Wednesday, October 19, 2016

വെട്ടിപ്പുറം?

എന്നെ എഴുത്തിന്റെ വഴിയിലേക്ക് തിരിച്ചു വിട്ട ഗുരുതുല്യനായ ഒരാളെ ഞാൻ വർഷങ്ങൾക്ക് മുൻപ് ബ്ലോഗിലൂടെ തെരഞ്ഞിരുന്നു. ഒരാൾ സജസ്റ്റ് ചെയ്തതനുസരിച്ച് ഞാൻ ചെന്നൈ പ്രെസ്സ് ക്ലബ്ബുമായി വരെ ബന്ധപ്പെട്ടു.ഫലം കണ്ടില്ല. ഇനി കണ്ടു കിട്ടുമോ എന്നും അറിയില്ല. ആൾ ജേർണലിസ്റ്റ്/ എഴുത്തുകാരനാണ്. പേര് *വെട്ടിപ്പുറം മുരളി*. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശിയാണ്.

2003ൽ ഒരു മാസികയുമായി ബന്ധപ്പെട്ട് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. എനിക്ക് എം.എസ്‌ രാജ് എന്ന് പേര് ചാർത്തിത്തന്ന തിക്കുറിശ്ശി ആണദ്ദേഹം. കോളേജ് മാഗസിൻ കഴിഞ്ഞാൽ എന്റെ അക്ഷരങ്ങൾക്ക് അച്ചടിമഷി ചാലിച്ച ഏക വ്യക്തിയും.

ഇനി കണ്ടാൽ .. ഒരാഗ്രഹമേയുള്ളൂ... അങ്ങേരുടെ മുന്നിൽ വെച്ച് അങ്ങേരെന്നെ വല്ലപ്പോഴും സംബോധന ചെയ്യുന്നതു പോലെ, "ആത്മാവേ" എന്നൊന്നു വിളിക്കണം. ഞാൻ മറന്നിട്ടില്ല എന്ന് അറിയിക്കാൻ.

Monday, October 03, 2016

കൊച്ചുതോവാള കുരിശുമല

ഞായറാഴ്ച(ഇന്നലെ) വെറുതേ വീട്ടിലിരുന്നു ബോറടിച്ചപ്പോഴാണ്‌ അങ്ങനൊരു പൂതി തോന്നിയത്. എങ്ങോട്ടെങ്കിലും കറങ്ങാൻ പോകാൻ പറ്റിയ ദിവസങ്ങളായിരുന്നു ശനിയും ഞായറും - നല്ല തെളിവായിരുന്നു. ശനിയാഴ്ച വൈകിട്ട് അങ്ങനെ ഒരാലോചന നടത്തിയതുമാണ്‌. പിന്നെ തമിഴ്‌നാട്ടിൽ ഏതു സമയവും ഒരു ദുരന്തവാർത്ത വെളിപ്പെട്ടേക്കാം എന്നൊരു ഭീതി ഉണ്ടായിരുന്നതിനാൽ മധുര മീനാക്ഷി ക്ഷേത്രത്തിലേക്കുള്ള ട്രിപ്പെന്ന മോഹം മുളയിലെ കരിഞ്ഞുപോയി.

രണ്ടാഴ്ചയായി ക്യാമറ കയ്യിലെടുത്തിട്ട്. ഓണാവധിക്കു ശേഷം ഒരു ക്ലിക്ക് പോലും ചെയ്തിട്ടില്ല. മഴയും കാലാവസ്ഥയും തന്നെ കാരണം. മാത്രവുമല്ല എടുക്കാൻ പറ്റിയ ഒന്നും തടഞ്ഞുമില്ല. എന്നാലിന്നു കുരിശുമലയിലേക്കു വിട്ടാലോ എന്നു രാവിലെ മുതല്ക്കേ ആലോചിക്കുന്നതാണ്‌. ആടിത്തൂങ്ങി വന്നപ്പോഴേക്കും നേരമൊത്തിരിയായി. രാവിലെയാണു ബെസ്റ്റ്. കാരണം കുരിശുമല കിഴക്കായതിനാൽ വെയിൽ അനുകൂലമായ ദിശയിലാകും.

തലേന്നിട്ട ഷർട്ടും ജീൻസും തന്നെ വാരിവലിച്ചു കേറ്റി ബാഗുമെടുത്ത് ഒറ്റപ്പോക്ക്. നേരമപ്പോ 12 കഴിഞ്ഞു. ബൈക്കുമെടുത്ത് നിരപ്പേൽകട ആനകുത്തി വഴി നേരെ കുരിശുമലയിലേക്കു വെച്ചു പിടിച്ചു.

റോഡരികിൽ ബൈക്ക് പാർക്ക് ചെയ്ത് ഒരു ഏലത്തോട്ടത്തിലൂടെയുള്ള നടപ്പുവഴിയിലൂടെ ഞാൻ നടന്നു. മുൻപു ഞാൻ വന്നപ്പോൾ (2012-ൽ) അയൽവാസിയും സുഹൃത്തുമായ ആദർശ് കൂട്ടിനുണ്ടായിരുന്നു. അവനാണ്‌ ഈ വഴി എന്നെ പഠിപ്പിച്ചത്. ആ വരവ് മൂന്നു വർഷം മുൻപായിരുന്നു. ഇപ്പോ മൂപ്പരു വൈദിക പഠനത്തിനു പോയിരിക്കുന്നതിനാൽ സ്ഥലത്തില്ല. വേറെ ആരെക്കൂട്ടാൻ? തനിയെ പോന്നു.

ഏലത്തോട്ടത്തിലേക്കിറങ്ങി അല്പം നടന്നപ്പോൾ ഒരു ഭയം എന്നെ ഗ്രസിക്കാൻ തുടങ്ങി. ഒരു വനത്തിൽക്കൂടി പോകുന്ന ഫീൽ. മരങ്ങൾ കൊണ്ടല്ല, ഒരു ഇലയനക്കം പോലുമില്ലാത്ത ശാന്തത. കന്നുകാലികൾ നടക്കുന്നതിന്റെ കുളമ്പടയാളങ്ങൾ ആ വഴിയിലെല്ലാം കാണാമായിരുന്നു. കാട്ടുപന്നിയുടെയും മറ്റും കാൽപ്പാടുകൾ കാണേണ്ടതാണ്‌, ഒന്നും കണ്ടില്ല, സൂക്ഷിച്ചു നോക്കാനും മെനക്കെട്ടില്ല. കൂടിയാൽ ഒരു പത്തു മിനിറ്റു നടക്കാനുള്ള വഴിയേയുള്ളൂ. പാതി ദൂരം ചെന്നപ്പോൾ വഴി അല്പം കൂടി കുഴഞ്ഞു - ഇരുവശവും അപ്പൂപ്പൻ താടിയും ചൊറിയണവും വളർന്നു നിൽക്കുകയാണ്‌. വഴി മറച്ച് അവ ഇലയും തലയും നീട്ടി നിൽക്കുന്നു. വഴിയരികിലെ ചെടികൾക്കിടയിൽ നിന്നും ഏതു സമയവും ഒരു പാമ്പ് മുന്നിൽ വന്നു പെടാം എന്നു ഞാൻ ഭയന്നു. ഏലക്കാടിന്റെ തണുപ്പോ, ദിവസങ്ങൾ കൂടി തെളിഞ്ഞ വെയിലിന്റെ ചൂടോ എന്താണവയെ ആകർഷിച്ചു കൂടാത്തത്. മുൻപ് ആദർശിന്റെ കൂടെ വന്നപ്പോൾ ആ എസ്റ്റേറ്റിലെ ഒരു ചെക്ക് ഡാമിന്റെ പരിസരത്തു നിന്നും ഞാൻ ജീവിതതിൽ അന്നു വരെ കണ്ടിട്ടില്ലാത്ത വലുപ്പമുള്ള ഒരു പാമ്പിൻപടം കണ്ടതും എന്റെ പേടിക്ക് ആക്കം കൂട്ടി. പക്ഷേ അതൊന്നും എന്റെ ഉദ്യമത്തെ തളർത്തിയില്ല. തറയിൽ ശക്തമായി പാദങ്ങൾ പതിപ്പിച്ച് ഞാൻ ഓടുകയുമല്ല , നടക്കുകയുമല്ല എന്ന വേഗത്തിൽ ലക്ഷ്യത്തിലേക്കു നീങ്ങി.

ധരിച്ചിരിക്കുന്നതു ഷൂസും അല്ല. ഈ തോട്ടത്തിൽ അട്ടയുള്ളതാണോ എന്നും അറിയില്ല. മഴയുള്ള സമയമായതിനാൽ കാണാൻ സാധ്യതയുണ്ട്. കാല്പാദത്തിൽ ചൊറിയണം ഇല താട്ടതിരിക്കാനും കൂടി ശ്രദ്ധിച്ചാണ്‌ ഞാൻ നടന്നത്. ഒടുക്കം തോട്ടത്തിന്റെ അവസാന ഭാഗത്ത് മലയിലേക്കുള്ള കവാടം പോലെ തോന്നിക്കുന്ന ഭാഗത്തെത്തിയപ്പോഴേക്കും ആവേശം, ഭയം എന്നിവ കാരണം ഞാൻ ഓടുകതന്നെയായിരുന്നു.

വൗ......!!
താഴ്വര





കുരിശുമല

മലയിലെ പുൽപ്പടർപ്പിലേക്കു വന്നപ്പോൾ താഴെ നിന്നും സുഖദമയ കാറ്റ് വീശിയാർത്തു വന്നു. പച്ചപ്പുതപ്പിട്ടു മൂടിക്കിടക്കുകയാണെന്റെ ഗ്രാമം - കൊച്ചുതോവാള. ഒരു 270 ഡിഗ്രീ വട്ടത്തിൽ കാഴ്ചയുണ്ടവിടെ. ഞാൻ കുറെ നേരം അതെല്ലാം നോക്കി വെറുതേ നിന്നു. നേരെ താഴെ കവല കാണാം. പള്ളി, സ്കൂൾ, പാരിഷ് ഹാൾ, കുരിശിൻതൊട്ടി, പോളി ഹൗസ്, വീടുകൾ, കട്ടപ്പനയിലേക്കു നീണ്ടു കിടക്കുന്ന റോഡിന്റെ നല്ലൊരു ഭാഗം, വലിയപാറ മലയുടെ അപ്പുറം വെള്ളയാംകുടി പള്ളിയും സ്കൂളും പാരിഷ് ഹാളും, വലതു വശത്ത് പൂവെഴ്സ് മൗണ്ട്, വീടുകൾ, മൊബൈൽ ടവർ, അതിനുമപ്പുറം എഴുകുംവയൽ കുരിശുമല, ഉദയഗിരി ടവർ മേട്, ഇരട്ടയാർ പള്ളി, പള്ളിക്കാനം പള്ളി..



വെള്ളയാംകുടിയും പരിസരവും

നാം സ്ഥിരം നടക്കുന്ന വഴികളും കാണുന്ന ഇടങ്ങളും മറ്റൊരു വ്യൂ പോയിന്റിൽ കാണുമ്പോൾ ഒരുപാട് സംശയങ്ങൾ വരും. സത്യത്തിൽ അവിടെ നിന്നുകൊണ്ട് സ്വന്തം വെഎടിരിക്കുന്ന സ്ഥലം കണ്ടു പിടിക്കാൻ അല്പം പ്രയാസപ്പെട്ടു. മരങ്ങളും മലഞ്ചെരിവും കാരണം വീടു കാണത്തില്ല. കൺ നിറയെ കാഴ്ചകൾ കണ്ട ശേഷമാണ്‌ ഞാൻ ക്യാമറ എടുത്തതു തന്നെ. കട്ടപ്പനയിൽ നിന്നുള്ള റോഡിൽ ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾ നോക്കിയിരുന്നു. ക്യാമറ സൂം ചെയ്തു നോക്കുമ്പോൾ ആ റോഡിലൂടെ വെയിലത്തു കുടചൂടി നീങ്ങുന്ന രൂപങ്ങൾ അവ്യക്തമായി കാണാമായിരുന്നു. താഴ്വരയിൽ നിന്നും പല പല ശബ്ദങ്ങൾ തേടി വന്നു. വല്ലപ്പോഴും മാത്രം പോകുന്ന വാഹനങ്ങളുടെ ഹോൺ. ഇലച്ചാർത്തുകൾക്കിടയിൽ മറഞ്ഞിരിക്കുന്ന ഏതെല്ലാമോ ഊടുവഴികളിലൂടെ പോകുന്ന ഡീസൽ ഓട്ടോകളുടെ ഘഡ് ഘഡ് ശബ്ദം. പശുക്കളുടെ അമറൽ. അകലെയെങ്ങോ മരം മുറിക്കുന്ന മെഷീൻ വാളിന്റെ ഇരമ്പൽ. മലയുടെ മുകളിൽനിന്നു മഴപ്പുള്ളുകൾ
താഴേക്ക് ഊളിയിട്ടു പായുമ്പോഴത്തെ വൂഷ് ശബ്ദം... ചെവിയിൽ കാറ്റിന്റെ വേഗം നിറഞ്ഞ ശ്വാസം...


കട്ടപ്പനയ്ക്കുളള റോഡ്

കൊച്ചുതോവാള സിറ്റി!

ഞാൻ ഏകദേശം ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചു. നട്ടുച്ച നേരമായിട്ടും ഞാൻ തെല്ലും വിയർക്കുകയോ മടുക്കുകയോ ചെയ്തില്ല. കാറ്റിനു നന്ദി. വിശക്കാൻ തുടങ്ങിയിരുന്നു; ദാഹിക്കാനും. രാവിലെ റവ പുട്ടാണു കഴിച്ചത്. ദാഹം സ്വാഭാവികം.

ആഗ്രഹിച്ച പടം എടുത്തു കഴിഞ്ഞതിനാൽ ഞാൻ പുറപ്പെടാൻ ഒരുങ്ങി. അപ്പോഴതാ തൊട്ടു പിന്നിലെ കൊങ്ങിണിച്ചെടികൾക്കിടയിൽ ഒരു സുന്ദരി ശലഭം. ഒരു നാലു പടത്തിനവൾ നിന്നു തന്നു. പിന്നെ തുള്ളിപ്പറന്നു പൊന്തക്കാടുകൾക്കുള്ളിലേക്കു പോയി.

ഞൻ മടങ്ങാനൊരുങ്ങിയപ്പോൾ താഴേച്ചെരുവിൽ പാറയിലെമ്പാടും പൂക്കളുടെ ഒരു വെൺവസന്തം കണ്ടു. എനിക്കു പേരറിയാത്ത ഏതോ ചെടി. രണ്ടു ദിവസത്തെ വെയിലിൽ പാറയിലെ ഈർപ്പം വലിഞ്ഞതിനാലാവണം ഇലകൾ വാടി കൂമ്പി നിന്നിരുന്നു. അവയെയും ഫ്രെയിമിലാക്കി ഞാൻ മടങ്ങി. തിരികെ പോകുമ്പോൾ മുൻപത്തെ ഭയമൊക്കെ എവിടെയോ പോയ്മറഞ്ഞിരുന്നു. പാമ്പു വന്നാൽ അപ്പോക്കാണാം എന്നൊരു ലൈൻ. പൂമ്പാറ്റയെ പിടിക്കാൻ പറ്റിയ സന്തോഷം മാത്രം മതിയായിരുന്നു ആ കൊച്ചു യാത്ര സാർഥകമാവാൻ.

വന്ന വഴിയെ മടങ്ങാതെ പൂവെഴ്സ് മൗന്റിലൂടെ ബൈക്ക് വിട്ടു. അവിടുന്നു അല്പം ദുഷ്കരമായ (മൺവഴി) മന്നാക്കുടി റൂട്ടിൽ പോയി. ഇതിനു മുൻപ് ഞാൻ ഇതിലേ വന്നത് കുറഞ്ഞത് 20 വർഷങ്ങൾക്കു മുൻപാവണം. സ്കൂൾ കാലത്തെ വീക്കെൻഡ് സൈക്കിൾ ട്രിപ്പുകളിൽ ഒന്നിൽ. ഇടത്തേക്കു വളവുള്ള എന്നാൽ നിരന്ന ഒരു സ്ഥലത്ത് വഴിയിൽ ഒരല്പം ചെളി ഉണ്ടായിരുന്നു, വെള്ളം ഒഴുകിയ ഒരു നേർത്ത ചാൽ. കൃത്യം അതിൽ കയറിയപ്പോൾ മുൻചക്രം വഴുതി. വേഗം നന്നേ കുറവായിരുന്നെങ്കിലും വണ്ടി കയ്യീന്നു പോയെന്നു തന്നെ ഞാൻ കരുതി. ഭാഗ്യത്തിന്നു വലത്തേക്കുള്ള തിരിച്ചു പിടിത്തത്തിൽ വണ്ടി നേരെയായി. മനസ്സിൽ ദൈവത്തിനു നന്ദി പറഞ്ഞ് ഞാൻ യാത്ര തുടർന്നു. വലിയതോവളയ്ക്കുള്ള വഴിയിൽ നിന്നും ചക്കക്കാനം - ഉപ്പുകണ്ടം കോളനി റോഡിലൂടെ കോളനിയെത്തി. പുതിയ റോഡാണെങ്കിലും കുറച്ചു ഭാഗത്തേ ടാറിങ്ങുള്ളൂ. ആദ്യമായാണ്‌ ആ വഴിക്ക് പോകുന്നത്. ഒരു ഊഹം വെച്ച് പോയതാണ്‌. വഴി ചോദിക്കാമെന്നു വച്ചാൽ വഴിയരികിൽ ഇഷ്ടം പോലെ വീടുകൾ ഉണ്ടെങ്കിലും ആൾക്കാരെ ആരും കണ്ടില്ല. എല്ലാവരും ഊണുകഴിഞ്ഞുള്ള വിശ്രമത്തിലായിരിക്കും. എന്തായാലും അല്പം കഴിഞ്ഞപ്പോൾ ടാറിങ്ങായി. ഉടനെ തന്നെ ഉപ്പുകണ്ടം കോളനിയുമെത്തി. പിന്നെ നേരെ കൊച്ചുതോവാളയ്ക്കു പിടിച്ചു.


ലോകം ഒരു ഗോളത്തിലൊതുങ്ങിയപ്പോൾ


പളളിയും പോളി ഹൌസും പാരിഷ് ഹാളും

ഇതേ സ്ഥലത്തിന്റെ പടം പണ്ട് എടുത്തത്, അന്നു പോളി ഹൌസും പാരിഷ് ഹാളും ഇല്ല



ശലഭപ്പെണ്ണ്


പേരറിയാത്ത വെള്ളപ്പൂക്കൾ

വരുന്ന വഴിക്ക് തെല്ലിട നിർത്തി, കുരിശുമലയെ സാകൂതം നോക്കി. അല്പം മുൻപു വരെ ഞാൻ ആ മലയിൽ ഉണ്ടായിരുന്നെന്നു വിളിച്ചു കൂവാൻ തോന്നി. ഒരു പ്രാന്ത്. എന്നാൽപ്പിന്നെ അതു ബ്ലോഗിലാക്കാമെന്നു കരുതി. അദാണിദ്. നന്ദി. നമസ്കാരം.