Tuesday, December 25, 2018

ഹത്യ

പശുവുള്ള വീടുകളിലെല്ലാം ഇങ്ങനെയാണോ എന്തോ? എന്നും എപ്പോഴും പണി തന്നെ പണി. രാവിലെ എണീക്കുമ്പോ തൊട്ട് രാത്രി കിടക്കുന്നതു വരെ. ഒരു വീട് നോക്കാൻ തന്നെ മുഴുക്കനെ ഒരാളു നിന്നിട്ട് പറ്റുന്നില്ല. ഉച്ചയ്ക്കത്തെ കറവയും കഴിഞ്ഞ് പാലും ഏൽപ്പിച്ചേച്ച് അത്യാവശ്യമുള്ള തുണികൾ തിരഞ്ഞെടുത്ത് അലക്കിക്കൊണ്ടിരുന്നപ്പോഴാണ് തല പൊട്ടിപ്പിളരുന്ന വേദന വന്നത്. അലക്കിയത് വിരിച്ചു കഴിഞ്ഞപ്പോഴേക്കും നിൽക്കാൻ മേലെന്നായി.

തല കറങ്ങുന്നോ വയറ്റീന്ന് ഉരുണ്ടുകയറുന്നോ! അടുക്കളയിലെ വേസ്റ്റ് വെള്ളം ഒഴുകുന്ന, മുറ്റത്തരികിലെ പാളയംകോടൻ വാഴയുടെ ചുവട്ടിൽ എത്തിയപ്പോഴേക്കും ഛർദ്ദിച്ചു കഴിഞ്ഞിരുന്നു. ആകെ തളർന്ന് ഒന്നു മയങ്ങി ഉണർന്നപ്പോഴേക്കും അല്പം ആശ്വാസമായി. പിള്ളേർ സ്കൂളിൽ നിന്നു വരാനും സമയമായി.

അവർക്ക് കൊടുക്കാൻ ഒന്നുമില്ലല്ലോ എന്നോർത്തത് അപ്പോഴാണ്. ഇന്നലെ ഹർത്താൽ ആയിരുന്ന കാരണം ഉണ്ടായിരുന്ന സ്നാക്സ് ഒക്കെ രണ്ടും കൂടെ ടിവിയും കണ്ടിരുന്നു തിന്നു തീർത്തു. രാവിലത്തെ അപ്പം മിച്ചമുണ്ട്. കടലക്കറി അല്പമേ ബാക്കിയുള്ളൂ. അത് പെണ്ണിനു കൊടുക്കാം. ഒരു മുട്ട ഇരിപ്പുണ്ട്. അതും പുഴുങ്ങി സവാള വഴറ്റി ഒരു സർക്കസ് കാണിച്ചാൽ ചെറുക്കനെ അതുവെച്ച് സമാധാനിപ്പിക്കാം.

പാൽ തിളച്ചപ്പോഴേക്കും വഴിയിൽ സ്കൂൾ ബസിന്റെ ഒച്ച കേട്ടു. അവന്റെ ബാഗെടുക്കാൻ ഞാൻ തന്നെ അത്രടം വരെ ചെന്നില്ലെങ്കിൽ അവൾക്കതൊരു നീരസമാകും, പിന്നെ അതുമതി അവനുമായി വഴക്കിടാൻ. വന്നപാടെ ബാഗുമെറിഞ്ഞ് ഷൂസും തട്ടിയൂരി അവൾ റിമോട്ടെടുത്ത് തമിഴ്പാട്ട് വെച്ചു. ആദ്യം റിമോട്ടെടുക്കുന്ന ആൾക്കാ‌ണ് ആദ്യത്തെ ഒരു മണിക്കൂറിനവകാശം. ഭാഗ്യത്തിന് ഇന്ന് സമാധാനപരമായി നിയമങ്ങൾ പാലിക്കുന്നുണ്ട്.

ഡ്രസ് മാറീട്ടു വന്നു കഴിക്കാൻ ആക്രോശിച്ചിട്ട് ഞാൻ അപ്പവും കറികളും എടുത്തുവെച്ചു. ചെറുക്കനു ഹോർലിക്സ് പച്ചവെള്ളം പോലെ ആറണം. അടുക്കളയിൽ നിന്നും എത്തിനോക്കിക്കൊണ്ട് ആവേശപൂർവ്വമാണ് ആദ്യമായിട്ട് കുണുങ്ങിക്കോഴി ഇന്നിട്ട മുട്ടയാണ് അതെന്ന മഹാസത്യം അവരോട് പറഞ്ഞത്. പഞ്ചായത്തിൽ നിന്നു കിട്ടിയ ആറ് കോഴിക്കുഞ്ഞുങ്ങളിൽ ചത്തുപോയ രണ്ടെണ്ണവും പൂച്ചപിടിച്ച ഒന്നും കഴിഞ്ഞ് മുഴുപ്പെത്തിയ കറുത്തതിന്റെ പേരാണ് കുണുങ്ങി.

ആറ്റിയ ഹോർലിക്സ് അവന്റെ സ്വന്തം മഗ്ഗിലാക്കി മേശപ്പുറത്തു വെയ്ക്കുമ്പോൾ; ദാണ്ടടാ, പെണ്ണ് തീറ്റയും നിർത്തിയിരു‌ന്ന് ഏങ്ങലടിക്കുന്നു. എന്താടീന്ന് ചോദിച്ചപ്പോ വലിയവായിൽ നിലവിളി.. "ന്റെ കുണുങ്ങിക്കോഴീന്റെ മുട്ടയെ കൊന്ന് ഈ വഴക്കാളിയമ്മച്ചി കറിവച്ചേ" ന്ന്!

(Jishnu നിർദ്ദേശിച്ച "മുട്ടക്കറി" എന്ന വാക്കിനെ അവലംബിച്ച് എഴുതിയത് )

No comments:

Post a Comment

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'