Saturday, February 04, 2012

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 3

ബ്ലോഗര്‍ക്കങ്ങനെ ക്ഷീണമൊന്നും കാണാനില്ല. വന്നപാടെ വേഷോം മാറി പത്രത്തിലും ടി.വി.യിലുമൊക്കെ ഒന്നു കണ്ണുപായിച്ച്‌ ഇതിനിടെ മൂപ്പിലാന്‍ പല്ലും തേച്ചു, ചായേം കുടിച്ചു. ഞങ്ങള്‍ക്കാണെങ്കില്‍ തണുത്തിട്ടു തറയില്‍ കാലുകുത്താന്‍ വയ്യ. കസേരയിലിരുന്നാല്‍ കട്ടിലില്‍ ഇരിക്കാന്‍ തോന്നും. കട്ടിലില്‍ ഇരുന്നാല്‍ കിടക്കാന്‍ തോന്നും. കിടന്നാല്‍ പുതയ്‌ക്കാന്‍ തോന്നും.

അങ്ങനെ നിക്കുമ്പോളാണു ബ്ലോഗര്‍ പറേണത്‌ കുളിക്കാന്‍. ഞങ്ങ എല്ലാരും മുഖത്തോടു മുഖം നോക്കി. ഇനി ഇവിടെ കുളിച്ചിട്ടു വന്നാലേ ഭക്ഷണം വിളമ്പത്തൊള്ളോ? അല്ല, ഓരോയിടത്തും ഓരോ രീതികളായിരിക്കുമല്ലോ! ഒന്നു രണ്ടു തവണ ബ്ലോഗര്‍ പറഞ്ഞു: "എന്നാ ഓരോരുത്തരായി റൊട്ടൈന്‍സ്‌ ഒക്കെ നടത്തിക്കോളൂ. ഒരു ബാത്‌റൂം ദാ ഇവിടെ, വേറൊരെണ്ണം ദാണ്ടവിടെ.."
പൊതുവേ എല്ലാര്‍ക്കും ഒരു നിസ്സംഗത ആയിരുന്നു അതു കേട്ടപ്പോള്‍. പ്രതിഷേധസൂചകമായി ശരീരത്തിലെ ഓരോ രോമവും എഴുന്നേറ്റു നിന്നു സഭ സ്‌തംഭിപ്പിച്ചു. ബ്ലോഗര്‍ക്കു കാര്യം മനസ്സിലായി. "ചൂടുവെള്ളം വേണംന്നുള്ളോര്‍ക്ക്‌ വെള്ളം ചൂടാക്കുന്നുണ്ട്‌..." ഇതു കേട്ടപ്പോള്‍ പകുതി തണുപ്പു മാറി. എന്നാലും ആ പറച്ചിലേ - ചൂടുവെള്ളം വേണംന്നുള്ളോര്‍ക്കു പോലും! കുളിക്കാനേ തോന്നുന്നില്ല, അപ്പോഴല്ലേ പച്ചവെള്ളത്തിലെ കുളി. ഒരുത്തനും പച്ചവെള്ളത്തില്‍ കുളിക്കാനുള്ള സ്റ്റാമിന ഇല്ലെന്നു കണ്ട ബ്ലോഗര്‍ ക്രൂരമായ ഒരു ആനന്ദത്തോടെ എന്നാല്‍ ഞാന്‍ കുളിച്ചേച്ചും വരാം എന്നും പറഞ്ഞ്‌ ഒരു തോര്‍ത്തുമെടുത്ത്‌ അന്റാര്‍ട്ടിക്കേല്‍ പോയാലും ഞാന്‍ പച്ചവെള്ളത്തിലേ കുളിക്കൂ എന്ന ഭാവം വിരിയുന്ന ഒരു നോട്ടം ഞങ്ങളുടെ നേരേ എറിഞ്ഞിട്ടു പോയി.

അടുക്കളയില്‍ നിന്നാണെങ്കില്‍ എന്തെല്ലാമോ ശബ്‌ദങ്ങള്‍ കേള്‍ക്കുന്നുണ്ട്‌. ചീനച്ചട്ടിയില്‍ കടുകു വറക്കുന്നതിന്റെ മണവും എന്തോ ഇളക്കിമറിക്കുമ്പോള്‍ ചട്ടുകം ചീനച്ചട്ടിയില്‍ തട്ടിയുണ്ടാകുന്ന മണിനാദവും പിന്നെയും എന്തെല്ലാമോ രുചിയും മണവും വര്‍ണ്ണവുമാകുന്നതിനിടയില്‍ ആവിയായി പൊങ്ങുന്നതിന്റെ നേര്‍ത്ത വാസനയും... കുളിയൊന്നു കഴിഞ്ഞുകിട്ടുന്നതുവരെ ആമാശയത്തെ ഒന്നടക്കിയിരുത്താന്‍ ഞങ്ങള്‍ പെട്ട പാട്‌!

അന്നും ബ്ലോഗര്‍ തണുത്തവെള്ളത്തിലാണു കുളിച്ചത്‌. കുളിമുറിയില്‍ ആദ്യത്തെ വെള്ളത്തുള്ളികള്‍ ബ്ലോഗറുടെ ദേഹത്തുവീണ സമയത്ത്‌ ഒരാര്‍ത്തനാദം മുഴങ്ങിയെന്നു ഒരു ശ്രുതി പടര്‍ന്നു. ബ്ലോഗറോടു ചോദിച്ചാല്‍ നാടിന്റെ കുളിര്‌ ശരീരത്തിലൂടെ മനസ്സിലേക്ക്‌ സ്വാംശീകരിക്കുന്നതാണ്‌ എന്നെങ്ങാനും അങ്ങേര്‌ സാഹിത്യഭാഷയില്‍ കാച്ചിയാലോ എന്നു പേടിച്ച്‌ ആരും അതെന്താണെന്നു ചോദിച്ചില്ല. പഴം പൊളിക്കുന്ന ലാഘവത്തോടെ നാടന്‍ കോഴിയുടെ തൊലി ഉരിക്കാന്‍ പോന്നത്ര ചൂടുള്ള വെള്ളത്തില്‍ കുളിച്ചിട്ടും വിറയ്‌ക്കാതെ നില്‍ക്കാന്‍ കഷ്‌ടപ്പെടുന്ന ഞങ്ങള്‍ക്ക്‌ അതു ചോദിക്കാന്‍ എന്തവകാശം?

"എന്നാ ബാ.. നമക്കു വല്ലോം കഴിക്കാം!" അടുക്കളയില്‍ കയറി ഒരു റൗണ്ടടിച്ചു വന്ന ബ്ലോഗര്‍ എന്തോ സാധനം ഉപ്പുനോക്കാനെടുത്തു ചവച്ചുകൊണ്ട്‌ അരുളിച്ചെയ്‌തു. ഈ 'കര്‍ണ്ണാമൃതം കര്‍ണ്ണാമൃതം' എന്നു കേട്ടിട്ടില്ലേ? ആയുര്‍വേദ മരുന്നിന്റെ പേരുപോലെ തോന്നുമെങ്കിലും അതൊന്നുമല്ല. ദേ, ഇക്കേട്ടമാതിരി വാക്കുകളെയാണ്‌ അങ്ങനെ പറയുന്നത്‌. എന്താന്നുവെച്ചാ, റെസ്‌പോണ്‍സ്‌ അങ്ങനെ ആയിരുന്നു. വാളുവെച്ച ക്ഷീണത്തിന്റെ പുറത്ത്‌ കുളിച്ചിട്ടു വന്ന്‌ മനോരമപത്രത്തിലെ ചരമകോളത്തില്‍ പരിചയക്കാരുടെ ആരുടെയോ പടം കണ്ടമാതിരി മുഖം പൂഴ്‌ത്തിയിരുന്ന നിറ്റ്‌സ്‌ ഒക്കെ ദാണ്ടെടാ ആ കട്ടിലിന്നടീല്‍ ബോംബുണ്ട്‌ എന്നു കേട്ട മാതിരിയല്ലേ ചാടിയെഴുന്നേറ്റ്‌ സേഫ്‌ അസംബ്ലി പോയിന്റായിട്ട്‌ മാര്‍ക്ക്‌ ചെയ്‌തിരിക്കുന്ന ഊണുമേശയ്‌ക്കരികില്‍ വന്നത്‌!

പിന്നെ കാര്യങ്ങളൊക്കെ ശഠപഠേന്നാണു നടന്നത്‌. കസേരകള്‍ മേശയേ ലക്ഷ്യമാക്കു പാഞ്ഞടുത്തു. അതിഥികള്‍ ഉപവിഷ്‌ടരായി. ബ്ലോഗര്‍ ഒരു സപ്ലയറുടെ ചാതുര്യത്തോടെ കപ്പപ്പുഴുക്കു വിളമ്പിയ പാത്രങ്ങള്‍ ഒന്നൊന്നായി ഞങ്ങളുടെ മുന്നില്‍ നിരത്തി വെച്ചു.

ഹയ്യട ഹയ്യാ! എന്നു വെച്ചാ, അതായത്‌ ഈ കപ്പപ്പുഴുക്കെന്നു പറഞ്ഞാ, നല്ല നാടന്‍ കപ്പ കൊത്തി നുറുക്കിക്കഴുകി, വാവട്ടമുള്ള കലത്തിലിട്ടു വറ്റാനും മാത്രം പാകത്തിനു വെള്ളം ചേര്‍ത്ത്‌ ഉപ്പിട്ടങ്ങനെ വേവിച്ച്‌, നാടന്‍ മഞ്ഞളും ഉള്ളിയും വെളുത്തുള്ളീം ചേര്‍ത്തരച്ച്‌ തേങ്ങയും പച്ചമുളകും കരിയാപ്പിലയും പാതിയരവു പാകത്തില്‍ ഒതുക്കിയെടുത്ത്‌, കപ്പയങ്ങു വെന്തു വരുന്ന വരവിന്‌ ഈ അരപ്പിനെ കലത്തിന്റെ വക്കോളം നിറയുന്ന കപ്പയുടെ മേലെ വെച്ച്‌, കലമെടുത്ത്‌ രണ്ടു കുലുക്കുമ്പോള്‍ അടിഭാഗത്തു കിടന്ന കപ്പ മേലെയും മേലേ കിടന്ന അരപ്പും കപ്പയും കൂടി അങ്ങു താഴെയും ചെല്ലുന്ന മാന്ത്രികവിദ്യ കാട്ടി, ഈ സംവിധാനം അരപ്പു വേകാന്‍ പാകത്തില്‍ ചെറുതീയിലൊന്നാവി കേറ്റി, അറിയാമെങ്കിലും മൂടി തുറന്ന്‌ ഒരു കഷണം കപ്പയെടുത്ത്‌ ഉള്ളം കയ്യിലിട്ട്‌ ഊതിയാറ്റി, കടിച്ചു വേവുനോക്കി, വട്ടം തുണികൂട്ടിപ്പിടിച്ചു വാങ്ങി തറയില്‍ വെച്ച്‌, കൊരണ്ടിപ്പലകയിട്ടിരുന്ന്‌, പൊള്ളാതെ തുണികൂട്ടി ഇരു കാല്‍പാദങ്ങളും കൊണ്ട്‌ കലം അമര്‍ത്തിപ്പിടിച്ച്‌, കാലാകാലങ്ങളായി കപ്പയിളക്കല്‍ നിര്‍വ്വഹിച്ചു പോരുന്ന അലകുകൊണ്ടുള്ള തുടുപ്പെന്നു പേരുള്ള ആ വടികൊണ്ട്‌ അധികം കുഴയാതെയും എന്നാല്‍ എല്ലായിടത്തും ഒരേപോലെ അരപ്പു ചെല്ലാനും പാകത്തില്‍ കപ്പ കുഴച്ചു തീര്‍ത്ത്‌, തുടുപ്പിങ്ങെടുക്കുമ്പോള്‍ അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പുഴുക്ക്‌ ചൂണ്ടുവിരല്‍ കൊണ്ട്‌ വടിച്ചെടുത്ത്‌, പുഴുക്കിന്റെ സത്തായ ഈ സാധനം വായിലാക്കി ഒന്നു നുണഞ്ഞ്‌ "മ്‌..റ്റ!!" എന്നു നാക്കുകൊണ്ട്‌ ഒരു ഞൊടിശബ്ദം കേള്‍പ്പിച്ചിട്ട്‌ "കപ്പ റെഡീ.." എന്നു പറയുമ്പോഴാണ്‌ കപ്പപ്പുഴുക്കു വിളമ്പാറാവുന്നത്‌. ഇച്ചിരെ ഓവറാക്കമെന്നുണ്ടെങ്കില്‍ വെളിച്ചെണ്ണയില്‍ കടുകുപൊട്ടിച്ച്‌ ചെമന്നുള്ളി വട്ടത്തിലരിഞ്ഞ്‌ ഇറുത്തിട്ട നാലഞ്ച്‌ വറ്റല്‍മുളകും ചേര്‍ത്തുമൂപ്പിച്ച്‌ കപ്പപ്പുഴിക്കില്‍ ചേര്‍ത്തിളക്കിയെടുക്കാം. (കണ്ടില്ലേ നിസ്സാര കേസേ ഉള്ളൂ, എന്നിട്ടാണു ചിലര്‍ പറയുന്നതു കപ്പ കഴിക്കുവാണേല്‍ കള്ളുഷാപ്പിലെ കപ്പ കഴിക്കണംന്ന്‌. അവരടെ ഉദ്ദേശം വേറെയാ! )

പിന്നാലെ വന്നതു തേങ്ങായരച്ച നാടന്‍ മീന്‍ കറി! ഈ മീന്‍ കറീന്നു പറഞ്ഞാല്‌, മഞ്ഞളിന്റെയും മുളകിന്റെയും ഒരു ഐക്യവും അനുപാതവും കാരണം ചെന്തെങ്ങിന്റെ നിറമുള്ള നല്ല കൊഴുത്ത ചാറ്‌. അതിലിങ്ങനെ തനിക്കുള്ളതെല്ലാം സ്വയം സമര്‍പ്പിച്ചു ദേഹം മാത്രമായി പൊന്തിക്കിടക്കുന്ന ഒരു തണ്ടു കരിയാപ്പില. ന്യൂനപക്ഷമാണെങ്കിലും കാഴ്‌ചയിലും മണത്തിലും ഗുണത്തിലും തങ്ങളുടെ സജീവസാന്നിദ്ധ്യം അറിയിച്ചുകൊണ്ട്‌ കേരളാകോണ്‍ഗ്രസ്സ്‌ പോലെ പിളര്‍ന്നു കിടക്കുന്ന പച്ചമുളകുകള്‍. ശാലീനസുന്ദരിയുടെ കവിളത്തെ കാക്കപ്പുള്ളിപോലെ ചാറിനുമേലേക്ക്‌ കുറുപ്പു നിറത്തില്‍ പൊന്തി നില്‍ക്കുന്ന കുടമ്പുളിക്കഷണത്തിന്റെ അരിക്‌. കഷണം കഷണമായി നിരന്നു കിടന്നു ചാറില്‍ തിങ്ങുന്ന മീന്‍നുറുക്കുകള്‍. രാവിലെ വെച്ച കറിയായതുകൊണ്ട്‌ പുളി പിടിച്ചു വരുന്നതേയുള്ളൂ. അനക്കാതെ, പുളി ചാറില്‍ മുക്കിയിട്ടിട്ട്‌ ഒരു മൂന്നാലു മണിക്കൂര്‍ കഴിഞ്ഞിട്ട്‌ ഒന്നു രുചിച്ചു നോക്കിയേ! ലോ.. ലതാണ്‌ മീന്‍കറി!

ആനന്ദലബ്‌ധിക്കിനിയെന്തു വേണം. ഒരഞ്ചു മിനിറ്റു നേരത്തേക്ക്‌... വെള്ളമെടുക്കുമ്പോള്‍ ഗ്ലാസ്‌ തട്ടുകയും മുട്ടുകയും ചെയ്യുന്നതും, "കപ്പയിങ്ങെടുത്തേ..", "മീന്‍ പാത്രമിങ്ങു തന്നേ.." എന്നിങ്ങനെ 'പൊതുവായ' ചില ഹ്രസ്വവാചകങ്ങളുമല്ലാതെ വേറൊന്നും അവിടെ കേള്‍ക്കാനില്ലായിരുന്നു. അവിടെ മോസ്റ്റ്‌ ഗ്ലാമറസ്‌ സകലകലാവല്ലഭന്‍ മള്‍ട്ടിയില്ല, ഉള്ളാലെ നടന്‍ സിദ്ധാര്‍ത്ഥിന്റെ ഒരു കട്ടുണ്ടെന്നു ഭാവിക്കുന്ന റംസില്ല, ആലപ്പുഴയിലൊക്കെ കിട്ടുന്നതാണു മോനേ മീന്‍ എന്ന്‌ ആധികാരികമായി പറയാന്‍ ശേഷിയുള്ള ചിച്ചുവില്ല, ഇടപെടുന്ന ഏതു പെണ്ണിനും സഹോദര്യം തോന്നിപ്പോകുന്ന തങ്കപ്പെട്ട സ്വഭാവത്തിനുടമയായ നിറ്റ്‌സ്‌ ഇല്ലേയില്ല. എന്തിന്‌, ബ്ലോഗറുപോലും താന്‍ തന്റെ അതിഥികള്‍ക്കു മുന്നിലാണെന്ന നിയന്ത്രണമൊന്നുമില്ലാതെ തന്റെ പ്രൊഫൈലില്‍ പറഞ്ഞിട്ടുള്ള 'കപ്പയും മീനും പോലത്തെ നാടന്‍ ഐറ്റംസിനോടുള്ള താല്‍പര്യം' സുദൃഢം സ്‌ഥാപിക്കുന്നതില്‍ മുഴുകിയിരിക്കുകയായിരുന്നു. അല്‍പനേരം കഴിഞ്ഞപ്പോഴാണ്‌ എല്ലാവരും ലോകകാര്യങ്ങളൊക്കെ സംസാരിക്കാനും, എന്തിന്‌ മുഖത്തോടു മുഖം നോക്കാനുംകൂടി തയ്യാറായത്‌. തങ്ങളെ പിടിച്ചടിമകളാക്കുന്നതില്‍ വിജയിച്ചതു വിശപ്പാണോ അതോ കപ്പയുടെയും കറിയുടെയും മഹത്വമാണോ എന്നറിയാന്‍ പ്രിയപ്പെട്ട കൂട്ടുകാരോടു തന്നെ ചോദിക്കണം.

സ്വന്തം വീട്ടിലായതു കൊണ്ട്‌ ഞാന്‍ ഒരു കാര്യം സമ്മതിച്ചു തന്നേക്കാം: 'കപ്പയും മീനും കണ്ടപ്പോള്‍ കണ്ട്രോളു പോയി!'

2 comments:

Chikku Cheriyan said...

ഇത് വായിച്ചപ്പോ വീണ്ടും കണ്ട്രോള് പോയി... എനിക്കിപ്പോ കപ്പയും മീന്‍ കറിയും വേണം!!!

എം.എസ്. രാജ്‌ | M S Raj said...

ha ha... :)