Saturday, August 30, 2008

എഡീ, എവിടെപ്പോയി?

പത്താം ക്ലാസ് പാസ്സായതിനു ശേഷം നല്ല മലയാളം എന്നെ പഠിപ്പിച്ചത് വെട്ടിപ്പുറം ആണ്. വെട്ടിപ്പുറം എന്നു വച്ചാല്‍ വെട്ടിപ്പുറം മുരളി. പത്തനംതിട്ടയിലെ വെട്ടിപ്പുറം സ്വദേശി. തൊഴില്‍ പത്രപ്രവര്‍ത്തനം. ഞാന്‍ കട്ടപ്പനയിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്യുന്ന കാലത്താണു ഞങ്ങള്‍ പരിചയപ്പെടുന്നത്. സഹോദരസ്ഥാപനമായ മാസികയുടെ എഡിറ്ററാണു വെട്ടിപ്പുറം. എഡിറ്റര്‍ എന്നതു ചുരുക്കി ‘എഡീ’ എന്നു വിളിക്കുന്നത് മൂപ്പര്‍ക്കത്ര ഇഷ്ടമുള്ള കാര്യമല്ല കേട്ടോ.

ആളെങ്ങനെ? പ്രായം ഏതാണ്ട് മുപ്പത്തെട്ടുവയസ്സ്. കറുത്ത് പൊക്കം അല്‍പം കുറഞ്ഞ മനുഷ്യന്‍. വെള്ള ഷര്‍ട്ടും ഡബിള്‍ മുണ്ടും വേഷം. എഡിറ്ററായതു കൊണ്ട് പോക്കറ്റില്‍ എപ്പോഴും രണ്ടു പേന കാണും. പതിഞ്ഞ സംസാരം. ശാന്തപ്രകൃതം. വേഷത്തിലും നടപ്പിലും സംസാരത്തിലും ഭാവത്തിലും ഇത്രയേറെ അടക്കവും ഒതുക്കവുമുള്ള ഒരു മനുഷ്യനെ കണ്ടിട്ടില്ല ഞാന്‍. ആകെക്കൂടി ഒരു സന്ന്യാസിയുടെ മട്ട്, എന്നാലോ മൌനമൊട്ടില്ലതാനും. . ആളുടെ അച്ചടക്കം ഡെസ്കില്‍ നോക്കിയാലറിയാം. ജോലി കഴിഞ്ഞ് മേശപ്പുറത്തെ സാമാനങ്ങള്‍ അടുക്കിവെയ്ക്കുന്നത് വിസ്മയത്തോടെ നോക്കി നിന്നിട്ടുണ്ട് ഞാന്‍!

അക്കാലത്ത് അദ്ദേഹം വിമന്‍സ് എറ, ചമ്പക് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ എഴുതാറുണ്ടായിരുന്നു. മുന്‍പ് കേരളകൌമുദി, ഈനാട് തുടങ്ങിയ സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹം എഴുതുന്നതു നോക്കിനില്‍ക്കുന്നതു കൌതുകമുള്ള കാര്യമാണ്. പേപ്പറിനെ നോവിക്കാതെ അയത്നലളിതമായാണ് എഴുത്ത്. ഒരൊറ്റ വെട്ടുതിരുത്തില്ലാതെ. എന്നാല്‍ എഡിറ്റുചെയ്യേണ്ട ഡ്രാഫ്റ്റുകളോ വെട്ടിത്തിരുത്തിയിളക്കിയിണക്കി ഒരു പരുവമാക്കിക്കളയും. നാം വെറുതേ എഴുതുന്ന ഒരു വാക്യത്തിലെ ന്യൂനതകള്‍ വളരെ വ്യക്തമായും വിശദമായും പറഞ്ഞുകാണിച്ചുതരും. എന്നുവച്ചാല്‍ തെറ്റുതിരുത്തുകയല്ല, മറിച്ച് കൂടുതല്‍ ശരിയാക്കുകയാണു ചെയ്യുന്നത്. എഡിറ്റിങ്ങെന്നു പറഞ്ഞാല്‍ ഇതാണെന്നു ഞാന്‍ കാണുന്നത് അന്നാണ്.
സംസാരിക്കുന്നതു കേട്ടാല്‍ എം.എയും ബി.എഡും സെറ്റും ജേണലിസം ഡിപ്ലോമയുമുള്ള ഒരാളാണെന്ന് തോന്നുകേയില്ല. അത്ര ലളിതമായണു സംസാരിക്കുന്നത്. ഇംഗ്ലീഷ് വളരെ നന്നായി കൈകാര്യം ചെയ്യുന്ന ഒരാളായിട്ടും അനാവശ്യമായി ഒരൊറ്റ ഇംഗ്ലീഷ് വാക്കുപോലും അദ്ദേഹത്തിന്റെ സംസാരത്തില്‍ കടന്നു വരില്ല. ഒരു മധ്യതിരുവിതാംകൂര്‍ ചുവ ഉണ്ടെന്നതൊഴിച്ചാല്‍ പറയുന്നത് നല്ല കരിക്കിന്‍‌വെള്ളം പോലത്തെ ശുദ്ധമലയാളം. അതില്‍ നിന്നും പ്രചോദനം കൊണ്ട് ഞാനും ശുദ്ധമലയാളം സംസാരിക്കാന്‍ ഒരു ശ്രമം നടത്തി. എന്റെ സംസാരത്തില്‍ ഒരു കൃത്രിമം വന്നതുകൂടാതെ എഴുതിവായിക്കുന്നതു പോലെ ഒരു അനുഭവവും. നല്ല മലയാളം പറഞ്ഞും എഴുതിയും വായിച്ചും ശീലമാക്കിയതാണ് വെട്ടിപ്പുറത്തിന്റെ ഈ അനായാസതയ്ക്കു കാരണം എന്നു ഞാന്‍ മനസ്സിലാക്കി. നല്ല വായനയാണു നല്ല ഭാഷയിലേക്കുള്ള വഴി എന്നായിരുന്നു മൂപ്പരെനിക്കു നല്‍കിയ സന്ദേശം.

സൂര്യനു കീഴെയുള്ള ഏതു കാര്യത്തെക്കുറിച്ചും സംശയം ചോദിക്കാം. ഭാഷയോ തത്വചിന്തയോ ജീവിതപ്രശ്നങ്ങളോ സംസ്കാരമോ ആയുര്‍വേദമോ എന്തുമാവട്ടെ, വെട്ടിപ്പുറത്തിന് ഉത്തരമുണ്ട്. വീണ്ടും കടപ്പാട് വായനയോട്. വെറും വായനയല്ല, പഠനമാണ് . റഫറന്‍സിനുവേണ്ടി ‘ലെഗസി ഓഫ് ചരകയും’ ‘ആയുര്‍വേദവിജ്ഞാനകോശവും’ വായിച്ചിരിക്കുന്നതുകണ്ടാല്‍ ഏകാഗ്രതയോടെ, ഭക്തിയോടെ പഠിക്കുന്ന ഒരു സ്കൂള്‍ വിദ്യാര്‍ഥിയെന്നുതോന്നും. വെട്ടിപ്പുറം എന്തുകൊണ്ട് ഒരധ്യാപകനായില്ല എന്നത് പലവട്ടം എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. ഓരോ കാര്യങ്ങള്‍ പറഞ്ഞു തരുമ്പോള്‍ അതൊരു ചലച്ചിത്രം പോലെ മനസ്സില്‍ തെളിയുകയാണ് . ഏറ്റവും ഫലപ്രദമായ പദപ്രയോഗം കൊണ്ട് ശുദ്ധമായിരുന്നു അദ്ദേഹത്തിന്റെ ഭാഷ. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നതിനു പുറമേ ചിത്രം വരയ്ക്കാനും ഫോട്ടോയെടുക്കാനും വെട്ടിപ്പുറത്തിനറിയാം. കൂടാതെ അല്പസ്വല്പം കൊട്ടും പാട്ടും കൂടി അറിയാം.

അദ്ദേഹത്തിന്റെ ദിനചര്യയായിരുന്നു ലൈബ്രറി സന്ദര്‍ശനം. വൈകുന്നേരം അഞ്ചരയോടടുപ്പിച്ച് കട്ടപ്പന പബ്ലിക് ലൈബ്രറിയിലേക്ക് അദ്ദേഹം നടക്കും. പത്രക്കാരനായതു കൊണ്ട് ലോകത്തു നടക്കുന്ന സംഭവങ്ങളെക്കുറിച്ചൊക്കെ വ്യക്തമായ ധാരണയുണ്ടായിരുന്നു. പല പത്രങ്ങള്‍ വായിക്കുന്നതുകൊണ്ട് മാധ്യമങ്ങളെപ്പറ്റിയും അവരുടെ താല്പര്യങ്ങളെപ്പറ്റിയും നല്ല കാഴ്ചപ്പാടും ഉണ്ടായിരുന്നു. തിങ്കളാഴ്ച കട്ടപ്പന ലൈബ്രറി അവധിയായതിനാല്‍ അന്ന് അമ്പലക്കവലയ്ക്കാണു നടത്തം. വിഭവങ്ങള്‍ കുറവാണെങ്കിലും ഒരു റൌണ്ട് വായനയ്ക്കുള്ളത് അവിടുത്തെ ലൈബ്രറിയില്‍ കിട്ടും. വായനയൊക്കെ കഴിഞ്ഞ് ഏകദേശം ഏഴുമണിയോടെ തിരികെ പോരുന്ന വഴിക്കാണ് അത്താഴം കഴിക്കുക. പൊലീസ് സ്റ്റേഷന്‍ കാന്റീനില്‍ നിന്നും കഞ്ഞി. കുറെ തവണ ഞാനും കമ്പനി കൊടുത്തിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ മറ്റൊരു അദ്ധ്യാപകനായിരുന്ന ഗിരീഷ് ആയിരുന്നു കഞ്ഞികുടിയില്‍ വെട്ടിപ്പുറത്തിന്റെ സ്ഥിരം കൂട്ട്. താമസസ്ഥലത്തേക്കുള്ള യാത്രയില്‍ വല്ലപ്പോഴും ഒരു വെറ്റിലമുറുക്ക് വെട്ടിപ്പുറത്തിനു ഹരമാണ്. കുടിയും വലിയുമില്ലാത്ത, എന്തിന് ഒച്ചയെടുത്തൊന്നു സംസാരിക്കുകപോലുമില്ലാത്ത ഇങ്ങേരിതെന്തിനാ മുറുക്കുന്നത് എന്ന എന്റെ സംശയത്തിനു കിട്ടിയ മറുപടി ‘അതു വായിലെ അരുചി ഇല്ലാതാക്കാനാണ് ‘ എന്നായിരുന്നു. വെറ്റിലയും പുകയിലയും ചേര്‍ന്നാല്‍ നേരിയ തോതില്‍ അണുനാശിനി പോലെ വര്‍ത്തിക്കുമെന്നും കേട്ടപ്പോള്‍ അതു ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാഞ്ഞ മറുപടിയായി. അദ്ദേഹം ദിനവും യോഗ ചെയ്തിരുന്നു. ഉപവാസം തുടങ്ങിയ ചില ശീലങ്ങളും ഉണ്ടായിരുന്നു.

മറ്റൊരു പ്രത്യേകത പുള്ളിക്കാരന്റെ സംബോധനകളാണ്. നാം സാധാരണയായി എടോ, മാഷേ, ടീമേ എന്നൊക്കെ വിളിക്കുന്ന സ്ഥാനത്ത് വെട്ടിപ്പുറം വിളിക്കുന്നത് ദേ, മനുഷ്യാ, ആത്മാവേ എന്നൊക്കെയാണ്! ചില സമ്പ്രദായങ്ങളോടും കീഴ്‌വഴക്കങ്ങളോടും വെട്ടിപ്പുറത്തിനു താല്പര്യമില്ലായിരുന്നു. അതറിഞ്ഞപ്പോള്‍ അങ്ങേരൊരു കമ്മ്യൂണിസ്റ്റാണോ എന്നു ഞാന്‍ ചോദിച്ചിട്ടുണ്ട്. വാര്‍ത്താപരമായി മാത്രമേ മൂപ്പര്‍ക്കു രാഷ്ട്രീയത്തില്‍ താല്പര്യമുണ്ടായിരുന്നുള്ളൂ.
കട്ടപ്പനയിലെ ഒരു ചെറുകിടപ്രസ്ഥാനത്തില്‍ തന്റെ മാധ്യമജീവിതം തളച്ചിടാന്‍ വെട്ടിപ്പുറം തയ്യാറല്ലായിരുന്നു. മാത്രമല്ല കട്ടപ്പനയിലെ ജീവിതസാഹചര്യങ്ങള്‍ വെട്ടിപ്പുറത്തിനു പിടിച്ചുമില്ല. കട്ടപ്പനജീവിതത്തിനു ചെലവു കൂടുതലും സൌകര്യങ്ങള്‍ കുറവും ആണെന്നതായിരുന്നു പ്രധാന പരാതികള്‍. പച്ചക്കറിയ്ക്കും മീനും ഹോട്ടല്‍ ഭക്ഷണത്തിനും വരെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു വില കൂടുതലാ‍ണെന്നു വെട്ടിപ്പുറം നിരീക്ഷിച്ചു. മറ്റു സ്ഥലങ്ങളിലും ഇത്തരം സാധനങ്ങള്‍ക്കൊക്കെ വില ഇതുപോലെ തന്നെയല്ലേ? അപ്പോള്‍ വെട്ടിപ്പുറം പറയുന്നു "കുഞ്ഞേ, അതങ്ങനെയല്ല. കോട്ടയത്തോ എറണാകുളത്തോ ചെന്നാലും സാധാരണ കടകളില്‍ ചായയ്ക്കു രണ്ടര രൂപയും ഊണിനു പതിനഞ്ച് രൂപയും ദോശയ്ക്കു രണ്ടു രൂപയും തന്നെ ആയിരിക്കും. എങ്കിലും അവിടെ ചില കേന്ദ്രങ്ങളിലെങ്കിലും രണ്ടു രൂപയ്ക്കു ചായയും പത്തുരൂപയ്ക്ക് ഊണും ഒന്നരരൂപയ്ക്ക് ദോശയൂം കിട്ടും. അത്തരമൊരു സാ‍ഹചര്യം കട്ടപ്പനയിലെന്നല്ല ഹൈറേഞ്ചില്‍ ഒരിടത്തും ഇല്ല." അപ്പോ വെട്ടിപ്പുറത്തിന്റെ അഭിപ്രായത്തില്‍ എല്ലാം തികഞ്ഞ സിറ്റി ഏതാ? "ചെന്നൈ" എന്നായിരുന്നു വെട്ടിപ്പുറത്തിന്റെ മറുപടി.

ഡല്‍ഹിയിലോ മുംബൈയിലോ ബാംഗ്ലൂരിലോ ഉള്ള കൊടിവച്ച അച്ചടിമാദ്ധ്യമങ്ങളിലൊന്നില്‍ ജോലി നോക്കാന്‍ ശ്രമിക്കാതെ എന്തുകൊണ്ട് ചെന്നൈ തെരഞ്ഞെടുത്തു? പുള്ളി നിരത്തിയത് ഒരു നീണ്ട ലിസ്റ്റായിരുന്നു. സര്‍വ്വോപരി ചെന്നൈ അദ്ദേഹത്തിന്റെ സ്വപ്നനഗരവുമായിരുന്നു. പിന്നീടെല്ലാം വെട്ടിപ്പുറം ഹൈറേഞ്ചിന്റെ കുറവുകള്‍ നിരത്തുമ്പോള്‍ ഞങ്ങള്‍ പ്രത്യാക്രമണം നടത്തുന്നത് മൂപ്പിലാന്റെ ഈ ചെന്നൈ പ്രണയം കൊണ്ടാണ്.
പിന്നീടൊരുനാള്‍ വെട്ടിപ്പുറം ആ സ്ഥാപനത്തോടു വിടപറഞ്ഞു. മുന്‍പേ തന്നെ ഞാന്‍ എന്റെ അഡ്രസും ഫോണ്‍ നമ്പരുമൊക്കെ കൊടുത്തെങ്കിലും വെട്ടിപ്പുറത്തിന്റെതായി ഒരന്വേഷണവും എന്നെ തേടിവന്നില്ല. ഞാന്‍ പുള്ളിയെ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. ഗൂഗിള്‍ ഇത്രയും തന്നു.


സ്വന്തം സ്വപ്നം പോലെ, ചെന്നൈയില്‍ ഏതെങ്കിലും മീഡിയാ‍ഓഫീസില്‍ തന്റെ ഡെസ്കിലെ എഴുത്തുപകരണങ്ങളും മറ്റും ഒതുക്കിവെച്ച് ഐശ്വര്യമോളുടെ അടുത്തേക്കു ചെല്ലാന്‍ വെട്ടിപ്പുറം ഇപ്പോഴും ഇറങ്ങുന്നുണ്ടാവണം. വഴിയില്‍ നിന്നും ഒരു മുറുക്കാനും ചവച്ച്...

എഡീ, ഐ മിസ്സ് യൂ!

Sunday, August 10, 2008

പുതുവത്സരസമ്മാനം

തൊണ്ണൂറുകളിലെ ഒരു പുതുവര്‍ഷദിനം. ഇരട്ടയാര്‍ സെന്റ് തോമസ് ഹൈസ്കൂള്‍. ഗ്രൌണ്ട് ഫ്ലോ‍ര്‍. അങ്ങേയറ്റത്തെ മുറി. പത്ത് എ മറ്റൊരു അധ്യയനദിവസത്തിലേക്ക് ഉണരുകയാണ്.

ഞാന്‍ അന്നു വാങ്ങിയ പുതിയ നോട്ട്ബുക്കിന്റെ രണ്ടാം താളില്‍ പേര്, ക്ലാസ്, റോള്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ എഴുതിച്ചേര്‍ത്തുകൊണ്ടിരിക്കുന്നു. പേജിന്റെ ഒത്ത നടുക്ക് വിലങ്ങനെ വിഷയത്തിന്റെ പേരുകൂടി എഴുതി അടിയില്‍ നെടുനീളത്തില്‍ ഒരു വര കൂടി ഇട്ടു. ന്യൂ ഇയറല്ലേ, ഇതു കൂടി ഇരിക്കട്ടെ എന്നു വിചാരിച്ച് ആ പേജിന്റെ നെറ്റിയില്‍ "ഹാപ്പി ന്യൂ ഇയര്‍" എന്നു ഭംഗിയായി എഴുതി അതിനു ചുറ്റും കലാവാസന കൊണ്ട് ഒരു വേലിയും തീര്‍ത്തു. ബുക്ക് അല്പം അകറ്റിപ്പിടിച്ച് അതിന്റെ ഭംഗി ഒന്നുകൂടി ആസ്വദിച്ചു.

ആഴ്ചയിലെ എല്ലാ ദിവസവും ആദ്യപീരീഡ് ക്ലാസ്സ് ടീച്ചര്‍ കൂടിയായ പോള്‍ ജോസഫ് സാറിന്റെ മലയാളം ക്ലാസ്സ് ആണ്. ക്ലാസില്‍ എത്ര നേരത്തെ വന്നാലും എല്ലാവരും മിണ്ടാതിരുന്നു പഠിച്ചുകൊള്ളണമെന്നാണ് ഉത്തരവ്. ആയത് അതീവശ്രദ്ധയോടെ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എസ്.എസ്.എല്‍.സി. പരീക്ഷ അടുത്തതോടെ നിയമങ്ങള്‍ വളരെ കര്‍ക്കശമാ‍ണ്. അതു പത്ത് എ-യിലാവുമ്പോള്‍ അതീവഗൌരവമാകും. അന്ന് എന്റെ അടുത്തിരുന്നു ഡോണി ഏതോ പാഠപുസ്തകത്തിന്റെ താളുകള്‍ ധൃതിയില്‍ മറിക്കുന്നു. അവനു പഠിക്കാന്‍ അങ്ങനെ താള്‍ മറിച്ചാല്‍ മതി.
അജയ്‌മോന്‍ എതോ ബുക്കിലേക്കു തല കുമ്പിട്ടിരിക്കുന്നു. പഠിക്കുവൊന്നുമല്ല, എങ്കിലും സാര്‍ വരുമ്പോള്‍ തെറ്റിദ്ധരിക്കണമല്ലോ! ഞാന്‍ പിന്നിലേക്കു നോക്കി ക്ലാസ്സ് ലീഡര്‍ ജോബിയുടെ മുന്നില്‍ നിയമം ലംഘിക്കുന്നവരുടെ പേരെഴുതുന്ന കടലാസ് ഉണ്ടോയെന്നും നോക്കി. ഇല്ലല്ലോ! അതെന്തു പറ്റി? അവനെ എന്നെ നോക്കി ഒന്നു ചിരിച്ചെന്നു വരുത്തി. ഇന്നെന്നാ അവനൊരു ജാഡ? ഓ... ആരന്വേഷിക്കുന്നു? മൂപ്പരു ചിലപ്പോള്‍ നല്ല ഒന്നാംതരം പിന്‍ബെഞ്ചുകാരനാവും, മറ്റു ചിലപ്പോള്‍ മര്യാദക്കാരനും നീതിമാനും നിയമപാലകനുമായ ലീഡറായി മാറും. ഇന്നു ലീഡറാണെന്നു തോന്നുന്നു.

പെട്ടെന്ന്‍ പോള്‍ സാര്‍ ക്ലാസ്സിലേക്ക് കടന്നുവന്നു. ഇടതുകയ്യില്‍ മലയാളപാഠാവലിയും ഹാജര്‍ബുക്കും കണ്ണട സൂക്ഷിക്കുന്ന പെട്ടിയും പിടിച്ച്, തേച്ചു മടക്കിയ ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ച് ഗംഭീരമായ ഒരു വരവ്. ആര്‍ക്കും ആദരം തോന്നിപ്പോവുന്ന അദ്ധ്യാപകന്‍. കൃഷ്ണഗാഥയും ‘ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി‘യുമൊക്കെ നല്ല ഈണത്തില്‍ ചൊല്ലിയാണു പോള്‍ സാര്‍ പഠിപ്പിക്കുക. ഒപ്പം സാറിന്‍‌റെ കാര്‍ക്കശ്യം, ചിട്ട, ശിക്ഷ എന്നിവയും പേരുകേട്ടതാണ്.

സാര്‍ വന്നപാടെ എല്ലാവരുംകൂടി ആഞ്ഞൊരു ഗുഡ്മോര്‍ണിങ് വീശി. തിരിച്ചും കിട്ടി ഒരെണ്ണം. ഒപ്പം നവവത്സരാശംസകളും. എനിക്കുള്ള ഗിഫ്റ്റ് വരാനിരിക്കുന്നതേയുള്ളൂ എന്ന് അപ്പോളൊന്നും ഞാനറിഞ്ഞിരുന്നില്ല.

എന്നിട്ടു പതിവുപോലെ ഹാജരെടുത്തു. അതും കഴിഞ്ഞ് പതുക്കെ കസേരയില്‍ നിന്നെണീറ്റു. ക്ലാസിലെ പ്രധാന അനൌണ്‍സ്മെന്‍‌റുകള്‍ അപ്പോഴാണുണ്ടാവുക. പരീക്ഷകള്‍, അച്ചടക്കം, പിരിവുകള്‍ എന്നീ ഔദ്യോഗിക വിഷയങ്ങളും ക്രമസമാധാനപ്രശ്നങ്ങള്‍, കൌമാരചാപല്യങ്ങള്‍ ഇത്യാദി അസുഖങ്ങള്‍ക്കൊക്കെയുള്ള ചികിത്സാവിധികളും ഈയവസരത്തിലാണു നടക്കുക.

എന്തായാലും അന്നെണീറ്റപാടെ സാര്‍ വടിയാണന്വേഷിച്ചത്. ഉത്സാഹവാനായി ജോബി മുന്നിലേക്കു ചെന്ന്‍ ബ്ലാക്ക്ബോര്‍ഡിനു പിന്നില്‍ വച്ചിരുന്ന വടി എടുത്ത് സാറിനു നല്‍കി. കയ്യിലിട്ടൊന്നു പുളച്ച് സാര്‍ വടിയെ ഉറക്കത്തില്‍ നിന്നുണര്‍ത്തി. എന്നിട്ടു ജോബിയെ നോക്കി ചോദിച്ചു: "ഇന്നലെ ഇംഗ്ലീഷിന്റെ പീരിഡില്‍ ക്ലാസ്സില്‍ ബഹളം വെച്ചതാരൊക്കെയാടാ?"

ഒരു നിമിഷം ഞാന്‍ ഭൂമിയിലുമല്ല ആകാശത്തിലുമല്ല എന്നു തോന്നിപ്പോയി. ‘പെട്ടു മോനേ, പെട്ടു‘ - അകത്തിരുന്നു എ‌ന്‍‌റെ സ്വരത്തില്‍ ആരോ എന്നോടു പറഞ്ഞു.

അഞ്ചിന്ദ്രിയങ്ങളും മിന്നല്‍പ്പണിമുടക്കു നടത്തിയ ആ വേളയിലും ജോബിയുടെ കണ്ഠനാളത്തില്‍ നിന്നും പോള്‍ സാറിന്‌റെ ചെവി ലക്ഷ്യമാക്കിപ്പാഞ്ഞ സന്ദേശത്തിന്‍‌റെ ഒരു കോപ്പി എന്‍‌റെ ഇന്‍ബോക്സിലും കിട്ടി. ദ് മെസേജ് റീഡ്‌സ്- "രാജ്, ഡോണി, അജയ് !!"

കര്‍ത്താവേ..! ഞാന്‍ വീണ്ടും ഞെട്ടി! ഞങ്ങള്‍ മൂന്നുപേര്‍ മാത്രം! ഇന്നലെയും അതിനു മുന്‍പും ഇംഗ്ലീഷ് ക്ലാസ്സില്‍ ഞങ്ങള്‍ കാണിച്ച കോപ്രായങ്ങള്‍ക്കെല്ലാം വലിയൊരളവു വരെ ഓശാന പാടിയവനാണു ഞങ്ങള്‍ക്കെതിരേ ഇന്നു സാക്ഷി പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ഇന്നലെ ഈ ക്ലാസ്സില്‍ അലമ്പുകാട്ടിയ മറ്റുള്ളവര്‍ (ഞങ്ങള്‍ ചെയ്തയത്ര വരില്ലെങ്കിലും) എല്ലാവരും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ മൂന്നുപേര്‍ക്കുമിടയിലുള്ള മുടിഞ്ഞ സൌഹൃദം ഇവനു സുഖിക്കാത്തതാന്നോ ഈ ഒറ്റിനു കാരണം? ഇന്നലെ വൈകുന്നേരം ഇവന് ഇംഗ്ലീഷ് ടീച്ചറിനോട് അന്നുവരെയില്ലാ‍ത്ത ഒരു സഹതാപം തോന്നാന്‍ മാത്രം എന്നാ സംഭവിച്ചെ?

തനി അച്ചായന്‍ സ്റ്റൈലിലാണു പോള്‍ സാര്‍ സംസാരിക്കുക. "ഇങ്ങെറങ്ങി വരിനെടാ!!!"

ഒരുപാടു ചിന്തിക്കാന്‍ സമയമില്ലായിരുന്നു. കമാന്‍ഡ് കിട്ടിക്കഴിഞ്ഞു.അവിടെത്തന്നെ നിന്നുകളഞ്ഞാലെങ്ങനെയാ, സാറു വിളിച്ചിട്ടു ചെന്നില്ലെങ്കില്‍ മോശമല്ലേ?

ബെഞ്ചിന്റെ വശത്തിരുന്നവര്‍ ഞങ്ങള്‍ക്കു കടന്നുപോകാന്‍ ഭവ്യതയോടെ വഴിയൊരുക്കിത്തന്നു. നമ്രശിരസ്കരായി ഞങ്ങള്‍ മുന്നിലേക്കു ചെന്നു. ക്ലാസ്സില്‍ പിന്‍ഡ്രോപ്പ് സൈലന്‍സ്.

"ഹിങ്ങു മാറി നില്ലെഡാ.!"

‘സ്ഥലം എസ്.ഐ. തേങ്ങാക്കള്ളനോട് കാട്ടുന്ന മാതിരി ഒരു ട്രീറ്റ്മെന്റാണല്ലോ ഈശ്വരാ, രാവിലെ!'
ഈശ്വരന്‍: ‘അല്ലെഡാ, നിന്നെയൊക്കെ മാലയിട്ടു സ്വീകരിക്കാം, ദേ, എന്നെക്കൊണ്ടൊന്നും പറയിക്കണ്ട!’

തൊട്ടുമുന്‍പു കിട്ടിയ ആജ്ഞയുടെ ആഘാതത്തില്‍ അജയ് അല്പം പിന്നോട്ടു മാറിയതിനാലും, ആള്‍‌റെഡി ഡോണിയുടെ നില്‍പ്പ് അല്പം പമ്മി പിന്നിലായിരുന്നതിനാലും ആദ്യ ഇര ഞാനായി. ആല്ഫബെറ്റിക് ഓര്‍ഡറില്‍ അടി വീഴുമെന്ന എന്റെ പ്രതീക്ഷയുടെ ശവപ്പെട്ടിയിലെ അവസാനത്തെ സ്‌ക്രൂ!

"നിനക്കൊക്കെ ക്ലാസ്സില്‍ മര്യാദയ്ക്കിരുന്നാ എന്നതാടാ?" എന്നൊരു ചോദ്യത്തോടെ ദേഷ്യം കൊണ്ട് വിറയ്ക്കുന്ന മുഖത്തോടെ സാര്‍ എന്നെ സമീപിച്ചു. മുഖഭാവം പരമാവധി നിര്‍വ്വികാരമാക്കാന്‍ ശ്രമിച്ച് ഞാന്‍ നിശ്ചലനായി നിന്നു. എപ്പോള്‍ വേണമെങ്കിലും വീഴാവുന്ന അടി സ്വീകരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തി. ശരീരത്തിലെ രക്തം മുഴുവന്‍ ചന്തി മുതല്‍ തുട ഉടനീളം കുതിച്ചൊഴുകി. മനസ്സില്‍ ആംബുലന്‍സുകള്‍ അലമുറയിട്ടു. "പരേ...ഡ്, സാവ്‌ധാന്‍!" എന്നു കേട്ടതുപോലാണു ക്ലാസ്സിന്‍‌റെ ആകെ അവസ്ഥ.

അലക്കിത്തേച്ച വെളുത്ത ഷര്‍ട്ടും കറുത്ത പാ‌ന്‍‌റ്സുമിട്ട് അള്‍ത്താരബാലനെപ്പോലെ ഞാന്‍ നില്ക്കവേ, സാര്‍ എന്റെ ഷര്‍ട്ടിന്റെ തുമ്പിലും പാന്റ്സിന്റെ പ്ലീറ്റിലും ചേര്‍ത്തുവലിച്ചു പിടിച്ചു - പ്രസരണനഷ്ടം കൂടാതെ അടി ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള വിദ്യ.

റ്റൈമര്‍ സീറോയിലേക്കടുക്കുന്നു. സാറിന്റെ വലതു കൈ വായുവിലുയര്‍ന്നു. "റെഡ് അലര്‍ട്ട്!!!" അകത്തെ രാജ് അലറി. ഞാന്‍ ശ്വാസം പിടിച്ചു നിര്‍ത്തി. ഇട്ടിരിക്കുന്ന ജെട്ടിയുടെ കനത്തില്‍ വെല്യ വിശ്വാസം തോന്നിയില്ല.

"വ്യൂശ്..പ്റ്റഖ്..!!!"

സൂപ്പര്‍! അന്നുവരെ പോള്‍ സാര്‍ കാഴ്ചവച്ചിട്ടില്ലാത്ത പ്രകടനം!

"ഹ്ശ്ശ്ശ്..!" ശബ്ദമുയര്‍ന്നതു എന്റെ വായില്‍ നിന്നല്ല, ക്ലാസില്‍ നിന്ന്.
പെണ്ണുങ്ങളൊക്കെയായിരിക്കണം. സത്യം പറയാല്ലോ, അപ്പോള്‍ അല്പം തിരക്കായിരുന്നതു കൊണ്ട് ആരൊക്കെയായിരുന്നു എന്നു ശ്രദ്ധിക്കാന്‍ പറ്റിയില്ല.

ജെട്ടിക്കൊന്നും രക്ഷിക്കാന്‍ പറ്റുമായിരുന്നില്ല. ചന്തിയിലല്ല, എന്നാലങ്ങൊത്തിരി താഴെയുമല്ല. കമ്പി പഴുപ്പിച്ചു വെച്ച പോലെ ഒരു ഫീലിങ്, അനുഭൂതി, നിര്‍വൃതി... മാങ്ങാത്തൊലി!

സെക്കന്റു വൈകിയില്ല, അടുത്തതും വീണുകഴിഞ്ഞു- "വ്യൂശ്..പ്റ്റഖ്..!!!"

മുന്‍പ് ആക്രമണമേറ്റതിന്റെ സമീപപ്രദേശത്തു തന്നെ. എഫക്റ്റ് സെയിം ആസ് എബോവ്.

കഴിഞ്ഞു!! ഞാന്‍ ശ്വാസകോശത്തിനേര്‍പ്പെടുത്തിയ ഉപരോധം പിന്‍‌വലിച്ചു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതിലേറെ ഞെട്ടിച്ചു കൊണ്ട് സെല്ലോഫേന്‍ ടേപ്പു ചുറ്റിയ ചൂരല്‍ ഒരിക്കല്‍ക്കൂടി എന്റെ തുടയില്‍‌ ആഞ്ഞുപതിച്ചു. പ്രത്യേകിച്ചു തയ്യാറെടുപ്പൊന്നുമില്ലായിരുന്നതുകൊണ്ട് മുന്‍പത്തെ രണ്ടെണ്ണത്തെക്കാള്‍ മികച്ചതായി ഇത്തവണത്തേത്. ത്രീ ഇന്‍ എ റോ!! തേര്‍ഡ് ഹിറ്റ്
എങ്ങനെ വിശദീകരിക്കണം എന്നെനിക്കറിഞ്ഞുകൂടാ.

ഞാന്‍ നടന്നുനീങ്ങുന്ന വഴി ‘വണ്‍, ടൂ, ത്രീ........... വണ്‍, ടൂ, ത്രീ’ എന്നു മനസ്സില്‍ എണ്ണി. നമ്മുടെ കൂട്ടുകാരുടെ ഷെയറേ! പുതുവര്‍ഷദിനത്തില്‍ ഞങ്ങള്‍ക്കു ഹാട്രിക്ക്, സാറിനു ട്രിപ്പിള്‍ ഹാട്രിക്ക്. ഒരു പക്ഷേ ആ സ്കൂളിന്റെ ചരിത്രത്തില്‍ത്തന്നെ ആദ്യമായിരിക്കും.

"യേയ്... വേദനയോ? എനിക്കോ?" എന്ന മുഖഭാവത്തോടെ ബെഞ്ചില്‍ വന്നിരുന്നു. ബുക്കിലെ ‘ഹാപ്പി ന്യൂ ഇയര്‍’ എന്ന വാചകം എന്നെ നോക്കി കൊഞ്ഞനം കുത്തി. ബെഞ്ചില്‍ ഇരുന്നപ്പോഴാണ് അടിയുടെ ചൂട് എന്ന വാക്കിന്റെ അര്‍ഥം മനസ്സിലായത്. അല്‍പ്പനേരം ഭാവനാക്കസേരയിലിരുന്നു. പാന്റ്സിനു പുറമേകൂടി പതിയെ തുടയില്‍ വിരലോടിച്ചു, അടിയുടെ തടിപ്പ് അറിയാം. സാവധാനം അമര്‍ന്നിരുന്നു. എന്നിട്ടും ഇരിപ്പുറച്ചില്ല. ഞങ്ങള്‍ മൂന്നു പേരെയും മൂന്നു ബെഞ്ചുകളിലാക്കി അന്നു തന്നെ പിരിച്ചു. ഞാനും ‘സഹവഷളന്മാരും‘ പര‍സ്പരം മുഖത്തു നോക്കിയില്ല. ഇതിനു പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ആരാണെന്നു ഞങ്ങള്‍ക്കു പക്ഷേ മനസ്സിലായിക്കഴിഞ്ഞിരുന്നു.

എങ്കിലും, ഞങ്ങള്‍ എപ്പോഴും അലമ്പന്മാരല്ലായിരുന്നു. ക്രിസ്റ്റീന റ്റീച്ചറിന്റെ കണക്കുപീരീഡില്‍ ഞങ്ങള്‍ മൂന്നു പേരും വാശിയോടെ മത്സരിച്ചു കണക്കു ചെയ്തിരുന്നു. ട്രിഗ്ണോമെട്രിയിലെ ചില കണക്കുകള്‍ ചെയ്യാന്‍ കണ്ടെത്തിയ കുറുക്കുവഴിക്ക് ‘റാഡ് (രാജ്-അജയ്-ഡോണി)തിയറി’ എന്നു പേരുനല്‍കി സ്വയം കുഞ്ഞു ശാസ്ത്രജ്ഞന്മാരെന്നു ഭാവിച്ചിരുന്നു. ഒരുവന്‍ തെറ്റിയാല്‍ മറ്റു രണ്ടുപേരും സഹായിച്ചിരുന്നു. ഡിക്ഷ്ണറി തപ്പിത്തിരഞ്ഞ് രസകരമായ വാക്കുകള്‍ കണ്ടെത്തി പരസ്പരം കൈമാറിയിരുന്നു. ഉദാ:‘ബൂസ്സ്‘ എന്ന വാക്ക് എന്നെ പഠിപ്പിച്ചത് അജയ് ആണ്. അതേസമയം, പത്ത് ബിയിലെയും സിയിലെയും സുന്ദരികളെ ഒരുമിച്ചു വായില്‍ നോക്കിയിരുന്നു. പരസ്പരം ഇരട്ടപ്പേരുകള്‍ വിളിച്ചും പെണ്‍കുട്ടികളുടെ പേരു ചേര്‍ത്തു കളിയാക്കിയും പോരടിച്ചിരുന്നു. എല്ലാം ഒരുദിവസം കൊണ്ട് പെട്ടെന്ന് ഇല്ലാതായ പോലെ.

സാറിന്റെ പീരീഡു കഴിഞ്ഞപ്പോള്‍ പലരും വന്നു ഞങ്ങളെ ആശ്വസിപ്പിച്ചു. കിട്ടേണ്ടതു ഞങ്ങള്‍ക്കു കിട്ടി. സഹതപിക്കുന്നവരോടും മാറിനില്‍ക്കുന്നവരോടും പ്രത്യേകിച്ചു ഞങ്ങള്‍ക്കു ഭേദമില്ല. പക്ഷേ, ലീഡറേ, ഇതു വെല്യ ചതിയായിപ്പോയി. ഇന്നലെ ഞങ്ങള്‍ ക്ലാസ്സില്‍ കാട്ടിയ തമാശകള്‍ - നര്‍മ്മം നിറച്ച കുറിപ്പുകള്‍ കൈമാറുന്നതും ഗോഷ്ടി കാണിക്കുന്നതും അടുത്തിരിക്കുന്നവനെ ചിരിപ്പിക്കാന്‍ നടത്തുന്ന ഏതു ശ്രമവും നീയും ആസ്വദിച്ചിരുന്നു. ഒരു മുന്നറിയിപ്പു പോലും തരാതെ നീയിന്നലെപ്പോയി പോള്‍ സാറിനോടു റിപ്പോര്‍ട്ടുചെയ്തു. രാവിലെ ക്ലാസില്‍ വന്നു നീ പൂച്ചക്കുട്ടിയെപ്പോലെ ഇരുന്നു. ക്ലാസ്സ് ലീഡറെ തെരഞ്ഞെടുക്കുന്ന കാലത്ത് നിനക്കെതിരേ ഈ ഞാന്‍ നിന്നിരുന്നെങ്കില്‍ ഈ ജാഡ കാണിക്കാന്‍ നീ ലീഡര്‍ സ്ഥാനത്തുണ്ടാവുമായിരുന്നില്ല. വെറുതേ ഓരോരോ വള്ളിക്കെട്ടു പിടിക്കണ്ട എന്നും കരുതി അന്ന്‍ ഉപേക്ഷ വിചാരിച്ചു. ആഹ്, ഇപ്പോള്‍ ഞാന്‍ എന്തിനതു ചിന്തിക്കണം? പോട്ടെ! അന്ന് ക്ലാസ്സ് ലീഡറുടെ പ്രവൃത്തിയെ അപലപിക്കുകയും എന്റെ വ്യക്തിപരമായ ദുഃഖത്തില്‍ എന്നോട് അനുതപിക്കുകയും ചെയ്ത സുമോദ്. എന്‍, സന്തോഷ് പി. കെ, രതീഷ് എം. എസ്. എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു. ബഹുമാനപ്പെട്ട ലീഡറിന്റെ പക്ഷപാതപരവും ദുരുദ്ദേശപരവുമായ പ്രവൃത്തി മൂലം താരതമ്യേന പഠിക്കാന്‍ മിടുക്കരും പൊതുവേ അത്ര ശല്യക്കാരല്ലാത്തവരുമായ മൂ‍ന്നു വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായി ശിക്ഷിക്കപ്പെട്ടുവെന്ന സത്യം എല്ലാവരും മനസ്സിലാക്കി.

പതിനൊന്നരയ്ക്കുള്ള ഇന്‍‌റര്‍വെല്ലില്‍ ഞങ്ങള്‍ മൂവരും മീറ്റു ചെയ്തു. ഞങ്ങളുടേതായ എല്ലാ വിനോദങ്ങളിലും ഏര്‍പ്പെട്ടു. എങ്കിലും ക്ലാസ്സിനകത്തെ ഞങ്ങളുടെ ഐക്യം നഷ്ടപ്പെട്ടിരുന്നു. ഞങ്ങളെ ശിക്ഷിച്ചതില്‍ പോള്‍ സാറിനോട് വിദ്വേഷമോ അന്നത്തെ കുസൃതിത്തരങ്ങളുടെ കൂട്ടുകാരായിരുന്നിട്ടും ശിക്ഷിക്കപ്പെടാതെ പോയ സഹപാഠികളോട് കെറുവോ എനിക്കില്ല. പക്ഷേ, ഇതിനു ശേഷം ജോബിക്ക് ഞങ്ങളോട് പൊതുവേ ഒരകല്‍ച്ച ഉണ്ടായതായി ഞങ്ങള്‍ മനസ്സിലാക്കി. ഞങ്ങളൊന്നും ചെയ്തിട്ടല്ലല്ലോ! ആ അകല്‍ച്ചയുടെ ലാഞ്ഛന പോലുമില്ലാതെയാണു ഞങ്ങള്‍ അവനോട് പെരുമാറിയത്.

ഈ സംഭവം കൊണ്ടുണ്ടായ ഗുണങ്ങള്‍: എനിക്കു കുറച്ചു കൂടി ഉത്തര‍വാദിത്വബോധം വന്നു. അദ്ധ്യപനപരിചയം കുറവായ ആ പാവം ഇംഗ്ലീഷ് ടീച്ചറുടെ ക്ലാസ്സില്‍ ആരും തന്നെ വേലത്തരങ്ങള്‍ കാണിക്കാതായി. ഞങ്ങള്‍ മൂന്നു പേരും പ്രത്യേകിച്ചും. റിവിഷനും മറ്റും മുറയ്ക്കു നടന്നു. പയ്യെപ്പയ്യെ പോള്‍ സാര്‍ എന്റെ ഏറ്റവും ബഹുമാനപ്പെട്ട അദ്ധ്യാപകരില്‍ ഒരാളായി. ധര്‍മ്മരാജാ‍ എന്ന ഉപപാഠപുസ്തകത്തില്‍ നിന്നും ഏതാനും ഉപന്യാസങ്ങള്‍ അദ്ദേഹത്തിന്‍‌റെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിക്കൊടുത്തപ്പോള്‍ കിട്ടിയ അഭിനന്ദനം എസ്.എസ്.എല്‍.സിക്കു കിട്ടിയ മാര്‍ക്കിനെക്കാള്‍ വിലപ്പെട്ടതാണ്. എന്തോ, അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ വേണ്ടപ്പെട്ട ആരോടോ സംസാരിക്കുന്നതു പോലെ ഒരു ബോധം മനസ്സില്‍ വന്നുതുടങ്ങി. ഞങ്ങള്‍ എല്ലാവരും സാമാന്യം നല്ല മാര്‍ക്കോടെ പരീക്ഷ പാസ്സായി (എനിക്കു നാല്പതില്‍ കൂടുതല്‍ മാര്‍ക്കു ലഭിച്ച പേപ്പറുകള്‍ മലയാളം മാത്രമാണ്). പിന്നീടു കാണുമ്പോഴെല്ലാം അദ്ദേഹത്തിന്റെ കരുതലും സ്നേഹവും ഒരു അനുഗ്രഹം പോലെ ലഭിച്ചു. ജന്മത്തിലെ ഏറ്റവും ഭാഗ്യമായ ജോലിയില്‍ ജോയിന്‍ ചെയ്യാന്‍ പോയ വഴിക്കും അദ്ദേഹത്തെ കാണാനും ആ ശുഭദര്‍ശനത്തിന്റെ ധന്യതയില്‍ എന്റെ ആദ്യ ഔദ്യോഗിക ഒപ്പുചാര്‍ത്താനും ഗുരുത്വമുണ്ടായി.

എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയതിന് തുട പൊള്ളിച്ച ചൂരല്‍ക്കഷായത്തിനോടും അതിലുപരി ആ നല്ല മനസ്സിനോടും ഈ ജന്മം കടപ്പെട്ടിരിക്കുന്നു, പ്രിയപ്പെട്ട പോള്‍ ‍സര്‍!