Wednesday, May 27, 2009

ഒരു കുടക്കീഴില്‍

"ഹെയ്‌... എന്നെ നനയിക്കാതെ..!"

മഴത്തുള്ളികള്‍ അവളുടെ ചുരുളന്‍ മുടിയിഴകള്‍ക്കിടയില്‍ പിടഞ്ഞലിയുന്നതു ഞാന്‍ കുസൃതിയോടെ നോക്കി. അവള്‍ വീണ്ടും നനയാന്‍ ഞാന്‍ കുട അകത്തിപ്പിടിച്ചു.

"ഡാ, കുട താ..! ആകെ നനയുന്നു... തണുക്കുന്നൂ..!!"

"നനയട്ടെ. തണുക്കട്ടെ!" ഞാന്‍ ഉറക്കെപ്പറഞ്ഞു. ഇടവഴിയരികിലെ ചെമ്പരത്തിയുടെ ഇലകളിലേക്ക്‌ കാലവര്‍ഷം ആഞ്ഞുപെയ്തു. മഴയുടെ ആരവം ചീവീടുകള്‍ ഏറ്റുപാടി. മലമുകളില്‍ കോടമഞ്ഞ്‌ കൂടുകൂട്ടി.

"ദേ, കുട തരുന്നുണ്ടോ? ഞാന്‍ നനയുന്നതു കണ്ടില്ലേ?"

ഹും.. പെണ്ണിന്റെ സ്വരത്തില്‍ ഈര്‍ഷ്യ കലര്‍ന്നു തുടങ്ങി.

"ദേ, എന്റെയല്ലേ കുട. ഇങ്ങു തന്നേരെ. നീ നനഞ്ഞു നടന്നുവന്നാ മതി..." അവള്‍ എന്റെ കയ്യില്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചു. ഞാന്‍ കുടയുമായി ഒഴിഞ്ഞു മാറി. മഴത്തുള്ളികള്‍ അവളുടെ നെറ്റിയില്‍ പാഞ്ഞുവീണ്‌ ചിതറുന്നു!

"ഞാന്‍ പിണങ്ങും കേട്ടോ..?" ഭീഷണിയാണ്‌.

"പിണങ്ങിക്കോ. എന്നാലും കുട തരില്ല."

അവള്‍ അടിക്കാനായി കയ്യോങ്ങി. വഴിയരികില്‍ നനഞ്ഞുമറിഞ്ഞു കിടക്കുന്ന പുല്‍നാമ്പുകള്‍ക്കിടയിലേക്കു ഞാന്‍ ചാടിമാറി. ഹൊ! അവളെന്നെ ശരിക്കും അടിച്ചേനെ.

വീണ്ടും അവള്‍ കുട പിടിച്ചു വാങ്ങാന്‍ കൈ നീട്ടി വന്നു. പിന്നോട്ട്‌ ഒരടി നീങ്ങിയ ഞാന്‍ വീണുകിടന്ന വാഴയിലയില്‍ ചവിട്ടി വഴുതിവീണു.

"ഹ ഹ..ഹാ!! അങ്ങനെവേണം..! കണക്കായിപ്പോയി!! കളി കുറച്ചു കൂടിപ്പോയി കെട്ടോ??" അതും പറഞ്ഞു കുതിച്ചു വന്ന് എന്റെ കയ്യില്‍ നിന്നു തെറിച്ചു പോയ കുട എടുത്തു ചൂടി.തിരിഞ്ഞു നിന്ന് 'ഇനി തന്നെ നനഞ്ഞുവന്നാ മതി ട്ടോ, ഞാന്‍ പോവ്വാ..' എന്നും പറഞ്ഞ്‌ ഒരു ഗോഷ്ടിയും കാണിച്ചു നടന്നകന്നു.

ഇളിഭ്യനായി വീണ കിടപ്പില്‍ ഞാന്‍ കിടന്നു. ദേഹത്തും ഉടുപ്പിലുമെല്ലാം ആകെ അഴുക്ക്‌.

അവളെ നനയിക്കാന്‍ പെയ്തതിലും വീറാണ്‌ ഇപ്പോള്‍ പെയ്യുന്ന മഴയ്ക്ക്‌ എന്ന് തോന്നിയെനിക്ക്‌.

"കില്ല മഴ! പേട്ടു മഴ!" ഞാന്‍ മഴയെ ശകാരിച്ചു.

ഞാന്‍ വീണ്ടും നനഞ്ഞുകൊണ്ടേയിരുന്നു. അവള്‍ തിരിഞ്ഞു പോലും നോക്കാതെ നടപ്പാണ്‌.

"വഞ്ചകി!"

പതുക്കെ എണീറ്റു. തിമിര്‍ത്തു പെയ്യുന്ന തുള്ളികള്‍ കൈമുട്ടില്‍ പറ്റിപ്പിടിച്ചിരുന്ന ചെളി അലിയിച്ചു. കാലില്‍ നിന്നും ഊരിപ്പോയ ചെരിപ്പ്‌ തേടിയെടുത്തു.

"പൊട്ടച്ചെരിപ്പ്‌! തെന്നുന്നു!!"

"അതിനു ചെരിപ്പിനെ കുറ്റം പറഞ്ഞിട്ടെന്താ? മര്യാദയ്ക്കിരിക്കണം!!"

ഞാന്‍ ഞെട്ടിത്തിരിഞ്ഞു. കുടയുടെ പാതിമറ എനിക്കായി നീക്കിപ്പിടിച്ച്‌ അവള്‍. ഞാന്‍ അവളുടെ മുഖത്തു നോക്കിയില്ല. അവിടെത്തന്നെ നിന്നു. അവള്‍ അടുത്തു വന്നു എന്നെയും കുട ചൂടിച്ചു. "വാന്ന്..!!"

ഞാവല്‍പ്പഴക്കണ്ണുകള്‍ എന്റെ മുഖത്തു തറഞ്ഞുനിന്നതു ഞാന്‍ കണ്ടു.

"നിനക്കെന്നെ നനയ്ക്കണം അല്ലേ??" എന്റെ കയ്യില്‍ അവള്‍ കിഴുക്കി. "ഉം... നടക്ക്‌!"

മഴ വീണ്ടും ഞങ്ങള്‍ക്കു ചുറ്റും വെള്ളിനൂലുകള്‍ തീര്‍ത്തു.

Tuesday, May 05, 2009

മോക്ഷം പുനര്‍ജ്ജന്മം

കഥ നടക്കുന്നത്‌ നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌!

പൗരാണിക ഒറീസയിലെ ഒരു കുഗ്രാമത്തില്‍ ഒരു പാവം ബാലിക ഉണ്ടായിരുന്നു. പാവം എന്നു പറഞ്ഞാല്‍ പഞ്ചപാവം. തേജശ്രീ എന്നായിരുന്നു അവളുടെ പേര്‌. അവള്‍ക്ക്‌ നന്നേ ചെറുപ്പത്തില്‍ സ്വന്തം അമ്മയെ നഷ്ടപ്പെട്ടു. രണ്ടാനമ്മയോടും അച്ഛനോടുമൊപ്പമാണ്‌ അവള്‍ ജീവിച്ചു പോന്നത്‌. കന്നുകാലി വളര്‍ത്തലായിരുന്നു അവരുടെ തൊഴില്‍.

ഓമനത്തം തുളുമ്പുന്ന ഈ കുഞ്ഞിനെ രണ്ടാനമ്മ പോലും ഉള്ളു നിറയെ സ്നേഹിച്ചു. എന്നാല്‍ ആ സ്നേഹത്തിന്‌ അധികം ആയുസ്സുണ്ടായില്ല. കാരണം, രണ്ടാനമ്മയ്ക്കു കുട്ടികള്‍ ഉണ്ടാവാത്തത്‌ ഈ കുഞ്ഞിന്റെ ജന്മദോഷം കൊണ്ടാണെന്ന് ഏതോ ഒരു കൈനോട്ടക്കാരി ഈ സ്ത്രീയെ പറഞ്ഞു വിശ്വസിപ്പിച്ചു. അതിനായി ഈ കുഞ്ഞിനെ എവിടെയെങ്കിലും ഉപേക്ഷിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. അതോടെ രണ്ടാനമ്മയ്ക്കു തേജശ്രീയെ കണ്ണെടുത്താല്‍ കണ്ടുകൂടെന്നായി. അവര്‍ ഇവളെ ദ്രോഹിക്കാന്‍ തുടങ്ങി. അവളുടെ അച്ഛനാകട്ടെ എല്ലാം കണ്ടും കേട്ടും മൗനമായി നിന്നു.

ഇതിനിടെ രണ്ടു തവണ തേജശ്രീയെ കാട്ടിലുപേക്ഷിക്കാന്‍ രണ്ടാനമ്മ ശ്രമിച്ചു. ഭാഗ്യവശാല്‍ അച്ഛന്‍ അവളെ കണ്ടെത്തി വീട്ടിലെത്തിച്ചു. തുടര്‍ന്ന് തൊട്ടതിനും പിടിച്ചതിനുമെല്ലാം രണ്ടാനമ്മ അവളെ ക്രൂരമായി ശിക്ഷിക്കാന്‍ തുടങ്ങി. അമ്മയുടെ ഉപദ്രവം സഹിക്കവയ്യാതെ പിഞ്ചുപ്രായത്തില്‍ തേജശ്രീ കാലിമേയ്ക്കാന്‍ കാട്ടില്‍ പോയിത്തുടങ്ങി. രണ്ടാനമ്മ ഇതില്‍ അകമഴിഞ്ഞു സന്തോഷിച്ചു. കാട്ടില്‍ വെച്ച്‌ വല്ല അപകടമോ മൃഗങ്ങളുടെ ആക്രമണമോ ഉണ്ടായി ശല്യം തീരുമെന്ന് അവര്‍ കരുതി. എന്നാല്‍ കാട്ടിലേക്കുള്ള പതിവുയാത്രകള്‍ തേജശ്രീയ്ക്ക്‌ പീഡനത്തില്‍ നിന്നുള്ള രക്ഷാമാര്‍ഗ്ഗമായി.

പൂക്കളും മരങ്ങളും കിളികളും മൃഗങ്ങളും നിറഞ്ഞ കാട്‌ അവള്‍ക്കൊരു പുതുലോകമായിരുന്നു. ഏകാന്തമായ പകലുകളില്‍ പശുക്കളോടൊപ്പം നടന്നും കാട്ടുപഴങ്ങള്‍ തിന്നും അവള്‍ നടന്നു. ഇടയ്ക്കിടെ ഓര്‍മ്മയില്‍ പോലുമില്ലാത്ത പെറ്റമ്മയുടെ മുഖവും സ്നേഹവും മനസ്സില്‍ സങ്കല്‍പ്പിച്ച്‌ ആകുലപ്പെട്ടു. ആ നൊമ്പരമെല്ലാം ഗാനമായി അവളുടെ ചുണ്ടില്‍ നിന്നും ഒഴുകിവീണു. അവളുടെ സ്വരമാധുരിയിലും ഈണത്തിലും മയങ്ങി ചെവിയാട്ടി കാമധേനുക്കള്‍ മേഞ്ഞുനടന്നു.

അങ്ങനെയിരിക്കേ ഒരിക്കല്‍, ഒരു ഋഷിവര്യന്‍ ആ കാട്ടിലൂടെ വരികയുണ്ടായി. അങ്ങകലെനിന്നും ശോകാര്‍ദ്രമായ ഒരു മധുരഗീതം അദ്ദേഹത്തിന്റെ കാതില്‍ വന്നുവീണു. 'ഈ കൊടും കാട്ടില്‍ ഇത്ര മധുരമായി പാടുന്നതാര്‌?' എന്നദ്ദേഹം അതിശയിച്ചു. പാട്ടിനെ പിന്തുടര്‍ന്ന് എത്തിയ മഹര്‍ഷി കണ്ടത്‌ സുന്ദരിയായ ഒരു കുഞ്ഞ്‌ പൂമരത്തണലില്‍ ഇരുന്ന് കണ്ണീര്‍ വാര്‍ത്തു പാടുന്നതാണ്‌. അലിവുതോന്നിയ മഹര്‍ഷി അവളുടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അനന്തരം അവളെ തന്നോടൊപ്പം കൂട്ടി ദൂരെയുള്ള തന്റെ ആശ്രമത്തിലേക്കു പോയി.

അന്നു വൈകുന്നേരം കാലിക്കൂട്ടങ്ങള്‍ ഏറെ വൈകിയാണു തിരിച്ചെത്തിയത്‌. തിരികെ വരാന്‍ തേജശ്രീയുടെ അകമ്പടി ഇല്ലാഞ്ഞതിനാല്‍ ആ പാവം മിണ്ടാപ്രാണികള്‍ ആകെ സങ്കടപ്പെട്ടിരുന്നു. ഏറെ നാള്‍ കഴിഞ്ഞും തേജശ്രീയുടെ വിവരമൊന്നും ലഭിക്കാഞ്ഞതിനാല്‍ അവളെ വല്ല കടുവയും പിടിച്ചു തിന്നുകാണുമെന്ന് ഗ്രാമത്തില്‍ എല്ലാവരും കരുതി. രണ്ടാനമ്മ മാത്രം ഇതില്‍ വളരെ സന്തോഷിച്ചു.

അകലെയെങ്ങോ കൊടുംവനത്തിലായിരുന്നു ആ മഹര്‍ഷിയുടെ ആശ്രമം. അവിടെ അദ്ദേഹത്തിന്റെ ഏതാനും ശിഷ്യന്മാരും ഒരു പുത്രനും ഉണ്ടായിരുന്നു. ശാന്തിയും സമാധാനവും നിറഞ്ഞ ആ അന്തരീക്ഷത്തില്‍ കുഞ്ഞുതേജശ്രീ മുനിയുടെ വളര്‍ത്തുമകളായി ജീവിച്ചു. വലിയ വിജ്ഞാനിയായ ആ മഹര്‍ഷി അവളെ അക്ഷരവിദ്യയും വേദങ്ങളും ശാസ്ത്രങ്ങളും സംഗീതവും അഭ്യസിപ്പിച്ചു. അവള്‍ വളര്‍ന്നു- സുന്ദരിയായ ഒരു കൗമാരക്കാരിയായി. അവളുടെ മധുരമായ പ്രാര്‍ഥനാഗീതം കേട്ടാണ്‌ എന്നും ആശ്രമം ഉണരുക. ബുദ്ധിസാമര്‍ഥ്യത്തിലും പഠനത്തിലും മഹര്‍ഷിയുടെ മറ്റു ശിഷ്യരെ തേജശ്രീ വളരെ വേഗം പിന്നിലാക്കി. അങ്ങനെ അവള്‍ ആശ്രമവാസികളുടെ ആരാധനാപാത്രമായി മാറി.

മുനികുമാരനായ വിദ്യാധരന്‍ തേജശ്രീയില്‍ ആകൃഷ്ടനായി. അവളുടെ മധുരഗാനങ്ങളും വേദനൈപുണ്യവും ഭക്തിയും അവനെ ഉന്മത്തനാക്കി. സുന്ദരിയും ബുദ്ധിമതിയുമായ തേജശ്രീയെ സ്വന്തമാക്കാന്‍ അവന്‍ അങ്ങേയറ്റം ആഗ്രഹിച്ചു. തേജശ്രീയാകട്ടെ, ശക്തനും സുമുഖനും വേദശാസ്ത്രങ്ങളില്‍ നിപുണനുമായ വിദ്യാധരനെ മനസ്സുകൊണ്ട്‌ ഇഷ്ടപ്പെട്ടിരുന്നു. എങ്കിലും ഗുരുകോപം ഭയന്ന് അവള്‍ തന്റെ ഇഷ്ടം ഉള്ളില്‍ ഒതുക്കി. വിദ്യാധരനാകട്ടെ, ഓരോ നിമിഷവും തേജശ്രീയെ ഉള്ളുരുകി സ്നേഹിച്ചുകൊണ്ടിരുന്നു; അവളറിയാതെ. ഒരുനാള്‍ അച്ഛനോട്‌ അവളോടുള്ള തന്റെ ഇഷ്ടം തുറന്നുപറയാന്‍ വിദ്യാധരന്‍ നിശ്ചയിച്ചു.

അങ്ങനെയിരിക്കേ, നാടുവാഴുന്ന തമ്പുരാന്‍ ഒരിക്കല്‍ ഈ ആശ്രമത്തിലെത്തി. മഹാപണ്ഡിതനായ മഹര്‍ഷി കൊട്ടാരത്തിലേക്കു വന്ന് രാജഗുരുവായി സ്ഥാനമേറ്റ്‌ നാടിനെ അനുഗ്രഹിക്കണമെന്നതായിരുന്നു രാജാവിന്റെ അപേക്ഷ. എന്നാല്‍, മഹാമുനിയാകട്ടെ കൊട്ടാരത്തില്‍ പോയി ലൗകിക സുഖങ്ങളില്‍ മുഴുകി ജീവിക്കാന്‍ കൂട്ടാക്കിയില്ല. അതിനു പകരമായി എന്തു പ്രായശ്ചിത്തം വേണമെങ്കിലും ചെയ്തുകൊള്ളാമെന്നു രാജാവിനു വാക്കുനല്‍കി. 'എങ്കില്‍ അങ്ങയുടെ സുന്ദരിയായ കുമാരിയെ എനിക്കു വിവാഹം ചെയ്തു തന്നാലും' എന്നായി മഹാരാജന്‍. മഹര്‍ഷിക്കു സമ്മതിക്കാതെ തരമില്ലായിരുന്നു.

ഈ വാര്‍ത്തയറിഞ്ഞ്‌ വിദ്യാധരന്‍ ഉള്ളുരുകി വിഷമിച്ചു. മുനിയോട്‌ കുമാരന്‍ കാര്യങ്ങള്‍ ബോധിപ്പിച്ചു. എന്നാല്‍ രാജകോപം ഭയന്ന മഹര്‍ഷി മകനോട്‌ ഈ ബന്ധത്തില്‍ നിന്നു പിന്മാറാന്‍ ഉപദേശിച്ചു. എന്നാല്‍ കുമാരന്‍ അതിനൊരുക്കമല്ലായിരുന്നു. അങ്ങേയറ്റം വ്യഥിതനായി അവന്‍ തേജശ്രീയെ സമീപിച്ച്‌ തന്റെ ഇഷ്ടമറിയിച്ചു. രാജാവിനെ വേള്‍ക്കാന്‍ സമ്മതമല്ലെന്ന് അച്ഛനോടു പറയാന്‍ വിദ്യാധരന്‍ കരഞ്ഞുകൊണ്ട്‌ അവളോട്‌ ആവശ്യപ്പെട്ടു. എന്നാല്‍ രാജാവിന്റെ പ്രതാപത്തിലും റാണിപ്പട്ടത്തിന്റെ ഗര്‍വ്വിലും മയങ്ങിപ്പോയ തേജശ്രീ കുമാരന്റെ അപേക്ഷ നിരസിച്ചു. മനസ്സുകലങ്ങിയ വിദ്യാധരന്‍ ആശ്രമം ഉപേക്ഷിച്ച്‌ എങ്ങോട്ടെന്നില്ലാതെ പോയി.

രാജാവിന്റെയും തേജശ്രീയുടെയും വിവാഹം ആര്‍ഭാടപൂര്‍വ്വം നടന്നു. ആശ്രമത്തില്‍ നിന്നും വെള്ളക്കുതിരകളെ കെട്ടിയ സ്വര്‍ണ്ണത്തേരില്‍ കുമാരി രാജാവിനോടൊപ്പം യാത്രയായി. പാതയോരങ്ങളില്‍ സുന്ദരിയായ പട്ടമഹിഷിയെ കാണാന്‍ ജനങ്ങള്‍ തിങ്ങിയാര്‍ത്തു. രാജവീഥി പൂമെത്തയായി. എല്ലാവരും രാജദമ്പതിമാര്‍ക്ക്‌ അനുഗ്രഹവര്‍ഷം ചൊരിഞ്ഞു. ഒരിക്കലും സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയാതിരുന്ന കാര്യം ഇന്നിതാ യാഥാര്‍ഥ്യമായിരിക്കുന്നു!!! ഈ നാടു ഭരിക്കുന്ന രാജാവിന്റെ പത്നിയാണു ഞാന്‍ ഇന്ന്!

സകല‍ ആഡംബരങ്ങളോടും കൂടി കൊട്ടാരത്തില്‍ അവള്‍ വാണു. ചുറ്റും പരിചാരകരും ആജ്ഞാനുവര്‍ത്തികളും നിറഞ്ഞ ആ ലോകം അവളെ വല്ലാതെ ആകര്‍ഷിച്ചു. ക്രമേണ അവള്‍ തന്റെ ഗുരുവും വളര്‍ത്തച്ഛനുമായ ഋഷിയെ മറന്നു, ആശ്രമത്തിലെ ലളിതജീവിതവും ചര്യകളും എന്തിന്‌, തന്നെ മനസ്സിലിട്ട്‌ ആരാധിച്ച വിദ്യാധരനെയും മറന്നു. ചുറ്റുമുള്ളവരുടെ മധുരവാണിയില്‍ മയങ്ങി അവളില്‍ പതിയെ അഹങ്കാരം മുളപൊട്ടിത്തുടങ്ങി. പാവങ്ങളോട്‌ പുച്ഛവും നിന്ദയും കാട്ടിയ അവള്‍ കൊട്ടാരത്തില്‍ സഹായമന്വേഷിച്ച്‌ എത്തുന്നവരെപ്പോലും ആട്ടിയകറ്റാനും ദ്രോഹിക്കാനും തുടങ്ങി. അന്യര്‍ കഷ്ടപ്പെടുന്നതു കാണുന്നതില്‍ അവള്‍ ക്രൂരമായ ഒരാനന്ദം കണ്ടെത്തി.

തത്സമയം വിദ്യാധരനാകട്ടെ, ഹതാശനായി, ഏകാകിയായി അങ്ങിങ്ങ് അലഞ്ഞുകൊണ്ടിരുന്നു. ആ കദനഭാരം ഒരുഗ്രശാപമായി തേജശ്രീയുടെയും അവള്‍ വാഴുന്ന നാട്ടുരാജ്യത്തിന്റെയും മേല്‍ പതിച്ചു. കടുത്ത വേനലില്‍ പുഴകളും കുളങ്ങളും വറ്റി വരണ്ടു. പാടങ്ങളും തോട്ടങ്ങളും കരിഞ്ഞുണങ്ങി. കന്നുകാലികള്‍ ആഹാരം കിട്ടാതെ കൂട്ടത്തോടെ ചത്തൊടുങ്ങി. പതിയെ നാടെങ്ങും അതിരൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടു. പട്ടിണികൊണ്ട്‌ പൊറുതിമുട്ടിയ ജനങ്ങള്‍ കൊട്ടാരവാതില്‍ക്കല്‍ വന്നുവിലപിച്ചു. പണ്ടകശാലകള്‍ കാലിയായി. സഹായം ചോദിക്കാന്‍ പരിവാരസമേതം അയല്‍‌രാജ്യത്തേക്കു യാത്രയായ മഹാരാജാവിനെ വിഷം തീണ്ടി. നാടുവാഴുന്ന തമ്പുരാന്‍ പെരുവഴിയില്‍ ചികില്‍സ കിട്ടാതെ മരിച്ചു വീണു.

അകാലത്തിലെ ഭര്‍തൃവിയോഗവും തേജശ്രീയ്ക്കു തിരിച്ചറിവു നല്‍കിയില്ല. വൈധവ്യത്തിന്റെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടാന്‍ സുഖലോലുപതയില്‍ മുഴുകിശീലിച്ച അവള്‍ക്കായില്ല. നാടിന്റെ ഭരണം രാജാവിന്റെ സഹോദരന്‍ ഏറ്റെടുത്തപ്പോള്‍ സര്‍വ്വാഭരണവിഭൂഷിതയായി ആട്ടവും പാട്ടും വിനോദങ്ങളുമായി കൊട്ടാരത്തില്‍ അവള്‍ കഴിഞ്ഞുപോന്നു. വിധി അവളെയും അധികനാള്‍ വാഴാന്‍ അനുവദിച്ചില്ല. മാരകമായ എതോ ത്വക്‍രോഗം ബാധിച്ച അവളെ രാജകുടുംബാംഗങ്ങള്‍ കൊട്ടാരത്തില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചു. ചികില്‍സയോ പരിചരണമോ സമയത്തിന്‌ ആഹാരമോ ലഭിക്കാതെ നരകയാതനകള്‍ അനുഭവിച്ച്‌ അവള്‍ അവിടെ കഴിഞ്ഞുകൂടി.

അങ്ങനെയിരിക്കേ ഒരുനാള്‍ വിദ്യാധരന്‍ നാട്ടില്‍ തിരികെയെത്തി. പ്രാണപ്രേയസിയുടെ വാര്‍ത്തയറിഞ്ഞ അയാള്‍ തേജശ്രീയുടെ ചെറ്റക്കുടിലില്‍ ചെന്നു. അവിടെവച്ച്‌ അയാള്‍ പശ്ചാത്താപിക്കുന്ന സ്വന്തം സ്നേഹിതയെ കണ്ടെത്തി. അറപ്പും വെറുപ്പും ഉളവാക്കുന്ന നിലയില്‍ അസുഖം മൂര്‍ഛിച്ച് തേജശ്രീയെ അയാള്‍ മാറോടണച്ചു. ഉരുകിയ ഹൃദയത്തിന്റെ വേദന കണ്ണീരായി അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി. സ്നേഹമെന്താണെന്നു വീണ്ടും അറിഞ്ഞ ഏതോ ഒരുനിമിഷം ഒരു തേങ്ങലിലുടക്കി അവളുടെ ദേഹം നിശ്ചലമായി. 'അടുത്ത ജന്മം നീയെന്റേതു മാത്രമാവാന്‍ പാകത്തില്‍ കൊടിയജാതകദോഷവുമായി ജനിക്കട്ടെ' എന്ന് വിദ്യാധരന്‍ അവളെ 'അനുഗ്രഹിച്ചു'. ധ്യാനത്തിലെന്നോണം അവിടെയിരുന്ന വിദ്യാധരനും പിന്നീട്‌ ഒരിക്കലും കണ്ണു തുറന്നില്ല.

വാല്‍ക്കഷണം: (1) നൂറ്റാണ്ടുകള്‍ക്കു ശേഷം അവള്‍ വീണ്ടും സ്നേഹം ചൊരിയുന്ന ഒരു പറ്റം ആള്‍ക്കാരുടെയിടയില്‍ ജീവിക്കാനായ്‌ പിറന്നു. നല്ല വ്യക്തിയായി വളര്‍ന്നു, വളരെനാളത്തെ തിരച്ചിലിനു ശേഷം ചേരുന്ന ഒരു ജാതകം അവളുടെ വീട്ടുകാര്‍ കണ്ടെത്തി. ഇന്നവള്‍ സുഖമായി ജീവിക്കുന്നു. സംഗീതം ഒരു വരമായി ഇന്നുമുണ്ട് അവളുടെ ഒപ്പം.
(2) ഞാനിതെങ്ങനെയറിഞ്ഞു?
കഥയില്‍ ചോദ്യമില്ല.