[ ഓലപ്പീപ്പിയിലെ അന്‍പതാം പോസ്റ്റ് ]
ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-12
തുടക്കം
കഴിഞ്ഞ കഥ
ഞാന്‍ ആദ്യമായി കാണുകയാണ് അനഘയെ! ആ മുഖത്തേക്ക് ഒരു ഞൊടി നോക്കാനെ കഴിഞ്ഞുള്ളൂ- താരാട്ടുകേട്ട് ഉറങ്ങുന്ന ഒരു കുഞ്ഞിനെപ്പോലെ. ഓക്സിജന്‍ മാസ്കും ബ്ലഡ്‌ബാഗും തലയില്‍ മഞ്ഞുകൊണ്ടുള്ള തൊപ്പി പോലെ ഡ്രെസ്സിങ്ങും! മുഖം നല്ലവണ്ണം കാണാന്‍ പറ്റുന്നില്ല. കാലിന്റെയും കൈയ്യിന്റെയും തോളിന്റെയും പരുക്ക്? ഒന്നും വ്യക്തമല്ല. വേണ്ട, എനിക്കെല്ലാം കൂടി കാണണ്ട. ചുറ്റും വെള്ളക്കുപ്പായമിട്ട നേഴ്സുമാരും അറ്റന്‍ഡര്‍മാരുമെല്ലാം എന്തോ, എന്നെ വല്ലാതെ മുഷിപ്പിച്ചു. ഒരു നോക്കു കണ്ടിട്ടു ഞാന്‍ പിന്‍വാങ്ങി. അനഘയെ സാവധാനം ഐ.സി.യുവിലേക്കു കൊണ്ടുപോയി. തളര്‍ന്ന ഹൃദയത്തോടെ നിന്ന എനിക്ക് അവിടെനിന്നു എത്രയും വേഗം കടന്നുകളഞ്ഞാല്‍ മതിയെന്നു തോന്നി.
നെഞ്ചിലെന്തോ കനംതൂങ്ങുന്നതുപോലെ. ഉടനെ അവിടെ കണ്ട ബെഞ്ചിലിരുന്നു. മനസ്സില്‍ വല്ലാത്ത ശൂന്യത. ആരെല്ലാമോ അനഘയുടെ പിന്നാലെ നടന്നു നീങ്ങി. ഞാന്‍ പതുക്കെ കണ്ണുകളടച്ചു, എപ്പോഴും ചൊല്ലുന്ന മന്ത്രം മനസ്സിലുയര്‍ന്നു: "ഈശ്വരാ രക്ഷിക്കണേ..!"
*** *** ***
"ഡാ, ഒറങ്ങുവാന്നോ..?" വിനോദിന്റെ സ്വരം എന്നെ ഞെട്ടിച്ചു. ഞാന്‍ ഗാഢമായ ഏതോ ചിന്തകളില്‍ ആയിരുന്നിരിക്കണം, അല്ലെങ്കില്‍ മയക്കത്തില്‍.
"... ഞങ്ങള്‍ ഡോക്ടറെ കണ്ടു..." ഓ! ഞാന്‍ അതന്വേഷിക്കാന്‍ മറന്നല്ലോ. വിനോദ് തുടര്‍ന്നു: "... തല്‍ക്കാലം ജീവനുണ്ട് എന്നു മാത്രമേ അവര്‍ പറയുന്നുള്ളൂ. തലയുടെ വലതു വശത്തിനും വലത്തെ തോളിനുമാണ് സാരമായ പരുക്ക്. പിന്നെ കയ്യുടെയും കാലിന്റെയും ഫ്രാക്ചറും... നാല്‍പത്തെട്ടു മണിക്കൂര്‍ കഴിയാതെ ഒന്നും പറയാന്‍പറ്റില്ലെന്നാ...." ബാക്കി കേള്‍ക്കാന്‍ മനസ്സുവന്നില്ല. ഈ അസുഖകരമായ അന്തരീക്ഷത്തില്‍ എങ്ങനെ കഴിയുന്നു ആശുപത്രിജീവനക്കാരും മറ്റും? അങ്ങനെ കുറച്ചുപേര്‍ ഇല്ലായിരുന്നെങ്കിലോ എന്നു തിരിച്ചൊരു ചോദ്യവും അപ്പോള്‍ പൊങ്ങിവന്നു.
"ദേ, അതാ അനഘേടെ അച്ഛന്‍! അവരു വന്നിട്ടു കുറച്ചുനേരമായതേയുള്ളൂ. പുള്ളിക്കാരന്‍ ആകെ തകര്‍ന്നിരിക്കുവാ. പിന്നെ, കൂടെ ആള്‍ക്കാരൊക്കെയുണ്ട്. അവര്‍ നാലഞ്ചുപേരു വന്നിട്ടൊണ്ട്. കുറെപ്പേര്‍ നാളെ വരുമ്ന്നാ പറഞ്ഞേക്കുന്നെ. പ്രദീപിന്റെ അയല്‍പക്കത്തെ ഒരാളുണ്ട്. ആ പിന്നെ, അവനേം ഞാന്‍ വിവരങ്ങളൊക്കെ അറിയിച്ചു. അവനെന്നാ ടെന്‍ഷനാണോ എന്തോ!" വിനോദ് ഇടയ്ക്കു നിര്‍ത്തി. ഒരു ദീര്‍ഘനിശ്വാസം എടുത്തു.
പെട്ടെന്നു ഞങ്ങള്‍ നിന്നിരുന്നിടത്തെ ലൈറ്റെല്ലാം കെട്ടു. ഒരഞ്ചു സെക്കന്റ് നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. ആ ഇരുട്ടും നിശ്ശബ്ദതയും എന്നെ ഭയപ്പെടുത്തി. ഇടനാഴിയുടെ അങ്ങേയറ്റത്തുനിന്നും അരണ്ടവെളിച്ചം ബദ്ധപ്പെട്ട് അവിടേക്കു കടന്നു വരാന്‍ ശ്രമിച്ചു. സി.എഫ്.എല്‍ ലാമ്പ് മിന്നിക്കത്തിയപ്പോഴും അലക്ഷ്യമായി എങ്ങോട്ടോ നോക്കിക്കൊണ്ട് മൂപ്പരെന്റെയടുത്തു തന്നെയുണ്ട്. എന്റടുത്ത് ആരുമില്ലായിരുന്നെങ്കില്‍ ഞാന്‍ വെളിച്ചം വരുന്ന ഭാഗത്തേക്ക് ഓടിയേനെ. അറിയാതെ ഒരു ഭയം എന്നെ ഗ്രസിക്കുന്നതായി ഞാനറിഞ്ഞു.
"വിനോദേട്ടാ, ശരത് എവിടെ?"
"ഞാന്‍ അവനെ പറഞ്ഞുവിട്ടു. ഇനിയിപ്പോ നമ്മളെല്ലാമില്ലേ. അവന്‍ വന്നതു എത്ര ഉപകാരമായീന്നു നോക്ക്യേ? അല്ലെങ്കില്‍ നമ്മളിവിടെ വരുന്നവരെ നിത്യേടെ വീട്ടുകാര്‍ തന്നെ എല്ലത്തിനും ഓടണമായിരുന്നു. എല്ലാം അവന്‍ കൈകാര്യം ചെയ്തു, അവന്റെ ആരുമല്ലായിരുന്നിട്ടു പോലും. ഇങ്ങനത്തെ ആള്‍ക്കാരെ അധികമൊന്നും ഇക്കാലത്തുകിട്ടില്ല.... എന്നിട്ടും പൊയ്ക്കോളാന്‍ പറഞ്ഞിട്ടു കൂട്ടാക്കതെ നിന്ന അവനെ നിര്‍ബ്ബന്ധിച്ചാ പറഞ്ഞയച്ചെ..."
"എങ്കില്‍ പിന്നെ നമക്കും പൊയ്ക്കൂടെ?" ആ ചോദ്യം വളരെ സംശയത്തോടെയാണു ഞാന്‍ ചോദിച്ചത്. അങ്ങനെയൊരു ചോദ്യം- അതു ശരിയായോ?
"ങാ..! പോകാം. എന്തായാലും വൈകി. അല്‍പം കൂടി കഴിയട്ടെ."
ഒന്നാലോച്ചിട്ട് എന്നോടു ചോദിച്ചു- "അല്ല, ഇനി ചെന്നാലും കല്യാണത്തിനു പോക്കൊന്നും നടക്കില്ല. നീ തിരിച്ചു പൊയ്ക്കോ. പോകുന്നോ? ഉച്ചയാകുന്നേനു മുന്നെ ബാംഗ്ലൂരെത്താം."
എനിക്കൊരു തീരുമാനമെടുക്കാന്‍ പറ്റുന്നില്ല. വിനോദേട്ടന്റെ കൂടെ നാട്ടില്‍ പോയി നാളെ പ്രദീപിനെ കണ്ടിട്ട്.. ഏയ്.. നാളെത്തന്നെ തിരിച്ചു പോക്കു നടക്കില്ല. മടക്കം മറ്റന്നാളാക്കിയാലോ? “പതുക്കെത്തീരുമാനിക്കാം..!”
"വന്നേ.. ദേ അവിടെന്തോ വിഷയം...!!!" വിനോദേട്ടന്‍ എന്റെ കയ്യില്‍ പിടിച്ചു വലിച്ചപ്പോള്‍ ഞാനും തിടുക്കത്തില്‍ പിന്നാലെ നടന്നു. എല്ലാവരും കൂട്ടം ചേര്‍ന്ന് ഐ.സി.യുവിന്റെ മുന്നില്‍ നില്‍ക്കുന്നു. രണ്ടു നേഴ്സുമാര്‍ കൂടി തിടുക്കത്തില്‍ അകത്തേക്കു പോയി. മറ്റൊരാള്‍ വന്ന് ആരുടെയോ കയ്യിലിരുന്ന മരുന്നുപൊതികള്‍ വാങ്ങി.
മൗനവും ആകുലതയും അവിടെ തിങ്ങിനിന്നിരുന്നു. കൂടെ നില്‍ക്കുന്നവരുടെയെല്ലാം മുഖത്ത് കനത്ത ഉദ്വേഗവും പിരിമുറുക്കവും. എല്ലാവരും ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്നോ? അനഘയുടെ അച്ഛന്‍ അല്‍പം മാറി ഒരു ബെഞ്ചിലിരിക്കുന്നു. അവ്യക്തമായി എന്തൊക്കെയോ പറയുന്നു, കരയുന്നു. 'എന്റെ മോള്‍.. എന്റെ പൊന്നുമോളെ... എന്റെ കുഞ്ഞിനൊന്നും... കൊച്ചുമോന്.. മോന്.. ആരൂല്ലാണ്ടാക്കല്ലേ..!!' കൂടെ രണ്ടു പേര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. ഒരച്ഛന്റെ പ്രാണവേദനയ്ക്കുമുന്നില്‍ ഏതാനും വാക്കുകള്‍ക്കും തലോടലുകള്‍ക്കും എന്തുവില?? തളര്‍ന്നവശനായി അദ്ദേഹം ബെഞ്ചില്‍ ചാരിയിരുന്നു. ഒരാള്‍ തോര്‍ത്തുകൊണ്ട് വീശിക്കൊടുത്തു. ഭിത്തിയില്‍പതിച്ചിരുന്ന ഒരു സ്റ്റിക്കറില്‍ നിന്നും 'വാഴ്ക വളമുടന്‍' എന്നു വായിച്ചു.
പൊടുന്നനെ ചില്ലുവാതില്‍ തുറന്നുവന്ന് ഒരു നേഴ്സ് പതിഞ്ഞസ്വരത്തില്‍ അറിയിച്ചു: "അനഘാവൊടെ റിലേറ്റിവ്‌സ് യാരാവതു ഇരുന്താ .... വന്തു പാക്കലാം..."
കൂടിനിന്നിരുന്നവര്‍ എല്ലാവരും ഒന്നിളകി. എല്ലാവരും അകത്തു കയറാന്‍ തിടുക്കമിടുന്നതു പോലെ. എങ്കിലും രണ്ടുപേര്‍ ചേര്‍ന്ന് അച്ഛനെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. ചെരിപ്പൂരിയിടാന്‍ ആരോ ഓര്‍മ്മിപ്പിച്ചു. കൂടെ വിനോദും കയറി. ഒരു മിനിട്ടിനകം എല്ലാവരും പുറത്തുവന്നു. തിടുക്കത്തില്‍ വരുന്നതുപോലെ! വിനോദേട്ടന്‍ എന്റെ ചെവിയില്‍ പറഞ്ഞു-"സംഗതി പ്രശ്നമാണെന്നാ തോന്നുന്നേ, പെട്ടെന്നെന്തോ ഒരു പിടച്ചില്‍ പോലൊക്കെ ഉണ്ടായി. എല്ലാരെം ഇറക്കി, അപ്പോത്തന്നെ!!!"
ഘനീഭവിച്ച ഏതാനും മിനിട്ടുകള്‍ കൂടി. മൂന്നര കഴിഞ്ഞു, സമയം. വെളുക്കാന്‍ ഇനിയും ഒരുപാടു സമയം ബാക്കി കിടക്കുന്നതുപോലെ ഒരു തോന്നല്‍.
ഒരിക്കല്‍ക്കൂടി ചില്ലുവാതില്‍ തുറന്നു. സ്തെത് കൈയ്യില്‍ ചുരുട്ടിപ്പിടിച്ച് ആദ്യം പുറത്തേക്കിറങ്ങിയ ഡോക്ടര്‍ പറഞ്ഞു-"എങ്കളാലെ... കാപ്പാത്ത മുടിയലെ...!!!"
അനന്തരം?
ആര്പ്പോന്നു കൂവി, ആര്‍ത്തൊന്നു പാടി,
പഴങ്കഥയോതി, കളിവാക്കു ചൊല്ലി,
കള്ളം പറഞ്ഞുമൊന്നോടിത്തിമിര്ത്തും
ആകെച്ചിരിച്ചുമൊരല്പം കരഞ്ഞും...
Friday, March 20, 2009
Monday, March 16, 2009
ടേക്ക് ഡൈവേര്‍ഷന്‍
ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-11
തുടക്കം
കഴിഞ്ഞ കഥ
എന്‍. എച്ച്. 7 - സേലം ബാംഗ്ലൂര്‍ റൂട്ട്. വെയില്‍ മാഞ്ഞു; റോഡില്‍ ട്രാഫിക് തീരെ കുറവാണ്. ബസ്സുകളും ട്രക്കുകളും ഹുങ്കാരശബ്ദം മുഴക്കി പോകുന്നു. കാറില്‍ മുഴങ്ങുന്ന പതിഞ്ഞപാട്ട് ആസ്വദിച്ച്, റോഡിലേക്കു തന്നെ കണ്ണും നട്ട് അയത്നലളിതമായി വിനോദ് വണ്ടിയോടിക്കുന്നു.
"ഒരുപാടു സ്വപ്നം കാണല്ലേ! തല്‍ക്കാലം ഡ്രൈവിങ്ങില്‍ ശ്രദ്ധിക്ക്!" ഞാന്‍ പറഞ്ഞു.
"ഇപ്പോഴല്ലേടോ സ്വപ്നം കാണാന്‍ പറ്റൂ. അച്ഛനാകാന്‍ പോകുന്നതിന്റെ ത്രില്‍ നിനക്ക് അറിയാന്‍ മേലാഞ്ഞിട്ടാ. എത്രയും വേഗം നാട്ടിലൊന്നെത്തിയാല്‍ മതി എന്നാ എന്റെ ചിന്ത!"
എനിക്ക് വിനോദേട്ടന്റെ മനസ്സിലെ തിരത്തള്ളല്‍ മനസ്സിലാക്കാമായിരുന്നു. സീറ്റില്‍ അമര്‍ന്നിരുന്ന് ഞാന്‍ മൂപ്പരുടെ ഡ്രൈവിങ്ങ് ആസ്വദിച്ചു. ഈ രാത്രി ഇങ്ങേരെ ഉറക്കാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം എനിക്കാണല്ലോ എന്നോര്‍ത്ത് മുന്‍പത്തെ ബിയറിന്റെ ആലസ്യത്തെ ഞാന്‍ മന:പൂര്‍വ്വം അവഗണിച്ചു.
പുതിയ ഒരു രാവിനെ വരവേല്‍ക്കാന്‍ പ്രകൃതി ചായം ചാലിച്ചു. നല്ല ചെമന്ന ആകാശം. എനിക്കൊരു ഫോട്ടോയെടുക്കാന്‍ തോന്നി. ബാംഗ്ലൂരിലെ കോണ്‍ക്രീറ്റ് കാടുകള്‍ക്കിടയില്‍ ഇത്തരമൊരു ദൃശ്യം കിട്ടില്ല. പിന്നെ ഫോട്ടം പിടിക്കാന്‍ വണ്ടി നിര്‍ത്തിച്ചു- വേണ്ട. നേര്‍ത്ത ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് സ്വിഫ്റ്റ് പറന്നു.
പെട്ടെന്നു വിനോദിന്റെ ഫോണ്‍ ചിലച്ചു. ഇന്‍ഡിക്കേറ്ററിട്ട് വേഗം കുറച്ച് വണ്ടി ഇടത്തോട്ടൊതുക്കി.
"ആ പ്രദീപാ..!" എന്നും പറഞ്ഞ് ഫോണെടുത്തു സാവധാനം പുറത്തിറങ്ങി. അല്‍പം കഴിഞ്ഞ് പിന്നാലെ ഞാനും.
എന്തെല്ലാമോ അന്തംവിട്ട രീതിയില്‍ സംസാരിച്ചിട്ട് പുള്ളി വേഗം കാറില്‍ വന്നു കയറി. പാട്ടു നിര്‍ത്തി.
എന്താഎന്തു പറ്റിയെന്നു ഞാന്‍ ചോദിക്കുന്നതിനു മുന്‍പു തന്നെ ധൃതിയില്‍ ഇത്രയും എന്നോടു പറഞ്ഞു: " പ്രദീപിന്റെ ഫ്രണ്ടൊണ്ടല്ലോ? അനഘ, കോയമ്പത്തൂരിലുള്ള...? പുള്ളിക്കാരിക്ക് ഒരു ആക്സിഡന്റ്..!! ഇവളും ഇവള്‍ടെ ഒരു കൂട്ടുകാരിയും കൂടി സ്കൂട്ടറില്‍ പോയപ്പോ സ്കിഡ് ചെയ്തതോ മറ്റോ ആണത്രേ.. ബസ്സിനടിയില്‍ പോയെന്നാ അറിയാന്‍ കഴിഞ്ഞത്. കൂട്ടുകാരിക്കും പരിക്കുണ്ട്. അല്‍പം സീരിയസാണത്രെ. ഹോസ്പിറ്റലില്‍ നിന്നു പ്രദീപിനെയാ വിളിച്ചു പാഞ്ഞത്. അനഘേടെ വീട്ടില്‍ അറിയിച്ചിട്ടുണ്ട്. അവര്‍ അവിടുന്നു പുറപ്പെട്ടു. എന്നാലും അവരു വരുമ്പോ സമയമെടുക്കില്ലേ. അതുകൊണ്ട് നമ്മളവിടെ എത്രേം വേഗം എത്തിയേ പറ്റൂ."
ഞാന്‍ അല്‍പനേരം സ്തബ്ധനായി ഇരുന്നുപോയി. അപ്രതീക്ഷിതമായ ഒരു ദുരന്തവാര്‍ത്ത കേട്ടതുപോലെ. വണ്ടി സ്റ്റാര്‍ട്ടാക്കി, എഞ്ചിന്‍ നന്നായി റെവ്-അപ് ചെയ്തു. ഇപ്പോ പറക്കാന്‍ പോവ്വാണെന്ന് എനിക്കു തോന്നി. വണ്ടി എടുക്കാന്‍ ഒരുങ്ങിയതാണ്. അപ്പോള്‍ പെട്ടെന്ന് ഓര്‍ത്തപോലെ ഫോണെടുത്ത് വിനോദേട്ടന്‍ ഡയല്‍ ചെയ്തു:
"ശരത്തേ, നീയെവിടാ? വീട്ടിലുണ്ടോ? ....... എടാ, ഒരു അത്യാവശ്യക്കേസ്!! എന്റെയൊരു ഫ്രണ്ട് ഒരു അക്സിഡന്റായി, ഇന്നു വൈകിട്ട്, കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലാണെന്നാ കേട്ടത്. .... പേരോ?... അനഘ, അവിടെ എസ്.ബി.ഐയിലാ ജോലി. .... ഒന്നന്വേഷിച്ചു വിവരം പറയാമോ?.. ഞങ്ങള്‍ സേലം അടുക്കാറായി.. എത്രയും വേഗം എത്താം.. എന്തെങ്കിലും അത്യാവശ്യ... ഓകെഡാ... ആ വിളി... ബൈ."
പറഞ്ഞുനിര്‍ത്തി, അല്പനേരം ആശാന്‍ നിശ്ശബ്ദനായിരുന്നു. "രാജേ ആ വെള്ളമിങ്ങെടുത്തേ.."
ഞാന്‍ കുപ്പിയിലെ വെള്ളം നല്‍കി. മടുമടാന്നു മൂന്നാലിറക്കു കുടിച്ച് കുപ്പി സീറ്റിനരികില്‍ വെച്ചു. "സീറ്റ് ബെല്‍റ്റിട്ടോ.." എന്നും പറഞ്ഞ് സ്വയം ബെല്‍റ്റുധരിച്ചു.
"ഭാഗ്യം, അവന്‍-ശരത് - വീട്ടില്‍ തന്നെയുണ്ടായിരുന്നു. ഇവന്റെ വീട് ആശുപത്രീടെ അടുത്തെങ്ങുമാണേല്‍ മതിയാരുന്നു... ദൈവമേ ഒന്നും വരുത്തല്ലേ!"
ഇതെല്ലാം കേട്ട് ഞാനും വെള്ളം കുടിച്ചു പോയി. സ്വിഫ്റ്റ് ഒന്നുകൂടി കരുത്താര്‍ജ്ജിച്ചു, സാവധാനം മുന്നോട്ടുനീങ്ങി. വിനോദേട്ടന്‍ വലതു വശത്തുകൂടി പിന്നിലേക്കൊന്നു പാളിനോക്കി സാവധാനം വണ്ടി ട്രാക്കിലാക്കി. വ്യക്തമായ ഒരു മൂളലോടെ വേഗമെടുത്തു. 'പ്ഡക്' എന്ന ശബ്ദത്തോടെ ഗിയര്‍ മുന്നേറി. അതീവശ്രദ്ധയോടെ വിനോദേട്ടന്‍ വണ്ടി പറപ്പിച്ചു.
*** *** ***
മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് ശരത്തിന്റെ വിളി വന്നു. ആളെ കണ്ടെത്തി എന്നും സംഗതി അല്‍പം സീരിയസ്സാണ് എന്നും അവന്‍ ആദ്യമേ പറഞ്ഞു. "റോഡിന്റെ ഡിവൈഡറില്‍ സ്കൂട്ടര്‍ തട്ടി മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്നത് ഒപ്പം താമസിക്കുന്ന പെണ്‍കുട്ടിയാണ് - നിത്യ- അവളാണു വണ്ടി ഓടിച്ചിരുന്നത്. അതിന്റെ കൈയ്ക്കും കാലിനും ഫ്രാക്ചറുണ്ട്. ഈ അനഘയ്ക്ക് ഹെല്‍മെറ്റ് ഇല്ലായിരുന്നുവത്രെ. റോഡില്‍ തലയടിച്ചാണു വീണത്, കൂടാതെ തോളിനും കാലിനും പരുക്കുണ്ട്. നിത്യേടെ വീട്ടുകാര്‍ സംഭവം അറിഞ്ഞയുടന്‍ എത്തി. ഇവിടെ അവര്‍ക്കു നല്ല ഹോള്‍ഡാ. പിന്നെയുള്ള കാര്യങ്ങളെല്ലാം അവരാണ് നടത്തിയത്. അനഘയ്ക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ വേണ്ടിവരും, രക്ഷപ്പെടാനുള്ള സാധ്യതയെപറ്റി ഇപ്പോള്‍ പറയാനാവില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എത്രയും വേഗം ഒപ്പറേഷന്‍ നടത്താനുള്ള അറേന്‍ജ്‌മെന്റ്‌സ് ചെയ്യുന്നുണ്ട്. ബ്ലഡ് ഒക്കെ ഞങ്ങള്‍ രണ്ടു കൂട്ടരും ചേര്‍ന്ന് ഏര്‍പ്പാടു ചെയ്തു. " ഇതായിരുന്നു വിളിയുടെ സാരം. വിവരങ്ങളെല്ലാം പ്രദീപിനെ അറിയിച്ചു. ഒപ്പം അനഘയുടെ വീട്ടുകാരെ വിളിച്ചു. കൂടുതല്‍ വിശദീകരിച്ചില്ലെങ്കിലും അത്യാവശ്യവിവരങ്ങള്‍ മാത്രം പറഞ്ഞു.
വീട്ടില്‍ വിളിച്ചിട്ട് ഒരു സുഹൃത്തിനൊരു അത്യാവശ്യമുണ്ടായി. അതുകൊണ്ട് കോയമ്പത്തൂരില്‍ അല്‍പം താമസമുണ്ട്. മിക്കവാറും നാളെ പകലേ എത്തുവൊള്ളൂ എന്നു മാത്രം പറഞ്ഞു. ബിന്‍സിയോട് അംസാരിച്ചു, ടെന്‍ഷനൊന്നുമില്ലല്ലോ, അല്ലെ മോളേ എന്നു എന്നു വിനോദേട്ടന്‍ ചോദിക്കുമ്പോള്‍ പലവിധ ടെന്‍ഷനുകള്‍ക്കു നടുവിലാണല്ലോ ഈ മനുഷ്യന്‍ നില്‍ക്കുന്നതെന്നു ഞാനോര്‍ത്തു.
ആകെപ്പാടെ പിരിഞ്ഞുമുറുകിയ അന്തരീക്ഷമായിരുന്നു ഞങ്ങള്‍ക്കു ചുറ്റും അപ്പോള്‍. പിന്നെ എന്തിനും ഒരു സഹായത്തിനു ശരത് അവിടെ ഉണ്ടല്ലോ എന്നൊരു ചിന്തയായിരുന്നു ഏക ആശ്വാസം.
*** *** ***
ഇരുനൂറിലേറെ കി.മീ. ദൂരം നിര്‍ത്താതെയുള്ള ഡ്രൈവിങ്ങ്. കഷ്ടിച്ചു മൂന്നു മണിക്കൂറെടുത്തില്ല!അത്രയും സ്പീഡില്‍ അത്രയും തഴക്കത്തോടെ ആരും വണ്ടിയോടിക്കുന്നതു ഞാന്‍ കണ്ടിട്ടില്ല, അങ്ങനെയൊരു യാത്ര നടത്തിയിട്ടുമില്ല.
ഹോസ്പിറ്റലിലെത്തി. ട്രോമ കെയര്‍ വിഭാഗത്തില്‍ അന്വേഷിച്ചു, എമര്‍ജന്‍സി ഓപ്പറേഷനു കൊണ്ടുപോയി എന്നറിഞ്ഞു. ഉടനെ തന്നെ ശരത് പ്രത്യക്ഷപ്പെട്ടു. കണ്ടപാടെ "കാര്യങ്ങളെല്ലാം വേഗം അറെന്‍ജ് ചെയ്യാന്‍ പറ്റി. പിന്നെ കാത്തുനിക്കാതെ ഉടനെതന്നെ തീയേറ്ററില്‍ കയറ്റി. ഇപ്പോ രണ്ടുമണിക്കൂറാകുന്നു." എന്നാണു പറഞ്ഞത്. എത്ര കാര്യമായിട്ടാണ് അവന്‍ ഇവിടെ എത്തിയത്. അവന്റെ നല്ല മനസ്സിന് ആയിരം നന്ദി പറഞ്ഞു.
നിത്യയുടെ വീട്ടുകാരെ കണ്ടു. അവള്‍ ഐ.സി.യു. വില്‍ ആണ്. ജീവന് അപകടമൊന്നുമില്ല. വീഴ്ച പറ്റിയതു കൊണ്ട് 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ ഇട്ടിരിക്കുകയാണ്. വേദന അറിയാണ്ടിരിക്കാന്‍ മയക്കിക്കിടത്തിയിരിക്കുന്നു. അവളുടെ മാതാപിതാക്കള്‍ കയറി കണ്ടുവത്രെ.
പ്രദീപിനെയും അനഘയുടെ അച്ഛനെയും വിനോദേട്ടന്‍ വിളിച്ചു കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഓപ്പറേഷനു കയറ്റി എന്നു അനഘയുടെ അച്ഛനോടു പറഞ്ഞു. അദ്ദേഹം ആകെ തളര്‍ന്നതു പോലെ തോന്നി. അച്ഛനല്ലേ! പ്രദീപും വളരെ പിരിമുറുക്കത്തിലാണെന്നു തോന്നി. കല്യാണത്തലേന്ന് അവനു ദേ ഈ സമ്മര്‍ദ്ദം. ഏതു നേരത്താ ഭഗവാനേ ഓരോന്നൊക്കെ വരുത്തി വെയ്ക്കുന്നത്? എന്നെയാണെങ്കില്‍ ആ അശുപത്രിയുടെ അന്തരീക്ഷം വല്ലാതെ തളര്‍ത്തി. കരച്ചിലുകളും കഷ്ടതകളും വേദനകളും മാത്രമുള്ള ഒരു ലോകം. എന്തോ ഒരു തടവറയിലകപ്പെട്ടതു പോലെ. ഓപ്പറേഷന്‍ തീയേറ്ററിന്റെയും സര്‍ജിക്കല്‍ വാര്‍ഡിന്റെയുമെല്ലാം അരികില്‍ നിന്ന് ഇറങ്ങിയോടാന്‍ തോന്നി.
"രാജേ.." ശരത്തിന്റെ വിളി എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി. "വാ, സമയമിത്രയും ആയില്ലേ? നമക്കു വല്ലതും കഴിക്കാം. നമ്മള്‍ ഇപ്പോ ഇവിടെ നിന്നിട്ട് ഒരു കാര്യവുമില്ല."
പുറത്തു പോയി ദോശ കഴിച്ചു. വിനോദേട്ടനു നല്ല ക്ഷീണമുണ്ടായിരുന്നെന്നു തോന്നുന്നു. മൂപ്പര്‍ രണ്ടു ദോശ കഴിച്ചു. സ്ട്രെസ്സിന്റെയും ഡ്രൈവിങ്ങിന്റെയുമായിരിക്കണം ആ മുഖം ആകെ ഇരുണ്ടിരുന്നു. ഇടയ്ക്ക് ഒന്നു രണ്ടു തവണ ബിന്‍സിയെ വിളിച്ചു. നാളെ രാവിലെ വരാമെന്നു പലതവണ വാഗ്ദാനം ചെയ്തു.
പ്രദീപ് വീണ്ടും വിനോദേട്ടനെ വിളിച്ചു. "ഡാ, നിന്നേ നിര്‍ബ്ബന്ധിക്കുവാണെന്നു കരുതരുത്. നീ ഇന്നൊന്നു അവിടെ നിക്കണം. അറ്റ് ലീസ്റ്റ്. ... എനിക്കു വേണ്ടി.. എനിക്കറിയാം.. അവള്‍.. അവള്‍ എന്റെ കല്യാണത്തിനു പുറപ്പെടുവാരുന്നെടാ.. റെയില്‍വേ സ്റ്റേഷനിലേക്കു വരുന്ന വഴിയാ... കല്യാണക്കുറീലെ നമ്പരുകണ്ടാ ആരോ എന്നെ...." അങ്ങേത്തലയ്ക്കല്‍ പ്രദീപിന്റെ സ്വരം മുറിഞ്ഞു. വിനോദ് എന്തെല്ലാമോ പറഞ്ഞാശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
കുറെനേരം കഴിഞ്ഞപ്പോള്‍ എനിക്കും വന്നു പ്രദീപിന്റെ വിളി- "രാജെ, നിന്നോടെന്താ പറയെണ്ടതെന്നറിയില്ല. അവിടെ ഉണ്ടാവണം, ഏതുകാര്യത്തിനും... കല്യാണത്തിനു വരുന്നതിലും എനിക്കു സന്തോഷം അവിടെ നിങ്ങളു രണ്ടാളും.... പിന്നെ എനിക്ക് വിനോദിനെ നിര്‍ബ്ബന്ധിക്കാന്‍ പറ്റില്ലല്ലോ..."
"ഹെയ്.. പ്രദീപ് മാഷേ, ടെന്‍ഷനാകാതെ, ഞങ്ങളൊക്കെയില്ലെ ഇവിടെ.. മാഷ് സന്തോഷമായിട്ടിരി, നാളത്തെ ദിവസത്തിന്റെ മൂഡു കളയാതെ.." ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ച് കുഴഞ്ഞു.
തെരുവുവിളക്കുകളുടെ മഞ്ഞവെളിച്ചത്തില്‍ മുറ്റത്ത് പാര്‍ക്കുചെയ്തിരുന്ന വാഹനങ്ങള്‍ക്കരികെ ഞാന്‍ വെറുതെ നിന്നു. ശരത് അരികെ വന്നു.
"എന്നാലേ, നിങ്ങളു വിശ്രമിച്ചോളുട്ടോ. ന്തെങ്കിലും ആവശ്യണ്ടായാ ഞാന്‍ വിളിക്കാം. ഇത്രടം വരെ വണ്ടിയാത്ര ചെയ്തു വന്നതല്ലേ?"
വിനോദേട്ടനും വണ്ടിക്കുള്ളില്‍ ഉണ്ടായിരുന്നു. മുന്‍സീറ്റ് ചെരിച്ചു വെച്ച് ഞാനും പതുക്കെ ഒന്നു ചാഞ്ഞു. വെളുപ്പിനെ ഒരു രണ്ടു മണിയായിക്കാണും, ശരത് ഹോസ്പിറ്റലിനുള്ളില്‍ നിന്നും വിളിച്ചു.
"ഓപ്പറേഷന്‍ കഴിഞ്ഞു, ഇപ്പോ പുറത്തേക്കു കൊണ്ട്വരും..!!"
കാറില്‍ നിന്നും ഇറങ്ങി ഞങ്ങളിരുവരും അകത്തേക്കോടി. ചീഫ് സര്‍ജന്‍ പുറത്തു വന്നു .ഉദ്വേഗത്തോടെ നിന്ന ഞങ്ങളെ നോക്കി "ഉത്തരവാദിത്വപ്പെട്ട രണ്ടു പേര്‍ എന്റെ മുറീലോട്ടു വരണം, പത്തുമിനിട്ടു കഴിഞ്ഞ്..."
മറ്റു ഡോക്ടര്‍മാരുമായി എന്തോ സംസാരിച്ച് വെളുത്ത ഇടനാഴിയിലൂടെ വെള്ളക്കോട്ടിട്ട ആ സംഘം നടന്നുനീങ്ങി. തീയേറ്ററിന്റെ വാതില്‍ തുറക്കപ്പെട്ടു. ഒരു സ്ട്രെച്ചര്‍ സാവധാനം പുറത്തേക്കു വന്നു.
എന്നിട്ടെന്തായി?

Subscribe to:
Posts (Atom)