വളച്ചുകെട്ട് : ഈ ബ്ലോഗില്‍ നിങ്ങള്‍ കാണുന്ന കഥാപാത്രങ്ങള്‍ പലരും ഇന്നു ജീവിച്ചിരിക്കുന്നവരും എന്‍റെ അടുത്ത പരിചയക്കാരും എന്‍റെ സ്വഭാവം നന്നായി അറിയുന്നവരും ആകയാല്‍ പണ്ടുള്ള കാലങ്ങളില്‍ ഞാന്‍ അവരോടു കാണിച്ചിട്ടുള്ള മറ്റു തെറ്റുകുറ്റങ്ങള്‍ കണക്കിലെടുത്തും എന്‍റെ ഭാവിയെക്കരുതിയും താരതമ്യേന ചെറിയ ഈ പാപങ്ങള്‍ സദയം പൊറുത്തു മാപ്പാക്കി ഓലപ്പീപ്പിയെ അനുഗ്രഹിക്കണമേ എന്നു വിനയപുരസരം അപേക്ഷിച്ചു കൊള്ളുന്നു. ലളിതമായി പറഞ്ഞാല്‍ "പൊന്നളിയാ തല്ലല്ലേ.."
കര്‍ണാടകയിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ് ട്രെയിനിംഗ് കാലത്തെ അനുഭവങ്ങളില്‍ നിന്നും ഒരേട്. നായകന്‍ ഡേവ്. ആഴ്ച്ചയില്‍ അഞ്ചു ദിവസം നീളുന്ന കൊലക്കത്തി ക്ലാസ്സുകളൊക്കെ കഴിഞ്ഞു മനസ്സമാധാനമായി ഒന്നുറങ്ങാനും ടിവിയിലെ മലയാളം പടം കാണാനും തുണി അലക്കാനും അത്യാവശ്യം ഷോപ്പിങ്ങിനും ടൗണിലുള്ള ഹോട്ടലില്‍ പോയി മനസ്സിനിണങ്ങിയ ശാപ്പാടടിക്കാനും പിന്നെ ഒരു രണ്ട് മഗ് ബിയര്‍ അടിക്കാനുമായി വീതിച്ചു നല്‍കാറുള്ള ഒരു വാരാന്ത്യം.
അന്നും ഞങ്ങള്‍ - ഡേവച്ചായനും സുത്തിയും ഞാനും- പതിവുപോലെ ടൗണില്‍ പോയി. ഇടയ്ക്കും മുട്ടിനുമൊക്കെ ഞങ്ങളുടെ മുന്നില്‍ വന്നു പെടുന്ന പാവം പെണ്‍പിള്ളേരുടെ ഫാഷന്‍ ഭ്രമത്തെക്കുറിച്ചെല്ലാം ആത്മാര്‍ഥമായി വ്യാകുലപ്പെട്ടു. ഓരോ ജോഡി ജൗളി ഒക്കെ എടുത്തു. പതിവായി പോകാറുള്ള മലയാളി ഹോട്ടലില്‍ പോയി പൊറോട്ടയും ചിക്കനും മതിവരുവോളം കഴിച്ചു. വൈകിട്ട് ആറു മണിയായപ്പോള്‍ തുടങ്ങിയ നടത്തമാണ്. അത്താഴമൊക്കെ കഴിഞ്ഞ് ഉറ്റതോഴന്‍ ബിച്ചുവിനു പാഴ്സലും വാങ്ങി ഇറങ്ങിയപ്പോഴേക്കും മണി ഒന്‍പതു കഴിഞ്ഞു. ബിയര്‍ അടിച്ചാലോ എന്നൊരു പൂതി. ഡേവ് ആണെങ്കില്‍ ആല്‍ക്കഹോളിന്‍റെ അംശമുള്ള സാധനങ്ങള്‍ അണുനശീകരണത്തിനു പോലും ഉപയോഗിക്കാത്ത ടൈപ്പ്. എന്നു പറഞ്ഞാലെങ്ങനെയാ..? മഗ്ഗിന് ഇരുപതു രൂപ വെച്ചു ബിയര്‍ വില്‍ക്കുന്ന കടയുണ്ട്. അല്ല, ഒരു നാട്ടില്‍ ചെന്നാല്‍ കണ്ടു പിടിക്കാന്‍ എറ്റവും എളുപ്പമുള്ള ഒരു ജാതി സ്ഥാപനമാണല്ലോ മദ്യശാലകള്‍! അത് എന്‍റെ കാര്യത്തിലും ശരിയായി എന്നു മാത്രം. ഡേവ് പുറത്തു വെയിറ്റു ചെയ്തു. ഞങ്ങള്‍ വേഗം മടുമടാന്നു മൂന്നുനാലു മഗ്ഗ് വീതം വാങ്ങി മോന്തി വരുമ്പോഴേക്കും പ്രിയ സഹപ്രവര്‍ത്തകന്‍ ഡേവ് മടങ്ങിപോകുന്നതിനെക്കുറിച്ചു മാത്രം ചിന്തിച്ചു നില്‍പ്പായിരുന്നു.
സമയം ഒന്‍പതരയാകുന്നു. ഇനി നമ്മുടെ കൂട്ടിലേക്കു ബസ്സൊന്നുമില്ല. ഓട്ടോ വിളിക്കണം. പുതുമയുള്ള കാര്യമല്ല. ട്രാഫിക് പോലീസിന്‍റെ പ്രീപെയ്ഡ് പദ്ധതി ഉണ്ട്. കൂപ്പണിനു ഒരു രൂപ. പ്രീപെയ്ഡ് എന്നു പറയുമെങ്കിലും വണ്ടിക്കൂലി ഡ്രൈവറുടെ കയ്യില്‍ തന്നെയാണു കൊടുക്കേണ്ടത്. അപ്പോള്‍ പിന്നെ അതെങ്ങനെ പ്രീപെയ്ഡ് ആകും എന്നു ചോദിക്കരുത്, കാരണം അവിടെ എഴുതി വച്ചിരിക്കുന്നത് അങ്ങനെയാണ്. കൗണ്ടറില്‍ പോയി ക്യൂ നിന്നു പോകേണ്ട സ്ഥലത്തേക്കുള്ള കൂപ്പണുമായി വന്നു. ഇപ്രകാരമാണെങ്കില്‍ എണ്‍പത്തഞ്ചു രൂപയ്ക്കു കാര്യം നടക്കും. അല്ലെങ്കില്‍ വെറുതെ ഡ്രൈവര്‍മാരുമായി കച്ചറയ്ക്കു പോകണം, കുറഞ്ഞതു നൂറ്റിയിരുപതു രൂപയെങ്കിലും കൊടുക്കേണ്ടതായും വരും. എന്തിനാ വെറുതെ, ല്ലേ?
അങ്ങനെ ഞങ്ങള്‍ ഓട്ടോയില്‍ കയറി യാത്രയാരംഭിച്ചു. ഓട്ടോ കത്തിച്ചു വിടുകയാണ്. ബിയറിന്‍റെ ചെറിയ ഒരു തരിപ്പുള്ളതു കൊണ്ടാണോ അതോ ഹൈറേഞ്ചില്‍ ജനിച്ചു വളര്‍ന്നു തണുപ്പിനോടും കാറ്റിനോടുമൊക്കെ നേരത്തെ തന്നെ സൗഹൃദം സ്ഥാപിച്ചതു കൊണ്ടാണോ എന്തോ, എനിക്കു വെല്യ തണുപ്പൊന്നും തോന്നിയില്ല. പതിവു പോലെ തന്നെ വണ്ടിയിലിരുന്നു ഡേവ് വിടുവായത്തം വിളമ്പുന്നു. ഡേവ്, 'ആഴെടാ' എന്നൊക്കെ ആക്രോശിക്കുന്നതു കേട്ടാല്‍ 'ദൈവമേ, ഞങ്ങള്‍ ബിയര്‍ അടിച്ച നേരത്ത് ലെവന്‍ പോയി ഹാട്ട് അടിച്ചാ?' എന്ന് ആരും സംശയിച്ചു പോകും. ഡ്രൈവര്‍ ഭായി തിരിഞ്ഞിരുന്നിട്ടു "ഒന്നു മിണ്ടാതിരിക്കടാ, ശവികളെ.. ഞാന്‍ എന്‍റെ പണി മനസ്സമാധാനമായിട്ടൊന്നു ചെയ്തോട്ടെ" എന്നു പറയുമെന്ന് പല വട്ടം എനിക്കു തോന്നി. 'ഡാ, കോപ്പേ, മിണ്ടാതിരിയെടാ ..' എന്നും മറ്റും സുത്തി പറയുന്നുണ്ടെങ്കിലും അച്ചായന്‍ അതൊന്നും കാര്യമാക്കാതെ തകര്‍ക്കുകയാണ്. പിന്നെ തലയ്ക്കു വെളിവില്ലാത്ത ആളല്ലേയെന്നു വിചാരിച്ചു ഞങ്ങള്‍ മുട്ടു മടക്കി.
ഇറങ്ങേണ്ട സ്ഥലം അടുത്തപ്പോഴേക്കും കൃത്യം ചില്ലറ തന്നെ ഓട്ടോക്കാരനു കൊടുക്കേണ്ടതിന്‍റെ ആവശ്യകത സുത്തി ഡേവിനെ ഓര്‍മ്മിപ്പിച്ചു. തന്‍റെ കയ്യില്‍ അതെല്ലാം ഭദ്രമാണെന്നു ഡേവ്. സ്ഥലത്തെത്തി, ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങി. വണ്ടിക്കാരനു നേരെ ഡേവ് നീട്ടിയതു നൂറിന്‍റെ പെടയ്ക്കണ ഒരു നോട്ട്.! ഡ്രൈവര്‍ ബാക്കി നീട്ടിയതു വെറും പത്തു രൂപ. അഞ്ചു രൂപ എന്തിയേന്നു ഡേവ്. ഇവിടെ വരെ ഭാഷ ഒരു പ്രശ്നമല്ല. കാരണം, നെറ്റി ചുളിച്ച്, വലതു കൈപ്പത്തി മലര്‍ത്തി 'ഫൈവ് റുപ്പീസ്?' എന്നു ചോദിച്ചാല്‍ ഏതു കാളവണ്ടിക്കാരനും കാര്യം മനസ്സിലാകുന്ന കാലമാണല്ലോ ഇത്.
കൂലി തൊണ്ണൂറു രൂപയാ എന്നയര്‍ഥത്തില്‍ നയന്‍റി റുപ്പീസ് എന്നു ഡ്രൈവര്‍.
ഓട്ടോക്കൂലി എണ്‍പത്തഞ്ചു രൂപ എന്നാലേഖനം ചെയ്ത കൂപ്പണ്‍ കാട്ടി അല്‍പ്പം നീരസത്തോടെ 'നോ നയന്‍റി, ഒണ്‍ലി എയ്റ്റി ഫൈവ്' എന്നു ഡേവ്.
അപ്പോള്‍ ഡ്രൈവര്‍ഭായിയുടെ മറുപടി: 'നോ റിട്ടേണ്‍ ടിക്കറ്റ് സാര്‍, പ്ലീസ് ഗീവ് നയന്‍റി'.
'റിട്ടേണ്‍ ടിക്കറ്റ് ഒന്നും കിട്ടിയില്ലേല്‍ നമുക്കെന്നാ ചേതം? ഞാന്‍ എണ്‍പത്തഞ്ചേ കൊടുക്കൂ' എന്നു ഡേവിന്‍റെ സിദ്ധാന്തം.
സംഗതി കുഴയുന്നതു കണ്ടപ്പോള്‍ ഡ്രൈവര്‍ഭായി ലാംഗ്വേജ് ഒന്നു മാറ്റിപ്പിടിച്ചു. ഇംഗ്ലീഷില്‍ കത്തിവെച്ചാല്‍ ഡേവ് കത്തിക്കയറുമെന്നും താന്‍ പരാജിതനാവുമെന്നും അയാള്‍ ഭയന്നിരിക്കണം. ഹിന്ദി അറിയാത്ത ഡേവ് ഒന്നു പരുങ്ങി. ഓട്ടോക്കാരന്‍ അപ്പോഴും തൊണ്ണൂറില്‍ ഉറച്ചു തന്നെ.
അപ്പോള്‍ ഡേവ് ഞങ്ങളുടെ നേരേ തിരിഞ്ഞ് ഒരു ഡയലോഗ്.."ഡാ, ഒരു പേനായിങ്ങു തന്നെ.. ഞാനിവന്‍റെ നമ്പരൊന്നു നോട്ട് ചെയ്യട്ടെ..!" അതും പച്ചമലയാളത്തില്‍.
നമ്പരു നോട്ടു ചെയ്തിട്ടു ഇവനെന്നാ കാട്ടാനാ എന്നു ഞാനും സുത്തിയും ശങ്കിച്ചു. പക്ഷെ ആ നമ്പരിലൊന്നും ഓട്ടോക്കാരന്‍ വീണില്ല. കൊക്കെത്ര കുളം കണ്ടതാ?
'മേരാ പാസ് പാഞ്ച് രുപയെ നഹീ ഹൈ..' എന്നോ മറ്റോ അയാള്‍ പറഞ്ഞു. എനിക്കും സുത്തിക്കും ഈ കച്ചറ കണ്ടു മടുത്തു.
ഞാനും സുത്തിയും കൂടി അഞ്ചും പത്തും ഇരുപതുമെല്ലാം കൂടി തപ്പിപ്പിടിച്ച് ഒരു പത്തറുപതു രൂപ ഡേവിന്‍റെ കയ്യില്‍ ഏല്‍പ്പിച്ചു. 'ഇതുകൊണ്ട് എന്നാന്നു വെച്ചാല്‍ കാണിച്ചിട്ടു വാ' എന്ന് അച്ചായനോടും ആ ഡാഷിനോട് ഞാന്‍ അപ്പോഴേ പറഞ്ഞതാ കൃത്യം കാശെടുത്തു വെയ്ക്കാന്‍' എന്ന് എന്നോടും പുലമ്പിക്കൊണ്ട് സുത്തി കാമ്പസിനുള്ളിലേക്കു നടന്നു. പിന്നാലെ ഞാനും. ഗേറ്റു കടന്നു ഞങ്ങള്‍ കാത്തുനില്‍ക്കുമ്പോള്‍ എണ്‍പത്തഞ്ചില്‍ നിന്നും അണുവിട വ്യതിചലിക്കാന്‍ കൂട്ടാക്കാത്ത അച്ചായന്‍ ആദ്യം നല്‍കിയ നൂറും തിരികെ വാങ്ങി പേഴ്സില്‍ നിന്നും അവിടുന്നും ഇവിടുന്നുമെല്ലാമായി കൃത്യം എണ്‍പത്തഞ്ചു രൂപ ഓട്ടോക്കാരന് ഒപ്പിച്ചുകൊടുത്തു.
ഇതിനോടകം സെക്യൂരിറ്റിച്ചേട്ടന്മാര്‍ എന്തോ വെല്യ അത്യാഹിതം നടന്ന മാതിരി വിസിലടി തുടങ്ങിയിരുന്നു. കാരണം, ഗേറ്റിനു മുന്നിലാണു വണ്ടി കൊണ്ടുവന്നിട്ടുകൊണ്ടു ലേലം വിളിക്കുന്നത്. വിജയശ്രീലാളിതനായി മുപ്പത്തിരണ്ടു പല്ലും കാട്ടി അച്ചായന്‍ ഗേറ്റുകടന്നു വരവേ ഡ്രൈവര്‍ഭായി സെക്യൂരിറ്റി ഗാര്‍ഡിനോട് എന്തോ പറയുന്നതു ഞങ്ങള്‍ കേട്ടു. സംഗതി കന്നഡയായിരുന്നതിനാല്‍ ഒന്നും മനസ്സിലായില്ലെങ്കിലും അപ്പറഞ്ഞതു ഞങ്ങളെക്കുറിച്ചായിരുന്നെന്ന് 'കഞ്ചൂസ്' എന്നൊരു വാക്കു മാത്രം തിരിഞ്ഞതോടെ പിടികിട്ടി.
'എടാ, അവന്‍ പറഞ്ഞതു നമ്മളെക്കുറിച്ചാവുമോ? അല്ലായിരിക്കും അല്ലെ?' അച്ചായന്‍റെ ഈ ന്യായമായ സംശയത്തിന് സുത്തി പറഞ്ഞ മറുപടി പല സിനിമകളിലും രാജന്‍ പി. ദേവ് ഉപയോഗിക്കാറുള്ള ഒരു വിശേഷണമായിരുന്നു. ഒപ്പം, 'മിണ്ടാതെ വന്നോണം' എന്നൊരു താക്കീതും.
ഒരു നൂറ്റന്‍പതു മീറ്റര്‍ നടന്നു കാണും. അച്ചായനെന്തോ ഒരു വല്ലായ്മ. ഒരു ഭാരമില്ലായ്മ പോലെ. അവിടെയുമിവിടെയുമെല്ലാം തപ്പി നോക്കുന്നു. എന്താ പറ്റിയതെന്നു ഞങ്ങള്‍ ചോദിച്ചു. മിണ്ടാതെ തിരച്ചില്‍ തുടരുകയാണ് അച്ചായന്‍. അവസാനം, ആ മരം കോച്ചുന്ന തണുപ്പില്‍, നേര്‍ത്ത മഞ്ഞില്‍ നക്ഷത്രങ്ങള്‍ കണ്ണുചിമ്മിയ ആ രാവില്‍ നിയോണ്‍ വിളക്കുകളുടെ പ്രഭാപൂരത്തില്‍ നിന്നുകൊണ്ട് അവന്‍ ആ സത്യം ഉള്‍ക്കൊണ്ടു - തന്‍റെ പുന്നാര മൊബൈല്‍ നഷ്ടപ്പെട്ടിരിക്കുന്നു!
മൊബൈലിനെപ്പറ്റി: ഫിന്‍ലന്‍റില്‍ നിര്‍മ്മിച്ച് ഗള്‍ഫില്‍ നിന്നു വാങ്ങി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത സൊയമ്പന്‍ മൊഫൈല്‍(ഈ വാക്കിനു കടപ്പാട്: സുത്തി). ഡേവന്‍റെ വീട്ടില്‍ അതു കൊണ്ടുവന്ന സമയത്ത് ആ സെറ്റ് ഒന്നു കാണാന്‍ കൊതിച്ച് അയല്‍ക്കരെല്ലാം അവന്‍റെ വീട്ടുവാതിക്കല്‍ ക്യൂ നിന്നിരുന്നു. അതിന്‍റെ ശബ്ദസൗകുമാര്യത്തെപ്പറ്റിയും ബാറ്ററിക്ഷമതയെപ്പറ്റിയും റേഞ്ചു പിടിക്കാനുള്ള വൈഭവത്തെപ്പറ്റിയുമെല്ലാം അച്ചായന്‍ ഡെയ്‌ലി വാചകമടിക്കാറുണ്ടായിരുന്നു. ഒരടിപൊളി നോക്കിയ. അതെ, ഇന്ത്യ കണ്ട ആദ്യകാല 3310-കളില്‍ ഒന്ന്! ഒറിജിനല്‍ ബാറ്ററിയുള്ളതു കൊണ്ട് വിറ്റാല്‍ അഞ്ഞൂറു രൂപ കിട്ടിയേക്കും.
അച്ചായനെ വെട്ടിവിയര്‍ത്തു. ഒരു നിമിഷം കൊണ്ട് അതിലുണ്ടായിരുന്ന എട്ടു രൂപാ ടോക്‌ടൈമിനെക്കുറിച്ചും സിം കാര്‍ഡ് വല്ല തീവ്രവാദികളോ പെണ്‍വാണിഭക്കാരോ കൊണ്ടുപോയാലത്തെ ഭവിഷ്യത്തുകളെക്കുറിച്ചും ഓര്‍ത്ത് ട്രാഫിക് പോലീസുകാരനെപ്പോലെ നിന്നനില്‍പ്പില്‍ ഇടത്തും വലത്തും തിരിഞ്ഞു. തുടരെത്തുടരെ തലചൊറിഞ്ഞു. ഒപ്പം മനപ്രയാസം കൊണ്ടാവും രണ്ടുമൂന്നു തെറിയും പറഞ്ഞൂന്നു കൂട്ടിക്കോ.
അവസാനം എന്‍റെ ഫോണില്‍ നിന്ന് അങ്ങോട്ടു വിളിച്ചു. നോ റിപ്ലെ. വീണ്ടും വീണ്ടും വിളിച്ചു. വിളിച്ചും നടന്നും ഞങ്ങള്‍ ബിച്ചുവിന്‍റെ റൂമിലെത്തി. കഥ കേട്ടപ്പോള്‍ ബിച്ചുവും ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു.
എന്തായാലും അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും മറുപടി ഉണ്ടായി. അങ്ങേത്തലയ്ക്കല്‍ ഡ്രൈവര്‍ തന്നെ. ആ ഫോണ്‍ കൊണ്ടുത്തരാമോ എന്നു ഡേവിന്‍റെ വിനീതമായ അഭ്യര്‍ഥന. താനിപ്പോള്‍ ടൗണിലാണെന്നു ഡ്രൈവറുടെ മറുപടി. അതു സാരമില്ല, വണ്ടിക്കൂലി തന്നേക്കാം എന്ന് അച്ചായന്‍.ഇത്രയും പറഞ്ഞും കേട്ടും ഡേവും ഞങ്ങളും ഒന്നു ശ്വാസമെടുക്കുമ്പോഴാണ് സുത്തി ഒരു കാര്യം ശ്രദ്ധിച്ചത്. നൃത്തം പഠിച്ചിട്ടില്ലാത്ത ഗംഗ തമിഴ്പ്പാട്ടു പാടി നൃത്തം ചെയ്യുന്നു എന്നു പറഞ്ഞതു പോലെയാണു ഡേവച്ചായന്‍ നിന്നു ഹിന്ദി കീറുന്നത്.! എങ്കില്‍ നേരേ ഞങ്ങളിറങ്ങിയ സ്ഥലത്തേക്ക് പോരേ എന്നും കൂടി ആശാന്‍ ഹിംഗ്‌ളീഷില്‍ പറഞ്ഞൊപ്പിച്ചു.
ഓട്ടോക്കാരന്‍ അവന്‍റെ വര്‍ഗ്ഗസ്വഭാവം ഇവിടെയും കാട്ടി. അങ്ങോട്ടു വരണമെങ്കില്‍ 150 രൂപാ കൊടുക്കണമെന്ന്! അല്‍പ്പം മുന്‍പ് 85 രൂപ എണ്ണിക്കൊടുത്തു വന്ന റൂട്ട് ആണ്. ശെരി തന്നേക്കാം, പോരേയെന്നു അച്ചായന്‍. ഓക്കെ, കമിംഗ് സാര്‍ എന്നു ഡ്രൈവര്‍.ബിച്ചുവും അച്ചായനും കൂടി ഗേറ്റിങ്കല്‍ പോയി നില്‍പ്പായി. ഒരു പത്തു പതിനഞ്ചു മിനിറ്റു കഴിഞ്ഞപ്പോഴുണ്ട് ഓട്ടോ വരുന്നു. അതില്‍ മുന്നിലും പിന്നിലുമായി ഒരെട്ടുപത്തു പിള്ളേര്‍.! അവരെല്ലാം കൂടി പാടിയാര്‍ത്തും കൂവിവിളിച്ചും കോളേജു പിള്ളേര്‍ ടൂറിനു പോകുമ്പോലെ ഒരു വരവായിരുന്നു.
എന്തായാലും ഡേവിന് മൊഫൈല്‍ കയ്യില്‍ കിട്ടി. അതിന്‍റെ ബാറ്ററി കവര്‍ എങ്ങോ നഷ്ടപ്പെട്ടിരുന്നു. വൈകല്യം ബാധിച്ചതാണെങ്കിലും ഫോറിന്‍ മൊഫൈല്‍ അല്ലിയോ, കളയാന്‍ പറ്റുമോ?സാധനവും ഏല്‍പ്പിച്ച് ഓട്ടോക്കാരനും സംഘവും പോകുന്നപോക്കിന് നല്ല ഒന്നാംതരമൊരു കൂവല്‍ കൂടി അവിടെ നടത്തി. അച്ചായന്‍ മൊബൈല്‍ പരിശോധിച്ചു. വേറേ പരിക്കുകളൊന്നുമില്ല. ടോക്‍ടൈം അതുപോലെ തന്നെ ഉണ്ട്!
എന്തായാലും ആ വരവിന്‍റെ കൂലിയിനത്തില്‍ ഓട്ടോക്കാരന് 200 ഇന്ത്യന്‍ രൂപാ കൊടുക്കുമ്പോള്‍ അച്ചായന്‍റെ മനസ്സില്‍ നന്ദിയായിരുന്നോ അതോ 'എനിക്കു കാശിനു വെല്യ ദെണ്ണമൊന്നുമില്ലെടാ, അഞ്ചു രൂപായല്ല അന്‍പതു പോലും എനിക്കു പുല്ലാണെടാ' എന്ന വിചാരമായിരുന്നോ എന്നറിഞ്ഞുകൂടാ.
വാല്‍ക്കഷണം:
(1) അടുത്ത ടൗണില്‍ പോക്കിന് അച്ചായന്‍ തേടി നടന്ന് 3310യുടെ കവര്‍ ഒപ്പിച്ചു. ഒരു 90 രൂപാ അതിനങ്ങു മുടക്കി. 'കടക്കാരന്‍ പറ്റിച്ചതാ' എന്ന് അപ്പോഴും പറഞ്ഞു.
(2) പിന്നെ ഈയടുത്ത കാലത്ത് മൂപ്പിലാന്‍ ഒരു സോണി എറിക്സണ്‍ W810i വാങ്ങി. അതും മേല്‍പ്പറഞ്ഞ പോലെ ഫിന്‍ലന്‍റില്‍ നിര്‍മ്മിച്ച് ഗള്‍ഫില്‍ നിന്നു വാങ്ങി.. ഇല്ല, ഞാനൊന്നും പറയുന്നില്ല.
ആര്പ്പോന്നു കൂവി, ആര്‍ത്തൊന്നു പാടി,
പഴങ്കഥയോതി, കളിവാക്കു ചൊല്ലി,
കള്ളം പറഞ്ഞുമൊന്നോടിത്തിമിര്ത്തും
ആകെച്ചിരിച്ചുമൊരല്പം കരഞ്ഞും...
Thursday, February 28, 2008
Monday, February 18, 2008
ശിക്ഷ
അടി എന്ന രണ്ടക്ഷരം കാണുമ്പോള്‍ അത് അളവിനെക്കുറിക്കുന്ന അടിയാണെങ്കില്‍ എനിക്കു വെല്യ താല്‍പര്യം തോന്നാറില്ല. നല്ല ശുദ്ധമായ തല്ലിന്‍റെ കാര്യമാണെങ്കില്‍ കൊള്ളാനുള്ള കുരുത്തക്കേടുകള്‍ അന്നും ഇന്നും ചെയ്യുന്നുണ്ട്. ഗുരുക്കന്മാരുടെ കയ്യില്‍ നിന്നു പ്രസാദം വാങ്ങിയ അനുഭവങ്ങള്‍ ഏറെയുണ്ടെങ്കിലും അച്ഛനമ്മമാരുടെ പേരില്‍ വിരലിലെണ്ണാവുന്ന സംഭവങ്ങളേ ഉള്ളൂ. അതിലെ ഏറ്റവും മഹത്തായ ഒന്നാണ് ഇനി ഇതള്‍ വിരിയുന്നത്.
അന്നെനിക്കു പ്രായം എട്ടോ ഒന്‍പതോ. കുട്ടിഷര്‍ട്ടും നിക്കറുമിട്ട് മുള്ളന്‍പീലി പോലത്തെ മുടിയും കൈവയ്ക്കുന്ന മേഖലകളിലെല്ലാം കുസൃതിയുമായി അടിച്ചു പൊളിക്കുന്ന എല്‍. പി. സ്കൂള്‍ കാലം. ഞങ്ങളുടെ ഗ്രാമത്തില്‍ ആളനക്കമുണ്ടാകുന്ന രണ്ടേ രണ്ടു സംഭവങ്ങളാണ് വോട്ടെടുപ്പും കൊച്ചുതോവാള സെന്‍റ് ജോസഫ്സ് പള്ളിയിലെ പെരുന്നാളും. ചെണ്ട മേളവും ബാന്‍റുമേളവും എന്നെ എപ്പോഴും ഞെട്ടിച്ചുകൊണ്ട് കതിനാവെടികളും മുഴങ്ങുന്ന ഒരു പെരുന്നാള്‍ കാലം. ഈ രണ്ടു ദിവസങ്ങളിലാണ് അന്നാട്ടിലെ അത്രയധികം പുരോഗമിച്ചിട്ടില്ലാത്ത പ്രജകള്‍ക്ക് അത്യാവശ്യം കോസ്മെറ്റിക്സും ടോയ്സും സ്വീറ്റ്സും ഗോള്‍ഡ് സ്പോട്ട്, സിട്രാ മുതലായ കോളകളും വാങ്ങാനും ആസ്വദിക്കാനുമൊക്കെ ലഭിക്കുന്ന അസുലഭാവസരം. ഇമ്മാതിരി കച്ചോടങ്ങള്‍ക്കെല്ലാം സ്ഥലം ലേലത്തിനെടുത്ത്, കുറ്റി നാട്ടി, തൂണു കുത്തി, മറച്ചുകെട്ടി, വലിയ വീഞ്ഞപ്പെട്ടികളില്‍ കളിപ്പാട്ടങ്ങളും ചാന്ത്-പൊട്ട്-കണ്മഷി-വള എന്നിത്യാദി അവശ്യ വസ്തുക്കളും കൊണ്ടിറക്കി, എടുത്തു നിരത്തി, അടുക്കിയലങ്കരിച്ച് കച്ചോടത്തിനു നേര്‍ച്ചയിട്ടു തുടക്കം കുറിക്കുന്നതുവരെയുള്ള സംഗതികള്‍ക്ക് അക്കാലത്ത് കറുത്ത ഹോസ് വളയമാക്കി വണ്‍വീലര്‍ വണ്ടിയോടിച്ചു നടന്നിരുന്ന ഞാനുള്‍പ്പടെയുള്ള ബാല്യങ്ങള്‍ കൗതുകത്തോടെ സാക്‍ഷ്യം വഹിച്ചിരുന്നു.
അങ്ങനെ ആ വര്‍ഷവും പെരുനാളിന് ഇത്തരം ഒന്നുരണ്ട് കട (വെച്ചുവാണിക്കട എന്നാണു നാട്ടുഭാഷ, ചിന്തിക്കട എന്നും പറയും) ഉണ്ടായിരുന്നു. അതും പള്ളിക്കു മുന്നിലെ റോഡിലെ നല്ല കണ്ണായ സ്ഥലത്തു തന്നെ. പിന്നെ ഉഴുന്താട, ഹല്‍വ, മുറുക്ക്, മിക്സ്ചര്‍ തുടങ്ങിയ പലഹാരശാലകള്‍ വേറേ. കിട്ടിയാല്‍ വല്ലതും തിന്നും എന്നല്ലാതെ അതിലേക്കു നമുക്കു വെല്യ താല്‍പര്യമൊന്നുമില്ല. മേല്‍പ്പടി കടകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചതോടെ ഞാനുള്‍പ്പടെയുള്ള സംഘം സാധനങ്ങളുടെ സ്റ്റോക്ക് എടുക്കാന്‍ തുടങ്ങി. അവിടെയൊക്കെ ചുറ്റിപ്പറ്റി നിന്ന് വില ചോദിച്ച് ചോദിച്ച് കടക്കാരന്‍റെ മുഖഭാവം മാറുമ്പോള്‍ അയാള്‍ക്കിഷ്ടപ്പെടുന്നില്ല എന്ന മഹാസത്യം മനസ്സിലാക്കി അല്‍പനേരത്തേക്ക് ഒന്നു കറങ്ങി വന്ന് വീണ്ടും പഴയ പണി തുടരും.
കളിപ്പാട്ടങ്ങളുടെ കൂട്ടത്തില്‍ ഒരു സാധനവുമായി ഞാന്‍ പ്രഥമദൃഷ്ട്യാ പ്രണയത്തിലായി - ഒരു കുഞ്ഞു ഫയര്‍ എഞ്ചിന്‍. ഉള്ളിലിരിക്കുന്ന ഡ്രൈവറുടെയും ഫയര്‍മാന്‍മാരുടെയും ചിത്രം ഭംഗിയായി ആലേഖനം ചെയ്തിട്ടുള്ള, മുകളില്‍ സ്വര്‍ണ്ണനിറമുള്ള മണിയും പച്ചനിറമുള്ള ഗോവണിയും ഫിറ്റു ചെയ്തിട്ടുള്ള, ഓടുമ്പോള്‍ മണിയൊച്ച മുഴങ്ങുന്ന ആ ചുവന്ന കളിപ്പാട്ടം കീ കൊടുക്കാതെ തന്നെ എന്‍റെയുള്ളില്‍ കിടന്നോടാന്‍ തുടങ്ങി. എങ്ങനെയും അതു കരസ്ഥമാക്കണം എന്നു ഞാനുറച്ചു.
എന്‍റെ ഏറ്റവും വലിയ ഫിനാന്‍ഷ്യല്‍ റിസോഴ്സായിരുന്നു ചാച്ചന്‍ എന്നു ഞങ്ങള്‍ മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെ വിളിക്കുന്ന എന്‍റെ അപ്പൂപ്പന്‍. അക്കാലത്തു എന്‍റെ വിനോദപരമായ ചെലവുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ചാച്ചനായിരുന്നു. അച്ചായിയെ അപേക്ഷിച്ചു നോക്കുമ്പോള്‍ സ്വന്തം ആവശ്യങ്ങള്‍ സങ്കോചം കൂടാതെ പറഞ്ഞു ബോദ്ധ്യപ്പെടുത്താനും നേടിയെടുക്കാനുമുള്ള എളുപ്പവും അദ്ദേഹത്തിനു എന്നോടുള്ള പ്രത്യേക വാല്‍സല്യവുമായിരുന്നു ഇതിന്‍റെ പിന്നിലെ പ്രധാന കാരണങ്ങള്‍. പിന്നെ അച്ചായിയുടെപോലെ എപ്പോഴും ഗൗരവം നിറഞ്ഞ മുഖമല്ല ചാച്ചന്‍റെ. പിന്നെ ഞാന്‍ കുസൃതി കാട്ടിയാല്‍ ചാച്ചനാണെങ്കില്‍ ദേഷ്യപ്പെടില്ല എന്ന വിലപ്പെട്ട അനുഭവജ്ഞാനവും. അതുകൊണ്ട് ഫയര്‍ എഞ്ചിന്‍ വാങ്ങണമെങ്കില്‍ ചാച്ചന്‍ തന്നെ കനിയണം. പക്ഷെ ചാച്ചന്‍ ആള്‍റെഡി എനിക്കനുവദിക്കാവുന്ന സാങ്ങ്‌ഷന്‍ ലിമിറ്റ് കടന്നു നില്‍ക്കുന്നു. മേല്‍പ്പടി കളിക്കോപ്പിന്‍റെ വില ഇരുപത്താറു രൂപ എന്നത് അത്രയെളുപ്പം ബജറ്റില്‍ വകകൊള്ളിക്കാന്‍ പറ്റാത്തത്. കച്ചവടമാണെങ്കില്‍ ഞായറാഴ്ച വൈകുന്നേരം വരെ മാത്രവും. ഇതെല്ലാം ചിന്തിച്ച് സാമ്പത്തിക പരാധീനത മൂലം ആ അസുലഭാവസരം പാഴാവുമോ എന്നു ഭയന്ന ഞാന്‍ കാമുകിയെ പെണ്ണുകാണാന്‍ ആളു വരുന്നുണ്ടെന്നറിഞ്ഞ കാമുകന്‍റെ അവസ്ഥയിലായി.
ഇറ്റ്സ് നൗ ഓര്‍ നെവര്‍- എന്‍റെ മനസ്സു പറഞ്ഞു. കയ്യിലുള്ള ചില്ലറ കൂട്ടി നോക്കിയാല്‍ ഒന്നിന്‍റെ പട്ടിക പഠിക്കാന്‍ പോലും തികയില്ല. എന്തായാലും ചാച്ചനോടു തന്നെ പറഞ്ഞു നോക്കാം. കേന്ദ്രപൂളില്‍ നിന്നും സഹായം തേടുകയല്ലാതെ മാര്‍ഗമില്ലല്ലോ. നേരേ ചാച്ചനെ ചെന്നു കണ്ടു. "ചാച്ചാ.. അവിടെയേ...ഒരേ... സാതനവൊണ്ടേ... " എന്നൊക്കെ നയത്തിലും ന്യായത്തിലും കാര്യം അവതരിപ്പിച്ചു. ചാച്ചനും ഞാനുമുള്‍പ്പെടുന്ന പര്‍ച്ചേസ് കമ്മിറ്റി ടി എസ്റ്റിമേറ്റ് പ്രഥമദൃഷ്ട്യാ അംഗീകരിക്കുകയും സാധനം വാങ്ങാനായി കടയില്‍ ചെല്ലുകയും ചെയ്തു. സംഗതിയുടെ വിലയില്‍(ഐഡിയ സ്റ്റാര്‍ സിംഗറിലെ സംഗതിയല്ല!) യാതൊരു കുറവും വരില്ല എന്നറിഞ്ഞപാടെ 'ഇതിനു വില കൂടുതലാ, വാങ്ങേണ്ട' എന്ന് കമ്മറ്റി ചെയര്‍മാന്‍ ഏകപക്ഷീയമായി തീരുമാനിച്ച് എസ്റ്റിമേറ്റ് തള്ളിക്കളഞ്ഞു കയ്യും വീശി തിരിച്ചൊരു നടപ്പ്! ഏറ്റവും സ്മൂത്ത് ആയ വഴി അടഞ്ഞുകഴിഞ്ഞതോടെ ഞാന്‍ വായും പൊളിച്ചു നിന്നു. സാമാന്യം നല്ലൊരു തുകയ്ക്കുള്ള കളിപ്പാട്ടങ്ങള്‍ നേരത്തെതന്നെ ചാച്ചനെക്കൊണ്ടു വാങ്ങിപ്പിച്ച എന്‍റെ വിവരക്കേടിനെ ഞാന്‍ അറിഞ്ഞു ശപിച്ചു.
അടുത്തതു സംസ്ഥാന ഗവണ്മെന്‍റ് ആണ്-സ്വന്തം പിതാശ്രീ. പര്‍ച്ചേസ് കമ്മിറ്റി പോയിട്ട് ഒരു കേസ് സ്റ്റഡി പോലും നടത്താന്‍ നില്‍ക്കാതെ നിവേദനം വലിച്ചുകീറി കയ്യില്‍ തന്നു. 'പിന്നെ, ഫയര്‍ എഞ്ചിന്‍, പൊക്കോണം അവിടുന്ന്..!'. എനിക്കു തൃപ്തിയായി. എന്തു ചെയ്യും? തീരെ പ്രതീക്ഷയില്ലെങ്കിലും അമ്മ, വെല്യമ്മച്ചി(അമ്മൂമ്മ) എന്നിവരുടെ പക്കല്‍ നിന്നും ചില്ലറ ഫണ്ടു തിരിമറികള്‍ക്കോ അറ്റ്ലീസ്റ്റ് ഒരു റെക്കമെന്‍റേഷനോ സാദ്ധ്യത അന്വേഷിച്ചെങ്കിലും അതെല്ലാം പള്ളിയില്‍ കത്തിക്കുന്ന അമിട്ടിനെക്കാള്‍ നീറ്റായി പൊട്ടി.
തോല്‍ക്കാന്‍ ഞാനൊരുക്കമല്ലായിരുന്നു. ഞാന്‍ ഒരു കവര്‍ച്ച പ്ലാന്‍ ചെയ്തു. അച്ചായി എന്തിനോ പുറത്തു പോയ സമയം, അമ്മ വീട്ടുജോലികളില്‍ വ്യാപൃതയായിരുന്ന പൊരിഞ്ഞ വെയിലുള്ള ആ ഉച്ചനേരം. അച്ചായിയുടെ പണപ്പെട്ടി താക്കോല്‍ക്കിലുക്കങ്ങള്‍ക്ക് ഇടകൊടുക്കാതെ ഞാന്‍ തുറന്നു. കുറച്ചു പത്തുരൂപാനോട്ടുകള്‍ ഞാന്‍ പ്രതീക്ഷിച്ചെങ്കിലും എന്നെ നിരാശപ്പെടുത്തിക്കൊണ്ട് പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ പടമേന്തിയ ഒരന്‍പതു രൂപ നോട്ട് മാത്രമേ അതില്‍ ഉണ്ടായിരുന്നുള്ളു(ഒരുപാടു നോട്ടുകളുണ്ടെങ്കില്‍ രണ്ടുമൂന്നെണ്ണം അതില്‍നിന്നെടുത്താല്‍ തിരിച്ചറിയുക പാടായിരിക്കും എന്ന അപക്വമായ ബുദ്ധി). ഇന്നും നിര്‍വ്വചിക്കാനാവാത്ത ഒരുള്‍പ്രേരണയില്‍ ഫയറെഞ്ചിനോടുള്ള അഗാധപ്രണയത്തെ സാക്ഷിയാക്കി ഞാനാ കാശെടുത്തു നാലായി മടക്കി നിക്കറിന്‍റെ പോക്കറ്റില്‍ തിരുകി. പെട്ടിയുടെ വലിപ്പു വൃത്തിയായി അടച്ചുപൂട്ടി സ്ഥലം കാലിയാക്കി.
മിനിറ്റുകള്‍ക്കുള്ളില്‍ എന്‍റെ സ്വപ്നം സാക്ഷാല്‍ക്കരിച്ചു. ഫയറെഞ്ചിനുമായി ഞാന്‍ വീട്ടിലെത്തുമ്പോള്‍ അമ്മയും പുറത്തെവിടെയോ ആയിരുന്നു. മുന്‍വാതില്‍ അടച്ചിട്ടു ഞാന്‍ മണി കിലുക്കിയുള്ള ഫയറെഞ്ചിന്‍റെ ഓട്ടം ആസ്വദിച്ചു. ആ ആഹ്ലാദത്തിനൊരയവു വന്നപ്പോഴാണ് ബാക്കിയുണ്ടായിരുന്ന പണം തിരികെ പെട്ടിക്കുള്ളില്‍ വെയ്ക്കുന്ന കാര്യം ഞാന്‍ ഓര്‍ത്തത്. മുന്‍പ് അന്‍പതു രൂപ കണ്ടിടത്ത് അതിന്‍റെ പകുതിയോളം മാത്രം കണ്ടപ്പോള്‍ എനിക്കുതന്നെ ഒരു വല്ലാഴിക തോന്നിയെങ്കിലും കയ്യിലിരുന്ന ചുവന്ന കളിപ്പാട്ടത്തെ ഓര്‍ത്ത് ഞാനതങ്ങു സഹിച്ചു.
പക്ഷേ അച്ചായിക്കതു സഹിക്കനാവുമായിരുന്നില്ല എന്നു ഞാന്‍ പിന്നീടറിഞ്ഞു. മറ്റെന്തോ ആവശ്യത്തിനു നീക്കിവെച്ചിരുന്ന പണം അന്വേഷിച്ചപ്പോള്‍ ടി തുകയില്‍ കാര്യമായ കുറവു വന്നിട്ടുണ്ടെന്നു കാണുകയും ആയത് അമ്മയുടെ അറിവോടെയല്ല ചെലവായത് എന്നറിയുകയും ചെയ്തതിന്‍റെ വെളിച്ചത്തില്‍ പ്രതിസ്ഥാനത്ത് സംശയരഹിതമായി ഞാന്‍ വരികയും തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ കട്ടിലിനു കീഴെ നിന്നും തൊണ്ടിമുതല്‍ കീ സഹിതം കണ്ടെടുക്കുകയും വളരെ വേഗം കഴിഞ്ഞു. പെരുനാള്‍ സ്ഥലത്തെ ഉച്ചയ്ക്കു ശേഷമുള്ള രണ്ടാമത്തെ റൗണ്ട്‌സും കഴിഞ്ഞു വീട്ടിലെത്തിയ ഉടനെ തന്നെ എനിക്കു കാര്യങ്ങളുടെ കിടപ്പു പിടികിട്ടി.
'ആരാടാ നിനക്കു ഫയറെഞ്ചിന്‍ വാങ്ങിത്തന്നേ?' ചോദ്യം മാതാശ്രീ വക. നമുക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ എത്രയും വൈകുന്നോ അത്രയും നല്ലത് എന്നു മനസ്സില്‍ വിചാരിച്ച് 'ചാച്ചന്‍' എന്നു പറഞ്ഞു ഞാന്‍ തല്‍ക്കാലം തടിതപ്പി. അനന്തരം അച്ചായിയുടെ കണ്ണില്‍ പെടാതിരിക്കന്‍ പതുക്കെ അവിടെ നിന്നും വലിഞ്ഞു. അച്ചായി വീട്ടിലെത്തിയെന്ന അറിവു കിട്ടിയ നിമിഷം ഞാന്‍ ഒളിവില്‍ പോയി. ഞാന്‍ വീണ്ടും കവലയില്‍ പോയെന്ന് ഓര്‍ത്തോളും. വൈകിട്ടു സാഹചര്യം മോശമാകുന്നെങ്കില്‍ ചാച്ചന്‍റെയോ വെല്യമ്മച്ചിയുടെയൊ ഒപ്പം നിന്നാല്‍ സംഭവിക്കാന്‍ സാധ്യതയുള്ള പുകിലുകളുടെ ഡോസ് കുറയ്ക്കാം എന്നൊക്കെയായിരുന്നു എന്‍റെ ചിന്ത. ഓന്തോടിയാല്‍ വേലിക്കല്‍ വരെ! ഞാന്‍ വീടിനു ചുറ്റുമുള്ള പറമ്പില്‍ അങ്ങുമിങ്ങും അലഞ്ഞു നടന്നു. കൊതുകുകടിയൊക്കെ വെറും പുല്ല്.
വീട്ടില്‍ അരങ്ങേറുന്ന തിരക്കഥയുടെ ശബ്ദരേഖ എനിക്കു കേള്‍ക്കാം.
'അവനെവിടെ?' അച്ചായിയുടെ ചോദ്യം.
'ഇവിടെങ്ങാണ്ടോ ഉണ്ടാരുന്നാല്ലോ..'പിന്നെ കേട്ടതു എന്നെ പേരെടുത്ത് നിര്‍ത്താതെയുള്ള വിളി.
എനിക്കെങ്ങനെ വിളി കേള്‍ക്കാന്‍ പറ്റും? നിങ്ങളു പറയ്. വിചാരണ നേരിടാന്‍ ധൈര്യമില്ലാത്ത ഒരു മോഷ്ടാവിനെപ്പോലെ ഞാന്‍ ഏലച്ചെടികളുടെ തടത്തിലിടാന്‍ മണ്ണു വെട്ടിയെടുത്തുണ്ടായ ഒരു കുഴിയില്‍ പതുങ്ങിയിരുന്നു. ഒരു വേള എന്‍റെ ബങ്കറിന്‍റെ പതിനഞ്ചുമീറ്റര്‍ അടുത്തുവരെ അച്ചായി എത്തിയതായി ഞാന്‍ മനസ്സിലാക്കി. അപ്പോഴും വിളി ഘോരഘോരം മുഴങ്ങുന്നു. ക്രമേണ വിളിയുടെ വികാരത്തില്‍ ദേഷ്യവും അക്ഷമയുമൊക്കെ കലരുന്നതു ഞാനറിഞ്ഞു.
വീട്ടിലെ കൃഷിപ്പണികള്‍ക്കു നിന്നിരുന്ന രാജന്‍ ചേട്ടനും കൂടി എന്നെ പൊക്കാനിറങ്ങിയപ്പോള്‍ അധികം വൈകാതെ തന്നെ എന്‍റെ അറസ്റ്റ് നടക്കുമെന്നു ഞാനുറപ്പിച്ചു.
അച്ചായി നിലവില്‍ എത് അക്ഷാംശരേഖാംശത്തിലാണു നില്‍ക്കുന്നതെന്നു മനസ്സിലാക്കാനായി ഞാന്‍ പയ്യെ തല പൊക്കി. അപ്പോള്‍ എന്നെ രാജന്‍ ചേട്ടന്‍ കാണുകയും നേരെ മേലാവിനോട് ഞാനിരുന്ന ഭാഗം ചൂണ്ടിക്കാട്ടി 'ദാ അവിടെ' എന്നു ടാര്‍ഗറ്റ് റിപ്പോര്‍ട്ട് നല്‍കിയതും....
ഒരു ചുഴലിക്കൊടുങ്കാറ്റു പോലെ അച്ചായി എന്‍റെ നേര്‍ക്കു പാഞ്ഞു വരുന്നതാണു ഞാന്‍ കണ്ടത്. പ്ലാവും മാവും കരണയും തണല്‍ വിരിച്ചു നില്‍ക്കുന്ന ഏലച്ചെടികള്‍ക്കിടയിലൂടെ കൈത്തണ്ടയില്‍ പിടിച്ചെന്നെ തൂക്കിയെടുത്തുകൊണ്ട് അച്ചായി ഇടവഴിയിലേക്കു നടന്നു.
"നിനക്കു വിളിച്ചാല്‍ കേള്‍ക്കത്തില്ല അല്ലേടാ?" എന്നു എന്‍റെ വിളറിയ മുഖത്തു നോക്കി ആക്രോശിച്ചു.
ദൈവമേ, അപ്പോള്‍ മോഷണത്തെക്കാളും വെല്യ കുറ്റം കോടതിയലക്‍ഷ്യമാണോ? എന്താണു സംഭവിക്കുന്നതെന്നു പിടികിട്ടുംമുന്‍പേ വഴിയരികില്‍ നിന്നിരുന്ന കൂഴപ്ലാവില്‍ പടര്‍ന്നു കയറിയ കുരുമുളകു ചെടിയുടെ രണ്ടൂമൂന്നടി നീളം വരുന്ന ഒരു തല(വള്ളി) അച്ചായി അടര്‍ത്തിയെടുക്കുകയും ഇടത്തുകൈ ചുരുട്ടിപ്പിടിച്ച് ആ വള്ളി വിരലുകള്‍ക്കിടയിലൂടെയിട്ടൊന്നു വലിക്കുകയും ഇലകളെല്ലാം ആ വള്ളിയില്‍ നിന്നും ഉതിര്‍ന്നുപോകുകയും ഒപ്പം കഴിഞ്ഞു.
അച്ചായിയുടെ വലതുകൈ വായുവിലൊന്നുയര്‍ന്നു താണു.
'ഹ്യൂശ്...' എന്ന ശബ്ദത്തോടെ കൊടിവള്ളി അന്തരീക്ഷത്തിലൂടെ പാഞ്ഞു വന്ന് 'റ്റക്ക്' എന്ന് എന്‍റെ ഇടതുതുടയിലും വലതുതുടയിലും ഒരുമിച്ചു ലാന്‍റ് ചെയ്തു. തീര്‍ന്നില്ല, നീണ്ടുകിടന്ന അറ്റം വലതുതുടയെ ചുറ്റി വരിഞ്ഞു. അടുത്ത അടിക്ക് ഓങ്ങവേ ഇപ്പോളുണ്ടായ ചെമന്നുതടിച്ച ചൂടാറാത്ത ചാലിലൂടെ അതിവേഗം വള്ളി വലിഞ്ഞുനീങ്ങി. വിവരിക്കാനാവാത്ത ഏതോ ഒരനുഭൂതിയില്‍ എന്‍റെ ശരീരം വില്ലുപോലെ വളഞ്ഞുനിന്നു വിറകൊണ്ടു. ജനനസമയത്തിനു ശേഷം ജീവിതത്തിലെ എന്‍റെ ആത്മാര്‍ത്ഥമായ രണ്ടാമത്തെ കരച്ചില്‍ അവിടെ മുഴങ്ങി. കാണാവതല്ലിത്തൊഴിലെന്നകാണ്ഡേ ഇളംപച്ചനിറമാര്‍ന്ന തണ്ടുകളില്‍ അറ്റന്‍ഷനായി നിന്ന് ഏലച്ചെടികള്‍ എന്നോട് അനുതപിച്ചു.
അടുത്ത അടി ഇപ്പോള്‍ വീഴും..!
"നീയിനി വിളിച്ചാല്‍ വിളി കേള്‍ക്കുമോടാ???" അച്ചായി അടുത്ത തല്ലിനോങ്ങി നില്‍ക്കുകയാണ്...
"കേട്ടോളാമേ..."അലറിക്കരയുന്നതിനിടയിലും ഞാന്‍ നല്ല ഉച്ചാരണശുദ്ധിയോടെ മറുപടി പറഞ്ഞു.
അല്ല, എങ്ങനെ പറയാതിരിക്കും? സെയിം രീതിയിലുള്ള അടി ഒന്നു കൂടി പൊട്ടി. അതും വരവുവെച്ചു. രോദനത്തിന്‍റെ ട്രെബിള്‍ ഞാനല്‍പ്പം കൂടി ഉയര്‍ത്തി. ഉയര്‍ന്നു എന്നു പറയുന്നതാണു കൂടുതല്‍ ശരി.
തുട രണ്ടും നീറിപ്പൊള്ളിപ്പുകയുന്നു. കണ്ണുനീരിന്‍റെ ആതിരപ്പള്ളിയൊഴുകുന്നു. വേദന, കുറ്റബോധം, അപമാനം, അടി, തേങ്ങാക്കൊല....
എന്‍റെ കുഞ്ഞുമനസ്സിന്‍റെ ആഗ്രഹങ്ങള്‍ക്ക് ഇവിടെ ഒരു വിലയുമില്ലേ?
പാവം ഞാന്‍...
സാവധാനം തുടയിലൂടെ വിരലോടിച്ചു. "ഈശ്വരാ..." എന്നതിലെ "ശ്ശ്" മാത്രമേ പുറത്തേക്കു വന്നുള്ളൂ. മരത്തുമ്മേല്‍ ബന്ധനസ്ഥനായി അമ്പുകളേറ്റ നിലയില്‍ പള്ളിയിലെ രൂപക്കൂടിനുള്ളില്‍ നില്‍ക്കുന്ന എന്‍റെ സെബസ്ത്യാനോസുപുണ്യാളാ, അങ്ങെന്തു വേദന സഹിച്ചു കാണും..!
ഞാന്‍ വീണ്ടും മുങ്ങി. നേരം ഇരുട്ടിത്തുടങ്ങിയിട്ടും കാണാതെ വിഷമിച്ച് എന്നെ തിരഞ്ഞിറങ്ങിയ വെല്യമ്മച്ചിയുടെ തലോടലുകള്‍ക്കും ആശ്വാസവചനങ്ങള്‍ക്കും മുന്നില്‍ ഞാന്‍ സറണ്ടര്‍ ആയി. അപ്പോള്‍ വീണ്ടും ഞാന്‍ കരഞ്ഞു. അതു വേദന കൊണ്ട് മാത്രമായിരുന്നില്ല.
വാലുകള്‍
(1) ഇതിനു മുന്‍പും പിന്‍പും അച്ചായി എന്നെ അടിച്ച ഓരോ സംഭവങ്ങള്‍ വീതമുണ്ടെങ്കിലും അവ രണ്ടും ഈ അടിയുടെ വൈകാരികതീവ്രതയുടെ മുന്നില്‍ തീരെച്ചെറുതാണ്.
(2) ആ അടിയോടെ ഞാന്‍ ഒത്തിരി നന്നായി പോയി.
(3) രണ്ടു ദിവസം ഞാന്‍ അച്ചായിക്ക് ഉപരോധമേര്‍പ്പെടുത്തി. എപ്പോഴും ചാച്ചന്‍റെയോ വെല്യമ്മച്ചിയുടെയോ നിഴല്‍ പോലെ കൂടി. പിന്നെ അപ്പനാണല്ലോ എന്നോര്‍ത്തു കോമ്പ്രമൈസായി.
(4) ഈ സംഭവത്തിന്‍റെ വെളിച്ചത്തിലാണ് പില്‍ക്കാലത്ത് പ്രോഗ്രസ് കാര്‍ഡിലെ 'രക്ഷകര്‍ത്താവിന്‍റെ ഒപ്പ്' എന്ന കോളത്തില്‍ ഞാന്‍ ചാച്ചനെക്കൊണ്ട് ഒപ്പിടീച്ചുകൊള്ളാം എന്നു പ്രഖ്യാപിച്ചത്. അതിന് കാരണം അന്വേഷിച്ചപ്പോള്‍ "അച്ചായി ശിക്ഷകര്‍ത്താവാണ്, ചാച്ചനാണ് എന്‍റെ രക്ഷകര്‍ത്താവ്" എന്നായിരുന്നു എന്‍റെ മറുപടി.
(5) 2008 ഫെബ്രുവരി മാസം രണ്ടാം തീയതി എന്‍റെ രക്ഷകര്‍ത്താവ് ഞങ്ങളെ എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞു.

Subscribe to:
Posts (Atom)