രണ്ടു വാഴയും ചുമന്നോണ്ട് ജോയി മുറ്റത്തേക്കു കയറിവന്നു - "ഇനിയിപ്പോ കമാനത്തേല്‍ വാഴയില്ലെന്നുവേണ്ട!"
"ആ ഭിത്തീലോട്ടു ചാരി വെച്ചേക്ക്.... ആ.. അല്ലേ വേണ്ട, ദേ, ആ തൈത്തെങ്ങിന്റെ ചോട്ടിലോട്ടു വെച്ചാ മതി. അവിടാവുമ്പോ വെയിലില്ല." തോളില്‍ക്കിടന്ന തോര്‍ത്ത് ഒന്നു കുടഞ്ഞെടുത്ത് മാധവന്‍ കഴുത്തിലെ വിയര്‍പ്പു തുടച്ചു. മാധവന്റെ മകള്‍ അമ്പിളിയുടെ കല്യാണത്തിന്റെ ഒരുക്കങ്ങളാണ്.
"ശ്രീധരാ, പടുതാ കെട്ടാം?"
"ആവാല്ലോ. ഉത്സാഹിച്ചാ സന്ധ്യക്കു മുന്‍പേ തീര്‍ക്കാം. പിന്നെ അലങ്കാരമൊക്കെ രാത്രീല്‍ പിള്ളാരു ചെയ്തോളും!"
പന്തലിന്റെ കഴുക്കോല്‍ പൈപ്പ് കെട്ടിയുറപ്പിക്കുന്നതിനിടയില്‍ ശ്രീധരന്‍ പറഞ്ഞു.
"അപ്പുറത്തെ പൈപ്പ് കുറച്ചൂടെ പുറകോട്ടു നീട്ടിയിടണേ. പടുതാ കുറച്ച് ഇറങ്ങിക്കിടന്നോട്ടെ." ശ്രീധരനു നിര്‍ദ്ദേശം നല്‍കി മാധവന്‍ തിരിഞ്ഞു. "... മഴ പെയ്യാതിരുന്നാല്‍ രക്ഷപെട്ടു."
തിണ്ണയോടു ചേര്‍ന്ന് മടക്കി അടുക്കിവെച്ചിരുന്ന നീലപ്പടുതാകളില്‍ ഒന്ന് മാധവന്‍ എടുത്തോണ്ടുവന്നു.
"അല്ലേലും നിനക്കിതിന്റെ വല്ല കാര്യോമുണ്ടോടാ മാധവാ? ആ സ്കൂളിലെങ്ങാനും വെച്ചു നടത്തിയാപ്പോരാരുന്നോ? ഇതിപ്പോ പന്തലിടണം, അലങ്കരിക്കണം, അഴിക്കണം.. എന്തുമാത്രം പണിയാ?"
മാധവന്‍ ചിരിച്ചു. "അമ്മാവനങ്ങനെ പലതും പറയാം. ഒരു കല്യാണമാവുമ്പോള്‍ അതൊരു വീടിന്റെ ഉത്സവമാകണേല്‍ ഇങ്ങനെ ചിലതൊക്കെ വേണം. അലങ്കാരോം ആളും പന്തലും ഒക്കെ. നോക്കിയേ, ഇപ്പോത്തന്നെ രണ്ടൂന്നു ദിവസമായിട്ട് ഇവിടെ ആളും ബഹളോം നിന്ന നേരമില്ല. വീടിനും പരിസരത്തിനും ആ ഉണര്‍വ്വു വരണമെങ്കില്‍ ഇങ്ങനെ ചെലതൊക്കെ ഇണ്ടായേ പറ്റൂ."
"ഹാ.. അതും നേരാ." അമ്മാവന്‍ പത്തി മടക്കി. എന്നിട്ടു പുതിയൊരു വെറ്റിലയില്‍ ചുണ്ണാമ്പു തേച്ചു പിടിപ്പിക്കാന്‍ തുടങ്ങി.
മറ്റന്നാളാണ് മാധവന്റെയും ലക്ഷ്മിയുടെയും മകള്‍ അമ്പിളിയുടെ കല്യാണം. ഇന്നു പന്തലു തീര്‍ത്തിട്ട് നാളെകൊണ്ട് ഡെക്കറേഷന്‍ സമാധാനമായി തീര്‍ക്കാനുള്ള തിരക്കിലാണ് മാധവനും സുഹൃത്തുക്കളും.
"അല്ല! ഇതാര്? വല്‍സലേച്ചിയോ? ഇപ്പഴാന്നോ എത്തുന്നെ? ഇന്നലേ വരുമെന്നു ഞങ്ങളോര്‍ത്താരുന്നു. വീട്ടുമുറ്റത്തേക്കു കയറിവന്നവരെക്കണ്ട് മാധവന്‍ ഉറക്കെപ്പറഞ്ഞു.
"ഓ എന്നാ പറയാനാ മാധവോ, പിള്ളാര്‍ക്കു ജോലിയൊക്കെയുള്ളതല്ലിയോ? ഇട്ടെറിഞ്ഞേച്ചു പോരാമ്പറ്റുവോ?"
"മൂപ്പീന്നെവിടെ?"
"നാളെയെ വരത്തൊള്ളു."
"ആ വല്‍സലേച്ചിയോ.. വാ കേറിവാ.." ലക്ഷ്മി അവരെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി.
"എവിടെ മണവാട്ടിപ്പെണ്ണ്?"
"കൂട്ടുകാരുടെ ഒപ്പം ഇരിപ്പുണ്ടായിരുന്നു.. അമ്പിളീ. അമ്പിളീ.." ലക്ഷ്മി നീട്ടിവിളിച്ചു. "അവളവിടെയുണ്ട്. ചേച്ചി അകത്തേക്കു ചെല്ല്. ഞാനാ കാപ്പീടെ കാര്യമൊനു നോക്കട്ടെ." ലക്ഷ്മി തിരക്കിട്ട് അടുക്കളയിലേക്കു നീങ്ങി.
"അവളെ ഒന്നു കണ്ടിട്ട് ഞാനും വരാടീ!"
********************
രാത്രി. തിരക്കൊഴിഞ്ഞു. വന്നുചേര്‍ന്ന കുട്ടികളൊക്കെ കളിച്ചു തളര്‍ന്നുറങ്ങി. കുറെ ചെറുപ്പക്കാര്‍ പന്തലിന്റെ ഒരു മൂലയ്ക്കു ചീട്ടുകളിച്ചുകൊണ്ട് ഇരിക്കുന്നുണ്ട്. അവര്‍ മാത്രം ഇടയ്ക്കെല്ലാം ഒച്ചയിടുന്നു.
"കെടക്കുന്നില്ലേ?" ലക്ഷ്മി മാധവനോട് അന്വേഷിച്ചു.
"ഉം. അവളു കിടന്നോ?"
"എപ്പഴേ... എല്ലാരും കൂടെ നേരത്തെ നിര്‍ബ്ബന്ധിച്ചു കെടത്തി." ഒന്നു ശങ്കിച്ചു നിന്നിട്ട് ലക്ഷ്മി ചോദിച്ചു. "ഇന്നു രണ്ടെണ്ണം വീശിയിട്ടുണ്ടെന്നു തോന്നുന്നു - മണക്കുന്നു."
"ഹും... ഒരല്‍പം."
"ഹാ.. ഇനിയിപ്പോ അതിന്റെ ഒരു കുറവേയുള്ളൂ."
അലക്ഷ്യമായ ഒരു ചിരിയോടെ മാധവന്‍ പറഞ്ഞു: "അതെ, ഇനിയാ കുറവൊക്കെ അറിയാന്‍ പോകുന്നത്. " അല്‍പനേരം മാധവന്‍ ആലോചനയിലാണ്ടു.
"നീ ഓര്‍ക്കുന്നുണ്ടോടീ സ്ലേറ്റിലെഴുതിയ മാര്‍ക്കും പൊക്കിപ്പിടിച്ച് അവളീ കടവെറങ്ങി വരുന്നത്...!?"
"ങും.."
"പിള്ളാരൊക്കെ പെട്ടെന്നങ്ങു വളര്‍ന്നു. നമക്കൊക്കെ പെട്ടെന്നു വയസ്സായി... ഹാ..! നീ അവളോട് കാര്യങ്ങളൊക്കെ ഒന്നു പറഞ്ഞു കൊടുത്തേക്കണം. നമ്മുടെ വീടുപോലെയല്ലെന്നും നമ്മടടുത്തു കാണിക്കുന്ന വാശിയൊന്നും അവിടെച്ചെന്നു കാണിക്കരുതെന്നും. ഇപ്പോഴും കുഞ്ഞാന്നാ അവള്‍ടെ വിചാരം..!!"
ഒരു ഗദ്ഗദം മാധവന്‍ തൊണ്ടയില്‍ അമര്‍ത്തിപ്പിടിച്ചു. "... അവളു പോയാല്‍ നമ്മളു തന്നെയാകുമല്ലോ!"
ലക്ഷ്മിയുടെ കണ്ണില്‍ ഗ്യാസ് ലൈറ്റ് പ്രതിഫലിച്ചു.
"വന്നു കിടക്ക്.. നാളേം ഒരുപാടു പണീള്ളതാ." മാധവനു മുഖംകൊടുക്കാതെ ലക്ഷ്മി അകത്തേക്കു കയറി.
*********************
നിറപറയും നിലവിളക്കും നാടും നാട്ടുകാരും സാക്ഷി നില്‍ക്കെ അമ്പിളി സുമംഗലയായി. മുടി നിറയെ മുല്ലപ്പൂ ചൂടി, പട്ടിന്റെ ചേലണിഞ്ഞ്, പൊന്നിന്റെ തിളക്കത്തില്‍ മിന്നി അവളും ശാന്തഗംഭീരനായി വരനും മണ്ഡപത്തില്‍ ഇരുന്നു. നിറഞ്ഞ മനസ്സോടെ മാധവന്‍ എല്ലാത്തിനും മേല്‍ക്കൈയ്യായി നിന്നു.
സദ്യ തുടങ്ങി. വരന്റെ പാര്‍ട്ടി ആദ്യം ഉണ്ടു. പരിപ്പുകറിയുടെയും സാമ്പാറിന്റെയും പിന്നെ പായസത്തിന്റെയും പരിമളം ഉയര്‍ന്നു. ശേഷിച്ച ചിലരും നാട്ടുകാരും മറ്റു ബന്ധുക്കളും രണ്ടാമതും മൂന്നാമതുമായി ഇരുന്നു.
"ഒരു മുപ്പതു പേര്‍ക്കൂടെ ഇല ഇടേണ്ടിവരും." തെല്ലൊരു സംശയത്തോടെ മാധവന്‍ കലവറക്കാരനോടു പറഞ്ഞു.
"ഓ അതു സാരമില്ല, മുപ്പതോ അന്‍പതോ വന്നോട്ടെ. എന്നാലും സാധനം മിച്ചമാ!" കലവറക്കാരന്റെ ഉറപ്പ് മാധവനെ സമാധാനിപ്പിച്ചു.
ഊണു കഴിച്ചവര്‍ മുറ്റത്തിന്റെ അരികിലും പരിസരത്തുമൊക്കെ വട്ടം കൂടി നിന്നു കുശലം പറഞ്ഞു. വാനം പ്രസന്നമായി നീലക്കുട പിടിച്ചു. ക്യാമറാ ഫ്ലാഷുകളും വീഡിയോഗ്രാഫറും കലപില കൂട്ടി. അലങ്കരിച്ച ബോട്ടുകള്‍ കടവത്ത് ഇളംകാറ്റ് അയവിറക്കിക്കൊണ്ട് അലസം കിടന്നു. ജോയി ഒരുപറ്റം ചെറുപ്പക്കാരെക്കൊണ്ട് കള്ളുഷാപ്പ് ലക്ഷ്യമാക്കി തുഴഞ്ഞുപോയി.
എല്ലാവരും ഊണു കഴിഞ്ഞു. "രണ്ടരയ്ക്കു മുന്നേ എറങ്ങണമ്ന്നാണ്.." ആരോ ഓര്‍മ്മിപ്പിച്ചു.
അച്ഛനമ്മമാരുടെ കാല്‍ക്കല്‍ വീണ് വധൂവരന്മാര്‍ അനുഗ്രഹം തേടി. അമ്മയോടു യാത്ര പറഞ്ഞപ്പോള്‍ അവളുടെ മിഴി നനഞ്ഞു. വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി. ലക്ഷ്മിയുടെ ഉള്ളൊന്നു പിടഞ്ഞു -പിരിഞ്ഞു നിന്നിട്ടില്ലല്ലോ അവള്‍!
"നന്നായി വരും!" മാധവന്‍ പറഞ്ഞു. "..മുത്തച്ഛനെ ഓര്‍ത്തോണം!" മകളെ ഓര്‍മ്മിപ്പിച്ചു.
കവിളില്‍ ഒരു സ്നേഹചുംബനം. കൈകള്‍ വേര്‍പെട്ടപ്പോള്‍ അമ്പിളി ഒന്നേങ്ങിക്കരഞ്ഞു. കണ്‍കോണില്‍ ഇറ്റിവന്ന നീര്‍ക്കണം മാധവന്‍ പുറംകൈ കൊണ്ടു തുടച്ചു.
'പോയ് വരൂ, മോളേ!' അച്ഛന്റെ മൗനം അവള്‍ക്കു യാത്രാമൊഴി ചൊല്ലി.
ആളും ആരവവും ഒതുങ്ങി. വിരുന്നുകാര്‍ ഒന്നൊന്നായി പോയിക്കൊണ്ടിരിക്കുന്നു. മാധവന്‍ പന്തലിലെ ഒരു കസേരയില്‍ വന്നിരുന്നു.
"പണിക്കാരാരേലും ഊണു കഴിക്കാനുണ്ടോ ജോയീ?"
"എല്ലാരും കഴിച്ചതാ മാധവേട്ടാ!" എന്നു ജോയി പറഞ്ഞെങ്കിലും അവിടെ നിന്ന മുഷിഞ്ഞ വേഷമിട്ട ഒരാളോട് തിരക്കി.
"അതേയ്, ഊണു കഴിച്ചതല്ലേ?"
അപരിചിതന്‍ തിരിഞ്ഞു നോക്കി. ചെമ്പിച്ചു പടര്‍ന്ന മുടിയും മുഷിഞ്ഞ ഷര്‍ട്ടും പാന്റ്‌സും. പരിക്ഷീണമായ മുഖം. കയ്യില്‍ ഒരു പഴയ ബാഗ് തൂക്കിപ്പിടിച്ചിരിക്കുന്നു. കല്യാണപ്പാര്‍ട്ടീടെ കൂടെയൊന്നും വന്നയാളല്ല. വല്ല പാവപ്പെട്ട വഴിപോക്കനുമാവും.
"എന്താ മിണ്ടാത്തെ? കഴിച്ചതല്ലേല്‍ വാ, ഇങ്ങോട്ടിരുന്നോ!"
അപരിചിതന്‍ സംസാരിക്കാതെ മാധവനെ നോക്കി നിന്നു.
"മാധവേട്ടാ ഏതാ ഈ കക്ഷി?" ജോയി വിളിച്ചു ചോദിച്ചപ്പോള്‍ മാധവന്‍ എഴുന്നേറ്റു വന്നു. തന്നെ കണ്ണിമയ്ക്കാതെ നോക്കുന്ന അപരിചിതനോട് ചോദിച്ചു:
"ആരാ..? എവിടുന്നാ..?"
ആ യുവാവിന്റെ മുഖത്ത് ദീനമായ ഒരു സന്തോഷം വിടര്‍ന്നു. അവന്‍ പതുക്കെ മാധവന്റെ കണ്ണില്‍ നോക്കി വിളിച്ചു:
"ഓപ്രേറ്റര്‍...!!"
ഒരു നിമിഷം അവിശ്വസനീയതയോടെയും പിന്നെ അതിരറ്റ ഉത്സാഹത്തോടെയും മാധവന്‍ അവനെ നോക്കി. പിന്നെ ഗാഢം പുണര്‍ന്നു. എന്നിട്ടു വീട്ടിലേക്കു നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു:
"ലക്ഷ്മീ.. ഇതാരാ വന്നേക്കുന്നേന്നു നോക്കിയേ.. നമ്മടെ... നമ്മടെ ഉണ്ടാപ്രി വന്നേക്കുന്നു...!!"
വര്‍ഷങ്ങള്‍ക്കു മുന്‍പ് നെഞ്ചില്‍ വീണ ഒരു കരട് ഈ കഥയിലൂടെ ഞാന്‍ എടുത്തു കളയുന്നു. :)
ReplyDeleteസസ്നേഹം,
എം. എസ്. രാജ്
aa karadu oru maanikyakkallayi theernnirikkunnu
ReplyDeleteസത്യത്തില്‍ എനിയ്ക്കൊന്നും മനസ്സിലായില്ല.
ReplyDeleteആദ്യ കമന്റില്‍ നിന്ന് വെറും കഥയല്ലെന്ന് മാത്രം മനസ്സിലായി.
nannayittundu
ReplyDeleteഅണ്ണാ പൊളപ്പന് തന്നെ ,നിങ്ങള് ഒരു പുലിയാണല്ലോ
ReplyDeleteനായം,
ReplyDeleteനന്ദി...!
ശ്രീ,
‘കാഴ്ച’ സിനിമ ഒന്നു കണ്ടിട്ടു വായിക്കൂ... :)
നന്ദി അനോണീ... :)
കൊലുമ്പന്‍,
വാ.. തന്നെ? താങ്ക്യു താങ്ക്യു..!! :)
കാഴ്ച എന്ന സിനിമ തന്ന കുട്ടനാടിന്റെ സൌന്ദര്യത്തില്‍ നിന്നാണ് ഇതും വായിച്ചത്. കല്യാണം കഴിച്ചു lakshmi പോയത് വല്ലത്തിലായിരിക്കാം . ആ സുഖം വിണ്ടും അനുഭവിച്ചു. നന്ദി.
ReplyDeleteആ കരട് എന്റെ നെഞ്ചിലും ഉണ്ടായിരുന്നു. ഞാനും ഇതാ അതെടുത്തുകളയുന്നു. വളരെ നന്നായിരിക്കുന്നു
ReplyDeleteHey Raj.Really Good..Its well written:)Am reading ur blogs one by one..
ReplyDelete