ഇപ്പോഴത്തെ തലമുറ അവരുടെ വിദ്യാഭ്യാസത്തിലും തുടർന്നു പാലിച്ചു പോരുന്ന ജീവിതക്രമത്തിലും അനുവർത്തിക്കുന്ന ഒരു അലിഖിത നിയമമുണ്ട്. നാം ജീവിച്ചുപോരുന്ന സമൂഹത്തെയും അതിന്റെ എഴുതപ്പെട്ടിട്ടില്ലാത്ത ചരിത്രത്തെയും കുറിച്ച് സാമാന്യമായി അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങൾ അവഗണിക്കൽ. നിത്യജീവിതത്തിന്റെ വിവിധതലങ്ങളിൽ നിന്ന് അനൗപചാരികമായി ലഭിക്കുന്ന ഇത്തരം അറിവുകൾ ശൈശവം മുതൽ പ്രഫഷണൽ തലം വരെ നീളുന്ന ടൈം ടേബിൾ ചിട്ടയുടെ തള്ളിക്കയറ്റത്തിൽ അന്യം നിന്നു പോകുന്നതിനെ സൂചിപ്പിക്കാനാണ് ഈ കുറിപ്പ്.
പറമ്പും പാടവും തൊടിയും കാവും ഇടവഴിയും പരിചയമുള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും, ഡസൻ കണക്കിനു നിലകൾ കെട്ടിയുയർത്തിയ അപ്പാർട്ടുമെന്റുകളിൽ ബോൺസായ് പോലെ വളർന്നു കായ്ച്ചു പഴുക്കുന്നവർക്കും താന്താങ്ങളുടെ പരിധിയിലും അതിനു പുറത്തേക്കും കണ്ണുപായിച്ചാൽ കാല്ക്കാശിന്റെ അധികച്ചെലവില്ലാതെ അറിയാനും തിരിച്ചറിയാനുമുള്ള ചിലതിലേക്കു ഞാനൊരു വഴിമരുന്നിടാം. ഒന്നുന്തിത്തന്നാൽ സൈക്കിളോടിച്ചു പോകാനുള്ള ആത്മവിശ്വാസമുള്ളവർ പുഞ്ചിരിയോടെ തുടരുക.
ശീർഷകം ഒന്നുകൂടി വായിക്കുമോ?
കമ്മ്യൂണിസ്റ്റ് പച്ചയ്ക്ക് എങ്ങനെ ആ പേരുവന്നു? ഞാൻ കണ്ടു പരിചയിച്ച അതേ ചെടി തന്നെ ആയിരിക്കുമോ നിങ്ങളറിയുന്ന കമ്മ്യൂണിസ്റ്റ്പച്ച? നിങ്ങളുടെ കുട്ടികൾക്ക് അല്ലെങ്കിൽ നിങ്ങളറിയുന്ന ബാലകർക്ക്, കൗമാരക്കാർക്ക് ഏതാണീ ചെടിയെന്ന് (അവർക്കറിയില്ലെങ്കിൽ) ഇനിയൊരവസരത്തിൽ നിങ്ങൾ പറഞ്ഞുകൊടുക്കുമോ? ഇനി അറിയുമെങ്കിൽതന്നെ ‘നിനക്കിതറിയുമോ’ എന്ന് അദ്ഭുതത്തോടെയോ അഭിനന്ദനം കലർന്ന സ്വരത്തിലോ ഒന്നു ചോദിക്കുമോ? കളിക്കളത്തിലെ മണ്ണൊന്നു കയ്യില്പ്പുരണ്ടാൽ ഇൻഫെക്ഷനെക്കുറിച്ചു ‘വറി’ ചെയ്യുന്ന ആഡ്-ബേബീസിനോട് കമ്മ്യൂണിസ്റ്റ് പച്ചയുടെയും വേനപ്പച്ചയുടെയും അല്പം കൂടി ആധികാരികമായൽ തുളസിയിലയുടെയും ചാറ് കളിക്കളത്തിൽ നിന്നുണ്ടാവുന്ന മുറിവുകളിൽ ഇറ്റിക്കുമായിരുന്നെന്ന് പറഞ്ഞുകൊടുക്കുമോ? ‘ഹൗ ഡർട്ടി’ എന്ന പരിഹാസത്തെ പേടിക്കുന്നില്ലെങ്കിൽ മാത്രം.
അവർ വയനാട്ടിലെ മുത്തങ്ങ സമരത്തെക്കുറിച്ച് ഓർക്കുന്നുണ്ടാവുമോ?
മുത്തങ്ങ എന്ന ഒരിനം പുല്ല് ഉണ്ടെന്നും അതിന്റെ മൂട്ടിലെ ചെറിയ കിഴങ്ങ് ഉണക്കിപ്പൊടിച്ച് പാലിൽ ചേർത്ത് ഔഷധമായി കഴിക്കാറുണ്ടെന്നും അവർക്കറിയുമായിരിക്കുമോ? മണ്ണിൽ നിന്നുമിപ്പോൾ പിഴുതെടുത്ത നറുനീണ്ടിയുടെ വേര് പൊട്ടുമ്പോഴത്തെ സുഗന്ധം അവർക്ക് എവിടെ നിന്നെങ്കിലും ഓർത്തെടുക്കാനാവുന്നുണ്ടോ? നഗരത്തിലെ ഫുട്പാത്തിന്റെ ഓരത്ത് വളരുന്ന കൂർത്തുന്തിയ പുല്ലാണ് കുട്ടിക്കഥയിലെ കഴുതച്ചാർ രുചിയോടെ തിന്നതായി വായിച്ച കറുകപ്പുല്ല് എന്ന് അവർ അറിയുന്നുണ്ടാവുമോ?
എ.സി.യുടെ ശീതളിമയിൽ എഫ്.എം.ചാനലിൽ നിന്നുയരുന്ന കൊച്ചുവർത്തമാനവും സംഗീതവും കേട്ട് പരസ്പരം കളിയും കാര്യവും ഒന്നും പറയാതെ പായുമ്പോൾ വഴിയരികിൽ വെളുത്ത അനേകം പൊട്ടുകൾ പോലെയുള്ള പൂക്കളുമായി നില്ക്കുന്ന ചെടി
പാർത്തീനിയം എന്ന വിനാശകാരിയായ സസ്യമാണെന്നു പറഞ്ഞു കൊടുക്കുമോ? അതിലെ പൂമ്പൊടി
അലർജ്ജി, ആസ്ത്മ മുതലായ അസുഖങ്ങൾക്ക് ഇടവരുത്തുമെന്നും. ഈ ചെടി പൂക്കും മുൻപേ വെട്ടി കൂട്ടിയിട്ടു കത്തിച്ചുകളയുന്നതാണ് ഇവയെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. കഴിഞ്ഞ ഒരു പതിറ്റാണ്ടിലാണ് കേരളത്തിലെ പാതയോരങ്ങളിലും വെളിമ്പ്രദേശങ്ങളിലും ഇതിത്രകണ്ടു പെരുകിയത്.
തൊട്ടാൽവാടിയുടെ ഇല കൂമ്പുന്നതു നിങ്ങൾ കൗതുകത്തോടെ നോക്കിയിട്ടില്ലേ? നിങ്ങളുടെ കുട്ടികൾ അതു ചെയ്യുന്നതു കാണുമ്പോൾ എന്താവും നിങ്ങൾക്കു തോന്നുക?
ആ ഫ്ലക്സ് ബോർഡ് തൂക്കിയയോട്ടിരിക്കുന്ന മരമാണു
മഴമരം. സായാഹ്നങ്ങളിൽ ഇലകൂപ്പിയുറങ്ങുന്ന ആ മരത്തിന് എന്തുകൊണ്ടാണ് ആ പേരു കിട്ടിയതെന്ന് അറിയുമോ? അറിയുമെങ്കിൽ എനിക്കും കൂടി ഒന്നു പറഞ്ഞു തരുമോ?
പിന്നെയും നമ്മുടെ പാതയോരങ്ങളിൽ കാണുന്ന ഇലച്ചാർത്തുകൾ നിറഞ്ഞ മരം - വനജ്വാല -
Flame of the forest. അകലെയുള്ള മലകളിൽ, കാടുകളിൽ കൂട്ടമായി തീക്ഷ്ണമായ ചെമപ്പൻ പൂക്കളുമായി ഈ മരം നില്ക്കുമ്പോൾ കാടിനു തീ പിടിച്ചതുപോലെ തോന്നുന്നതു തന്നെയാണ് ഈ പേരിനു നിദാനം. പക്ഷേ ഈ പൂക്കൾ പ്രകൃത്യായുള്ള കൊതുകു നിവാരണികളാണെന്ന് അറിയുമോ? കുമ്പിൾ പോലെ വിടർന്നു നില്ക്കുന്ന ഈ പൂക്കളിൽ തങ്ങിനില്ക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിടുകയും തുടർന്ന് പൂവു വാടിക്കൂമ്പിപ്പോകുമ്പോൾ ലാർവകൾ നശിച്ച് പ്രജനന ചക്രം പൂർത്തിയാക്കാനാവാതെ നശിച്ചുപോവുകയും ചെയ്യുന്നു. കൊതുകിനു മുട്ടയിടാൻ ഒരു സ്പൂൺ വെള്ളം തന്നെ ധാരാളം എന്നറിയാമല്ലോ?
ഓലക്കീറുകൊണ്ട് കാറ്റാടിയുണ്ടാക്കി അതൊന്നു വേഗം കറങ്ങുന്നതു കാണാനായി അതും കയ്യിലേന്തി വേഗമോടി ഉരുണ്ടുവീണ കഥ പറയാനുണ്ടോ നിങ്ങൾക്ക്? പേപ്പർ കൊണ്ട് ഇത്തരത്തിൽ ഒരു കാറ്റാടി ഉണ്ടാക്കാനറിയുമോ? ശീമമുരിക്കിന്റെകായുടെ ഉണങ്ങിയ തൊണ്ടിന്റെ ഒരു പാളി എടുത്ത് (ഫാനിന്റെ ലീഫ് ആകത്തക്ക വിധത്തിൽ) അതിന്റെ നടുവിലൂടെ ഒരു ഈർക്കിൽ കടത്തി അതിന്റെ തന്നെ കുരു ഈർക്കിലിൽ തടയായി ഇട്ടാലും ഒരു രസികൻ കാറ്റാടി ആകുമെന്ന് അറിയുമായിരുന്നോ നിങ്ങൾക്ക്?
ഇതും ഇതിനപ്പുറവും നിങ്ങൾക്കറിയാം. ഇതെല്ലാം നമ്മോടൊപ്പം ഇന്നല്ലെങ്കിൽ നാളെ മണ്ണടിയാതിരിക്കാൻ നമ്മൾ ചെലവാക്കേണ്ടത് ഏതാനും വാക്കുകളും അലസമായി പാഴാക്കുന്ന നിമിഷങ്ങളും.
ഒന്നര പതിറ്റാണ്ടെങ്കിലും മുൻപ് അവധികാരണം സ്കൂളിൽ പോകേണ്ടിയിരുന്നില്ലാത്ത ഒരു സ്വാതന്ത്ര്യദിനത്തിൽ ഞാൻ എന്റെ മുത്തച്ഛനോടുചോദിച്ചു, എങ്ങനെയായിരുന്നു ചാച്ഛാ സ്വാതന്ത്ര്യം കിട്ടിയ ആ ദിവസം? ചാച്ഛൻ അക്കാലത്ത് മുപ്പതുകളിൽ എത്തിയിട്ടുണ്ടായിരിക്കില്ല. ഹൈറേഞ്ചിലേക്കു വരുന്നതു പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ്. എരുമേലിയിലെ സ്വാതന്ത്ര്യപ്പുലരി ചാച്ഛൻ വിവരിച്ചുതന്നു. ജനങ്ങളുടെ മുഖത്തെ ആഹ്ലാദവും നാടുനീളെ ജാഥകളും കൊടിതോരണങ്ങളുമായി ആളുകൾ നടന്നതുമൊക്കെ ഒരു ബ്ലായ്ക്ക് ആന്റ് വൈറ്റ് ചലച്ചിത്രം പോലെ എന്റെ ഉള്ളിലുണ്ട്.
ഓരോ ജന്മവും കഥകളുടെ കൂമ്പാരമാണ്. വെറുതെ പറയുന്ന കൊച്ചുവർത്തമാനങ്ങളിലൂടെ നിങ്ങൾ പകരുന്നത് വലിയ മൂല്യങ്ങളും അറിവുകളുമാകാം. അതുകൊണ്ട് സൂര്യനുകീഴെയുള്ള എല്ലാത്തിനെയും പറ്റി നേരിട്ടുസംസാരിക്കൂ, ഒപ്പം നടക്കുമ്പോൾ കൈവിരൽത്തുമ്പിൽ ഒന്നു പിടിക്കൂ, ഒന്നുമല്ലെങ്കിലും കമ്മ്യൂണിസ്റ്റ് പച്ചയെ എങ്കിലും അവർ തിരിച്ചറിയട്ടെ!