Sunday, December 23, 2018

ഒടിയൻ: മാസല്ല, ക്ലാസ്!

"ഫോട്ടോഗ്രഫിക്കു മാത്രമാണ് കാലത്തെ ഫ്രീസ് ചെയ്യാനുള്ള‌ ക്വാളിറ്റി ഉള്ളത്"- കെ രാമചന്ദ്രൻ('96).

വിയോജിപ്പുണ്ട്. ഓരോ സൃഷ്ടിയും അതിനാവുന്ന വിധത്തിൽ  കാലത്തെഅടയാളപ്പെടുത്തി സൂക്ഷിച്ചു പോരുന്നു. ഫോട്ടോഗ്രാഫ് പ്രാഥമികമായിത്തന്നെ അതു ചെയ്യുന്നു എന്നതാണു കഥ. മാറ്റങ്ങളുടെ കാലത്ത് തളയ്ക്കപ്പെട്ടുപോയ ഒടിയൻ അടയാളപ്പെടുത്തുന്നത് പുറംലോകത്തിനു നേരനുഭവം കുറഞ്ഞ നിഗൂഢമായ ഒരു സംസ്കാരത്തെയും അതിലെ ജീവിതങ്ങളെയുമാണ്. സാമൂഹികജീവിയായ ഒടിയനെ അവന്റെ ദേശത്തിൽ നിന്നും ഇഴപിരിച്ച് സങ്കൽപ്പിക്കുക സാധ്യമല്ല. അവന്റെ ഇടപെടലുകളോ അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയുമായി ചേർത്തുവെച്ചു മാത്രമേ വായിക്കാനാവൂ.

കള്ളുനുരയുന്ന കരിമ്പനകളെക്കാൾ ഉയരത്തിൽ ജാതിയുടെ ഉയർച്ച താഴ്ചകൾ നിഴൽ വീഴ്ത്തിയ മണ്ണിൽ അയിത്തത്തിന്റെ സുരക്ഷിതമായ അകലങ്ങൾ പാലിച്ചു തന്നെയാണ് നായർത്തറകളും  നമ്പൂരിത്തറകളും പറത്തറകളും പുലർന്നു പോന്നത്. മനോഹരമായ പേരുകൾ പോലും കുലമഹിമയുള്ളവർ വീതിച്ചെടുത്തിരുന്ന ദേശത്ത് ഒടിയന്റെ ജാതിക്കാർ മരിച്ചാൽ 'ചത്തു' എന്നേ പറയാറുണ്ടായിരുന്നുള്ളൂ; കന്നുകാലിയോ നായയോ പോലെ. വീണുപോയാൽ താങ്ങിയെടുക്കാൻ ആളുകൾ മടിച്ചു നിന്നിരുന്നത്ര അശുദ്ധിയുണ്ടായിരുന്നു ഒടിയന്. ഒടിയന്റെ കുടുംബക്കാർ എല്ലാം കറുത്തവരായിരുന്നു; അവസാനത്തെ ഒടിയനൊഴികെ.

പരിഷ്കാരത്തിന്റെ മോട്ടോർവണ്ടികൾ ഇരമ്പിപ്പോയപ്പോൾ ചെമ്മണ്ണുപാതകൾ സന്തോഷം കൊണ്ടോ വിസമ്മതം കൊണ്ടോ പൊടിപാറിച്ചു നിന്നു. പുലർകാലങ്ങളിൽ സമോവറിൽ നിന്നും ഊറിവരുന്ന ഒരു കാലിച്ചായ അത്താഴപ്പട്ടിണിക്കുള്ള മറുപടിയോ അന്നുച്ച വരെയുള്ള വിശപ്പിനുള്ള തടയോ ആയിരുന്നു. അതിൽ കീഴാളന്റെ തൊഴിലിനെക്കുറിച്ചും അവന്റെ വയറുകഴിഞ്ഞു പോകുന്നതിനെക്കുറിച്ചും കൃത്യമായി പറഞ്ഞു വെയ്ക്കുന്നു. വിതയും കൊയ്ത്തും പുറമ്പണിയും കൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കുന്ന പറയൻ ഒടിമറഞ്ഞപ്പോൾ മാത്രം കരയെ അന്ധാളിപ്പിച്ച ദൈവമായി, പിശാചായി, ക്രൂരനായ ഇന്ദ്രജാലക്കാരനായി. അവന്റെ സിദ്ധികൾ ആർജ്ജിതം മാത്രമല്ല, പറത്തറയിൽ അണലിമരത്തിലെ പൂക്കളുടെ സുഗന്ധത്തിനു കീഴിൽ ദേവിയുമായി ആദ്യം മേളിച്ച പൂർവ്വികൻ നൽകിയ വാക്കിന്റെ തുടർച്ചയാണ്. അതിന്റെ ഐശ്വര്യവും അതീന്ദ്രിയ സിദ്ധികളും കാതിൽ ഓതിക്കിട്ടിയ മുറകളും‌ ചേർന്നതാണ്. മനസ്സും മെയ്യും പിഴയ്ക്കാതെ ഒടിമറഞ്ഞ് കൃത്യം നടത്തി പ്രച്ഛന്നരൂപത്തിൽ തന്നെ കുടിയിലെത്തുന്ന ഒടിയനെ മരുന്നിളക്കി മറുമന്ത്രമോതി മനുഷ്യനാക്കിയിരുന്നു പറയപ്പെണ്ണ്. അവന്റെ ജന്മവും കുലവും പറത്തറയിലെ കാളിക്ക് അടിയറ വെച്ചിരുന്നു. ദേവി കുടികൊള്ളുന്ന‌കല്ലിൽ പുരളുന്ന നേദ്യത്തിനും നെഞ്ചുലഞ്ഞ പ്രാക്കുകൾക്കും നേരിന്റെ മൂർച്ചയുണ്ടായിരുന്നു; ഫലവും.

പയ്യെ നാടിന് ഒടിയനെ വേണ്ടാതായി. അയിത്തം മങ്ങി, ഭൂനിയമങ്ങൾ വന്നു, വൈദ്യുതി വന്നു, നാടാകെ മാറിപ്പോയി. ഒടിയൻ കാളവണ്ടി പോലെ, ഇൻലന്റ് ലെറ്റർ പോലെ തിരസ്കരിക്കപ്പെട്ടു. അവനിൽ നിന്നും അകന്നു നിൽക്കാൻ എല്ലാവരും ശ്രമിച്ചു. ഒപ്പം അകറ്റി നിർത്താനും കല്ലെറിഞ്ഞ് ഓടിക്കാനും. അല്ലാതെ ഒടിയന് നാട് വേണ്ടാതായതല്ല. ദൈവികനും മാന്ത്രികനുമായ ഒടിയന് നീചവും നിഗൂഢവുമായ കഥകളുടെ ചരിത്രമുണ്ട്. എഴുതപ്പെടാത്ത നാടൻ കഥകൾ.

സമൃദ്ധിയുണ്ടായിരുന്ന നായർത്തറവാടുകളിലെ കൂലിപ്പണവും ഔദാര്യപൂർവ്വം ലഭിച്ചുപോന്ന ഭക്ഷണവും ധാന്യവും കൊണ്ട് ഒരു വിധം തൃപ്തിപ്പെട്ടും അല്ലാത്തപ്പോളെല്ലാം വിശന്നും ഒടിയന്റെ കുടുംബം പുലർന്നുപോന്നു. തറവാട്ടമ്മമാരുടെ മുറ്റത്തു കാലുകുത്തുന്നതിനപ്പുറം വലിയ അവകാശമൊന്നും കല്പിച്ചുകിട്ടാഞ്ഞ കാലത്താണ് ഒടിയന്മാർ പ്രമുഖന്മാരെപ്പോലും കാത്തുപോന്നത്. വലിയ ചോദ്യം അപ്പോഴും വിശപ്പ് മാത്രമായിരുന്നു. അതേ കീഴാളനാണ് കളിക്കൂട്ടുകാരിയെ രഹസ്യമായി മോഹിച്ചത്, സമ്മാനം നൽകി  സന്തോഷിപ്പിച്ചത്. അവനെ തടുക്കാൻ കർമ്മബന്ധങ്ങളും സമൂഹത്തിന്റെ വേലികളും ഉണ്ടായിരുന്നു. ഒടിമറഞ്ഞാൽ മാത്രം മറികടക്കാവുന്ന വേലികളും കടന്നു ചെല്ലാവുന്ന അകത്തളങ്ങളും.

തറവാടുകളിലെ പെൺകോയ്മയുടെ നേർചിത്രങ്ങൾ നന്നായിക്കാണാം ഒടിയനിൽ. പ്രതാപത്തിന്റെ ചുവർ ഭംഗികൾ പൊളിയടർന്ന് ജീർണ്ണിക്കുന്നതും ജോലികളിൽ വന്നുകൂടുന്ന മാറ്റങ്ങളും പ്രവാസവുമെല്ലാം കഥയുടെ അരികുപറ്റി ശക്തമായി കടന്നുപോകുന്നുണ്ട്. കൃഷി പോലും പുതിയ കരാറുകളും സമ്പ്രദായങ്ങളും അവലംബിക്കുന്നതും ഇടത്തരക്കാർ ഭൂവുടമകളായി പുരോഗമിക്കുന്നതും നമുക്ക് ഊഹിച്ചെടുക്കാം. ഒടിയന്റെ കർമ്മമാകട്ടെ ഒരു സപര്യയാണ്, കുലധർമ്മമാണ്. അതിന്റെ എല്ലാ സംഘർഷങ്ങളിലും വേകാൻ വിധിക്കപ്പെട്ടത് അവൻ മാത്രവും. മിത്രങ്ങളില്ലാത്തവൻ. പറത്തറയിലെ ദേവിയും അവളിലെ രക്ഷയും മാത്രമാണ് ഒടിയനു ശരണം. ഒടിമറഞ്ഞ് തിരിച്ചുവരാനാകാതെ പെട്ടുപോകുന്നതിൽപ്പരം അവനൊരു അന്ത്യമില്ല.

പറക്കാളിയുടെ രക്ഷയിൽ ഒടിയനും കുടുംബവും പലപ്പോഴും സന്ദേഹിക്കുന്നുണ്ട്. കരയിലെ മരണങ്ങൾക്കെല്ലാം ഒടിയൻ കൂട്ടിയിണക്കപ്പെടുമ്പോൾ തന്റെ മൂർത്തിയോട് അവനെത്രവട്ടം പരാതിപ്പെട്ടിരിക്കും? ഭരണിനാളിൽ ഉറഞ്ഞുതുള്ളി വെളിപ്പെടുന്ന  ദേവിക്ക് അടിമയായ അവന്റെ സങ്കടങ്ങൾ തീർക്കാൻ വയ്യ തന്നെ. കാളി പറഞ്ഞിട്ടുള്ളത് 'നീയും നിന്റെ കുലവും എന്റെ' എന്നായിരുന്നിട്ടും.

ഒടിയൻ നോവുന്നതും എണ്ണിപ്പെറുക്കി നടക്കുന്നതും ഒടുങ്ങുന്നതും എല്ലാം പ്രതിഷേധിച്ചാണ് - സമൂഹത്തോട്. ബ്രാഹ്മണനോട് പിരിഞ്ഞു തറയിൽ വന്നു കുടിയിരുന്ന ദേവിക്ക് അടിപ്പെട്ടും, വെറുംവാക്കായിപ്പോയ വരരുചിപ്പെരുമയുടെ ഓർമ്മയിൽ നിശ്വസിച്ചും.. ഒന്നുകൂടി‌ മായം തിരിയാൻ മരുന്നിനു 'കരു' കിട്ടാതെ വലഞ്ഞും!

അവന്റെ ഒടുക്കത്തെ കളി കാണണമെങ്കിൽ കല്ലടിക്കോടൻ മലയ്ക്കിപ്പുറം കോങ്ങാടൻ കുന്നിനു താഴെ പുഴയ്ക്കും പനങ്കാടുകൾക്കുമരികെ പരുത്തിപ്പുള്ളിയിലെ പറത്തറയ്ക്കൽ വരണം. വെളുത്ത വെള്ളമായൻ കറുത്ത പൂച്ചയായി ഒടുക്കത്തെ മായം തിരിഞ്ഞ കഥയറിയണം.

( ഒടിയൻ | നോവൽ | 120 പേജ് | പി.കണ്ണൻകുട്ടി | ഡിസി ബുക്സ്)

No comments:

Post a Comment

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'