Saturday, November 17, 2012

ഡാനി

വിചാരിതമായാണ്‌ ആ സഹപ്രവർത്തകന്റെ ഒപ്പം ചെറിയ ഒരു യാത്ര ചെയ്യാൻ സാധിച്ചത്. അദ്ദേഹത്തിന്റെ കാറിലാണു പോവുക എന്നു തീരുമാനിച്ചിരുന്നതിനാൽ ഓഫീസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുള്ള പെൻഡ്രൈവ് ഞാൻ ഒപ്പം കരുതി. അരമണിക്കൂറിൽ താഴെ മാത്രമുള്ള യാത്രയായിരുന്നെങ്കിലും പാട്ടുകേൾക്കാമെന്നു കരുതി. അദ്ദേഹത്തിന്റെ പെൻഡ്രൈവിൽ സിനിമാപ്പാട്ടുകളില്ല, പഴയ ഭക്തിഗാനങ്ങളേയുള്ളൂ.

കാറിൽ കയറിയതു മുതൽ സ്റ്റീരിയോയിൽ ഞാൻ പാട്ടു വെയ്ക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. മിനിറ്റുകളോളം പണിതിട്ടും പാട്ടുമാത്രം കേൾക്കുന്നില്ല. പെൻഡ്രൈവു റീഡാകാത്തതാണോ എന്നായിരുന്നു എന്റെ സംശയം. ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ പെൻഡ്രൈവ് കയ്യിലില്ല താനും. ഒരു പഴഞ്ചൻ ലോക്കൽ സെറ്റാണ്‌ വണ്ടിയിലുള്ളത്. കഴിഞ്ഞ തവണ യാത്ര ചെയ്തപ്പോൾ ഒരു കുഴപ്പവുമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരുന്നതുമാണ്‌. മുന്നോട്ടും പിന്നോട്ടും പലപല സ്വിച്ചുകൾ ഞെക്കിയും പല തവണ ഓഫാക്കിയും ഓണാക്കിയുമെല്ലാം നടന്നു കിട്ടും എന്ന പ്രതീക്ഷയിൽ ഞാൻ സ്റ്റീരിയോ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

ഇതിനിടെ അദ്ദേഹവും സഹായിച്ചെങ്കിലും നടന്നില്ല. സറിന്റെ മകൻ, ഡാനി എന്നാണവന്റെ പേര്‌, അതിൽ പണിതു കേടു വരുത്തിയതാകുമെന്ന് സാർ പറഞ്ഞു. ഇതിനു റിമോട്ട് ഉണ്ടായിരുന്നതാണ്‌. അംഗൻവാടി വിദ്യാർഥിയായ മകൻ ഒക്കെ നശിപ്പിച്ചത്രേ. ആളു ഭയങ്കര കുസൃതിയാണോ എന്നായി എന്റെ ചോദ്യം. അതിനദ്ദേഹം ആണെന്നോ അല്ലെന്നോ മറുപടി പറഞ്ഞില്ല. മൂന്നാലു വയസ്സുള്ള ഒരാൺകുട്ടി ചെയ്തുകൂട്ടുന്നത് എന്തെല്ലാമെന്നു ഊഹിക്കാമല്ലോ.

പയ്യനെ അടിക്കാറുണ്ടൊ എന്നതായി എന്റെ അടുത്ത ചോദ്യം. റോഡിൽ നിന്നു കണ്ണെടുക്കാതെയും സ്വതവേയുള്ള താമസത്തോടെയും ‘ഞാനേ, ഞാൻ കൈ കൊണ്ട് അടിക്കും. ഇടയ്ക്കൊക്കെ. എത്ര പറഞ്ഞുകൊടുത്താലും അവൻ പിന്നെയും അതൊക്കെത്തന്നെ ചെയ്യും..’ ഞങ്ങൾക്കിടയിൽ മൗനത്തിന്റെ ഒരു ചെറിയ മതിൽ അല്പനേരത്തേക്കുയർന്നു നിന്നു. വനത്തിൽ നിന്നും റോഡിലേക്കു നീണ്ടു നില്ക്കുന്ന മരച്ചില്ലകൾ ഇടയ്ക്കെല്ലാം റോഡിൽ ഇരുട്ടിനോടു കിടപിടിക്കുന്ന നിഴൽ വീഴ്ത്തുന്നുണ്ടായിരുന്നു.

സാർ തുടർന്നു. ‘അവനേ... അവനു ചെറുപ്പത്തിൽ ഒരുപാട് അസുഖം വന്നായിരുന്നു. അതുകൊണ്ടൊക്കെയായിരിക്കും കാര്യങ്ങൾ ഒക്കെ പടിച്ചു വരാനും മനസ്സിലാക്കാനും അവനിത്തിരി പ്രയാസമുണ്ട്...’ സാർ പറഞ്ഞതു കൃത്യമായും ഈ വാക്കുകളല്ലായിരുന്നു. പക്ഷേ, ബാല്യത്തിന്റെ പ്രസരിപ്പ് പൂർണ്ണമായും ആ കുട്ടിയിൽ ദൃശ്യമല്ലായിരുന്നിട്ടും മറ്റു ‘കുഴപ്പങ്ങൾ’ ഒന്നുമുള്ള കുട്ടിയല്ല അവനെന്ന് എനിക്ക് അറിയാമായിരുന്നു. കാര്യങ്ങൾ പഠിക്കാനും ഗ്രഹിച്ചു വെയ്ക്കാനും അല്പം ഉൽസാഹക്കുറവുണ്ടെന്നു മനസ്സിലാക്കിയാൽ മതി. ഒരു പക്ഷേ, ഈ കഷ്ടപ്പാടുകളും അസുഖങ്ങളും കടന്നുകിട്ടിയതിൽ നിന്നും ഒരുത്തിരിഞ്ഞുവന്ന സ്നേഹമായിരിക്കാം ആ അച്ഛനെ കുറച്ചുകൂടി ഗൗരവമായി കുട്ടിയെ നിയന്ത്രിക്കുന്നതിൽ നിന്നും ശിക്ഷിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്.

മാത്രമല്ല, മൂത്തതൊരു പെൺകുട്ടിയാണ്‌. അവളേക്കാളുപരി, ഡാനിക്ക് അച്ഛനോട് അടുപ്പം സൂക്ഷിക്കുന്നു. പരമാവധി സമയം അച്ഛനോടൊപ്പം കഴിയാൻ ആഗ്രഹിക്കുകയും ആ താല്പര്യവും അടുപ്പവും പെരുമാറ്റത്തിലെല്ലാം പ്രദർശിപ്പിക്കുകയും ചെയ്യുന്നു ഡാനി.

ഞങ്ങൾ വരുന്ന വഴിക്ക് കടയിൽ വണ്ടി നിർത്തി ഏത്തക്കാ ഉപ്പേരി വാങ്ങി. അതു കാറിന്റെ ഗ്ലൗ ബോക്സിൽ വെച്ചു. പിന്നെ ഡാനി പഠിക്കുന്ന അംഗൻവാടിയിൽ ചെന്ന് അവനെകൂട്ടിക്കൊണ്ടു വന്നു. സർ അവനെ വിളിക്കാനായി ഉള്ളിലേക്കു പോയപ്പോഴും വൃഥാ ഞാൻ സ്റ്റീരിയോ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പിങ്ക് നിറമുള്ള നീൾക്കയ്യൻ ടീ ഷർട്ടും അതേ നിറമുള്ള കോട്ടൺ പാന്റ്സുമിട്ട് ചെറുതും കൗതുകം ജനിപ്പിക്കുന്നതുമായ ഒരു ബാഗും തോളിലിട്ട് സാറിനു മുന്നേ ഡാനി കാറിനടുത്തേക്കു നടന്നുവന്നു. കാറിലിരിക്കുന്ന എന്നെക്കണ്ട് ഒന്നു പകച്ചെങ്കിലും , ‘ഡാനിയുടെ സീറ്റിൽ ഒരങ്കിളിരിക്കുന്നതു കണ്ടോ? ഈ അങ്കിളിനെ നേരത്തെ കണ്ടിട്ടുണ്ടോ?’ എന്ന സറിന്റെ ചോദ്യം ഡാനിയുടെ അപരിചിതത്വം അകറ്റി. നേരത്തെ കണ്ടിട്ടുണ്ടെങ്കിലും ഡാനി ഒന്നും മിണ്ടിയില്ല. തുറന്നുകൊടുത്ത പിൻവാതിലിലൂടെ ഡാനി കയറി. സീറ്റിലിരിക്കാതെ മുൻസീറ്റുകൾക്കിടയിൽ പിടിച്ചുകൊണ്ടുനിന്നു.

‘ഡാനീ..’

സാർ മകനെ വിളിക്കുന്നതു ഞാൻ ആദ്യമായാണ്‌ കേൾക്കുന്നത്. ഈണത്തിൽ നീട്ടിയുള്ള വിളി. ഡാനി വിളി കേട്ടു. ‘മോനെന്താ കഴിച്ചെ?’

‘കഞ്ഞി’ ഉടനെ വന്നു ഉത്തരം.

ഡ്രൈവു ചെയ്യുന്നതിനിടയിൽ ഒരു കാര്യവുമില്ലാതെ, ചിലപ്പോൾ കുട്ടിയോടു സംസാരിക്കാൻ വേണ്ടി മാത്രം സർ കുട്ടിയെ ‘ഡാനീ..’ എന്നു വിളിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം ഡാനി അതേയീണത്തിൽ വിളികേട്ടുകൊണ്ടിരുന്നു.

ഇതുവരെ കണ്ട ഫ്രെയിമുകൾക്ക് ഒരുപക്ഷേ ഡാനിയുടെ രൂപം യോജിച്ചെന്നു വരില്ല. ബാല്യത്തിന്റെ ശ്രദ്ധക്കുറവുകൾ ചുളിച്ചും മുഷിപ്പിച്ചും ഡാനിയുടെ വസ്ത്രങ്ങളെ മോശമാക്കിയിരുന്നു. ഷർട്ടിലെ ഒരു ബട്ടൺ പറിഞ്ഞു പോയിടത്ത് ഒരു സേഫ്റ്റി പിൻ കുത്തിവെച്ചിരുന്നു. മൂക്കളയൊലിച്ചും ഉണങ്ങിപ്പിടിച്ചും മുഖം. മുൻനിരയിലെ രണ്ടു പല്ലുകൾ കേടുവന്നും നിറം മാറിയും അവന്റെ ചിരിക്കും സംസാരത്തിനും ചേരാത്തവിധം വെളിപ്പെട്ടു വന്നു. തൂവാലയായി ഉപയോഗിക്കുന്ന വെളുത്ത തുണി അവൻ അലസമായി ഇടത്തു കയ്യിൽ പിടിച്ചിരുന്നു.

ഞങ്ങൾക്കു തിരികെ ഓഫീസിൽ എത്തണമായിരുന്നു. ഓഫീസ് മുറ്റത്ത് വണ്ടി നിർത്തിക്കൊണ്ട് സർ പറഞ്ഞു - ഞാൻ ഇവനെന്തെങ്കിലും വാങ്ങിക്കൊടുക്കട്ടെ. ഡാനിയെയും കൂട്ടി സർ കാന്റീനിലേക്കു നടന്നു. ഇടയ്ക്ക് തിരികെ വന്ന് എന്നോട് പത്തു രൂപ ചില്ലറ വാങ്ങി. ഡാനിക്ക് ഉള്ളിൽ ശർക്കരയും തേങ്ങയും വെച്ചു വേവിച്ച ‘ഇലയട’ വാങ്ങിക്കൊടുത്തു. ഇലപ്പൊതി അഴിച്ച് ഓരോ കഷണമായി നുള്ളി നുള്ളിയെടുത്ത് ഡാനിയുടെ വായിൽ വെച്ചുകൊടുത്തു.

ഞാൻ ഓഫീസിലെത്തി എന്റെ സീറ്റിലിരിക്കുമ്പോഴും ഡാനി വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടുകയും നടക്കുകയുമെല്ലാം ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്ക് അച്ഛൻ അവനെ വിളിക്കും. ഈണത്തിൽ മധുരം കിനിയുന്ന, നീട്ടിയുള്ള വിളി.

‘ഡാനീ... മോനേ...’

അതേ ഭാവത്തിൽ , വികാരത്തിൽ ലഭിക്കുന്ന സ്നേഹം പണമിട കുറയാതെയുള്ള വിളി കേൾക്കലായി ഡാനി തിരികെ നല്കും.

അപ്പോൾ ഞാൻ ചിന്തിച്ചു. ഇയാൾ മകനെ അടിക്കുമെന്നു പറഞ്ഞതു വെറുതെയായിരിക്കും. ഇവൻ എത്ര തന്നെ കുസൃതി കാണിച്ചാലും എന്തു ദേഷ്യവും ആവിയാകാൻ അവനെ വിളിക്കുമ്പോൾ നല്കുന്ന സ്നേഹമസൃണമായ പ്രതികരണം കേട്ടാൽ മതിയാകും. ഞാൻ പെറുക്കിക്കൂട്ടിയ ഓരോ ന്യായങ്ങളാവാം. അല്ലെങ്കില്പിന്നെ, ഒരിടത്തിരുന്നു ജോലി ചെയ്യാൻ സമ്മതിക്കാത്ത, എത്ര കണ്ട് ഗുണദോഷിച്ചിട്ടും ശിക്ഷിച്ചിട്ടും ഉപകരണങ്ങളും മറ്റും കേടുവരുത്തുന്ന ഡാനിയെ ആ അച്ഛൻ എന്തുകൊണ്ട് ഇത്ര(യധികം) സ്നേഹിക്കുന്നു? കുട്ടിക്കളിയും കെട്ടിപ്പിടുത്തവും പരിലാളനകളുമില്ലാതെ ഒരു വിളിയിലും മറുപടിയിലും കൈമാറ്റം ചെയ്യപ്പെടുന്ന അവർണ്ണനീയമായ സ്നേഹമായി ഡാനിയും അവന്റെ അച്ഛനും എന്റെ മുന്നിൽ അന്നു തെളിയുകയായിരുന്നു!

അല്പനേരം കഴിഞ്ഞ് ഞാൻ ഡാനിയെ ഒന്നു പരീക്ഷിച്ചു. ആരുടെയെങ്കിലും പേരു ചോദിച്ചറിഞ്ഞു വെച്ചാൽ പിന്നീടവൻ മറക്കില്ലെന്ന് സർ എന്നോട് പറഞ്ഞിരുന്നു. ഡാനി വിജയിച്ചു. മഞ്ഞുരുകിത്തീർന്നപ്പോൾ ഡാനി എന്നെ വിളിച്ചു.

‘അങ്കിളേ...’

അതിശയത്തോടെയാണ്‌ ഞാൻ ആ വിളി കേട്ടത്. ഡാനിയെ അച്ഛൻ വിളിക്കുന്ന അതേ സ്നേഹവായ്പോടെ എന്നെ പരിചയപ്പെട്ടിട്ട് മിനിറ്റുകളേ ആയിട്ടുള്ളൂ എന്ന പരിമിതിയില്ലാതെ ഏതോ ഒരു നിമിഷം ഡാനി എന്നെ ഈണത്തിൽ വിളിച്ചു - ‘അങ്കിളേ..’


കാൽവരി മൗണ്ടിന്റെ താഴ്വാരങ്ങളിൽ നിന്നും വീശിയടിച്ച തണുത്ത കാറ്റ് അന്നത്തെ മടക്കയാത്രയിൽ എന്നെ തണുപ്പിച്ചപ്പോൾ ആ അച്ഛന്റെ സ്നേഹാർദ്രമായ വിളിയും ഡാനിയുടെ വിളി കേൾക്കലും അതിലുമുപരിയായി ‘അങ്കിളേ’ എന്ന അവന്റെ വിളിയും എന്റെ മനസ്സിൽ പലവുരു പൊന്തി വന്നു. ഞാൻ എന്നെങ്കിലും എന്റെ കുഞ്ഞിനെ അത്രമേൽ സ്നേഹത്തോടെ വിളിച്ചിട്ടുണ്ടോയെന്ന് ഒന്നു ചിന്തിക്കാൻ അതു ധാരാളമായിരുന്നു. ആ യാത്രയിൽ ഡാനി അവനറിയാതെ എന്നെക്കൊണ്ട് എടുപ്പിച്ച ഒരു തീരുമാനം ഇതായിരുന്നു; ‘ഒരിത്തിരികൂടി സ്നേഹം ചേർത്ത് വിളിക്കാനും വിളി കേൾക്കാനും.’

4 comments:

എം.എസ്. രാജ്‌ | M S Raj said...

"ഡാനിയെ അച്ഛൻ വിളിക്കുന്ന അതേ സ്നേഹവായ്പോടെ എന്നെ പരിചയപ്പെട്ടിട്ട് മിനിറ്റുകളേ ആയിട്ടുള്ളൂ എന്ന പരിമിതിയില്ലാതെ ഏതോ ഒരു നിമിഷം ഡാനി എന്നെ ഈണത്തിൽ വിളിച്ചു - ‘അങ്കിളേ..’ "

Mercy Mohandas said...

enthenkilum kaedu varuthi nnu karuthi kuttikale snehikkaathirikkan aarkka pattuka? Kuttikal oru praayam aakum vare veettile saadhanangal ellam avarkku ethatha oridathu vekkukaye rakshayullu.. (Experience from my nieces.. 2 chettanmarkkum undu oro kunjipenkutti veetham.. Oru rakshem illa........ Pakshe enthu kuruthakkedu kanichalum kurachu kazhiyumbo ulla aa oru chiri kanumbo nammal ellam marakkum )

Anonymous said...

Rajmon chetta adipoli aayittundu..Sherikkum aa snehathinte oru feel varuthan pattiyittundu..

Arun Stephen

എം.എസ്. രാജ്‌ | M S Raj said...

നന്ദി മേഴ്സി, സ്റ്റീവ്!!