Wednesday, June 19, 2013

അവധികൾ നല്കുന്ന പുതുജീവൻ

മെയ് മാസം മുഴുവൻ ജോലിയുടെ ഭാഗമായുള്ള ഒരു ട്രെയിനിങ്ങിനായി തിരുവനന്തപുരത്തായിരുന്നു ഞാൻ. തലസ്ഥാനത്ത് ആണെങ്കിലും നഗരത്തിന്റെ തിരക്കുകളിൽ നിന്നും ആഘോഷങ്ങളിൽ നിന്നും പൂർണ്ണമായും അകന്ന്, തികച്ചും ഒരു വിദ്യാർഥിയെപ്പോലെ തന്നെ പഠനത്തിന്റേതായ സകല പിരിമുറുക്കങ്ങളും അനുഭവിച്ച് ഒരു മാസം. ശീർഷകത്തിൽ പറഞ്ഞിരിക്കുന്നതു പോലെ ഇതൊരു അവധിക്കാലമായിരുന്നു - പതിവായി പഴകിപ്പോയ ചര്യകളിൽ നിന്നും സ്ഥലങ്ങളിൽ നിന്നുമുള്ള ഒരവധി.

കൊടും വേനലിന്റെ മൂർദ്ധന്യത്തിലാണ്‌ ഞാൻ വീടു വിട്ടത്. തിരികെ വരുമ്പോഴേക്കും മഴക്കാലമാവും എന്നുറപ്പുണ്ടായിരുന്നു. അതിനാൽ കുടയും കയ്യിൽ കരുതി. നഷ്ടബോധം തോന്നിയത് ആകെ ഒരു കാര്യത്തെ പറ്റിയാണ്‌. വീടും ഈ ചെറിയ പട്ടണവും ഈ ഋതുസംക്രമവേളയിലൂടെ കടന്നു പോകുന്നത് നോക്കിനില്ക്കുക കൗതുകകരമാണ്‌. ആ രസക്കാഴ്ചയ്ക്കു നേർസാക്ഷ്യം വഹിക്കാനൊക്കില്ലല്ലോ എന്നൊരു നഷ്ടബോധം. ജലക്ഷാമത്തിന്റെ കയ്പ്പുനീർ തേകിയ ഈ വേനൽ ജലവറുതികളും കൊണ്ടു വരുന്ന ഇടവപ്പാതിയിലേക്ക് ചുവടുമാറുന്നതു കണ്ടിരിക്കാൻ പറ്റിയില്ല. ഒരു മാസത്തിനു ശേഷം തിരികെ വ്യത്യസ്തമായ ഭൂമികയിലേക്കുള്ള മടങ്ങി വരവ്. എത്ര തന്നെ കണ്ടിട്ടുള്ളതെങ്കിലും ഞാൻ പടിയിറങ്ങിപ്പോയ മണ്ണിലേക്കല്ല ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത് എന്ന ബോധ്യം - അതു തരുന്ന അല്പനേരത്തെ അപരിചിതത്വം. പൊരുത്തപ്പെടുമോ എന്നറിയാതെ ഒരു കൂടിച്ചേരലിനായുള്ള യാത്ര പോലെ.. അറിഞ്ഞുകൊണ്ട് നേരിടേണ്ടിവരുന്ന ആ അനിശ്ചിതത്വത്തിലേക്കുള്ള മടക്കം!

ആ യാത്രയുടെ അങ്ങേയറ്റത്തും ഇങ്ങേയറ്റത്തുമുള്ള വൈരുദ്ധ്യങ്ങൾ പറയാം. പോയപോക്കിന്‌ കയ്യിൽ കുടിവെള്ളം കരുതാഞ്ഞതിൽ വിഷമിച്ചെങ്കിൽ തിരിച്ചിങ്ങോട്ട് ആർത്തു പെയ്യുന്ന മഴയുടെ മുഴക്കത്തിൽ മുഴുകാൻ വെമ്പിയിരിക്കുകയായിരുന്നു ഞാൻ. പക്ഷേ, അത്രയൊന്നും ഉണ്ടായില്ല. ഇടവിട്ടു മാത്രം ഘോരഘോരം പെയ്ത പെരുമഴയൊഴികെ. പോകും വഴി ഞൻ കണ്ടത്, വീണുകിട്ടിയ വേനൽമഴയിൽ നിന്നും ഉയിർകൊണ്ട് പച്ചപ്പിന്റെ നേരിയ കതിരുകൾ ചൂടി റോഡരികിലെ പാറക്കെട്ടുകളിലും കയ്യാലകളിലും നില്ക്കുന്ന പുൽനാമ്പുകളാണ്‌. അവയെല്ലാം വള്ളിപ്പടർപ്പുകൾ ഭൂരിപക്ഷം നേടിയ ഹരിത കംബളം കൊണ്ട് ഇക്കാലത്തിനിടെ മൂടപ്പെട്ടിരുന്നു. ഉണങ്ങിയ പുല്ലുകളുടെ മഞ്ഞ നിറം കൊണ്ട് വേനലിൽ പ്രാണൻ കെട്ടുപോയ മലഞ്ചെരിവുകളിൽ ജീവൻ തളിർത്തിരുന്നു. പാറക്കെട്ടുകളിലൂടെ, കുന്നിന്റെ കവിളിണകളിലൂടെ ആനന്ദാശ്രുക്കൾ വെള്ളിനൂലുകളായി ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു. ഇവയെല്ലാം മറച്ചുകൊണ്ട് തലനീട്ടിപ്പിടിക്കുന്ന കോടമഞ്ഞ് ഓരോ പെയ്ത്തിനു ശേഷവും രൂപം പറയാനാവാത്ത വെൺചിത്രങ്ങൾ ആകാശത്തിനു കീഴിൽ വരച്ചിട്ടു. മഞ്ഞിനും മഴയ്ക്കും അതിരിടുന്ന കാറ്റ് ആ ചിത്രങ്ങൾ മായ്ച്ചു കളഞ്ഞു. കരയാൻ വെമ്പുന്ന ബാലികയുടെ മുഖം പോലെ പ്രകൃതിയുടെ ഓമനമുഖം തെല്ലിട വാടി നിന്നു. പിന്നെ ഒരു നീണ്ട ഇരമ്പമായി വന്നു പെയ്തൊഴിഞ്ഞു.

ഇടവപ്പാതിയുടെ വരവറിയിച്ചുകൊണ്ട് പെയ്ത ആദ്യമഴയ്ക്കു ശേഷം ഈയാംപാറ്റകൾ, ആയിരക്കണക്കിന്‌, നനഞ്ഞ ഭൂമിയുടെ വിയർപ്പുരന്ധ്രങ്ങളിലൂടെ പുറത്തേക്കുവന്നു. ആകാശം കാണെ ഒരു ഞൊടി പകച്ചു നിന്നശേഷം ചിറകുകൾ വീശിയാട്ടി പറന്നുയർന്നു... സ്വാതന്ത്ര്യത്തിന്റെ പുത്തൻ ലോകത്തേക്ക്. അറിയാതെയെങ്ങാനും ഒരു മഴത്തുള്ളിയോ ഇലത്തുമ്പിൽ നിന്നും ഉതിർന്നു വീണ ഒരു പെരുംതുള്ളിയോ ആ ചിറകിൽ പതിച്ചാൽ മേനി തളർന്നു നേരേ ഭൂമിയിൽ. ദുർബ്ബലമായ ചിറകുകൾ അടർന്ന് വെറും പുഴുക്കളെപ്പോലെ മണ്ണിൽ അരിച്ചു നടക്കും ചിലവ. പിന്നെയും പറക്കാൻ ഭാഗ്യമുള്ളവർ ഉയരെ കത്തി നില്ക്കുന്ന വഴിവിളക്കിന്റെ പുറംചില്ലിൽ വെളിച്ചത്തെ അന്ധമായി പ്രണയിച്ച് തലതല്ലി മരിക്കുന്നു. ഞാനിരിക്കുന്ന മുറിയുടെ ജനാലച്ചില്ലിൽ നൂറുകണക്കിനു ഈയാംപാറ്റകൾ വന്ന് എന്റെ മുറിയിലെ സി.എഫ്.എൽ. വെളിച്ചത്തിനായി മുട്ടിവിളിക്കുന്നു. അതു കേൾക്കാൻ കൂട്ടാക്കാതെ ഞാൻ നാളത്തേക്കു തയ്യാറാക്കേണ്ട റിക്കാർഡുകളിൽ തല പൂഴ്ത്തുന്നു. രാവിലെ നോക്കുമ്പോൾ ജനാലച്ചില്ലിലും ഭിത്തിയിലും പറ്റിപ്പിടിച്ചിരിക്കുന്ന ചിലന്തിവലകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചിറകുകൾ കാണാം. താഴെ ചിറകുകൊഴിഞ്ഞും ജീവനൊടുങ്ങിയും കിടക്കുന്ന ഈയാംപാറ്റകളുടെ കൂമ്പാരം. ഇന്നലെ അവർക്കായി തുറന്നു കിടന്ന സ്വാതന്ത്ര്യത്തിന്റെ കവാടങ്ങൾ രാത്രിയിലെ മഴയിൽ അടഞ്ഞുപോയിരിക്കാം, അല്ലെങ്കിൽ ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെ നിശ്ചേതനമായിരിക്കാം.

വേരോടടുത്ത്, മണ്ണിൽ കാലുറപ്പിച്ച് പ്ലാവിന്റെ ചുവട്ടിൽ ചാരിയിരിക്കുകയാണ്‌ ചക്കകൾ. അതിലൊന്നു പഴുത്തതാണ്‌. സമീപത്തു കൂടി പോകുമ്പോൾ മണം കിട്ടുന്നുണ്ട്. എലിയോ മറ്റോ ആവണം അതിന്നലെ തുരന്നു വച്ചിട്ടുണ്ട്. തുറന്നു വെച്ച മധുപാത്രത്തിൽ നിന്നും അമൃതുനുകരുന്ന ഈച്ചകളും മറ്റ് ഷഡ്പദങ്ങളും. എവിടെ നിന്നോ ഇറങ്ങിവന്ന ഒരണ്ണാൻ അവയെ ആട്ടിയകറ്റി വിരുന്നുണ്ടുതുടങ്ങി.

പുറത്തേക്കൊന്നിറങ്ങി തെല്ലിട വെറുതെ നിന്നാൽ മൂളിപ്പാട്ടും പാടിപ്പൊതിയുന്ന കൊതുകുകൾ. ഓരോ കൊതുകുകടിയും വരാൻ പോകുന്ന അസംഖ്യം അസുഖങ്ങളുടെ നാന്ദിയാണെന്ന തിരിച്ചറിവിൽ സ്വന്തം ശരീരത്തിലേക്ക് കാലെന്നും കരണമെന്നും നോക്കാതെ പതിയുന്ന കൈത്തലം. ചിതറിപ്പതിഞ്ഞ ഒരു ചോരത്തുള്ളിയുടെ നടുവിൽ പറ്റിപ്പിടിച്ചിരിക്കുന്ന കൊതുക് - രക്തസാക്ഷി. ഇതു കണ്ടിട്ട് എന്നെ കുത്താനുള്ള ഉദ്യമം മതിയാക്കി തൊട്ടടുത്ത് കാണുന്ന ഒരു തുടം വെള്ളത്തിൽ ആയിരം മുട്ടയിടുന്ന മറ്റൊരു കൊതുക് - പോരാളി. പകർച്ചവ്യാധികളെപ്പറ്റിയുള്ള വാർത്ത കേട്ടാൽ വിറയ്ക്കുന്ന നാട്.

Rain season

മഴ തിമിർത്തു പെയ്യാതെ ജൂൺ 3. സ്കൂൾ തുറന്ന ദിവസം. ട്രെയിനിങ്ങിനു ശേഷം ആദ്യമായി ഓഫീസിലേക്കുള്ള യാത്ര. ചാറ്റൽ മഴയുടെ കുളിരിൽ ബസ്സിലിരുന്ന് ബാക്കി നില്ക്കുന്ന ഉറക്കത്തിനായി നീക്കിവെച്ച ഒരു മണിക്കൂറിലേക്ക് പല ബസ് സ്റ്റോപ്പുകളിൽ നിന്നും പറന്നു വന്ന കരച്ചിലുകൾ. സ്കൂളിലേക്കുള്ള ആദ്യയാത്രയുടെ നൊമ്പരങ്ങൾ. വാശികൾ. പുത്തൻ കുടയും ചെരിപ്പും. ഇനിയും തയ്ച്ചു കിട്ടിയിട്ടില്ലാത്ത യൂണിഫോം. ആദ്യദിനം പുത്തൻ മണം വമിക്കുന്ന പുസ്തകങ്ങളുടെയും നോട്ടുബുക്കുകളുടെയും വലയ്ക്കുന്ന ഭാരമില്ല. സ്കൂൾ വരാന്തയിൽ എത്തിവലിഞ്ഞു നിന്ന് ഓടിന്റെ ചാലില്ക്കൂടി ഊർന്നുവീഴുന്ന മഴവെള്ളത്തിൽ കൈ നനച്ചിട്ട് ചോറ്റുപാത്രം തുറക്കുമ്പോൾ പരന്നൊഴുക്കുന്ന മണം. കല്ലിലരച്ച പുളിചേർത്ത ചമ്മന്തിയുടെ നവസുഗന്ധം.

ഓർമ്മകളിലൂടെ നാം അവധിയെടുക്കുകയാണ്‌. ഗൃഹാതുരതയുടെ ഋതുസംക്രമങ്ങളിലേക്ക്, ഒരു മഴവിൽത്തോണിയേറിപ്പോകുവാൻ!

Monday, April 29, 2013

ദി കാർ

കാർ എന്നും ഒരു പട്ടണത്തിൽ നിന്നു മറ്റൊന്നിലേക്കും തിരിച്ചും യാത്ര ചെയ്തിരുന്നു. മിക്കവാറും തന്നെ അതിൽ നാലു പേർ ഉണ്ടാവുമായിരുന്നു. അവരിൽ കാറിന്റെ ഉടമസ്ഥൻ തന്നെയായിരുന്നു വണ്ടി ഓടിച്ചിരുന്നത്.

കാർ സുന്ദരിയായിരുന്നു. അവൾ വൃത്തിയും വെടിപ്പും ഉള്ളവളായിരുന്നു. വെയിലായാലും മഴയായാലും അധികം അഴുക്കും പൊടിയുമില്ലാതെ ചന്തത്തോടെയിരിക്കാൻ അവളുടെ ഉടമസ്ഥൻ ശ്രദ്ധിച്ചുപോന്നിരുന്നു. എന്നും അവൾ യാത്ര പോയിരുന്നത് ഉടമസ്ഥന്റെ ഓഫീസിലേക്കായിരുന്നു. ആ യാത്രകൾ ക്രമേണ കാറും ഇഷ്ടപ്പെട്ടുതുടങ്ങി. ഉടമയുടെ സുഹൃത്തുക്കളായ സഹപ്രവർത്തകരായിരുന്നു കാറിലെ മറ്റു യാത്രക്കാർ. ഓഫീസിലേക്കു പോകുന്ന വഴി ഓരോരുത്തരെയും കയറ്റിക്കൊണ്ടാണു പോവുക. യാത്രയുടെ ഉണർവ്വിലേക്ക് പൂർണ്ണമായും കാർ എത്തുന്നത് ഇവരെല്ലാവരും വന്നതിനു ശേഷമാണ്‌. അപ്പോഴേക്കും കാർ വീതി കുറഞ്ഞ ചെറിയ റോഡിൽ നിന്നും പ്രധാന റോഡിലേക്കു കയറും. അല്പദൂരം അല്പദൂരം പുത്തൻ വഴിയാണ്‌. അല്ലലില്ലാത്ത ആ വഴിയിലൂടെ ഒരു മിനിറ്റു നേരം പോലും സഞ്ചരിക്കും മുൻപേ അത്രയ്ക്കു നല്ലതല്ലാത്ത റോഡായി. എന്നും കാർ ഓർക്കും, ഓടുന്ന വഴി മുഴുവനും ഇതുപോലെ മിനിമിനുത്തതായിരുന്നെങ്കിലോ എന്ന്. എങ്കിലും ഒരു പരാതിയും കാട്ടാതെ അതിന്റെ യാത്ര തുടരും. താണ്ടാനുള്ള വഴികൾ പല നിലവാരത്തിലായിരിക്കുമെന്ന് അറിയാമെങ്കിലും വെറുതേ ഈ മോഹഭംഗം പതിവുയാത്രകളുടെ ഭാഗമായി മാറിയിരിക്കുകയാണ്‌.

പ്രധാന റോഡ് - സ്റ്റേറ്റ് ഹൈവേയിലേക്കു കയറിക്കഴിഞ്ഞാൽ പിന്നെ വാഹനങ്ങളുടെ ഒരു പ്രവാഹമാണ്‌. എന്നുംകൊണ്ട് ഇടമുറിയാതെ വാഹനങ്ങളുണ്ട് എന്നല്ല, ഇതിലേ പോകുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രമമായ വളർച്ച കാറും കാണുന്നതാണ്‌. ഒരേ സമയത്ത് പതിവുള്ള യാത്രയായതുകൊണ്ട് സ്ഥിരം കാണുന്ന ബസ്സുകളും മറ്റു വാഹനങ്ങളും പരിചയക്കാരേപ്പോലെ ആയിക്കഴിഞ്ഞിരിക്കുന്നു. ബസ്സുകളാകട്ടെ, സ്ഥിരമായി കടന്നുപോകുന്നത് ഒരേ സ്ഥലത്തുവെച്ചായിരിക്കും. അപ്പോഴെല്ലാം കാർ ഓർക്കുന്നത് ഇന്നലെയും ഈ ബസ്സു കണ്ടത് ഇതേ സ്ഥലത്തുവെച്ചായിരുന്നല്ലോ എന്നാണ്‌. ഇനി ഏതെങ്കിലും ദിവസം യാത്ര അല്പം വൈകുകയോ നേരത്തെയാവുകയോ ചെയ്താൽ ചിന്ത നേരെ മറിച്ചുമാകും.

ഈ പതിവു സഹയാത്രികർ പരിചയക്കാരെപ്പോലെ ആണെങ്കിലും ഒരേ റോഡിലൂടെ സഞ്ചരിക്കുന്നവർ എന്നല്ലാതെ കാണുമ്പോൾ ആ പരിചയം പ്രകടിപ്പിക്കുകയൊന്നും ചെയ്യില്ല. ഞാനും അവരും താന്താങ്ങളുടെ കാര്യം നോക്കി പരസ്പരം ഒരു ശല്യമോ ഒരു വിഷയം പോലുമോ ആവാതെ അങ്ങനെയങ്ങു പോകും. എന്നാൽ വലിയ സുന്ദരനും മസിൽമാനുമാണെന്ന ഭാവത്തിൽ പോകുന്ന ഒരു വിദ്വാനുണ്ട്- നീലനിറമുള്ള ഒരു ടാങ്കർ ലോറി. അവന്‌ എന്തിന്റെ അഹങ്കാരമാണെന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷേ, അവൻ ആർത്തലച്ച് എതിരേ വരുന്നതുകാണുമ്പോൾ എനിക്കുള്ളിൽ ഭയമാണ്‌. ഒരിക്കൽ ഇവൻ ഒരു ജീപ്പിനെ ഇടിച്ചു തകർത്തിട്ട് അതിലെ യാത്രക്കാർക്ക് സാരമായ പരിക്കുകൾ പറ്റിയതായി ഞാൻ കേട്ടിട്ടുണ്ട്. ദുഷ്ടനാണവൻ. ഞാൻ എന്നും കാണുന്ന മുഖങ്ങളിൽ മറ്റാരെക്കുറിച്ചും എനിക്കൊരു പരാതിയുമില്ല കേട്ടോ.

പിന്നെ, പതിവുയാത്രക്കാരല്ലാത്ത, ദൂരദേശങ്ങളിൽ നിന്നു വരുന്ന ചിലർ എതിരേ പാഞ്ഞടുത്ത് എനിക്കു പോകാനുള്ള വഴിയിൽ കടന്നുകയറി വരാറുണ്ട്. അതും എനിക്കു ഭയമാണ്‌. പരിചയമില്ലാത്ത വഴികളിലൂടെ അത്രയും സാഹസം കാണിക്കരുതെന്ന് അവരോടു പറയാൻ എനിക്കു തോന്നാറുണ്ട്. എങ്ങനെ പറയാനാണ്‌? ധൃതി പിടിച്ചുള്ള ഓട്ടമല്ലേ. കൊടും വളവുകൾ നിറഞ്ഞ എന്റെ സഞ്ചാരപഥത്തിൽ ഇങ്ങനെ പായുന്നത് എത്ര അപകടം പിടിച്ചതാണെന്ന് അവർക്ക് അറിവില്ലാഞ്ഞിട്ടാകുമോ? അല്ല. പലപ്പോഴും എന്റെ വശത്ത് തട്ടാതെയും കൂട്ടിമുട്ടാതെയും ഞാൻ രക്ഷപ്പെട്ടുപോരുന്നത് ദൈവാനുഗ്രഹം കൊണ്ടു മാത്രമാണ്‌. അപ്പോഴെല്ലാം എന്റെയുള്ളിൽ ഉണ്ടാവുന്ന കാളൽ നിങ്ങൾക്കാർക്കും മനസ്സിലാവില്ല. കാരണം ഞാൻ സുരക്ഷിതയായി നിന്നാൽ മാത്രമേ എന്റെയുള്ളിലെ യാത്രികരും സുരക്ഷിതരായിക്കൂ.

എപ്പോഴും തമാശകളും പൊട്ടിച്ചിരികളും കാര്യമായ ചർച്ചകളും കൊണ്ടു നിറഞ്ഞതാണ്‌ എന്റെ യാത്രകൾ. എന്റെ മ്യൂസിക് സിസ്റ്റത്തിന്റെ കാര്യവും രസമാണ്‌. സോൾട്ട് ആൻഡ് പെപ്പർ സിനിമയിലെ കാറിന്റെ പോലെ, അത്ര പഴക്കമൊന്നുമില്ലാത്ത പാട്ടുപെട്ടി ആണെങ്കിലും അപ്രതീക്ഷിതമായി ഓണാവുകയും ഓഫാവുകയും ചെയ്യുന്നത് അതിനെ ബാധിച്ചിരിക്കുന്ന ഒരു രോഗമാണ്‌. ചികിൽസയൊന്നും തുടങ്ങിയിട്ടുമില്ല.

പതിവുയാത്രകളിൽ പ്രധാനപ്പെട്ട ഒരു സംഭവമാണ്‌ ഇന്ധനം നിറയ്ക്കൽ. കൃത്യമായ ഇടവേളകളിൽ ഊഴം വെച്ചാണ്‌ അവർ എന്റെ വയറുനിറയ്ക്കുന്നത്. രസകരമായ മറ്റൊന്നു കൂടിയുണ്ട് - എന്റെ ഉടമയ്ക്ക് കൂടെക്കൂടെ എന്റെ ടയറുകളിലെ കാറ്റ് പരിശോധിച്ചു ബോധ്യപ്പെടണം. ഈയിടെ ടയർ ഒരെണ്ണം മാറ്റിയിട്ടിരുന്നു. അതിന്റെ കാര്യമായാലും ഇതു തന്നെ ഗതി. എന്തുകൊണ്ടാണ്‌ ഇതിങ്ങനെ എന്നറിയില്ല. വല്ല OCDയും ആയിരിക്കും.


നിറയെ മഞ്ഞപ്പൂക്കളുള്ള പേരില്ലാത്ത ആ മരം...

ഓഫീസിൽ പോകുന്നതിന്റെ സുഖമുള്ള ഭാഗം കാട്ടിലൂടെയുള്ള യാത്രയാണ്‌. മഴയാണെങ്കിലും വെയിലാണെങ്കിലും കാട്ടിലൂടെയുള്ള സഞ്ചാരം മനോഹരമാണ്‌. വേനലിൽ വരണ്ടുണങ്ങിയും ഇലകൾ കൊഴിഞ്ഞും നില്ക്കുമ്പോൾ കാടിന്റെ അസ്ഥിപഞ്ജരം ദൃശ്യമാകുന്നു. എന്നാൽ ഈയിടെ ലഭിച്ച വേനൽമഴയ്ക്കു ശേഷം കാടിന്‌ പുതുജീവൻ കൈവന്നിട്ടുണ്ട്. പാതയോരത്തുള്ള ഗുല്മോഹർ മരങ്ങൾ മനോഹരമായി പൂത്തുലഞ്ഞ് ചെങ്കുട ചൂടി നില്ക്കുന്നുണ്ട്. ഒരിക്കൽ കാട്ടിലൂടെ പോന്നുകൊണ്ടിരുന്നപ്പോൾ രാവിലത്തെ ഇളം കാറ്റിൽ ഉലഞ്ഞ നിറയെ മഞ്ഞപ്പൂക്കളുള്ള പേരില്ലാത്ത ആ മരം ഒരു കുടന്നപ്പൂക്കൾ എന്റെ മേലെ ചൊരിഞ്ഞത്. അവയെല്ലാം വിൻഡ് സ്ക്രീനിനു മേലെ വീണ്‌ പലഭാഗങ്ങളിലേക്ക് ചിതറിപ്പോയി. എന്നോട് ഇഷ്ടമുള്ള, എന്നെ എന്നും കാണാനാഗ്രഹിക്കുന്ന ആരോ ഒരാൾ കയ്യില്ക്കരുതിയിരുന്ന പൂക്കൾ വെറുതെ എന്തോ കളിപറഞ്ഞ് എന്റെ നേരെ എറിഞ്ഞിട്ടതു പോലെ. ആ നേരം സ്വയമറിയാതെ, നാണത്തിൽ കുതിർന്ന ഒരു പുളകം എന്നിൽ വിടർന്നെന്നും ആ സുഖം എനിക്കിഷ്ടമാണെന്നും ഞാൻ പറയേണ്ടതുണ്ടോ?