ബീയെസ്സിക്കു പഠിക്കുന്ന കാലമാണ്. ആര്. ഞാന്‍ തന്നെ, ല്ല്ലാണ്ടാരാ? വീട്ടില്‍ നിന്നു മാറി കൂട്ടുകാര്‍ക്കൊപ്പം താമസിച്ചു പഠിക്കുന്നു. അന്നും ഞങ്ങള്‍ ക്ലാസ്സുകഴിഞ്ഞ് രാജകുമാരി എന്‍.എസ്.എസ് കോളേജിനെ നെഞ്ചേറ്റി ലാളിക്കുന്ന കുഞ്ഞുകുന്നിറങ്ങി നടന്നു. സഹമുറിയന്മാരായ അനിലിനെയും എല്‍ബിയെയും കൂടാതെ പരിസരവാസികളായ റൂബിയും സാജിതയും എന്റെ ഒപ്പമുണ്ട്. മൂന്നരയുടെ വെയില്‍ കൊണ്ട് നടക്കുന്നതൊരു സുഖമാണ്. തമാശകള്‍ പറഞ്ഞും എല്‍ബിയെ പതിവുപോലെ ഒരുപാടു കളിയാക്കിയും ഏതാണ്ട് രണ്ട് രണ്ടര കിലോമീറ്റര്‍ അകലെയുള്ള വാസസ്ഥലത്തേക്കു ഞങ്ങള്‍ നടന്നു.
റൂബി പഠിക്കാന്‍ മിടുക്കിയാണ്. അതിനാല്‍ തന്നെ എല്ലാവര്‍ക്കും അവളെ മതിപ്പാണ്. സാജിത ഒരു പഞ്ചപാവം, പഠിപ്പില്‍ സാധാരണക്കാരി. ഉച്ചയ്ക്കുള്ള അന്താക്ഷരി സദസ്സിലെ നിശ്ശബ്ദ സാന്നിധ്യം. ആറെയും നോവിക്കരുതെന്ന വിചാരം. പക്ഷേ റൂബി അത്യാവശ്യം കൊട്ടൊക്കെ ആര്‍ക്കിട്ടും കൊടുക്കുന്ന ടൈപ്പാണ്. ഏതു പോസ്റ്റുകണ്ടാലും ഗോളടിക്കുന്ന സ്വഭാമാണെനിക്ക്. ഇതിനെല്ലാം പിന്നില്‍ നിന്നും ഐലസാ വിളിക്കുകയും അവസരം കിട്ടുമ്പോഴെല്ലാം തിരിഞ്ഞു കുത്തുകയും ചെയ്യും അനില്‍. എല്‍ബി ആണെങ്കില്‍ ഒരു സ്ഥിരം വിക്റ്റിം. ഇപ്പോ ചുറ്റുവട്ടം ഏകദേശം പിടികിട്ടിക്കാണുമല്ലോ!
ദൂരെ നിന്നും ഒക്കെ ധാരളം ആളുകള്‍ വന്നു പോയി പഠിക്കുന്ന ഒരു സ്ഥാപനമാണത്. നാല്‍പതു കിലോമീറ്റര്‍ എന്നു പറഞ്ഞാല്‍ തന്നെ ഹൈറേഞ്ചില്‍ വന്‍ ദൂരമാണ് എന്നോര്‍ക്കണം. രാവിലെ എത്തുന്ന എയ്ഞ്ചല്‍ ബസ്സില്‍ തൂങ്ങിനിന്നു പരിക്ഷീണ മുഖത്തോടെ വരുന്ന സോ-കോള്‍ഡ്-പെങ്ങന്മാരെ ഞങ്ങള്‍ കോളേജങ്കണത്തിന്റെ തിട്ടപ്പുറത്തു നിന്ന് എന്നും മുടങ്ങാതെ ഹാജരെടുത്തു പോന്നു.
പറഞ്ഞു വന്നത്, അന്നങ്ങനെ നടന്നവഴിക്കാണ് റൂബി തെല്ലൊരു സങ്കോചത്തോടെ എന്നോട് ആ കാര്യം പറയുന്നത്. കേട്ടു കഴിഞ്ഞപ്പോള്‍ അനിലും എല്‍ബിയും സാജിതയും ഒപ്പമുണ്ടായിരുന്ന ഈ നേരത്തു തന്നെ വേണായിരുന്നോ എന്റെ റൂബീ ഇതു പറയാനെന്ന് ചോദിക്കാനാണ് തോന്നിയത്. വെച്ചുനീട്ടിയ വിവരത്തിന്റെ മധുരം ആ തോന്നല്‍ തടയാന്‍ പോന്നതായിരുന്നു. പറഞ്ഞ കാര്യം ഇതാണ് : "രാജിനോട് നമ്മുടെ കോളേജിലുള്ള എതോപെണ്ണിന്... എന്തോ...!" പറയാനും വയ്യ, പറയാതിരിക്കാനും വയ്യ എന്ന ലെവലില്‍ ഉള്ളിലെന്തോ തിളച്ചു മറിയുന്നു, തണുത്തുറയുന്നു, നുരഞ്ഞു പൊന്തുന്നു. വഴിക്കിരുവശവും നിന്ന തൊട്ടവാടിപ്പൂക്കള്‍ കുസൃതിക്കണ്ണിറുക്കി. കയ്‌പന്‍പൂക്കള്‍ നടക്കട്ടെ നടക്കട്ടെ എന്ന് എന്നെനോക്കി തലയാട്ടി.
ഞങ്ങള്‍ നടന്നു തുടങ്ങി അഞ്ചു മിനിറ്റുപോലും ആയിട്ടില്ല, അപ്പോഴാണ് എന്റെ ജീവിതത്തില്‍ ഇന്നു വരെ ഞാന്‍ അഭിമുഖീകരിച്ചിട്ടില്ലാത്ത ഈ സന്ദര്‍ഭം വന്നത്. റൂബി ഒരു ഹംസദൂതികയെപ്പോലെ, ഒരു മേഘദൂതായി ഒന്നും വേണ്ട ഒരു പോസ്റ്റ് വുമണായി എന്റെ മുന്നില്‍ അവതരിച്ചു. ഞങ്ങള്‍ക്കിടയിലുള്ള ആ ഒരു അണ്ടര്‍സ്റ്റാന്റിങ്ങ് അങ്ങനെ ആയിരുന്നതുകൊണ്ടാവാം റൂബി ഈ ദൗത്യത്തിനു നിയോഗിക്കപ്പെട്ടതെന്നു ഞാന്‍ കണക്കു കൂട്ടി. റൂബിയെപ്പോലെ ഒരാളെ ചീഞ്ഞ കേസിനൊന്നും കിട്ടുകേലാത്തതിനാല്‍ ഒരു കാര്യം ഉറപ്പ്- വന്ന ദൂതിന്റെ ഫ്രം അഡ്രസ്സും അതിന്റെ പിന്നിലെ ചേതോവികാരവും അത്ര നിസ്സാരമാവാന്‍ വഴിയില്ല.
"ബൈ ദ വേ, ആരാ റൂബീ കക്ഷി?"
അവിടെ റൂബി പിടിമുറുക്കി.
"അതിപ്പോ എനിക്കു പറയാന്‍ മേല. പക്ഷേ, ചോദിച്ച പാര്‍ട്ടി എന്നോട് നിന്നെക്കുറിച്ച് വളരെ വിശദമായി തന്നെ തിരക്കിയിട്ടുണ്ട്. ആദ്യം ആശേടെ അടുത്താ തിരക്കിയെ. അപ്പോ ആശ പറഞ്ഞു അവള്‍ക്ക് നിന്നെക്കുറിച്ച് അധികമൊന്നും അറിയില്ല എന്നൊക്കെ. അങ്ങനെയാണ് സംഗതി എന്റെ കയ്യില്‍ വന്നു പെടുന്നത്."
"എന്നാലും... ആരാ റൂബീ..?" ആകാംക്ഷ കൊണ്ട് ഞാന്‍ പൊട്ടിപ്പോകുമെന്നു തോന്നി. വല്ല കൂതറകേസുമാണെങ്കില്‍ റൂമില്‍ ചെല്ലുന്നിടം വരെപോലും അനിലും എല്‍ബിയും എന്നെ വാഴിക്കില്ല. ചീറിപ്പാഞ്ഞുപോകുന്ന ഏതെങ്കിലും ട്രിപ് ജീപ്പ്പിന്റെ മുന്നിലോട്ടു ചാടിക്കോണ്ടാ മതി! സെക്കന്റ് ബി.എസ്സീലെ ഒന്നു രണ്ടു മുഖങ്ങള്‍ ഓര്‍ത്തപ്പോള്‍ എന്റെ ഉള്ളില്‍ രണ്ട് വെള്ളിടി വെട്ടി. ഇനി ആശ തന്നെ ആയിരിക്കുമോ? ഏയ്, അങ്ങനെ വരാന്‍ വഴിയില്ല. അനില്‍ പറഞ്ഞിട്ടില്ലെങ്കിലും അവള്‍ അനിലിന്റെ 'ആള്‍' ആണെന്നാണ് അനിലിന്റെ ഒരു വിശ്വാസവും ഞങ്ങളുടെ ഒരു സങ്കല്‍പവും. അങ്ങനെയാണെങ്കില്‍ ഒരു കാര്യം ഉറപ്പ്- ആശയ്ക്കും റൂബിക്കും നന്നായി അറിയാവുന്ന ആരെങ്കിലുമാവണം. ആശ സ്ഥിരം ബസ്സിനു വരുന്ന ആളാണല്ലോ. അപ്പോ ലോങ്ങ് ട്രിപ്പടിക്കുന്ന പാര്‍ട്ടികള്‍ ആരെങ്കിലും...? പോസിബിള്‍ അളിയാ.. ക്വയറ്റ് പോസിബിള്‍! അങ്ങനെയെങ്കില്‍ ഏതു ഡിപ്പാര്‍ട്ട്‌മന്റ്? പൊതുവേ അല്‍പം പച്ചപ്പുള്ളത് ബി.സി.ഏയിലാണ്. ഉം...! എന്റെ മുഖത്ത് അറിയാതെ ഒരു മന്ദഹാസം വിടര്‍ന്നത് അവരും അറിഞ്ഞു.
എത്ര നിര്‍ബന്ധിച്ചിട്ടും കക്ഷി ആരാണെന്നു റൂബി പറയുന്നില്ല. എന്നിലെ ഹോംസ് ഉണര്‍ന്നു. വേണ്ട. അവള്‍ പറയണ്ട, ഹല്ല പിന്നെ. അവള്‍ പറയുന്നതില്‍ നിന്നും വല്ല ക്ലൂവും കിട്ടാതിരിക്കില്ല. ഒരു പക്ഷേ പ്രതിയുടെ സ്ഥലമോ, റൂട്ടോ, ക്ലാസ്സോ അങ്ങനെ എന്തെങ്കിലും. അത്രേം കിട്ടിയാല്‍ ബാക്കി ഒപ്പിക്കാനാണോ പാട്! പക്ഷേ രോഗിയെ അറിഞ്ഞില്ലെങ്കിലും രോഗത്തിന്റെ വിവരണം കേള്‍ക്കാന്‍ എല്ലവര്‍ക്കും, അതിലേറേ എനിക്കും താല്‍പര്യം ഉണ്ടായിരുന്നു.
റൂബിയുടെ ഓരോ വാക്കുകളിലും ആളാരെന്നറിയാനുള്ള സൂക്ഷ്‌മപരിശോധന ഞാന്‍ നടത്തി. അവള്‍ തുടര്‍ന്നു. ആ അജ്ഞാതയ്‌ക്ക് അറിയേണ്ടത് രാജിന്റെ സ്വഭാവം - നേച്ചര്‍ - ഒക്കെയാണ്.
"എന്റമ്മേ! എന്നിട്ടു നീയൊക്കെ എന്തു പറഞ്ഞു? ഞാന്‍ ഒരു മഹാ വാചകക്കാരനാണെന്നു വല്ലോം വിളമ്പിയോ? വെള്ളമടിക്കുമെന്ന് പറഞ്ഞോ? മുട്ടിനു മുട്ടിനു ക്ലാസ്സിലുള്ള എല്ലാവരേയും കളിയാക്കുകയും ബോറന്‍ അവറുകളില്‍ പാസ് ചെയ്യുന്ന തുണ്ടുകടലാസുകളില്‍കൂടി തേജോവധം ചെയ്യുന്നവനുമാണെന്നു നീയോതിയോ?"
ഒരുപെണ്ണിന്റെ മുന്നില്‍ ബാഡ് ഇമേജ് ക്രിയേറ്റ് ചെയ്യപ്പെട്ടാലുണ്ടാകുന്ന ലോങ്ങ് ടേം ഡീഗ്രഡേഷന്‍ ഒഫ് അക്‌സപ്റ്റന്‍സ് ഇന്‍ ദ് ക്യാമ്പസ് എന്നെ ആകുലനാക്കി.
"നോ, രാജ്. ഞാന്‍ നിന്നെക്കുറിച്ച് അങ്ങനെ പറയുമോ?"
സേനാപതി പഞ്ചായത്തില്‍ നിന്നും വീശിയടിച്ച തെരുവപ്പുല്ലിന്റെ സുഗന്ധമുള്ള ഒരു കാറ്റ് എന്നെ മാത്രം ഒന്നു കുളിരാക്കിയിട്ട് കുളപ്പാറച്ചാലിലെ മോഹനന്‍ ചേട്ടന്റെ ചായക്കടയുടെ മുകളിലൂടെ പറന്നു.
എന്തായാലും, ഇമേജ് സേഫാണ്. sigh!! എന്നാലും ആരായിരിക്കും അത്! എന്റെ കലാലയജീവിതത്തിലെ പബ്ലിക് അപ്പിയറന്‍സുകള്‍ ആദ്യമായി ഞാന്‍ ഒന്നു റിവ്യു ചെയ്തു. സമരപ്രകടനങ്ങള്‍ക്കു മുന്നിലെ സ്ലോഗന്‍ ലീഡ്. വാഹ്! അതാണ് നമ്മടെ ബെസ്റ്റ് പബ്ലിസിറ്റി. പിന്നെ കലാപ്രവര്‍ത്തനങ്ങള്‍. റിയാലിറ്റി ഷോകള്‍ ഇല്ലാതിരുന്നതിനാല്‍ സംഗതികള്‍ അത്ര വ്യാപകമായിട്ടില്ലായിരുന്ന അക്കാലത്ത് ചെറിയ ഒരു ആസ്വാദകസദസ്സിനെ ഒക്കെ പിടിച്ചിരുത്താന്‍ ഒക്കെ എനിക്കു പറ്റുമായിരുന്നു. ആ എളിയ കലാവാസന ആരിലെങ്കിലും ഒരു സ്പാര്‍ക് കൊടുത്തിട്ടുണ്ടാവാം.. ഉം..! കോളേജിലെ ഒരു പ്രോഗ്രാമിന് നിന്റെ കണ്ണില്‍ വിരുന്നു വന്നു നീലസാഗര വീചികള്‍ എന്ന പാട്ട് പാടിയിട്ട് ചരണത്തില്‍ ടൈമിങ്ങ് തെറ്റിയതും വീണിടത്ത് കിടന്നുരുളാതെ ഉടന്‍ തന്നെ ട്രാക്കിലെത്തിയതും ആണ് ആകപ്പാടെ ഉള്ള ഒരു സോളോ പെര്‍ഫോമന്‍സ്. അതോ കൗണ്‍സിലര്‍ ആയി മല്‍സരിച്ച് പ്രയാസപ്പെട്ട് തോറ്റിട്ടും നിങ്ങളൊക്കെ അന്നുമിന്നും എന്റെ ഫ്രണ്ട്‌സ് തന്നെ എന്ന ഭാവത്തില്‍ ബി.ബി.ഏയിലെയും ബി.സി.ഏയിലെയും സഹോദരിമാരോട് പരിചയം പുലര്‍ത്തിപ്പോന്നതിന്റെ എഫക്റ്റോ? കോളേജ് മാഗസിനിലെ ലേഖനങ്ങള്‍... യേയ്!
എന്തു കുന്തമേലുമാകട്ടെ.. പക്ഷേ ആരായിരിക്കും...?
ലവളായിരിക്കുമോ? എപ്പോള്‍ കണ്ടാലും സുന്ദരമായ മുഖത്ത് ഒരു പൗര്‍ണ്ണമിനിലാവിന്റെ ചന്തം വിരിയിക്കുന്ന പാല്‍പ്പുഞ്ചിരി പൊഴിക്കുന്ന ആ പെണ്ണ്... അവള്‍ കോളേജില്‍ ചേര്‍ന്ന കാലത്ത്, ജോണ്‍സ് കുടയിലെ ISO 9002 എന്നതിലെ ISOയുടെ പൂര്‍ണ്ണരൂപം ചോദിച്ചതും അറിയില്ലെന്നു പറഞ്ഞപ്പോള്‍ എങ്കില്‍ ഉത്തരം കണ്ടെത്തി പത്തു പ്രാവശ്യം എഴുതിക്കൊണ്ടുവന്നിട്ട് എന്നെ കാണിച്ചിട്ട് പിറ്റേന്ന് ക്ലാസ്സില്‍ കയറിയാല്‍ മതി എന്നു പറഞ്ഞതും.. പിറ്റേന്ന് അവള്‍ അത് അക്ഷരം പ്രതി പാലിച്ചതും.. അവളുടെ മുഖം പോലെ തന്നെയാണാ കയ്യക്ഷരമെന്ന് കണ്ട് മനസ്സു നിറഞ്ഞതും... ഇനി അവളെങ്ങാനുമാവുമോ? ഏയ്.. അല്ല, ഇനി ആകാന്‍ പാടില്ലെന്നില്ലല്ലോ! അതോ കാണുമ്പോഴെല്ലാം 'രാജ്‌മോന്‍ ചേട്ടാ' എന്നു സാഹോദരീസഹജമായ സ്നേഹത്തോടെ വിളിക്കുന്ന അസംഖ്യം പെണ്ണുങ്ങളില്‍ ആരെങ്കിലും ആ വിളിയില്‍ മറ്റൊരു ഉള്‍വിളി ഒളിപ്പിക്കുന്നുണ്ടാവുമോ? റൂബിക്കുമാത്രം ഉത്തരം നല്‍കാന്‍ പറ്റുന്ന ചോദ്യങ്ങള്‍!
"എന്താടാ ഇത്ര ആലോചന!?"
"എന്നാലുമെന്റെ പൊന്നു റൂബീ, ഒന്നു പറയാമോ ആരാന്ന്?" എന്റെ ആദ്യത്തെ എക്‌സൈറ്റ്‌മന്റ് ഒക്കെ മാറി ഒരല്‍പം ടെന്‍ഷന്‍ ഒക്കെ ആയിത്തുടങ്ങിയിരുന്നു. റൂബി അപ്പോഴും സീരിയസ്.
"നീയെന്തു പറയും അതറിയുമ്പോള്‍ എന്നതാണ് ആ പെണ്ണിന്റെ സംശയം."
"എന്തോന്ന് പറയാന്‍! ആളാരാ, കാര്യമെന്നതാ എന്നൊക്കെ അറിയാതെ എന്നാ പറയാനാ? അല്ലെങ്കി തന്നെ എനിക്കെന്തോന്നു ടെന്‍ഷന്‍..?" അനായാസഭാവത്തില്‍ ഒന്നു തോളുകുലുക്കിയെങ്കിലും എന്റെ വിടര്‍ന്ന ചെവിക്കുടകള്‍ രണ്ടും ചോര ഇരച്ചുകയറി ചെമന്നിരുന്നതുകണ്ട് അവരെല്ലാം നിശ്ശബ്ദമായി ചിരിച്ചു.
ഞങ്ങളുടെ നടപ്പ് ഏതാണ്ട് മുക്കാലും തീര്‍ന്നുകഴിഞ്ഞിരുന്നു. എന്നെ തറയ്‌ക്കാന്‍ ഒരു ആണി കിട്ടുന്നതും നോക്കി അനിലും എല്‍ബിയും ഒപ്പം വെറുതേ നടക്കുകയാണ്. സാജിതയും അങ്ങനെതന്നെ.
"അനിലേ, രാജിനു ടെന്‍ഷന്‍ ആയെന്നു തോന്നുന്നു. ആരാന്നു ഞാന്‍ പറയില്ല. എന്നോട് പറഞ്ഞേല്‍പ്പിച്ച കാര്യം ഞാന്‍ പറഞ്ഞേക്കാം.. എന്താ?"
"വേണ്ട. അങ്ങനെ ഇപ്പോ, അറ്റോം മുറീമായിട്ട് പറയേണ്ട. സംഭവത്തിന്റെ ഫുള്‍ ഡീറ്റെയില്‍സ് പറയാമെങ്കില്‍ പറഞ്ഞാല്‍ മതി. അല്ലെങ്കില്‍ നമുക്കിതിവിടെ നിര്‍ത്താം." കുറേ നേരമായി ക്രൂശിക്കപ്പെടുന്നതിന്റെ കുണ്‌ഠിതം എന്റെ വാക്കുകളില്‍ നിറഞ്ഞു. അനിലിനും എല്‍ബിക്കും എന്റെയത്ര ഇല്ലെങ്കിലും 'കക്ഷി' ആരെന്നറിയാനുള്ള ആകാംക്ഷ ഉണ്ടെന്നു വ്യക്തം. സുമനസ്സ് സാജിത മാത്രം എന്റെ ഉള്ളുകണ്ടു.
"റൂബീ, എന്തിനാ രാജിനെ ഇട്ടിങ്ങനെ വട്ടം കറക്കുന്നേ? അതങ്ങു പറഞ്ഞേരേ, മൊത്തമായി. ഒന്നുമല്ലേലും അവന്‍ നമ്മുടെ കൂട്ടത്തില്‍ ഒരാളല്ലേ. എന്തായാലും കാര്യമറിഞ്ഞിട്ട് അവന്‍ റെസ്പോണ്ട് ചെയ്യട്ടെ!" മനസ്സുകൊണ്ട് ഞാന്‍ സാജിതയുടെ കാല്‍ക്കല്‍ വീണു തൊഴുതു.
ഇപ്പോ റൂബിക്കു വാക്കുകള്‍ കിട്ടുന്നില്ല. നടന്നെത്താന്‍ പരമാവധി ഇരുപതു മിനിറ്റ് മാത്രമെടുക്കുന്ന ദൂരം ഞങ്ങളന്ന് അരമണിക്കൂര്‍ നടന്നിട്ടും തീര്‍ന്നില്ല. മൃഗാശുപത്രിക്കു സമീപമുള്ള വളവും കഴിഞ്ഞാല്‍ പിന്നെ ഒരു മൂന്നു മിനിറ്റ് നേരത്തെ നടപ്പുദൂരം കൂടിയേ ഞങ്ങള്‍ ഒരുമിച്ചുണ്ടാവൂ. കാര്യങ്ങള്‍ ക്ലൈമാക്‌സിനോട് അടുത്തു എന്ന് മനസ്സിലാക്കിയ എന്റെ ഞരമ്പുകളാകട്ടെ വീണക്കമ്പികള്‍ പോലെ മുറുകി നിന്നു.
റൂബി തുടര്‍ന്നു- "ഞാന്‍ ഒരു കാര്യം ചെയ്യാം, ആളെ പറയില്ല, എന്നെ പറഞ്ഞേല്‍പ്പിച്ച കാര്യം മാത്രം പറയാം. ഓകെ ആണോ?"
സമ്മതിക്കാതെ തരമില്ല. "ഓകെ"
റൂബി ഒരു അങ്കലാപ്പോടെ പറഞ്ഞു. "ആ ആള്‍ക്ക് രാജിനോട് പറയാനുണ്ടായിരുന്നത്.. എന്താന്നു വെച്ചാ.. അവള്‍ക്ക് അതു രാജിനോടേ പറയാന്‍ പറ്റൂ... അവള്‍ക്കത് നേരിട്ട് പറയാനുള്ള ധൈര്യം ഇല്ലാഞ്ഞിട്ടാ... അതായത്.. ടൈറ്റാനിക് മുക്കിയത് അവളാണത്രേ...!!!"
കൂടം കൊണ്ട് തലയ്‌ക്കടി കിട്ടിയപോലെ ഞാന്‍ നിന്നുപോയി. പിന്നെ അവര്‍ ചിരിച്ച ചിരീന്നു പറഞ്ഞാല്‍.... എന്നെ പ്രതി അതിനുമുന്നും പിന്നും ആരും... ഏഹേ!
Another incident from college life! :)
ReplyDeleteThis comment has been removed by the author.
ReplyDeletelol... :D :D kollaam...
ReplyDeleteKollam kollam:)
ReplyDelete