുറത്തിന്റെ ഈ അനായാസതയ്ക്കു കാരണം എന്നു ഞാന്‍ മനസ്സിലാക്കി. നല്ല വായനയാണു നല്ല ഭാഷയിലേക്കുള്ള വഴി എന്നായിരുന്നു മൂപ്പരെനിക്കു നല്‍കിയ സന്ദേശം.

സൂര്യനു കീഴെയുള്ള ഏതു കാര്യത്തെക്കുറിച്ചും സംശയം ചോദിക്കാം. ഭാഷയോ തത്വചിന്തയോ ജീവിതപ്രശ്നങ്ങളോ സംസ്കാരമോ ആയുര്‍വേദമോ എന്തുമാവട്ടെ, വെട്ടിപ്പുറത്തിന് ഉത്തരമുണ്ട്. വീണ്ടും കടപ്പാട് വായനയോട്. വെറും വായനയല്ല, പഠനമാണ് . റഫറന്‍സിനുവേണ്ടി ‘ലെഗസി ഓഫ് ചരകയും’ ‘ആയുര്‍വേദവിജ്ഞാനകോശവും’ വായിച്ചിരിക്കുന്നതുകണ്ടാല്‍ ഏകാഗ്രതയോടെ, ഭക്തിയോടെ പഠിക്കുന്ന ഒരു സ്കൂള്‍ വിദ്യാര്‍ഥിയെന്നുതോന്നും. വെട്ടിപ്പുറം എന്തുകൊണ്ട് ഒരധ്യാപകനായില്ല എന്നത് പലവട്ടം എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. ഓരോ കാര്യങ്ങള്‍ പറഞ്ഞു തരുമ്പോള്‍ അതൊരു ചലച്ചിത്രം പോലെ മനസ്സില്‍ തെളിയുകയാണ് . ഏറ്റവും ഫലപ്രദമായ പദപ്രയോഗം കൊണ്ട് ശുദ്ധമായിരുന്നു അദ്ദേഹത്തിന്റെ ഭാഷ. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നതിനു പുറമേ ചിത്രം വരയ്ക്കാനും ഫോട്ടോയെടുക്കാനും വെട്ടിപ്പുറത്തിനറിയാം. കൂടാതെ അല്പസ്വല്പം കൊട്ടും പാട്ടും കൂടി അറിയാം.

അദ്ദേഹത്തിന്റെ ദിനചര്യയായിരുന്നു ലൈബ്രറി സന്ദര്‍ശനം. വൈകുന്നേരം അഞ്ചരയോടടുപ്പിച്ച് കട്ടപ്പന പബ്ലിക് ലൈബ്രറിയിലേക്ക് അദ്ദേഹം നടക്കും. പത്രക്കാരനായതു കൊണ്ട് ലോകത്തു നടക്കുന്ന സംഭവങ്ങളെക്കുറിച്ചൊക്കെ വ്യക്തമായ ധാരണയുണ്ടായിരുന്നു. പല പത്രങ്ങള്‍ വായിക്കുന്നതുകൊണ്ട് മാധ്യമങ്ങളെപ്പറ്റിയും അവരുടെ താല്പര്യങ്ങളെപ്പറ്റിയും നല്ല കാഴ്ചപ്പാടും ഉണ്ടായിരുന്നു. തിങ്കളാഴ്ച കട്ടപ്പന ലൈബ്രറി അവധിയായതിനാല്‍ അന്ന് അമ്പലക്കവലയ്ക്കാണു നടത്തം. വിഭവങ്ങള്‍ കുറവാണെങ്കിലും ഒരു റൌണ്ട് വായനയ്ക്കുള്ളത് അവിടുത്തെ ലൈബ്രറിയില്‍ കിട്ടും. വായനയൊക്കെ കഴിഞ്ഞ് ഏകദേശം ഏഴുമണിയോടെ തിരികെ പോരുന്ന വഴിക്കാണ് അത്താഴം കഴിക്കുക. പൊലീസ് സ്റ്റേഷന്‍ കാന്റീനില്‍ നിന്നും കഞ്ഞി. കുറെ തവണ ഞാനും കമ്പനി കൊടുത്തിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ മറ്റൊരു അദ്ധ്യാപകനായിരുന്ന ഗിരീഷ് ആയിരുന്നു കഞ്ഞികുടിയില്‍ വെട്ടിപ്പുറത്തിന്റെ സ്ഥിരം കൂട്ട്. താമസസ്ഥലത്തേക്കുള്ള യാത്രയില്‍ വല്ലപ്പോഴും ഒരു വെറ്റിലമുറുക്ക് വെട്ടിപ്പുറത്തിനു ഹരമാണ്. കുടിയും വലിയുമില്ലാത്ത, എന്തിന് ഒച്ചയെടുത്തൊന്നു സംസാരിക്കുകപോലുമില്ലാത്ത ഇങ്ങേരിതെന്തിനാ മുറുക്കുന്നത് എന്ന എന്റെ സംശയത്തിനു കിട്ടിയ മറുപടി ‘അതു വായിലെ അരുചി ഇല്ലാതാക്കാനാണ് ‘ എന്നായിരുന്നു. വെറ്റിലയും പുകയിലയും ചേര്‍ന്നാല്‍ നേരിയ തോതില്‍ അണുനാശിനി പോലെ വര്‍ത്തിക്കുമെന്നും കേട്ടപ്പോള്‍ അതു ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാഞ്ഞ മറുപടിയായി. അദ്ദേഹം ദിനവും യോഗ ചെയ്തിരുന്നു. ഉപവാസം തുടങ്ങിയ ചില ശീലങ്ങളും ഉണ്ടായിരുന്നു.

മറ്റൊരു പ്രത്യേകത പുള്ളിക്കാരന്റെ സംബോധനകളാണ്. നാം സാധാരണയായി എടോ, മാഷേ, ടീമേ എന്നൊക്കെ വിളിക്കുന്ന സ്ഥാനത്ത് വെട്ടിപ്പുറം വിളിക്കുന്നത് ദേ, മനുഷ്യാ, ആത്മാവേ എന്നൊക്കെയാണ്! ചില സമ്പ്രദായങ്ങളോടും കീഴ്‌വഴക്കങ്ങളോടും വെട്ടിപ്പുറത്തിനു താല്പര്യമില്ലായിരുന്നു. അതറിഞ്ഞപ്പോള്‍ അങ്ങേരൊരു കമ്മ്യൂണിസ്റ്റാണോ എന്നു ഞാന്‍ ചോദിച്ചിട്ടുണ്ട്. വാര്‍ത്താപരമായി മാത്രമേ മൂപ്പര്‍ക്കു രാഷ്ട്രീയത്തില്‍ താല്പര്യമുണ്ടായിരുന്നുള്ളൂ.
കട്ടപ്പനയിലെ ഒരു ചെറുകിടപ്രസ്ഥാനത്തില്‍ തന്റെ മാധ്യമജീവിതം തളച്ചിടാന്‍ വെട്ടിപ്പുറം തയ്യാറല്ലായിരുന്നു. മാത്രമല്ല കട്ടപ്പനയിലെ ജീവിതസാഹചര്യങ്ങള്‍ വെട്ടിപ്പുറത്തിനു പിടിച്ചുമില്ല. കട്ടപ്പനജീവിതത്തിനു ചെലവു കൂടുതലും സൌകര്യങ്ങള്‍ കുറവും ആണെന്നതായിരുന്നു പ്രധാന പരാതികള്‍. പച്ചക്കറിയ്ക്കും മീനും ഹോട്ടല്‍ ഭക്ഷണത്തിനും വരെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു വില കൂടുതലാ‍ണെന്നു വെട്ടിപ്പുറം നിരീക്ഷിച്ചു. മറ്റു സ്ഥലങ്ങളിലും ഇത്തരം സാധനങ്ങള്‍ക്കൊക്കെ വില ഇതുപോലെ തന്നെയല്ലേ? അപ്പോള്‍ വെട്ടിപ്പുറം പറയുന്നു "കുഞ്ഞേ, അതങ്ങനെയല്ല. കോട്ടയത്തോ എറണാകുളത്തോ ചെന്നാലും സാധാരണ കടകളില്‍ ചായയ്ക്കു രണ്ടര രൂപയും ഊണിനു പതിനഞ്ച് രൂപയും ദോശയ്ക്കു രണ്ടു രൂപയും തന്നെ ആയിരിക്കും. എങ്കിലും അവിടെ ചില കേന്ദ്രങ്ങളിലെങ്കിലും രണ്ടു രൂപയ്ക്കു ചായയും പത്തുരൂപയ്ക്ക് ഊണും ഒന്നരരൂപയ്ക്ക് ദോശയൂം കിട്ടും. അത്തരമൊരു സാ‍ഹചര്യം കട്ടപ്പനയിലെന്നല്ല ഹൈറേഞ്ചില്‍ ഒരിടത്തും ഇല്ല." അപ്പോ വെട്ടിപ്പുറത്തിന്റെ അഭിപ്രായത്തില്‍ എല്ലാം തികഞ്ഞ സിറ്റി ഏതാ? "ചെന്നൈ" എന്നായിരുന്നു വെട്ടിപ്പുറത്തിന്റെ മറുപടി.

ഡല്‍ഹിയിലോ മുംബൈയിലോ ബാംഗ്ലൂരിലോ ഉള്ള കൊടിവച്ച അച്ചടിമാദ്ധ്യമങ്ങളിലൊന്നില്‍ ജോലി നോക്കാന്‍ ശ്രമിക്കാതെ എന്തുകൊണ്ട് ചെന്നൈ തെരഞ്ഞെടുത്തു? പുള്ളി നിരത്തിയത് ഒരു നീണ്ട ലിസ്റ്റായിരുന്നു. സര്‍വ്വോപരി ചെന്നൈ അദ്ദേഹത്തിന്റെ സ്വപ്നനഗരവുമായിരുന്നു. പിന്നീടെല്ലാം വെട്ടിപ്പുറം ഹൈറേഞ്ചിന്റെ കുറവുകള്‍ നിരത്തുമ്പോള്‍ ഞങ്ങള്‍ പ്രത്യാക്രമണം നടത്തുന്നത് മൂപ്പിലാന്റെ ഈ ചെന്നൈ പ്രണയം കൊണ്ടാണ്.
പിന്നീടൊരുനാള്‍ വെട്ടിപ്പുറം ആ സ്ഥാപനത്തോടു വിടപറഞ്ഞു. മുന്‍പേ തന്നെ ഞാന്‍ എന്റെ അഡ്രസും ഫോണ്‍ നമ്പരുമൊക്കെ കൊടുത്തെങ്കിലും വെട്ടിപ്പുറത്തിന്റെതായി ഒരന്വേഷണവും എന്നെ തേടിവന്നില്ല. ഞാന്‍ പുള്ളിയെ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. ഗൂഗിള്‍ ഇത്രയും തന്നു.


സ്വന്തം സ്വപ്നം പോലെ, ചെന്നൈയില്‍ ഏതെങ്കിലും മീഡിയാ‍ഓഫീസില്‍ തന്റെ ഡെസ്കിലെ എഴുത്തുപകരണങ്ങളും മറ്റും ഒതുക്കിവെച്ച് ഐശ്വര്യമോളുടെ അടുത്തേക്കു ചെല്ലാന്‍ വെട്ടിപ്പുറം ഇപ്പോഴും ഇറങ്ങുന്നുണ്ടാവണം. വഴിയില്‍ നിന്നും ഒരു മുറുക്കാനും ചവച്ച്...

എഡീ, ഐ മിസ്സ് യൂ!

15 comments:

  1. അഞ്ചു വര്‍ഷം മുന്‍പു തളിരിട്ട ഒരു സൌഹൃദം ഇന്ന്‍ അനാഥം. പ്രിയപ്പെട്ട വെട്ടിപ്പുറം, താങ്കള്‍ എവിടെയാണ്?

    ReplyDelete
  2. മറ്റൊരു കാര്യം കൂടി.. എം. എസ്. രാജ് എന്ന പേര് എനിക്കു ചാര്‍ത്തിയത് വെട്ടിപ്പുറമല്ലാതെ മറ്റാര്?

    ReplyDelete
  3. great writing............. straight into de readers heart!!!!!!

    ReplyDelete
  4. ithu pole oru padu souhrudhangal oru padu hrudhayangalil kaalathinte chaaram moodi anayattha kanalu pole kidakkunnundu oro athmartha hrudhayangalum ithu polathe oru padu souhrudhangalude pyramidukal aanu ithaanu yadhartha souhrudhathinte prathyekatha jeevithathinte nalla kaalathu vasantholsavangalkidayil kurachu kaalathekku niram mangiya pole thonnumenkilum pinneedu poorvathikam shakthiyayi kooduthal nirappakittode iva thirichu varum ,aadhyam ormayayum pinne yadhaarthyamayum, theerchayayum.jeevithathil orikkalum thallipparayatha ore bandham souhrudham mathram. long live true friendship

    ReplyDelete
  5. സൌഹൃദത്തിനു ഒട്ടും മങ്ങലേല്‍ക്കാതെ "എഡി" യെ വേഗം കണ്ടെത്താന്‍ ആകട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  6. എഡി യെ വേഗം കണ്ടുമുട്ടാന്‍ കഴിയട്ടെ ...

    ReplyDelete
  7. ചെന്നയ്‌ പ്രസ്സ്ക്ലെബിൽ അന്വേഷിച്ചാൽ ചിലപ്പോൾ വിവരം കിട്ടിയേക്കും. സുഹൃത്തുകളെ പുതുതായി കണ്ടെത്താൻ ആയില്ല എങ്കിലും ഉള്ളത്‌ നഷ്ടപ്പെടാതെ നോക്കുന്നതാണ്‌ വലിയകാര്യം...

    ReplyDelete
  8. എത്രയും വേഗം അയാളെ കണ്ടെത്താന്‍ കഴിയട്ടെ എന്ന് ആശിക്കുന്നു....

    ReplyDelete
  9. Raj himself is not sure whether editor is there in chennai. Hope u guys meet soon.

    best of luck!

    ReplyDelete
  10. സൌഹൃദത്തിന്റെ ഓര്‍മ്മക്കുറിപ്പായ ഈ പോസ്റ്റ് വളരെ ഇഷ്ടമായി, രാജ്. വെട്ടിപ്പുറം മുരളിയെ ഭംഗിയായി പരിചയപ്പെടുത്തിയതിനു നന്ദി.

    വെട്ടിപ്പുറം ഈ പോസ്റ്റ് കാണാനിട വരട്ടെ എന്നും നിങ്ങളുടെ സൌഹൃദം വീണ്ടും തളിര്‍ക്കട്ടെ എന്നും ആത്മാര്‍ത്ഥമായി ആശംസിയ്ക്കുന്നു.
    :)

    ReplyDelete
  11. രാജ് ഭായി..

    തീര്‍ച്ചയായും ആ എഡിയെ കണ്ടെത്തും, അതും ഈ പോസ്റ്റിനാല്‍..!

    രാജിന്റെ എഴുത്തിനും ഒരു സുഖമുണ്ട്

    ReplyDelete
  12. Hey, when u find him introduce in the post. You will certainly find him and we want this kind of people, to make our world more livable.

    ReplyDelete
  13. Dr Dhanalakshmi, അഭിനന്ദനത്തിനു നന്ദി! :)
    ashok kumar kakkassery, ഈ നീണ്ട കമന്റിനു നന്ദി! :)
    smitha adharsh, എഡിയെ കണ്ടുമുട്ടും, മുട്ടിയിരിക്കും! അന്വേഷണം നടക്കുന്നു. കമന്റിനു നന്ദി,. :)
    നവരുചിയന്‍, ആശംസയ്ക്കും കമന്റിനും നന്ദി :)
    PIN, അപ്പറഞ്ഞതു ശെരി. അന്വേഷണം നടക്കുന്നു. :)
    ശിവ, ആശംസയ്ക്കു നന്ദി. :)
    നീതു, അതു ശരിയാണ്. മൂപ്പരിപ്പൊ ചെന്നെയില്‍ തന്നെയാണോ എന്നുപോലും എനിക്കറിഞ്ഞു കൂടാ. :)
    ശ്രീയേട്ടാ, ആശംസയ്ക്കും കമന്റിനും ഒത്തിരി നന്ദി. :)
    കുഞ്ഞന്‍, താങ്ക്സ് ട്ടോ....!! :)
    സാബു, പരിചയപ്പെടുത്തുന്നതു പിന്നെ പറയാനുണ്ടോ? പുള്ളിയെ ഒന്നു കണ്ടു കിട്ടിയാ മതി. :)

    ReplyDelete
  14. വായിച്ചു തീര്‍ന്നപ്പോള്‍ വെട്ടിപ്പുറം
    എത്രയോ നാള്‍ കൂടെയുണ്ടായിരുന്നു എന്ന് തോന്നി അത്രയ്ക്ക് വാചാലമായ രചന ..നല്ല ഒഴുക്ക്
    സത്യത്തില്‍ ഈ പോസ്റ്റ് തീരുമ്പോള്‍ രാജിനേക്കാള്‍‌ വെട്ടിപ്പുറം ചിരപരിചിതനായപോലെ “ആ മനുഷ്യന്റെ” ചിട്ടകളും മാനേഴ്‌സും മാനറിസം വരെ നിറകൂട്ടില്‍ വരച്ചു ചേര്‍‌ത്തു വെട്ടിപുറത്തിനു ഇനി ഒളിച്ചിരിക്കാനാവില്ലാ .. വീണ്ടും കണ്ടു മുട്ടാന്‍ ഇടവരട്ടെ, വരും വരാതെ എവിടെ പോകാന്‍ ?
    എം. എസ്. രാജ്‌ , അഭിനന്ദനം നല്ല പോസ്റ്റ്!
    നന്മകള്‍ നേര്‍‌ന്നു കൊണ്ട് മാണിക്യം...

    ReplyDelete
  15. മാണിക്യം,
    ഇന്നും വെട്ടിപ്പുറം പിടി തരാതെ തന്നെ നില്‍ക്കുന്നു. അഭിനന്ദനങ്ങള്‍ക്ക്‌/കമന്റിന്‌ ഹൃദയം നിറഞ്ഞ നന്ദി. :)

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'