2003 ലെ ക്രിസ്മസ് ദിനം. നനുത്ത തണുപ്പുള്ള ശാന്തമായ പ്രഭാതം. സമയം ഏഴര കഴിഞ്ഞിരിക്കുന്നു. ഉണര്‍ന്ന പാടേ പാതിരാകുര്‍ബ്ബാനയ്ക്കു പള്ളിമണി മുഴങ്ങുന്നത് ഈ വര്‍ഷവും കേള്ക്കാനൊത്തില്ലല്ലോ എന്നു തിരിച്ചറിഞ്ഞു. കമ്പിളിക്കുള്ളില്‍ നിന്നും എണീക്കാനേ തോന്നുന്നില്ല. ഉണരാന്‍ അല്‍പം താമസിച്ചു എന്ന കുറ്റബോധത്തോടെ ഞാന്‍ കിടക്കയില്‍ നിന്നെണീറ്റു.
ബ്രഷ് ചെയ്തു വരുമ്പോഴേക്കും കടുംകാപ്പിയുമായി അമ്മ മുന്നില്‍. "നീയിന്നു രജനി മാഡത്തെ കാണാന്‍ പോകുന്നില്ലേ?"
"ഉം... പക്ഷേ, ഇന്നു ക്രിസ്മസല്ലേ, ബസ് വല്ലോം കാണുമോ?" ഞാന്‍ ഗ്ലാസില്‍ കൈത്തലം അമര്‍ത്തിപ്പിടിച്ച് ചൂടു പകര്‍ന്നുകൊണ്ട് ചോദിച്ചു.
"പിന്നെ, ബസൊക്കെ കാണും. ദേ, പോകുന്നുണ്ടേല്‍ നേരത്തെതന്നെ ചെല്ല്" എന്നോര്‍മ്മപ്പെടുത്തി അമ്മ അടുക്കളയിലേക്കു വലിഞ്ഞു. രജനി മാഡം എന്റെ പഴയ ഒരു സഹപ്രവര്‍ത്തകയാണ്. ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സോള്‍ഡറിങ്ങ് ലെഡും ഫ്ലെക്സും ചേര്‍ന്നുരുകുന്ന മണം പൊങ്ങുന്ന ഇലക്ട്രോണിക്സ് ലാബില്‍ വെച്ചു തളിരിട്ട ഒരു കുഞ്ഞു സൗഹൃദം. ജീവിതയാത്ര പുതിയ ദിശകള്‍ തേടുമ്പോള്‍ രജനിമാഡവും ഒരു നാള്‍ തൃശൂരിലേക്ക് വണ്ടി കയറി. പൊലീസ് കോണ്‍സ്റ്റബിളിന്റെ ട്രെയിനിങ്ങിനു വേണ്ടി. ഇല്ലായ്മകളുടെയും കഷ്ടപ്പാടുകളുടെയും ഇടയില്‍ നിന്നും അദ്ധ്വാനത്തിന്റെയും ഈശ്വരാനുഗ്രഹത്തിന്റെയും ബലത്തില്‍ നേടിയെടുത്ത പദവി. എന്റെ ജീവിതത്തിലേക്ക് എന്നും പ്രചോദനമായി നില്‍ക്കുന്ന അതിജീവനത്തിന്റെ ഒരു സാക്ഷ്യപത്രം. പടക്കങ്ങള്‍ അപ്പോഴും അവിടവിടെ നിര്‍ത്താതെ പൊട്ടിക്കൊണ്ടിരുന്നു.
കൊച്ചുതോവാളയില്‍ നിന്നും ബസില്‍ കയറി പത്തു രൂപയുടെ ടിക്കറ്റ് വാങ്ങി പോക്കറ്റിലിടുമ്പോള്‍ ഒരു മണിക്കൂര്‍ യാത്ര കണക്കുകൂട്ടി. വിദൂരബാല്യത്തിലെന്നോ ഞാന്‍ ഈ വഴി ഒന്നുരണ്ടു തവണ നടന്നിട്ടുണ്ട്. സ്ഥലവും വഴികളും കണ്ടപ്പോള്‍ ഒന്നും ഓര്‍മ്മയില്‍ തെളിഞ്ഞില്ല. പണ്ടു നടന്നപ്പോള്‍ കഷ്ടിച്ച് ഒരു ജീപ്പിനു കടന്നുപോകാന്‍ മാത്രം വീതിയുള്ള ഒരു റോഡായിരുന്നു അത്. ആ മണ്‍പാതയില്‍ അപൂര്‍വമായി മാത്രം ഓടുന്ന ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പുകള്ടെ ചക്രങ്ങള്‍ തീര്‍ത്ത ചാലുകള്‍ ഉണ്ടായിരുന്നു. ആ ചാലിലൂടെ വണ്ടിയുരുളുമ്പോള്‍ സ്റ്റിയറിങ്ങ് ഉപയോഗിച്ചില്ലെങ്കിലും ഗതിമാറിപ്പോവില്ല എന്നു ഞാന്‍ ധരിച്ചു വെച്ചിരുന്നു!
ഇപ്പോഴും റോഡ് പൂര്‍ണ്ണമായും ടാറിട്ടിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ തന്നെ അതെല്ലാം പൊളിഞ്ഞു നാശമായിരുന്നു. റോഡിന്റെ അസ്ഥിവാരത്തിലെ വലിയകല്ലുകള്‍ അങ്ങിങ്ങു മുഴച്ചു നിന്നു. ഇടതുവശത്തെ തിട്ടയില്‍ നിന്നു തുലാമഴവെള്ളം ഒലിച്ചിറങ്ങി വഴിയില്‍ ചാലുകള്‍ തീര്‍ത്തിരുന്നു. അവയിലൂടെ അവശയായൊരു വൃദ്ധയെപ്പോലെ ബസ് ഏന്തിനീങ്ങി. പറഞ്ഞ സ്ഥലത്തു ചെന്നിറങ്ങുമ്പോള്‍ എന്നെ കാത്തു ബിജുച്ചേട്ടന്‍ നില്‍പുണ്ടായിരുന്നു. ഞാന്‍ ആ ബസിനുവരുമെന്നു ബിജുച്ചേട്ടന് അറിയാമായിരുന്നോ എന്തോ...
അവരുടെ വീടിന്റെ മുന്‍വശം റോഡിലേക്കു തുറന്നിരിക്കുന്ന ഒരു കടമുറിയാണ്. അത് സ്വീകരണമുറിയായി ഉപയോഗിക്കുന്നു. പോളിയൊ തളര്‍ത്തിയ കാലുകള്‍ നിലത്തൂന്നി ക്രച്ചസില്‍ നിന്ന് ബിജുച്ചേട്ടന്‍ എന്നെ ഉള്ളിലേക്കാനയിച്ചു. എന്തോ തിരക്കിനിടയില്‍ അടുക്കളയില്‍ നിന്നും രജനി മാഡം ഓടിവന്ന് കുശലാന്വേഷണം നടത്തി; കയ്യിലിരുന്ന ക്രിസ്മസ് കേക്ക് ഞാന്‍ രജനിമാഡത്തിനു കൈമാറി. പുള്ളിക്കാരി ഉടനെ വരാമെന്നു പറഞ്ഞ് പണിത്തിരക്കിലേക്കു മടങ്ങി. ചായയുമായി അമ്മ വന്നു. അമ്മയ്ക്ക് രജനി മാഡത്തിന്റെ അതേ ഛായ. വീട്ടിലുള്ള എല്ലാവരെപറ്റിയും അമ്മ ചോദിച്ചു. രജനിമാഡം എല്ലാം വിശദമായി പറയുന്നുണ്ടാവണം. ബിജു ചേട്ടന്റെ ഭാര്യയെയും കുഞ്ഞിനെയും പരിചയപ്പെട്ടു. കാവ്യ എന്നു സ്വയം വിളിക്കുന്ന ആ കുഞ്ഞിനു പക്ഷേ എന്നെ അത്ര ബോധിച്ചില്ലെന്ന് തോന്നുന്നു. എന്നെ കണ്ട പാടെ കരച്ചിലോടു കരച്ചില്‍. അതോടെ കുഞ്ഞിനെ വരുതിയിലാക്കാനുള്ള ശ്രമം ഞാന്‍ നിര്‍ത്തി.
വി.സി.ഡി പ്ലേയറില്‍ എതോ പടം ഓടുന്നു. അതവഗണിച്ച് ഞാന്‍ ബിജുച്ചേട്ടനുമായി നാട്ടുവര്‍ത്തമാനം പറഞ്ഞിരുന്നു. അല്‍പനേരം കഴിഞ്ഞപ്പോള്‍ അമ്മ വന്നു ഭക്ഷണത്തിനു ക്ഷണിച്ചു. ഞാന്‍ രാവിലെ കഴിച്ചതാണെന്നുപറഞ്ഞ് ഒഴിവാകാന്‍ നോക്കിയെങ്കിലും എന്നെ പിടിച്ചിരുത്തി അവര്‍ കഴിപ്പിച്ചു- അപ്പവും ഇറച്ചിക്കറിയും.
'ഇക്കണക്കിനാണെങ്കില്‍ ഞാന്‍ എങ്ങനെ ഊണുകഴിക്കും' എന്ന ആകുലത പങ്കുവെയ്ക്കാന്‍ എനിക്കൊട്ടുമേ മടി തോന്നിയില്ല. വീണ്ടും ഞങ്ങള്‍ നാട്ടുവര്‍ത്തമാനവും ടി.വി. പ്രോഗ്രാമുകളുമായിരുന്നു. ഇടയ്ക്കിടെ ഒന്നും രണ്ടും വണ്ടികള്‍ റോഡിലൂടെ പൊയ്ക്കൊണ്ടിരുന്നു. ഓരോ അരമണിക്കൂറിലും അതിലേ ബസ് പോകുന്നതു കണ്ട് ഞാന്‍ അതിശയിച്ചു. 'ഇതിലേ ഇത്രയും ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടല്ലേ?'
'ആളുണ്ട്; എല്ലാ സര്‍വീസിനും. അതുകൊണ്ട് റോഡൊക്കെ എത്ര മോശമായാലും വണ്ടി വരും.' ഓരോ ബസും പോയിക്കഴിയുമ്പോള്‍ വഴി മൂകമാവും. ആളും അനക്കവുമില്ലാത്ത ഒരു വിദൂരദേശത്തെത്തിയതുപോലെ തോന്നും. കര്‍ഷകകുടുംബങ്ങളാണ് അവിടെ വസിക്കുന്നവരെല്ലാം തന്നെ. ഏക്കറുകണക്കിനു കൃഷിഭൂമിയുള്ളവരാണ് എല്ലാവരും. കന്നുകാലികളെയും, കോഴി, മുയല്‍ എന്നിവയെയുമെല്ലം വളര്‍ത്തി വരുമാനമുണ്ടാക്കുന്നവര്‍. ഏലവും കുരുമുളകും കാപ്പിയും ഗ്രാമ്പൂവും ഇഞ്ചിയും കൊക്കോയും വനിലയുമെല്ലാം വിളയിച്ച് മണ്ണില്‍ നിന്നു പൊന്നു കൊയ്യുന്ന വിയര്‍പ്പിന്റെ മണമുള്ള മനുഷ്യര്‍. പച്ചയായ ഹൈറേഞ്ച് ഗ്രാമം.
കിടിലന്‍ നോണ്‍-വെജ് സദ്യ ഊണിന്. അല്‍പമിരുന്നു വിശ്രമിച്ചു കഴിഞ്ഞപ്പോള്‍ 'ഇവിടമൊക്കെ കാണണ്ടേ?' എന്ന ചോദ്യവുമായി രജനിമാഡം മുന്നില്‍. 'തൂവല്‍ വെള്ളച്ചാട്ടത്തിന്റെ അടുത്തുപോകാം' എന്നു പുള്ളിക്കാരി തന്നെ നിര്‍ദ്ദേശിച്ചു. നിമിഷങ്ങള്‍ക്കകം ഞങ്ങള്‍ അവിടം ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി. നീലചുരിദാറിട്ട് കുടിക്കാനുള്ള വെള്ളവും മറ്റും ഒരു പ്ലാസ്റ്റിക് സഞ്ചിയിലാക്കി രജനിമാഡം മുന്‍പേ നടന്നു. ഏതാണ്ട് ഇരുപതു മിനിറ്റു നടക്കണം. തോടിനു കുറുകെയിട്ട തെങ്ങിന്‍തടിപ്പാലത്തിലൂടെ അക്കരെയെത്തി ഞങ്ങള്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയിലെ വിശേഷങ്ങള്‍ പങ്കുവെച്ചു നീങ്ങി. ഒരുമിച്ചുണ്ടായിരുന്ന കാലത്ത് ഉച്ചയ്ക്ക് കറികള്‍ പങ്കിട്ടെടുത്ത ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഴങ്കഥകള്‍ അയവിറക്കി.
ശക്തികുറഞ്ഞതെങ്കിലും ഉയരത്തില്‍ നിന്നു പതിക്കുന്ന ജലധാര കണ്ട് ഞാന്‍ കുറെ നേരം നിന്നു. വര്‍ഷകാലത്ത് ഹുങ്കാരശബ്ദത്തോടെ പാദത്തില്‍ ചുഴികള്‍ തീര്‍ത്ത് സംഹാരരൂപം കൊള്ളുന്നത് മനസ്സില്‍ സങ്കല്‍പിച്ചു. എന്റെ കുഞ്ഞു യാഷിക ക്യാമറയില്‍ ഞാന്‍ ചിത്രങ്ങള്‍ പകര്‍ത്തി. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങള്‍. അങ്ങു ദൂരെ അക്കാദമിയിലെ മടുപ്പിക്കുന്ന കഠിനപരിശീലനത്തിന്റെ യാതനകള്‍. ഇങ്ങിവിടെ പിറന്ന വീടിനെപ്പറ്റിയുള്ള ഈറനായ ചിന്തകള്‍. ക്ഷണികമായ ഒരു അവധിക്കാലം കഴിഞ്ഞു തിരികെപ്പോകുമ്പോഴുള്ള വിങ്ങല്‍. ക്യാമ്പിലെ ഒറ്റപ്പെടല്‍. ഒരു കത്ത്, അല്ലെങ്കില്‍ കാള്‍ വരുമ്പോഴുള്ള ആശ്വാസം....
ഡിസംബര്‍ വെയിലിനു ചൂടാറിവന്നു. ഇനി മാസങ്ങള്‍ കഴിഞ്ഞിട്ടേ കാണാനാവൂ എന്നറിയുമ്പോള്‍ ഈ ദിനം അസ്തമിക്കാതിരുന്നെങ്കില്‍ എന്ന് ഞങ്ങളിരുവരും അറിയാതെ ആശിച്ചു. പിന്നെ, സാവധാനം തിരികെ വീട്ടിലേക്കു നടന്നു. പക്ഷേ, തിരികെ നടക്കാന്‍ ഒരുത്സാഹക്കുറവുപോലെ. ഇഴപിരിയാത്ത ഒരു സ്നേഹബന്ധം ഞങ്ങളെ വീണ്ടും ആ അരുവിക്കരയിലേക്കു മാടിവിളിക്കുന്നതുപോലെ.
വീട്ടിലെത്തിയപ്പോള്‍ സന്ധ്യയാവാറായിരുന്നു. അവസാന ബസും പോയ്ക്കഴിഞ്ഞു. അന്നവിടെ തങ്ങാമെന്നു പലവുരു അവര്‍ നിര്‍ബ്ബന്ധിച്ചു. പക്ഷേ, എന്തോ എനിക്കു മടങ്ങണമെന്നു തന്നെ തോന്നി. അടുത്ത കവലയിലേക്കു നാലഞ്ച് കിലോമീറ്റര്‍ നടക്കണം. എങ്കില്‍, ചിലപ്പോള്‍ കട്ടപ്പനയ്ക്കുള്ള ബസ് കിട്ടിയേക്കും. ചിലപ്പോ ജീപ്പ് വരും. ഈ പ്രതീക്ഷകളില്‍ ഞാന്‍ അവിടുന്നു യാത്ര പറഞ്ഞിറങ്ങി. 'വേഗം ഇരുട്ടും, അതുകൊണ്ട് ഇതു കൂടി കയ്യില്‍ വെച്ചോ' എന്നുപറഞ്ഞ് ആ അമ്മ ഒരു ടോര്‍ച്ച് എന്നെ ഏല്‍പ്പിച്ചു.
സാവധാനം ഞാന്‍ നടന്നുതുടങ്ങി. വഴിയിലൊന്നും ഒറ്റവാഹനം പോലും കണ്ടില്ല. എല്ലാവരും ക്രിസ്മസ് ആലസ്യത്തിലാവണം. അപ്പോഴും പടക്കങ്ങള്‍ പൊട്ടിക്കൊണ്ടിരുന്നു. കുളിരുന്ന ആ സന്ധ്യയില്‍ ദുര്‍ഘടമായ വഴിയിലൂടെയുള്ള നടത്തം എന്നെ വിയര്‍പ്പിച്ചു. കവലയില്‍ വന്നെങ്കിലും ഇനി ടൗണിലേക്കു വണ്ടി കിട്ടാന്‍ സാധ്യതയില്ലെന്നു മനസ്സിലാക്കി. വീണ്ടും രണ്ടു കിലോമീറ്റര്‍ നടന്നാല്‍ ഒരു ആന്റിയുടെ വീടുണ്ട്. പരിചിതമായ ആ വഴിയിലേക്ക് ഞാന്‍ ടോര്‍ച്ച് തെളിച്ചു നടപ്പുതുടര്‍ന്നു.
കറയറ്റ ആ സുഹൃദ്ബന്ധത്തിനു നിവേദിച്ച ആ ക്രിസ്മസ് ദിനം ഇന്നും വേറിട്ടു നില്‍ക്കുന്നു. ജീവിതവേഗങ്ങളില്‍പ്പെട്ട് പിന്നീടൊരു വിശേഷാവസരത്തിലും ഒരുമിച്ചുകൂടാന്‍ കഴിയാതെപോയെങ്കിലും ഫോണ്‍ബുക്കിലെ പത്തക്കങ്ങള്‍ ഇന്നും ആ സൗഹൃദത്തെ വിളിപ്പാടകലെ നിര്‍ത്തുന്നു. എങ്കിലും ആത്മബന്ധത്തിന് അന്ന് ആ കുഞ്ഞുകുടുംബത്തില്‍ പങ്കുവെച്ച പ്ലം കേക്കിന്റെയും ഇരുളിലുയര്‍ന്ന വിയര്‍പ്പിന്റെയും മണമാണ്.
ഹാപ്പി ക്രിസ്മസ്!
ഇന്നും ഓര്‍മ്മയില്‍ മിന്നി നില്‍ക്കുന്ന ഒരു ക്രിസ്മസ് നക്ഷത്രം..!
ReplyDeleteസസ്നേഹം,
എം.എസ്. രാജ്
ആദ്യം ഒരു തേങ്ങ... ഇന്നാ പിടിച്ചോ!!
ReplyDelete((((((((((((ട്ടോ)))))))))))
നല്ലൊരു പോസ്റ്റ് രാജ്...
രാജിനും കുടുംബത്തിനും ക്രിസ്തുമസ് ആശംസകള്‍...!!
:)
രാജ് ഭായ്..
ReplyDeleteവാക്കുകൾകൊണ്ട് വായനക്കാർക്കൊരു ക്രിസ്മസ് സമ്മാനം, ഒരു നനുത്ത കുളിർക്കാറ്റേറ്റ പ്രതീതി..
സന്തോഷകരമായ ഒരു ക്രിസ്മസ് കൂടി ആശംസിക്കുന്നു
ആ സ്നേഹബന്ധം ഒരു പോറല്‍ പോലും ഏല്‍ക്കാതെ നിലനില്‍ക്കട്ടെ.
ReplyDeleteആശംസകള്‍.