മെയ് മാസം മുഴുവൻ ജോലിയുടെ ഭാഗമായുള്ള ഒരു ട്രെയിനിങ്ങിനായി തിരുവനന്തപുരത്തായിരുന്നു ഞാൻ. തലസ്ഥാനത്ത് ആണെങ്കിലും നഗരത്തിന്റെ തിരക്കുകളിൽ നിന്നും ആഘോഷങ്ങളിൽ നിന്നും പൂർണ്ണമായും അകന്ന്, തികച്ചും ഒരു വിദ്യാർഥിയെപ്പോലെ തന്നെ പഠനത്തിന്റേതായ സകല പിരിമുറുക്കങ്ങളും അനുഭവിച്ച് ഒരു മാസം. ശീർഷകത്തിൽ പറഞ്ഞിരിക്കുന്നതു പോലെ ഇതൊരു അവധിക്കാലമായിരുന്നു - പതിവായി പഴകിപ്പോയ ചര്യകളിൽ നിന്നും സ്ഥലങ്ങളിൽ നിന്നുമുള്ള ഒരവധി.
കൊടും വേനലിന്റെ മൂർദ്ധന്യത്തിലാണ് ഞാൻ വീടു വിട്ടത്. തിരികെ വരുമ്പോഴേക്കും മഴക്കാലമാവും എന്നുറപ്പുണ്ടായിരുന്നു. അതിനാൽ കുടയും കയ്യിൽ കരുതി. നഷ്ടബോധം തോന്നിയത് ആകെ ഒരു കാര്യത്തെ പറ്റിയാണ്. വീടും ഈ ചെറിയ പട്ടണവും ഈ ഋതുസംക്രമവേളയിലൂടെ കടന്നു പോകുന്നത് നോക്കിനില്ക്കുക കൗതുകകരമാണ്. ആ രസക്കാഴ്ചയ്ക്കു നേർസാക്ഷ്യം വഹിക്കാനൊക്കില്ലല്ലോ എന്നൊരു നഷ്ടബോധം. ജലക്ഷാമത്തിന്റെ കയ്പ്പുനീർ തേകിയ ഈ വേനൽ ജലവറുതികളും കൊണ്ടു വരുന്ന ഇടവപ്പാതിയിലേക്ക് ചുവടുമാറുന്നതു കണ്ടിരിക്കാൻ പറ്റിയില്ല. ഒരു മാസത്തിനു ശേഷം തിരികെ വ്യത്യസ്തമായ ഭൂമികയിലേക്കുള്ള മടങ്ങി വരവ്. എത്ര തന്നെ കണ്ടിട്ടുള്ളതെങ്കിലും ഞാൻ പടിയിറങ്ങിപ്പോയ മണ്ണിലേക്കല്ല ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത് എന്ന ബോധ്യം - അതു തരുന്ന അല്പനേരത്തെ അപരിചിതത്വം. പൊരുത്തപ്പെടുമോ എന്നറിയാതെ ഒരു കൂടിച്ചേരലിനായുള്ള യാത്ര പോലെ.. അറിഞ്ഞുകൊണ്ട് നേരിടേണ്ടിവരുന്ന ആ അനിശ്ചിതത്വത്തിലേക്കുള്ള മടക്കം!
ആ യാത്രയുടെ അങ്ങേയറ്റത്തും ഇങ്ങേയറ്റത്തുമുള്ള വൈരുദ്ധ്യങ്ങൾ പറയാം. പോയപോക്കിന് കയ്യിൽ കുടിവെള്ളം കരുതാഞ്ഞതിൽ വിഷമിച്ചെങ്കിൽ തിരിച്ചിങ്ങോട്ട് ആർത്തു പെയ്യുന്ന മഴയുടെ മുഴക്കത്തിൽ മുഴുകാൻ വെമ്പിയിരിക്കുകയായിരുന്നു ഞാൻ. പക്ഷേ, അത്രയൊന്നും ഉണ്ടായില്ല. ഇടവിട്ടു മാത്രം ഘോരഘോരം പെയ്ത പെരുമഴയൊഴികെ. പോകും വഴി ഞൻ കണ്ടത്, വീണുകിട്ടിയ വേനൽമഴയിൽ നിന്നും ഉയിർകൊണ്ട് പച്ചപ്പിന്റെ നേരിയ കതിരുകൾ ചൂടി റോഡരികിലെ പാറക്കെട്ടുകളിലും കയ്യാലകളിലും നില്ക്കുന്ന പുൽനാമ്പുകളാണ്. അവയെല്ലാം വള്ളിപ്പടർപ്പുകൾ ഭൂരിപക്ഷം നേടിയ ഹരിത കംബളം കൊണ്ട് ഇക്കാലത്തിനിടെ മൂടപ്പെട്ടിരുന്നു. ഉണങ്ങിയ പുല്ലുകളുടെ മഞ്ഞ നിറം കൊണ്ട് വേനലിൽ പ്രാണൻ കെട്ടുപോയ മലഞ്ചെരിവുകളിൽ ജീവൻ തളിർത്തിരുന്നു. പാറക്കെട്ടുകളിലൂടെ, കുന്നിന്റെ കവിളിണകളിലൂടെ ആനന്ദാശ്രുക്കൾ വെള്ളിനൂലുകളായി ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു. ഇവയെല്ലാം മറച്ചുകൊണ്ട് തലനീട്ടിപ്പിടിക്കുന്ന കോടമഞ്ഞ് ഓരോ പെയ്ത്തിനു ശേഷവും രൂപം പറയാനാവാത്ത വെൺചിത്രങ്ങൾ ആകാശത്തിനു കീഴിൽ വരച്ചിട്ടു. മഞ്ഞിനും മഴയ്ക്കും അതിരിടുന്ന കാറ്റ് ആ ചിത്രങ്ങൾ മായ്ച്ചു കളഞ്ഞു. കരയാൻ വെമ്പുന്ന ബാലികയുടെ മുഖം പോലെ പ്രകൃതിയുടെ ഓമനമുഖം തെല്ലിട വാടി നിന്നു. പിന്നെ ഒരു നീണ്ട ഇരമ്പമായി വന്നു പെയ്തൊഴിഞ്ഞു.
ഇടവപ്പാതിയുടെ വരവറിയിച്ചുകൊണ്ട് പെയ്ത ആദ്യമഴയ്ക്കു ശേഷം ഈയാംപാറ്റകൾ, ആയിരക്കണക്കിന്, നനഞ്ഞ ഭൂമിയുടെ വിയർപ്പുരന്ധ്രങ്ങളിലൂടെ പുറത്തേക്കുവന്നു. ആകാശം കാണെ ഒരു ഞൊടി പകച്ചു നിന്നശേഷം ചിറകുകൾ വീശിയാട്ടി പറന്നുയർന്നു... സ്വാതന്ത്ര്യത്തിന്റെ പുത്തൻ ലോകത്തേക്ക്. അറിയാതെയെങ്ങാനും ഒരു മഴത്തുള്ളിയോ ഇലത്തുമ്പിൽ നിന്നും ഉതിർന്നു വീണ ഒരു പെരുംതുള്ളിയോ ആ ചിറകിൽ പതിച്ചാൽ മേനി തളർന്നു നേരേ ഭൂമിയിൽ. ദുർബ്ബലമായ ചിറകുകൾ അടർന്ന് വെറും പുഴുക്കളെപ്പോലെ മണ്ണിൽ അരിച്ചു നടക്കും ചിലവ. പിന്നെയും പറക്കാൻ ഭാഗ്യമുള്ളവർ ഉയരെ കത്തി നില്ക്കുന്ന വഴിവിളക്കിന്റെ പുറംചില്ലിൽ വെളിച്ചത്തെ അന്ധമായി പ്രണയിച്ച് തലതല്ലി മരിക്കുന്നു. ഞാനിരിക്കുന്ന മുറിയുടെ ജനാലച്ചില്ലിൽ നൂറുകണക്കിനു ഈയാംപാറ്റകൾ വന്ന് എന്റെ മുറിയിലെ സി.എഫ്.എൽ. വെളിച്ചത്തിനായി മുട്ടിവിളിക്കുന്നു. അതു കേൾക്കാൻ കൂട്ടാക്കാതെ ഞാൻ നാളത്തേക്കു തയ്യാറാക്കേണ്ട റിക്കാർഡുകളിൽ തല പൂഴ്ത്തുന്നു. രാവിലെ നോക്കുമ്പോൾ ജനാലച്ചില്ലിലും ഭിത്തിയിലും പറ്റിപ്പിടിച്ചിരിക്കുന്ന ചിലന്തിവലകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചിറകുകൾ കാണാം. താഴെ ചിറകുകൊഴിഞ്ഞും ജീവനൊടുങ്ങിയും കിടക്കുന്ന ഈയാംപാറ്റകളുടെ കൂമ്പാരം. ഇന്നലെ അവർക്കായി തുറന്നു കിടന്ന സ്വാതന്ത്ര്യത്തിന്റെ കവാടങ്ങൾ രാത്രിയിലെ മഴയിൽ അടഞ്ഞുപോയിരിക്കാം, അല്ലെങ്കിൽ ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെ നിശ്ചേതനമായിരിക്കാം.
വേരോടടുത്ത്, മണ്ണിൽ കാലുറപ്പിച്ച് പ്ലാവിന്റെ ചുവട്ടിൽ ചാരിയിരിക്കുകയാണ് ചക്കകൾ. അതിലൊന്നു പഴുത്തതാണ്. സമീപത്തു കൂടി പോകുമ്പോൾ മണം കിട്ടുന്നുണ്ട്. എലിയോ മറ്റോ ആവണം അതിന്നലെ തുരന്നു വച്ചിട്ടുണ്ട്. തുറന്നു വെച്ച മധുപാത്രത്തിൽ നിന്നും അമൃതുനുകരുന്ന ഈച്ചകളും മറ്റ് ഷഡ്പദങ്ങളും. എവിടെ നിന്നോ ഇറങ്ങിവന്ന ഒരണ്ണാൻ അവയെ ആട്ടിയകറ്റി വിരുന്നുണ്ടുതുടങ്ങി.
പുറത്തേക്കൊന്നിറങ്ങി തെല്ലിട വെറുതെ നിന്നാൽ മൂളിപ്പാട്ടും പാടിപ്പൊതിയുന്ന കൊതുകുകൾ. ഓരോ കൊതുകുകടിയും വരാൻ പോകുന്ന അസംഖ്യം അസുഖങ്ങളുടെ നാന്ദിയാണെന്ന തിരിച്ചറിവിൽ സ്വന്തം ശരീരത്തിലേക്ക് കാലെന്നും കരണമെന്നും നോക്കാതെ പതിയുന്ന കൈത്തലം. ചിതറിപ്പതിഞ്ഞ ഒരു ചോരത്തുള്ളിയുടെ നടുവിൽ പറ്റിപ്പിടിച്ചിരിക്കുന്ന കൊതുക് - രക്തസാക്ഷി. ഇതു കണ്ടിട്ട് എന്നെ കുത്താനുള്ള ഉദ്യമം മതിയാക്കി തൊട്ടടുത്ത് കാണുന്ന ഒരു തുടം വെള്ളത്തിൽ ആയിരം മുട്ടയിടുന്ന മറ്റൊരു കൊതുക് - പോരാളി. പകർച്ചവ്യാധികളെപ്പറ്റിയുള്ള വാർത്ത കേട്ടാൽ വിറയ്ക്കുന്ന നാട്.
മഴ തിമിർത്തു പെയ്യാതെ ജൂൺ 3. സ്കൂൾ തുറന്ന ദിവസം. ട്രെയിനിങ്ങിനു ശേഷം ആദ്യമായി ഓഫീസിലേക്കുള്ള യാത്ര. ചാറ്റൽ മഴയുടെ കുളിരിൽ ബസ്സിലിരുന്ന് ബാക്കി നില്ക്കുന്ന ഉറക്കത്തിനായി നീക്കിവെച്ച ഒരു മണിക്കൂറിലേക്ക് പല ബസ് സ്റ്റോപ്പുകളിൽ നിന്നും പറന്നു വന്ന കരച്ചിലുകൾ. സ്കൂളിലേക്കുള്ള ആദ്യയാത്രയുടെ നൊമ്പരങ്ങൾ. വാശികൾ. പുത്തൻ കുടയും ചെരിപ്പും. ഇനിയും തയ്ച്ചു കിട്ടിയിട്ടില്ലാത്ത യൂണിഫോം. ആദ്യദിനം പുത്തൻ മണം വമിക്കുന്ന പുസ്തകങ്ങളുടെയും നോട്ടുബുക്കുകളുടെയും വലയ്ക്കുന്ന ഭാരമില്ല. സ്കൂൾ വരാന്തയിൽ എത്തിവലിഞ്ഞു നിന്ന് ഓടിന്റെ ചാലില്ക്കൂടി ഊർന്നുവീഴുന്ന മഴവെള്ളത്തിൽ കൈ നനച്ചിട്ട് ചോറ്റുപാത്രം തുറക്കുമ്പോൾ പരന്നൊഴുക്കുന്ന മണം. കല്ലിലരച്ച പുളിചേർത്ത ചമ്മന്തിയുടെ നവസുഗന്ധം.
ഓർമ്മകളിലൂടെ നാം അവധിയെടുക്കുകയാണ്. ഗൃഹാതുരതയുടെ ഋതുസംക്രമങ്ങളിലേക്ക്, ഒരു മഴവിൽത്തോണിയേറിപ്പോകുവാൻ!