Wednesday, February 20, 2013

വേനൽമഴ

ന്നലെയാണ്‌ ആ മഴ പെയ്തത്. വരണ്ടുണങ്ങിയ മണ്ണിനു മേലെ വീണുമരിച്ച ഇലകളെ ഒരു നേർത്ത കാറ്റു പോലും കരയിക്കുന്ന നേരത്ത്. കാത്തു കാത്തിരുന്ന ഒരു മുഹൂർത്തം പോലെ അന്നു മേഘങ്ങൾ കഥ പറയാൻ മാനത്ത് ഒത്തുകൂടി. ഇന്നെങ്കിലും ഒരു മഴ പെയ്തേക്കുമെന്ന് ഇങ്ങു താഴെയിരുന്ന് വേകുന്ന മനസ്സുകൾ കിനാവുകണ്ടു. ഉച്ചച്ചൂടിൽ പൊള്ളിയ മണ്ണിലേക്കാണ്‌ കുളിരായി മഴ പെയ്യുന്നത്. മുന്നോടിയായി കരിയിലകളെ പറത്തിമാറ്റിക്കൊണ്ട് തണുപ്പുള്ള കാറ്റിന്റെ നിലമൊരുക്കലുണ്ട്. ആ കാറ്റിന്റെ സ്വഭാവം നോക്കിയാൽ വരാൻ പോകുന്ന മഴ എത്ര ശക്തമാണെന്ന് ഗണിക്കാൻ കഴിയും.

മെയ് മാസത്തിന്റെ രണ്ടാം പകുതിയിലാണ്‌ ഇങ്ങനെയൊരു കാറ്റുണ്ടാകുന്നതെങ്കിൽ, വിളഞ്ഞു പഴുത്ത മാങ്ങകൾ ആ കാറ്റിൽ ‘ധപ്പ് ധപ്പ്’ ശബ്ദത്തോടെ പൊഴിഞ്ഞു വീഴുന്നതു കേൾക്കാം. മഴ ഉടൻ വരില്ലെങ്കിൽ ധൈര്യപൂർവ്വം മാവിൻചുവട്ടിലേക്ക് ഓടാം. കയ്യിലൊതുങ്ങുന്നത്ര മാങ്ങയും പെറുക്കി വരുമ്പോഴേക്കും അക്കരെ മലയിൽ നിന്നും മഴ ആർത്തലച്ചു വരുന്നതു കാണാം. ഒന്നാമത്തെ തുള്ളി മുറ്റത്തു വീഴുന്നതിനു മുൻപേ പെരയ്ക്കകത്തു കയറാം. അല്ലെങ്കിലും മഴയെ ഓടിത്തോല്പ്പിക്കുന്നതിനു രസം വേറെയാണ്‌. വേനൽമഴ നനയാൻ അനുവാദമുണ്ടാവില്ല. പനി പിടിക്കുമത്രേ. അന്തരീക്ഷത്തിൽ തങ്ങി നില്ക്കുന്ന രോഗാണുക്കളത്രയും വേനൽമഴയോടൊപ്പം മണ്ണിലേക്കും പെയ്തിറങ്ങുമത്രേ. അതെന്തായാലും കാറ്റ് പൊടിയൊഴിഞ്ഞും ഇലകൾ കുളിച്ചുതോർത്തി പച്ചപ്പ് തിരിച്ചു പിടിച്ചും ഒരു നവചൈതന്യം പൂണ്ടുനില്ക്കുന്നു, വേനൽമഴയ്ക്കു ശേഷം.

ആദ്യത്തെത്തുള്ളികൾ വീഴുന്ന നിമിഷം മുതൽ മണ്ണു പൂർണ്ണമായും നനയുന്നിടം വരെയാണ്‌ വേനൽമഴ ഏറ്റവും സുഖദമായ അനുഭൂതി കാത്തുവെച്ചിരിക്കുന്നത് - പുതുമണ്ണിന്റെ ഗന്ധവും പുതുമഴയുടെ താളവും. നമ്മുടെ മണ്ണിനുമാത്രം തരാൻ കഴിയുന്ന ഒന്നായി ദൈവം കരുതിവെച്ച ഒരു അപൂർവ്വാനുഭവമാണ്‌ ഇത്.

ഇനി മഴ പെയ്തു തീന്നാലോ, അന്യാദൃശമായ, സംഗീതാത്മകമായ ശാന്തത കാണാം. സംഗീതമെന്നത് ഇലത്തുമ്പുകളിൽ നിന്നുമൂർന്ന് താളം പിടിക്കുന്ന മഴത്തുള്ളികളുടെ സംഗീതം. പ്ലാവിലയിൽ വീഴുമ്പോൾ ഒരു നാദം. മണ്ണിലേക്കു പതിക്കുമ്പോൾ വേറൊന്ന്. വെള്ളത്തിലേക്കു വീഴുമ്പോൾ മറ്റൊന്ന്. മൗനമായിരുന്ന് മഴകൊണ്ട ശേഷം തൂവൽച്ചിറകുകൾ കുടഞ്ഞുതോർത്തുന്ന കിളികളുടെ പരിഭവങ്ങൾ. തെങ്ങിൻ മുകളിലെ കൂട്ടിൽ നിന്നും ആകാംക്ഷയോടെ താഴെയിറങ്ങി വന്ന് ഇവിടെന്തെല്ലാമാണ്‌ സംഭവിച്ചതെന്നു തിരക്കുന്ന അണ്ണാറക്കണ്ണൻ. ഞെട്ടറ്റുവീണതിന്റെ കണ്ണീരുണങ്ങാത്ത ഉണ്ടാപ്രികൾ - മൂവാണ്ടൻ മാങ്ങകൾ.

ഒരു നിമിഷം! ഞാൻ സ്വപ്നലോകത്തു നിന്നും തിരികെപ്പോരട്ടെ. എന്റെ ഇടതു വശത്തെ വലിയ ജനാലയ്ക്കപ്പുറം കരിനിഴൽ വീഴ്ത്തിക്കൊണ്ട് മേഘങ്ങൾ ഉരുണ്ടുകൂടിയിട്ടുണ്ട്. വീശിയടിക്കുന്ന കാറ്റിൽ ഓഫീസിലെ തിരശ്ശീലകൾ പാറിയുലയുന്നുണ്ട്. എവിടൊക്കെയോ തട്ടിത്തടഞ്ഞ് തണുപ്പിന്റെ മുനയൊടിഞ്ഞ കാറ്റിന്റെ കഷണങ്ങൾ എന്നെയും വന്നു മുട്ടുന്നുണ്ട്. ഉയർന്നു നില്ക്കുന്ന സിൽവർ ഓക്ക് മരങ്ങൾക്കപ്പുറം പുൽമേട്ടിൽ തെരുവപ്പുല്ലുകൾ മുടിയഴിച്ചാടുന്നത് അവ്യക്തമായിട്ടാണെങ്കിലും എനിക്കു കാണാം. എന്നാൽ കാറ്റിന്റെ മൂളൽ കേൾക്കാനില്ല. ഒന്നിരിക്കാനുള്ള ഇടം തേടി കലപില കൂട്ടുന്ന കിളികളുടെ ചിലപ്പും കേൾക്കാനില്ല. ജനലിലൂടെ പുറത്തേക്കു നോക്കുമ്പോൾ ശബ്ദമില്ലാത്ത ചലച്ചിത്രം കാണുന്ന പ്രതീതി. അഥവാ, പ്രായമോ ജോലിയോ ഒക്കെ അവിടെ നമ്മെ തടവിലാക്കിയിരിക്കുന്നു, ബധിരനാക്കിയിരിക്കുന്നു, പ്രകൃതിയെ അറിയാനുള്ള ചില ഇന്ദ്രിയങ്ങളെ പൂട്ടി അടച്ചു വച്ചിരിക്കുന്നു.

ഞാനറിയാതെ എപ്പോഴോ മഴ പെയ്തുതീർന്നു. അപ്പോൾ, നനഞ്ഞു തുടങ്ങിയ ചിറകുകൾ കുടഞ്ഞ് കാട്ടുമഞ്ഞളരച്ച് കണ്ണെഴുതിയ മൈനകൾ പാടിയാർത്തിരിക്കാം. പുറത്തു വാരിവിതറിയ പൂഴിമേൽ നനവു പടരുന്ന സുഖത്തിൽ മതിമറന്നു കാട്ടാനകൾ ശാന്തം നിന്നിരിക്കാം. ആരറിയുന്നു?

ജോലികഴിഞ്ഞു പുറത്തിറങ്ങുമ്പോൾ, മണ്ണിന്റെ ചൂടിലേക്കു പെയ്തിറങ്ങിയ മഴ നീരാവിയായി ഉയിർത്തെഴുന്നേൽക്കുന്നുണ്ടായിരുന്നു. സിൽവർ ഓക്ക് മരങ്ങൾക്കപ്പുറം പുൽമേട്ടിലെ കാഴ്ചകൾ മറച്ചുകൊണ്ട് കോടമഞ്ഞ് ഒരു വലിയ പന്തലിട്ടിട്ടുണ്ടായിരുന്നു. പൈൻ മരത്തിന്റെ നൂലുപോലത്തെ ഉണക്കിലകൾ വാഹനങ്ങളുടെ ചില്ലിൽ വീണ്‌ മഴവെള്ളത്തെപ്പുണർന്നു കിടക്കുന്നുണ്ടായിരുന്നു. ഉറുമ്പുകളുടെ കൊട്ടാരങ്ങൾ ഇടിഞ്ഞുതാണിരുന്നു. മാളങ്ങൾ മഴവെള്ളത്തിൽ ഒലിച്ചുവന്ന മണ്ണുകൊണ്ട് നിറഞ്ഞിരുന്നു. മഴ മണ്ണിലെ വിണ്ടുകീറലുകൾ സ്നേഹം നിറച്ച് അടച്ചിരുന്നു. ഈ പുതുഭൂമികയിലേക്ക് ഓരോ ആത്മാവിനെയും വരവേല്ക്കാനെന്നവണ്ണം വഴികൾ വൃത്തിയായിക്കിടന്നിരുന്നു. വെള്ളമൊഴുകിയ പാടുകളാവട്ടെ, ഭൂമിയുടെ മാറിൽ നാളെ മാഞ്ഞേക്കാവുന്ന ചില നഖചിത്രങ്ങൾ കോറിയിട്ടിരുന്നു. കാപ്പിപ്പൂക്കളിൽ പരാഗരേണുക്കൾ വിയർപ്പാറ്റി മയങ്ങിക്കിടന്നിരുന്നു.

അന്നത്തെ സന്ധ്യയ്ക്ക് പതിവുവിട്ട ഒരു സുഖമുണ്ടായിരുന്നു. കാണുന്ന മുഖങ്ങളിലെല്ലാം സന്തോഷമുണ്ടായിരുന്നു. നഗരവീഥികളിൽ തിരക്കു കുറഞ്ഞു കാണപ്പെട്ടു. ചെങ്കിരണങ്ങൾ വിതറാതെയും യാത്ര ചോദിക്കാതെയും മൗനമായി സൂര്യൻ പടിഞ്ഞാറു ചാഞ്ഞു. ആ സായാഹ്നത്തിൽ സുന്ദരമായതെല്ലാറ്റിനെയും പറ്റി സംസാരിച്ചുകൊണ്ട് ആ നേരമത്രയും മനോജ് സാർ എന്നോടൊപ്പമുണ്ടായിരുന്നു- മഴകൊണ്ടുമാത്രം മുളയ്ക്കുന്ന സർഗ്ഗാത്മകതയുടെ ചില വിത്തുകൾക്ക് വെള്ളം തേകിയും ബൈക്കിന്റെ സീറ്റിൽ ഈറൻ കോരിയിടാൻ പോന്ന മഞ്ഞിന്റെ കാഠിന്യത്തെ മനഃപൂർവ്വം മറന്നും. സുന്ദരമായ ഒരു വേനൽമഴ നമുക്കെന്തെല്ലാമാണ്‌ കൊണ്ടുതരുന്നത് എന്ന് നിങ്ങളും ഒന്നാലോചിച്ചു നോക്കൂ. മണ്ണിന്റെയും മനുഷ്യന്റെയും ആത്മാവിൽ മഴ പെയ്യട്ടെ! വേനലിൽ വരണ്ടുണങ്ങിയ മനസ്സിന്റെ വിള്ളലുകളിലേക്ക് സ്നേഹം ഒഴുകി മുറിവുകളെ മായ്ക്കട്ടെ! ലോകം തളിർത്തു കയറട്ടെ!!

3 comments:

  1. ഇവിടേയും കിട്ടി ഒരു വേനല്‍മഴ.

    ReplyDelete
  2. എന്നത്തേയും പോലെ വളരെ മനോഹരം, രാജ്മോന്‍ ചേട്ടാ. വായിച്ച് കഴിഞ്ഞപ്പോള്‍ മനസ്സിലൊരു കുളിര്‍ മഴ പെയ്തിറങ്ങിയ പോലെ.

    ReplyDelete
  3. Another awesome post.. ithu vaayichu nirthunnu innathe vaayana. Kaaranam maansil oru kulimazha peyath pratheethi kalayan vayya.. :)

    Mithun

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'