Sunday, September 11, 2016

കാറ്റിന്റെ രാജവീഥിയിൽ (തുടർച്ച)

സോമൻ ചേട്ടനെയും കൂട്ടി കാറ്റുപാറയ്ക്കു പോകാൻ ഞങ്ങൾ തയ്യാറെടുത്തു. നടന്നാണു പോവുക. ഫാം ഹൗസിൽ(അങ്ങനെ പറയാമെങ്കിൽ) നിന്നും ഇരുപതു മിനിറ്റോളം നടന്നാൽ മതി. ഗൈഡായി സോമൻ ചേട്ടൻ മുന്നിൽ നടന്നു. ഒരു എമർജൻസി ലാമ്പും ഒരു ഹെഡ്ലൈറ്റുമാണു ഞങ്ങളുടെ വെളിച്ചം. ഒരു വാക്കത്തിയും കയ്യിൽ കരുതി. ‘രാത്രിയല്ലേ.. ഇരുമ്പു കയ്യിലുള്ളതു നല്ലതാ..’ എന്നാണു സോമൻ ചേട്ടൻ അതിനു ന്യായം പറഞ്ഞത്.

ആ സ്ഥലത്തെക്കുറിച്ച് സോമൻ ചേട്ടൻ വാതോരാതെ സംസാരിച്ചു. കാറ്റാടിയന്ത്രത്തെക്കുറിച്ചുപോലും സോമൻ ചേട്ടനു ധാരാളം കാര്യങ്ങൾ പറയാനുണ്ടായിരുന്നു. അതിന്റെ ഒരു ഇതളിന്‌ മൂന്നു ടൺ ഭാരമുണ്ടത്രേ. അതു നാട്ടിയിരിക്കുന്ന തൂൺ പോലത്തെ സ്ട്രക്ചറിന് 20 ടൺ ഭാരവും കാറ്റാടി യന്ത്രത്തിന്റെ ഡൈനാമോ ഉൾക്കൊള്ളുന്ന ഭാഗത്തിന്‌ 12 അടി ഉയരമുണ്ടുപോലും. ഞാൻ ബാംഗ്ളൂരിൽ ഉണ്ടായിരുന്ന നാളുകളിൽ നാട്ടിലേക്കുള്ള യാത്രകൾക്കിടയിൽ ഈ കാറ്റാടികളുടെ ഭാഗങ്ങൾ ഭീമൻ ട്രെയിലറുകളിൽ കേരളം ലക്ഷ്യമാക്കി പോരുന്നതു കണ്ടിട്ടുണ്ട്. കുമളിയിലെയും തൂക്കുപാലത്തെയും ഇടുങ്ങിയ വഴികളിലൂടെ എങ്ങനെ ഇവ സ്ഥലത്തെത്തിക്കും എന്നു ഞാൻ വിസ്മയം പൂണ്ടിട്ടുണ്ട്. കാറ്റാടി വന്നതുകൊണ്ടാണ്‌ ഫാമിനടുത്തുവരെയെങ്കിലും റോഡ് ടാർ ചെയ്തത്. ഈ കഥയെല്ലാം പറഞ്ഞു നടക്കുമ്പോൾ ഞങ്ങൾ കാറ്റുപാറയിലേക്കുള്ള പാതിരാ നടത്തത്തിലായിരുന്നു.

കാറ്റാടിക്കഥ സോമൻ ചേട്ടൻ തുടർന്നു. മൂന്നരക്കോടി രൂപയാണ്‌ കാറ്റാടി യന്ത്രം ഒരെണ്ണം സ്ഥാപിക്കാൻ അന്നു ചെലവു വന്നത്. ഒരെണ്ണത്തിനുള്ള അടിത്തറ ഒരുക്കാൻ തന്നെ 1000 ചാക്ക് സിമന്റും അതിനു പാകത്തിൽ കമ്പിയും മെറ്റലും വേണമത്രേ. ശാന്തമായ രാത്രിയിൽ ഒരു വമ്പൻ കെട്ടിടത്തിന്റെയത്ര ഉയരത്തിൽ നിന്ന്‌ ആ കാറ്റാടി താളാത്മകമായി കറങ്ങുമ്പോൾ ആ രാക്ഷസരൂപം നമ്മിൽ അതു വരെയില്ലാത്ത ഒരു വിഭ്രാന്തി നിറയ്ക്കും. കാറ്റാടിയുടെ വേഗം അറിയണമെങ്കിൽ അതിന്റെ ഇതളിന്റെ തുമ്പിൽ തന്നെ നോക്കിക്കൊണ്ട് നിൽക്കണം. ഒരു ആകാശത്തൊട്ടിലിൽ നോക്കി നില്ക്കുന്നതുപോലെയാണത്. കാറ്റാടികൾക്ക് ഇനിയും അവിടെ നല്ല സാദ്ധ്യതയുള്ളതാണ്‌. എന്നാൽ കമ്പനികൾ പ്രൊജക്റ്റ് ചെയ്യാൻ തയ്യാറാകുന്നില്ല. സ്ഥലവാസികളിൽ നിന്നും ഭൂമി വിലയ്ക്കു വാങ്ങിയിട്ടാണ്‌ കമ്പനികൾ കാറ്റാടി സ്ഥാപിച്ചത്. കോളു തിരിച്ചറിഞ്ഞവർ വല്ലവിധേനയും പട്ടയം ഒക്കെ തരപ്പെടുത്തിയും ഭൂമിവില കുത്തനെ കൂട്ടിയും മാഫിയ കളിച്ചു. നെടുനീളൻ ലീഫുകളും യന്ത്ര ഭാഗങ്ങളും ഭീമൻ ട്രെയിലറുകളിൽ കൊണ്ടുവന്ന്‌ ക്രെയിനുകളുടെ സഹായത്തോടെ ഇറക്കിയപ്പോൾ തൊഴിലാളികൾ സംഘടിച്ചെത്തി നോക്കുകൂലി വാങ്ങി. ചുരുക്കത്തിൽ കേരളത്തിൽ ഇനി കാറ്റാടി സ്ഥാപിക്കണമെങ്കിൽ ഇച്ചിരി പുളിക്കും. അങ്ങനെ കേരളത്തിലെ ബാക്കി കാറ്റു വെറുതേ പാഴായിപ്പോകും. നല്ല കാറ്റുള്ള സീസണിൽ പ്രതിദിനം ഒരു യന്ത്രത്തിൽ നിന്നും 18000-19000 യൂണിറ്റ് കറന്റുണ്ടാക്കി ഗ്രിഡിലേക്കു നൽകും. കാറ്റു കുറവുള്ള സമയത്ത് അത് 7000 വരെയായി ചുരുങ്ങും. ‘കാറ്റു പോയി’ എന്നു പറഞ്ഞാൽ എന്താണെന്നു മനസ്സിലായില്ലേ?

കഥ പറഞ്ഞു പറഞ്ഞ് ഞങ്ങൾ റോഡും കടന്നു നേരേ കിഴക്കോട്ട് വെച്ചു പിടിക്കുകയാണ്‌. ഫാമിന്റെ അതിർത്തിയിൽ ടാറിട്ട റോഡും തീർന്നു. പിന്നെ കുറെ ദൂരം മെറ്റലിട്ട റോഡ്. പിന്നെ കാടോ വഴിയോ വെളിമ്പ്രദേശമോ ഒക്കെ മാറിമാറി വന്നു. റോഡിൽ നിന്നു മാറി നടത്തം തുടങ്ങുമ്പോൾ ഇരുവശവും ഇടതൂർന്ന കുറ്റിക്കാടാണ്‌. വിവിധ വർണ്ണങ്ങളിൽ പൂക്കളുമായി കൊങ്ങിണിയാണ്‌ പടർന്നു നിൽക്കുന്നത്.

“ഇതിലൊക്കെ പാമ്പു കാണുമോ സോമൻ ചേട്ടാ?” എന്ന് സൂര്യൻ ചോദിച്ചപ്പോൾ

“ഏയ് പാമ്പൊന്നും ഇല്ല” എന്നു നിസ്സാരമായി സോമൻ ചേട്ടൻ പറഞ്ഞുവെച്ചു.

മൂന്നുചുവടു മുന്നോട്ടു വെച്ചില്ല, ദേ കെടക്കണു വഴിയരികിൽ ഒരു വളവഴുപ്പൻ(ശംഖുവരയൻ)! അവനെ അവന്റെ വഴിക്കു വിട്ടിട്ട് ഞങ്ങൾ ചെല്ലുമ്പോൾ പാറയുള്ള ഒരു സ്ഥലത്ത് കുറ്റിക്കാടുകളാൽ പാതി ചുറ്റപ്പെട്ട ഒരു കുളം കണ്ടു. മഴക്കാലത്ത് കവിഞ്ഞൊഴുകേണ്ടതാണ്‌. ഇപ്പോൾ നിറഞ്ഞിട്ടുപോലുമില്ല. ശേഷം ചെറിയ ഒരു ഇറക്കം, അത്രേം തന്നെയുള്ള ഒരു കയറ്റം. അവിടെ രണ്ടു കാറ്റാടികളും കൂടി ഉണ്ട്. ആ കാറ്റാടികളുടെ അപ്പുറത്തുകൂടിപ്പോകുന്ന ഒരു ചാൽ ഞങ്ങൾ കണ്ടു. അതാണ്‌ കേരള-തമിഴ്‌നാട് അതിർത്തി. ഈ അതിർത്തി നിർണ്ണയിക്കപ്പെട്ടിരിക്കുന്നത് വളരെ ലളിതമായാണ്‌ - മലയുടെ കിഴക്കോട്ടു ചെരിവുള്ള ഭാഗം തമിഴകം, പടിഞ്ഞാട്ടു ചെരിവുള്ള സ്ഥലം കേരളം. വെള്ളത്തിന്റെ ഒഴുക്ക് എങ്ങോട്ടെന്നതാണ്‌ അതിന്റെ മാനദണ്ഡം.

അതിർത്തി കടന്നതോടെ ഞങ്ങൾ അങ്ങേച്ചെരുവിലായി എന്നു പറയേണ്ടതില്ലല്ലോ. കുറ്റിച്ചെടികൾക്കിടയിലൂടെയുള്ള ഒറ്റയടിപ്പാതയാണ്‌. ഉയർന്നു നിൽക്കുന്ന പൊന്തക്കാടുകൾക്കിടയിലൂടെ തമിഴ്നാടൻ സമതലം ഇടയ്ക്കിടെ കാണാമായിരുന്നു. മുൻപ് രാമക്കൽമേട്ടിൽ നിന്നുകൊണ്ട് ഇങ്ങനെ തമിഴ്നാട്ടിലെ പട്ടണങ്ങളെ രാത്രിയിൽ കണ്ടിട്ടുണ്ട്. അതേ സംഗതി തന്നെ ഇതും.

നിബിഡമായ പൊന്തക്കാടുകൾ ഞങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇപ്പോൾ കുറ്റിച്ചെടികൾക്ക് ആ തഴപ്പില്ല. ഒറ്റയടിപ്പാതകൾ പലതായി പിരിഞ്ഞു പോകുന്നുണ്ട്. പ്രധാനമായും കന്നുകാലികൾ തീറ്റ തേടിപ്പോകുന്ന വഴികളാണവ. ഏകദേശം പതിനഞ്ചു മിനിറ്റേ ആയുള്ളൂ ഞങ്ങൾ നടക്കാൻ തുടങ്ങിയിട്ട്. സാവധാനം ഞങ്ങൾക്കും ചക്രവാളത്തിനും ഇടയിലുള്ള പൊന്തക്കാടുകൾ അപ്രത്യക്ഷമാകാൻ തുടങ്ങി. വഴിയുടെ വലതു വശത്തുകൂടി രണ്ടു മലകൾക്കിടയിലൂടെ തമിഴ്നാട് നീണ്ടു പരന്നു കിടക്കുന്നതു കാണുമാറായി.

അല്പം കൂടി നടന്നപ്പോൾ എന്തോ സംഗതി കാട്ടിത്തരുന്നതിനായി സോമൻ ചേട്ടൻ നിന്നു. ‘ദേ, ഈ കാണുന്നതാണ്‌ കാട്ടു സവാള!’

“ഓഹോ ഇതാണല്ലേ കാട്ടു സവാള!!?” എന്നു ചോദിച്ചുകൊണ്ട് സൂര്യൻ വാക്കത്തി വാങ്ങി ആ ചെടി കുത്തിയിളക്കാൻ ശ്രമിച്ചു. കല്ലും മണ്ണും തറഞ്ഞു കിടന്ന അവിടെ നിന്നും അതു പറിക്കാൻ ശ്രമിക്കവേ സോമൻ ചേട്ടൻ അതിന്റെ ഗുണത്തെ പറ്റി വാചാലനായി. ഇതൊരു മരുന്നാണ്‌ - ആണി രോഗത്തിനുള്ള മരുന്ന്. കാട്ടുസവാളയുടെ കിഴങ്ങു മാന്തിയെടുത്ത് കനലിൽ ചുട്ടെടുക്കണം. വെന്ത സവാള ചൂടോടെ മുറിച്ച് ആണിയുള്ള കാൽപാദം കൊണ്ട് ചൂടുസവാളയിൽ ചവിട്ടി നിന്നാൽ രോഗം മാറുമത്രേ! അല്പം കഷ്ടപ്പെട്ടിട്ടാണെങ്കിലും സൂര്യൻ അതിന്റെ കിഴങ്ങു മാന്തിയെടുത്തു. കടയിൽ നിന്നും വാങ്ങുന്ന സവാളയുടെ അത്ര തന്നെ വലിപ്പം ഉണ്ട്. ഘടനയും അതുപോലൊക്കെ തന്നെ, പക്ഷെ തൂവെള്ള നിറമാണ്‌. അതിന്റെ തൊലി പൊളിച്ചു, ഒരു അല്ലി എടുത്ത് മുറിച്ചു രുചിച്ചു, ഒരു കഷണം എനിക്കും തന്നു. അതു തിന്നാൻ കൊള്ളുകേല എന്നൊക്കെ സോമൻ ചേട്ടൻ ഞങ്ങളോടു പറയുന്നുണ്ടായിരുന്നു. രുചി ചവർപ്പാണെന്നറിഞ്ഞപ്പോൾ ഞങ്ങൾ തന്നെ അതു തുപ്പിക്കളഞ്ഞു - വേണ്ടാരുന്നു എന്ന ഭാവത്തോടെ.

ഇനിയാണു കാഴ്ച. മുന്നിലേക്കു നീണ്ടു പരന്നു കിടക്കുന്ന ഒരു പാറപ്പുറം. കിഴക്കു നിന്നുള്ള കാറ്റ് അപ്പോളേക്കും ഞങ്ങളെ പിടിച്ചുലയ്ക്കുന്ന രീതിയിൽ ശക്തിയാർജ്ജിച്ചിരുന്നു. അല്ല, തോട്ടത്തിൽ ഇത്ര കാറ്റ് അനുഭവപ്പെടാത്തതാണ്‌. പാറയുടെ ഒത്ത മുകളിലെത്തിയപ്പോൾ - സിനിമാ തീയേറ്ററിലെ സ്ക്രീനിൽ ഒരു ചിത്രം തെളിഞ്ഞു വരുന്നതു പോലെ നോക്കെത്താ ദൂരത്തോളം നീണ്ടു പരന്നു കിടക്കുകയാണ്‌ തമിഴ്നാട്‌. പ്രകാശബിന്ദുക്കളുടെ കോളനികൾ പോലെ അങ്ങിങ്ങ് ഓരോ പട്ടണങ്ങൾ. നിർത്താതെ കാറ്റു വീശുന്നു... ഇതാണ്‌ കാറ്റുപാറ!

ഒരു മിനിറ്റു കൊണ്ട് കയ്യും കാതുമൊക്കെ തണുത്തു മരച്ചു. ചെവിയാകെ കാറ്റിന്റെ ഹുങ്കാര ശബ്ദം നിറയുന്നു. പാറയുടെ അങ്ങേച്ചെരുവിൽ കസേരയുടെ ചാരുപോലെ ഉള്ളിലേക്കു കുഴിഞ്ഞ ഒരു ഭാഗമുണ്ട്. ഞങ്ങൾ മൂവരും അവിടെ ചടഞ്ഞിരുന്നു. അവിടം കാറ്റിന്റെ ഒരു നിഴൽ പ്രദേശമാണ്‌. അവിടെയിരുന്നാൽ നമ്മുടെ തലയ്ക്കു മുകളിലൂടെ അത്രയ്ക്കു കാറ്റു വീശുന്നുണ്ടെന്ന് തോന്നുകയേ ഇല്ല. താഴെ കാണുന്ന സ്ഥലങ്ങൾ കമ്പം, തേനി, തേവാരം, പാളയം, കോമ്പൈ തുടങ്ങിയ അതിർത്തി പട്ടണങ്ങളാണ്‌. കാഴ്ചയിൽ എല്ലാം ഒരുപോലെ തോന്നിച്ചു. രാമക്കൽമേടിന്റെ മുകളിൽ കായറിയാൽ മാത്രം കാണാൻ പറ്റുന്നത്ര വിശാലമായ കാഴ്ചയാണ്‌ കാറ്റുപാറയിൽ. രാമക്കൽമേട്ടിലേക്കുള്ള യാത്ര മലകയറ്റവും സാഹസികതയും അപകടവും നിറഞ്ഞതാണെങ്കിൽ ഇവിടെ അത്തരം അപകടം ഒന്നുമില്ല. ഞങ്ങളിരുന്ന പാറയുടെ അങ്ങേയറ്റത്തു നിന്നും വലിയ കൊക്കയാണ്‌, അങ്ങോട്ട് പോകരുതെന്നു മാത്രം. പോകേണ്ട ആവശ്യമില്ല താനും.അധികം പ്രയാസപ്പെടാതെ നടന്നെത്താം എന്നതും ഒരു അനുഗ്രഹമാണ്‌. സഞ്ചാരികൾ അധികം ആരും വരാത്ത ഇടമായതു കൊണ്ട് ഒരു മിഠായിക്കടലാസു പോലും ഇവിടെയില്ല. കന്നുകാലികളുടെ ചാണകം കണ്ടേക്കാം. അതേ സമയം രാമക്കൽമേട്ടിലേക്കു പോകുന്ന വഴിയോരത്തെല്ലാം പ്ലാസ്റ്റിക് കവറുകളും വെള്ളക്കുപ്പികളും കൊണ്ട് നിറഞ്ഞപോലെയായി. ജനം ഇടിച്ചു കയറിയാൽ ഇവിടെയും കുപ്പിയും കവറും ഗ്ലാസുമൊക്കെ നിറയും; അങ്ങനെ ആകാതിരുന്നെങ്കിൽ...

ഞങ്ങൾ ഇരുന്നതിന്റെ വലതു വശത്താണ്‌ രാമക്കൽമേട്. മെട്ടിലെ കുത്തനെ നില്ക്കുന്ന പാറയ്ക്കും കിഴക്കുമാറിയാണ്‌ കാറ്റുപാറ. ഒരു പക്ഷേ ഉയരത്തിലും. ഫാമിന്റെ സമീപത്തു കണ്ട മല ഇപ്പോളും അതേ ഗാംഭീര്യത്തോടെ ഞങ്ങളുടെ ഇടതു വശത്തുണ്ട്. അതിനു മുകളിൽ കയറിയാൽ രാമക്കൽമേട് ഒക്കെ ആകാശത്തു നിന്നു നോക്കിയാൽ എന്ന പോലെ കാണാം. ഫാമിന്റെ സമീപത്തു നിന്നും മൂന്നു മൂന്നര മണിക്കൂർ നടന്നാലേ ആ മലയുടെ മുകളിൽ എത്തിപ്പെടാൻ പറ്റൂ. അത് ശരിക്കും ഒരു ട്രെക്കിങ്ങ് തന്നെയാണ്‌. സോമൻ ചേട്ടന്റെ നേതൃത്വത്തിൽ നമ്മുടെ സഹപ്രവർത്തകർ ഒരിക്കൽ ആ മല കയറി. പിന്നീടാണെങ്കിലും അതിനു മുകളിൽ ഒന്നു കയറണം എന്ന് ഞങ്ങൾ അവിടെ വച്ചു തീരുമാനിച്ചു.

കാറ്റും തണുപ്പും കാരണം വിറയ്ക്കാൻ തുടങ്ങി. എന്നാൽ എത്ര നേരം അവിടെ ഇരുന്നിട്ടും ഒരേ കാഴ്ച തന്നെ കണ്ടിട്ടും മതിവരുന്നുമില്ല. പടിഞ്ഞാറു ലക്ഷ്യമാക്കി അങ്ങു നിന്നും ഒരു വിമാനം വരുന്നുണ്ടായിരുന്നു. ഞങ്ങൾ നന്നേ ഉയരത്തിൽ ആയിരുന്നതു കൊണ്ടോ വിമാനം താഴ്ന്നു പറന്നതു കൊണ്ടോ അതിന്റെ ജനാലകളിലൂടെ വരുന്ന വെളിച്ചം പോലും ഞങ്ങൾക്കു കൃത്യമായി കാണാമായിരുന്നു.

നേരം ഒരു മണിയായി. തണുപ്പിനെ പ്രതിരോധിക്കാൻ ഉടുവസ്ത്രങ്ങളല്ലാതെ ഒന്നും ഞങ്ങൾക്കില്ല. ചെവി മൂടിക്കെട്ടാൻ ഒരു തോർത്തെങ്കിലും കരുതിയിരുന്നെങ്കിൽ അല്പ നേരം കൂടി അവിടെ ഇരിക്കാമായിരുന്നു. ഞങ്ങൾ തിരികെ നടന്നു. ഞങ്ങൾക്കു മുന്നേ കാറ്റു പറന്നു.


വാൽ‌ക്കഷണം : കാറ്റുപാറയിൽ നിന്നും മടങ്ങുമ്പോൾ ഞാൻ മനസ്സിൽ കുറിച്ചു - വൈകാതെ പകൽ സമയത്ത് ഇവിടെയൊന്നു വരണം. ഒക്കെ ഒന്നൂടെ കാണണം. ഫോട്ടോയെടുക്കണം. സർവ്വോപരി ഇങ്ങോട്ടുള്ള വഴി കൂടി പഠിക്കണം. 24/08/2016-ൽ ശ്രീകൃഷ്ണജയന്തിയുടെ അന്ന്‌ ബൈക്കുമെടുത്ത് വീട്ടിൽ നിന്നും ഇറങ്ങി. നെടുംകണ്ടത്തു നിന്നും ജെയ്സൺ സാറിനെയും കൂട്ടി നേരെ കാറ്റുപാറയിൽ വന്നു. അന്നെടുത്ത ഫോട്ടോകളിൽ ചിലതു ചുവടെ :
കാറ്റുപാറയിലേക്കുള്ള വഴിയിൽ കണ്ട ഒരു ക്ടാവ്


മലകൾക്കിടയിലൂടെ കാണുന്ന താഴ്വര


രാമക്കൽ‌മേട്

തമിഴകവും പട്ടണങ്ങളും അവിടുത്തെ കാറ്റാടികളും




തോട്ടങ്ങൾ‌


കാറ്റുപാറയിലെ ഒരു പൂങ്കുല


ചില സ്ഥലവാസികൾ


തലയുയർത്തി നിൽ‌ക്കുന്ന രാമക്കല്ല്‌


അടുത്തുള്ള വലിയ മല

അവിടെ നിന്നുള്ള രാമക്കൽമേടിന്റെ കാഴ്ചയും, വലതു വശത്തെ വലിയ മലയും, തമിഴ്‌നാട്ടിലെ ചുവന്ന മണ്ണുഴുതിട്ട പാടങ്ങളും, മാവും പുളിയും തെങ്ങും നിരന്നു നിൽക്കുന്ന തോട്ടങ്ങളും, കുനുകുനെ കെട്ടിടങ്ങൾ നിറഞ്ഞ പട്ടണങ്ങളും, അവയ്ക്കെല്ലാമപ്പുറം നീല നിഴലുകൾ പോലെ കാണപ്പെട്ട മലനിരകളും, നമ്മളെ തോൽപ്പിക്കാനെന്നവണ്ണം താഴ്വാരത്തു നിറഞ്ഞു നിൽക്കുന്ന ചെറുതും വലുതുമായ നൂറുകണക്കിനു കാറ്റാടികളും ... കാണണമെങ്കിൽ വരൂ, കാറ്റുപാറയ്ക്ക്.. അധികം ആരും അറിയാത്ത കാറ്റിന്റെ രാജവീഥിയിലേക്ക്.

കാറ്റിന്റെ രാജവീഥിയിൽ

നെടുംകണ്ടത്തിനടുത്ത് കാഴ്ചയുടെയും അനുഭൂതികളുടെയും ഇത്രവലിയ ഒരു നിധിയുണ്ടെന്ന് അറിഞ്ഞിരുന്നില്ല - 2016 ആഗസ്റ്റ് മാസം 2--ആം തീയതി അവിടെ ചെല്ലുന്നതു വരെ. നെടുംകണ്ടത്തിനും തൂക്കുപാലത്തിനു സമീപത്തായി സംസ്ഥാനത്തിന്റെ കിഴക്കേ അതിരിനോട് ചേർന്നു കിടക്കുന്ന പുഷ്പക്കണ്ടത്തിനു സമീപമുള്ള കാറ്റുപാറ എന്ന സ്ഥലം. പ്രശസ്തമായ രാമക്കൽമേടിന്റെ അയൽക്കാരനായി വരും ഈ പ്രദേശം.

മാസങ്ങൾക്കു മുൻപേ പറഞ്ഞുറപ്പിച്ചതായിരുന്നു ഈ യാത്രയെക്കുറിച്ച്. ഓഫീസിൽ നിന്നും ഒരു സംഘമായി പോകാനും ഒരു രാത്രി സകല ആഘോഷങ്ങളോടുംകൂടി അവിടെ തങ്ങാനും പദ്ധതിയുണ്ടായിരുന്നു. അതിനായി ഞങ്ങളുടെ സഹപ്രവർത്തകനായ ജെയ്സൺ സാറിന്റെ കെയറോഫിൽ പുഷ്പക്കണ്ടത്ത് ഒരു ചെറിയ തോട്ടവും അതിലൊരു കൊച്ചു വീടും ഉണ്ട്. ഈ കുറിപ്പ് ആ തോട്ടത്തെയും അതിന്റെ ചുറ്റുമുള്ള ചില കാഴ്ചകളെയും പറ്റിയാണ്‌. മുൻപ് ഓഫീസിൽ നിന്നും അവിടെ ക്യാമ്പിങ്ങിനു പോയവരുടെ വിവരണങ്ങളിൽ നിന്നും കാറ്റുപാറ ഞങ്ങളെ വല്ലാതെ കൊതിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു.

പദ്ധതിയിട്ടതുപോലെ കാര്യങ്ങൾ നടന്നില്ല. സംഘമായുള്ള യാത്ര ഓരോരോ കാരണങ്ങൾ കൊണ്ട് നീണ്ടുപോയി. അതുകൊണ്ട് ഞാനും സഹപ്രവർത്തകനും സുഹൃത്തുമായ സൂര്യകമലും കൂടിയാണ്‌ പുഷ്പക്കണ്ടത്തിനു പോയത്. ഓഫീസിൽ നിന്നും തുടങ്ങുന്ന ഇത്തരം അപ്രതീക്ഷിത യാത്രകളിൽ മിക്കവാറും സഹചാരിയാവാറുള്ളത് ഇവനാണ്‌.

അന്ന്‌, ശനിയാഴ്ച ഓഫീസ് കഴിഞ്ഞ് സൂര്യന്റെ ഫോർച്യൂണറിൽ(മാരുതിയെ അവൻ തന്നെ വിളിക്കുന്ന പേര്‌, റിമെംബർ വിമൽകുമാർ ഓഫ് ദിലീപ്) ഞങ്ങൾ ഇരുവരും നെടുംകണ്ടത്തിനു പോയത്. അവിടെ ഞങ്ങളെ കാത്ത് മറ്റൊരു സഹപ്രവർത്തകനായ ഫിലാൽ നിൽപ്പുണ്ടായിരുന്നു. ജെയ്സൺ സറിനെയും കൂട്ടി ഞങ്ങൾ പുഷ്പക്കണ്ടത്തേക്കു തിരിച്ചു. ടൗണിൽ നിന്നും പൊറോട്ടയും ചപ്പാത്തിയും ചിക്കൻ കറിയും കശാപ്പ്ഡ് ചിക്കൻ ഒരെണ്ണവും വാങ്ങിക്കരുതി.

നെടുംകണ്ടത്തു നിന്നും പുഷ്പക്കണ്ടത്തേക്കുള്ള വഴി പരിചയമില്ലാത്തതുകൊണ്ടാവാം സുദീർഘമായി തോന്നി. കുത്തനെയുള്ള കയറ്റങ്ങളും ടാർ ചെയ്ത റോഡിൽ നമ്മെ കുഴപ്പത്തിലാക്കാൻ വേണ്ടി മാത്രം പതിയിരിക്കുന്ന കുഴികളും നന്നേ മറവുള്ള വളവുകളും ഉള്ളതാണ്‌ ആ വഴി. നേരം ഇരുട്ടിയതിനാൽ എതിരേ വരുന്ന വാഹനങ്ങളുടെ സാന്നിദ്ധ്യം ലൈറ്റ് കൊണ്ട് അറിയാൻ പറ്റുന്നുണ്ടായിരുന്നു. ഓരോ വളവുകളിലും പാഞ്ഞിറങ്ങി വരുന്ന ഹൈറേഞ്ചിന്റെ പ്രിയപ്പെട്ട ഡീസൽ ഓട്ടോറിക്ഷയുടെയോ ജീപ്പിന്റെയോ മുന്നിൽ പകച്ചു നിന്നുപോകാതിരിക്കാൻ കരുതലോടെയോ മുന്നോട്ടു പോകാനാകൂ. പോകുന്ന വഴിക്കെല്ലാം ഹൈറേഞ്ചിന്റെ ഭാഷയിൽ സിറ്റി എന്നറിയപ്പെടുന്ന കൊച്ചു കൊച്ചു കവലകൾ കാണാം.

ചില കയറ്റങ്ങളിൽ ഞാൻ സെക്കന്റ് ഗിയറിലേക്കു പുരോഗമിക്കുമ്പോൾ ഫിലാൽ ഇക്ക(അല്ലാഞ്ഞിട്ടും ആ പേരിനോട് ചേർത്ത് ഞങ്ങളങ്ങനെ വിളിച്ചുപോരുന്നു) സെക്കന്റിടണ്ടാ ഇടണ്ടാ എന്നു തിരുത്തിത്തന്നു. അത്ര കഠിനവും ദീർഘവുമാണ്‌ കയറ്റങ്ങൾ. എന്നാലും ഓട്ടോയും കാറും ഓടുകയും ചെയ്യും. നെടുംകണ്ടത്തു നിന്നും ഞങ്ങളുടെ ലക്ഷ്യ സ്ഥാനത്തേക്ക് 250/- രൂപയാണ്‌ ഓട്ടോക്കൂലി. ദൂരം 8-9 കിലോമീറ്ററേ കാണുകയുള്ളൂവെങ്കിലും റോഡിന്റെ അവസ്ഥയും കയറ്റവുമൊക്കെയാണ്‌ ഇത്ര ചാർജ്ജിനു കാരണം.

അവസാനം ലോകത്തിന്റെ നെറുകയിലെന്നപോലെ തോന്നിക്കുന്ന കുന്നിനു മുകളിൽ ഞങ്ങളെത്തി. നീണ്ടുകിടക്കുന്ന ആ മലയുടെ മുകളിൽ കൂടി അത്യാവശ്യം നിരപ്പായ റോഡാണ്‌. മുകളിൽ ചെന്നപ്പോൾ തന്നെ അങ്ങിങ്ങായി ഭീമൻ കാറ്റാടി യന്ത്രങ്ങൾ കറങ്ങുന്നതു കാണാമായിരുന്നു. ഓരോ പറമ്പുകളും തഴച്ചു വളർന്നു നിൽക്കുന്ന ചെമ്പരത്തിവേലി കൊണ്ട് വേർതിരിക്കപ്പെട്ടിരുന്നു എന്നു തോന്നി. 1950-കളിൽ മലയാളത്തിന്റെ കയ്യിൽ നിന്നും ഈ പ്രദേശം തമിഴ്‌നാടിനു പോകാതിരിക്കാൻ വേണ്ടി സൂത്രശാലിയായ പട്ടം താണുപിള്ള തെക്കുനിന്നും കുടുംബങ്ങളെ കൊണ്ടുവന്ന് കുടിയിരുത്തിയ സ്ഥലത്തു പെടുന്നതാണ്‌ ഇതും. അഞ്ചേക്കർ വീതം ഓരോ ബ്ലോക്കുകളായി തിരിച്ച് പട്ടയം കൊടുത്ത് മലയാളി പ്രാതിനിധ്യം ഉറപ്പിച്ച മേഖല ‘പട്ടം കോളനി’ എന്ന്‌ അറിയപെട്ടു. ഹൈറേഞ്ച് കോളനൈസേഷൻ സ്കീം എന്നാണ്‌ ഈ പദ്ധതി അറിയപ്പെട്ടത്. ഇന്നും ഇവിടുത്തെ ഓരോ വീടുകളുടെയും അഡ്രസ്സ് ‘ബ്ലോക്ക് നമ്പർ’ അടിസ്ഥാനത്തിലാണ്‌. മിക്ക കുടുംബങ്ങളുടെയും വേരുകൾ അങ്ങു തെക്കൻ തിരുവിതാംകൂറിലും. ആറു പതിറ്റാണ്ടുകൾക്കിപ്പുറം അന്നു വന്നവരുടെ കൊച്ചുമക്കളാണ്‌ ഇവിടെ ഇന്നത്തെ യുവജനങ്ങൾ.

അതു പോട്ടെ, മലമുകളിലൂടെ പോകുമ്പോൾ വശങ്ങളിലൂടെ
ഇടയ്ക്കിടയ്ക്കു ദൃശ്യമാക്കുന്ന മലയിടുക്കുകളിൽ ഓരോ പ്രകാശ ബിന്ദുക്കൾ കാണാമായിരുന്നു. കാറ്റാടി യന്ത്രങ്ങൾക്ക് ഊർജ്ജം പകരുന്ന കാറ്റ് സദാ വീശിക്കൊണ്ടിരുന്നു. ഞങ്ങൾ മുന്നോട്ടു പോകവേ, കേരളത്തിലെ അവസാനത്തെ കട എന്നു വിശേഷിപ്പിക്കാവുന്ന ഒരു കടയും കഴിഞ്ഞ്, ടാർ റോഡ് തീരുന്നതിനു തൊട്ടു മുൻപ്, മുള കൊണ്ടു പണിത ഒരു ഗേറ്റിനരികെ ഞങ്ങൾ വണ്ടി നിർത്തി. ഞങ്ങൾ നിന്നതിനു പിന്നിലായി ഒരു കാറ്റാടി അതിന്റെ എല്ലാ ഭീകരതയോടും കൂടി വൂഷ് വൂഷ് ശബ്ദത്തോടെ കറങ്ങിക്കൊണ്ടു നിന്നു. മുന്നിലും അല്പം അകലെയായി രണ്ടു കാറ്റാടികൾ കാണാമായിരുന്നു. റോഡിനു വലതു വശത്തേക്കുള്ള മലഞ്ചെരിവിൽ ചെറുതും വലുതുമായി ഇനിയും കുറെയെണ്ണം. കേരളത്തിലെ അവസാനത്തെ കടയെന്നു പറഞ്ഞതു വെറുതെയല്ല, ഞങ്ങൾ നിന്നിടത്തു നിന്നും 500 മീ. പോലുമില്ല കേരള-തമിഴ്‌നാട് അതിർത്തിയിലേക്ക്. അതിനിടയിൽ മറ്റു വീടുകളോ കടകളോ ഒന്നുമില്ല താനും.

ഗേറ്റിനപ്പുറം ഇടതു വശത്തുള്ള കുന്നിൻ ചെരിവിലാണ്‌ ഞങ്ങളുടെ അഭയകേന്ദ്രം. തെളിച്ചിട്ടിരിക്കുന്ന പറമ്പ്. താഴേക്ക്, കല്ലുപാകിയ റോഡ്. ഇടയ്ക്ക് അല്പദൂരം മണ്ണായതു കൊണ്ട് രാത്രി മഴ പെയ്താൽ കാർ തിരിച്ചു കയറ്റാൻ പ്രയാസം ആകുമെന്നതിനാൽ ഗേറ്റിനപ്പുറത്തു തന്നെ കാർ ഇട്ടു. രണ്ടു മിനിറ്റു നടക്കാനേ ഉള്ളൂ. ഞങ്ങൾ നിൽക്കുന്ന കുന്നിന്റെ അയലത്ത് ഒരു ഭീമൻ മലയുണ്ട്. തുറന്ന ആകാശം. സുഖകരമായ കാറ്റ്. അതിശക്തമായ കാറ്റുള്ള സ്ഥലമാണെങ്കിലും അന്നു കാറ്റ് തീരെ ദുർബ്ബലമായിരുന്നു. അവിടെ ചെയ്തു പോരുന്ന കൃഷിയെപ്പറ്റിയെല്ലാം ജെയ്സൺ സറും ഫിലാലിക്കയും ഞങ്ങൾക്കു പറഞ്ഞു തന്നു.

വഴിയുടെ വശങ്ങളിൽ പൂച്ചെടികൾ നട്ടു പിടിപ്പിച്ചിരുന്നു. കപ്പയും മുസംബിയും പാഷൻ ഫ്രൂട്ടുമൊക്കെ ഓരോയിടത്തു വിളഞ്ഞു കിടന്നിരുന്നു. പച്ചക്കറി കൃഷിയൊക്കെ അവസാനിച്ച മട്ടായിരുന്നെങ്കിലും കുറെ ഉരുളകിഴങ്ങ് അവിടെ ഉണ്ടായിരുന്നു. ഈ വർഷം മഴ നന്നേ കുറവായിരുന്നതിനാൽ പുല്ലും കാടുമൊക്കെ നിറഞ്ഞ് ശുഷ്കിച്ചു പോയ ഒരു കുളം ഏറ്റവും താഴെ. ടാർപോളിൻ കൊണ്ടുണ്ടാക്കിയ കുളം രണ്ടെണ്ണം. സിനിമയിലൊക്കെ കാണുന്ന തരത്തിൽ മുന്നിൽ ഉരുളൻ തടികൾ കൊണ്ട് സിറ്റൗട്ട് വേർതിരിച്ച ഇളം പച്ച നിറമുള്ള ഒരു കുഞ്ഞു വീട്. ചട്ടികളിൽ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടികൾ. ഇലച്ചാർത്തും നിറപ്പകിട്ടുമായി നിൽക്കുന്ന വേറെയും ചെടികൾ.

ഞങ്ങളെ സ്വീകരിക്കാൻ അവിടുത്തെ ജോലിക്കാരനായ സോമൻ ചേട്ടൻ നിൽപ്പുണ്ടായിരുന്നു. തീ കായാനുള്ള വിറകു തയ്യാറാക്കുകയായിരുന്നു ഞങ്ങൾ ചെല്ലുമ്പോൾ. പരിചയപ്പെട്ട ശേഷം വേഷം മാറി ഞങ്ങൾ അടുക്കളയിലേക്കു കടന്നു. ചിക്കൻ കഴുകി മസാലയൊക്കെ പുരട്ടി വച്ചപ്പോഴാണ്‌ എണ്ണയില്ല എന്ന സത്യം ഞങ്ങൾ മനസ്സിലാക്കുന്നത്. ഉടൻ തന്നെ സൂര്യനും ഫിലാലിക്കയും കൂടി മുൻപു പറഞ്ഞ കടയിൽ നിന്നും എണ്ണ വാങ്ങിക്കൊണ്ട് വന്നു.

വിശപ്പ് അധികരിച്ചിരുന്നതിനാൽ പൊറോട്ടയും ചിക്കൻ കറിയും കഴിച്ചു തുടങ്ങി. സമാന്തരമായി എണ്ണയിൽ ചിക്കൻ മൊരിയാനും തുടങ്ങി. അപ്പോഴേക്കും സോമൻ ചേട്ടൻ മുറ്റത്തെ നെരിപ്പോടിൽ തീയാളിച്ചു കഴിഞ്ഞു. പിന്നെ ഹൈറേഞ്ചിന്റെ തനതു തണുപ്പിൽ, ചിങ്ങമാസത്തെ പ്രസന്നമായ ആകാശത്തിനു കീഴെ(ഭാഗ്യത്തിന്‌ അന്നു മഴയില്ലാരുന്നു), മെല്ലെ വീശുന്ന കിഴക്കൻ കാറ്റിൽ എരിയുന്ന തീയ്ക്കരികിലിരുന്ന് ഞങ്ങൾ സൊറ പറഞ്ഞു, പാട്ടു പാടി, പഴങ്കഥകൾ കേട്ടു. കനലുകൾക്കുമീതെ കമ്പിയിൽ കോർത്തു കിടന്ന കോഴിക്കഷണങ്ങൾ മെല്ലെ വെന്തു പാകം വന്നു.

ചപ്പാത്തി തൊട്ടില്ല. ചിക്കൻ മിച്ചം വന്നു. വലിയ സംഘത്തെ പ്രതീക്ഷിച്ച ജെയ്സൺ സറിന്റെ മുന്നിൽ ഞങ്ങൾ രണ്ടുപേർ മാത്രം എത്തിയതിന്റെ കുഴപ്പം. നേരം രാത്രി പത്തര കഴിഞ്ഞു. പതിനൊന്നായി. സറിനും ഇക്കായ്ക്കും സ്വഭവനങ്ങളിലേക്കു മടങ്ങിപ്പോകണം. അവരെക്കൊണ്ടുപോകാൻ ഓട്ടോ വന്നു. മനസ്സില്ലാമനസോടെ അവരെ യാത്രയാക്കി. ഞാനും സൂര്യനും സോമൻ ചേട്ടനും മാത്രമായി.

അപ്പോൾ സോമൻ ചേട്ടൻ സ്വന്തം കഥ പറഞ്ഞു. പതിനൊന്നു വയസ്സുള്ളപ്പോൾ അച്ഛനമ്മമാരോടൊപ്പം നെടുമങ്ങാട് നിന്നും ഹൈറേഞ്ചിലേക്കു വന്നതാണ്‌. ഇന്നു അദ്ദേഹത്തിന്‌ 54 വയസ്സുണ്ട്. ഭാര്യയും രണ്ടു മക്കളും ഉണ്ട്. ഒന്നരയേക്കർ സ്ഥലവും അവിടെ ഏലം തുടങ്ങിയ കൃഷികളും ഉണ്ട്. അച്ഛനമ്മമാർ മരിച്ചുപോയി. ഇപ്പോഴും ബന്ധുക്കളെ കാണാൻ വർഷാവർഷം നാട്ടിൽ പോകാറുണ്ട്. വണ്ടിയും വഴിയുമൊന്നും ഇല്ലാത്ത കാലത്ത് നെടുംകണ്ടത്ത് ഒരു മലമൂട്ടിൽ വന്നു കുടിപാർത്ത ഇദ്ദേഹത്തേപ്പോലെ(അതിനും പതിറ്റാണ്ടുകൾക്കുമുൻപു വന്ന) അനേകായിരങ്ങളുടെ കഥ കൂടി എഴുതിയെങ്കിലേ ഹൈറേഞ്ചിന്റെ ചരിത്രം പൂർത്തിയാവുകയുള്ളൂ. ആദ്യകാലത്തു കുടിയേറിയവർ ഒന്നൊന്നായി കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ എഴുതപ്പെടാതെ പോകുന്നത് ഇന്നത്തെ കേരളത്തിന്റെ ഭൂപടത്തിൽ ഉടുമ്പഞ്ചോലയെന്നും ദേവികുളമെന്നും പേരുള്ള രണ്ടു താലൂക്കുകൾ നിലനിൽക്കുന്നതിനു കാരണക്കാരായ ഒരുപറ്റം യുദ്ധവീരന്മാരുടെ കഥ കൂടിയാണ്‌. മണ്ണിനോടും മലമ്പനിയോടും മരണത്തോടും പടവെട്ടി നേടിയ നെഞ്ചുറപ്പുള്ള ആണുങ്ങളുടെയും ജീവിത സമരത്തിൽ മെയ് കൊണ്ട് അദ്ധ്വാനിച്ചും എന്നാൽ കുറവില്ലാതെ കുടുംബം നോക്കിയും പൊറുത്ത അർപ്പണബോധമുള്ള പെണ്ണുങ്ങളുടെയും ചരിത്രം. മറ്റുനാട്ടുകാർക്കും ഇന്നത്തെ തലമുറയിലെ നല്ലൊരുഭാഗത്തിനും ഇപ്പറഞ്ഞത് എന്താണെന്നുപോലും പിടികിട്ടിയേക്കില്ല. ആ.. അതു പോട്ടെ..!


നമ്മുടെ സോമൻ ചേട്ടൻ

സോമൻ ചേട്ടൻ നല്ല മൂഡാണെങ്കിൽ പുള്ളിയേം കൂട്ടി രാത്രിയിൽ കാറ്റുപാറയിൽ പോകണം എന്ന്‌ ജെയ്സൺ സർ രഹസ്യമായി പറഞ്ഞിരുന്നു... (തുടരും)

Monday, September 05, 2016

കുറിഞ്ഞിമല - വാഗമൺ (തുടർച്ച)


പാലായ്ക്ക് ഉപ്പുതറ - വളകോട് - വാഗമൺ റൂട്ടിലാണ്‌ ഞങ്ങൾ പോയത്. കൊടും വളവുകളും കുത്തനെയുള്ള കയറ്റങ്ങളും നിറഞ്ഞ വഴിയാണ്‌. എന്നാൽ തിരക്കു തീരെ ഇല്ല. ഉൾപ്രദേശങ്ങളിലൂടെയാണ്‌ റോഡ് പോകുന്നത്. ചില സ്ഥലങ്ങളിൽ നിന്നാൽ വിശാലമായ തേയിലത്തോട്ടങ്ങളുടെ സുന്ദരക്കാഴ്ചകൾ കാണാം(പശുപ്പാറ).



ഇടയ്ക്ക് ഒന്നു രണ്ടിടത്ത് കാഴ്ച കാണാൻ നിർത്തി. കോട്ടയത്തിനുള്ള ലിമിറ്റഡ് സ്റ്റോപ് ആനവണ്ടിയുടെ മാസ് എൻട്രി അവിടെ നിന്നും കിട്ടിയതാണ്‌. അജയ്ന്റെ വീട്ടിൽ പോവുക എന്നേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വാഗമൺ എത്താറായപ്പോൾ ഒരു പൂതി. സൂയിസൈഡ് പോയിന്റിൽ ഇതു വരെ പോയിട്ടില്ല.. ഇന്നൊന്നു കണ്ടാലോ? എന്തായാലും ഓടി വീട്ടിലേക്കു പോയിട്ട് കാര്യമൊന്നും ഇല്ല. അങ്ങനെ വാഗമൺ ടൗണും കടന്ന് ഏലപ്പാറ റൂട്ടിൽ വെച്ചു പിടിച്ചു. വഴി അവിടവിടെ പൊട്ടിപ്പൊളിഞ്ഞു നാശമായി കിടക്കുകയാണ്‌. പുൽമേടുകളിൽ എത്താനും തിരികെ വരാനും സഞ്ചരിച്ച ദൂരം കണക്കാക്കിയാൽ ഏലപ്പാറ വഴിക്ക് വരുന്നതായിരിക്കണം എളുപ്പമെന്നു തോന്നി.

പ്രശസ്തമായ വാഗമൺ മൊട്ടക്കുന്നുകളുടെ അങ്ങേയറ്റത്തുള്ള ചെരിവിലാണു സൂയിസൈഡ് പോയന്റ്. ടൗണിൽ നിന്നു അങ്ങോട്ടു പോകുന്ന വഴിയിലാണ്‌ പൈൻ കാട്ടിലേക്ക് തിരിയുന്നിടവും. മൊട്ടക്കുന്നുകളുടെ കവാടത്തിൽ ചെന്ന് 50 രൂപ കാറിനും രണ്ടുപേർക്കായി 20 രൂപ പാസും എടുത്ത് ഉള്ളിലേക്കു കടന്നു. മെറ്റലിട്ട റോഡാണ്‌. കമ്പനി ഉണ്ടെങ്കിൽ നടപ്പാണ്‌ സുഖം.

പണ്ടാരാണ്ട് ലാസ്റ്റ് വണ്ടി എപ്പോളും ഉണ്ടെന്നു പറഞ്ഞതു പോലെയാണ്‌ സൂയിസൈഡ് പോയിന്റിന്റെ കാര്യം. പല വഴികളുണ്ട്. മുൻപൊക്കെ പോകാമായിരുന്ന ചില ഇടങ്ങളിലേക്ക് ഇപ്പോൾ പ്രവേശനം തടഞ്ഞിരിക്കുന്നു. ഇടയ്ക്കെങ്ങോ എന്തോ അപകടം ഉണ്ടായത്രേ. യാതൊരു സുരക്ഷാ ക്രമീകരണവും ഇല്ലാത്തതു മാറ്റി നിർത്തിയാൽ സന്ദർശകരുടെ കരുതലില്ലായ്മയും അനാവശ്യ സാഹസികതയും തന്നെയാണ്‌ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അപകടങ്ങൾക്ക് കാരണം. പ്രവേശനം തടഞ്ഞുകൊണ്ട് ബോർഡ് വെച്ചിട്ടുണ്ട്. വേലിയും കെട്ടിയിരിക്കുന്നു.



കുറ്റിച്ചെടികൾക്കിടയിലൂടെ ചില നടപ്പാതകളുണ്ട്. ഇവ അംഗീകൃത വഴികൾ തന്നെയാണ്‌. ഞങ്ങളുടെ ലക്ഷ്യം സൂയിസൈഡ് പോയിന്റ് മാത്രമായിരുന്നതിനാൽ മഞ്ഞ് മുഖം മറച്ചു കളിക്കുന്ന മൊട്ടക്കുന്നുകളിലേക്ക് ഞങ്ങൾ നോക്കിയതേയില്ല. സമയം മൂന്നുമണി കഴിഞ്ഞിരുന്നു. റോഡ് അവസാനിക്കുന്നിടത്ത് വാഹനം നിർത്തിയിട്ട് നടപ്പു തുടങ്ങി. ചാറ്റൽ മഴയും കോടമഞ്ഞും പയ്യെ ശല്യക്കാരായി ഒപ്പം കൂടി.

ഇവിടെ സമയം ഞങ്ങൾക്ക് അനുകൂലമല്ലായിരുന്നു. പത്തു മീറ്റർ മുന്നിലെ കാഴ്ചകളെ പോലും മഞ്ഞ് മറച്ചു. ഫലപ്രാപ്തിയില്ലാത്ത ഒരു യാത്രയാണ്‌ ഞങ്ങൾ നടത്തുന്നതെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. എന്നിട്ടും ആ സ്ഥലമെങ്കിലും ഒന്ന്‌ അറിഞ്ഞിരിക്കണം എന്ന എന്റെ വാശിയിൽ ഞങ്ങൾ നടപ്പു തുടർന്നു.

എതിരെ വന്ന പയ്യന്മാരെല്ലാവരും അട്ടയെപ്പറ്റി മുന്നറിയിപ്പു നല്കി. അതിനാൽ ഞങ്ങൾ വളരെ ശ്രദ്ധിച്ചാണു നടന്നത് - പരമാവധി തെളിഞ്ഞ വഴിയിലൂടെയും അരികിലെ പുൽപ്പടർപ്പിൽ ചവിട്ടാതെയും ഒരിടത്തും നില്ക്കാതെയും(അട്ടയ്ക്ക് കാലിൽ കയറാൻ അവസരം നല്കരുതല്ലോ). വഴിയോരത്തും പുല്പ്പടർപ്പിലും നിന്നു കാഴ്ച കണ്ടവരെയും ഫോട്ടോയ്ക്കു പോസു ചെയ്തവരെയുമാണ്‌ അട്ട കടിച്ചത് എന്നു ഞങ്ങൾ കണക്കുകൂട്ടി. ഒരു ജണ്ടയിൽ കയറി നിന്ന് കാലിൽ കയറിക്കൂടിയ അട്ടകളെ തീപ്പെട്ടിക്കൊള്ളി കൊണ്ട് നേരിടുന്നവരെയും കണ്ടു. ഞങ്ങളുടെ കയ്യിലാണെങ്കിൽ അട്ടയെ നേരിടാൻ തക്കതായി ഒന്നുമില്ല. അതുകൊണ്ടു തന്നെ തെളിഞ്ഞ സ്ഥ്ലങ്ങളിൽ ചെല്ലുമ്പോൾ ഭയത്താൽ ഞങ്ങൾ സ്വന്തം കാലുകൾ പരിശോധിച്ചുകൊണ്ടിരുന്നു.

മലയുടെ അറ്റമെന്നു തോന്നിക്കുന്ന മഞ്ഞു നിറഞ്ഞ ഒരു മുനമ്പിൽ ഞങ്ങൾ നടപ്പ് അവസാനിപ്പിച്ചു. ഒരു കാഴ്ചയും കാണാനാവാതെ, ഒരു ഫോട്ടോ പോലും എടുക്കാനാവാതെ സൂയിസൈഡ് പോയിന്റ് സന്ദർശിച്ചു എന്ന പേരുമായി ഞങ്ങൾ തിരികെ നടന്നു. ഇനി ഇവിടെ വരുന്നെങ്കിൽ മഴയില്ലാത്തപ്പോൾ രാവിലെ വരണം എന്നു മനസ്സിലുറപ്പിച്ചു.

തിരികെ വണ്ടിയിലെത്തി. മുന്നിലെ വലതു ചക്രത്തിന്‌ കാറ്റുകുറവാണ്‌. പഞ്ചറാണ്‌, ട്യൂബ്‌ലെസ് ടയറായതുകൊണ്ട് കാറ്റു പോകാഞ്ഞതാണ്‌. വാഗമൺ ടൗണിലേക്കു പോകുന്ന വഴി പൊലീസ് തടഞ്ഞു. കഴിച്ചിട്ടുണ്ടോ എന്ന പൊലീസുകാരന്റെ ചോദ്യത്തിന്‌ ഞാൻ നിസ്സംശയം ഇല്ല എന്നു മറുപടി നല്കി. അജയ് സ്തബ്ധനായി എന്നെ നോക്കി.

“ഏഹ്.. ലൈസൻസില്ലേ?” പൊലീസുകാരന്റെ മുഖത്ത് അന്ധാളിപ്പ്.

“സോറി, കഴിച്ചിട്ടുണ്ടോ എന്നാ എനിക്കു തിരിഞ്ഞത്.. ലൈസൻസുണ്ട് സർ..“ അയാൾ ചിരിച്ചുകൊണ്ട് ഞങ്ങളെ പോകാൻ അനുവദിച്ചു.

ടൗണിൽ പോയി ടയറും നന്നാക്കി കുശാലായി ചായയും സുഖിയനും കഴിച്ച് ഈരാറ്റുപേട്ട വഴി പാലായ്ക്ക്. മാസ് എൻട്രി നടത്തിയ കെ.എസ്.ആർ.ടി.സി. ചെപ്പുകുളത്തിനു സമീപം തകരാറിലായിക്കിടക്കുന്നു. മാസ് എൻട്രി ഫ്ലോപ്പായി! ഒത്തുകല്യാണത്തിനു കഴിച്ച ഫ്രൈഡ് റൈസിന്റെയും ചിക്കന്റെയും പിടി വിടാഞ്ഞത് ഒന്നു കൊണ്ടു മാത്രമാണ്‌ ഈ യാത്ര നിരാശപ്പെടുത്താഞ്ഞത്. അപ്രതീക്ഷിതമായി നടത്തിയ യാത്രകളിൽ ഒരു ഗുണവും കിട്ടാതെ പോയ ഏക സംഭവവും ഇതു തന്നെ.

കുറിഞ്ഞിമല - വാഗമൺ

2016 ആഗസ്റ്റ് മാസം 12-ആം തീയതി. നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങണം എന്നു വിചാരിച്ചതാണ്‌. ഓരോരോ കാരണങ്ങൾ കൊണ്ട് സാധിച്ചില്ല. എന്നാലും 6 മണി കഴിഞ്ഞപ്പോൾ വീട്ടിൽ വന്നു. കസിൻ അജയ്(കഴിഞ്ഞ പോസ്റ്റിലെ അതേ അജയ്) കട്ടപ്പനയ്ക്ക് വരാമെന്നേറ്റിട്ടുണ്ട്. നിർമ്മലാസിറ്റിയിൽ, കല്യാണത്തണ്ട് മലയിൽ നീലക്കുറിഞ്ഞികൾ പൂത്തിരിക്കുന്നു!

വൈകിട്ട് സുഹൃത്ത് ജോസിന്റെ വീട്ടിൽ പോയി. നരിയമ്പാറയിൽ കാത്തു നിന്നു. പാലയിൽ നിന്നു വന്ന ബസ്സിറങ്ങിയ അജയ്‌നെയും കൂട്ടിയാണു പോയത്. കപ്പബിരിയാണിയും അനുബന്ധങ്ങളും ഉണ്ടായിരുന്നു. നാളെ ജോസിന്റെ സഹോദരി മെർലിന്റെ ഒത്തുകല്യാണമാണ്‌.

13 ശനി.

രാവിലെ കുറ്റീം പറിച്ച് കല്യാണത്തണ്ട് മല കയറാൻ പോയി. കപ്പബിരിയാണിയുടെ ക്ഷീണവും വൈകിയുള്ള ഉറക്കവും സ്വതവേയുള്ള മടിയും കാരണം അല്പം വൈകിയാണ്‌ എണീറ്റത്. അതിനാൽ അല്പം താമസിച്ചു. തൊടുപുഴ - പുളിയന്മല സ്റ്റേറ്റ് ഹൈവേ-33-ൽ കട്ടപ്പനയിൽ നിന്നും ഏകദേശം 8 കി.മീ ഈറ്റുക്കി റൂട്ടിൽ പോയാൽ നിർമലാസിറ്റിയിൽ എതാം. ഇടതു വശത്തേക്കുള്ള അമ്പലം റോഡിലൂടെ അല്പം കയറ്റം കയറിച്ചെല്ലുമ്പോൾ വീണ്ടും മലയുടെ മുകളിലേക്ക് ഒരു മൺ റോഡു കാണാം. നീലക്കുറിഞ്ഞി കാണാൻ സിമ്പിളായിട്ട് അതിലേ പോയാൽ മതി. ഇടുക്കി ഭാഗത്തു നിന്നു വരുന്നവർക്ക് നിർമലാസിറ്റിയിൽ എത്തുന്നതിനു മുൻപേ മറ്റൊരു വഴിയുണ്ട്, എന്നാലും ഇതാവും കൂടുതൽ സൗകര്യപ്രദം എന്നു തോന്നുന്നു. മൺപാത തുടങ്ങുന്നിടത്ത് കാർ ഒതുക്കി ഞാനും അജയും നടക്കാൻ തുടങ്ങി. ക്വാറി വേസ്റ്റ് ഒക്കെയിട്ട് വഴിയിലെ വഴുക്കൽ പ്രതിരോധിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവിടെ ഏതാനും ജീപ്പുകാർ തമ്പടിച്ചിരുന്നു. മുകളിലേക്കു നടന്നു കയറാൻ വയ്യത്തവർക്ക് ടാക്സി വിളിക്കാം. റേറ്റ് ഞങ്ങൾ ചോദിച്ചില്ല.




കുറച്ചു കയറിയാൽ അതൊരു വെറും മൺ റോഡായി മാറും. ഏറ്റവും മുകളിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ചകൾ അപാരം! താഴെ നിർമ്മലാസിറ്റിയും വാഴവരയും ഒരു ചിത്രം പോലെ കിടക്കുന്നു. ഇടുക്കിക്കു നീളുന്ന റോഡിലൂടെ വാഹനങ്ങൾ പോകുന്നതു കാണാം. കട്ടപ്പന ഡയ്‌റി(മില്മ)യുടെ കെട്ടിടം താഴെ ഒരു വ്യവസായശാല പോലെ നിലകൊള്ളുന്നു. കാല്വരി മൗണ്ട്(10-ആം മൈൽ)നിപ്പുറമുള്ള ചെറുകിട തേയിൽത്തോട്ടങ്ങൾ ചിതറിയ പച്ചപ്പരപ്പുകൾ. ഹൈറേഞ്ചിന്റെ സസ്യസമൃദ്ധിക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന വീടുക്കളും ക്രിസ്ത്യൻ പള്ളികളും മറ്റു സ്ഥാപനങ്ങളും. അപ്പുറത്തുള്ള മലനിരകളിൽ പ്രകാശും തോപ്രാംകുടിയും എഴുകുംവയലുമെല്ലാം നിറയുന്നു. പക്ഷേ, ഒരിക്കലും ആ വശത്തേക്കു നോക്കാൻ നമുക്കു തോന്നുകില്ല. ഇങ്ങേച്ചെരുവിൽ അതിലും മനോഹരമായ ചിത്രമല്ലേ വരച്ചിട്ടിരിക്കുന്നത്! തൊട്ടുതാഴെ ഇടുക്കി ജലാശയത്തിന്റെ മനോഹര ദൃശ്യം. അങ്ങിങ്ങു ചെറു തുരുത്തുകളും ശ്യാമഹരിതമായ വനവും അങ്ങകലേക്ക് മേഘങ്ങളെ തൊട്ടുരുമ്മി നില്ക്കുന്ന മലനിരകളും പുൽമേടുകളും. അല്പം ഇടത്തേക്കു മാറി നോക്കിയാൽ ഇരുപതേക്കറും കാഞ്ചിയാറും പരിസരപ്രദേശങ്ങളും. ശരിക്കും ഒരു വിഹഗവീക്ഷണം തന്നെയാണ്‌ അവിടെ നിന്നും കാണുമ്പോൾ. നീലക്കുറിഞ്ഞി നില്ക്കുന്നയിടത്തേക്ക് മലയുടെ മുകളിലൂടെത്തന്നെ നീളുന്ന റോഡുണ്ട്. മലയുടെ ഉച്ചിയിൽ കാടിന്റെ അതിരുകൾ കാണിക്കുന്ന ജണ്ടകൾ കാണാമായിരുന്നു. ജണ്ടയ്ക്ക് ഇപ്പുറമുള്ള സ്ഥലങ്ങളിൽ ധാരാളമായി തീറ്റപ്പുല്ല് കൃഷി ചെയ്തിരുന്നു. മലയുടെ മുകളിൽ ആകെയുള്ള കൃഷി ഇതാണെന്നു തോന്നുന്നു.



റോഡില്ക്കൂടി ഞങ്ങൾ നടന്നു നീങ്ങി. കാർ നിർത്തിയിട്ടിടത്തു നിന്നും ജീപ്പുകൾ മലമ്പാത കയറി വരുന്നുണ്ട്. തുടരെത്തുടരെ ജീപ്പോടി വഴി നിറയെ ചെളി കുഴഞ്ഞു കിടന്നിരുന്നു. കറുത്ത നിറമാണ്‌ ആ മണ്ണിൻ, ഒപ്പം പാടത്തെ ചേറിന്റെ ഗന്ധവും.

നടന്നും ജീപ്പിലുമായി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങൾ അങ്ങോട്ട് എത്തിക്കൊണ്ടിരുന്നു. ബൈക്കുകളിൽ, ആ തെന്നിത്തെറിച്ച് വഴിയിലൂടെ മലമുകളിൽ എത്തിയ സാഹസികരും ഉണ്ടായിരുന്നു.

ചെളി നിറഞ്ഞ റോഡിന്റെ അങ്ങേയറ്റം ഒരു ചെറിയ പാറക്കൂട്ടമാണ്‌. അവിടെ വരെയേ ജീപ്പു ചെല്ലുകയുള്ളൂ. ഞങ്ങൾ കാർ നിർത്തിയിടത്തു നിന്നും ഉദ്ദേശം രണ്ടു കിലോമീറ്റർ കാണും ഇവിടെ വരെ. അവിടെത്തന്നെ ഒറ്റയ്ക്കും കൂട്ടായും നില്ക്കുന്ന കുറിഞ്ഞിച്ചെടികൾ കാണുമാറായി. ജലാശയത്തിന്റെ ഭാഗത്തേക്കുള്ള ചെരിവിലാണ്‌ കൂടുതൽ പൂക്കൾ ഉള്ളത്. ഞങ്ങൾ അപ്പോഴേ പരമാവധി പൂക്കളെ ക്യാമറയിൽ പകർത്താൻ തുടങ്ങിയിരുന്നു. ഇളം വയലറ്റ് നിറത്തിൽ കുലകുലയായി തലനീട്ടി നില്ക്കുന്ന കുറിഞ്ഞിക്കൂട്ടങ്ങൾ. അവിടെ വന്നവരെല്ലാവരും ഒറ്റയ്ക്കും കൂട്ടായും നിന്നു ഫോട്ടോ എടുക്കുന്നു. മൂന്നാറിലെ രാജമലയിൽ ഉള്ളതു പോലെ മല നിറയെ പരവതാനി പോലെ നിരന്നു കാണുന്നില്ലെങ്കിലും ആ മലയിൽ നിറയെ കൂട്ടം കൂട്ടമായി കുറിഞ്ഞികൾ നില്പ്പുണ്ടായിരുന്നു. മൂന്നാറിൽ കാണുന്നന്തിന്റെ ലക്ഷത്തിലൊന്നു പോലും ഇവിടെയില്ല താനും. നീലക്കുറിഞ്ഞിയുടെ നിറസമൃദ്ധി ഒരു ഫ്രെയിമിലേക്കൊതുങ്ങാൻ തക്കവിധം ഒരു കുന്നിന്റെ മുകളിൽ അവ കൂട്ടമായി വിരിഞ്ഞു നില്ക്കുന്നെന്നു മാത്രം.



പക്ഷേ ഇതിന്റെ മനോഹാരിത എന്നു പറയുന്നത് ആ പ്രദേശത്തിന്റെ ഭംഗിയാണ്‌. വെറും പുല്ലും കുറ്റിച്ചെടികളും മാത്രം വളർന്നു നില്ക്കുന്ന മലമുകളിൽ ഒരു നീലവസന്തം, കാടിന്റെ ഹരിതാഭ, ഇടുക്കി റിസർവ്വോയറിന്റെ നീലപ്പരപ്പ്, കുടവിരിച്ചു നില്ക്കുന്ന അനന്ത വിഹായസ്സ്, ഭൂമിയെ മേഘങ്ങളിൽ മുട്ടിക്കുന്ന നെടുങ്കൻ മലനിരകൾ, നിബിഡ വനത്തിനപ്പുറം മാമലകൾ പേറുന്ന പച്ചപ്പുല്മേടുകൾ, ലോകത്തിലെ ഏറ്റവും ശുദ്ധമായ വായു, ഉള്ളം കുളിർപ്പിക്കുന്ന കുസൃതിക്കാറ്റ്... ഇതെല്ലാം ഒരു കാഴ്ചയിൽ സമ്മേളിക്കുന്ന അപൂർവ്വതയാണ്‌ കല്യാണത്തണ്ടിന്റെ സവിശേഷത.


ഒരു നിമിഷം ഒരു ഓയിൽ പെയ്ന്റിങ്ങു പോലെ തെളിയുന്ന ചിത്രം അടുത്ത കാറ്റെത്തിക്കുന്ന മഞ്ഞിനാൽ മുഖപടമിട്ട് തിരശീലയുള്ള ഒരു ജാലകക്കാഴ്ചയുടെ മായാജാലം കാണിക്കും. വെറുതേ അവിടുത്തെ ഒരു കല്ലിൽ ചടഞ്ഞുകൂടി അകലേക്കു നോക്കിയിരുന്നാൽ മേഘസുന്ദരിമാരുടെ അലസനടനം കാണം. അപ്പോഴെല്ലാം കാറ്റ് കുളിരുള്ള കൈകൾ കൊണ്ട് നിങ്ങളെ ഇക്കിളിയാക്കും.

കാഴ്ചകളിലും അനുഭൂതികളിലും മതിമറന്നിരിക്കവേ അപകടം കാറുമൂടുന്നതു കണ്ടു; ജലാശയത്തിനക്കരെ, കാടിന്റെ മുകളിൽ. കാറ്റിന്‌ അല്പം കൂടി വേഗം കൂടി. പ്രസന്നമായി വെയിൽ തൂകി നിന്ന വാനം മിഴി പൂട്ടി. സന്ധ്യയായ പ്രതീതി. അഞ്ചു മിനിറ്റായില്ല, ആദ്യത്തെ തുള്ളി വീണു. കുട വണ്ടിയിൽ തന്നെ വച്ചിട്ടു പോന്നല്ലോ! ക്യാമറ ധൃതിപ്പെട്ട് ബാഗിലാക്കി. കയറി നില്ക്കാൻ ഒരു മരത്തിന്റെ നിഴലു പോലുമില്ല. മഴയെ വൃഥാ തടുക്കാൻ കർചീഫ് തലയിൽ ഇട്ടുകൊണ്ട് പറ്റാവുന്ന വേഗത്തിൽ ഓടി. ഇടയ്ക്കുവെച്ച് മഴയൊന്നു ശമിച്ചെങ്കിലും ഞങ്ങൾ ഇരുവരും പൂർണ്ണമായി നനഞ്ഞു കുതിർന്നു - ഒത്തുകല്യാണം കൂടേണ്ടതാണ്‌.

വണ്ടിയിൽ വന്നുകയറി. പറ്റുന്നതുപോലെ തലയും ദേഹവും തുടച്ചു. മഴ വീണ്ടും കസറാൻ തുടങ്ങുകയാണ്‌. ഹീറ്റർ ഓണാക്കിയിട്ട് നേരെ നരിയമ്പാറ പള്ളിയിലേക്കു വെച്ചു പിടിച്ചു. വഴിനീളെ മഴ കൊലവിളിച്ചുനിന്നു. ഭാഗ്യം അത്ര നേരമെങ്കിലും മഴയുടെ ശല്യമില്ലാതെ കുറിഞ്ഞിമല ആസ്വദിക്കാനൊത്തല്ലോ!


അവിടെയെത്തിയപ്പോളെക്കും ദേഹവും െസ്സുമെല്ലാം ഒരുവിധം ഉണങ്ങിക്കഴിഞ്ഞിരുന്നു. സമയം ഒരുമണി. ഒന്നാം പന്തി വിരുന്ന് തുടങ്ങിയിരുന്നു. ഓഫീസിലെ പരിചയക്കാരെയെല്ലാം കണ്ട് സംസാരിച്ചു നിന്നു. അടുത്ത ട്രിപ്പിനു കഴിക്കാൻ കയറി. ഭക്ഷണ ശെഷം അവിടെ കാണനുള്ളവരെയൊകെ കണ്ടു തീർത്ത് വാഗമൺ വഴി പാലായ്ക്ക്.. എങ്ങനെ ? വാഗമൺ വഴി..