മറ്റൊരു വാരത്തിന്റെ തിരക്കുകളിലേക്ക് സ്വസ്ഥമായുണരാന്‍ ഈ ഞായറാഴ്ച കിടക്കുമ്പോഴാണ് ഒക്ടോബര്‍ പതിനാറിന്റെ പ്രത്യേകത ഓര്‍ത്തത്. എന്റെ വെല്യമ്മച്ചി(അച്ഛന്റെ അമ്മ)യുടെ ഓര്‍മ്മദിനം. സ്നേഹത്തിന്റെ ആ ആള്‍രൂപം എന്റെ മുന്നില്‍ നിന്നു മറഞ്ഞിട്ട് പന്ത്രണ്ടുവര്‍ഷം.
"Precious Pearls" എന്ന പോസ്റ്റിലൂടെ പണ്ടൊരിക്കല്‍ പങ്കുവെച്ച ആ സ്നേഹം ഞാന്‍ വീണ്ടും പ്രകടിപ്പിക്കുകയാണ്. പന്ത്രണ്ടാം ചരമവാര്‍ഷികം എന്ന തലക്കെട്ടില്‍ ഒരു പത്രത്താളില്‍ പല ചിത്രങ്ങളിലൊന്നായി വെല്യമ്മച്ചിയുടെ പടം വരുന്നതിലും ശ്രേഷ്ഠം ഇതാണെന്നു ഞാന്‍ കരുതുന്നു. ഒരുപക്ഷേ, ഇതൊരു സ്വകാര്യമായ അഥവാ വ്യക്തിപരമായ വികാരപ്രകടനമായേക്കാം. തെറ്റാണെങ്കില്‍ സദയം ക്ഷമിക്കുക.
ചാച്ചനും വെല്യമ്മച്ചിക്കും കൂടി ആറുമക്കളിലായി ഞങ്ങള്‍ പതിനേഴു പേരക്കുട്ടികളാണ് ഉണ്ടായിരുന്നത്. ആ പതിനേഴില്‍ ചാച്ചനും വെല്യമ്മച്ചിക്കും ഏറ്റവും പ്രിയപ്പെട്ട ആള്‍ ഞാനായിരുന്നു. കാരണം, ആണ്‍മക്കളുടെ ആണ്‍മക്കളില്‍ ഏറ്റവും മൂത്തയാളായ ഞാനായിരുന്നു എന്നും ആ ലാളനകള്‍ക്കു കീഴ്‌പ്പെട്ട് അവരോടൊപ്പമുണ്ടായിരുന്നത്. ഈയടുപ്പമാണ് എന്നെ വെല്യമ്മച്ചിയുടെ സന്തതസഹചാരിയാക്കിയത്. എത്രയെത്ര യാത്രകള്‍, സന്ദര്‍ശനങ്ങള്‍, പരിചയക്കാര്‍..!
അന്നു ഞാന്‍ കുട്ടിയാണ്- പ്രൈമറി സ്കൂളില്‍ പഠിക്കുന്നു. അവധിയാകാന്‍ കാത്തിരിക്കും. ഒരവധിക്കാലത്ത് ഒരു സര്‍ക്കീട്ടെങ്കിലും ഉറപ്പാണ്. ഞാനും വെല്യമ്മച്ചിയും തനിയെ. മിക്കവാറും രക്തബന്ധങ്ങള്‍ തേടിയുള്ള യാത്രകള്‍. കാലേകൂട്ടി എല്ലാം ആസൂത്രണം ചെയ്തു വെയ്ക്കും, എന്നു പോകണം, എവിടെല്ലാം പോകണം-എന്നിട്ട് അതിനുവേണ്ട പണമൊക്കെ സമാഹരിക്കും. അവിടെയും ഇവിടെയുമൊക്കെയായി സൂക്ഷിച്ചുവെച്ചിരിക്കുന്ന പഴയ കലം, കുട്ട, സഞ്ചി ഒക്കെ തപ്പിനോക്കിയാല്‍ അറിയാം വെല്യമ്മച്ചിയുടെ വരുമാനസ്രോതസ്സുകള്‍. കൊട്ടപ്പാക്ക്, ഗ്രാമ്പൂവിന്റെ തണ്ട്, ചൊള്ള്, ചീര്, കുരുമുളക്(കൊടിയുടെ ചുവട്ടില്‍ നിന്നു പെറുക്കിയെടുത്തത്), അരിമുളക്(തൊലി കളഞ്ഞ കുരുമുളക്) എന്നിവയൊക്കെയായിരുന്നു അവയ്ക്കുള്ളിലെ സമ്പാദ്യങ്ങള്‍. കൂടാതെ അടുക്കളയിലെ ഭിത്തിയലമാരയുടെ വലതു വശത്തു തൂക്കിയിട്ടിരുന്ന കിറ്റിന്റെ ചെറിയ അറയില്‍ സൂക്ഷിച്ചിരുന്ന ഏതാനും നോട്ടുകളും, മരുന്നുകള്‍ വെച്ചിരുന്ന അലമാരയിലെ ടിന്നിലെ കുറെ നാണയങ്ങളും!!
അങ്ങനെ ഒരവധിക്കാലം തുടങ്ങും- ഞങ്ങള്‍ ഇരുവരും പ്ലാനുകള്‍ തയ്യാറാക്കും-എന്നിട്ടോ? ചാച്ചനോട് പറഞ്ഞ് അന്തിമാനുവാദം വാങ്ങേണ്ടത് എന്റെ ചുമതലയാണ്. ആ നയതന്ത്രദൗത്യം എന്നും ഭംഗിയായിത്തന്നെ ഞാന്‍ നിര്‍വ്വഹിച്ചുപോന്നു. ഒപ്പം കേന്ദ്രത്തില്‍ നിന്നും സാമ്പത്തികസഹായവും ഞാന്‍ തരപ്പെടുത്തിക്കൊടുത്തിരുന്നു.
പിന്നെയൊരു പോക്കാണ്- കട്ടപ്പനയിലെത്തുന്നു, കോട്ടയത്തിനു പോകുന്ന ഒരു വണ്ടി പിടിക്കുന്നു. ഉച്ചയോടെ കൊടുങ്ങൂരെത്തി അവിടുന്നാണ് ഊണ്. കൊടുങ്ങൂര്‍ കവലയില്‍ തന്നെ ഉള്ള സോമഗിരി എന്നു പേരുള്ള ഒരു ഹോട്ടലിലായിരുന്നു പതിവായി ഞങ്ങളുടെ ഊണ്. ഇലയിലാണ് അവിടെ ചോറുവിളമ്പുക. ഊണും കഴിഞ്ഞ് ഇറങ്ങുമ്പോള്‍ പള്ളിക്കത്തോടിനുള്ള ബസ്സ് കിടപ്പുണ്ടാവും. പേര് - യുവരാജ് എന്നാണെന്നു തോന്നുന്നു. പള്ളിക്കത്തോടുനിന്ന് ഞങ്ങള്‍ക്കു പോകേണ്ട ആനിക്കാട് - കവുങ്ങും പാലം ഭാഗത്തേക്ക് അന്ന് എപ്പോഴുമൊന്നും ബസ്സില്ല. ആ രണ്ടുമൂന്നു കിലോമീറ്റര്‍ ഞങ്ങളങ്ങു നടക്കും! വഴിയിലെല്ലാം വല്യമ്മച്ചിയുടെ പരിചയക്കാരാണ്. എല്ലാരോടും തമാശയൊക്കെ പറഞ്ഞ്, ക്ഷേമമന്വേഷിച്ച്, നിരയൊത്ത പല്ലുകള്‍ കാട്ടി ഉറക്കെച്ചിരിച്ച്.. കുറെ നേരം യാത്ര ചെയ്തതിന്റെ ക്ഷീണമൊക്കെ പമ്പ കടക്കും. ആവഴിക്കീവഴിക്ക് എന്നൊക്കെപ്പറഞ്ഞു ബന്ധമൊക്കെ പറഞ്ഞു തരും, ആ! എനിക്കതൊന്നും മൊത്തം മനസ്സിലാകില്ല. എന്നാലും എല്ലാം കേട്ടും കണ്ടും ഞങ്ങളങ്ങനെ നടക്കും.
"കെഴക്കൂന്നുള്ളോരിങ്ങെത്തിയല്ലോ! ഞങ്ങളിന്നലെക്കൂടെ പറഞ്ഞതേയുള്ളൂ." പത്താമുദയമഹോല്‍സവത്തിന്റെ പന്തലൊരുക്കുന്നതിനിടയില്‍ റോഡിലൂടെ നടന്നു വരുന്ന ഞങ്ങളെക്കണ്ട ആരോ ഒരാള്‍ വിളിച്ചുപറഞ്ഞത് ഇന്നും എന്റെ കാതിലുണ്ട്. പത്താമുദയവും മണ്ഡലകാലത്തെ ഉത്സവവും ഒരിക്കലും വിട്ടിരുന്നില്ല. അവിടെയുള്ള സകലമാന അമ്മാവന്മാരുടെ വീട്ടിലും കയറിയിറങ്ങി ഒരു മൂന്നാലു ദിവസം എല്ലാം മറന്നൊരു നടപ്പാണ്. ഉത്സവഘോഷയാത്രയുടെ കൂടെ കൂടി ആ തിരക്കിലലിഞ്ഞ് ആനയും മേളവും തീവെട്ടിയും താലപ്പൊലിയുമെല്ല്ലാം ചേര്‍ന്നു രാവു പകലാക്കിയ മേടം പത്തുകള്‍. ഇതിലേക്ക് വെല്യമ്മച്ചി പതിവായി സംഭാവനയും നല്‍കാറുണ്ടായിരുന്നു. മണ്ഡലസമാപനത്തിനു വൈകുന്നേരം കേളി, തുടര്‍ന്ന് ഭജന, മതപ്രസംഗം പിന്നെ രാവേറെ വൈകി ബാലെ. ഇതിനൊക്കെ കൂട്ടായി വെല്യമ്മച്ചിയും.
അതുപോലെതന്നെ എത്രയോ ക്ഷേത്രദര്‍ശനങ്ങള്‍! ഞായറാഴ്ചകളില്‍ തൊപ്പിപ്പാള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്കുള്ള പതിവുയാത്രകള്‍. കയ്യില്‍ കരുതിയ കര്‍പ്പൂരവും ചന്ദനത്തിരിയും എന്നെക്കൊണ്ടു നടയ്ക്കു വെയ്പിക്കുമ്പോള്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്നു പോലും എനിക്കറിഞ്ഞുകൂടായിരുന്നു.
എന്റെ ബാല്യത്തില്‍ ഞാന്‍ എന്റെ പെറ്റമ്മയ്ക്കൊപ്പം ഉറങ്ങിയതിനെക്കാള്‍ കൂടുതല്‍ ഉറങ്ങിയിട്ടുള്ളത് വെല്യമ്മച്ചിയുടെ കൂടെയാണ്. ചാച്ചന്റെ കമ്പിളിയുടെ ചൂടുപറ്റി വെല്യമ്മച്ചിയോട് ചേര്‍ന്നുകിടന്ന തണുപ്പുള്ള രാത്രികളും, കവുങ്ങിന്‍ പാള കൊണ്ടുണ്ടാക്കിയ വീശുപാള നല്‍കിയ സുഖത്തിലുറങ്ങിയ രാവുകളും സ്‌മൃതിനാശം വന്നാലും മറക്കാനൊക്കില്ല. ആ കിടപ്പില്‍ അസംഖ്യം റേഡിയോ നാടകങ്ങള്‍ക്കു ഞങ്ങള്‍ കാതോര്‍ത്തിരുന്നു. രാവിലെ ഉറക്കമുണര്‍ത്തുന്നത് ആലപ്പുഴനിലയം ട്യൂണ്‍ ചെയ്തു വെച്ചിരിക്കുന്ന റേഡിയോയിലെ സുഭാഷിതവും പിന്നെ വരുന്ന ഉദയഗീതങ്ങളും. ഇടയ്ക്കെപ്പൊഴോ എത്തുന്ന ഡല്‍ഹി റിലേ ഇംഗ്ലീഷ് വാര്‍ത്തയെ തെല്ലൊരീര്‍ഷ്യയോടെ ചാച്ചന്‍ ഓഫാക്കിക്കളയുന്നതും ഞാനോര്‍ക്കുന്നു. കിടക്ക വിട്ടെണീക്കുമ്പോള്‍ തെളിഞ്ഞുകത്തുന്ന നിലവിളക്കാവും വന്ദനം പറയുക. പിന്നെ പ്രഭാതഭേരിയും പ്രിന്‍സ് മൈദയുടെ പരസ്യവുമെല്ലാം കഴിഞ്ഞ് പ്രാദേശികവാര്‍ത്തകള്‍ കോഴിക്കോട് റിലേ.
മലയാളമാസം ഒന്നാം തീയതി വീട്ടില്‍ ആദ്യം കേറുന്നതു ഞാനായിരിക്കണമെന്ന ഒരു നിര്‍ബ്ബന്ധവും വെല്യമ്മച്ചിക്കുണ്ടായിരുന്നു. തലേദിവസം സമീപത്തു തന്നെയുള്ള സ്വന്തം വീട്ടില്‍ കിടന്നിട്ട് രാവിലെയാണ് ഈ ഒന്നാം തീയതികേറ്റം. ഈ ഐശ്വര്യദാനത്തിനുള്ള പ്രതിഫലമെന്നോണം ഒരുകുറ്റി പുട്ട് (മിക്കവാറും ഉണ്ടാക്കാറുള്ളതു പുട്ടാണ്) ആവിപറത്തി, പഴത്തിന്റെയും പഞ്ചസാരയുടെയും കൂടെ എന്നെക്കാത്തിരിക്കുന്നുണ്ടാവും ഞാന്‍ എത്തുമ്പോള്‍.
എപ്പോഴും എല്ലാത്തിനോടും സംസാരിച്ചു നടക്കുന്ന ആളായിരുന്നു വെല്യമ്മച്ചി. അതു ചിലപ്പോ പാത്രങ്ങളോടാവാം, വീട്ടിലെ മൃഗങ്ങളോടാവാം. ചിലപ്പോള്‍ പറമ്പിലെ മരത്തിലിരുന്നു ചിലയ്ക്കുന്ന പക്ഷിയോടാവാം. ഒരിക്കല്‍ അങ്ങനെ ചിലച്ചുകൊണ്ടിരുന്ന പക്ഷി 'മോഹനാ..' എന്നാണു വിളിക്കുന്നതെന്നും പറഞ്ഞ് അതിനോട് 'മോഹനനിന്നലെ പോയി' എന്നു പലവട്ടം എന്നെക്കൊണ്ട് മറുപടി പറയിപ്പിച്ചിട്ടുണ്ട്(അച്ഛന്റെ അനിയന്റെ പേരു മോഹനന്‍ എന്നാണ്!). നടന്നുപോയവഴിയില്‍ അറിയാതെ കാല്‍തട്ടിയ ഒരു കല്ലിനെ 'നീയെന്തിനാ കോപ്പേ ഇവിടെയിപ്പൊ വന്നു കിടന്നെ?' എന്നു ഗുണദോഷിക്കാന്‍ വെല്യമ്മച്ചിക്ക് ഒരു മടിയും ഒരുകാലത്തുമുണ്ടായിട്ടില്ല.
പറമ്പില്‍ കായ്ച്ചു നില്‍ക്കുന്ന തെങ്ങിന്റെയും മാവിന്റെയും പേരില്‍ ഓരോ കഥയെങ്കിലും പറയാനുണ്ടായിരുന്നു വെല്യമ്മച്ചിക്ക്. 'ചാച്ചന്‍ നിന്റെ അപ്പനെക്കൊണ്ടു വെയ്പ്പിച്ചതാ ആ തെങ്ങ് !' എന്നു പറഞ്ഞു ചൂണ്ടിക്കാണിച്ചു തരും. ഞങ്ങള്‍ക്കിടയില്‍ ഒരുപാടു തമാശകളും സംഭവിക്കാറുണ്ടായിരുന്നു. പണ്ടു നെല്ലും കരിമ്പും കൃഷിയുണ്ടായിരുന്ന കാലത്തെ ഓര്‍മ്മകളും വികൃതിയിലും എന്റെ അപ്പനായ അപ്പന്റെ ചെയ്തികളും വെന്താല്‍ പുട്ടുപോലെ പൊടിയുന്ന കപ്പയുടെയും ചേമ്പിന്റെയും നീലക്കാച്ചിലിന്റെയും പുരാണങ്ങളും കൊണ്ട് ഞങ്ങളുടെ വേളകള്‍ സമ്പുഷ്ടമായിരുന്നു.
ഒരിക്കലൊരു കരിക്കു വെട്ടിത്തന്നുകൊണ്ട് വിളിച്ചത് നാക്കു പിഴച്ച് ഇങ്ങനെയായിപ്പോയി: "ഇന്നാടാ, മാക്രി വെള്ളാത്ത മുള്ളം!!" ചൊറിച്ചുമല്ലലും കല്‍ക്കട്ട ന്യൂസ് എന്ന സിനിമയില്‍ മീരാ ജാസ്മിന്റെ കഥാപാത്രം 'അയ്‌നങ്ങനെ പയ്‌നറയുന്ന' കുസൃതിയുമൊക്കെ എമ്പണ്ടേ ഞങ്ങളുടെ കമ്പനിക്കു രസമേറ്റിയിരുന്നു!
പിന്നെയൊരു സംഗതിയുള്ളത് ഞങ്ങളൊന്നിച്ചുള്ള ഷോപ്പിങ്ങാണ്. ഷോപ്പിങ്ങെന്നു പറഞ്ഞാല്‍ ഒരുപാടു പരിഷ്കാരമായിപ്പോകും- ചന്തയ്ക്കു പോക്ക് എന്നു വേണം പറയാന്‍. വാങ്ങേണ്ട സാധനങ്ങളുടെ പട്ടിക ഓര്‍മ്മിപ്പിക്കലും ഓട്ടോ വിളിക്കലും മറ്റുമാണ് എന്റെ ചുമതല. വാതത്തിന്റെയും മറ്റും അസ്കിതകളൊക്കെ അല്‍പമുണ്ടായിരുന്നു. കട്ടപ്പന സന്തോഷ് തീയേറ്ററിനടുത്തുള്ള, രാഘവന്‍ വൈദ്യരുടെ വൈദ്യശാലയില്‍ നിന്നാണ് മരുന്നു വാങ്ങുക. ചാച്ചന്റെ ചുമയെകരുതി വാങ്ങുന്ന ഡാബര്‍ ലേഹ്യത്തില്‍ നിന്നും ഒരു ഞോണ്ട് തിന്നുന്നത് എന്റെയൊരു വീക്‍നെസ് ആയിരുന്നു. അന്നു പതിവായി വാങ്ങുന്ന ഒരു സ്‌നാക്സ് ഐറ്റമാണു പൊരിക്കടല. പിന്നെ ചന്തയില്‍ നിന്നും അത്യാവശ്യസാധനങ്ങളും വാങ്ങി മടക്കം. പരിചയമുള്ള ഒരു ഓട്ടോ മടക്കയാത്രയ്ക്കു വിളിക്കുന്നത് എന്റെ പൂര്‍ണ്ണഉത്തരവാദിത്വമാണ്. അക്കാലത്ത് പ്രതീകം എന്നു പേരുള്ള ഒരോട്ടോ ഉണ്ട്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ അതിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ KL 7 D 4998 എന്നായിരുന്നു. പ്രതീകം ഓട്ടോ ഓടിക്കുന്ന ജോസുചേട്ടന്‍ 'പ്രതീകം ജോസ്' എന്നാണറിയപ്പെട്ടിരുന്നത്. നാട്ടുകാര്യങ്ങളൊക്കെപ്പറഞ്ഞ് ഞങ്ങളങ്ങനെ പോരും.
ഒരിക്കലും മറക്കാനാവാത്ത വിലപ്പെട്ട ഒരു സമ്മാനം വെല്യമ്മച്ചി എനിക്കു തന്നിട്ടുണ്ട്. ഉള്ളതെല്ലാം നുള്ളിപ്പെറുക്കിവിറ്റും പോസ്റ്റ് ഓഫീസ് ചിട്ടികൂടിയുമൊക്കെ വാങ്ങിത്തന്ന കഷ്ടിച്ച് ഒരു പവന്‍ തൂക്കമുള്ള ഒരു താരമാല! അത് ഇടയ്ക്കൊന്നു തൂക്കം കൂട്ടി മാറ്റി എടുത്തിരുന്നുവെങ്കിലും വെല്യമ്മച്ചിയോടുള്ള വാക്കുകള്‍ക്കതീതമായ ആത്മബന്ധത്തിന്റെ സാക്ഷിയായി ഇപ്പോഴും എന്റെ കഴുത്തില്‍.
എഴുതിയെഴുതി ഒരുപാടായോന്നൊരു സംശയം. എത്രയെഴുതിയാലും തീരില്ല. എങ്ങനെയെഴുതിയാലും എനിക്കതു വരച്ചുകാട്ടാനാവില്ല. ആ സ്നേഹമിന്നും നെഞ്ചിലുണ്ട്. ഏതെങ്കിലും കഥാപുസ്തകത്തില്‍ മുഴുകിയിരിക്കുന്ന എന്നെത്തേടി വരുന്ന പേരെടുത്തുള്ള രണ്ടുവിളികളെയും ഞാന്‍ അറിയാതെ അവഗണിക്കുമായിരുന്നു. അവസാനം അറ്റകൈക്കാണ് "ഡാ, വേട്ടോനെ.." എന്നു വിളിക്കുന്നത്. അറിയാതെ വിളി കേട്ടുപോകും. ഓടിച്ചെല്ലുമ്പോള്‍ എന്തെങ്കിലും കിട്ടും, കേട്ടോ! ആ സാന്നിദ്ധ്യമാണ് നഷ്ടമായത്. പിരിഞ്ഞ നേരത്ത് ഒരിറ്റുകണ്ണീരു ഞാന്‍ വീഴ്‌ത്തിയില്ലെങ്കിലും പിന്നെയെന്നും ഓര്‍ക്കുമ്പോള്‍ അറിയാതെ ഒരു ഗദ്ഗദം തൊണ്ടയില്‍ കുരുങ്ങിയും, ഒരുമാത്ര ശ്വാസം ഉടക്കിയും, ഒന്നുകൂടി കണ്ണ് ഈറനണിഞ്ഞും...
വളരണ്ടായിരുന്നു, ആര്‍ക്കും ആരെയും പിരിയേണ്ടി വരരുതായിരുന്നു...
ഓര്‍മ്മകള്‍ മരിക്കുമോ?
ReplyDeleteഓര്‍മ്മകള്‍ മരിയ്ക്കാതിരിയ്ക്കട്ടേ...
ReplyDeleteകണ്ണു നിറയ്ക്കുന്ന ഓര്‍മ്മകള്‍!
രാജ്
ReplyDeleteഈ ഓര്‍മ്മകള്‍ എന്റേതു തന്നെ.
നന്ദി.
-സുല്‍
ജീവിതം ഇങ്ങനെയൊക്കെയാണല്ലോ. എങ്കിലും ഓര്‍ക്കാന്‍ സുഖമുള്ള നല്ല നല്ല ഓര്‍മ്മകള്‍ കൂടി കൂട്ടിനുണ്ടല്ലോ.
ReplyDeleteഇഷ്ടപ്പെട്ടു..ഈ പോസ്റ്റ്..നന്നായി തന്നെ.
ReplyDeleteപക്ഷേ,പരാതിയുണ്ട്..എന്റെ പണ്ടത്തെ ഒരു പോസ്റ്നു ഈ സെയിം പേരു ഇട്ടിരുന്നു..ഞാന്‍ കോപ്പി റൈറ്റ് സമരം സംഘടിപ്പിക്കും(ചുമ്മാ)
http://chirakullapakalkinaavu.blogspot.com/2008/03/blog-post_16.html
ഇതിന് വേറെ ഏത് പേരു ഇടും അല്ലെ?
ഒരിക്കലും മറക്കാനാവാത്ത വിലപ്പെട്ട ഒരു സമ്മാനം വെല്യമ്മച്ചി എനിക്കു തന്നിട്ടുണ്ട്. ഉള്ളതെല്ലാം നുള്ളിപ്പെറുക്കിവിറ്റും പോസ്റ്റ് ഓഫീസ് ചിട്ടികൂടിയുമൊക്കെ വാങ്ങിത്തന്ന കഷ്ടിച്ച് ഒരു പവന്‍ തൂക്കമുള്ള ഒരു താരമാല!
ReplyDeleteഅവിടെ നീയെന്റെ കണ്ണു നനയിപ്പിച്ചു.
ഹൃദയസ്പര്‍ശിയായി എഴുതി എന്നൊക്കെപ്പറഞ്ഞാല്‍ അതൊരു ക്ലീഷേ ആകും അതുമല്ലെങ്കില്‍ നനുത്ത ഓര്‍മ്മകളെ അനാവരണം ചെയ്യുന്ന ഈ ഓര്‍മ്മ പോസ്റ്റിനെ അവഹേളിക്കലാവും. ഹൃദയത്തില്‍ നിന്ന് ...ആഡംബരമോ അതിവാചാലമോ അല്ലാതെ നീയെഴുതിയ ഈ ഓര്‍മ്മക്കുറിപ്പിനൊപ്പം നില്‍ക്കുന്ന ഒരു അഭിപ്രായം എഴുതാന്‍ ഞാന്‍ നിസ്സഹായനാകുന്നു.
ഒരമ്മൂമ്മയുടെ വേര്‍പാടിനെക്കുറിച്ചല്ല നീ പറഞ്ഞപോലെ ‘ഒരുമാത്ര ശ്വാസം ഉടക്കിയും, ഒന്നുകൂടി കണ്ണ് ഈറനണിഞ്ഞു‘മാണ് ഇപ്പോള്‍ ഞാനിരിക്കുന്നത്.. ആ ഊഷ്മള ബന്ധത്തെ നീയവതരിപ്പിച്ച രീതി അതാണതിനു കാരണം.
എന്തിന് സാഹിത്യവും അലങ്കാരവും??!! ഹൃദയത്തില്‍ തൊട്ടെഴുതാനാവുന്നവര്‍ക്ക്.
നന്ദന്‍/നന്ദപര്‍വ്വം
വളരെ വളരെ ഇഷ്ടപ്പെട്ടു എന്ന് മാത്രം പറഞ്ഞ് ഒപ്പം ഇവിടേക്ക് വരാനുള്ള വഴി കാണിച്ച് തന്ന നന്ദേട്ടന് നന്ദി അറിയിച്ചും ഞാൻ പോവുന്നു.
ReplyDeleteഇനിയും വരാം.
സ്മൃതിനാശം സംഭവിച്ചാലും ഈ ഓർമ്മകൾ നശിക്കില്ലാ എന്ന് ഓട്ടോയുടെ നമ്പർ വരെ ഓർമ്മയിൽ നിന്നെടുത്തെഴുയപ്പോൾ മനസ്സിലായി. ഹൃദയസ്പർശിയായ ഒരു പോസ്റ്റ്
ReplyDeleteഇത് ഓര്‍മ്മകളല്ല. പച്ചയായ ജീവിതത്തില്‍ നിന്ന് ഒരു ചീന്ത്.
ReplyDeleteഓര്‍മകള്‍ മനസ്സില്‍ തട്ടുന്നു.
ReplyDeleteഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ മിഴിവോടെ വരച്ചുകാട്ടിയിരിക്കുന്നു. ഉള്ളില്‍ത്തട്ടിയ പോസ്റ്റ്.
ReplyDeleteവളരെ ഇഷ്ടപ്പെട്ടു....'ഓര്‍മകളുടെ സുഗന്ധം'
ReplyDeleteമനോഹരമായ അനുസ്മരണം രാജ്.. നല്ല വല്യമ്മച്ചി.
ReplyDeleteമനസ്സിനെ ഈറനണിയിപ്പിക്കുന്ന ...ഒരിക്കലും വാടാത്ത ഓര്‍മ്മപ്പൂവിന്റെ ഗന്ധം ... ഓര്‍മ്മകളുടെ നഷ്ട സുഗന്ധം... അതറിഞ്ഞു ഈ വാക്കുകളിലൂടെ ...
ReplyDeleteരാജ്,
ReplyDeleteഇന്ന്, ജീവിച്ചിരിക്കുന്ന മാതാപിതാക്കളെപ്പോലും ഓര്‍മ്മിക്കാന്‍ മറന്നുപോകുന്ന മക്കളുടെ കാലഘട്ടത്തിലാണ് ഞാനും, താങ്കളുമൊക്കെയടങ്ങുന്ന തലമുറകടന്നു പോകുന്നത്. നിങ്ങളുടെ മനസിന്റെ നൈര്‍മല്യമാണ് സ്നേഹമയിയായ ആവല്യമ്മച്ചിയുടെ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍കടന്നു പോയിട്ടും ഇവിടെ പങ്കുവയ്ക്കുവാന്‍ തങ്കളെ പ്രേരിപ്പിച്ച ഘടകം. വായിച്ചപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞു പോയി.സ്വന്ത അനുഭവം പോലെ.
ഹ്രുദയത്തില്‍ തൊട്ടയെഴുത്ത്.
ആശംസകളോടെ.
രാജ്........
ReplyDeleteഒരു വാക്കും പറയാന്‍ വയ്യ ....ഇതു വായിക്കുമ്പോള്‍ അറിയാതെ ഞാന്‍ എന്റെ .............ഓര്ത്തു പോയി ..
ReplyDeleteഓര്‍മകള്‍ നന്നായിരിക്കുന്നു....തുടര്‍ന്നും എഴുതുക
ReplyDeleteആശംസകളോടെ.....
ശ്രീയേട്ടാ,
ReplyDeleteഈ ഓര്‍മ്മകള്‍ കണ്ണു നിറയ്ക്കുന്നതിനൊപ്പം നല്ലനാളുകളുടെ മന്ദസ്മിതം കൂടി നല്‍കുന്നുണ്ട്. :)
സുല്‍, എന്റേത് എന്നല്ല, എന്റേതും എന്നു പറയൂ. നമ്മുടെയെല്ലാം ഓര്‍മ്മകള്‍! :)
കാസിം തങ്ങള്‍, അതെ. കമന്റിനു നന്ദി. :)
സ്മിത ടീച്ചറെ, സന്തോഷം. നന്ദി. :)
പരാതിക്കുള്ള മറുപടി: ടീച്ചര്‍ സൂചിപ്പിച്ച ആ പോസ്റ്റിന്റെ പേര് 'ഓര്‍മ്മകളുടെ ഗന്ധം' എന്നാണ്, ഇതിന്റേത് 'ഓര്‍മ്മകളുടെ സുഗന്ധം' എന്നും. ഒരു 'സു'വിന്റെ വ്യത്യാസം ഉണ്ട്. ഇനി സമരം സംഘടിപ്പിച്ചോളൂ, നമുക്ക് അങ്കത്തട്ടില്‍ കാണാം. (ഇതും ചുമ്മാ).
നന്ദേട്ടാ, ഞാന്‍ എന്തു പറയാന്‍? തോന്നിയത് അതുപോലെ തന്നെ എഴുതി എന്നല്ലാതെ...
പോങ്ങുമ്മൂടന്‍ മാഷേ,
വളരെ നന്ദി. അതിലൊരു പങ്ക് നന്ദേട്ടന്. :)
lakshmy ചേച്ചീ, എന്നും താലോലിക്കുന്ന ഓര്‍മ്മകളല്ലേ, അപ്പോ അതിനോടു ബന്ധപ്പെട്ട പലതും ഇങ്ങനെ മായാതെ നില്‍ക്കും മനസ്സില്‍! (മാത്രമല്ല, വാഹനങ്ങളുടെ രജി. നമ്പര്‍ ഓര്‍മ്മിച്ചു വയ്ക്കുന്ന ഒരു ശീലവും എനിക്കുണ്ട്, പണ്ടേ തന്നെ)
Sarija N S, അതെ, അതുതന്നെ. നന്ദി. :)
അനില്‍ചേട്ടാ, സന്തോഷം. നന്ദി. :)
നിരക്ഷരന്‍ മാഷേ, അഭിനന്ദനത്തിനു നന്ദി. :)
അപര്‍ണ, നന്ദി :)
കുഞ്ഞന്‍സ് മാഷേ, വളരെ നന്ദി :)
ആദര്‍ശ്, എന്നും ഓര്‍മ്മകളുടേത് നഷ്ടസുഗന്ധമാണ്. നന്ദി കേട്ടോ. :)
ചിരിപ്പൂക്കള്‍, നല്ല വാക്കുകള്‍ക്കും പ്രോല്‍സാഹനത്തിനും വളരെ നന്ദി. :)
തോന്ന്യാസി,
MyDreams,
suresh,
വളരെ നന്ദി. :)
KL 7 D 4997!
ReplyDeleteമനോഹരം
ReplyDeleteനന്ദി അൽമിത്ര!
Deleteമനസ്സിൽ തട്ടിയെടോ.. വഴിയിൽ കിടക്കുന്ന കല്ലിനോടൊക്കെ കിന്നാരം പറയണമെങ്കിൽ അവരെത്ര നിഷ്‌കളങ്ക ആയിരിക്കും രാജ്.. എനിക്കോർക്കാൻ അമ്മയെ ഒള്ളൂ.. അച്ഛമ്മ ഇല്ല. ഇതു വായിച്ചപ്പോൾ അസൂയ തോന്നി, ഭാഗ്യം ചെയ്തവനാ..
ReplyDeleteഭാഗ്യമാണ്. പുണ്യമാണ്. നന്ദി ശാരിചേച്ചീ.😊
Delete