യാത്ര ചെയ്യുമ്പോൾ സായം സന്ധ്യകൾ എത്ര മനോഹരങ്ങളാണ്? കാഴ്ചകളുടെ ത്വരിതമായ ഒരു സ്വഭാവമാറ്റം വരുന്ന നേരമാണ് അസ്തമയവേളകൾ. പകൽവെളിച്ചത്തിന്റെ ധാരാളിത്തത്തിൽ നിന്നും ആദിത്യൻ എളിമയോടെ തലതാഴ്ത്തുന്നതും തുടർന്ന് ചാഞ്ഞു ചിതറിവീഴുന്ന പോക്കുവെയിലും സന്ധ്യാദീപ്തിയും പിന്നീട് ഇരുളും ചിലപ്പോൾ നിലാവും ഒന്നൊന്നായി വരുന്ന ഒന്നുരണ്ടു മണിക്കൂറുകൾ.
ഒരു പക്ഷേ, പകൽ മുഴുവൻ നാം ശീലിച്ച വെളിച്ചവും പ്രവർത്തനോന്മുഖതയും സായംകാലത്തിന്റെ ഈ മാറ്റത്തെ വളരെ ശ്രദ്ധിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ടാവാം. ഒരുദിവസം കൂടി എരിഞ്ഞുതീരുകയായി എന്ന ബോദ്ധ്യം കുറെക്കൂടി നമ്മെ ആ നേരങ്ങളിൽ തിരക്കിട്ടോടാനും നിർബന്ധിക്കുന്നുണ്ടാവാം. ചേക്കേറാൻ കിളികൾ കൂടുന്ന കലപില വീടണയാനുള്ള ത്വരയായി മനുഷ്യനിൽ പരിണാമപ്പെടുന്നുണ്ടാവാം. അങ്ങനെയാവുമ്പോൾ സായാഹ്നങ്ങൾ ഗൃഹാതുരത്വത്തിന്റെ വിളഭൂമികളായും മാറുന്നു.
‘ഹോം സിൿനസ്’ ഞാൻ ആദ്യമായി അനുഭവിക്കുന്നത് എന്റെ ബാല്യത്തിൽ ഞാൻ ആസ്വദിച്ച അതിമനോഹരമായ ഒരു സൂര്യാസ്തമയവേളയിലാണ്. വിശാലമായ ഒരു കാൻവാസിൽ വരച്ചിട്ട ഒരു ജലച്ഛായാചിത്രം പോലെ ഒട്ടും ശോഭ ചോരാതെ ആ അസ്തമയക്കാഴ്ച എന്റെ മനസ്സിലുണ്ട്. ആ ദൃശ്യത്തിൽ കണ്ണീരുപോലെ തെളിഞ്ഞൊഴുകുന്ന ഒരു കൈത്തോടിനു കുറുകെ കെട്ടിയ ഒരു കലുങ്കിലാണ് ഞാൻ ഇരിക്കുന്നത്. കപ്പയും പച്ചക്കറികളും വിളയുന്ന തോട്ടങ്ങൾ മുന്നിൽ. അതിനു വലതുവശത്ത് നെല്പാടം. അതിനുമപ്പുറം റബ്ബർത്തോട്ടങ്ങൾ. വിജനമായ റോഡിന്റെ ഭാഗമാണ് ഈ കലുങ്ക്. വല്ലപ്പോഴും മാത്രം കടന്നുപോകുന്ന വാഹനങ്ങൾ. അവയിൽ യാത്ര ചെയ്യുന്നവർ ഏകനായി കലുങ്കിലിരിക്കുന്ന എന്നെ സംശയപൂർവ്വം നോക്കുന്നുണ്ട്.
എന്റെ പിന്നിൽ മുൻപു പറഞ്ഞ പാടത്തിന്റെ ബാക്കി. തോടിന്റെ ഒരു കരയോടു ചേർന്ന് നോക്കെത്താദൂരത്തോളം നീളത്തിൽ അതു പരന്നുകിടക്കുകയാണ്. എന്നാൽ, നേർത്ത ആ പാടശേഖരത്തിന്റെ ഇരുവശങ്ങളിലും റബ്ബറും തെങ്ങുമെല്ലാം വളരുന്ന തോട്ടങ്ങളാണ്. പാടവരമ്പത്ത് തലനീട്ടി നില്ക്കുന്ന തെങ്ങുകളുടെ ഓലകൾ പോക്കുവെയിലിൽ വാൾത്തല പോലെ വെട്ടിത്തിളങ്ങുന്നതു കാണാം. സ്വർണ്ണപ്പൊടി വാരിയെറിയുന്നതു പോലെയുള്ള വെയിലിൽ നെൽനാമ്പുകളുടെ ഹരിതാഭയ്ക്കു തിളക്കം കൂടിയിട്ടുണ്ട്. സുഖമുള്ള കാറ്റ് പാടത്തിനക്കരെനിന്നും പ്രത്യേകിച്ച് യാതൊരു ഗന്ധവുമില്ലാതെ എന്നെത്തലോടാൻ മാത്രം ഇതിലേ വന്നുപോകുന്നുണ്ട്. ഇടയ്ക്കെല്ലാം കടന്നുപോകുന്ന വാഹനങ്ങൾ പരത്തുന്ന പുക ‘യാത്ര’യുടെ മണമാണ് എന്നിൽ നിറയ്ക്കുന്നത്.
അപ്പോഴേക്കും വെയിൽ നന്നായി ചാഞ്ഞുകഴിഞ്ഞിരുന്നു. പോക്കുവെയിലിന്റെ ശോണിമ കൂടിക്കൂടിവന്നു. ദൂരെ ഒരു നേർത്ത നീലാനിറം കൊണ്ടു വരച്ചിട്ടപോലെ കാണുന്ന മലകൾക്കുമേൽ സൂര്യൻ ഒരു സിന്ദൂരച്ചെപ്പു പോലെ, കടും കുങ്കുമനിറമാർന്ന്, വട്ടത്തിൽ... ഹോ! ഞാൻ ആദ്യമായി കാണുകയായിരുന്നു അങ്ങനെയൊരു അസ്തമയസൂര്യനെ. അന്ന്, ആ നിമിഷം, അകലെയുള്ള വീട്ടിലേക്ക് എന്റെ മനസ്സുപാഞ്ഞു. മണിക്കൂറുകളോളം യാത്ര ചെയ്താൽ മാത്രം ചെന്നെത്താനാവുമായിരുന്ന വീട്ടിലേക്ക് ഒരു നിമിഷം കൊണ്ട് ഞാൻ പറന്നുചെന്നു. അവിടെയുള്ളവർ ഇപ്പോൾ എന്തുചെയ്യുകയാണെന്നും അവരെന്താണു കഴിച്ചതെന്നും എന്നെക്കുറിച്ച് അവർ ഓർക്കുന്നുണ്ടോയെന്നും തിരക്കിവന്നു. പിന്നെയും വളർന്നപ്പോൾ ഞാനറിഞ്ഞു, അന്ന് അനുഭവിച്ച ആ വികാരമായിരുന്നു ഗൃഹാതുരത്വമെന്ന്.
ഇന്നും യാത്രാവേളകളിൽ, സായംസന്ധ്യകളിൽ ഓടുന്ന വാഹനത്തിന്റെ ജാലകത്തിനപ്പുറത്ത് പിന്നോട്ടു പായുന്ന ഇരുൾ ഗ്രസിച്ചു തുടങ്ങിയ ചില കാഴ്ചകൾ അതിശക്തമായൊരു കാന്തം പോലെ വീട്ടിലേക്കു വലിച്ചടുപ്പിക്കാറുണ്ട്. റോഡരികിലെ ചെറിയ വേലിക്കപ്പുറത്തെ മരത്തിന്റെ അഴികളുള്ള ജനലുള്ള വീടിന്റെ ഉമ്മറത്ത് എരിയുന്ന സന്ധ്യാദീപം. വണ്ടിയുടെ വേഗത്തെ തോല്പ്പിച്ച് കാതിലെത്തുന്ന ഒരു പശുവിന്റെ കരച്ചിൽ. ഏതോ അടുക്കളയിൽ നിന്നുയരുന്ന പുകയിൽ കലർന്നുപരക്കുന്ന ഇഴപിരിച്ചെടുക്കാൻ വയ്യാത്ത ചില മിശ്രഗന്ധങ്ങൾ. എല്ലാത്തിനും മീതെ, ലോകത്തിനുമേലേ ഇരുൾ പരക്കുമ്പോൾ എനിക്കു തല ചായ്ക്കാനെന്നു കണ്ടിരിക്കുന്ന, ശീലിച്ചിരിക്കുന്ന എന്റെ വീടിന്റെ തണൽ. അതു തരുന്ന സുരക്ഷിതത്വം, അതു നല്കുന്ന സ്വസ്ഥത, അവയുടെ ഓർമ്മ. അവിടേക്കു വേഗം ഓടിയെത്താനുള്ള വെമ്പൽ. കൂടണയാനുള്ള കിളിയുടെ തിരക്കിട്ട പ്രയാണം. ഏതിരുട്ടിലും പിശകാതിരിക്കാൻ ഊട്ടിയുറപ്പിച്ച മനസ്സിലെ ലക്ഷ്യം. ഇങ്ങനെയെല്ലാം പ്രകൃതി നിന്റെ ഭവനത്തെ നിന്റെ ആത്മാവിനോട് വിളക്കിച്ചേർത്തു വെച്ചിരിക്കുകയാണ്. അറുത്തിടാൻ നോക്കിയാൽ ചോരചീറ്റുന്ന ഒരു ചേർപ്പ്.