Thursday, December 08, 2011

വൈകിയെത്തിയ വണ്ടി - 4

ദ്യമായാണ്‌ ഞാനും മോളും മാത്രമാകുന്ന ഒരു സാഹചര്യം ഉണ്ടാവുന്നത്‌. കൊച്ചിനുള്ള ആഹാരം, പാല്‍ എന്നിവ നേരത്തേ തയ്യാറാക്കി വെച്ചിരുന്നു. അതൊക്കെ സമയാസമയം എടുത്തുകൊടുക്കണം എന്നതായിരുന്നു എനിക്കു കിട്ടിയ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്‌. പിന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്‌ ഉറക്കം. വീടിനകത്തു കൂടി നടന്നു കുരുത്തക്കേടൊന്നും ഒപ്പിക്കാതെ നോക്കുക എന്നതാണു മറ്റൊന്ന്‌. ഇതിനായി എപ്പോഴും പിന്നാലെ നടക്കണം. അല്ലെങ്കില്‍ എന്തെങ്കിലുമൊക്കെ ചെപ്പടിവിദ്യ കാണിച്ച്‌ കൊച്ചിനെ എപ്പോഴും കൂടെത്തന്നെ നിര്‍ത്തണം. രണ്ടാമത്തെ വഴിയാവും മെച്ചം എന്നു ഞാന്‍ കരുതി.

വന്നപാടേ തന്നെ ഞാന്‍ കുളിച്ചു. അല്‍പനേരം പത്രം വായിച്ചു, ടിവിക്കു മുന്നിലിരുന്നു. പിന്നെ ദോശയും സാമ്പാറും ഒരു തട്ടു തട്ടി. ഇടയ്‌ക്ക്‌ മോള്‍ വന്നപ്പോള്‍ അവളുടെ വായിലും അല്‍പം വെച്ചു കൊടുത്തു. മടിയിലിരുത്താന്‍ ശ്രമിച്ചപ്പോള്‍ കുതറിയിറങ്ങി. വീണ്ടും ദോശ കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവളും 'ഒരു തട്ടു തട്ടി'. 'ഞാനെന്നും ഇതേ ദോശയാണപ്പാ കഴിക്കുന്നേ' എന്നായിരിക്കണം അതിനര്‍ത്ഥം. അപ്പോഴേ ഒരുകാര്യം പിടികിട്ടി, ഇവളെ വല്ലോം കഴിപ്പിക്കുക എന്നത്‌ ഒരു വിഷമം പിടിച്ചപണിയാണെന്ന്.

ഞാനും അന്‍വിയും തനിച്ചായി. മഴയൊതുങ്ങി. വീടിനു ചുറ്റും വിശാലമായി സ്ഥലമുണ്ട്‌. മുറ്റത്തുകൂടി അവളെ ഇരുകയ്യും പിടിച്ചു നടത്തിച്ചു. ഇഷ്‌ടമാണ്‌, അവള്‍ക്കു നടക്കാന്‍. ഓരോ ചുവടുവെയ്‌പിലും പാദസരത്തിലെ മണികള്‍ കുടുകുടെ ചിരിച്ചു. മുറ്റത്തെ മണല്‍ത്തരികളില്‍, മഴവെള്ളം കൊണ്ട് ഈറനായ സിമന്റ്‌ കുഴയ്‌ക്കാനുണ്ടാക്കിയ തറയില്‍, കുഞ്ഞിക്കാല്‍ നോവിക്കുന്ന കൂര്‍ത്ത കല്ലുകള്‍ പമ്മിക്കിടക്കുന്ന മണ്ണില്‍, മൃദുലമായ മണല്‍വിരിപ്പിലെല്ലാം അവള്‍ക്കൊപ്പം ഞാനും നടന്നു. ഉറുമ്പുകളുടെ കൂട്ടത്തില്‍ നിന്നു വഴിമാറ്റിയും അവള്‍ക്കഭിമുഖമായി നിന്നു പിന്നോട്ടുനടന്നും മുന്നിലെ വഴികാണിച്ചു പിന്നില്‍ നിന്നു കൈ പിടിച്ചും.... ഒരു കാലിടറി വീഴാനാഞ്ഞപ്പോഴെല്ലാം നിസ്സാരമായി ആ കുഞ്ഞുകൈകളിലെ പിടുത്തം കൊണ്ട്‌ ഞാന്‍ താങ്ങി. ഉറപ്പിച്ച മറുകാല്‍ നിലത്തൂന്നി പിശകിയ ചുവടുതിരുത്തി അവള്‍ നടക്കുന്നതിനൊപ്പം ഞാനും. അങ്ങനെയല്‍പനേരം കഴിഞ്ഞപ്പോള്‍ രണ്ടു കയ്യിലുമുള്ള പിടി അവള്‍ക്കങ്ങു ദഹിക്കാത്തതു പോലെ.

ഒരു സപ്പോര്‍ട്ടില്ലാതായാല്‍ കുഞ്ഞുങ്ങള്‍ക്ക്‌ സ്വയം ഒരു അരക്ഷിതാവസ്ഥ തോന്നുമായിരിക്കാം. ഒറ്റയ്‌ക്കു വിട്ടാല്‍ അടുത്തു നിന്നു മാറാതെ നില്‍ക്കും, അല്‍പം മാറിയാലും കൂടെക്കൂടെ തിരിഞ്ഞു നോക്കും. ചിലപ്പോള്‍ ഒപ്പം തന്നെ നിന്ന്‌ ഒരു കൈ കൊണ്ട്‌ ലുങ്കിയില്‍ മുറുകെപ്പിടിക്കും. കയ്യൊന്നു നീട്ടിയാല്‍ അവളും തിരികെ നീട്ടും. ഒരു വാക്കും പറയാതെ, ഒരു നോക്കുപോലും വേണ്ടാത്ത ചില നിസ്സാര ആശയവിനിമയങ്ങള്‍. പാല്‍മണമുള്ള അമ്മയുടെ നെഞ്ചിലേക്കു മുഖം അമര്‍ത്തുന്നതെല്ലാം ഇതിനുമെത്രമേലെ!. നമുക്കറിയാത്ത, കുരുന്നുമനസ്സിലെ പ്രവൃത്തികളുടെ വിത്തുകള്‍, മുളച്ചുപൊന്തി ഒന്നും രണ്ടുമായി ഇല വിരിഞ്ഞുവരുന്നു. സ്‌നേഹവെളിച്ചത്തില്‍, കുസൃതിക്കാറ്റില്‍ തലയാട്ടുന്നു. എന്റെ വലതു ചൂണ്ടുവിരലിനെ അവള്‍ കുഞ്ഞിക്കൈത്തലം കൊണ്ട്‌ ചുറ്റിപ്പിടിച്ചു. പിണയുന്ന തളിര്‍വിരലുകള്‍ക്കുമീതെ മൃദുവായി അമരുന്ന എന്റെ പെരുവിരല്‍. ഒരു ചുവടിടറി വേച്ചാലും നിന്റെ കൈകളെ എന്റേതിനോടു ചേര്‍ത്തു വെയ്‌ക്കാനുള്ള എന്റെ കരുതല്‍...!

മഴ ചാറുമെന്നു തോന്നി. ക്രമേണ വേഗം കൂട്ടിയ ഒരു നടപ്പിനൊടുവില്‍ ഒരപ്പൂപ്പന്‍ താടി കാറ്റിലുയരുന്നതുപോലെ ഞാനവളെ കോരിയെടുത്തു. ഉള്ളിലെ, എനിക്കളവറിയാത്ത ഏതോ ഹര്‍ഷത്താല്‍ കണ്ണുകള്‍ ഇറുക്കിയടച്ചു വാതുറന്നവള്‍ ചിരിച്ചു. ഇളംകാല്‍പാദങ്ങളില്‍ മണ്ണും മണലും പുരണ്ടിരിക്കുന്നു. ഇടംകൈ കൊണ്ട്‌ അവളെ താങ്ങിപ്പിടിച്ച്‌ ടാപ്പിനു കീഴിലേക്കു കാല്‍നീട്ടി കഴുകിക്കൊടുത്തു. മണ്‍തരികള്‍, അനുഭവങ്ങള്‍, ഓര്‍മ്മയിലേക്കൊഴുകിയലിഞ്ഞു. അവളുടെ ചിരിപോലെ ഇളംറോസുനിറത്തില്‍ ഉള്ളംകാല്‍ തെളിഞ്ഞു വന്നു. അകത്തുപോയി വെള്ളം തുടച്ചു.

കുറുക്കു ചൂടാക്കി, പാലു കലര്‍ത്തി കൊടുക്കാന്‍ ഒരു ശ്രമം ഞാന്‍ നടത്തി. ഏഹേ...! എന്തു ചെയ്‌തിട്ടും കഴിക്കാന്‍ കൂട്ടാക്കുന്നില്ല. 'ഇല്ല ഇല്ലാ, തോറ്റുതരില്ല' എന്ന ഭാവത്തില്‍ അല്‍പം ബലം ഞാന്‍ പിടിച്ചുനോക്കിയെങ്കിലും ആളു വഴങ്ങിയില്ല. അരമണിക്കൂറോളം പുറത്തു ചെലവഴിക്കുകയും നടക്കുകയുമൊക്കെ ചെയ്‌തിട്ടും ഇവള്‍ക്കു വിശപ്പായില്ലേ എന്നു ഞാന്‍ അദ്ഭുതപ്പെട്ടു. ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. ചുമ്മാ കുറച്ചു വെള്ളം കൊടുത്തു. ഇതെങ്കിലും അകത്താക്കിക്കോ എന്ന മട്ടില്‍. അതു അല്‍പം കുടിച്ചു.

പിന്നെയങ്ങോട്ട്‌ തുടങ്ങി. അങ്ങോട്ടു പോകുന്നു, ഇങ്ങോട്ടു പോകുന്നു, ഇരിക്കുന്നു കിടക്കുന്നു, ഷെല്‍ഫില്‍ നിന്നും കണ്ടതൊക്കെ വലിച്ചു ചാടിക്കുന്നു ആകെ ബഹളം. ടിവിയില്‍ ഹരികൃഷ്‌ണന്‍സ്‌ സിനിമ ഓടുന്നു. ഒട്ടും ശ്രദ്ധിക്കാന്‍ പറ്റിയില്ല. പിന്നെ ഞാനെന്തു ചെയ്‌തു, 'പോയവഴിയേ അടിച്ചില്ലെങ്കില്‍ അടിച്ച വഴിയേ പോകുക' എന്ന തത്വപ്രകാരം ഇപ്പരിപാടിക്കെല്ലാം ഞാനും മൊത്തമായങ്ങു സഹകരിച്ചു! എനിക്കും സന്തോഷം, അവള്‍ക്കും സന്തോഷം!

ഒരു പായ്‌ക്കറ്റ്‌ 'ഗുഡ്‌ ഡേ' ബിസ്‌കറ്റ്‌ ഉണ്ടായിരുന്നു കയ്യില്‍. തലേന്നു ബസ്സിലിരുന്നു കഴിക്കാന്‍ വാങ്ങിയതാണ്‌, പക്ഷേ കഴിച്ചില്ല. അതിലൊരെണ്ണമെടുത്തു കൊടുത്തു. അതും തിന്നാന്‍ മേല. പാലില്‍ മുക്കി കുതിര്‍ത്തു കൊടുത്തു. ഏഹേ.. എന്നിട്ടും വേണ്ട. "നിനക്കു വേണ്ടെങ്കില്‍ പോയി പണിനോക്ക്‌, ദേ, ഞാന്‍ തിന്നുവാ!" എന്നും പറഞ്ഞു സ്വയം കഴിക്കാന്‍ തുടങ്ങി. അവളുടെ ഭാഗത്തു നിന്നും "തിന്നോ! എനിക്കെന്താ!" എന്നമട്ടിലൊരു നോട്ടം മാത്രം. ഓരോ ബിസ്‌കറ്റിലും അതു തിന്നേണ്ടയാളുടെ പേരെഴുതീട്ടുണ്ടാവും എന്നല്ലേ? ആ പായ്‌ക്കറ്റിലെ എല്ലാ ബിസ്‌കറ്റിലും എന്റെ പേരുണ്ടായിരുന്നിരിക്കണം!

പുറത്തു മഴ കനത്തു. അവള്‍ വാതില്‍ക്കല്‍ പോയി നിന്നു മഴയത്തേക്കു നോക്കി നിന്നു. അരികില്‍ ഞാന്‍ ചെന്നപ്പോള്‍ പുറത്തേക്കു വലതു കൈ നീട്ടിപ്പിടിച്ചു. ഞാന്‍ കൈ നീട്ടി ഊര്‍ന്നു വീഴുന്ന മഴത്തുള്ളികല്‍ ഏറ്റുവാങ്ങി. അനന്തരം അന്‍വിയെ എടുത്ത്‌ അവളുടെ കൈത്തണ്ടയിലും മഴ വീഴ്‌ത്തി. മഴ കാണാന്‍ അവള്‍ക്കും ഇഷ്‌ടമാവണം. ആ മൂഡില്‍ കുറേ ഫോട്ടോയെടുത്തു. റ്റാറ്റാ തരുന്നതും ഉമ്മ തരുന്നതും ഫ്‌ളയിങ്ങ്‌ കിസ്സ്‌ തരുന്നതുമെല്ലാം വീഡിയോയിലാക്കി.


ഇടയ്‌ക്കു ഭാര്യാജിയെ ഫോണില്‍ വിളിച്ചു. "എടീ ഇവളൊന്നും കഴിക്കുന്നില്ലല്ലോ! ഭയങ്കര നിര്‍ബ്ബന്ധം." ഉറങ്ങാനാവുമെന്ന് അവളുടെ മറുപടി. തൊട്ടിലില്‍ കിടത്തിയാട്ടി. മുന്‍പൊക്കെ തൊട്ടിലില്‍ കിടത്തി ആട്ടം തുടങ്ങുമ്പോള്‍ സ്വയം വാവാവോ പാടി ഉറങ്ങുന്ന ആളാണ്‌. ഇന്നു

'അപ്പന്റെ പാട്ടൊന്നു കേക്കട്ടെ' എന്ന മട്ടില്‍ കണ്ണും മിഴിച്ചു കിടക്കുന്നു. അവസാനം ഞാന്‍ താരാട്ടും പാടി. പയ്യെപ്പയ്യെപ്പയ്യെയാണെങ്കിലും അവളുറങ്ങിയപ്പോള്‍ എന്റെ സംഗീതവാസനയില്‍ അന്നുവരെയില്ലാത്ത അഭിമാനം അപ്പോള്‍ തോന്നി!

അവളുറങ്ങുന്നതുകൊണ്ട്‌ പുറത്തേക്കൊന്നിറങ്ങാനാവാതെ വിഡ്ഢിപ്പെട്ടിയിലും പത്രത്താളുകളിലും സ്വയമര്‍പ്പിച്ച്‌ അറുബോറായി കുറേനേരം. ഒടുക്കം തൊട്ടിലിന്റെ ഒരു പിടച്ചില്‍. താഴെ തളംകെട്ടി നില്‍ക്കുന്ന പുണ്യാഹം(അതു പറഞ്ഞില്ലല്ലോ, അന്നേദിവസം എന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നപ്പോള്‍ അതു നാലഞ്ചു തവണ നടന്നു, ഒരിക്കലും റിസീവിങ്ങ്‌ എന്‍ഡില്‍ ഞാനില്ലായിരുന്നു). സംഗതി കണ്ട്‌ ഞാന്‍ മുന്നില്‍ ചെല്ലുമ്പോള്‍ ആളുണര്‍ന്നു വരികയാണ്‌, ഒരു നനവിന്റെ അസ്വസ്ഥതയില്‍ കുതിര്‍ന്ന്‌. വാരിയെടുക്കവേ ഊറിവന്ന കണ്ണീരുമായി ഒരു കരച്ചില്‍ വേര്‍പിരിഞ്ഞു. ഉടുപ്പുമാറ്റിക്കഴിഞ്ഞ്‌ ഉണര്‍വ്വുവന്നപ്പോള്‍ എന്റെ അന്‍വിവാവ മിടുക്കിയായി കുറുക്കു മൊത്തം കഴിച്ചു! പിന്നെ അച്ച ഊണു കഴിച്ചപ്പോള്‍ ആ കൂടെ ചോറും ചെറുപയര്‍ പുഴുങ്ങീതും സാമ്പാറും അതിലെ മത്തങ്ങായുടെ പീസും മാറി മാറി കുഴച്ചു ശാപ്പിട്ടു.

"ആരാ പറഞ്ഞേ, അന്‍വിവാവച്ച്‌ മാമുണ്ണാന്‍ മടിയാണെന്ന്‌?"

(വൈകിയെത്തുമെന്നു പറഞ്ഞ വണ്ടി ഇനീം വൈകും)

3 comments:

  1. അടുത്തു നിന്നു മാറാതെ നില്‍ക്കും, അല്‍പം മാറിയാലും കൂടെക്കൂടെ തിരിഞ്ഞു നോക്കും. ചിലപ്പോള്‍ ഒപ്പം തന്നെ നിന്ന്‌ ഒരു കൈ കൊണ്ട്‌ ലുങ്കിയില്‍ മുറുകെപ്പിടിക്കും. കയ്യൊന്നു നീട്ടിയാല്‍ അവളും തിരികെ നീട്ടും. ഒരു വാക്കും പറയാതെ, ഒരു നോക്കുപോലും വേണ്ടാത്ത ചില നിസ്സാര ആശയവിനിമയങ്ങള്‍....

    ReplyDelete
  2. anviiiii..... mich u diiiiii....

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'