"... ആം തീയതി രാവിലെ പതിനൊന്നു മണിയോടെ മാമ്പൂക്കര പടിഞ്ഞാറ്റതില്‍ രാമകൃഷ്ണന്റെ വീട്ടില്‍ അസ്വാഭാവിക മരണം നടന്നതായി മാമ്പൂക്കര സ്റ്റേഷനില്‍ വിവരം ലഭിച്ചതിന്‍പടി എസ്.ഐ സുരേഷ് കുമാര്‍ കെ, ഹെഡ് കോണ്‍സ്റ്റബിള്‍ ഹസ്സന്‍ റാവുത്തര്‍, കോണ്‍സ്റ്റബിള്‍മാരായ ടി. യു. ജോസഫ്, മുകുന്ദന്‍ നായര്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് പാര്‍ട്ടി സംഭവസ്ഥലം സന്ദര്‍ശിച്ചതില്‍ രാമകൃഷ്ണന്റെ മകള്‍ പതിനാലു വയസ്സുള്ള സ്നേഹ സ്വഭവനത്തിലെ കിടപ്പുമുറിയില്‍..."
എസ് ഐ മഹസ്സര്‍ ഒന്നുകൂടി വായിച്ചുകേട്ടു.
************
"രാമേര്‍ഷ്‌ണന്‍ എന്നാലും എന്തിനാ അതു ചെയ്തെ?"
മൊയ്തീന്‍ മൗനമായി നടക്കുകയല്ലാതെ കുഞ്ഞഹമ്മദിന്റെ ചോദ്യത്തിനുത്തരം പറഞ്ഞില്ല. ഇരുവരും ഒരേ വേഗത്തില്‍ രാമകൃഷ്ണന്റെ വീടിനെ ലക്ഷ്യമാക്കി നടപ്പു തുടര്‍ന്നു.
ഇല്ലിമുള്ളുകള്‍ വേലി തിരിച്ച ഇടവഴിയും താണ്ടി അവര്‍ വീടിനടുത്തെത്തി. നാടു മുഴുവന്‍ ആ ചെറിയ മുറ്റത്തു കൂടി നില്‍ക്കുന്നു. വന്നവരെല്ലാം നാലും അഞ്ചും ആളുള്ള സംഘമായിച്ചേര്‍ന്നുനിന്ന് അടക്കം പറയുന്നു. ഏതാനും യുവാക്കള്‍ അയല്‍പക്കത്തു നിന്നും കുറെ കസേരകള്‍ സംഘടിപ്പിച്ച് മുറ്റത്തു കൊണ്ടുവന്നിട്ടു. ഖദര്‍ ധരിച്ച പഞ്ചായത്ത് മെമ്പര്‍ അഷറഫ് പതിവുപോലെ തിരക്കിട്ട് ഓടി നടക്കുന്നു. നാട്ടുകാരോട് അതുമിതും സംസാരിക്കുന്നു. ഇടയ്ക്ക് ഫോണെടുത്ത് ആരോടൊക്കെയോ കലമ്പുന്നു.
"എപ്പഴാരുന്നു സംഭവം?" കൂടി നിന്നവരില്‍ ആരോ ഒരാളോട് കുഞ്ഞഹമ്മദ് അന്വേഷിച്ചു.
"രാവിലെയെങ്ങാണ്ടാ.."
സ്ത്രീകള്‍ മുഖം പൊത്തിയും കണ്ണീര്‍ തുടച്ചും തേങ്ങലമര്‍ത്തിയും വന്നും പോയുമിരിക്കുന്നു.
"കണ്ടവര്‍ കണ്ടവര്‍ അവിടെ കൂടിനില്‍ക്കാതെ മാറിനില്‍ക്ക്.!" മെംബര്‍ അഷറഫ് കല്‍പ്പിച്ചു.
രാമകൃഷ്ണന്റെ വീടിന്റെ ഇടത്തെ കിടപ്പുമുറിയുടെ ജനാലയിലൂടെ അകത്തേക്കെത്തിനോക്കി നിന്നിരുന്ന ആള്‍ക്കൂട്ടം ഒന്നിളകി. വന്നവര്‍ വന്നവര്‍ ഒന്നുള്ളിലേക്കുനോക്കി നിന്നിട്ട് പിന്‍വാങ്ങി.
"പോലീസെത്തി.. പോലീസെത്തി...!" ആരൊക്കെയോ പിറുപിറുത്തു. നീലനിറമുള്ള ജീപ്പ് ഇടവഴിക്കുതാഴെവന്ന് ഒരു ഇരമ്പലോടെ കിതച്ചു നിന്നു. കൂട്ടം കൂടി നിന്ന് അടക്കം പറഞ്ഞവര്‍ നിശ്ശബ്ദരായി. എസ്.ഐയും മൂന്നാലു പോലീസുകാരും കൂടി മുറ്റത്തേക്കു കയറിവന്നു.
"ആ എല്ലാരും ഒന്നൊതുങ്ങി നിന്നേ!" മെംബര്‍ കല്‍പ്പിച്ചു. ആള്‍ക്കൂട്ടം വഴിയൊതുങ്ങി. പൊലീസ് സംഘത്തോടൊപ്പം വീടിനുള്ളിലേക്ക് കയറാനൊരുമ്പെട്ട മെംബറോട് എസ്.ഐ തിരക്കി.
"താനാരാ?"
"വാര്‍ഡ് മെംബര്‍. അഷറഫ്"
"എന്നാ മെംബറങ്ങു മാറി നില്ല്."
ജാള്യം പുറത്തു കാട്ടാതെ അഷറഫ് ഒതുങ്ങി നിന്നു. പൊലീസുകാര്‍ അകത്തേക്കു കയറി. രണ്ടു മുറിയും അടുക്കളയുമുള്ള സിമന്റ് ഇഷ്ടിക കൊണ്ടു പണിത് ചുമര്‍ തേയ്ക്കാത്ത ആസ്ബറ്റോസ് മേഞ്ഞ വീട്. മുന്നിലത്തെ മുറിയില്‍ ഒരു കസേരയില്‍ മണിക്കൂറുകളായി രാമകൃഷ്ണന്‍ ഒരേയിരിപ്പ്. അയാള്‍ ഇരു കൈകളും പിണച്ചുവെച്ച് അകലത്തെങ്ങോ മിഴിനട്ടിരിക്കുന്നു. അടുക്കളയില്‍ ഏതാനും സ്ത്രീകള്‍ നിലത്തിരിക്കുന്നു. നടുവില്‍ തളര്‍ന്നു പരിക്ഷീണയായി ഒരു പേക്കോലം പോലെ രാമകൃഷ്ണന്റെ ഭാര്യ കിടക്കുന്നു.
പൊലീസ് സംഘം കിടപ്പുമുറിയില്‍ കടന്നു. വിലകുറഞ്ഞ ഏതോ ലോഷന്റെ മണവും മരണത്തിന്റെ ശാന്തമായ തണുപ്പുമുള്ള മുറി. ഒരു കട്ടില്‍. അതില്‍ വലിച്ചുവാരിയിട്ടിരിക്കുന്ന കുറെ തുണികള്‍. മേശ. അതിന്മേല്‍ കുറെ പുസ്തകങ്ങളും പഴയ ചില മാസികകളും. കഴിച്ച ഭക്ഷണത്തിന്റെ വറ്റ് ഉണങ്ങിപ്പിടിച്ച ഒരു പാത്രം നിലത്ത്. അതിനടുത്ത് ചുരുണ്ട് കിടന്ന ഒരു കിടക്കവിരി എസ് ഐ കെയിന്‍ കൊണ്ട് നീക്കി. മൂത്രത്തിന്റെ ഗന്ധം ഉണര്‍ന്നു പരന്നു.
പൊലീസുകാര്‍ തലയില്‍ നിന്നു തൊപ്പി എടുത്തു. എസ് ഐ ഒരു മിനിറ്റ് എല്ലാം ഒന്നു ശ്രദ്ധിച്ചു നോക്കി. കഴുക്കോലില്‍ നിന്ന് കുടുക്കിയിട്ടിരിക്കുന്ന കയറിന്റെ ഇങ്ങേയറ്റത്ത് തൂങ്ങിയാടുന്ന പെണ്‍കുട്ടിയുടെ ജഡം. രാമകൃഷ്ണന്റെ മകള്‍ സ്നേഹ. അവളുടെ വരണ്ടു ചെമ്പിച്ച മുടിയിഴകള്‍ ചിലതു മുഖത്തേക്കു വീണു കിടന്നു. അവയ്ക്കിടയിലൂടെ തുറിച്ച രണ്ടുകണ്ണുകള്‍ ലോകത്തോടുള്ള പ്രതിഷേധം പോലെ എവിടെയോ തറഞ്ഞു നിന്നു. ഒട്ടിയ കവിളില്‍ എല്ലുകള്‍ തെളിഞ്ഞു കണ്ടു. മുക്കാലും വെളിയിലെന്ന പരുവത്തില്‍ തടിച്ചുവീര്‍ത്ത നാവ് അവള്‍ കടിച്ചു പിടിച്ചിരുന്നു. കോച്ചിക്കൂടിയ രണ്ടു കൈകള്‍ മരണത്തിനു മുന്‍പുള്ള ഏതോ പിടച്ചിലില്‍ അവ്യക്തവും വിരൂപവുമായ ഒരാംഗ്യം കാണിച്ചു നിന്നു. ജാനാലയ്ക്കപ്പുറത്തു നിന്നെത്തിനോക്കിയ വെളിച്ചം നീളന്‍ പാവാടയ്ക്കുള്ളിലെ മെലിഞ്ഞു വളഞ്ഞ കാലുകളുടെ നിഴല്‍ക്കാഴ്ചയൊരുക്കി.
പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത ശേഷം എസ് ഐ രാമകൃഷ്ണന്റെ അടുത്തെത്തി.
"ആരാണിതു ചെയ്തത്?"
"ഞാന്‍ തന്നെയാ സാറെ." അലക്ഷ്യമായ ആ നോട്ടം പറിക്കാതെതന്നെ രാമകൃഷ്ണന്‍ മറുപടി പറഞ്ഞു.
തെല്ലിട നേരത്തെ മൗനത്തിനൊടുവില്‍ രാമകൃഷ്ണന്‍ മുഖമുയര്‍ത്തി എസ് ഐയെ നോക്കി. അയാളുടെ മുഖം വലിഞ്ഞു മുറുകി. കണ്ണുകള്‍ ചെമന്നീറനായി.
"കൊന്നു സാറെ.. ഞാന്‍ കൊന്നു സാറെ.. എന്റെ മോളെ ഞാന്‍ കൊന്നു സാറെ!!"
അടക്കിവെച്ചിരുന്ന അയാളുടെ മന:സംഘര്‍ഷങ്ങള്‍ അണപൊട്ടിയൊഴുകി.
"കെടന്നു കരയാതെടോ!" കോണ്‍സ്റ്റബിള്‍ പറഞ്ഞു.
"അഹ്... അതെ.. കരഞ്ഞിട്ടെന്തിനാ..? ഒരു കാര്യവുമില്ല.. ഒരു കാര്യവുമില്ല. എന്റെ കുടുംബം കുറ്റിയറ്റു പോയില്ലേ? എന്റെ മോനും മോളും... അയ്യോ! പോയില്ലേ? എന്നെക്കൂടി കൊന്നേക്ക്! ഞാനിനി എന്തിനാ ജീവിച്ചിരിക്കുന്നെ? എന്തിനാ ഞങ്ങക്കിങ്ങനെ ഒരു ജന്മം തന്നെ? അയ്യോ!" അയാള്‍ തലയറഞ്ഞു കരഞ്ഞു.
"അരി മേടിക്കാന്‍ വയ്യാത്തവനെങ്ങനാ ചികില്‍സിക്കുന്നേ? ദൈവം തന്ന ദീനമാണോ? അല്ലല്ലോ? മുടിക്കുവല്ലേ .. ഈ നാടു മുടിക്കുവല്ലേ? എന്റെ പൊന്നു മക്കളേ! എന്റെ മോന്‍.. സംഗീത്.. അവന്‍ പണ്ടേ പോയി... പിച്ച വെയ്ക്കുന്നേന്നു മുന്‍പെ അവന്‍ പോയപ്പോ... ദൈവം തരാഞ്ഞതാ എന്നോര്‍ത്തു. എന്റെ മോള്‍.. അവള്‍.. നടക്കാന്‍ മേല.. എടുക്കാന്‍ മേല.. ഒരു ഇത്തിരി വെള്ളം കുടിക്കാന്‍ പോലും മേലാതെ.. അവളു നരകിക്കുന്നതു കണ്ടപ്പോ.. സഹിച്ചില്ല സാറേ.. അവള്‍ടെ അമ്മ... തീര്‍ന്നു.. അവളും തീര്‍ന്നു... സ്നേഹമോള്‍ നരകിച്ചില്ലേ.. പതിനാലു വര്‍ഷം നരകിച്ചില്ലേ എന്റെ പൊന്നു മോള്‍! കൊന്നു സാറെ.. ഞാന്‍ എന്റെ പൊന്നിനെ കൊന്നു സാറെ. നോക്കിക്കേ... എന്റെ മോള്‍ക്കിപ്പോ വേദനയില്ല... സങ്കടമില്ല.. ദാഹമില്ല.. വിശപ്പില്ല.. അവളെ വയറു നിറയെ ഞാന്‍ ഊട്ടി സാറെ, ഇന്നു ഞാന്‍.. എന്നിട്ട്...!!!"
************
"... കൂലിപ്പണിക്കാരനായ ടിയാന്റെ കുടുംബം ദീര്‍ഘകാലമായി എന്‍ഡോസള്‍ഫാന്‍ മൂലമുള്ള ദുരിതങ്ങളാല്‍ കഷ്ടതയനുഭവിച്ചു വന്നിരുന്നതാണ്. ടിയാന്റെ ഭാര്യ ലീല രക്താര്‍ബുദം ബാധിച്ചു ചികില്‍സയിലാണ്. ആദ്യ സന്തതി അസുഖം മൂലം വര്‍ഷങ്ങള്‍ക്കു മുന്‍പേ മരിച്ചു പോയിട്ടുള്ളതുമാണ്. ഇളയ മകള്‍ സ്നേഹ, അംഗവൈകല്യവും ബുദ്ധിമാന്ദ്യവും വളര്‍ച്ചക്കുറവും മൂലം കഷ്ടത അനുഭവിച്ചിരുന്നു. അടുത്ത നാളുകളില്‍ ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത വിധം ഗുരുതരാവസ്ഥയിലായിരുന്നു. മേല്‍വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ടി രാമകൃഷ്ണനെ ചോദ്യം ചെയ്തതില്‍ ടിയാന്‍ കുറ്റം ഏല്‍ക്കുകയും...."
A simple protest, Congratulations..
ReplyDeleteഅതെ.. മരണം വിതച്ചും കൊയ്തും എന്‍ഡോസള്‍ഫാന്‍ മുന്നേറുന്നു.
ReplyDeleteഎന്തു കണ്ടാലിനി അധികൃതരുടെ കണ്ണ് തുറക്കുക.
കാലത്തിനൊത്ത പോസ്റ്റ്..
അഭിനന്ദനങ്ങള്‍!
നന്നായിട്ടുണ്ട്
ReplyDeleteമനോഹരമായ പ്രധിഷേധം.
ReplyDeleteകാലിക പ്രധാന്യമുള്ള കഥ , പക്ഷെ ഒന്നുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു .ആശംസകള്‍ .
ReplyDelete