ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-7
കഴിഞ്ഞ കഥ
“പ്രേമിച്ചിട്ടില്ലേന്നോ? എന്തര് ച്വാദ്യങ്ങളണ്ണാ..!” ഞാന്‍ നീട്ടിയൊന്നു ചിരിച്ചു. എന്റെ ആക്കലില്‍ പ്രദീപ് ഒന്നുലഞ്ഞെന്നു തോന്നി. ഞാന്‍ സീരിയസ്സായി. “പ്രേമിക്കാത്ത ആമ്പിള്ളാരുണ്ടോ മാഷെ? സ്കൂളില്‍ പഠിക്കുന്ന കാലത്ത് വെളുത്തു കൊലുന്നനെയുള്ള ആ പെണ്‍കുട്ടിയുടെ കമ്മലിലെ ചുവന്ന കല്ലില്‍ കണ്ണുടക്കിയ കാലം മുതല്‍ ഞാനും താനുമൊക്കെ നിശ്ശബ്ദമായും ഉറക്കെയുമൊക്കെ ഓരോരുത്തരെ പ്രണയിക്കുകയല്ലേ...”
“അപ്പം കഴി!” പ്രദീപിനെ ഞാന്‍ ഓര്‍മ്മിപ്പിച്ചു. “..ആ പിന്നെ, സ്നേഹിക്കാന്‍ ഏതു മരങ്ങോടനും പറ്റും. അതു തിരിച്ചു കിട്ടുന്നവനാണ് ശെരിക്കും ആപ്പീസര്‍. ഇപ്പൊ എന്തോന്ന് അങ്ങനെയൊക്കെ പ്രതീക്ഷിക്കാന്‍? എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ്. മൊബൈല്‍ ഫോണിലെ റിങ്ടോണിന്റെ അവസ്ഥയാ മനുഷ്യനും ബന്ധങ്ങള്‍ക്കും. ഔട്ട്ഡേറ്റഡ് ആണെന്നു തോന്നുക പോലും വേണ്ട, ചുമ്മാ ഡിലീറ്റ് ചെയ്തു കളയും. എനിക്കു പേടിയാ മാഷേ, സത്യത്തില്‍, പ്രേമിക്കാന്‍!”
“ഓ.. എന്നുവെച്ചാല്‍ രാജ് ഇന്നുവരെ ആരേം ഇഷ്ടപ്പെട്ടിട്ടില്ല എന്നാണോ?”
“ആരു പറഞ്ഞങ്ങനെ? ഞാന്‍ പറഞ്ഞില്ലെ, ഒരാളെ ഇഷ്ടപ്പെടാനും അല്ലെങ്കില്‍ രഹസ്യമായിട്ടെങ്കിലും പ്രണയിക്കാനോ ആരുടെയും അനുവാദം വേണ്ടല്ലോ? എഹ്.? ”
“പോഡേ, പോഡേ, വെളവെറക്കാതെ പോഡേ. എടോ, തന്റെ മൊഖത്തെ ഓഞ്ഞ ഇളി കണ്ടാലറിയാം താനെന്തോ ഒളിപ്പിക്കുന്നുണ്ടെന്ന്. ഇത്രെം നാളത്തെ പരിചയം കൊണ്ട് പറയുന്നതാ, താന്‍ നൊണ പറഞ്ഞാല്‍ ‘ദേ ഇപ്പറഞ്ഞതു നൊണയാണേ’ന്ന് നിന്റെ മുഖത്തു തെളിഞ്ഞുവരും!”
“ഓ.. തോറ്റു. പക്ഷേ ഞാന്‍ അങ്ങനെ ഒരു ഫുള്‍ സെറ്റപ്പ് പ്രേമത്തിലൊന്നും പെട്ടിട്ടില്ല മാഷേ....” പ്രദീപ് ഇടയ്ക്കു കയറി-“ഏ? അതെന്നാ ഈ ഫുള്‍ സെറ്റപ്പ് പ്രണയം? അപ്പോ ബാംഗ്‌ളൂര് എന്തെങ്കിലും ഡിങ്കോള്‍സിഫിക്കേഷന്‍..?”
“പ്‌ഭാ...! ഇതെന്നാ ഇങ്ങേര്‍ക്കു കള്ളു തലയ്ക്കു പിടിച്ചോ? എന്റെ അര്‍ച്ചനച്ചേച്ചീ..! നിങ്ങടെ ജീവിതം കട്ടപ്പൊക! എന്റെ പൊന്നുക്ണാപ്പേ... നമ്മടെ ഒരു സെറ്റപ്പിനൊത്ത ഒരു ആളെ കാണാഞ്ഞിട്ടു തന്നെയാ.” അടുത്ത കൊട്ട് എവിടെയാ എന്നയര്‍ത്ഥത്തില്‍ ഞാന്‍ പ്രദീപിന്റെ മുഖത്തേക്കു നോക്കി.
“പ്ലീസ്, എലാബറേറ്റ് ഓണ്‍..”
“നമ്മടെ സെറ്റപ്പെന്നു പറഞ്ഞാ നമ്മടെ പേഴ്സനല്‍ പ്രിഫറന്‍സുകള്‍. എന്നു പറഞ്ഞാല്‍ ഈ ചുമ്മാ ഒരു നേരമ്പോക്കിനു വേണ്ടി പെണ്ണുങ്ങളുടെ പിന്നാലെ പോകുന്നത്..ഏയ്.. അതൊന്നും അത്ര സുമാറുള്ള കാര്യവല്ല എന്നാ എന്റെയൊരഭിപ്രായം. പിന്നെ അങ്ങനെ വെറുതെ കമ്പനിയടിച്ചു നടക്കാനായിരുന്നെങ്കില്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്തു തന്നെ ആകാമായിരുന്നല്ലോ. അന്നു കരുതിയിരുന്നത് സ്വന്തം കാലില്‍ നിക്കാനും ഒരു കുടുംബം നോക്കാനുമുള്ള ആമ്പിയറായാലേ ഒരു പെണ്ണിനെ ഇഷ്ടപ്പെടാനുള്ള ധാര്‍മ്മികാവകാശം ഉണ്ടാകൂ എന്നായിരുന്നു. പിന്നെ ജോലിയും വരുമാനവുമെല്ലാമായിക്കഴിഞ്ഞ്ഞപ്പോളേക്കും അങ്ങനെ സ്വന്തം ഇഷ്ടപ്രകാരമല്ല ഇമ്മാതിരി കാര്യങ്ങള്‍ ഒക്കെ നടത്തുന്നത് എന്നു തോന്നി.”
“കോളേജില്‍ പഠിച്ചിരുന്ന കാലത്തേ നീയിങ്ങനെയൊക്കെ ചിന്തിച്ചോ? ഭയങ്കരനാണല്ലോ നീ? ആദര്‍ശവാദിയാ?”
“ആക്കാതെ മാഷേ, ഒരു വശത്ത് ആദര്‍ശമോ മണ്ണാങ്കട്ടയോ എന്തു കുന്തമോ അത്. പിന്നെ ആത്മാര്‍ഥമായി പറഞ്ഞാ ഇച്ചിരെ പേടിയും ഉണ്ടായിരുന്നു എന്നു കൂട്ടിക്കോ. കോളേജില്‍ എല്ലാവരും സുഹൃത്തുക്കള്‍. അതിനെടേക്കൂടെ ഞാന്‍ ഏതേലും ഒരുത്തിയെ തപ്പിപ്പിടിച്ചു ലൈനാക്കി ഏതെങ്കിലും ഒരു തൂണിന്റെയോ മരത്തിന്റെയോ ചോട്ടില്‍ പോയി നിന്നു നേരം കളഞ്ഞാരുന്നെങ്കി ഇന്നോര്‍ക്കാന്‍ ഒരു പക്ഷേ മാനസമൈനേ വരൂ എന്ന പാട്ടു മാത്രമേ കാണത്തൊള്ളാരുന്നൊള്ളൂ. ഞാന്‍ കണ്ടിട്ടുള്ള കോളേജ് ലൈനുകള്‍ മിക്കതും ഫ്രന്‍ഡ്‌ഷിപ് കില്ലേഴ്സ് ആയിരുന്നു. നമ്മളെന്തിന് പെണ്ണുകമ്പനിക്കായി ബാക്കിയുള്ളവരുമായ ഇന്ററാക്‌ഷന്‍ കളയണം? പിന്നെ, ഒരു ജീവിതമാര്‍ഗ്ഗവും സെറ്റപ്പുമൊന്നുമില്ലാതെ എങ്ങനാ ഒരു പ്രേമബന്ധമൊക്കെ...?”
“അതു ചോദ്യം. അല്ല, തമാശയ്ക്കു പോലും ഒരു സെറ്റപ്പ് കോളേജില്‍ ഇലാരുന്നു അല്ലെ? നിന്നെപ്പോലെ ഒരു ഗിടുതാപ്പന്‍ വ്യക്തിത്വത്തിന് ഉറപ്പായും കാണേണ്ട ഒരൈറ്റമാണല്ലോ അത്..? എന്നതേലുമാട്ടെ, അപ്പോ കോളേജങ്ങനെ തീര്‍ന്നു എന്നു ഞാന്‍ കരുതിക്കൊള്ളാം. പിന്നെയും കടന്നുപോയല്ലോ വര്‍ഷം പലത്? ഇക്കാലമൊന്നും ആരോടും ഒര് ‘ഇതു’തോന്നിയില്ലേടാ ഉവ്വേ?”
കുടത്തില്‍ വീണ്ടും കള്ളു നിരന്നു. ഒപ്പം പ്ലേറ്റില്‍ കരിമീന്‍ ഫ്രൈയും കപ്പയും. “പതുക്കെ പിടിച്ചാ മതി കെട്ടോ.” എന്നെ ഒന്നോര്‍മ്മപ്പെടുത്തി പ്രദീപ് വീണ്ടും കഥയ്ക്കു കാതോര്‍ത്തു.
അതു കേക്കാത്ത പോലെ പുതിയ സെര്‍വ് ഞാന്‍ എടുത്തൊന്നു പിടിച്ചു. ചൂണ്ടുവിരല്‍ കൊണ്ട് മാങ്ങാ അച്ചാറില്‍ ഒന്നു മുക്കി നക്കി. “സൊയമ്പന്‍ അച്ചാര്‍!.” എരിവാസ്വദിച്ചു-“ശ്..ശ്ശ്.. ” എന്നിട്ടൊന്നു കൂടി മോന്തി ഞാന്‍ തുടര്‍ന്നു:
“ഹ്ഹേയ്.. പിന്നെ ആരോടെങ്കിലുമൊക്കെ ഒരു ‘ഇതു’ തോന്നിയില്ലേല്‍ ശരിയാവില്ലല്ലോ. തോന്നിയിട്ടുണ്ട്. ചിലരെ കാണുമ്പോ കക്ഷി കൊള്ളാമല്ലോ എന്നൊക്കെ തോന്നാറില്ലെ? അമ്മാതിരി. പിന്നെ ചിലപ്പോ അതും കഴിഞ്ഞ് ചില ആള്‍ക്കാരോട് ഒരു ‘വല്ലാത്ത അട്രാക്‍ഷന്‍’ തോന്നില്ലേ? അതും ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും ഒരു ലൈഫ് ആകുമെന്നു തോന്നിയില്ല. നമുക്ക് ഒക്കില്ല എന്നു തോന്നുന്ന ഒരു കേസ് നമ്മളു പിടിക്കുന്നതെന്തിനാ? അതുകൊണ്ട് ഇതുവരെ അങ്ങനെ ഒന്നും നടന്നില്ല. ഒരു ഫ്രീ ബേഡിനെപ്പോലെ അസ്സലായി വായിനോക്കി ജീവിക്കുന്നു. നല്ല കേസുവല്ലോം കണ്ടാ പിടിച്ചേക്കാം. ഒരു ‘നോ റിസ്ക്’ പ്രണയമൊക്കെയേ ന്നമ്മളു താങ്ങുവൊള്ളൂ മാഷെ. വിപ്ലവം തീരെ വയ്യ.”
“തിങ്കിങ് ഇന്‍ ബ്രോഡ് സ്പെക്ട്രം! ന്ന്വച്ചാല്‍ പ്രേമിച്ചു കഴിഞ്ഞാ പിന്നെ കെട്ടാതെ പറ്റില്ല എന്ന്.. അതായതു ‘ആത്മാര്‍ഥത’ എന്നു പറയുന്ന സാധനം. ഓക്കെ. നല്ലതു തന്നെ. പിന്നെ ഒരു വശത്തു ധൈര്യക്കൊറവ്. ഒരു മുട്ടിടി. പൊന്നുമോനെ ‘മെലിഞ്ഞു നിക്കുന്നവന്‍ വലിഞ്ഞടിക്കു’മെന്നാ പറയാറ്. നീയൊക്കെ കച്ചമുറുക്കിയിറങ്ങിയാലൊണ്ടല്ലോ ഈപ്പറഞ്ഞ ആദര്‍ശോം പേടീമൊക്കെ വെള്ളത്തീ വരച്ച വര പോലെയാകും. അതൊക്കെ ഇപ്പ തോന്നുന്നതാ. പിന്നെ ഇമ്മാതിരി കാര്യങ്ങളില്‍ അധികമാരുടേം സെന്റിമെന്റ്സും ഹൃദയസ്പന്ദനവും അവതാളത്തിലാക്കണ്ട എന്നൊരു വിചാരമുള്ളതു നല്ലതൊക്കെത്തന്നെ. പക്ഷേ അങ്ങനെ വിചാരിച്ചുകഴിഞ്ഞാ ചെലപ്പോ തത്ത്വോം കെട്ടിപ്പിടിച്ച് ഇരുന്നുപോകാനും മതി. നിനക്കു പ്രേമത്തിന്റെ രുചി അറിയണോ, കളത്തിലോട്ടെറങ്ങ്. ദാറ്റ്സാള്‍, ബാക്കി പിന്നാലെ വന്നോളും!”
“ഉവ്വ! കളത്തിലിറങ്ങി! മാങ്ങാത്തൊലി! മത്തങ്ങാക്കുരു! ആദ്യമേ പണിയൊക്കെയൊന്നു സെറ്റിലാകട്ടെ. ഇപ്പോ അങ്ങു കേറിയതല്ലേയുള്ളൂ. ഒന്നു പയറ്റിത്തെളിഞ്ഞ് കാലുറയ്ക്കട്ടെ...”
പ്രദീപ് ഇടയ്ക്കു കയറി-“ഏ? ഏ...? എന്തുവാ..? ആദ്യം കോളേജു പറ്റത്തില്ല. ജീവിതമാര്‍ഗ്ഗം വേണം. പിന്നെ നോ-റിസ്ക് ബന്ധം വേണം. പിന്നെ ഇപ്പോ ദേ, അവനു ജോലി കൊറച്ചൂടെ സെറ്റില്‍ ആക്കണം പോലും. നിനക്കൊന്നും പ്രേമിക്കാന്‍ വിധിയില്ലെടാ. ചുമ്മാ സ്വപ്നം കാണാനേ പറ്റൂ. അവസാനം ഒരു അറേഞ്ജ്ഡ് കല്യാണത്തിന്റെ ഒടുക്കം നിന്റെ തിളങ്ങുന്ന ഈ ബാച്ചിലര്‍ കുപ്പായം ഊരിവെച്ചിട്ട് നീ മണിയറയിലേക്കു തലകുനിച്ചു നടന്നുപോകും. മണ്ടങുണാപ്പന്‍! എന്‍ജൊയ് മാന്‍, ഈച് ആന്‍ഡ് എവ്‌രി മൊമെന്റ് ഒഫ് ബാച്ലര്‍ ലൈഫ് ഇസ് പ്രെഷ്യസ്. എന്‍ജോയ് ഇറ്റ് റ്റു ദ് ഫുള്ളസ്റ്റ്. എത്സ് യു വില്‍ റിഗ്രറ്റ് ഇറ്റ് ലേറ്റര്‍. ഇറ്റ്സ് ദ് ഓണ്‍ലി ടൈം വെന്‍ യു കന്‍ ഡൂ വാ...ട്ടെവര്‍ യു ലൈക്..!!”
“ആന്നോ..? ആന്നെങ്കിലും ഏതു തരികിടയും കേറിയങ്ങു പിടിക്കാന്‍ പറ്റുമോ മാഷേ?”
“അതില്ല. ഞാന്‍ പറഞ്ഞത് ഈ യൂത്തിങ്ങനെ വേസ്റ്റാക്കരുതെന്നാ. അസ് എ ഗുഡ് ഫ്രണ്ട്ട് , ഹൌ കന്‍ ഐ ലീഡ് യു റ്റു സംതിങ് റോങ്ങ്?”
പിന്നെ എന്തു പറഞ്ഞു?
ആര്പ്പോന്നു കൂവി, ആര്‍ത്തൊന്നു പാടി,
പഴങ്കഥയോതി, കളിവാക്കു ചൊല്ലി,
കള്ളം പറഞ്ഞുമൊന്നോടിത്തിമിര്ത്തും
ആകെച്ചിരിച്ചുമൊരല്പം കരഞ്ഞും...
Saturday, February 14, 2009
Wednesday, January 28, 2009
പിരിയുന്നേരം - ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-6
കഴിഞ്ഞ കഥ
"സന്തോഷമായി എനിക്ക്. എന്നെ ഈ നേരത്ത് ഓര്‍ക്കാനും വിളിക്കാനും തോന്നിയല്ലോ? പിന്നെ, ഞാന്‍ ..കുറെ കാര്യങ്ങള്‍ സംസാരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അന്ന്, ഞാന്‍ വെല്യ ചതിയാണ് ചെയ്തതെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഇത്രയധികം എന്നെ സ്നേഹിക്കുന്ന ഒരാളെ വേണ്ടെന്നു വെയ്ക്കുന്നതും ആത്ര ഈസി കാര്യമല്ലായിരുന്നു. പക്ഷേ..."
“ശപിക്കപ്പെട്ട ദിവസങ്ങള്‍ എന്നാണു ഇന്നും ഞാന്‍ ആ സമയത്തെക്കുറിച്ച് വിചാരിക്കുന്നത്. ആഹ്... എന്തു പറയാന്‍..? വീട്ടില്‍ കാര്യങ്ങള്‍ മോശമായിരുന്നു എന്ന് അറിയാമല്ലോ? ആങ്ങള ജോലിയൊന്നുമില്ലാതെ തെണ്ടിത്തിരിഞ്ഞു നടന്ന് അവസാനം സ്വന്തം ജീവിതം കൈവിട്ടു കളഞ്ഞു. എന്നെയും അനിയത്തിയെയും അവന്‍ രക്ഷപെടുത്തും എന്നൊരു വിശ്വാസമുണ്ടായിരുന്നു അച്ഛന്. കുറെ നാള്‍ ജോലി തപ്പി നടന്നും പിന്നെ അവിടെയും ഇവിടെയുമെല്ലാമായി പല പല പണികള്‍ ചെയ്തും അവന്‍ സര്‍വൈവ് ചെയ്തു നിന്നു. വീട്ടിലെ കഷ്ടപ്പാടുകള്‍ കൂടി വന്നു. ആയിടെ അമ്മയ്ക്കു അസുഖവും കാര്യങ്ങളും. അച്ഛന്‍ തന്നെ എല്ലാം കൂട്ടിയാല്‍ കൂടില്ല എന്നായി. കാന്‍സര്‍ സെന്ററിലേക്കുള്ള പതിവു യാത്രകള്‍. അവസാനം റോഡിനോട് ചേര്‍ന്നുള്ള അഞ്ചു സെന്റ് സ്ഥലം വില്‍ക്കേണ്ടി വന്നു, അമ്മയെ ചികില്‍സിച്ച വകയിലെ കടബാധ്യതകള്‍ തീര്‍ക്കാന്‍. എന്നിട്ടമ്മയെ രക്ഷപെടുത്താനും പറ്റിയില്ല. അറിയാമല്ലോ, അന്നത്തേ കാര്യങ്ങളൊക്കെ?”
പ്രദീപിന്റെ മുഖത്തു മൗനം കനത്തു കിടന്നു. അലക്ഷ്യമായി റോഡിലേക്കു നോക്കി അവന്‍ കേട്ടു നിന്നു.
"വറുതി പോലെ തന്നെ! കുറച്ചു റബ്ബര്‍ ഉണ്ടായിരുന്നതു കൊണ്ട് ഒരുകാലത്തും കഞ്ഞിക്കു മുട്ടു വന്നില്ല. എന്നാലും ജീവിതം എങ്ങുമെത്തില്ല എന്നു തോന്നിയിരുന്നു. വല്ലവിധേനയും ഞാന്‍ എം.കോം കമ്പ്ലീറ്റ് ചെയ്തൂന്നു പറഞ്ഞാല്‍ മതി. പക്ഷേ, അനിയത്തിയുടെ പഠനം മുടങ്ങി. അജിത്താണെങ്കില്‍ കുടുംബത്തിന് ഒരു ഉപകാരവുമില്ലാതെ നടക്കുന്നു. രാവിലെ ടൗണില്‍ പോകും. ഒരു കൂട്ടുകാരന്റെ കടയുണ്ട്. അവിടെയും ഗോഡൗണിലും അല്ലറചില്ലറ പണികള്‍ ഒക്കെ ചെയ്യും. വൈകുന്നേരം അവന്റെ ചെലവിനുള്ളതു കിട്ടുമെന്നല്ലാതെ അതുകൊണ്ട് നയാ പൈസയുടെ ഉപകാരം ഉണ്ടായിട്ടില്ല. എന്നും കുറെ കമ്പനിയും ചുറ്റിക്കറങ്ങലും മാത്രമായി അവന്റെ ലൈഫ്. എന്തിനേറെ, ഇടയ്ക്ക് ഒന്നു രണ്ടു ടെസ്റ്റ് എഴുതാന്‍ പോയപ്പോ ഒന്നു കൂടെ വരാമോ എന്നു ചോദിച്ചപ്പോ അതിനുപോലും വയ്യ. എന്തിനാ ദൈവമേ ഇങ്ങനെയൊരു കൂടപ്പിറപ്പിനെ തന്നതെന്നു പലപ്പോഴും കരഞ്ഞുചോദിച്ചിട്ടുണ്ട്. അവനിലും പ്രതീക്ഷ നഷ്ടപ്പെട്ടതോടെ അച്ഛനും തളര്‍ന്നു."
കയ്പ്പു നിറഞ്ഞ ഭൂതകാലം ഒരു ഗദ്‌ഗദമായി ഉയര്‍ന്നു വന്നു. മുറിഞ്ഞകന്ന വാക്കുകള്‍ക്കിടയിലൂടെ രണ്ടു കണ്ണീര്‍ത്തുള്ളികള്‍ കൂടി ഉതിര്‍ന്നു വീണു.
"അന്നെല്ലാം എന്റെയൊപ്പം ഉണ്ടായിരുന്നതു പ്രദീപ് മാത്രമാ. എന്തും തുറന്നു പറയാനും, വിഷമങ്ങള്‍ പങ്കു വെയ്ക്കാനും എല്ലാം ഒരു നല്ല ഫ്രണ്ടായിട്ട്... പ്രദീപിനും നല്ല ടഫ് ടൈം ആയിരുന്നല്ലോ. പരസ്പരം വേദനകള്‍ പങ്കു വെയ്ക്കുന്നതും ഒരു സുഖമാണെന്ന് അറിഞ്ഞത് അന്നാണ്. എഴുപത്തഞ്ചു പൈസയുടെ ഒരില്ലന്റിന് ഇത്രേം വിലയുണ്ടെന്ന് അറിഞ്ഞ നാളുകള്‍!! ഇഷ്ടപ്പെടാനും മോഹിക്കാനും അര്‍ഹതയില്ലാത്തവരായിരുന്നു നമ്മള്‍ രണ്ടും. എന്നാലും എന്തൊക്കെയോ നമ്മളെ തമ്മില്‍ അടുപ്പിച്ചു. ഒരു നാള്‍ നല്ല നിലയിലെത്തുമ്പോള്‍ എന്നെ ഒപ്പം കൂട്ടുമെന്നു നല്ല ഉറപ്പുമുണ്ടായിരുന്നു.പക്ഷേ വീട്ടിലെ സ്ഥിതി മറിച്ചായിരുന്നല്ലോ- ഞങ്ങള്‍ പ്രായം തികഞ്ഞ രണ്ടു പെണ്ണുങ്ങള്‍. അച്ഛനാണെങ്കില്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെയായി. എന്നും അജിത്തിനെ ഓര്‍ത്തു വിഷമിക്കുമായിരുന്നു. എന്തെല്ലാം പ്രതീക്ഷകളായിരുന്നു പഠിച്ചു വരുന്ന പ്രായത്തില്‍, അവനെപ്പറ്റി..! അവനിനി ഒരു തിരിച്ചുവരവുണ്ടാവില്ല എന്നറിഞ്ഞതോടെ പിന്നെ അച്ഛനു ഞങ്ങളെപ്പറ്റി മാത്രമായി ചിന്ത. ദൈവത്തിന്റെ കൃപ കൊണ്ട് ഈയൊരു ബാങ്ക് ടെസ്റ്റ് എഴുതിക്കിട്ടി. അന്ന്, ഈ ടെസ്റ്റ് എഴുതാന്‍ പോകുമ്പോ ആശേടെ കാതീക്കിടന്ന ഒരു തരി പൊന്നു പണയം വെച്ചിട്ടാ വണ്ടിക്കൂലിക്കു കാശുണ്ടാക്കീത്! ഒരു ജോലി കിട്ടുമെന്നറിഞ്ഞതോടെ ജീവിതത്തില്‍ ഒരു പ്രതീക്ഷയൊക്കെയായി. ഒന്നുമല്ലേലും ആശയ്ക്കെങ്കിലും നല്ല ഒരു ജീവിതം കിട്ടുമല്ലോ എന്നായിരുന്നു എന്റെ ചിന്ത."
വെയില്‍ പതിയെ ചാഞ്ഞു തുടങ്ങിയിരുന്നു. 'പറയ്, അനഘേ' എന്നാരോ ഉള്ളിലിരുന്നു പറയുന്നതുപോലെ തോന്നി. പ്രദീപ് എല്ല്ലാം കേട്ടുകൊണ്ട് ക്ഷമാപൂര്‍വ്വം നില്‍ക്കുന്നു.
".. പിന്നെ ജോലിക്കായുള്ള കാത്തിരിപ്പ്. അതിനിടയിലാണ് അച്ഛന്റെ പഴയ ഒരു സുഹൃത്തു വഴി ഈ ആലോചന വന്നത്. നീയായിരുന്നു മനസ്സില്‍ നിറയെ. മാത്രമല്ല, കുറച്ചു നാള്‍ കുടുംബത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നൊരു ആഗ്രഹമുണ്ടായിരുന്നതു കൊണ്ട് കല്യാണത്തെപ്പറ്റിയൊന്നും ചിന്തിച്ചതുപോലുമില്ല. പക്ഷേ, അവര്‍ക്കു സ്ത്രീധനമൊന്നും വേണ്ട, വിദ്യാഭ്യാസമുള്ള പെണ്ണിനെ മതി എന്ന ആനുകൂല്യം അച്ഛനെ വല്ലാതെ ആകര്‍ഷിച്ചു. അവരുടെ കണ്ണില്‍ എന്താ കുഴപ്പം? വീട്ടില്‍ ജീവിക്കാന്‍ ആവശ്യത്തിലേറെ മുതലുള്ള ഒരാലോചന വന്നപ്പോ എന്നെ എങ്ങനെയും ആ പ്രാരാബ്‌ധക്കൂട്ടില്‍ നിന്നും പറഞ്ഞു വിടാനായിരുന്നു എല്ലാവര്‍ക്കും തിരക്ക്. എല്ലാം അറിയാമായിരുന്നിട്ടും ആശയും പറഞ്ഞു, ചേച്ചീ ഇതു തന്നെ മതിയെന്ന്. കുറഞ്ഞപക്ഷം ഞാനെങ്കിലും രക്ഷപെടട്ടെ എന്ന്. ഞാനിതു നിഷേധിക്കുമെന്നു തോന്നിയപ്പോള്‍ അത്രേംകാലം ഒരു വാക്കും മിണ്ടാതെ നടന്ന അജിത്തിനും നാക്കുമുളച്ചു. ഒടുവില്‍ അച്ഛനും കൂടിയായപ്പോ ഉള്ളിലെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം വിട്ടുകളയേണ്ടിവന്നു. അല്ലേലും ഇങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ ഒരു പെണ്ണിന്റെ അഭിപ്രായത്തിനും താല്‍പര്യങ്ങള്‍ക്കും എന്തു വില?"
"ഒന്നാലോചിച്ചാല്‍ ജീവിതം സുരക്ഷിതമായി. കല്യാണം കഴിഞ്ഞെങ്കിലും ഏട്ടന്റെ വീട്ടുകാര്‍ നന്നായി സപ്പോര്‍ട്ടു ചെയ്തു. അതുകൊണ്ട് മുടങ്ങിനിന്ന ആശയുടെ പഠിത്തം തീര്‍ക്കാനായി. ഡിഗ്രിയെങ്കിലും പഠിച്ചില്ലേല്‍ പെണ്ണുങ്ങള്‍ക്കെന്നാ വില എന്നു ചോദിച്ച് ഏട്ടന്‍ തന്നെയാണ് അവളെ പഠിപ്പിക്കാനയച്ചത്. ലോണൊക്കെ സംഘടിപ്പിച്ച് അജിത്തിന് ഒരു വണ്ടി വാങ്ങിക്കൊടുത്തു. എന്താണെന്നറിയില്ല, അതു കിട്ടിക്കഴിഞ്ഞപ്പോള്‍ അവനൊരു ഉത്തരവാദിത്വം ഒക്കെ വന്നു. അളിയന്റെ കാശുകൊണ്ട് അടിച്ചുപൊളിക്കേണ്ട എന്നു കരുതിയിട്ടാണോ ആവോ! എന്തായാലും അവിടെയടുത്ത് ഒരു കമ്പനിയിലെ സപ്ലൈ ഓട്ടം കിട്ടി. സ്ഥിരം ഓട്ടം ഉള്ളതോണ്ട് അലമ്പൊന്നുമില്ലാതെ അധ്വാനിച്ചു. ലോണൊക്കെ നന്നായി അടഞ്ഞു തീര്‍ന്നപ്പോള്‍ വണ്ടി അവനോടുതന്നെ എടുത്തോളാന്‍ ഏട്ടന്‍ പറഞ്ഞു. അവന്‍ അത്രേം കരുതിക്കാണില്ല. ആളും ആകെ മാറിപ്പോയി. പിന്നെ ഒരു ചാന്‍സു വന്നപ്പോള്‍ ഗള്‍ഫിനു പോയി. വണ്ടി വിറ്റ പൈസയായിരുന്നു മുതല്‍. മിച്ചം വന്നത് ആശേടെ പേരില്‍ ബാങ്കിലിട്ടു. ഗള്‍ഫിലും പണി ഡ്രൈവിങ്ങ് തന്നെ. അങ്ങനെ അവനും അവിടെ നന്നായി കഷ്ടപ്പെട്ടു. ഒന്നര വര്‍ഷം കഴിഞ്ഞു ആദ്യത്തെ ലീവിനു വന്നു, ആശേടെ കല്യാണം നടത്തി. അച്ഛനും സന്തോഷമായി. അങ്ങനെയങ്ങനെ.... പിന്നെ, ശെരിയാണ്. നഷ്ടപ്പെട്ടതിനെക്കുറിച്ച് ആദ്യമൊക്കെ എന്നും ഓര്‍ക്കുമായിരുന്നു. ആഴ്ചയിലൊരിക്കല്‍ അയക്കുന്ന കത്തുകളിലൂടെ നാം ഒരുപാടു സ്വപ്നങ്ങളും സങ്കടങ്ങളും ആശകളും ഒക്കെ പങ്കുവെച്ചിരുന്നു. ഒക്കെ ഇങ്ങനെയാകുമെന്നോ, ഒരിക്കല്‍ കൈവിട്ടു പോയ ജീവിത ഇങ്ങനെ തിരികെക്കിട്ടുമെന്നോ വിചാരിച്ചതല്ല. എന്നും നിന്നെ മിസ് ചെയ്തിരുന്നു..."
വാക്കുകള്‍ ഇപ്പോള്‍ കിട്ടുന്നില്ലയോ? ഇന്നു കൂടി. ഇന്നൊരു ദിവസം, ഈയൊരു സമയം കൂടി മാത്രമേയുള്ളൂ അനഘേ നിനക്ക്. പറയ്, മനസ്സില്‍ കെട്ടിയൊതുക്കി വെച്ചിരുന്നതെല്ലാം പറയ്...!
"പിന്നെ... പ്രദീപ്... എനിക്ക് നിന്നെ.. നിന്നെ നഷ്ടപ്പെട്ടുകഴിഞ്ഞാണ് എന്താണ് ഇല്ലാതായത് എന്നു ഞാന്‍ തിരിച്ചറിഞ്ഞത്. ആ കാരക്റ്റര്‍. പ്രദീപിന്റെ നേച്ചര്‍ ... എന്നും പ്രദീപിനെ ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ ട്രീറ്റ് ചെയ്യണമെന്നാഗ്രഹിച്ചിരുന്നു. പ്രദീപിനെന്നും ആ ഒരു കെയറും അഫെക്ഷനും ഒക്കെ വേണ്ടിയിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ഒരു ക്ലിയര്‍ കട്ട് ആന്‍സര്‍ വേണമായിരുന്നു. ഒരിക്കലും സ്വന്തം ഫീലിങ്ങ്‌സ് പ്രകടിപ്പിക്കാന്‍ ചമ്മലൊന്നുമില്ലായിരുന്നു. നിന്റെ സങ്കടങ്ങളൊക്കെ എറ്റവും അടുത്തവര്‍ക്കേ അറിയാന്‍ സാധിക്കുമായിരുന്നുള്ളൂ. അത്.. എനിക്കു വല്ലാതെ ഇഷ്ടമായിരുന്നെന്ന് ചങ്കു പറിയുന്ന ഒരു നൊമ്പരത്തോടെ... മാത്രമാ.. ഞാന്‍... "
അടക്കാനായില്ല. തേങ്ങലായി, കണ്ണീര്‍പ്പുഴയായി, സങ്കടമൊഴുകി. അതു സങ്കടം തന്നെയാണോ....?
അനഘയുടെ കവിള്‍ത്തടത്തിലെ ഇളംചൂടിനെ കവര്‍ന്ന കണ്ണീര്‍ പ്രദീപിന്റെ നെഞ്ചില്‍ അലിഞ്ഞില്ലാതായി. സിറ്റൗട്ടിലെ ശതാവരിയുടെ ഇലകളും, പ്രദീപിന്റെ ആര്‍ച്ചയും, അനഘയുടെ പ്രിയപ്പെട്ടവരുമെല്ലാം അവിടെ ഒരു നിമിഷം അപ്രസക്തരായി.
"അനീ..."
അവിശ്വസനീയതയോടെ അവന്റെ മുഖത്തേക്കു നോക്കിയതല്ലാതെ ആ വിളിക്കു മറുവാക്കോതാന്‍ ഒരു തേങ്ങല്‍ കാരണം അനഘയ്ക്കായില്ല.
ഒരു ചുടുചുംബനം അനഘയുടെ നെറ്റിയില്‍ സാന്ത്വനമായി ഒട്ടിച്ചേര്‍ന്നു. ഒരു ജന്മത്തിന്റെ പ്രണയസാഫല്യം ആരും കാണാതെ ഒളിപ്പിച്ച ഒരു സ്നേഹചുംബനം.
'പ്രദീപ് വെഡ്‌സ് അര്‍ച്ചന' എന്നെഴുതിയ കവര്‍ അനഘയുടെ കൈയ്യിലേല്‍പ്പിച്ച് ഇനിയും പറയാത്ത ഒരുപാടു വാക്കുകള്‍ ഒരു നോക്കിലൊതുക്കി അവന്‍ പടിയിറങ്ങി.
*** *** ***
പ്രദീപ് പറഞ്ഞു നിര്‍ത്തുമ്പോള്‍ ഞാനും ഒരു ദീര്‍ഘനിശ്വാസം വിട്ടു. അപ്പവും താറാവു കറിയും അപ്പോഴും ശേഷിച്ചിരുന്നു. കുടത്തില്‍ ബാക്കിയുണ്ടായിരുന്ന കള്ളുകൂടി ഒറ്റവലിക്കു മോന്തിയിട്ട് ഞാന്‍ പ്രദീപിനോട് ചോദിച്ചു-
"എന്നിട്ട്..?"
"എന്നിട്ടെന്നാ, കൈയും വീശി ഇങ്ങു പോന്നു. ഹല്ല പിന്നെ." പ്രദീപും പാനപാത്രം കാലിയാക്കി. ചിറി തുടച്ച് ഷാപ്പിന്റെ മുളയഴികള്‍ക്കിടയിലൂടെ വെറുതെ പുറത്തേക്കു നോക്കിയിരുന്നു. അല്‍പം കഴിഞ്ഞ് ഒരു ചോദ്യം-
"അല്ല രാജേ, ഇയാളിന്നു വരെ പ്രേമിച്ചിട്ടില്ലേ?"
Subscribe to:
Posts (Atom)