Sunday, December 02, 2018

സൂര്യകമൽ - ഒരോർമ്മക്കുറിപ്പ്

“ഞാൻ അക്കരെ കടക്കും. കാശുണ്ടാക്കി തിരിച്ചുവരും. അതിനുള്ള പണിയാണു ഞാൻ നോക്കുന്നത്..”

ഇതു പറയുമ്പോൾ മുൻപൊന്നും അവനിൽ കണ്ടിട്ടില്ലാത്ത നിശ്ചയദാർഢ്യവും പ്രതീക്ഷയും ആ കണ്ണുകളിൽ നിന്നു വായിച്ചെടുക്കുവാൻ എനിക്കു കഴിയുന്നുണ്ടായിരുന്നു. തൊട്ടു മുൻപു വരെ നിർദ്ദയം അവനെ കുറ്റപ്പെടുത്തുകയും നിശിതമായി വിമർശിക്കുകയും ചെയ്തുകൊണ്ടിരുന്ന എന്റെ ഭാവം മയപ്പെട്ടു പോയിരുന്നു. അവൻ വല്ലാതെ അയഞ്ഞു കാണപ്പെട്ടു. എന്റെ വാക്കുകൾ അവന്റെ ഉള്ളിൽ തട്ടിയെന്നും അവനിൽ നീറ്റൽ ഉണ്ടാക്കിയെന്നും മനസ്സിലായി എനിക്ക്. മേശമേൽ നിരന്നിരുന്ന ഗ്ലാസ്സുകളിൽ പകർത്തിവെച്ച ബ്രാൻഡിയുടെ കാര്യം ഞങ്ങൾ മറന്നു. അപ്പോളാണ്‌ ചുരുങ്ങിയ വാക്കുകളിൽ സൂര്യൻ അവന്റെ സ്വപ്നം ഞങ്ങൾക്കു മുന്നിൽ വരച്ചിട്ടത്. സാക്ഷിയായി മണിക്കുട്ടനും ഞങ്ങളെ പേറി 8/I എന്നു നമ്പരുള്ള മുറിയും.

“എടാ സൂര്യാ, അങ്ങനെ ഒരു നാൾ നീ തിരിച്ചു വരുമ്പോൾ അന്നു നിന്നെ മുന്നിൽ നിന്നു സ്വീകരിക്കാൻ ഈ ഞാൻ ഉണ്ടാകും”

ഇരുന്നിടത്തു നിന്നും എഴുന്നേറ്റു വന്ന് അവനെന്നെ ഗാഢം ആശ്ലേഷിച്ചു. അപ്പോൾ അവനെന്താണ്‌ പറഞ്ഞതെന്ന് ഞാൻ ഓർക്കുന്നില്ല. പക്ഷേ അവന്റെ സ്വരം വല്ലാതെ ഇടറിയിരുന്നു. അങ്ങനെ ഒരു നാൾ വന്നാൽ ഞാൻ അവനെ കാത്ത് അവിടെ ഉണ്ടാകുമെന്ന് അവനറിയാം. അവന്റെ നേട്ടങ്ങളും സന്തോഷങ്ങളും കാണണമെന്ന് ആത്മാർഥമായി ഞാൻ ആഗ്രഹിക്കുന്നുണ്ടെന്നും അവനറിയാം. അനേകം ആളുകൾ തന്നെപ്പറ്റി മോശം കാര്യങ്ങൾ കരുതുകയും പറയുകയും ചെയ്യുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെ അതിനെയെല്ലാം പുല്ലുപോലെ അവഗണിച്ച സൂര്യൻ. ഇത്രയധികം ഹേറ്റേഴ്സിനെ അവൻ അർഹിച്ചിരുന്നോ? അതിനു അവൻ അവരോടെല്ലാം എന്തു ദ്രോഹമാണു ചെയ്തത്? എന്തായാലും അവനോട് എനിക്ക് ഇങ്ങനെയേ സംസാരിക്കാനാവൂ. കാരണം അവൻ എന്റെ ചങ്ങാതി ആയിരുന്നു. ഞങ്ങൾക്കിടയിൽ സെന്റിമെന്റ്സ് ഉരുത്തിരിഞ്ഞ ഏക സന്ദർഭവും ഇതായിരുന്നു.

*******

പ്രിയപ്പെട്ട സൂര്യകമൽ, ഒന്നും മറക്കുന്നവനല്ല നീയെന്ന് എനിക്കറിയാം. എനിക്ക് വാക്കു പാലിക്കാൻ അങ്ങനെ ഒരു അവസരം സൃഷ്ടിക്കുന്നതിനായി നീ പരിശ്രമിക്കുന്നുണ്ടായിരുന്നു എന്നാണു ഞാൻ കരുതിപ്പോന്നത്. എല്ലാവരും മറന്നെന്ന് കരുതുന്നുണ്ടാവും നീ. നിന്റെ മരണത്തിന്റെ തലേന്നും ഞാൻ നിന്നെക്കുറിച്ചു സംസാരിച്ചിരുന്നു. അപ്പോഴും നിന്നെപ്പറ്റി മോശമായി പറയാൻ എനിക്കു കഴിഞ്ഞില്ലടാ. അതിനു മുൻപുള്ള രണ്ടു ദിവസങ്ങളിലും നിന്നെക്കുറിച്ച് ഓരോരുത്തരോടു സംസാരിച്ചിരുന്നു. എന്നിട്ട് പഹയാ, ഞാൻ ഇന്നലെ രാവിലെ കേട്ടത് നിന്റെ മരണമാണല്ലോ!

എനിക്കറിയുന്ന കാലമത്രയും നീ സന്തോഷത്തിന്റെയും ആഘോഷങ്ങളുടെയും ആളായിരുന്നില്ലേ? എന്നിട്ടും അറിയാത്തവർ പോലും നിന്നെ വെറുത്തതും അത്രമേൽ അവജ്ഞയോടെ സംസാരിച്ചതും എന്തിനാണു സൂര്യാ, ഒരിക്കലും നീ വേവലാതിപ്പെടാത്ത കാര്യമാണെങ്കിൽ തന്നെയും? ഇത്രയും കുന്തം നിറഞ്ഞ ലോകത്ത് നീയൊന്നും ഒരു മുള്ളല്ലായിരുന്നു സൂര്യാ. നിന്റെ തോന്ന്യാസങ്ങളും സ്വന്തം നിയമങ്ങളും നിന്റെ സ്വകാര്യതകൾ മാത്രമായിരുന്നല്ലോ. അവമൂലം മറ്റാർക്ക് എന്തു ദൂഷ്യമാണു ഉണ്ടായിട്ടുള്ളത്? നമ്മളുമായി ഒന്നിച്ചു ജോലി ചെയ്തിരുന്ന ആർക്കും നീ ഒരു പ്രയാസമുണ്ടാക്കിയില്ലല്ലോ... വെറുതെ മോശക്കാരനായവനേ! നിന്റെ റൂൾസ്, നിന്റെ ലൈഫ്! നീ മറ്റൊന്നും നോക്കിയില്ല. എല്ലാ ദിവസവും ആഘോഷമുള്ള, സൗഹൃദ സഭകളുടെ അധിപനായ നീ എന്തിൽ നിന്നെല്ലമായിരുന്നു ഒളിച്ചോടാൻ ശ്രമിച്ചിരുന്നത് എന്നെനിക്കറിയാം. നീ തേടിപ്പിടിക്കാൻ വെമ്പിയിരുന്നതാകട്ടെ ജീവിതം നിന്റെ മുന്നിലേക്കു നീട്ടിയ ചോദ്യങ്ങൾക്ക് നിനക്കു മാത്രം ബോധിക്കുന്ന ഉത്തരങ്ങൾ ആയിരുന്നു. എന്നിട്ടും എത്രമേൽ ജീവിതം ട്രാക്കു തെറ്റി ഓടുമ്പോഴും നീയെന്നും ഞങ്ങൾക്ക്, ആ സൗഹൃദക്കൂട്ടത്തിനു ഒരുത്തമ തോഴനും ആത്മാർഥ സുഹൃത്തും ആയിരുന്നു.

അങ്ങനെ ഒരു രാത്രി ‘വെറുതേയിരിക്കുമ്പോൾ’ തോന്നിയ വിളിക്ക് മൂന്നാറിനു വെച്ചു പിടിക്കാൻ, ആ ആലോചന കൊഴുക്കുമ്പോഴേക്കും ഷൂസുധരിച്ചു കഴിയുന്ന ആ ഒരിത് നിന്റെ ഒപ്പമേ കിട്ടൂ. സൗഹൃദക്കൂട്ടങ്ങളിൽ മാത്രം അറഞ്ഞു പാടുന്ന പാട്ടുകാരാ, ലഹരിയുടെ നിലാവിൽ മുങ്ങി രാത്രികൾ പകലാക്കുമ്പോഴും നിന്റെ എല്ലാ ഇഷ്ടങ്ങളും ഇഷ്ടം പോലെ സധിക്കുമ്പോളും നീ വെല്ലുവിളിച്ചത് നിന്നെത്തന്നെയും നിന്നെചോദ്യം ചെയ്ത പലതിനെയും ആയിരുന്നല്ലോ.

എത്രയെത്ര യാത്രകൾ... എന്ത്ര സന്തോഷങ്ങൾ, എത്ര ചിരികൾ.. ഒന്നൊന്നായി ഓർമ്മയിൽ ആർത്തിരമ്പുകയാണ്‌. ഇടുക്കി വനത്തിലെ പച്ചപ്പു മൂടിയ വമ്പൻ മലയുടെ മുകളിൽ നില്ക്കുന്ന ഒറ്റയാനെ ഓടുന്ന ബസിലിരുന്നു നിന്നെ കാണിച്ചിട്ടുള്ളത് ഞാനാണ്‌. മൂന്നാറിലെ യാത്രി നിവാസിൽ താമസിച്ചിട്ടില്ലേ എന്ന ചോദ്യത്തിനു ഞാൻ താമസിച്ചിട്ടില്ല, പക്ഷേ എന്റെ കാർ അവിടെ പോയിട്ടുണ്ട് എന്നു പറയുന്നതിന്റെ പൊരുൾ നിനക്കു മാത്രമല്ലേ മനസ്സിലാകൂ? നിന്റെ ആ മാരുതി കാറുമായി ഏറ്റവും ദൂരെ പോയിട്ടുള്ളതും ഞാനായിരിക്കും. അന്ന് സന്ധ്യക്ക് കുളമാവ് വനത്തിൽ വെച്ചു വണ്ടിനിന്നുപോയതും ഫോണിലൂടെ നീ തന്ന നിർദ്ദേശങ്ങൾ കൊണ്ട് തകരാർ നേരെയാക്കാനായതും... പിന്നെ ആ യാത്രയിൽ നിന്റെ വണ്ടി പിണങ്ങിയില്ല. നമ്മളും ഒരിക്കലും പിണങ്ങിയില്ല. അതുപോലെ നമ്മളും. ഭിന്നതകളിൽ ആരോഗ്യകരമായ അകലമിട്ടു പരസ്പരം അഭിപ്രായങ്ങളെ മാനിച്ച നമ്മൾ എപ്പോൾ പിണങ്ങാനാണ്‌?

നിന്റെ ഒപ്പം ഉണ്ടായിരുന്ന കാലത്തൊന്നും ഒരു മൂഡോഫും എന്നെ കീഴ്പ്പെടുത്തിയിരുന്നില്ല. നിന്നോടൊപ്പം ആയിരിക്കുന്നത് അത്രമേൽ പ്രസന്നപൂർണ്ണവും ഊർജ്ജസ്വലവും ആയിരുന്നു. കൗശലവും ബുദ്ധികൂർമ്മതയും നിറഞ്ഞ തമാശകളും കളിയാക്കലുകളും പങ്കിട്ടിരുന്നതും നിന്നോടൊപ്പം ആയിരുന്നു. ഇരിപ്പിനും നടപ്പിനും തമ്മിൽ അകലം കൂടിയപ്പോൾ കാന്റീനിലെ ആ പതിവു ബ്രൂ കോഫി പോലും മറന്നു. ‘വടി’ എന്ന പലഹാരം തിന്നണമെന്ന് നീ ആഗ്രഹിച്ചിട്ട് ദിവസങ്ങൾക്കകം അത് കട്ടപ്പന ബസ് സ്റ്റാൻഡിലെ ഒരു കടയിൽ നിന്നുവാങ്ങി കൊണ്ടുതന്നപ്പോൾ ഉണ്ടായ ആശ്ചര്യം എനിക്ക് അറിയാവുന്നതാണല്ലോ. പൊതിച്ചോറ്‌ പങ്കിടാനും, നാളെ ചക്കക്കുരുതോരൻ കൊണ്ടുവരണമെന്ന് ചട്ടം കെട്ടാനും നീയല്ലേ ഉണ്ടായിരുന്നുള്ളൂ. അത്രമേൽ ഭക്ഷണപ്രിയനായിരുന്ന നിന്നെ മക്കാറാക്കാൻ പാതിരാത്രി കഴിയുന്ന നേരത്ത് കപ്പപ്പുഴുക്കിന്റെയും എരിവും പുളിയുമുള്ള മത്തിച്ചാറിന്റെയും ഒരു ഓർമ്മപ്പെടുത്തൽ മതിയായിരുന്നല്ലോ.. അതിനു നീ പറയുന്ന മറുപടികൾ പേപ്പറിൽ എഴുതാൻ കൊള്ളില്ലല്ലോടാ പുല്ലേ! കുയിലിമലച്ചെരുവുകളെല്ലാം നിന്റെ ഓർമ്മകളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. മൈക്രോവേവ് മേടും പാറപ്പുറവും.. എം.ആർ.എസ് റോഡും ആ റോഡിലെ നൃത്തവും മൂന്നാറിൽ വെച്ച് വണ്ടിക്കു വട്ടം ചാടിയ ആളോട് ‘ചേട്ടാ ഇതിലും നല്ല വണ്ടി പുറകേ വരുന്നുണ്ട്’എന്ന് പറഞ്ഞതും...
പ്രിയപ്പെട്ട സൂര്യൻ, നീ ആർക്ക് എന്തെല്ലാം ആയിരുന്നെന്ന് എനിക്കറിയില്ല. എന്നാൽ നീയെനിക്കൊരു ഉത്തമ സുഹൃത്ത് ആയിരുന്നു. ചേർച്ചകൾ അങ്ങേയറ്റം ആസ്വദിച്ചും വിയോജിപ്പുകൾക്ക് അർഹമായ ‘നോ’ പറഞ്ഞും ആ സ്ഥാനമങ്ങനെ നിലകൊണ്ടു. നീയെന്നും നല്ല ചങ്ങാതി ആയിരുന്നു; സ്നേഹിതനും കലാകാരനും ബുദ്ധിശാലിയും കൗശലക്കാരനുമായിരുന്നു. ജീവിതപ്രതിസന്ധികൾ തരണം ചെയ്ത് നീ മടങ്ങി വരുന്നത് ഇടയ്ക്കെല്ലാം ഞാൻ സ്വപ്നം കണ്ടിരുന്നു...

നിന്നെപ്പോലെ ഒരു ചങ്ങാതി ഇനി ഉണ്ടാവില്ല. ഒരു വണ്ടി ഓർമ്മകളും കുറെ യാത്രാനുഭവങ്ങളും കറവീഴാത്ത കൂട്ട് പിരിഞ്ഞുപോയ നൊമ്പരവും ബാക്കിയാക്കി നീ യാത്രയാകുമ്പോൾ ഒരുപിടി അക്ഷരപ്പൂക്കൾ കൊണ്ട് നിനക്കു പ്രണാമം!!

No comments:

Post a Comment

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'