Friday, May 30, 2008

ഡേവ്‌ ഐബിയെമ്മില്‍

ബഹുരാഷ്ട്ര കമ്പനിയായ ഐ.ബി.എം നമ്മുടെ കൊച്ചീല്‍ ഒരു ഉദ്യോഗമേള നടത്തുന്നു. ഡിഗ്രി തൊട്ട്‌ എന്തു യോഗ്യതയും അവരു പരിഗണിക്കുമത്രേ. പൂര്‍വ്വപരിചയത്തെപ്പറ്റി വെല്യ ഡിമാന്‍റൊന്നുമില്ല. അങ്ങനെ ആ പരസ്യം ഇ-മെയില്‍ ആയി ഡേവിനും കിട്ടി. സംഗതി കൊള്ളാമല്ലോ. ഒരു കൈ നോക്കിയാലോ?

ഡേവിന്‍റെ അളിയനാണെങ്കില്‍ എറണാകുളത്താണു താമസം. തലേദിവസം ഓഫീസില്‍നിന്നു നേരേ അങ്ങോട്ടുപോയി അവിടെ തങ്ങി രാവിലെ ഇന്‍റര്‍വ്യൂ കൂടി ശനിയാഴ്ച വൈകുന്നേരം തിരുവല്ലായിലെ വീട്ടിലേക്ക്‌ പോകാം. എന്തുകൊണ്ടും അനുകൂല സാഹചര്യം. നല്ല അക്കാദമിക്‌ മികവ്‌, മികച്ച സംസാരപാടവം(ആശയവിനിമയശേഷി അല്ല), പിന്നെ പഠനം കഴിഞ്ഞു തൊഴിലില്ലാതെ നടന്ന കാലത്ത്‌ എങ്ങനെയോ ഒപ്പിച്ചെടുത്ത അല്‍പ്പം ജാവ പരിചയം. പോരാത്തതിന്‌ ഒന്നാംതരമൊരു കമ്പനിയിലെ എക്സ്പീരിയന്‍സുമുള്ളതിനാല്‍ ജോലി കിട്ടാന്‍ സാദ്ധ്യതയേറെ. ശമ്പളത്തിന്‍റെ കാര്യമൊക്കെ ആളും തരോമൊക്കെ നോക്കി കണക്കാക്കുമെന്നാണു പറഞ്ഞിരിക്കുന്നത്‌. എന്തായാലും ഇന്നുള്ളതിന്‍റെ എത്രയോ കൂടുതല്‍ കിട്ടുമായിരിക്കും? വിദേശകമ്പനിയല്ലേ? സ്വന്തം ജീവിതത്തില്‍ പാസ്പോര്‍ട്ടിന്‌ ഇന്നുവരെ യാതൊരുപയോഗവും വന്നിട്ടില്ല. ആ വിലപ്പെട്ട പുസ്തകത്തിന്‌ ഒരു പണികിട്ടിയാല്‍, ഐ മീന്‍, ഒരു ആണ്‍സൈറ്റ്‌ അസ്സ്സൈന്‍മെന്‍റ്‌! തള്ളേ വിദേശയാത്ര- ചിന്തകള്‍ ലുഫ്താന്‍സയിലും പസഫിക്‌ എയര്‍വേയ്സിലുമൊക്കെ പാറിപ്പറന്നു നടന്നു. പെണ്ണും പിടക്കോഴിയും കാറും വില്ലായുമൊക്കെയായി അങ്ങു ഫോറിനില്‍ സെറ്റില്‍ ചെയ്യുന്നതു വരെ ഡേവന്‍ സ്വപ്നം കണ്ടു. ഐ.ബി.എം അളിയാ ഐ.ബി.എം! ഓര്‍ത്തിട്ടു തന്നെ ത്രില്ലടിക്കുമ്പോള്‍ ഒരു കൈ നോക്കാതിരിക്കുന്നതെങ്ങനെ?

അങ്ങനെ എറണാകുളം പദ്ധതി ഉറപ്പിച്ചു.

*** *** *** *** *** ***

ആ ദിവസം സമാഗതമായി. ഡേവ്‌ ഐബീയെമ്മില്‍ ജോയിന്‍ ചെയ്യുന്നു!

ബാംഗ്ലൂരില്‍ ജോയിന്‍ ചെയ്യാനെത്തി. നെഞ്ചൊക്കെ വിരിച്ച്‌ എന്നാല്‍ ഒരു തുടക്കക്കാരന്‍റെ അങ്കലാപ്പോടെ മൂപ്പര്‍ ആ വിശാലമായ ഇടനാഴിയിലൂടെ തനിക്കു ചെന്നെത്തേണ്ട ആഡിറ്റോറിയം നോക്കി നടപ്പാണ്‌. തന്നെപ്പോലെ തന്നെ അന്നേദിവസം ജോലിക്കു ചേരേണ്ട കുറെപ്പേര്‍ അവിടെയും ഇവിടെയുമൊക്കെയായി നടപ്പുണ്ട്‌. കെട്ടും മട്ടുമൊക്കെ കണ്ടിട്ട്‌ അക്കൂട്ടത്തില്‍ മൂന്നാലു മലയാളിപ്പെണ്‍കൊടികളും ഉണ്ടെന്നു തോന്നുന്നു.

ഉം.. കൊള്ളാം. എല്ലാവരെയും ഒന്നു സ്കാന്‍ ചെയ്ത്‌ ഡേറ്റ സേവ്‌ ചെയ്തു വെച്ചു.

അങ്ങനെയങ്ങു നടക്കുമ്പോഴാണ്‌ ഒരു തോന്നല്‍. പുറകീന്നാരോ വിളിക്കുന്നുണ്ടോ? ഹേയ്‌, ഇവിടെ എന്നെ അറിയുന്ന ആരും തന്നെ ഇല്ലല്ലോ?

പക്ഷേ ശരിയാണ്‌. ആരോ വിളിക്കുന്നുണ്ട്‌. അതും തൊട്ടു പുറകില്‍ നിന്ന്‌ പേരെടുത്തൊരു വിളി! ഒപ്പം തോളത്തൊരു കയ്യും!

ഞെട്ടിത്തിരിഞ്ഞു നോക്കി. ആകെ ഒരങ്കലാപ്പ്‌. ആരാ എന്താ എന്നൊരു പിടിയുമില്ല. തലയൊന്നൂടെ കുടഞ്ഞു നോക്കിയപ്പോള്‍ ദേ സുത്തിയുടെ മുഖം മുന്നില്‍.

"ഡാ, എണീക്കെഡാ, നേരം എട്ടേകാലായി. നിനക്കിന്ന് ഓഫീസിലൊന്നും പോകണ്ടേ?"

അബദ്ധം മനസ്സിലായ ഡേവ്‌ ഉള്ളിലുണ്ടായ നിരാശ മറച്ചു വെയ്ക്കാതെ സുത്തിയോടു ചോദിച്ചു-

"നീയെന്നാത്തിനാ ഇപ്പഴേ വിളിച്ചെ? ഒന്നുവല്ലേലും ഞാന്‍ ഒന്നു ജോയിന്‍ ചെയ്തിട്ടു വിളിച്ചാ പോരാരുന്നോ?"

Saturday, May 24, 2008

നാമവിശേഷം - ഭാഗം 3

നാട്ടിലെ വിപ്ലവാത്മക ഇരട്ടപ്പേരുകാരില്‍ നല്ലൊരു ഭാഗം സീനിയര്‍ സിറ്റിസണ്‍സ്‌ ആണ്‌. ആനയമ്മാവന്‍ എന്ന കാര്‍ന്നോരെ എല്ലാവര്‍ക്കുമറിയാം. അവരിലൊരു പത്തു ശതമാനത്തിനു പോലും അദ്ദേഹത്തിന്‍റെ യഥാര്‍ഥ പേരറിഞ്ഞുകൂടാ. കാലില്‍ ആണിരോഗത്തിന്‍റെ സ്പെല്ലിങ്ങ്‌ മിസ്റ്റേക്കുമായി മന്ദം മന്ദം നടന്നു നീങ്ങുന്ന അദ്ദേഹം പണ്ട്‌ ആനക്കാരനായിരുന്നതിനാലാണ്‌ ആ പേരു വന്നതത്രേ. വഴിയില്‍വച്ചു കാണുമ്പോഴെല്ലാം പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന അദ്ദേഹത്തെ അമ്മാവാ എന്നല്ലാതെ ആനയമ്മാവാ എന്നാരെങ്കിലും വിളിക്കുന്നതു കേട്ടിട്ടില്ല. ഈ സ്നേഹക്കൂടുതല്‍ കൊണ്ടാവണം ആ അമ്മാവന്‍റെ സ്നേഹമയിയായ ഭാര്യയെ അമ്മായി എന്നും വിളിച്ചുപോരുന്നു. അതെ, ഒരു ഗ്രാമത്തിന്‍റെ മൊത്തം അമ്മാവനും അമ്മായിയും!

"ഒരു കുഞ്ഞേട്ടനെ അറിയുമോ?"

"യേതു കുഞ്ഞേട്ടനെയാ നിങ്ങളുദ്ദേശിക്കുന്നെ?" ഒത്തിരി കുഞ്ഞേട്ടന്മാരുള്ള നാട്ടില്‍ ഈ കണ്‍ഫ്യൂഷന്‍ സ്വാഭാവികം. എന്നാല്‍ കാളക്കുഞ്ഞേട്ടന്‍ എന്നൊന്നെടുത്തു ചോദിച്ചുനോക്കൂ.

"എന്നാപ്പിന്നെ ഇതാദ്യമങ്ങു പറഞ്ഞാപ്പോരായിരുന്നോടാ ഉവ്വേ?" എന്നൊരു ലാഘവത്വം തിരിച്ചുകിട്ടും. ഞാന്‍ കേട്ടിട്ടുള്ളതില്‍ വച്ചേറ്റവും പഴക്കമുള്ള വട്ടപ്പേരിതാണ്‌. ഈ പേരിനുപിന്നിലെ ചരിത്രമന്വേഷിച്ച എനിക്കു കിട്ടിയത്‌ ഒരു ഇലക്ഷന്‍ കഥയാണ്‌. വളരെ പണ്ട്‌ കാള ചിഹ്നത്തില്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഒരു സ്ഥാനാര്‍ത്ഥിക്കുവേണ്ടി ഇദ്ദേഹം കാളയായി വേഷംകെട്ടി നിരത്തിലൂടെ നടന്നിട്ടുണ്ടത്രേ. കുറച്ചുകാലം പട്ടാളത്തിലൊക്കെയുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ ഈ പൂര്‍വ്വചരിത്രം ശരിയാണോയെന്ന് വെല്യ നിശ്ചയം പോരാ. എന്തായാലും ഇഷ്ടസ്ഥാനാര്‍ത്ഥിയുടെ ചിഹ്നം അദ്ദേഹത്തിന്‍റെ പേരിനൊപ്പം കയറിക്കൂടി.

പതിഞ്ഞുപോകുന്ന ചിലപേരുകള്‍ ഉടമസ്ഥരുടെ സമീപസ്ഥരിലും ചെന്നു താവളമുറപ്പിക്കുന്നതു സാധാരണ സംഭവമല്ല. വളരെ പൊക്കം കുറഞ്ഞ ഒരു വ്യക്തിയാണു ബാബുച്ചേട്ടന്‍. പക്ഷെ, ഇന്നുള്ള ആ പബ്ലിസിറ്റി ബാബുച്ചേട്ടനു നേടിക്കൊടുത്തത്‌ ആ പൊക്കമില്ലായ്മയാണ്‌ - പേരിനു മുന്നില്‍ ഉണ്ട എന്ന വിശേഷണം വന്നതിനു ശേഷം. കലണ്ടറുകള്‍ പലതു പഴകി. ബാബുച്ചേട്ടന്‍റെ പയ്യന്‍ അപ്പനെക്കാള്‍ ഉയരത്തില്‍ വളര്‍ന്നെങ്കിലും പാരമ്പര്യം കൈവിടാന്‍ നാട്ടുകാരനുവദിച്ചില്ല. അവനും കിട്ടി പേര്‌- ഉണ്ടക്കൊച്ച്‌.

ഒരു പത്തിരുപതു കൊല്ലം മുന്‍പ്‌, എന്‍റെ ഗ്രാമവും കാര്‍ഷികസമൃദ്ധിയുടെ പച്ചപ്പട്ടുടുത്തു കുളിര്‍ ചൂടി നിന്ന കാലത്ത്‌ പാക്ക്‌(അടയ്ക്ക) ഒരു പ്രധാന നാണ്യവിളയായിരുന്നു. ആകാശത്തോളം വളര്‍ന്നു നില്‍ക്കുന്ന കവുങ്ങുകളില്‍ കുതിച്ചുകയറി ഇടതിങ്ങിവിളഞ്ഞ മുഴുത്ത പാക്കിന്‍കുലകള്‍ നിലത്തേക്ക്‌ ആഞ്ഞു വീണിരുന്ന ഒരു കാലം. ഓരോ വീട്ടിലെയും തിണ്ണയിലും വലിയ മുറിയിലും(അന്നു 'ഹാള്‍' എന്നൊരു കണ്‍സെപ്റ്റ്‌ ഇല്ലല്ലോ) മുറ്റത്തുമൊക്കെയായി തൊപ്പിയടര്‍ത്തിയ ചമ്പന്‍പാക്ക്‌ (പച്ച അടയ്ക്ക) കൂട്ടിയിട്ടിരിക്കും. കുടുംബാംഗങ്ങളും ജോലിക്കാരുമെല്ലാം ചേര്‍ന്നിരുന്ന്‌ സൊറപറഞ്ഞ്‌ പിച്ചാത്തി കൊണ്ട്‌ തൊണ്ടുകളഞ്ഞ്‌ പാക്ക്‌ ഒരുക്കുന്ന കാഴ്ച സുലഭമായിരുന്നു. പാക്കുപറിക്കാന്‍ എളിയില്‍ തിരുകിയ പിച്ചാത്തിയുമായി കവുങ്ങുകളില്‍ നിന്നും കവുങ്ങുകളിലേക്ക്‌ അണ്ണാറക്കണ്ണന്മാരെപ്പോലെ ചാടിക്കയറുന്ന കൊടിവച്ച കവുങ്ങുകയറ്റക്കാരുണ്ടവിടെ. ഈ എസ്റ്റാബ്ലിഷ്‌ഡ്‌ കയറ്റക്കാരുടെയിടയിലേക്ക്‌ ഒരു നാള്‍ ഒരു പയ്യന്‍ വന്നു ചേര്‍ന്നു - അജയന്‍. പക്ഷേ, ഈ അജയനു കവുങ്ങുകയറാനുള്ള ഉശിരും ചുറുചുറുക്കും ആവോളമുണ്ടായിരുന്നിട്ടും വേണ്ടത്ര അവസരങ്ങളൊത്തില്ല. ഒടുക്കം കിട്ടിയതോ, ഈപ്പറഞ്ഞ വമ്പന്‍മാര്‍ ഉപേക്ഷിച്ചിട്ട കവുങ്ങുകള്‍ മാത്രം. പൃഷ്ഠഭാഗം ആസിഡുസഞ്ചിയുമായി നടക്കുന്ന നീറുകള്‍ വിഹരിക്കുന്ന റിസ്ക്കി കവുങ്ങുകള്‍. എന്നാല്‍ നീറുനല്‍കിയ നീറ്റല്‍ വകവെയ്ക്കാതെ അജയന്‍ കവുങ്ങുകള്‍ കയറിയിറങ്ങിയപ്പോള്‍ നീറുണ്ണി എന്നറിയപ്പെട്ടു. ദുസ്സാഹചര്യങ്ങളെ അവഗണിച്ച്‌ ഉയരങ്ങള്‍ തേടിയ അദ്ധ്വാനിയായ ഒരു ചെറുപ്പക്കാരനു ഗ്രാമം നല്‍കിയ ഫോര്‍മിക്കാസിഡിന്‍റെ മണമുള്ള ചെല്ലപ്പേര്‌.

കോതമംഗലത്തിനടുത്തുള്ള പിണ്ടിമന എന്ന സ്ഥലത്തെക്കുറിച്ചു ഞാനാദ്യം കേള്‍ക്കുന്നത്‌ എന്‍റെ സഹപാഠിയായിരുന്ന റിറ്റോയുടെ ഇരട്ടപ്പേരിന്‍റെ കഥയന്വേഷിച്ചപ്പോഴാണ്‌. അവന്‍റെ സ്വദേശം പിണ്ടിമന പഞ്ചായത്തിലെ മുത്തംകുഴി ആണത്രേ. തന്മൂലം പിണ്ടിമനയിലെ പിണ്ടി അവന്‍റെ പര്യായമായി. മുത്തംകുഴിയിലെ 'മുത്തത്തിന്‌' അപ്പോള്‍ ഒരു പ്രാധാന്യവുമില്ലേ എന്നു ചോദിക്കരുത്‌.

പിണ്ടിയോടൊപ്പം തന്നെ പരിഗണിക്കപ്പെടേണ്ടയാളാണു ജിനീഷ്‌. ഡിഗ്രി പഠനകാലത്ത്‌ ഒരു ഇരട്ടപ്പേരു വീഴുകയും വിധിവശാല്‍ ആ പേര്‌ സാര്‍ഥകമാവുകയും ചെയ്ത വേറൊരാളെ എനിക്കു കാട്ടാനാവില്ല. രാജകുമാരി എന്‍.എസ്‌.എസ്സിലെ പഠനകാലത്ത്‌ നാഷണല്‍ സര്‍വ്വീസ്‌ സ്കീമിലെ ഒന്നാംതരം ഒരു സന്നദ്ധസേവകനായിരുന്നു കക്ഷി. ആളു ചില്ലറക്കാരനൊന്നുമല്ല കേട്ടോ. സ്കൗട്ട്‌ പ്രസ്ഥാനത്തില്‍ അണിചേര്‍ന്ന്‌ പ്രധാനമന്ത്രിയുടെ കയ്യീന്നു മെഡലൊക്കെ കിട്ടിയിട്ടുള്ള ഒരു കുഞ്ഞു സാമൂഹ്യപ്രവര്‍ത്തകന്‍ ആണിദ്ദേഹം. നാടന്‍ പാട്ടുകളും ക്യാമ്പ്‌ ഫയറുമെല്ലാമായി അടിച്ചുപൊളിച്ച ഒരു എന്‍.എസ്‌.എസ്‌ ക്യാമ്പുകാലത്ത്‌ ജിനീഷിന്‍റെ ഊര്‍ജ്വസ്വലതയെ മാനിച്ച്‌ കൂട്ടുകാര്‍ 'മൂപ്പന്‍' എന്നു വിളിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പൂയംകുട്ടി വനാന്തരങ്ങളിലെ വിവിധ ആദിവാസിക്കുടികളില്‍ സൗരവിളക്കുകള്‍ നന്നാക്കുന്ന ജോലിയും അവിടുത്തെ ഏകാധ്യാപകവിദ്യാലയത്തിലെ അധ്യാപകവൃത്തിയും മെഡിക്കല്‍ ക്യാമ്പു നടത്തിപ്പുമൊക്കെയായി അവന്‍ നടന്നപ്പോള്‍ പണ്ടുവീണ ചെല്ലപ്പേര്‌ ഒരു പദവി പോലെ ജിനീഷിനു തോന്നിയിരിക്കണം. പിന്നീട്‌ എം.എസ്‌.സി പഠനത്തിനിടയിലും അട്ടയുടെ കടിയേറ്റ്‌ ആനച്ചൂരു മണക്കുന്ന വനത്തിലൂടെ തോളിലൊരു ബാഗും തൂക്കി നടന്നിട്ടുണ്ട്‌ അവന്‍. പുറംലോകവുമായി പരിമിതമായ ബന്ധം മാത്രം പുലര്‍ത്തുന്ന ഒരുവിഭാഗം ജനതയ്ക്ക്‌ അവന്‍ ആദരണീയനായിരുന്നു. മൂപ്പനെപ്പോലെ!

ഹെല്‍മെറ്റ്‌ നിര്‍ബ്ബന്ധമില്ലാതിരുന്ന കാലത്ത്‌ മൊട്ടിട്ടുവരുന്ന കഷണ്ടിയില്‍ ഒരു കുഞ്ഞുസൂര്യനെപ്പേറി ചെമന്ന എന്‍ഫീല്‍ഡ്‌ ബുള്ളറ്റില്‍ ഖഡ്‌ ഖഡ്‌ ശബ്ദം മുഴക്കിവന്ന റെജിസാറിനെ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥികള്‍ വിളിച്ച പേരാണ്‌ 'ജമ്പന്‍'. ക്ലാസ്സിന്‍റെ ഗൗരവം ഒന്നയഞ്ഞ ഒരു ദിവസം സാറുതന്നെ പറഞ്ഞു: "ഡാ, നീയൊക്കെ എന്നെ വിളിക്കുന്ന പേരെന്നതാന്നൊക്കെ എനിക്കറിയാം, ട്ടോ!" റെജിസാര്‍ പിന്നീടു ഹീറോ ഹോണ്ട പാഷന്‍റെ ലാളിത്യത്തിലേക്ക്‌ ഒതുങ്ങിയെങ്കിലും ഉരുവിട്ടു പഠിച്ച പേര്‌ ശിഷ്യര്‍ മറന്നില്ല. എന്നിരിക്കിലും, അന്നുമിന്നും സാറിനു പിള്ളേരോടുള്ള സ്നേഹവും അടുപ്പവും- നമിക്കണം.

ക്ലാസ്സില്‍ വരുന്നതിനോട്‌ തന്നെ താല്‍പര്യമില്ലാത്ത ഡിഗ്രിപ്പിള്ളേരുടെ ഇടവേളസമയം കൂടി നോട്ടുപറഞ്ഞുതരാന്‍ അദ്ധ്യാപിക തട്ടിയെടുത്താലോ? സഹിക്കാന്‍പറ്റുവോ? പ്രത്യേകിച്ചു ബി.സി.ഏയിലെ ലലനാമണികളുടെ സഞ്ചാരം ഞങ്ങളുടെ ക്ലാസ്‌മുറിക്കു മുന്നിലൂടെയാവുമ്പോള്‍. നോട്ടു തീര്‍ക്കാതെ വിടില്ല എന്നു ടീച്ചര്‍ പിടിച്ചപിടി വിടാതെ നിന്നപ്പോള്‍ കൊടുത്തൂ പേരൊരെണ്ണം - ഉടുമ്പ്‌.

ലാസ്റ്റ്‌, ബട്ട്‌ നോട്ട്‌ ലീസ്റ്റ്‌.

ടെറസ്സില്‍ ഒരു ദിവസം കാറ്റും കൊണ്ടിരിക്കുകയാണ്‌. അനിലിന്‌, ശ്ശെ, തക്കായിക്കൊരു പൂതി. എല്‍ബിയുടെ ചുള്ളന്‍ എന്ന പേരിനു ഗ്ലാമറു പോരാ. പുതിയൊരു പേരു വേണം. ഒന്നാലോചിക്കാന്‍ എന്നോടു പറഞ്ഞിട്ടു തക്കായി ചിന്തയിലാണ്ടു. അവന്‍ കിട്ടീ കിട്ടീയെന്ന്‌ ആര്‍ത്തു വിളിച്ചപ്പോള്‍ ആകാംക്ഷ അടക്കാനാവാതെ ഞാന്‍ സംഗതി അന്വേഷിച്ചു. ഉടന്‍ വന്നൂ മറുപടി-

"വേതാളം..!! എപ്പടി?"

"സൂപ്പര്‍..! അടിപൊളിപ്പേരു തന്നെ." ഞാന്‍ എല്‍ബിയുടെ നേരേ തിരിഞ്ഞു. ആഹ്ലാദാതിരേകത്തോടെ വിളിച്ചു: "എടാ ചുള്ളാ, നിന്‍റെ പേരു മാറ്റി..."

അനില്‍ ഇടയ്ക്കുകയറി- "അതേയ്‌, അവനിപ്പോ തല്‍ക്കാലം ഒരു പേരുണ്ട്‌. അതുകൊണ്ട്‌ വേതാളം എന്ന പേരു നിനക്കിരിക്കട്ടെ!"

പഴയ ആട്ടോഗ്രാഫിന്‍റെ താളു മറിക്കുമ്പോള്‍ ഇന്നും കാണാം- "Dear Vethalam..."

എന്തോ ഒരിത്‌...!

Saturday, May 17, 2008

നാമവിശേഷം - ഭാഗം 2

ഇരട്ടപ്പേരുവിളിയുടെ വസന്തകാലം ഡിഗ്രി പഠനത്തിന്‍റെ സമയമായിരുന്നു. ഒരുമാതിരിപ്പെട്ട എല്ലാര്‍ക്കും തരക്കേടില്ലാത്ത ഒരു പേരു നല്‍കുക എന്നത്‌ ഏതു കോളേജിന്‍റെയും ഒരു രീതിയാണല്ലോ. അതില്‍ അദ്ധ്യാപകരെന്നോ വിദ്യാര്‍ത്ഥിയെന്നോ ആണെന്നോ പെണ്ണെന്നോ ഭേദമില്ല.

രാജകുമാരി എന്‍.എസ്സ്‌.എസ്സ്‌ കോളേജിലെ ബി.എസ്സ്‌.സി പഠനകാലത്ത്‌ ഞാന്‍ കാണിച്ച എറ്റവും വലിയ സാഹസങ്ങളില്‍ ഒന്നായിരുന്നു എന്‍റെ ക്ലാസ്സിലെ 52 പേരില്‍ ഭൂരിഭാഗം ആള്‍ക്കാരുടെയും ചെല്ലപ്പേരടങ്ങുന്ന ഒരു ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചത്‌. ഈ രക്തത്തില്‍ എന്നെക്കൂടാതെ എന്‍റെ സഹമുറിയന്മാരായിരുന്ന അനില്‍, എല്‍ബി, രാജേഷ്‌ എന്നിവര്‍ക്കും കാര്യമായ പങ്ക്‌ ഉണ്ടായിരുന്നു. അതിലെ മിക്കവാറും പേരുകള്‍ക്കും പിന്നില്‍ ഒരു ന്യായമോ സംഭവമോ ഉണ്ടാവുകയും ചെയ്യും.

എന്നു വെച്ചാല്‍ ആദ്യമായി തക്കായി, ശ്ശേ, അനിലിന്‍റെ കാര്യം തന്നെയെടുക്കാം. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ ഇലക്ട്രോണിക്സ്‌ പഠിക്കുന്ന കാലത്തു തന്നെ അത്യാവശ്യം എലക്ട്രോണിക്സ്‌ സര്‍വ്വീസിങ്ങ്‌ ഭ്രമം ഉണ്ടായിരുന്ന ആളാണു ടിയാന്‍. അക്കാലത്ത്‌ ഒരു ഡയോഡോ റെസിസ്റ്ററോ വാങ്ങാന്‍ വേണ്ടി മാത്രം നെടുംകണ്ടത്തു നിന്നും തമിഴ്‌നാട്ടിലെ കമ്പത്തേക്കു അനവധി യാത്രകള്‍ അവന്‍ നടത്തിയിട്ടുണ്ട്‌. വൂഫറുകളും ആമ്പ്ലിഫയറുകളും ടേപ്പ്‌ റെക്കോര്‍ഡര്‍ മെക്കാനിസവുമെല്ലാം ധന്യമാകിയ ആ കാലം മേല്‍പ്പറഞ്ഞ ഉല്‍പ്പന്നങ്ങളിലെ ഒരു ബ്രാന്‍ഡ്‌ നെയിം തന്നെ അനിലിനും ചാര്‍ത്തി- തക്കായി. ഒന്നുകൂടി പൊലിപ്പിച്ചു പറഞ്ഞാല്‍ ലോക്കല്‍ തക്കായി.

കരുമാടിക്കുട്ടന്‍ റിലീസായകാലത്ത്‌, കൈകൊട്ടു പെണ്ണേ, കൈ കൊട്ടുപെണ്ണേ എന്നു കേരളമൊന്നടങ്കം പാടി നടന്ന കാലത്ത്‌ ഇനി ഉടനെയൊന്നും ബാര്‍ബര്‍ ഷോപ്പിലേക്കില്ല എന്നുമ്പറഞ്ഞാണ്‌ രാജേഷ്‌ മുടി പറ്റെ വെട്ടിയത്‌. ആരോ ഒരു രസത്തിനു കരുമാടീന്നു വിളിച്ചു. പിന്നെ കോളേജു മുഴുവന്‍ അതേറ്റുവിളിച്ചു. എല്‍ബി സ്നേഹംകൂട്ടി 'കരു' എന്നു ചുരുക്കിവിളിച്ചു. കോതമംഗലത്തെ പോത്താനിക്കാട്ടു നിന്നും ഹൈറേഞ്ചിലേക്ക്‌ വണ്ടി കയറിയ എല്‍ബിച്ചായന്‍ വന്ന വരവിനുതന്നെ തന്‍റെ 'ചുള്ളന്‍' എന്ന പേര്‌ കൊണ്ടുപോന്നു - 'ഇവന്‍ ചുള്ളനാണു കേട്ടോ' എന്നു പറയുന്ന മാതിരി അത്ര ചുള്ളനൊന്നുമല്ലായിരുന്നെങ്കിലും ആ വാക്കു കേട്ടാല്‍ എല്‍ബിയുടെ അലറിച്ചിരിയാണിന്നും ഓര്‍മ്മയില്‍.

ഈ എല്‍ബിയുടെ സന്തതസഹചാരിയും ലോക്കല്‍ ഗാര്‍ഡിയനുമൊക്കെയായിരുന്നു ഡിനു ആദായി. ആദായി എന്ന അവന്‍റെ അപ്പന്‍റെ പേരിനെ വികൃതമാക്കി ഡിനുവിനു തന്നെ നല്‍കിയതു മറ്റാരുമല്ല, എല്‍ബി തന്നെ. "ഡിനു അതായി, ഇതായി, ആടായി, കോഴിയായി, പാമ്പായി അവസാനം വടിയായി" എന്നു പറഞ്ഞുവരുമ്പോഴേക്കും എല്‍ബിയുടെ പത്തു പൂര്‍വ്വികര്‍ തെറികേട്ടിരിക്കും.

അതുപോലെ, അന്നൊരു നാളില്‍ പനിപിടിച്ചു ക്ലാസ്സിലൊന്നും പോകാതെ റൂമില്‍ ചടഞ്ഞുകൂടിയ സിജോയ്കിട്ട്‌ കൊടുത്ത പണി എന്നതാന്നോ? സിജോയുടെ 'വളരെ അടുത്ത' കൂട്ടുകാരിയുടെ വീട്ടിലേക്കു വിളിച്ചിട്ടു പറഞ്ഞു- 'അതേയ്‌, ഇന്നു രാവിലെ സിജോയുടെ കാലു ക്ലോസെറ്റില്‍ പോയി, ഉളുക്കി. നടക്കാന്‍ വയ്യാഞ്ഞതു കൊണ്ടാ ക്ലാസില്‍ വരാഞ്ഞത്‌. പനിയാണെന്നു വെറുതേ പറഞ്ഞതാ. നടക്കാന്‍ മേലാത്തതുകൊണ്ട്‌ നിന്നോടു മാത്രം വിവരം പറയാന്‍ പറഞ്ഞു ഞങ്ങളെ ഏര്‍പ്പാടാക്കി വിട്ടതാ.' സംഗതി ഏറ്റു. പിറ്റേ ദിവസം ആ പെണ്‍കുട്ടി വരുന്ന ബസില്‍ വന്ന എല്ലാ വിദ്യാര്‍ഥിനികളും സിജോയുടെ ഉളുക്കിയ കാലു കാണാന്‍ ഉദ്വേഗത്തോടെ വരുന്നത്‌ ക്രൂരമായ ഒരാനന്ദത്തോടെ ഞങ്ങള്‍ നോക്കിനിന്നു. ഈ സംഭവത്തോടെ 'ക്ലോസറ്റ്‌ ഉണ്ണി' (ചുരുക്കി സി.റ്റി. ഉണ്ണി) എന്നൊരു പേരു വീണു ആശാന്‌.

ഗഞ്ചന്‍ എന്ന ദിലീപ്‌ തന്‍റെ ഇരട്ടപ്പേരു കേള്‍ക്കുമ്പോള്‍ എന്നും ഒരു നിര്‍വ്വികാരതയോടെ മാത്രമേ നിന്നിട്ടുള്ളൂ. അബീഷിനെ വീട്ടുകാര്‍ നല്ലോരുപേരും നല്‍കി കോളേജിലേക്കയച്ചെങ്കിലും സഹപാഠികള്‍ക്ക്‌ അവനെ 'കപീഷ്‌' എന്നു വിളിക്കാനായിരുന്നു താല്‍പര്യം. എന്‍റെ ബി.എസ്സ്‌.സി ക്ലാസ്സിന്‍റെ മുന്‍നിരയില്‍ മൂന്നു വര്‍ഷവും സൂക്ഷ്മശ്രദ്ധയോടെ ഇമചിമ്മാതെ ലെക്‍ചറുകള്‍ കേട്ടിരുന്ന ആമിനയെ 'റഡാര്‍' എന്നാദ്യം വിശേഷിപ്പിച്ചതു തക്കായിയാണ്‌. എറ്റവും പൊക്കമുണ്ടായിരുന്ന, ഇല്ലിക്കമ്പുപോലെ മെലിഞ്ഞ, ഞങ്ങള്‍ ആണുങ്ങള്‍ കാട്ടുന്ന ഏതലമ്പിനും ഒരധികാരഭാവത്തോടെ ശകാരിക്കുന്ന ശ്രീകലയെ ബഹുമാനിക്കാന്‍ 'ചേച്ചി' എന്നൊരു സ്ഥാനപ്പേരല്ലാതെ മറ്റു മാര്‍ഗ്ഗമില്ലായിരുന്നു.

കോളേജിലെ എന്‍.എസ്സ്‌.എസ്സിന്‍റെ ഒരു മുഖ്യ സംഘാടകനായിരുന്ന ഷിനുമോനെ ഞാന്‍ ഓര്‍ക്കുന്നു. നാടന്‍ പാട്ടുകളും കുറിക്കുകൊള്ളുന്ന തമാശകളുമൊക്കെയായി ഒരു സദസ്സിനെ കയ്യിലെടുക്കാന്‍ അവനൊരാള്‍ മതിയാകും. ശരീരത്തിന്‍റെ വലിപ്പം പരിഗണിച്ച്‌ 'ചിന്നന്‍' എന്ന പേരാണ്‌ അവനു നല്‍കപ്പെട്ടത്‌. പക്ഷേ, ബാലരമയില്‍ കാണാറുണ്ടായിരുന്ന കൗശലക്കാരനായ ചിന്നന്‍ ചുണ്ടെലിയുടെ സ്വഭാവമാവില്ലേ അവനെ ആ പേരിനുടമയാക്കിയത്‌?

നോട്ടുകള്‍ എഴുതി സൂക്ഷിക്കുന്ന ഫയലില്‍ ഇ.എം.എസ്സിന്‍റെയും എ.കെ.ജിയുടെയും മാര്‍ക്സിന്‍റെയും ചെ ഗുവേരയുടെയും ചിത്രങ്ങള്‍ സൂക്ഷിച്ചിരുന്ന മനോജ്‌ ഒരു തീവ്രകമ്മ്യൂണിസ്റ്റ്‌ തന്നെയായിരുന്നു. അവനെ മനോജെന്നു വിളിക്കരുത്‌, 'ചെഗു' എന്നു വിളിക്കുക.

ആ ക്ലാസ്സിലുണ്ടായിരുന്നതില്‍ എറ്റവും വെറൈറ്റി പേര്‌ ആയിരുന്നു അര്‍ജുന്‍റേത്‌ - അര്‍ജുന്‍ തോ കോള്‍ബേ(തോ എന്നാല്‍ തോമസ്‌). അതിലെ തോയും കോയും ചേത്തു 'തോക്കോ' എന്നൊരു പേരു നല്‍കിയാല്‍ എങ്ങനെയിരിക്കും? പക്ഷെ തിരിച്ചറിയപ്പെടാന്‍ കോള്‍ബേ എന്നൊരു സര്‍നെയിമിനു പുറമേ ഒരു ഇരട്ടപ്പേരിന്‍റെ ആവശ്യമില്ലായിരുന്നു അവന്‌.

കോതമംഗലം, അടിമാലി, രാജകുമാരി തുടങ്ങിയ പ്രദേശങ്ങളില്‍ വളരെയധികം പേര്‍ക്കുള്ള ഒരു പേരാണ്‌ എല്‍ദോസ്‌. കോളേജിലും അനവധി എല്‍ദോസുമാര്‍ ഉണ്ടായിരുന്നു. ക്ലാസ്സിനകത്തും തമസസ്ഥലത്തും പോളിസികള്‍ വിറ്റ എല്‍ദോസ്‌ സുപരിചിതനായതു എല്‍.ഐ.സി എന്ന ഇനിഷ്യല്‍ കിട്ടിയതിനു ശേഷമാണ്‌. പിന്നെയുള്ള എല്‍ദോസുമാര്‍ വീട്ടുപേര്‍ ചേര്‍ത്തൊക്കെ വിളിക്കപ്പെട്ടുപോന്നു.

ഹൈറേഞ്ചില്‍ പൊതുവേ കാണുന്ന ഒരു പ്രവണതയാണ്‌ ഒരാളെ കുടുംബപ്പേരു ചേര്‍ത്ത്‌ പരാമര്‍ശിക്കുക എന്നത്‌. പത്താം ക്ലാസ്സിലെ ഡിവിഷന്‍ തിരിച്ചപ്പോള്‍ ആകെമൊത്തം രണ്ട്‌ അനീഷ്‌ ജോസഫുമാരുണ്ടായിരുന്നതില്‍ ഒരാള്‍ പത്ത്‌ എ യിലേക്കും മറ്റൊരാള്‍ പത്ത്‌ ഡി യിലേക്കും പോകേണ്ടിവന്നപ്പോള്‍ ആകെ ഒരു കണ്‍ഫ്യൂഷന്‍. അവസാനം അഡ്മിഷന്‍ നമ്പര്‍ വെച്ചാണ്‌ ആര്‌ എങ്ങോട്ടു പോകണമെന്ന കാര്യത്തിലെ അങ്കലാപ്പു തീര്‍ത്തത്‌. ഈ കുഴപ്പം പിന്നീടുണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ കണ്ടു പിടിച്ച വഴി മേലില്‍ പുന്നമറ്റത്തില്‍ ജോസഫ്‌ മകന്‍ അനീഷിനെ 'പുന്ന' എന്നും തോണക്കര ജോസഫ്‌ മകന്‍ അനീഷിനെ 'തോണക്കര' എന്നും വിളിക്കുകയെന്നതായിരുന്നു. ഇന്നും ആ വിളിക്കു മാറ്റമില്ല.

കൂട്ടുകാരെയൊക്കെ വിളിക്കുന്ന ഇരട്ടപ്പേരുകള്‍ സഹിക്കാം മാഷേ, അതു നമുക്കിടയില്‍ തന്നെ നില്‍ക്കും. എന്നാലൊണ്ടല്ലോ, സാറന്മാര്‍ക്കു വീഴുന്ന ഇരട്ടപ്പേര്‌.. ഏഹേ! ഇനി അവരു സ്ഥലം മാറി വേറേ സ്കൂളിലോ കോളേജിലോ പോയാലും അവരോടൊപ്പം ആ പേരിനും ട്രാന്‍സ്ഫര്‍ കൊടുക്കുന്നതാണു ചരിത്രം. ഇരട്ടയാര്‍ സ്കൂളില്‍ പഠിച്ചിട്ടുള്ള ആരും 'ഡാകിനി' എന്നു പേരുള്ള ഒരു അദ്ധ്യാപികയെ അറിയാതിരിക്കാന്‍ വഴിയില്ല. അത്രയ്ക്കു നൊട്ടോറിയസ്‌ ആയിരുന്നു ഈ പേരും അവരോട്‌ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരുന്ന മനോഭാവവും. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത്‌, ഞാന്‍ ക്ലാസ്‌ ലീഡറായിരിക്കേ സ്റ്റാഫ്‌ റൂമില്‍ നിന്നും മാപ്‌ എടുത്തോണ്ട്വരാന്‍ ഞാന്‍ നിയുക്തനായി. എവിടെയാ മാപ്‌ വച്ചിരിക്കുന്നത്‌ എന്ന എന്‍റെ ചോദ്യത്തിനു കിട്ടിയ മറുപടി "____ റ്റീച്ചറിനോടു ചോദിച്ചാല്‍ മതി" എന്നായിരുന്നു.

'അതിപ്പോ ആരാ ആ റ്റീച്ചര്‍?' എന്നു ഞാന്‍ കണ്‍ഫ്യൂഷന്‍ അടിച്ചു നില്‍ക്കുമ്പോള്‍ ഒരു സഹപാഠി പറഞ്ഞു -

"എടാ, ഡാകിനി റ്റീച്ചര്‍!".

'ഓഹ്ഹ്‌.. ഡാകിനിയായിരുന്നോ?!!'. എന്നാപ്പിന്നെ ഡാകിനി എന്നങ്ങു പറഞ്ഞാപ്പോരായിരുന്നോ എന്നു ഞാന്‍ വിചാരിച്ചു. ഇതായിരുന്നു അവസ്ഥ.

Sunday, May 11, 2008

നാമവിശേഷം - ഭാഗം 1

"ഡാ.. ഡേവച്ചായന്‍ പിന്നേം തൊടങ്ങീട്ടോ..." ഉച്ചകഴിഞ്ഞു മൂന്നേകാലിനു ശേഷം എന്‍റെ പതിവുള്ള കോട്ടുവായുത്സവത്തിനിടയില്‍ സുത്തീടെ വിളി.

"എന്നതാടാ? പൊടിയാടീല്‍ അവനു വേണ്ടീട്ടു മാത്രം എല്‍. ഐ.സിയുടെ പുതിയ ബ്രാഞ്ചു തുടങ്ങിയോ? അതോ ഇത്തവണയെങ്കിലും വായില്‍നോക്കി നടന്നു വല്ല പെണ്‍പിള്ളേരുടെയും കയ്യീന്നു തല്ലു വാങ്ങിയോ?"

കുറേക്കൂടി സംശയങ്ങളും ആശങ്കകളും മനസ്സില്‍ ഓടിയെത്തിയതാണ്‌. അതും പറഞ്ഞോണ്ടിരുന്നാല്‍ സുത്തി പറയാന്‍ വന്നതിന്‍റെ രസം പോകും.

"ബ്ലണ്ടറുകള്‍ വിളമ്പുവാനായി ഡേവച്ചായന്റെ ജന്മം ഇനിയും ബാക്കി..." സുത്തി വീണ്ടും പഴയ എല്‍.പി. സ്കൂള്‍ മോണോ ആക്റ്റ്‌ കാലഘട്ടത്തിലേക്കു തിരിച്ചു പോകുമോ എന്നു ഞാന്‍ ഒരുവേള ചിന്തിച്ചു പോയി. "എന്നതാന്നോ? എടാ ഇവിടെയെ പ്രതീക്‌ എന്നു പേരുള്ള ഒരു പാര്‍ട്ടി ഉണ്ടേയ്‌. ഒരു ദിവസം പുള്ളി ഡേവനോട്‌ ചോദിച്ചു, പുള്ളീടെ പേരു ഡേവിനറിയാമോന്ന്‌. അപ്പോ ഡേവ്‌ പറഞ്ഞു 'ആഹ്‌, പിന്നേ, എനിക്കറിയാം.... പ്രാകൃത്‌ അല്ലേ?'

അങ്ങനെയൊരു മോഡിഫിക്കേഷന്‍ ഒരുകാലത്തും പ്രതീക്‌ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കക്ഷി ഒന്നു ഡിമ്മായെങ്കിലും ഡേവിനെ തിരുത്തി.

'ആ കോപ്പ്‌, 'ബാബൂ'ന്നു വിളിക്കും, വേണേ വിളി കേട്ടോണം' എന്നു പണ്ടാരാണ്ടു പറഞ്ഞ പോലെ കാര്യമൊക്കെ മനസ്സിലായെങ്കിലും ഡേവ്‌ പിന്നെ പ്രാകൃത്‌ എന്നു തന്നെയാണു വിളി. അതുപോലെ മറ്റൊരു പരിചയക്കാരന്‍ താഹയെ ഡേവ്‌ 'തായ' എന്നാണു വിളിക്കുന്നതു പോലും.

ഇത്തരത്തില്‍ ഡേവ്‌ പേരു നല്‍കിയ അനേകര്‍ എന്‍റെ ചുറ്റുമുണ്ട്‌. സുത്തിയുടെ സുത്യേവ്‌ എന്ന പേര്‌ ഡേവ്‌ ആദ്യകാലത്ത്‌ പറഞ്ഞിരുന്നത്‌ സുഖ്ദേവ്‌ എന്നായിരുന്നു. അതു പിന്നെ ഒരു സാമ്യം ഉണ്ടെന്നു വെയ്ക്കാം. കോഴിക്കോടുകാരന്‍ ബിനോജിന്‍റെ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന പേര്‌ ബിച്ചു എന്നാണെങ്കിലും പണ്ടു കളരി പഠിച്ചിരുന്നതിന്‍റെ ഓര്‍മ്മയ്ക്കായി 'ഗുരുക്കള്‍', 'മര്‍മ്മാണി' എന്നീ നാമധേയങ്ങളും ഡേവ്‌ അവര്‍കള്‍ ചാര്‍ത്തിക്കൊടുത്തതായിട്ട്‌ 'ഗുണ്ടുമോന്‍' എന്നൊരു വിസ്ഫോടനാത്മകനാമവും കൂടി ഉണ്ട്‌. മറ്റൊരു സഹപ്രവര്‍ത്തകനെ (അവന്‍റെ സ്വഭാവം കൊണ്ടാണെന്നു പറയപ്പെടുന്നു) പുളൂസ്‌ എന്നാണത്രേ വിളിക്കുക, അദ്ദേഹത്തിനത്‌ അത്ര ഇഷ്ടമല്ലെങ്കില്‍ക്കൂടിയും. ചിലപ്പോള്‍ അവിചാരിതമായിട്ടാണ്‌ പലര്‍ക്കും ഇരട്ടപ്പേരു വീഴുക. ഒരിക്കല്‍ ഒരു സഹവര്‍ക്കര്‍ നല്ല ടൈറ്റ്ഫിറ്റ്‌ ടീഷര്‍ട്ടും ജീന്‍സും ഇട്ട്‌ കറുത്തുകുറുകിയ ശരീരത്തിലെ മസ്സിലും പെരുപ്പിച്ച്‌ ഓഫീസിലോട്ടു കയറി വരുന്നതു കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞുപോയി - "ആസ്സനേയ്‌..." അതീപ്പിന്നെ ഡേവ്‌ ആ പാവത്തിനെ കൊച്ചിന്‍ ഹനീഫാന്നേ പറയൂ. ഡേവിന്‍റെ പേര്‌ എന്താണെന്നോ? അപ്പുക്കുട്ടന്‍! കാരണം അറിയണമെങ്കില്‍ 'ഇന്‍ ഹരിഹര്‍നഗര്‍' എന്ന സിനിമ കാണുക. ഏതാണ്ടാ ഒരു പ്രസരിപ്പും ഉത്സാഹവും മനോനിലവാരവുമൊക്കെയാണു കക്ഷിക്ക്‌!

ആരു ടോസ്സ്‌ നേടി എന്നു നേരിട്ടു ചോദിച്ച്‌ ഗൂഗിളിനെപ്പോലും വിറപ്പിച്ച താര അവള്‍ ഒരു തിര്‌വന്തോരംകാരിയാണെന്ന ഒറ്റക്കുറ്റത്തിന്‍റെ പേരില്‍ 'പയലേ' എന്നു വിളിക്കപ്പെട്ടു പോരുന്നു. പടര്‍ത്തിയിട്ട മുടിയുമായി സ്ഥിരം ഓഫീസില്‍ വരുന്ന മറ്റൊരു സ്ത്രീരത്നത്തെ വിശേഷിപ്പിക്കുന്നത്‌ വെളിച്ചപ്പാട്‌ ഉറഞ്ഞുതുള്ളുന്നതുപോലെ തലകുലുക്കിക്കൊണ്ട്‌ "ദേവീ..." എന്നാണ്‌. അങ്ങനെയാണു തന്‍റെ ഇരട്ടപേരെന്ന്‌ ഇന്നും ആ പെണ്‍കൊച്ചിനറിയില്ല.

ശരീരപ്രകൃതിയും ഇരട്ടപ്പേരുനിര്‍ന്നയത്തില്‍ ഒരു സുപ്രധാന ഘടകമാവാറുണ്ട്‌. പ്ലസ്‌ ടുവില്‍ എന്‍റെ ക്ലാസ്സ്‌മേറ്റായിരുന്ന അനീഷിനെ സ്നേഹംകൂടുമ്പോള്‍ 'റോളറേ' എന്നും 'അമ്മാവന്‍കല്ല്‌' എന്നുമൊക്കെയായിരുന്നു വിളിച്ചോണ്ടിരുന്നത്‌. ഞാനുള്‍പ്പെടുന്ന ഒരു ചെറുസംഘത്തിനുള്ളില്‍ മാത്രം 'ഇറച്ചിക്കോഴി' എന്ന്‌ ഒരു പെണ്‍കിടാവ്‌ അറിയപ്പെട്ടിരുന്നു. ഒരിക്കല്‍ ക്ലീന്‍ ഷേവ്‌ ചെയ്തു വന്നു കണ്ണാടിക്കാരനായ ദീപുവിനെ ഒരു കത്തനാരുടെ ഛായ ഉണ്ടായിരുന്നതുകൊണ്ട്‌ അച്ചന്‍ എന്നു വിളിച്ചു. ആ ക്ലാസ്സില്‍ രണ്ടു ദീപുമാരുണ്ടായിരുന്നതുകൊണ്ട്‌ ഇന്നും 'അച്ചന്‍ ദീപു' എന്നു പറഞ്ഞാല്‍ ആളെ പെട്ടെന്നു പിടികിട്ടും. പുള്ളി ഇപ്പോള്‍ കല്ലട ബസ്സിലെ സാരഥിയാണ്‌. ഏ.കെ. ജി പടി എന്ന സ്ഥലത്തു നിന്നും വന്നിരുന്ന എന്‍റെ കൂട്ടുകാരന്‍ ഏ.കേ.ജി. എന്നു തന്നെ അറിയപ്പെട്ടു. തിരിച്ചും സംഭവിക്കാറുമുണ്ട്‌ - ചില ഏരിയാകള്‍ ആളിന്‍റെ പേരിലാവും അറിയപ്പെടുക. അക്കാലത്ത്‌ ഇരട്ടയാര്‍-കട്ടപ്പന റൂട്ടിലെ ഒരു വളവ്‌ അറിയപ്പെട്ടിരുന്നത്‌ 'അമ്പിളി വളവ്‌' എന്നായിരുന്നു. എങ്കിലും, അമ്പിളിയുടെ വീട്‌ അവിടെയെങ്ങാനുമാണോ എന്ന്‌ ഇന്നും എനിക്കു നിശ്ചയം പോരാ.

യാതൊരു ലോജിക്കും ഇല്ലാതെയാണു ചില പേരുകള്‍ നല്‍കപ്പെട്ടിരിക്കുന്നത്‌ എന്നും കാണാം. ഒരുദാഹരണത്തിന്‌ എന്നെ ഡേവ്‌ ഫോണ്‍ ചെയ്യുമ്പോഴും മറ്റും വിളിക്കുന്നത്‌ 'അന്തോണീ'ന്നാണ്‌. എന്തിനാ? ആ!

അല്ല, ഇമ്മാതിരി പേരുകള്‍ ചിലപ്പോള്‍ യഥാര്‍ഥ പേരിനെക്കാള്‍ ഹിറ്റാവാറുണ്ട്‌. എന്‍റെ ആത്മാര്‍ത്ഥസുഹൃത്ത്‌ ജോബി വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കട്ടപ്പനയില്‍ നിന്നും കോട്ടയം സി.എം.എസ്സ്‌ കോളേജില്‍ പഠിക്കാന്‍ ചെന്നപ്പോള്‍ വീണ പേര്‌ - മൗഗ്ലി -ഇന്നും വാലിഡ്‌ ആണ്‌. അന്നും ഇന്നും ഹൈറേഞ്ചില്‍ നിന്നും നാട്ടുമ്പുറത്തു പഠിക്കാന്‍ ചെല്ലുന്നവന്‌ ഇതാണു സ്ഥിതി. ഈ മൗഗ്ലിവഴി പരിചയപ്പെട്ട ഒരു അരുണ്‍ പരക്കെ അറിയപ്പെട്ടിരുന്നത്‌ ലൂണാര്‍ എന്ന പേരിലാണ്‌. കുറേക്കാലം അവന്‍റെ യഥാര്‍ത്ഥ പേര്‌ അതു തന്നെയാണെന്നാണു ഞാന്‍ കരുതിയിരുന്നത്‌. മൂപ്പരിപ്പോള്‍ വക്കീലാണ്‌. ഇനി ചീഫ്‌ ജസ്റ്റീസായാലും ആ പേരുമാറുമെന്നും തോന്നുന്നില്ല! അതുപോലെ തന്നെ ഒരു ലാദന്‍ - അവന്‍റെ വീട്ടുകാര്‍ വരെ ഇപ്പോള്‍ പയ്യന്‍റെ ചെല്ലപ്പേരിനോട്‌ ഇണങ്ങിക്കഴിഞ്ഞു. ഫോണ്‍ ചെയ്യുമ്പോഴൊക്കെ 'ലാദനുണ്ടോ?' 'ലാദനൊന്നു കൊടുക്കാമോ?' എന്നൊക്കെയാണ്‌ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ചോദിക്കുക! ഈ പേരു വീണത്‌ സെപ്റ്റംബര്‍ 11-നു ശേഷമാണോ എന്നെനിക്കറിഞ്ഞുകൂടാ.

നേഴ്സറിയില്‍ പഠിച്ചിരുന്ന കാലത്ത്‌ സന്തോഷ്‌ എന്നു പേരുള്ള ഒരു പാവം പയ്യനുണ്ടായിരുന്നു എന്‍റെ ക്ലാസ്സില്‍. അവന്‌ ആ നാലുവയസ്സുതലയില്‍ ഏതോ ഒരുവന്‍ ചാര്‍ത്തിയ പേരാണ്‌ 'ഓച്ചിക്കുട്ടന്‍' അഥവാ 'ഓച്ചി'. പിന്നീടു ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്തൊരിക്കല്‍ വൈകുന്നേരം ഞാന്‍ പലചരക്കുകടയില്‍ സാധനം വാങ്ങാന്‍ പോയപ്പോള്‍ ഈ സന്തോഷ്‌ അവിടെ വരുകയും സാധനങ്ങള്‍ വാങ്ങുന്നതിനിടയില്‍ തലകറങ്ങി വീഴുകയും ചെയ്തു. അവിടെ കൂടി നിന്നവരെല്ലാം ചേര്‍ന്ന് ഈ കൊച്ചനെ എടുത്ത്‌ തിണ്ണയിലെ ബെഞ്ചില്‍ കിടത്തുകയും വീശിക്കൊടുക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. വിചിത്രമായ സംഭവമെന്തെന്നാല്‍ ഓച്ചി എന്ന ഇരട്ടപ്പേരല്ലാതെ അവിടെയുണ്ടായിരുന്ന ആര്‍ക്കും ഇവന്‍റെ യഥാര്‍ത്ഥ പേരറിഞ്ഞുകൂടായിരുന്നു എന്നതാണ്‌.

ചിലപേരുകള്‍ കാലവും ചില സംഭവങ്ങളും ചേര്‍ന്നു മായ്ച്ചുകളയാറുണ്ട്‌. ഉയരംകൂടിയ ഒരു കക്ഷിയുണ്ടായിരുന്നു ഞങ്ങളുടെ ഗ്രാമത്തില്‍. മൂപ്പിലാന്‍റെ ചെല്ലപ്പേരായിരുന്നു മോഴ. കാരണം അജ്ഞാതമാണു കേട്ടോ. അങ്ങേരുകല്യാണമൊക്കെ കഴിച്ചു ഒരു ചെറിയ ജോലിയൊക്കെയായി ഒതുങ്ങിയതോടെ ആ പേരൊക്കെയങ്ങു മാഞ്ഞുപോയി. പക്ഷെ ചിലപേരുകള്‍ ഏഷ്യന്‍ പെയിന്‍റ്‌സുപോലെ കാലങ്ങളോടു പൊരുതി നില്‍ക്കും. അത്തരം പേരുകാര്‍ ഒരുപാടുണ്ട്‌ നാട്ടില്‍.

Saturday, May 03, 2008

ശീതയുദ്ധം

ബോബിസാര്‍ ശനിയാഴ്ചയും, പള്ളീല്‍ പോക്കു കഴിഞ്ഞാല്‍ ഞായറാഴ്ചയും തിരക്കിലാണ്‌. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വര്‍ക്‍ഷോപ്പില്‍ എറണാകുളത്തെ ഏതോ ഡമ്പിംഗ്‌ യാര്‍ഡില്‍ നിന്നും കൊണ്ടു വന്ന എട്ടുപത്തു ഫ്രിഡ്ജുകളുടെ പ്രേതങ്ങള്‍ ഉണ്ട്‌. ഒപ്പം രണ്ട്‌ വാഷിംഗ്‌ മെഷീനുകളും ഒരു ഏസിയും. അതൊക്കെ പരിശോധിക്കലും നന്നാക്കലും അഴിക്കലും പിടിപ്പിക്കലുമൊക്കെയാണു പണി. ഇവയെല്ലാം ഒരു മിനിലോറിയില്‍ ഇന്‍സ്റ്റിറ്റ്‌യൂട്ടിന്‍റെ മുന്നില്‍ കൊണ്ടുവന്നിറക്കിയ ദിവസം ആ ലോറിയുടെ മുന്നില്‍ 'ഞാനാണിതിന്‍റെയെല്ലാം നാഥന്‍' എന്ന മട്ടില്‍ ബോബിസാര്‍ നിന്നു. കമ്പ്യൂട്ടര്‍ ലാബിലേക്ക്‌ ഇന്‍റെല്‍ സെലിറോണ്‍ 1.4 GHz പ്രോസസ്സറും 128MB മെമ്മറിയും 17 ഇഞ്ച്‌ മോണിട്ടറുമുള്ള സൊയമ്പന്‍ സെക്കന്‍റാന്‍റ്‌ സിസ്റ്റം (അപ്പോള്‍ നിലവിലുള്ളതിന്‍റെ സ്റ്റാന്‍ഡേര്‍ഡ്‌ ഊഹിച്ചോണം!)കൊണ്ടിറക്കിയപ്പോള്‍ മനോജ്‌ സാറിന്‍റെ പോലും മുഖത്തു വിരിയാതിരുന്ന അഭിമാനം അന്നു ബോബിസാറില്‍ കണ്ടു!

ക്ലാസ്സുള്ള ദിവസങ്ങളില്‍ വെളുത്ത നിറമുള്ള 210 ലിറ്റര്‍ കെല്‍വിനേറ്റര്‍ ഫ്രിഡ്ജിനു നേരെയാണ്‌ ബോബിസാറിന്‍റെയും ശിഷ്യന്മാരുടെയും ആക്രമണം. സ്പാനറുകളും സ്ക്രൂഡ്രൈവറുകളും ബ്ലോലാമ്പുമെല്ലാം ഇവരുടെ കൈകളിലൂടെ പാറിപ്പറന്നു നടന്നു ജോലി ചെയ്തു. വന്‍ പ്രയത്നത്തിനൊടുവില്‍ ഫ്രിഡ്ജിന്‍റെ ശരീരം തുരുമ്പുചീകി പുട്ടിയടിച്ചു മിനുക്കി വെച്ചു. രണ്ടു പ്രാവശ്യം ഗ്യാസ്‌ ചാര്‍ജു ചെയ്തിട്ടും തൃപ്തി വരാഞ്ഞിട്ടാണോ എന്തോ ആശാന്‍ ഒരിക്കല്‍ക്കൂടി ഫ്രിഡ്ജ്‌ ഗ്യാസ്‌ ചാര്‍ജ്‌ ചെയ്തിട്ടുണ്ടായിരുന്നു. അതോടെ അയ്യപ്പസ്വാമിയുടെ തിരുവാഭരണം പോലെ പരിപാവനമായി കൊണ്ടുവന്ന അഞ്ചു കിലോയുടെ കൂളന്‍റ്‌ സിലിണ്ടര്‍ കാലിയായി.

ഈ വാര്‍ത്തയറിഞ്ഞ മുതലാളി നെഞ്ചില്‍ കൈവെച്ചു ചോദിച്ചു - "ഇതു പുകിലാകുമോ?"

പിന്നെ സ്വയം ആശ്വസിച്ചു - എറണാകുളത്തു ഫ്രിഡ്ജിന്‍റെയും ഏസീയുടേം എടേക്കെടന്നു വിലസിയവനല്ലേ, സംശയിക്കേണ്ട കാര്യമൊന്നുമില്ല. ആറുമാസത്തെ കോഴ്സിനു വന്ന പിള്ളേരെയെല്ലാം റെഫ്രിജറേഷന്‍റെ മറുകര കാണിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ്‌ ബോബി ഏറ്റിരിക്കുന്നത്‌. വെറുതേ ഒരുത്തനും ഈ വെല്ലുവിളി ഏറ്റെടുക്കില്ലല്ലോ!

രാവിലെ മുതല്‍ തുടങ്ങുന്ന ഭഗീരഥപ്രയത്നത്താല്‍ ക്ഷീണിതനായി എന്നും മൂന്നരയാകുമ്പോള്‍ ഓഫീസിലെത്തുന്ന ബോബിയോട്‌ സാര്‍ തല്‍സ്ഥിതി അന്വേഷിക്കും. എന്നുമെന്നും ഓരോരോ വിവരണങ്ങള്‍ ബോബി നല്‍കും. അതു കത്തിപ്പോയി, ഇത്‌ ഒടിഞ്ഞുപോയി, അതിനു പകരം മറ്റേ ഫ്രിഡ്ജിന്‍റെ എടുത്തുവെച്ചു, കമ്പ്രസ്സര്‍ സ്റ്റാര്‍ട്ട്‌ ആയി, ജെയിംസ്‌ ഇന്നു ഉച്ചകഴിഞ്ഞു പറയാതെ മുങ്ങി, വേസ്റ്റ്‌ തീര്‍ന്നു, ഷൈജുമോന്‍ ഇപ്പോള്‍ കുറെ നാളായി വരുന്നില്ല, ഇലക്ട്രോണിക്സിലെ പിള്ളേര്‍ റെഫ്രിജറേഷന്‍റെ റൂമില്‍ക്കയറി സ്ക്രൂഡ്രൈവര്‍ എടുത്തു എന്നിങ്ങനെ നീളും പട്ടിക. എന്തായാലും ഇവന്‍ കാര്യങ്ങളെല്ലാം നോക്കുന്നുണ്ടല്ലോ, എല്ലാം മുറയ്ക്കെന്നെ അറിയിക്കുന്നുണ്ടല്ലോ എന്നു വിചാരിച്ച്‌ സാര്‍ സമാധാനിക്കും.

ആഴ്ചകള്‍ മൂന്നാലു കടന്നു പോയി. ഫ്രിഡ്ജ്‌ ശരിയായി എന്ന വാര്‍ത്ത ബോബീടെ വായില്‍ നിന്നും കുട്ടികളെല്ലാവരും ഫീസടച്ചു എന്നൊരു വാര്‍ത്ത അക്കൗണ്ടന്‍റിന്‍റെ വായില്‍ നിന്നും കേള്‍ക്കാന്‍ കൊതിച്ച്‌ പഞ്ചേന്ദ്രിയങ്ങള്‍ അലര്‍ട്ടാക്കി സാറിരുന്നു.

ശ്ശെടാ പുകിലേ, ഇവന്‍ വെല്യ മെക്കാനിക്കാണെങ്കില്‍ ഇവനും പിന്നെ ശിഷ്യരായ അഞ്ചെട്ടെണ്ണത്തിനും കൂടിച്ചേര്‍ന്നു വെറും 210 ലി കപ്പാസിറ്റിയുള്ള ഒരു ഫ്രിഡ്ജ്‌ നന്നാക്കാന്‍ ഒരു മാസത്തിലേറെ സമയം വേണോ? സാര്‍ വീണ്ടും ശങ്കകളുടെ കയങ്ങളില്‍ മുങ്ങിത്താണു. വിദേശത്തുള്ള ക്ലയന്‍റിനോട്‌ 'ദിപ്പോ ശരിയാക്കിത്തരാം' എന്നു ഇന്ത്യയിലെ സോഫ്റ്റ്വെയര്‍ കമ്പനിക്കാര്‍ ഇടയ്ക്കിടയ്ക്കു പറയുന്നതുപോലെ ബോബിയുടെ കളിപ്പീരുകുറെയായപ്പോള്‍ സാര്‍ പറഞ്ഞു-

"അതേ ബോബീ, ആ ഫ്രിഡ്ജ്‌ എത്രേം വേഗം നന്നാക്കണം കെട്ടോ. അടുത്തയാഴ്ച്ച നമുക്കതു വില്‍ക്കണം. എത്ര പേരാന്നോ സാധനം അന്വേഷിച്ചു വരുന്നത്‌. അതുകൊണ്ട്‌ മാക്സിമം വേഗം ഒള്ള ഫ്രിഡ്ജെല്ലാം റെഡിയാക്കി വെച്ചോ. എത്ര ഫ്രിഡ്ജ്‌ വില്‍ക്കുന്നോ അത്രേം നമുക്കു ബെനഫിറ്റ്‌ ആണേ..! അല്ല, ബോബിക്കറിയാമല്ലോ?"

പിന്നേ, പറയാനൊണ്ടോ? ബോബിക്കറിയില്ലേ സാറിന്‍റെ പ്ലാനുകളൊക്കെ! കാരണം വില്‍ക്കുന്ന ഫ്രിഡ്ജിനു കിട്ടുന്ന വിലയുടെ ഒരു വീതം ബോബിക്ക്‌ അര്‍ഹതപ്പെട്ടതാണ്‌!

കോഴ്സ്‌ നടത്തി പിള്ളേരെ പഠിപ്പിക്കുകേം ചെയ്യാം, അങ്ങനെ നന്നാക്കിയെടുക്കുന്ന ഫ്രിഡ്ജുകള്‍ സെക്കന്‍റ്‌ഹാന്‍റ്‌ കമ്പോളത്തില്‍ വില്‍ക്കുകയും ആവാമെന്ന തന്ത്രം മുറ്റാണല്ലോ? എന്തായാലും ഇതു തനിക്കുകിട്ടുന്ന അവസാനത്തെ ഡെഡ്‌ലൈനാണെന്ന് ആരും വിശദീകരിക്കാതെതന്നെ കൊടകരക്കാരന്‍ ബോബിക്കു പിടികിട്ടി. പിന്നെ രാപകലില്ലാതെ ഒരു അലച്ചിലും അധ്വാനവുമായിരുന്നു. വല്‍സലശിഷ്യന്മാരില്‍ ന്നിന്നും ഒരാളെ വശത്താക്കി കയ്യാളാക്കി നിര്‍ത്തി ബോബി ടാര്‍ഗറ്റ്‌ എത്തിക്കാന്‍ ഓവര്‍ടൈം കഠിനപ്രയത്നം ചെയ്തുപോന്നു. ബോബിയുടെ സഹായത്താല്‍ നടന്നുപൊയ്ക്കൊണ്ടിരുന്ന അല്ലറചില്ലറ ശിപായിവേലകളെല്ലാം ഇതോടെ മുടങ്ങിയതോടെ ഓഫീസ്‌സ്റ്റാഫുകള്‍ക്ക്‌ മൂപ്പിലാന്‍റെ വില മനസ്സിലായി.

ഇതിനിടയില്‍ ബ്ലോലാമ്പിലെ മണ്ണെണ്ണ തീരുക, ശരീരത്തിലെ രോമവും മുടിയും കരിയുക, നട്ടില്‍ നിന്നും സ്പാനര്‍ തെന്നി കൈ വേദനിക്കുക, അല്ലറചില്ലറ മുറിവുകള്‍ പറ്റുക, വെദ്യുതാഘാതമേല്‍ക്കുക എന്നിങ്ങനെ പല പ്രതിസന്ധികള്‍ ബോബിസാറും ശിഷ്യനും അനുഭവിച്ചു. ഈ സര്‍ക്കസ്സുകള്‍ക്കെല്ലാമൊടുവില്‍ ഒരു ശനിയാഴ്ചദിവസം വൈകുന്നേരം താമസസ്ഥലത്തു വന്ന്‌ ഒരു നെടുവീര്‍പ്പോടെയും അതിലേറേ അഭിമാനത്തോടെയും ബോബിസാര്‍ പറഞ്ഞു:

"ഹരിച്ചേട്ടാ, ഹൈയ്‌ ഹരിച്ചേട്ടാ, ആ ഫ്രിഡ്ജ്‌ ഇപ്പ വര്‍ക്ക്‌ ചെയ്യണിണ്ട്‌!!"

ഹരിച്ചേട്ടന്‍ മാര്‍ക്കറ്റിംഗ്‌ ഡിവിഷനിലെ കോഓര്‍ഡിനേറ്ററാണ്‌. ബോബിസാറിന്‍റെയൊക്കെ സഹവാസി.

ഹരിച്ചേട്ടന്‍റെ അദ്ഭുതം ബോബിസാര്‍ ഒരു അവാര്‍ഡ്‌ പോലെ നെഞ്ചേറ്റുവാങ്ങി. ഇത്രനാളും ഇതു ശരിയാകാഞ്ഞതിന്‍റെ ആകുലത ഒളിപ്പിച്ച 'അവനു പണി അറിയാവുന്നതു തന്നെയാണോ' എന്ന സംശയം അന്നോടെ മുതലാളിക്കു മാറിക്കിട്ടി. തെളിവായി ആ ഫ്രിഡ്ജിലുണ്ടാക്കിയ ഐസ്‌, കേക്കാണെന്നപോല്‍ ബോബി ഓഫീസ്‌ സ്റ്റാഫുകള്‍ക്കു നല്‍കി ആഘോഷിച്ചു.

'ആദ്യം നമ്മള്‍ റിപ്പയര്‍ ചെയ്ത ഫ്രിഡ്ജ്‌! ഇനി ഇതുപോലെ എത്രയെത്ര ഫ്രിഡ്ജ്‌ നമ്മള്‍ നന്നാക്കി വില്‍ക്കും..!' ദാസനും വിജയനും പശുവിനെ വാങ്ങിയ രാത്രിയില്‍ കണ്ട മാതിരി സ്വപ്നങ്ങള്‍ സാറും ബോബിയും കണ്ടുകാണണം. സാറിന്‍റെ മുഖത്തു നിന്നും 'ഇതേ, നമുക്കുടനേതന്നെ വില്‍ക്കണം' എന്ന വാക്കു കേട്ടപ്പോളാണ്‌ അപ്പോ തനിക്ക്‌ കിട്ടിയ സമയപരിധി ഒരു ആപ്പ്‌ ആയിരുന്നുവെന്ന്‌ ബോബിസാറിന്‌ പിടികിട്ടിയത്‌.

ഹരിച്ചേട്ടന്‍റെ പ്രത്യേകതാല്‍പര്യപ്രകാരം ആദ്യമായി ഇന്‍സ്റ്റിറ്റ്‌യൂട്ടില്‍ നന്നാക്കിയ ഫ്രിഡ്ജ്‌ കമ്പനി മെസ്സിലേക്ക്‌ മുതല്‍ക്കൂട്ടാമെന്ന ആശയത്തിന്‌ പെട്ടെന്നുതന്നെ മേലാവില്‍ നിന്നും അനുമതി കിട്ടി. ഉടന്‍ തന്നെ ടി ഉപകരണം മുതലാളിയുടെ സ്വന്തം സ്വത്തും കമ്പനിയുടെ വിവിധോദ്ദേശവാഹനവുമായ ഒമ്‌നിയില്‍ ജീവനക്കാരുടെ മെസ്സ്‌-കം-ഡൈനിംഗ്‌ ഹാള്‍-കം-ഡ്രസ്സിംഗ്‌ റൂം ആയ മുറിയിലെത്തി. 'വിശേഷിച്ച്‌' എന്തെങ്കിലുമൊരു സാധനം ഇതിനുള്ളില്‍ വച്ചൊന്നു തണുപ്പിക്കണം എന്ന ബോബിസാറിന്‍റെ ആഗ്രഹത്തിന്‍റെ ഗ്യാസ്‌ അതോടെ ലീക്കായി.

പുതുപ്പെണ്ണിനെ സന്ദര്‍ശിക്കാന്‍ അയലത്തെ പെണ്ണുങ്ങള്‍ വരുന്നപോലെ പുതിയ വീട്ടിലെത്തിയ ഫ്രിഡ്ജ്‌ ഒന്നു കാണാന്‍ ഓഫീസിലെ സ്ത്രീജീവനക്കാര്‍ ഒന്നും രണ്ടുമായി മെസ്സിലേക്കെത്തി. വീണ്ടും അമ്മാതിരി സന്ദര്‍ശനങ്ങള്‍ ഉണ്ടാകുമെന്നു ഭയന്ന മനോജ്‌ സാര്‍ തന്‍റെ അടിവസ്ത്രങ്ങള്‍ അയകളില്‍ തോരണം ചാര്‍ത്താതെ ഉണങ്ങിക്കിട്ടിയാലുടന്‍ ഗോഡൗണിലെക്കു മാറ്റാന്‍ ശ്രദ്ധിച്ചു. ആദ്യ ദിവസങ്ങളില്‍ത്തന്നെ നമ്മുടെ പുത്തനച്ചി തണുപ്പിക്കലു പോരാ എന്നൊക്കെ പരാതി കേള്‍പ്പിച്ചു.

"യേയ്‌, അങ്ങനെ വരാന്‍ വഴിയില്ലല്ലോ" എന്നു ബോബിസാര്‍.

എന്തായാലും ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും സാധനം പോയപോലെതന്നെ തിരിച്ചു വര്‍ക്‍ഷോപ്പിലെത്തി. കാരണം, ഫ്രിഡ്ജ്‌ ഓണാക്കുമ്പോഴേക്കും ഇലക്ട്രിസിറ്റി മീറ്റര്‍ ഒളിമ്പിക്സിലെ 100 മീറ്റര്‍ മല്‍സരാര്‍ഥിയെപ്പോലെ ഓടെടാ ഓട്ടം. ഫാന്‍ വച്ചു കാറ്റടിപ്പിച്ചു കൊടുത്താല്‍ ഫ്രിഡ്ജിലെക്കാള്‍ നന്നായി തണുപ്പുകിട്ടും എന്നു മറ്റൊരു നിരീക്ഷണം. ഒരുപാടു ദുഷ്പ്പേരു കേള്‍പ്പിക്കാനൊന്നും നില്‍ക്കാതെ ഫ്രിഡ്ജ്‌ പതുക്കെ പണിയുമങ്ങു നിര്‍ത്തി. പക്ഷേ, ദോഷം പറയരുതല്ലോ, ഫ്രിഡ്ജിന്‍റെ വാതില്‍ തുറക്കുമ്പോള്‍ അകത്തെ ലൈറ്റ്‌ കത്തുമായിരുന്നു.