Friday, February 01, 2013

തിരിച്ചറിവുകൾ

കരിച്ചായം മേലെ ഉരുണ്ടുകൂടിയ
ഒഴുക്കില്ലാത്ത നദിയാണു റോഡ്.

കുഴിയിൽ നിന്നും കരേറാൻ വെമ്പി വെമ്പിത്തോറ്റ്
ഇന്നും മരിക്കാതെ കഴിയുന്നവളാണ്‌ കടൽ.

ഓരോ നെന്മണിയുടെയും വിധിയാണ്‌ ഓരോ ബ്രോയ്‌ലർ കോഴിക്കും.

മരിച്ചുകിടക്കുന്ന മനുഷ്യൻ
പൂജാബിംബത്തെക്കാൾ കൂടുതൽ പട്ടു പുതയ്ക്കുമ്പോൾ മാത്രം
മാനവികത ദൈവികതയെ മറികടക്കുന്നു.

മനസ്സിന്റെ മഴത്തുള്ളിയാണു കണ്ണുനീർ.

ഹൃദയത്തിന്റെ വിളിക്കു പുറം തിരിഞ്ഞു നിന്ന്‌
ഭൗതികതയിലേക് ആണ്ടിറങ്ങി
പില്ക്കാലം പരിതപിക്കുന്നവൻ
പ്രത്യേകിച്ച് ആത്മഹത്യ ചെയ്യേണ്ടതില്ല.

നൂറു നന്മകളുടെ പെരുക്കപ്പട്ടികയെക്കാൾ ഉപയോഗിക്കപ്പെടുന്നത്
കുറ്റത്തിന്റെ ഒരു സമവാക്യമാണ്‌.

തലച്ചോറും ഹൃദയവും പോരടിക്കുന്ന കളത്തിലെ
സ്കോർബോർഡിന്റെ പേരാണു ജീവിതം.

കാറ്റ് നാസാരന്ധ്രങ്ങളിലൂടെ ഒരു കുരുക്കിട്ട് നിന്നെ
അന്തരീക്ഷത്തോടു കെട്ടി നിർത്തിയിരിക്കയാണ്‌.

7 comments:

  1. രാജ്... വീണ്ടും എഴുതി തുടങ്ങിയിരുന്നോ...

    നല്ലത്. പഴയ ടീമുകളെല്ലാം തന്നെ എഴുത്ത് ഏതാണ്ട് ഉപേക്ഷിച്ച നിലയാണ്.

    തുടരൂ... ആശംസകള്‍!

    ReplyDelete
  2. എത്ര ശരികള്‍ ..

    ആശംസകള്‍

    ReplyDelete
  3. എത്ര ശരികള്‍ ..

    ശുഭാശംസകള്‍........

    ReplyDelete
  4. ശ്രീ,
    Rathish Babu,
    സൌഗന്ധികം,
    ദിലീപ്,
    അനൂപ്,

    എല്ലാവർക്കും നന്ദി :)
    (ഒത്തിരിക്കാലം കൂടിയാ ഇത്രേം കമന്റ് ഇവിടെ കിട്ടുന്നത്. ഒത്തിരി സന്തോഷം. ശ്രീച്ചേട്ടൻ നമ്മളെ മറന്നില്ലെന്നത് തരുന്ന സന്തോഷം ചില്ലറയല്ല.)

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'