Sunday, July 15, 2012

ഞായറാഴ്ചപ്പണികൾ

ബാംഗ്ലൂരിലെ ഞായറാഴ്ചകൾ വൈകിയുള്ള ഉണരലും തുടർന്നു വൈകി മാത്രം നടക്കുന്ന ദിനചര്യകളും കൊണ്ട് അലസതയുടെ ഉത്തമോദാഹരണങ്ങളായിരുന്നു. നാട്ടിലെത്തിയതിനു ശേഷം സ്വതന്ത്രമായിരുന്ന ഒരു ഞായറാഴ്ചയായിരുന്നു ഇന്ന്. പൊടിപിടിച്ചും മറ്റും അലങ്കോലമായിക്കിടന്നിരുന്ന മുറി ഒന്നു വൃത്തിയാക്കണമെന്നതു മാത്രമായിർന്നു ഇന്നത്തെ ടാർഗറ്റ്.

പത്രം വായിച്ചും ടി.വി. കാണ്ടും കുറെ നേരം പോക്കിയെങ്കിലും ഇർച്ചിക്കറി കൂട്ടി ചക്കപ്പുഴുക്കു കഴിച്ചതിന്റെ മിച്ചം വന്ന ഊർജ്ജത്തിൽ ആ പണി മഴയൊഴിഞ്ഞു നിന്ന ഉച്ചനേരത്തു തന്നെ ചെയ്തേക്കാം എന്നു വെച്ചു. അണ്ടിയോടടുക്കുമ്പോളല്ലേ മാങ്ങയുടെ പുളിപ്പറിയൂ. ഒരു മണിക്കൂറിൽ കൂടുതൽ സമയമെടുക്കില്ല എന്നു കരുതിയിടത്ത് പണിയുടെ സൗകര്യത്തിനു മേശയും കസേരയും ഒന്നു മാറ്റിയിടുകയും അവിടെയും ഇവിടെയുംകിടന്നിരുന്ന പേപ്പറുകളും പ്ലാസ്റ്റിക് കവറുകളും മറ്റ് അല്ലറചില്ലറ സാധനങ്ങളും പെറുക്കിമാറ്റുകയും ചെയ്തപ്പോൾ തന്നെ അരമണിക്കൂർ കാഴിഞ്ഞു. എന്തായലും തീർത്തിട്ടേ ഊണു കഴിക്കുന്നുള്ളൂ എന്നുറച്ചു.

താലമൂടി ഒരു തോർത്തു കെട്ടി. മുഖം മറയ്ക്കുന്ന ഒരു മാസ്ക് ഉണ്ടായിരുന്നത് അണിഞ്ഞു. ചൂലും തൂത്തുവാരി(ഡസ്റ്റ്പാൻ)യുമായി കളത്തിലേക്കിറങ്ങി. മെത്ത എടുത്തുമാറ്റി കട്ടിൽ ചെരിച്ചു വെച്ചു. അതിനടിഭാഗം കണ്ടപ്പോൾ പ്രേതഭവനം പോലെതോന്നിച്ചു. തുടക്കത്തിന്റെ ആവേശം മുഴുവൻ വേണ്ടിയിരുന്നു കട്ടിലേലും അതു കീഴെ തറയിലുമായി ഉണ്ടായിരുന്ന് പൊടിയും ചവറൂം ചിലന്തിവലകളും പൂർണ്ണമായി നീക്കം ചെയ്യാൻ. പണി തുടങ്ങിയതും മുറി നിറയെ പൊടി പറന്നു പരന്നു. പിന്നെ ഭിത്തി നാലു വശവും, സീലിങ്ങിനോട് ചേർന്നുള്ളയിടം, വയറിങ്ങ് പൈപ്പ്, ലാമ്പ് ഷേഡ്, വാതില്പ്പാളികൾ. ഒരു വിധം പൊടിയും അഴുക്കുമെല്ലാം താഴെയെത്തി. ഇനിയുള്ളതാണ്‌ ഏറ്റവുമ്പ്രധാനം. അലമാരയുടെ പരിസരങ്ങളും ജനലും. അലമാരയുടെ അടിയിലും കട്ടിലിന്റെ കീഴിലെന്നപോലെ പൊടി ഉണ്ടായിരുന്നു. എങ്ങുനിന്നൊക്കെയോ എത്തിപ്പെട്ട് ആ രണാങ്കണത്തിലൂടെ പ്രാണരക്ഷാർഥം ഓടിയ ചിലന്തികളെയെല്ലാം ഞാൻ വകവരുത്തി. ഒരൊറ്റ പാറ്റയെപ്പോലും കാണാഞ്ഞത് അതേ സമയം കൗതുകവുമുണർത്തി.

ഇനിയാണു ജനലുകൾ. ഞങ്ങളെയൊന്നു പെയിന്റടിക്കൂ എന്നു കാണുമ്പോഴെല്ലാം അവർ പൊടിപിടിച്ച മുഖമുയർത്തി ചോദിക്കാറുണ്ട്. മറയിടുന്ന നീലവിരികൾ അലക്കണം. ഏതായലും ഇന്നു വേണ്ട. ഇരുവശത്തുമുള്ള ജനലുകൾ തുറന്നിട്ട് വിശദമായി വൃത്തിയാക്കി. കമ്പികളിൽ പറ്റിയിരിക്കുന്ന പൊടി ചൂൽ പ്രയോഗം കൊണ്ടുമാത്രം പൂർണ്ണമാവില്ല. കൂടാതെ പാളിയുടെ കോണുകളിലും. അവ പുറമേ നിന്നും വൃത്തിയാക്കേണ്ടി വരും. അകം തീർത്തു പുറത്തേക്കിറങ്ങി. ബ്രഷ് പോലത്തെ ഒരു സംഗതിയുണ്ടായിരുന്നതു നോക്കിയിട്ടു കണ്ടില്ല. ഒടുക്കം പഴയതും സാമാന്യം വലുതുമായ ഒരു പെയിന്റിങ്ങ് ബ്രഷ് കിട്ടി. പുറത്തു നിന്നും ജനല്ക്കാമ്പികളിൽ പിടിച്ചുനിന്ന് ഓരോ അഴികളും പാളികളുടെ ഓരോ വശത്തെയും മുക്കും മൂലയും വൃത്തിയാക്കി. ജനല്പ്പാളികളും ചില്ലുകളും ഒന്നു കഴുകുക കൂടി ചെയ്യേണ്ടതാണ്‌, ന്യായമായും. പക്ഷേ ഇന്നു പൊടിയോടും ചിലന്തിവലയോടും മാത്രം യുദ്ധം ചെയ്യാനുള്ള വകുപ്പേ ഉള്ളൂ. മൂന്നും രണ്ടും അഞ്ചു ജനല്പ്പാളികൾ വൃത്തിയാക്കി ഞാൻ വീണ്ടും അകത്തേക്ക്.

അടിച്ചുവാരിയിട്ടതെല്ലാം കോരി പാത്രത്തിലാക്കി. ആദ്യം വാരിക്കളഞ്ഞ ചവറിന്റെ ഒപ്പമിട്ട് കയ്യോടെ കത്തിച്ചു കളഞ്ഞു. ഒന്നു തൃപ്തി വരാൻ രണ്ടുവട്ടം പിന്നെയും അടിച്ചു വാരേണ്ടി വന്നു. അവസാനം കട്ടിലും മെത്തയും മേശയും കസേരയുമെല്ലാം യഥാസ്ഥനത്തു തന്നെ ക്രമീകരിച്ചപ്പോൾ പ്രകടമായ വ്യത്യാസമൊന്നും എനിക്കു തന്നെ തോന്നാഞ്ഞത് അല്പം നിരാശനാക്കി. പിന്നെ ഇങ്ങനെ ആശ്വസിച്ചു. - ഒളിഞ്ഞിരുന്ന അഴുക്കും പൊടിയുമല്ലേ കളഞ്ഞത്. എല്ലാം കഴിഞ്ഞപ്പോൾ ഒരു ചാറ്റൽ മഴയുടെ നിഴൽ മുറ്റത്തു വീണു. എന്തായലും മാസ്ക് രക്ഷിച്ചു, ഒന്നു പോലും തുമ്മിയില്ല. ചോറുണ്ണാനിരുന്നപ്പോൾ സമയം മൂന്നേകാൽ.

തറ ഇപ്പോഴും തറയാണ്‌. തേച്ചു കഴുകേണ്ടതായിരുന്നു. ഇന്ന് അതും കൂടിയായാൽ ആർഭാടമായിപ്പോകും. പുറത്തുപോയ അമ്മ തിരിച്ചു വരുമ്പോൾ അത്രയൊക്കെ കണ്ടാൽ വല്ല ആപത്തു പിണയാനും മതി. വസ്തുക്കളെല്ലാം പഴയപടി. നീലവിരികൾ ഒതുക്കി വെച്ച് വിശാലമായ ലോകത്തേക്ക് ജനല്പ്പാളികളെ തുറന്നു തന്നെയിട്ടു. അതിനു ചരെയിട്ട മേശയിലാണ്‌ ഈ കുറിപ്പ് എഴുതപ്പെടുന്നത്.

മുറ്റത്തെ തൊഴുത്തിൽ പശുവിന്റെയും കിടാവിന്റെയും കനത്ത നിശ്വാസങ്ങളും ആടുകളുടെ ബാഹളങ്ങളും മുറ്റത്തുകൂടിത്തന്നെ എന്റെ കാതിലെത്തുന്നു. പറമ്പിന്റെകിഴക്കേ മൂലയ്ക്ക് മരങ്ങൾ ഏറെയുള്ള ഭാഗത്ത് കുറേ ഓലേഞ്ഞാലിക്കിളികൾ കലപില കൂട്ടുന്നുണ്ട്. മുറ്റത്തിനടുത്തുള്ള പ്ലാവിൽ നിന്നാവണം ഒരു ഉപ്പൻ ചിലയ്ക്കുന്നു. കരിയിലപ്പിടകൾ. പേരറിയാത്ത ഏതെല്ലാമോ കിളികൾ. കാട്ടുമൈനകളുടെ ഉച്ചസ്ഥായി സംഘമായി ഉയരേണ്ടതാണ്‌. രാവിലെ ഉണ്ടായിരുന്നു. മുറ്റത്തെ കോണിൽ നിരയായി വിരിഞ്ഞു നില്ക്കുന്ന ഡാലിയപ്പൂക്കൾ ഈയിരിപ്പിൽ എനിക്കു കാണാം. പ്ലാവിന്റെയും കാറ്റാടിമരങ്ങളുടെയും ഏലത്തിന്റെയും കൊടി(കുരുമുളകുചെടി)കളുടെയും ഗാഢഹരിതാഭ നുകരാം. ചെത്തിച്ചെടിയിലെ ശേഷിക്കുന്ന മൂന്നുകുലയിലെ മുത്തശ്ശിപ്പൂക്കൾ ഓരോ ദിവസവും എത്ര കണ്ടു കൊഴിഞ്ഞെന്നു നോക്കാം. പകൽ മായും മുൻപേ മൂളിപ്പറന്നുവരുന്ന കൊതുകുകളെ ഭയന്നു ജനലുകൾ ചേർത്തടയ്ക്കണമെങ്കിലും.

എല്ലാത്തിനും മേലേ, എന്റെ എന്നത്തെയും ഫാന്റസിയായ നീലവിരിയിട്ട ചില്ലുജാലകത്തിനിപ്പുറമിരുന്ന് കരിങ്കർക്കിടകത്തിൽ പെയ്യുന്ന മഴയിലേക്കു കണ്ണുനട്ടിരിക്കാമല്ലോ, പൊടിയെ പേടിക്കാതെ.

2 comments:

  1. ...oru rajmon kurippu...veendum vaayikkaan kazhinjathil orupaadu santhosham...
    oru gap-nu sesham veendum malayalam vaayikkaan thudangunnathu eppozhum thaangalude ezhuthil ninnaanu ennullathu enikku valare kauthukam thonni
    vijay...manassilaayo? vijay sankar vasudevan

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'