Monday, April 29, 2013

ദി കാർ

കാർ എന്നും ഒരു പട്ടണത്തിൽ നിന്നു മറ്റൊന്നിലേക്കും തിരിച്ചും യാത്ര ചെയ്തിരുന്നു. മിക്കവാറും തന്നെ അതിൽ നാലു പേർ ഉണ്ടാവുമായിരുന്നു. അവരിൽ കാറിന്റെ ഉടമസ്ഥൻ തന്നെയായിരുന്നു വണ്ടി ഓടിച്ചിരുന്നത്.

കാർ സുന്ദരിയായിരുന്നു. അവൾ വൃത്തിയും വെടിപ്പും ഉള്ളവളായിരുന്നു. വെയിലായാലും മഴയായാലും അധികം അഴുക്കും പൊടിയുമില്ലാതെ ചന്തത്തോടെയിരിക്കാൻ അവളുടെ ഉടമസ്ഥൻ ശ്രദ്ധിച്ചുപോന്നിരുന്നു. എന്നും അവൾ യാത്ര പോയിരുന്നത് ഉടമസ്ഥന്റെ ഓഫീസിലേക്കായിരുന്നു. ആ യാത്രകൾ ക്രമേണ കാറും ഇഷ്ടപ്പെട്ടുതുടങ്ങി. ഉടമയുടെ സുഹൃത്തുക്കളായ സഹപ്രവർത്തകരായിരുന്നു കാറിലെ മറ്റു യാത്രക്കാർ. ഓഫീസിലേക്കു പോകുന്ന വഴി ഓരോരുത്തരെയും കയറ്റിക്കൊണ്ടാണു പോവുക. യാത്രയുടെ ഉണർവ്വിലേക്ക് പൂർണ്ണമായും കാർ എത്തുന്നത് ഇവരെല്ലാവരും വന്നതിനു ശേഷമാണ്‌. അപ്പോഴേക്കും കാർ വീതി കുറഞ്ഞ ചെറിയ റോഡിൽ നിന്നും പ്രധാന റോഡിലേക്കു കയറും. അല്പദൂരം അല്പദൂരം പുത്തൻ വഴിയാണ്‌. അല്ലലില്ലാത്ത ആ വഴിയിലൂടെ ഒരു മിനിറ്റു നേരം പോലും സഞ്ചരിക്കും മുൻപേ അത്രയ്ക്കു നല്ലതല്ലാത്ത റോഡായി. എന്നും കാർ ഓർക്കും, ഓടുന്ന വഴി മുഴുവനും ഇതുപോലെ മിനിമിനുത്തതായിരുന്നെങ്കിലോ എന്ന്. എങ്കിലും ഒരു പരാതിയും കാട്ടാതെ അതിന്റെ യാത്ര തുടരും. താണ്ടാനുള്ള വഴികൾ പല നിലവാരത്തിലായിരിക്കുമെന്ന് അറിയാമെങ്കിലും വെറുതേ ഈ മോഹഭംഗം പതിവുയാത്രകളുടെ ഭാഗമായി മാറിയിരിക്കുകയാണ്‌.

പ്രധാന റോഡ് - സ്റ്റേറ്റ് ഹൈവേയിലേക്കു കയറിക്കഴിഞ്ഞാൽ പിന്നെ വാഹനങ്ങളുടെ ഒരു പ്രവാഹമാണ്‌. എന്നുംകൊണ്ട് ഇടമുറിയാതെ വാഹനങ്ങളുണ്ട് എന്നല്ല, ഇതിലേ പോകുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രമമായ വളർച്ച കാറും കാണുന്നതാണ്‌. ഒരേ സമയത്ത് പതിവുള്ള യാത്രയായതുകൊണ്ട് സ്ഥിരം കാണുന്ന ബസ്സുകളും മറ്റു വാഹനങ്ങളും പരിചയക്കാരേപ്പോലെ ആയിക്കഴിഞ്ഞിരിക്കുന്നു. ബസ്സുകളാകട്ടെ, സ്ഥിരമായി കടന്നുപോകുന്നത് ഒരേ സ്ഥലത്തുവെച്ചായിരിക്കും. അപ്പോഴെല്ലാം കാർ ഓർക്കുന്നത് ഇന്നലെയും ഈ ബസ്സു കണ്ടത് ഇതേ സ്ഥലത്തുവെച്ചായിരുന്നല്ലോ എന്നാണ്‌. ഇനി ഏതെങ്കിലും ദിവസം യാത്ര അല്പം വൈകുകയോ നേരത്തെയാവുകയോ ചെയ്താൽ ചിന്ത നേരെ മറിച്ചുമാകും.

ഈ പതിവു സഹയാത്രികർ പരിചയക്കാരെപ്പോലെ ആണെങ്കിലും ഒരേ റോഡിലൂടെ സഞ്ചരിക്കുന്നവർ എന്നല്ലാതെ കാണുമ്പോൾ ആ പരിചയം പ്രകടിപ്പിക്കുകയൊന്നും ചെയ്യില്ല. ഞാനും അവരും താന്താങ്ങളുടെ കാര്യം നോക്കി പരസ്പരം ഒരു ശല്യമോ ഒരു വിഷയം പോലുമോ ആവാതെ അങ്ങനെയങ്ങു പോകും. എന്നാൽ വലിയ സുന്ദരനും മസിൽമാനുമാണെന്ന ഭാവത്തിൽ പോകുന്ന ഒരു വിദ്വാനുണ്ട്- നീലനിറമുള്ള ഒരു ടാങ്കർ ലോറി. അവന്‌ എന്തിന്റെ അഹങ്കാരമാണെന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷേ, അവൻ ആർത്തലച്ച് എതിരേ വരുന്നതുകാണുമ്പോൾ എനിക്കുള്ളിൽ ഭയമാണ്‌. ഒരിക്കൽ ഇവൻ ഒരു ജീപ്പിനെ ഇടിച്ചു തകർത്തിട്ട് അതിലെ യാത്രക്കാർക്ക് സാരമായ പരിക്കുകൾ പറ്റിയതായി ഞാൻ കേട്ടിട്ടുണ്ട്. ദുഷ്ടനാണവൻ. ഞാൻ എന്നും കാണുന്ന മുഖങ്ങളിൽ മറ്റാരെക്കുറിച്ചും എനിക്കൊരു പരാതിയുമില്ല കേട്ടോ.

പിന്നെ, പതിവുയാത്രക്കാരല്ലാത്ത, ദൂരദേശങ്ങളിൽ നിന്നു വരുന്ന ചിലർ എതിരേ പാഞ്ഞടുത്ത് എനിക്കു പോകാനുള്ള വഴിയിൽ കടന്നുകയറി വരാറുണ്ട്. അതും എനിക്കു ഭയമാണ്‌. പരിചയമില്ലാത്ത വഴികളിലൂടെ അത്രയും സാഹസം കാണിക്കരുതെന്ന് അവരോടു പറയാൻ എനിക്കു തോന്നാറുണ്ട്. എങ്ങനെ പറയാനാണ്‌? ധൃതി പിടിച്ചുള്ള ഓട്ടമല്ലേ. കൊടും വളവുകൾ നിറഞ്ഞ എന്റെ സഞ്ചാരപഥത്തിൽ ഇങ്ങനെ പായുന്നത് എത്ര അപകടം പിടിച്ചതാണെന്ന് അവർക്ക് അറിവില്ലാഞ്ഞിട്ടാകുമോ? അല്ല. പലപ്പോഴും എന്റെ വശത്ത് തട്ടാതെയും കൂട്ടിമുട്ടാതെയും ഞാൻ രക്ഷപ്പെട്ടുപോരുന്നത് ദൈവാനുഗ്രഹം കൊണ്ടു മാത്രമാണ്‌. അപ്പോഴെല്ലാം എന്റെയുള്ളിൽ ഉണ്ടാവുന്ന കാളൽ നിങ്ങൾക്കാർക്കും മനസ്സിലാവില്ല. കാരണം ഞാൻ സുരക്ഷിതയായി നിന്നാൽ മാത്രമേ എന്റെയുള്ളിലെ യാത്രികരും സുരക്ഷിതരായിക്കൂ.

എപ്പോഴും തമാശകളും പൊട്ടിച്ചിരികളും കാര്യമായ ചർച്ചകളും കൊണ്ടു നിറഞ്ഞതാണ്‌ എന്റെ യാത്രകൾ. എന്റെ മ്യൂസിക് സിസ്റ്റത്തിന്റെ കാര്യവും രസമാണ്‌. സോൾട്ട് ആൻഡ് പെപ്പർ സിനിമയിലെ കാറിന്റെ പോലെ, അത്ര പഴക്കമൊന്നുമില്ലാത്ത പാട്ടുപെട്ടി ആണെങ്കിലും അപ്രതീക്ഷിതമായി ഓണാവുകയും ഓഫാവുകയും ചെയ്യുന്നത് അതിനെ ബാധിച്ചിരിക്കുന്ന ഒരു രോഗമാണ്‌. ചികിൽസയൊന്നും തുടങ്ങിയിട്ടുമില്ല.

പതിവുയാത്രകളിൽ പ്രധാനപ്പെട്ട ഒരു സംഭവമാണ്‌ ഇന്ധനം നിറയ്ക്കൽ. കൃത്യമായ ഇടവേളകളിൽ ഊഴം വെച്ചാണ്‌ അവർ എന്റെ വയറുനിറയ്ക്കുന്നത്. രസകരമായ മറ്റൊന്നു കൂടിയുണ്ട് - എന്റെ ഉടമയ്ക്ക് കൂടെക്കൂടെ എന്റെ ടയറുകളിലെ കാറ്റ് പരിശോധിച്ചു ബോധ്യപ്പെടണം. ഈയിടെ ടയർ ഒരെണ്ണം മാറ്റിയിട്ടിരുന്നു. അതിന്റെ കാര്യമായാലും ഇതു തന്നെ ഗതി. എന്തുകൊണ്ടാണ്‌ ഇതിങ്ങനെ എന്നറിയില്ല. വല്ല OCDയും ആയിരിക്കും.


നിറയെ മഞ്ഞപ്പൂക്കളുള്ള പേരില്ലാത്ത ആ മരം...

ഓഫീസിൽ പോകുന്നതിന്റെ സുഖമുള്ള ഭാഗം കാട്ടിലൂടെയുള്ള യാത്രയാണ്‌. മഴയാണെങ്കിലും വെയിലാണെങ്കിലും കാട്ടിലൂടെയുള്ള സഞ്ചാരം മനോഹരമാണ്‌. വേനലിൽ വരണ്ടുണങ്ങിയും ഇലകൾ കൊഴിഞ്ഞും നില്ക്കുമ്പോൾ കാടിന്റെ അസ്ഥിപഞ്ജരം ദൃശ്യമാകുന്നു. എന്നാൽ ഈയിടെ ലഭിച്ച വേനൽമഴയ്ക്കു ശേഷം കാടിന്‌ പുതുജീവൻ കൈവന്നിട്ടുണ്ട്. പാതയോരത്തുള്ള ഗുല്മോഹർ മരങ്ങൾ മനോഹരമായി പൂത്തുലഞ്ഞ് ചെങ്കുട ചൂടി നില്ക്കുന്നുണ്ട്. ഒരിക്കൽ കാട്ടിലൂടെ പോന്നുകൊണ്ടിരുന്നപ്പോൾ രാവിലത്തെ ഇളം കാറ്റിൽ ഉലഞ്ഞ നിറയെ മഞ്ഞപ്പൂക്കളുള്ള പേരില്ലാത്ത ആ മരം ഒരു കുടന്നപ്പൂക്കൾ എന്റെ മേലെ ചൊരിഞ്ഞത്. അവയെല്ലാം വിൻഡ് സ്ക്രീനിനു മേലെ വീണ്‌ പലഭാഗങ്ങളിലേക്ക് ചിതറിപ്പോയി. എന്നോട് ഇഷ്ടമുള്ള, എന്നെ എന്നും കാണാനാഗ്രഹിക്കുന്ന ആരോ ഒരാൾ കയ്യില്ക്കരുതിയിരുന്ന പൂക്കൾ വെറുതെ എന്തോ കളിപറഞ്ഞ് എന്റെ നേരെ എറിഞ്ഞിട്ടതു പോലെ. ആ നേരം സ്വയമറിയാതെ, നാണത്തിൽ കുതിർന്ന ഒരു പുളകം എന്നിൽ വിടർന്നെന്നും ആ സുഖം എനിക്കിഷ്ടമാണെന്നും ഞാൻ പറയേണ്ടതുണ്ടോ?

Tuesday, April 23, 2013

സുബ്രഹ്മണ്യനു കിട്ടിയ ശാസനം

നി അച്ചായൻ സ്റ്റൈലിലും നല്ല ഉച്ചത്തിലും സംസാരിക്കുന്ന മഹാരസികനായ ഒരു ജൂനിയർ സൂപ്രണ്ട് ആണ്‌ ഈ കഥ പറഞ്ഞത്. വളരെവളരെ വർഷങ്ങൾക്കു മുൻപ് ഒരു താലൂക്ക് ഓഫീസാണ്‌ രംഗം.

സ്വസ്ഥമനോജ്ഞമായ ആ താലൂക്ക് ഓഫീസിന്റെ അധിപൻ നമ്മുടെ കഥാനായകനായ തഹസിൽദാർ ആകുന്നു. ഒരുനാൾ സുബ്രഹ്മണ്യൻ എന്നു പേരായ ഒരു പാവം നിഷ്കളങ്കൻ സെക്‌ഷൻ ക്ലർക്ക് ഏതോ ഒരു ഫയൽ സംബന്ധിച്ച് സംശയമോ മറ്റോ ചോദിക്കാനായി ബഹു. തഹസിൽദാരുടെ റൂമിലേക്കു ചെല്ലുകയാണ്‌. വാതില്ക്കലെ ഹാഫ് ഡോർ തുറന്ന് മുറിയിലേക്കു കയറാനൊരുമ്പെട്ട സുബ്രഹ്മണ്യൻ അകത്തെ കാഴ്ച കണ്ട് ഞെട്ടിത്തരിച്ചു നിന്നു.

മദ്ധ്യവയസ്കനായ തഹസിൽദാരുടെ മാറിൽ തല ചായ്ച്ച് അർദ്ധനിമീലിത മിഴികളുമായി സ്വയം മറന്ന് പരിരംഭണത്തിൽ പൂണ്ടു നില്ക്കുന്നു യുവതിയും സുന്ദരിയുമായ ടൈപ്പിസ്റ്റ്!! അന്ധാളിച്ചു വാ പൊളിച്ചുനിന്ന സുബ്രഹ്മണ്യൻ ഒരു നിമിഷം കൊണ്ട് സമനില വീണ്ടെടുത്തു. പക്ഷേ സുബ്രഹ്മണ്യന്റെ സാമീപ്യം തിരിച്ചറിഞ്ഞ ആലിംഗനബദ്ധർ പെട്ടെന്നുതന്നെ കുതറിയകന്നു. രംഗം പന്തിയല്ലെന്നു തിരിച്ചറിഞ്ഞ സുബ്രഹ്മണ്യൻ ‘ഞനൊന്നുമറിഞ്ഞില്ലേ’ എന്ന മട്ടിൽ മറ്റു ക്ലർക്കുമാരുടെ ഇരിപ്പിടങ്ങൾക്കരികിലൂടെ സ്വന്തം സ്ഥാനത്തേക്കു നടന്നു. ലാവണ്യവതി ടൈപ്പിസ്റ്റ് കുണുങ്ങിക്കുണുങ്ങി പമ്പ കടന്നു. സംഭവത്തിന്റെ വരും വരാഴിക ഞൊടിയിൽ തിരിച്ചറിഞ്ഞ തഹസിൽദാർ പൊടുന്നനെ തന്റെ റൂമിന്റെ വാതില്ക്കലെത്തി. ഒരു കൈ കൊണ്ട് ഹാഫ് ഡോർ തള്ളിപ്പിടിച്ച് പുറത്തേക്കു നോക്കിയപ്പോൾ സുബ്രഹ്മണ്യൻ സീറ്റിലേക്ക് എത്തുന്നതേയുള്ളു. അതേ നില്പിൽ നിന്നുകൊണ്ട് തഹസിൽദാർ മറ്റേ കൈ ചൂണ്ടി വിളിച്ചു: “സുബ്രഹ്മണ്യാ..”

സുബ്രഹ്മണ്യൻ തിരിഞ്ഞു നോക്കി.

“...ദേ, റവന്യൂ വകുപ്പിന്‌ ആവശ്യത്തിനു ദുഷ്‌പേര്‌ ഇപ്പത്തന്നെയുണ്ട്. ഇനി ‘നീയായിട്ട്’ അതു കൂട്ടരുത്!”

ആഫീസ് കഥകൾക്ക് ഒരാമുഖം

ജോലിസ്ഥലങ്ങളിൽ തമാശകളും കഥകളും ഏറെ അരങ്ങേറുന്ന നാടാണു കേരളം. ഓരോ തൊഴിൽ രംഗങ്ങളിലും അതാതു മേഖലയുമായി ബന്ധപ്പെട്ടതും രസകരവുമായ നിരവധി സംഭവങ്ങൾ ഉണ്ടെങ്കിലും അവയ്ക്കെല്ലാം അതാത് ഓഫീസുകളിൽ ജനിച്ചു മരിക്കാനാണു വിധി. സർക്കാർ ഓഫീസുകളിലെ നർമ്മരംഗങ്ങൾ പലതും മിക്കവാറും അതാത് ഓഫീസുകളുടെ ചുവരുകൾ വിട്ടു പോകാറില്ല. സർക്കാർ ഓഫീസ് പശ്ചാത്തലമായ രസകരസംഭവങ്ങളുടെ സാദ്ധ്യത നമ്മെ ബോദ്ധ്യപ്പെടുത്തിയത് ‘അയാൾ കഥയെഴുതുകയാണ്‌’ എന്ന സിനിമയിലെ കഥാപാത്രം ‘സാഗർ കോട്ടപ്പുറം’ ആണ്‌. സർവീസ് സ്റ്റോറി എഴുതാൻ ഒരു സർക്കാർ ഓഫീസിലേക്കു വരുന്ന അയാളുടെ പ്രതീക്ഷകളിൽ അങ്ങനെ ഒരോഫീസിൽ നിന്നു ലഭിക്കാവുന്ന വിഷയങ്ങളുടെ പട്ടിക നിരന്നു കാണാം.

എല്ലാ ഓഫീസുകളിലും ഏറിയും കുറഞ്ഞും ഇത്തരം എക്സ്ട്രാ കരിക്കുലർ മാറ്റേഴ്സ് ഉണ്ടെന്നതും നമുക്കറിയാം. ഓഫീസുകളിൽ മാത്രമല്ല വ്യാപാരസ്ഥാപങ്ങളിൽ, തൊഴിൽ ശാലകളിൽ, ടാക്സി സ്റ്റാൻഡുകളിൽ... അങ്ങനെയങ്ങനെ. വെജിറ്റേറിയനും നോൺ വെജിറ്റേറിയനുമായി ഇത്തരം കഥകൾ പലതു പരന്നു, പരക്കുന്നു. അവയിൽ ചിലതാണ്‌ ആഫീസ്_കഥകൾ എന്ന ടാഗിൽ ഇവിടെയും. ഈ കഥകളിൽ നേരമ്പോക്കിനായി പടച്ചുണ്ടാക്കിയ കഥകളും മിത്തുകളും പാരവെയ്ക്കാൻ മെനഞ്ഞ പണികളും ഒക്കെയുണ്ട്. പറഞ്ഞത് ഇത്രയേയുള്ളൂ, ഇവയിലെ യാഥാർഥ്യം തിരയാൻ ദയവായി മെനക്കെടരുത്. അതെ, ആഫീസ്_കഥകൾ എന്ന ലേബലിൽ വരുന്ന കുറിപ്പുകളിലെ കഥയും കഥാപാത്രങ്ങളും പേരുകളും സാഹചര്യങ്ങളും തികച്ചും സാങ്കല്പികം മാത്രം!

യൂ ഗോട്ടിറ്റ്, ഹ്?

ആദ്യത്തെ കഥ ഇവിടെ.

Sunday, April 14, 2013

വേനലിനു പറയുവാനുള്ളത്

ഴി കേൾക്കാൻ തുടങ്ങിയിട്ട് നാളുകളേറെ ആയതാണു ഞാൻ. വെയിൽ. ചൂട്. പൊള്ളൽ. ഞാൻ പോലും വെന്തുരുകുകയാണെന്ന് അറിയുന്നില്ല ഇവർ. വേനലിനെ ഉള്ളുപൊള്ളുന്നതു കാണാത്തവർ, അവർ കണ്ണീരിന്റെ ഉപ്പ് എന്തെന്നറിയാത്തവരാണ്‌. കാര്യമറിയാതെ, തേങ്ങുന്ന കുട്ടിയുടെ കണ്ണീരിനെ ശപിക്കുന്നവർ. അല്ലെങ്കിൽ തെറ്റെന്നറിഞ്ഞും ആ കണ്ണീരിനു മറ പിടിക്കുന്നവർ. അതറിയുമ്പോൾ എന്റെയുള്ളു വീണ്ടും പൊള്ളുകയാണ്‌.


Image Courtesy : ourdotcom.com

ഏതാനും വർഷങ്ങൾക്കപ്പുറത്ത്, പച്ചനിറം വാടാത്ത എന്റെ തന്നെ ഓർമ്മകളിൽ എന്റെ വെയിലിനു തീക്ഷ്ണവും വന്യവുമായ ഒരു സൗന്ദര്യമുണ്ടായിരുന്നു. പൊരുതാൻ പ്രേരിപ്പിക്കുന്ന മൽസരബുദ്ധിയുണ്ടായിരുന്നു. എന്നാൽ ഇന്നു ഞാൻ എല്ലാവരുടെയും ബദ്ധശത്രുവായി മാറിയിരിക്കുന്നു. എന്നെ ശത്രുക്കളെന്നു മുദ്രകുത്തുന്നവർ ആരും അറിയുന്നില്ല, ഒരിക്കലും ഞാൻ അവരുടെ ശത്രുവല്ലെന്ന്. അടങ്ങാതെ വാശിപിടിച്ചു കരഞ്ഞുകൊണ്ടേയിരുന്ന കുഞ്ഞിന്റെ വേദനയിലേക്കുള്ള, വാക്കുകളുപയോഗിക്കാത്ത ശ്രദ്ധ ക്ഷണിക്കലുകളായിരുന്നു എന്റെ ഇന്നത്തെ വീര്യത്തിനു മുന്നിൽ നിഷ്‌പ്രഭമായിപ്പോയ പണ്ടത്തെ ചെറുമുള്ളുകൾ എന്ന്. നിരന്തരമായ അവഗണനയുടെ വക്കിൽ നിന്നും നിത്യവറുതിയുടെ അതിരില്ലാമരുഭൂമിയിലേക്ക് അവരും അവരുടെ ലോകവും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന്. എന്റെ വിലാപങ്ങൾക്ക് പനിച്ചൂടിലുരുകുന്ന ഇളം മനസ്സിന്റെ കുളിരുതേടുന്ന തേങ്ങലുണ്ടെന്ന്. എനിക്കും ആറിത്തണുത്തൊന്നുറങ്ങാൻ കൊതിയുണ്ടെന്നും.

ഓരോ ഇലയും വാടിക്കരിഞ്ഞുവീഴുമ്പോൾ അവയെല്ലാം ഓരോ മുന്നറിയിപ്പായിരുന്നെന്ന് ആരും തിരിച്ചറിയാഞ്ഞതെന്തേ? ഓരോ മരത്തിന്റെ കടയിലും മഴു പതിച്ചപ്പോൾ ഊറിയതു മണ്ണിന്റെ ഹൃദയരക്തമായിരുന്നെന്ന് ആരും ശ്രദ്ധിക്കാഞ്ഞതെന്തേ? കരിമ്പായ നീർത്തിയപോലെ വിശാലമായ് പാതയിൽ ഒറ്റയ്ക്കു നടന്നുപോയപ്പോൾ സ്വന്തം നിഴലിനു കുടപിടിക്കുന്ന മരതകഛായകൾ ഇല്ലെന്നതും നീ അറിഞ്ഞുകാണില്ല. എന്നെപ്പിന്നെയും നോവിച്ചുകൊണ്ട് എന്റെ വിയർപ്പുഗ്രന്ഥികൾക്കുമേൽ ഉറപ്പുള്ള കോൺക്രീറ്റിന്റെ കട്ടിയുള്ള പുതപ്പിട്ടു മൂടി. എന്റെ നെഞ്ചിന്റെ ചുടുനിശ്വാസവും നിന്നെ അലോസരപ്പെടുത്തിയപ്പോൾ നീ കൃത്രിമക്കുളിരിന്റെ തടവറകൾ തീർത്തു. ഒരു നിമിഷത്തേക്കെങ്കിലും നീ ആ ചുവരുകൾക്കുള്ളിൽ നിന്നും ഇറങ്ങിവന്ന് ഇത്തിരിത്തണലുള്ള ഒറ്റമരത്തിന്റെ ചോട്ടിലെ തറയിൽ ഒന്നിരുന്നെങ്കിൽ... ഒടുവിൽ സ്വയം മറന്ന് അവിടെ ചാഞ്ഞുറങ്ങിയിരുന്നെങ്കിൽ... ഞാൻ പറഞ്ഞേനെ, എന്റെ ആത്മനൊമ്പരങ്ങളുടെ കഥ. ഇത്രയും നാളും ആരും കേൾക്കാതെപോയ എന്റെ പനിച്ചൂടിന്റെ കഥ.

പക്ഷേ ആരും വന്നില്ല, ആരെയും കണ്ടില്ല. ഒരു ശിശുവിൽ നിന്നും അനുദിനം ഞാൻ മുതിർന്നു വന്നപ്പോൾ ആരും ഒന്നും ചെവിക്കൊണ്ടില്ല. അവഗണന തിന്നു തിന്ന് കണ്ണീരുതോർന്ന എന്റെയുള്ളിലെ ശേഷിച്ച ഈർപ്പവും വറ്റി. എന്റെ ഹൃദയത്തിലേക്ക് ആയിരം സൂചിക്കുത്തുകൾ ആഴ്ത്തിയിറക്കി ഉള്ള ചുടുചോരയും ഊറ്റിയെടുത്തപ്പോൾ നിങ്ങളറിയാതെ ഞാൻ വളരുകയായിരുന്നു. എല്ലാവരും വെറുക്കുന്ന ഒരു വേനലിലേക്ക് വളരുക മാത്രം!

സൂര്യപ്രഭയുടെ മുള്ളുകൾ ഏല്പ്പിക്കുന്ന മുറിവുകൾക്ക് നിങ്ങൾ കാത്തുവെച്ചിരിക്കുന്ന മരുന്നുകൾക്കിന്നു ശക്തിപോരാ. തൊടിയിലെ മാവിൽനിന്നൂർന്നുവീഴുന്ന ചക്കരമാമ്പഴത്തിന്റെ മധുരം കൊതിക്കുന്ന കുട്ടികൾ ഇപ്പോൾ കമ്പ്യൂട്ടർ ക്ലാസ്സിൽ പോയിരിക്കുകയാണ്‌. പുതുതായി വാങ്ങാൻ പോകുന്ന കാറിനു ശയിക്കാൻ ഒരിടമുണ്ടാക്കാൻ ആ മാവിനു ചിലപ്പോൾ ഉടൻ മരണം വരിക്കേണ്ടി വന്നേക്കാം. അപ്പോഴും ഒന്നറിയുക, ഇത്രയും നാളും ഞാൻ പറയാതെ പറഞ്ഞത് - ഞാൻ വളരുകതന്നെയാണ്‌.

-നിങ്ങളുടെ സ്വന്തം വേനൽ.