മലയാളത്തിൽ 'ട്രാവലോഗ് ഫിക്ഷൻ' എന്ന പുതിയൊരു വിഭാഗം തുറന്നിടുന്നു ആശിഷ് ഈ രചനകൊണ്ട്. റിയൽ ആയ സാഹചര്യങ്ങളിലും പരിസരങ്ങളിലുമായി ഇഴചേർത്തു വെച്ച സാങ്കല്പികമായ ഒരു പാതയിലൂടെയാണ് 307.47 നമ്മെ അനുയാത്ര ചെയ്യിക്കുന്നത്. കഥാരംഭത്തിൽ അഭിഷേക് എന്ന നായകനിലൂടെ നാം നടത്തുന്ന ചെറിയ യാത്രകളുണ്ട്. കഥയുടെ രണ്ടാം പുറത്ത് തന്നെ യാത്രയെപ്പറ്റി ചില ഉദ്ബോധനങ്ങൾ തന്നുകൊണ്ടും സ്ഥലനാമങ്ങളും നിർമ്മിതികളും സമയസൂചികകളും വിന്യസിപ്പിച്ചുകൊണ്ടും സഞ്ചാരം നിരന്തരം നിറയുന്നുണ്ടീ കഥയിൽ. വടക്കൻ പറവൂരും പേട്ട റെയിൽവേ സ്റ്റേഷനടുത്തെ പഴയവീടും യാഥാർഥ്യത്തിന്റെ തലത്തിൽ നിൽക്കുമ്പോൾ തന്നെ ഒരു വിഭ്രമകാഴ്ചയിലെന്ന പോലെയാണ് പറവൂരിലെതന്നെ ഇല്ലവും തമിഴത്തിയുടെ വീടും സെന്റ് സേവ്യേഴ്സ് ആശുപത്രിയുമൊക്കെ അനുവാചകന് അനുഭവപ്പെടുന്നത്.
ആദ്യം പറഞ്ഞതുപോലെ, ആശിഷ് തന്റെ പുസ്തകത്തിലൂടെ അനാവരണം ചെയ്യുന്ന ഒരു മൂന്നാർ യാത്രയിലേക്ക് നമ്മളെയും ഒപ്പം ചേർക്കുന്ന ഒരു ഹിപ്നോട്ടിക് തന്ത്രമുണ്ടിതിൽ. അഭിയിൽ തുടങ്ങി അഭി വായിക്കുന്ന ഒരു കഥയിലൂടെ, ഒരു ചുവന്ന സ്വിഫ്റ്റ് കാറിൽ, പിന്നെയൊരു ജീപ്പിലുമായി നാം മൂന്നാറിലേക്ക് പോകുന്നു. ആ യാത്രയിലുണ്ടാകുന്ന ദുരൂഹമായ ചില അനുഭവങ്ങളും പിന്നെ പരിസമാപ്തിയോടടുക്കുമ്പോൾ കഥാകാരൻ നേരിൽ വന്നു സമ്മാനിക്കുന്ന മാജിക്കൽ ത്രില്ലുമാണ് ഈ കൃതിയുടെ ആകർഷണം. അത് '307.47' എന്ന പേരിൽ തുടങ്ങി ഒരു പിന്നാമ്പുറക്കഥയിലും പിന്നെയും ഒരുപുറം കൂടി നീളുന്ന വിസ്മയത്തിലേക്കു വരെ കൃത്യമായി ചെന്നെത്തുന്നുണ്ട്.
ഒരു നോവലെന്ന് വിശേഷിപ്പിക്കാനുള്ള ഘടനാപരമായ രൂപമല്ല ഈ കൃതിക്കുള്ളത് എന്ന് തോന്നുന്നു. ആശിഷ് അങ്ങനെ ഒരിടത്തും ഇതിനെ വിശേഷിപ്പിക്കുന്നുമില്ല. അനായാസം വായിച്ചു മറിക്കാവുന്ന സംഭാഷണങ്ങളും ആഖ്യാനശൈലിയും ഡിജിറ്റൽ വായനായുഗത്തിലെ സോഷ്യൽ മീഡിയാലിഖിതങ്ങളുടെ പൊതു സ്വഭാവത്തിൽ ഉള്ളവയാണ്. അഞ്ചു ഖണ്ഡങ്ങളിലും ആ ഭാഷയും വേഗവും ആശിഷ് സൂക്ഷിക്കുന്നുണ്ടെങ്കിലും മൂന്നാർ യാത്ര വരെ നമ്മെ കൊണ്ടെത്തിക്കുന്ന ആദ്യഘട്ടത്തിൽ ഏറെ സ്പൂൺ ഫീഡിങ് നടത്തുന്നതായും തോന്നി. കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി ഉണ്ടാക്കിവെച്ചതും ന്യൂട്രലാകാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നിഴലിക്കുന്നതുമായ സംഭാഷണങ്ങളും വിവരണങ്ങളും ഇവിടെ കാണാം.
അതേ സമയം, ഒരു ലോഞ്ചിങ് എപ്പിസോഡിൽ വായനക്കാർ അവശ്യം പരിചയിച്ചിരിക്കേണ്ട കഥാപാത്രങ്ങളെയും പരിസരങ്ങളെയും സാഹചര്യങ്ങളെയും വ്യക്തമായി സ്ഥാപിക്കാൻ ആശിഷിനു സാധിക്കുന്നുണ്ട്. പുസ്തകത്തിൽ ഇടയ്ക്കെല്ലാം വന്നുപോകുന്ന ചിത്രങ്ങൾ അത്തരം ബോധങ്ങൾ മൂർത്തമാകുന്നതിനു സഹായിക്കുന്നുമുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയവും തീക്ഷ്ണവുമായത് നിഗൂഢ കഥാപാത്രമായ തമിഴത്തിയുടെ മുഖമാണ്. പുസ്തകം വായിച്ചുതീർന്നാലും വായനക്കാരുടെ മനസ്സിൽ ഉറപ്പായും നിൽക്കുന്ന രണ്ടു ഘടകങ്ങൾ ഒന്ന് തമിഴത്തിയും രണ്ട് ക്ലൈമാക്സും ആയിരിക്കും.
ഫിക്ഷണൽ യാത്രാവിവരണം ആണെങ്കിൽക്കൂടിയും വ്യക്തിപരമായി പരിചയമുള്ള പ്രദേശങ്ങളായ അടിമാലിക്കും മൂന്നാറിനും ചിന്നക്കനാലിനും ഇടയിലെ ഭീതിദമായ സ്ഥലങ്ങളെ ഞാൻ ഗൂഗിൾ മാപ്പിലെന്ന പോലെ മനസ്സിൽ സ്ഥാപിച്ചെടുത്തു. അത്രമേൽ വിജനവും നിഗൂഢവുമല്ലാ അവിടമെന്ന് അറിയാവുന്നതിനാൽ ഫിക്ഷൻ എന്ന വാക്കിനെ വല്ലാതെ ആശ്രയിക്കേണ്ടിയും വന്നു. എറണാകുളം-പാലക്കാട് റോഡ് അറിയാവുന്ന ഒരാൾക്ക് 'ട്രാഫിക്' എന്ന സിനിമയിലെ ഫിക്ഷണൽ റൂട്ട് എങ്ങനെ എന്നപോലെ. കഥയിൽ ഉളവാകുന്ന ദൃശ്യങ്ങളും ക്രമമായി മുറുകി വിചിത്രമായ ആഖ്യാനസങ്കേതങ്ങളിലൂടെ അനാവൃതമാകുന്ന ത്രില്ലിങ് ക്ലൈമാക്സും കൊണ്ട് വ്യത്യസ്തമായ വായനാനുഭവം സമ്മാനിക്കുന്ന നോവൽ, അല്ല; പുസ്തകം. ചുരുക്കത്തിൽ തുടക്കക്കാരന്റെ പതർച്ചയില്ലാതെയാണ് ആശിഷ് 307.47 വിചിന്തനം ചെയ്തിരിക്കുന്നത്.
ഡ്രീം ബുക്ക് ബൈന്ററി 120 പേജുകളിലായി ഭേദപ്പെട്ട നിലയിൽ അവതരിപ്പിക്കുന്നുണ്ടെങ്കിലും ₹160 വിലയിട്ട് (₹50 ഷിപ്പിങ് ചാർജ്ജ് ഉൾപ്പടെ ആമസോണിൽ ₹200) ലഭിക്കുന്ന പുസ്തകം വിലകൂടിയതാകുന്നു. ആ ഘടകം മറന്നാൽ മൂന്നാർ മലനിരകളുടെ വന്യമായ വശ്യതയ്ക്കുള്ളിലേക്ക്, മൂടൽ മഞ്ഞിനും ചാറ്റൽ മഴയ്ക്കും കാറ്റിനുമിടയിൽ മിന്നാമിനുങ്ങുകൾക്കും ചീവീടുകൾക്കും അരികിലൂടെ വണ്ടിയോടിച്ചുചെന്ന് ആ തമിഴത്തിയെ കണ്ടുവരാം. അതിനായി കഥാകാരൻ ശുപാർശ ചെയ്യുന്ന, രാത്രിയിലെ ഇളംകാറ്റും ബാൽക്കണിയിലെ ചാരുകസേരയുടെ ഏകാന്തതയും നിർബന്ധമില്ല. ഓടിക്കൊണ്ടിരിക്കുന്ന ഒരു കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ്സായാലും മതി.
307.47 | fiction/Malayalam | Ashish Ben Ajay | 120 pages | ₹160
©m s raj