Sunday, March 06, 2011

അവള്‍ പറയാന്‍ കൊതിച്ച കാര്യം

ബീയെസ്സിക്കു പഠിക്കുന്ന കാലമാണ്‌. ആര്‌. ഞാന്‍ തന്നെ, ല്ല്ലാണ്ടാരാ? വീട്ടില്‍ നിന്നു മാറി കൂട്ടുകാര്‍ക്കൊപ്പം താമസിച്ചു പഠിക്കുന്നു. അന്നും ഞങ്ങള്‍ ക്ലാസ്സുകഴിഞ്ഞ്‌ രാജകുമാരി എന്‍.എസ്‌.എസ്‌ കോളേജിനെ നെഞ്ചേറ്റി ലാളിക്കുന്ന കുഞ്ഞുകുന്നിറങ്ങി നടന്നു. സഹമുറിയന്മാരായ അനിലിനെയും എല്‍ബിയെയും കൂടാതെ പരിസരവാസികളായ റൂബിയും സാജിതയും എന്റെ ഒപ്പമുണ്ട്‌. മൂന്നരയുടെ വെയില്‍ കൊണ്ട്‌ നടക്കുന്നതൊരു സുഖമാണ്‌. തമാശകള്‍ പറഞ്ഞും എല്‍ബിയെ പതിവുപോലെ ഒരുപാടു കളിയാക്കിയും ഏതാണ്ട്‌ രണ്ട്‌ രണ്ടര കിലോമീറ്റര്‍ അകലെയുള്ള വാസസ്ഥലത്തേക്കു ഞങ്ങള്‍ നടന്നു.

റൂബി പഠിക്കാന്‍ മിടുക്കിയാണ്‌. അതിനാല്‍ തന്നെ എല്ലാവര്‍ക്കും അവളെ മതിപ്പാണ്‌. സാജിത ഒരു പഞ്ചപാവം, പഠിപ്പില്‍ സാധാരണക്കാരി. ഉച്ചയ്ക്കുള്ള അന്താക്ഷരി സദസ്സിലെ നിശ്ശബ്ദ സാന്നിധ്യം. ആറെയും നോവിക്കരുതെന്ന വിചാരം. പക്ഷേ റൂബി അത്യാവശ്യം കൊട്ടൊക്കെ ആര്‍ക്കിട്ടും കൊടുക്കുന്ന ടൈപ്പാണ്‌. ഏതു പോസ്റ്റുകണ്ടാലും ഗോളടിക്കുന്ന സ്വഭാമാണെനിക്ക്‌. ഇതിനെല്ലാം പിന്നില്‍ നിന്നും ഐലസാ വിളിക്കുകയും അവസരം കിട്ടുമ്പോഴെല്ലാം തിരിഞ്ഞു കുത്തുകയും ചെയ്യും അനില്‍. എല്‍ബി ആണെങ്കില്‍ ഒരു സ്ഥിരം വിക്റ്റിം. ഇപ്പോ ചുറ്റുവട്ടം ഏകദേശം പിടികിട്ടിക്കാണുമല്ലോ!

ദൂരെ നിന്നും ഒക്കെ ധാരളം ആളുകള്‍ വന്നു പോയി പഠിക്കുന്ന ഒരു സ്ഥാപനമാണത്‌. നാല്‍പതു കിലോമീറ്റര്‍ എന്നു പറഞ്ഞാല്‍ തന്നെ ഹൈറേഞ്ചില്‍ വന്‍ ദൂരമാണ്‌ എന്നോര്‍ക്കണം. രാവിലെ എത്തുന്ന എയ്ഞ്ചല്‍ ബസ്സില്‍ തൂങ്ങിനിന്നു പരിക്ഷീണ മുഖത്തോടെ വരുന്ന സോ-കോള്‍ഡ്‌-പെങ്ങന്മാരെ ഞങ്ങള്‍ കോളേജങ്കണത്തിന്റെ തിട്ടപ്പുറത്തു നിന്ന്‌ എന്നും മുടങ്ങാതെ ഹാജരെടുത്തു പോന്നു.

പറഞ്ഞു വന്നത്‌, അന്നങ്ങനെ നടന്നവഴിക്കാണ്‌ റൂബി തെല്ലൊരു സങ്കോചത്തോടെ എന്നോട്‌ ആ കാര്യം പറയുന്നത്‌. കേട്ടു കഴിഞ്ഞപ്പോള്‍ അനിലും എല്‍ബിയും സാജിതയും ഒപ്പമുണ്ടായിരുന്ന ഈ നേരത്തു തന്നെ വേണായിരുന്നോ എന്റെ റൂബീ ഇതു പറയാനെന്ന്‌ ചോദിക്കാനാണ്‌ തോന്നിയത്‌. വെച്ചുനീട്ടിയ വിവരത്തിന്റെ മധുരം ആ തോന്നല്‍ തടയാന്‍ പോന്നതായിരുന്നു. പറഞ്ഞ കാര്യം ഇതാണ്‌ : "രാജിനോട്‌ നമ്മുടെ കോളേജിലുള്ള എതോപെണ്ണിന്‌... എന്തോ...!" പറയാനും വയ്യ, പറയാതിരിക്കാനും വയ്യ എന്ന ലെവലില്‍ ഉള്ളിലെന്തോ തിളച്ചു മറിയുന്നു, തണുത്തുറയുന്നു, നുരഞ്ഞു പൊന്തുന്നു. വഴിക്കിരുവശവും നിന്ന തൊട്ടവാടിപ്പൂക്കള്‍ കുസൃതിക്കണ്ണിറുക്കി. കയ്‌പന്‍പൂക്കള്‍ നടക്കട്ടെ നടക്കട്ടെ എന്ന്‌ എന്നെനോക്കി തലയാട്ടി.

ഞങ്ങള്‍ നടന്നു തുടങ്ങി അഞ്ചു മിനിറ്റുപോലും ആയിട്ടില്ല, അപ്പോഴാണ്‌ എന്റെ ജീവിതത്തില്‍ ഇന്നു വരെ ഞാന്‍ അഭിമുഖീകരിച്ചിട്ടില്ലാത്ത ഈ സന്ദര്‍ഭം വന്നത്‌. റൂബി ഒരു ഹംസദൂതികയെപ്പോലെ, ഒരു മേഘദൂതായി ഒന്നും വേണ്ട ഒരു പോസ്റ്റ്‌ വുമണായി എന്റെ മുന്നില്‍ അവതരിച്ചു. ഞങ്ങള്‍ക്കിടയിലുള്ള ആ ഒരു അണ്ടര്‍സ്റ്റാന്റിങ്ങ്‌ അങ്ങനെ ആയിരുന്നതുകൊണ്ടാവാം റൂബി ഈ ദൗത്യത്തിനു നിയോഗിക്കപ്പെട്ടതെന്നു ഞാന്‍ കണക്കു കൂട്ടി. റൂബിയെപ്പോലെ ഒരാളെ ചീഞ്ഞ കേസിനൊന്നും കിട്ടുകേലാത്തതിനാല്‍ ഒരു കാര്യം ഉറപ്പ്‌- വന്ന ദൂതിന്റെ ഫ്രം അഡ്രസ്സും അതിന്റെ പിന്നിലെ ചേതോവികാരവും അത്ര നിസ്സാരമാവാന്‍ വഴിയില്ല.

"ബൈ ദ വേ, ആരാ റൂബീ കക്ഷി?"

അവിടെ റൂബി പിടിമുറുക്കി.

"അതിപ്പോ എനിക്കു പറയാന്‍ മേല. പക്ഷേ, ചോദിച്ച പാര്‍ട്ടി എന്നോട്‌ നിന്നെക്കുറിച്ച്‌ വളരെ വിശദമായി തന്നെ തിരക്കിയിട്ടുണ്ട്‌. ആദ്യം ആശേടെ അടുത്താ തിരക്കിയെ. അപ്പോ ആശ പറഞ്ഞു അവള്‍ക്ക്‌ നിന്നെക്കുറിച്ച്‌ അധികമൊന്നും അറിയില്ല എന്നൊക്കെ. അങ്ങനെയാണ്‌ സംഗതി എന്റെ കയ്യില്‍ വന്നു പെടുന്നത്‌."

"എന്നാലും... ആരാ റൂബീ..?" ആകാംക്ഷ കൊണ്ട്‌ ഞാന്‍ പൊട്ടിപ്പോകുമെന്നു തോന്നി. വല്ല കൂതറകേസുമാണെങ്കില്‍ റൂമില്‍ ചെല്ലുന്നിടം വരെപോലും അനിലും എല്‍ബിയും എന്നെ വാഴിക്കില്ല. ചീറിപ്പാഞ്ഞുപോകുന്ന ഏതെങ്കിലും ട്രിപ്‌ ജീപ്പ്പിന്റെ മുന്നിലോട്ടു ചാടിക്കോണ്ടാ മതി! സെക്കന്റ്‌ ബി.എസ്സീലെ ഒന്നു രണ്ടു മുഖങ്ങള്‍ ഓര്‍ത്തപ്പോള്‍ എന്റെ ഉള്ളില്‍ രണ്ട്‌ വെള്ളിടി വെട്ടി. ഇനി ആശ തന്നെ ആയിരിക്കുമോ? ഏയ്‌, അങ്ങനെ വരാന്‍ വഴിയില്ല. അനില്‍ പറഞ്ഞിട്ടില്ലെങ്കിലും അവള്‍ അനിലിന്റെ 'ആള്‍' ആണെന്നാണ്‌ അനിലിന്റെ ഒരു വിശ്വാസവും ഞങ്ങളുടെ ഒരു സങ്കല്‍പവും. അങ്ങനെയാണെങ്കില്‍ ഒരു കാര്യം ഉറപ്പ്‌- ആശയ്ക്കും റൂബിക്കും നന്നായി അറിയാവുന്ന ആരെങ്കിലുമാവണം. ആശ സ്ഥിരം ബസ്സിനു വരുന്ന ആളാണല്ലോ. അപ്പോ ലോങ്ങ്‌ ട്രിപ്പടിക്കുന്ന പാര്‍ട്ടികള്‍ ആരെങ്കിലും...? പോസിബിള്‍ അളിയാ.. ക്വയറ്റ്‌ പോസിബിള്‍! അങ്ങനെയെങ്കില്‍ ഏതു ഡിപ്പാര്‍ട്ട്‌മന്റ്‌? പൊതുവേ അല്‍പം പച്ചപ്പുള്ളത്‌ ബി.സി.ഏയിലാണ്‌. ഉം...! എന്റെ മുഖത്ത്‌ അറിയാതെ ഒരു മന്ദഹാസം വിടര്‍ന്നത്‌ അവരും അറിഞ്ഞു.

എത്ര നിര്‍ബന്ധിച്ചിട്ടും കക്ഷി ആരാണെന്നു റൂബി പറയുന്നില്ല. എന്നിലെ ഹോംസ്‌ ഉണര്‍ന്നു. വേണ്ട. അവള്‍ പറയണ്ട, ഹല്ല പിന്നെ. അവള്‍ പറയുന്നതില്‍ നിന്നും വല്ല ക്ലൂവും കിട്ടാതിരിക്കില്ല. ഒരു പക്ഷേ പ്രതിയുടെ സ്ഥലമോ, റൂട്ടോ, ക്ലാസ്സോ അങ്ങനെ എന്തെങ്കിലും. അത്രേം കിട്ടിയാല്‍ ബാക്കി ഒപ്പിക്കാനാണോ പാട്‌! പക്ഷേ രോഗിയെ അറിഞ്ഞില്ലെങ്കിലും രോഗത്തിന്റെ വിവരണം കേള്‍ക്കാന്‍ എല്ലവര്‍ക്കും, അതിലേറേ എനിക്കും താല്‍പര്യം ഉണ്ടായിരുന്നു.

റൂബിയുടെ ഓരോ വാക്കുകളിലും ആളാരെന്നറിയാനുള്ള സൂക്ഷ്‌മപരിശോധന ഞാന്‍ നടത്തി. അവള്‍ തുടര്‍ന്നു. ആ അജ്ഞാതയ്‌ക്ക്‌ അറിയേണ്ടത്‌ രാജിന്റെ സ്വഭാവം - നേച്ചര്‍ - ഒക്കെയാണ്‌.

"എന്റമ്മേ! എന്നിട്ടു നീയൊക്കെ എന്തു പറഞ്ഞു? ഞാന്‍ ഒരു മഹാ വാചകക്കാരനാണെന്നു വല്ലോം വിളമ്പിയോ? വെള്ളമടിക്കുമെന്ന് പറഞ്ഞോ? മുട്ടിനു മുട്ടിനു ക്ലാസ്സിലുള്ള എല്ലാവരേയും കളിയാക്കുകയും ബോറന്‍ അവറുകളില്‍ പാസ്‌ ചെയ്യുന്ന തുണ്ടുകടലാസുകളില്‍കൂടി തേജോവധം ചെയ്യുന്നവനുമാണെന്നു നീയോതിയോ?"

ഒരുപെണ്ണിന്റെ മുന്നില്‍ ബാഡ്‌ ഇമേജ്‌ ക്രിയേറ്റ്‌ ചെയ്യപ്പെട്ടാലുണ്ടാകുന്ന ലോങ്ങ്‌ ടേം ഡീഗ്രഡേഷന്‍ ഒഫ്‌ അക്‌സപ്റ്റന്‍സ്‌ ഇന്‍ ദ്‌ ക്യാമ്പസ്‌ എന്നെ ആകുലനാക്കി.

"നോ, രാജ്‌. ഞാന്‍ നിന്നെക്കുറിച്ച്‌ അങ്ങനെ പറയുമോ?"

സേനാപതി പഞ്ചായത്തില്‍ നിന്നും വീശിയടിച്ച തെരുവപ്പുല്ലിന്റെ സുഗന്ധമുള്ള ഒരു കാറ്റ്‌ എന്നെ മാത്രം ഒന്നു കുളിരാക്കിയിട്ട്‌ കുളപ്പാറച്ചാലിലെ മോഹനന്‍ ചേട്ടന്റെ ചായക്കടയുടെ മുകളിലൂടെ പറന്നു.

എന്തായാലും, ഇമേജ്‌ സേഫാണ്‌. sigh!! എന്നാലും ആരായിരിക്കും അത്‌! എന്റെ കലാലയജീവിതത്തിലെ പബ്ലിക്‌ അപ്പിയറന്‍സുകള്‍ ആദ്യമായി ഞാന്‍ ഒന്നു റിവ്യു ചെയ്തു. സമരപ്രകടനങ്ങള്‍ക്കു മുന്നിലെ സ്ലോഗന്‍ ലീഡ്‌. വാഹ്‌! അതാണ്‌ നമ്മടെ ബെസ്റ്റ്‌ പബ്ലിസിറ്റി. പിന്നെ കലാപ്രവര്‍ത്തനങ്ങള്‍. റിയാലിറ്റി ഷോകള്‍ ഇല്ലാതിരുന്നതിനാല്‍ സംഗതികള്‍ അത്ര വ്യാപകമായിട്ടില്ലായിരുന്ന അക്കാലത്ത്‌ ചെറിയ ഒരു ആസ്വാദകസദസ്സിനെ ഒക്കെ പിടിച്ചിരുത്താന്‍ ഒക്കെ എനിക്കു പറ്റുമായിരുന്നു. ആ എളിയ കലാവാസന ആരിലെങ്കിലും ഒരു സ്പാര്‍ക്‌ കൊടുത്തിട്ടുണ്ടാവാം.. ഉം..! കോളേജിലെ ഒരു പ്രോഗ്രാമിന്‌ നിന്റെ കണ്ണില്‍ വിരുന്നു വന്നു നീലസാഗര വീചികള്‍ എന്ന പാട്ട്‌ പാടിയിട്ട്‌ ചരണത്തില്‍ ടൈമിങ്ങ്‌ തെറ്റിയതും വീണിടത്ത്‌ കിടന്നുരുളാതെ ഉടന്‍ തന്നെ ട്രാക്കിലെത്തിയതും ആണ്‌ ആകപ്പാടെ ഉള്ള ഒരു സോളോ പെര്‍ഫോമന്‍സ്‌. അതോ കൗണ്‍സിലര്‍ ആയി മല്‍സരിച്ച്‌ പ്രയാസപ്പെട്ട്‌ തോറ്റിട്ടും നിങ്ങളൊക്കെ അന്നുമിന്നും എന്റെ ഫ്രണ്ട്‌സ്‌ തന്നെ എന്ന ഭാവത്തില്‍ ബി.ബി.ഏയിലെയും ബി.സി.ഏയിലെയും സഹോദരിമാരോട്‌ പരിചയം പുലര്‍ത്തിപ്പോന്നതിന്റെ എഫക്റ്റോ? കോളേജ്‌ മാഗസിനിലെ ലേഖനങ്ങള്‍... യേയ്‌!

എന്തു കുന്തമേലുമാകട്ടെ.. പക്ഷേ ആരായിരിക്കും...?

ലവളായിരിക്കുമോ? എപ്പോള്‍ കണ്ടാലും സുന്ദരമായ മുഖത്ത്‌ ഒരു പൗര്‍ണ്ണമിനിലാവിന്റെ ചന്തം വിരിയിക്കുന്ന പാല്‍പ്പുഞ്ചിരി പൊഴിക്കുന്ന ആ പെണ്ണ്‌... അവള്‍ കോളേജില്‍ ചേര്‍ന്ന കാലത്ത്‌, ജോണ്‍സ്‌ കുടയിലെ ISO 9002 എന്നതിലെ ISOയുടെ പൂര്‍ണ്ണരൂപം ചോദിച്ചതും അറിയില്ലെന്നു പറഞ്ഞപ്പോള്‍ എങ്കില്‍ ഉത്തരം കണ്ടെത്തി പത്തു പ്രാവശ്യം എഴുതിക്കൊണ്ടുവന്നിട്ട്‌ എന്നെ കാണിച്ചിട്ട്‌ പിറ്റേന്ന്‌ ക്ലാസ്സില്‍ കയറിയാല്‍ മതി എന്നു പറഞ്ഞതും.. പിറ്റേന്ന് അവള്‍ അത്‌ അക്ഷരം പ്രതി പാലിച്ചതും.. അവളുടെ മുഖം പോലെ തന്നെയാണാ കയ്യക്ഷരമെന്ന്‌ കണ്ട്‌ മനസ്സു നിറഞ്ഞതും... ഇനി അവളെങ്ങാനുമാവുമോ? ഏയ്‌.. അല്ല, ഇനി ആകാന്‍ പാടില്ലെന്നില്ലല്ലോ! അതോ കാണുമ്പോഴെല്ലാം 'രാജ്‌മോന്‍ ചേട്ടാ' എന്നു സാഹോദരീസഹജമായ സ്നേഹത്തോടെ വിളിക്കുന്ന അസംഖ്യം പെണ്ണുങ്ങളില്‍ ആരെങ്കിലും ആ വിളിയില്‍ മറ്റൊരു ഉള്‍വിളി ഒളിപ്പിക്കുന്നുണ്ടാവുമോ? റൂബിക്കുമാത്രം ഉത്തരം നല്‍കാന്‍ പറ്റുന്ന ചോദ്യങ്ങള്‍!

"എന്താടാ ഇത്ര ആലോചന!?"

"എന്നാലുമെന്റെ പൊന്നു റൂബീ, ഒന്നു പറയാമോ ആരാന്ന്‌?" എന്റെ ആദ്യത്തെ എക്‌സൈറ്റ്‌മന്റ്‌ ഒക്കെ മാറി ഒരല്‍പം ടെന്‍ഷന്‍ ഒക്കെ ആയിത്തുടങ്ങിയിരുന്നു. റൂബി അപ്പോഴും സീരിയസ്‌.

"നീയെന്തു പറയും അതറിയുമ്പോള്‍ എന്നതാണ്‌ ആ പെണ്ണിന്റെ സംശയം."

"എന്തോന്ന് പറയാന്‍! ആളാരാ, കാര്യമെന്നതാ എന്നൊക്കെ അറിയാതെ എന്നാ പറയാനാ? അല്ലെങ്കി തന്നെ എനിക്കെന്തോന്നു ടെന്‍ഷന്‍..?" അനായാസഭാവത്തില്‍ ഒന്നു തോളുകുലുക്കിയെങ്കിലും എന്റെ വിടര്‍ന്ന ചെവിക്കുടകള്‍ രണ്ടും ചോര ഇരച്ചുകയറി ചെമന്നിരുന്നതുകണ്ട്‌ അവരെല്ലാം നിശ്ശബ്ദമായി ചിരിച്ചു.

ഞങ്ങളുടെ നടപ്പ്‌ ഏതാണ്ട്‌ മുക്കാലും തീര്‍ന്നുകഴിഞ്ഞിരുന്നു. എന്നെ തറയ്‌ക്കാന്‍ ഒരു ആണി കിട്ടുന്നതും നോക്കി അനിലും എല്‍ബിയും ഒപ്പം വെറുതേ നടക്കുകയാണ്‌. സാജിതയും അങ്ങനെതന്നെ.

"അനിലേ, രാജിനു ടെന്‍ഷന്‍ ആയെന്നു തോന്നുന്നു. ആരാന്നു ഞാന്‍ പറയില്ല. എന്നോട്‌ പറഞ്ഞേല്‍പ്പിച്ച കാര്യം ഞാന്‍ പറഞ്ഞേക്കാം.. എന്താ?"

"വേണ്ട. അങ്ങനെ ഇപ്പോ, അറ്റോം മുറീമായിട്ട്‌ പറയേണ്ട. സംഭവത്തിന്റെ ഫുള്‍ ഡീറ്റെയില്‍സ്‌ പറയാമെങ്കില്‍ പറഞ്ഞാല്‍ മതി. അല്ലെങ്കില്‍ നമുക്കിതിവിടെ നിര്‍ത്താം." കുറേ നേരമായി ക്രൂശിക്കപ്പെടുന്നതിന്റെ കുണ്‌ഠിതം എന്റെ വാക്കുകളില്‍ നിറഞ്ഞു. അനിലിനും എല്‍ബിക്കും എന്റെയത്ര ഇല്ലെങ്കിലും 'കക്ഷി' ആരെന്നറിയാനുള്ള ആകാംക്ഷ ഉണ്ടെന്നു വ്യക്തം. സുമനസ്സ്‌ സാജിത മാത്രം എന്റെ ഉള്ളുകണ്ടു.

"റൂബീ, എന്തിനാ രാജിനെ ഇട്ടിങ്ങനെ വട്ടം കറക്കുന്നേ? അതങ്ങു പറഞ്ഞേരേ, മൊത്തമായി. ഒന്നുമല്ലേലും അവന്‍ നമ്മുടെ കൂട്ടത്തില്‍ ഒരാളല്ലേ. എന്തായാലും കാര്യമറിഞ്ഞിട്ട്‌ അവന്‍ റെസ്പോണ്ട്‌ ചെയ്യട്ടെ!" മനസ്സുകൊണ്ട്‌ ഞാന്‍ സാജിതയുടെ കാല്‍ക്കല്‍ വീണു തൊഴുതു.

ഇപ്പോ റൂബിക്കു വാക്കുകള്‍ കിട്ടുന്നില്ല. നടന്നെത്താന്‍ പരമാവധി ഇരുപതു മിനിറ്റ്‌ മാത്രമെടുക്കുന്ന ദൂരം ഞങ്ങളന്ന്‌ അരമണിക്കൂര്‍ നടന്നിട്ടും തീര്‍ന്നില്ല. മൃഗാശുപത്രിക്കു സമീപമുള്ള വളവും കഴിഞ്ഞാല്‍ പിന്നെ ഒരു മൂന്നു മിനിറ്റ്‌ നേരത്തെ നടപ്പുദൂരം കൂടിയേ ഞങ്ങള്‍ ഒരുമിച്ചുണ്ടാവൂ. കാര്യങ്ങള്‍ ക്ലൈമാക്‌സിനോട്‌ അടുത്തു എന്ന് മനസ്സിലാക്കിയ എന്റെ ഞരമ്പുകളാകട്ടെ വീണക്കമ്പികള്‍ പോലെ മുറുകി നിന്നു.

റൂബി തുടര്‍ന്നു- "ഞാന്‍ ഒരു കാര്യം ചെയ്യാം, ആളെ പറയില്ല, എന്നെ പറഞ്ഞേല്‍പ്പിച്ച കാര്യം മാത്രം പറയാം. ഓകെ ആണോ?"

സമ്മതിക്കാതെ തരമില്ല. "ഓകെ"

റൂബി ഒരു അങ്കലാപ്പോടെ പറഞ്ഞു. "ആ ആള്‍ക്ക്‌ രാജിനോട്‌ പറയാനുണ്ടായിരുന്നത്‌.. എന്താന്നു വെച്ചാ.. അവള്‍ക്ക്‌ അതു രാജിനോടേ പറയാന്‍ പറ്റൂ... അവള്‍ക്കത്‌ നേരിട്ട്‌ പറയാനുള്ള ധൈര്യം ഇല്ലാഞ്ഞിട്ടാ... അതായത്‌.. ടൈറ്റാനിക്‌ മുക്കിയത്‌ അവളാണത്രേ...!!!"

കൂടം കൊണ്ട്‌ തലയ്‌ക്കടി കിട്ടിയപോലെ ഞാന്‍ നിന്നുപോയി. പിന്നെ അവര്‍ ചിരിച്ച ചിരീന്നു പറഞ്ഞാല്‍.... എന്നെ പ്രതി അതിനുമുന്നും പിന്നും ആരും... ഏഹേ!

Wednesday, February 09, 2011

കോപാസഞ്ചര്‍

ഥഡക്‌.. ഥഡക്‌...... ഥഡക്‌.. ഥഡക്‌...... ഥഡക്‌.. ഥഡക്‌..

"മൊണോടൊണസ്‌ ആന്‍ഡ്‌ ബോറിംഗ്‌.." അവള്‍ പിറുപിറുത്തു.

ഒരു ദിവസം ആകെയുള്ളത്‌ ഇരുപത്തിനാലു മണിക്കൂറാണ്‌. അതിലെ നാലുമണിക്കൂര്‍ ഇങ്ങനെ യാത്ര ചെയ്തുമാത്രം തീര്‍ക്കുന്നതില്‍ അവള്‍ക്കു സാരമായ നിരാശയുണ്ടായിരുന്നു.

യാത്രകള്‍ എന്നെങ്കിലുമൊക്കെ അവസാനിക്കാനുള്ളതാണ്‌.
കോപ്പിലെ ഒരു തത്വചിന്ത... ഡാമിറ്റ്‌.

അവള്‍ക്കെന്തിനോടെല്ലാമോ ദേഷ്യം തോന്നി.

കുറെ നാള്‍ ഒന്നും ചെയ്യാതെ അവധിയെടുത്തു വീട്ടിലിരിക്കാന്‍ പറ്റിയെങ്കില്‍... ജീവിതവും ഈ ട്രെയിന്‍ പോലെ തന്നെ എന്നും ഒരേ വേഗം, ഒരേ താളം. എന്നിട്ടും വെപ്രാളപ്പെട്ടു കൂവിയാര്‍ത്തെന്തിനോ പോകുന്നു. കിതച്ചെത്തി എവിടെയോ നില്‍ക്കുന്നു. ഇന്നും എന്നും. പിന്നെ വീണ്ടും...

ഓഹ്‌.. നോട്ട്‌ എഗൈന്‍! ഡാമിറ്റ്‌.

ചുറ്റും ഇരുട്ടു പരന്നിരുന്നു. മഞ്ഞള്‍ചാറുതേച്ച സന്ധ്യകളെ ഈ തീവണ്ടിജനാലയിലൂടെ മാത്രമാണ്‌ അടുത്തകാലത്തെല്ലാം ഞാന്‍ കാണുന്നത്‌. ഹൗ ബോറിംഗ്‌! സ്വസ്ഥമായ ഒരു സന്ധ്യയില്‍ അജിതിന്റെ കൈ പിടിച്ച്‌ നിറയെ മരങ്ങളുള്ള വഴിയിലൂടെ കുറെ നേരം ഒരു ശല്യവുമില്ലാതെ, ഒരു പക്ഷേ ഒന്നും പറയാതെ, അല്ലെങ്കില്‍ വായില്‍ തോന്നുന്നതെല്ലാം പറഞ്ഞ്‌... അജിതിനു ബോറടിക്കുമായിരിക്കും.. എന്നാലും .. അങ്ങനെ കുറെ നേരം നടക്കാന്‍ പറ്റിയിരുന്നെങ്കില്‍...

സൈ...!

സൈ.....!

വാട്‌ ദ ഹെല്‍!

'i'l cm @8..' അജിതിന്റെ sms.

'k. i'll ask d engn drvr 2 go a lil fstr. jus pasd alwy :)' മറുപടി വിട്ടു.

കമ്പാര്‍ട്ട്‌മന്റ്‌ ഏറെക്കുറെ ശൂന്യമായിരുന്നു. ഹെഡ്‌സെറ്റ്‌ എടുത്തുവെച്ച്‌ അല്‍പനേരം റേഡിയോ കേട്ടു.

"നാശം, എല്ലയിടത്തും ഈ വേഗമാണല്ലോ! മനുഷ്യന്റെ സംസാരത്തിനു പോലും ഒരനാവശ്യ വേഗം!! വേഗം പോകേണ്ട ഈ വണ്ടിമാത്രം ഇഴയുന്നപോലെ."

കുറെ നേരം സ്വസ്ഥമായി കണ്ണുമടച്ചിരുന്നു.

ഏതോ സ്റ്റേഷനില്‍ വണ്ടി നിന്നു. ഒരു മിനിറ്റ്‌. വീണ്ടും കൂവിയുണര്‍ന്നു കുതിച്ചു.

ഹാഫ്‌ ആന്‍ അവര്‍ മോര്‍.

പെട്ടെന്നവള്‍ ശ്രദ്ധിച്ചു, ഒരു നിരയ്ക്കപ്പുറത്തെ സീറ്റില്‍ ഒരു ചെറുപ്പക്കാരന്‍ ഇരിക്കുന്നുണ്ട്‌. തന്നെയാണോ അയാള്‍ നോക്കുന്നത്‌.

ഊപ്‌സ്‌...

അതെ.. കെഴങ്ങന്‍!

മാനേഴ്‌സില്ലാത്ത വകകള്‍.

വന്നു വന്ന്‌ മനുഷ്യര്‍ക്ക്‌ പൊതുസ്ഥലത്ത്‌ സാമാന്യ മര്യാദ പോലും ഇല്ലെന്നായിരിക്കുന്നു. ബസിലും ട്രെയിനിലും ഒക്കെ വെച്ച്‌ ഒരു പരിസരബോധവുമില്ലാതെ ഫോണിലൂടെ പെണ്ണുമ്പിള്ളയെ ശകാരിക്കുന്നവര്‍, ബാങ്ക്‌ ഇടപാടു നടത്തുന്നവര്‍, ജോലിക്കാരനെ മര്യാദ പഠിപ്പിക്കുന്നവര്‍, താന്‍ എവിടെപോകുന്നു, എന്തിനു പോകുന്നു എന്നെല്ലാം വലിയവായില്‍ വിളിച്ചു കൂവുന്നവര്‍... ഹൊ! ഈ പഞ്ചാരയടി നടത്തുന്ന കൗമാരക്കാര്‍ മാത്രം പതുക്കെയേ സംസാരിക്കൂ. ആവോ, ആര്‍ക്കറിയാം!!

ദേ, അയാള്‍ വീണ്ടും ഇടയ്‌ക്കിടെ നോക്കുന്നുണ്ട്‌! നാശം..!

മുഷിഞ്ഞ ഒരു ഷര്‍ട്ടാണ്‌.. അതോ അതിന്റെ കളര്‍ അങ്ങനാണോ?

നീളമില്ലാത്ത മുടി! കള്ള ലക്ഷണം തന്നെ. കള്ളന്മാര്‍ തല മൊട്ടയടിക്കുന്നതു ആള്‍ക്കാര്‍ ഓടിക്കുമ്പോള്‍ പിന്നില്‍ നിന്നു മുടിയില്‍ പിടിച്ചു നിര്‍ത്താതിരിക്കാനാണെന്ന്‌ പണ്ടാരോ പറഞ്ഞിട്ടുണ്ട്‌. ഇന്നാണെങ്കില്‍ കുറ്റം തെളിയിക്കാന്‍ ഒരു മുടിനാരാണെങ്കിലും മതിയല്ലോ!

മൈ ഗോഡ്‌! അയാള്‍ വീണ്ടും നോക്കുന്നു!

കണ്ടിട്ട്‌ ഒരു കൊട്ടേഷന്‍ പാര്‍ട്ടിയെപ്പോലെയുണ്ട്‌. ഒരു 28-30 വയസ്സുകാണും. തൊലിഞ്ഞ ഒരു ജീന്‍സും തവിട്ടുനിറമുള്ള ഒരു ഷൂസും. ഒരു ചെറിയ ഷോള്‍ഡര്‍ ബാഗുള്ളത്‌ എടുത്തു മടിയില്‍ വെച്ചിരിക്കുന്നു. അകത്തു കത്തിയോ ബോംബോ മറ്റോ ആണോടാ?

അല്‍പമിരുണ്ട്‌ ബലിഷ്‌ഠമായ കൈകള്‍...! ദേ, പിന്നേം നോക്കുന്നു അയാള്‍. ഇത്തവണ അവരുടെ കണ്ണുകള്‍തമ്മില്‍ ഉടക്കി. പെട്ടു. ഒരു കണക്കിനു നന്നായി. ഞാന്‍ അയാളെ ശ്രദ്ധിച്ചിട്ടുണ്ട്‌ എന്നയാള്‍ക്കു തോന്നുമല്ലോ. ഒന്നിരുത്തി നോക്കിക്കഴിഞ്ഞാല്‍ മിക്കവാറും ഇമ്മാതിരി നോക്കി ചാറുകുടിക്കുന്നവന്മാരൊക്കെ പിന്‍വാങ്ങും. എങ്കിലാവഴിക്കാകട്ടെ. മുഖത്തു പറ്റുന്നത്ര വെറുപ്പ്‌ നിറച്ച്‌ ഒന്നു തറപ്പിച്ചു നോക്കി. മനസ്സില്‍ ഇങ്ങനെ പറഞ്ഞു: വായിനോക്കി ഇരിക്കാതെ വേറെ വല്ലയിടത്തും പോയി ഇരിയെടാ പട്ടീ, പട്ടീ, പട്ടീ...!

അയാളുടെ മുഖത്തെ വലിഞ്ഞുമുറുകിയ ഭാവമോ എന്തോ, ആ ഐഡിയ ഫലിച്ചില്ല. ഞാനിരിക്കുന്ന ഭാഗത്തെല്ലാം അലക്ഷ്യമായി വാച്ച്‌ ചെയ്‌തോണ്ടാണ്‌ അവന്‍ ഇരിക്കുന്നത്‌. എന്റെ കയ്യിലൊരു ബാഗ്‌ മാത്രം. അതില്‍ കൂടിപ്പോയാല്‍ 200 രൂപ കാണും. പിന്നെ മാല, വള കമ്മല്‍. എല്ലാം കൂടെ ഒരു 7-8 പവന്‍ വരും.... ദൈവമേ മൊതലാണല്ലോ!! താനിപ്പൊ വാച്ചില്‍ നോക്കിയാല്‍ അല്ലെങ്കില്‍ ഫോണെടുത്ത്‌ പണിതാല്‍ ഞാന്‍ നെര്‍വ്വസ്‌ ആണെന്ന്‌ അയാള്‍ കരുതിയേക്കും. അതുകൊണ്ട്‌ അങ്ങനെ വേണ്ട. ഡാവില്‍ വാച്ചിലൊന്നു പാളി നോക്കി. ഇനി സ്റ്റേഷനെത്താന്‍ ഒരു പതിനഞ്ചു മിനിറ്റ്‌ കൂടിയുണ്ട്‌. ഒന്നു എഴുന്നേറ്റ്‌ ഇവിടെ അടുത്ത്‌ വേറെ ആരെങ്കിലും ഉണ്ടോ എന്നു നോക്കാം.

ഈശ്വരാ...!

ഒരു മനുഷ്യജീവീമില്ല!

എനിക്കൊരു ചുക്കുമില്ലേയ്‌ എന്ന ഭാവത്തില്‍ ചുറ്റുപാടും ഒന്നുകൂടിനോക്കിയശേഷം ഇരുന്നു. ബാഗില്‍ പേപ്പര്‍ മുറിക്കുന്ന ഒരു കത്തിയുണ്ട്‌. ഇവന്‍ വല്ല ഏടാകൂടവും ഒപ്പിച്ചാല്‍ ഇനി അതു തന്നെ ശരണം. കത്തി പെട്ടെന്നെടുക്കാന്‍ പാകത്തില്‍ ബാഗിന്റെ സിപ്‌ അല്‍പം തുറന്ന്‌ അതിനരികില്‍ വെച്ചു.
കാലമാടന്‍ എന്തെങ്കിലും ഉടായിപ്പ്‌ കാണിച്ചാല്‍ ഞാന്‍ പൂളിവിടത്തേയുള്ളു.

അങ്ങേര്‍ അവിടെത്തന്നെ ഇരിക്കുന്നിടത്തോളം പ്രശ്‌നമൊന്നുമില്ല. അയാള്‍ ഏതെങ്കിലും രീതിയില്‍ തന്നെ സമീപിച്ചാല്‍ തൊഴിക്കാം! ഒരു പെണ്ണിന്റെ പ്രത്യാക്രമണം കാലുകൊണ്ടാവും എന്നയാള്‍ കരുതാന്‍ വഴിയില്ല. ഉം..!

സ്റ്റേഷന്‍ അടുത്തു. ഇറങ്ങാന്‍ തയ്യാറാവാം. ഇനിയാണു ശ്രദ്ധിക്കേണ്ടത്‌. ഇറങ്ങുന്നവഴി ഒരു തലോടലിനാണ്‌ ആ പഹയന്റെ ശ്രമമെങ്കിലോ!
ട്രെയിന്‍ സ്‌ലോ ആയി. പ്ലാറ്റ്‌ഫോമില്‍ അജിതുണ്ടാവും. ഇവന്‍ എന്തെങ്കിലും കൈക്രിയ കാണിച്ചാല്‍ പണി അപ്പോ കൊടുത്തിട്ട്‌ ശഠേന്ന്‌ ഇറങ്ങണം.
ട്രെയിന്‍ ഏകദേശം നില്‍ക്കാറായപ്പോള്‍ ഞാന്‍ വാതിലിനടുത്തേക്കു നീങ്ങി. ഞാന്‍ നില്‍ക്കുന്നിടത്തേക്കാണു അയാള്‍ വരുന്നത്‌. ഉദ്ദേശം രണ്ട്‌ മീറ്റര്‍ അകലെ അയാള്‍ നിന്നു. ഞാന്‍ ഇറങ്ങാന്‍ കാത്തുനില്‍ക്കുന്നതുപോലെ. ഭാഗ്യം, പ്ലാറ്റ്‌ഫോമില്‍ നല്ല വെളിച്ചമുണ്ട്‌. ഇനി അയാള്‍ക്ക്‌ തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല.

അയാള്‍ നേരെ നോക്കി എന്തോ പറയാന്‍ ഒരുമ്പെടുന്ന പോലെ...

"തനിക്കെന്താടോ വേണ്ടത്‌?" എവിടുന്നോ ആര്‍ജ്ജിച്ച ഒരു ധൈര്യത്തിന്റെ പുറത്ത്‌ ഞാന്‍ ചോദിച്ചു.

അയാള്‍ ഒന്നു ചിരിക്കാന്‍ ബദ്ധപ്പെട്ട്‌ ഇത്രയും പറഞ്ഞു..

"മാഡം, എന്നെ തെറ്റിദ്ധരിച്ചെന്നു തോന്നുന്നു. ഞാന്‍ നിങ്ങളെ ഉപദ്രവിക്കാന്‍ പ്ലാനിട്ട്‌ ഇരുന്നതൊന്നുമല്ല. നിങ്ങള്‍ തനിയെ ഇരിക്കുന്നതു കണ്ടപ്പോള്‍ ആ പരിസരത്തു തന്നെ ഇരുന്നെന്നേയുള്ളൂ. എന്റെ പേര്‌ അരുണ്‍. ഞാന്‍ ഇവിടെ പൊലീസ്‌ അക്കാദമിയില്‍ എസ്‌.ഐ ട്രെയിനിങ്ങിലാ. എന്റെ നേരെ നിങ്ങളിങ്ങനെ തറപ്പിച്ചു നോക്കിയതു കണ്ടപ്പോള്‍ എന്തോ കുഴപ്പമുണ്ടെന്നു തോന്നി, അതുകൊണ്ട്‌ പറഞ്ഞെന്നേയുള്ളൂ."

ഇത്രയും പറഞ്ഞിട്ട്‌ അയാള്‍ ഒന്നു ചിരിച്ചു.

എനിക്കെന്തോ ചിരിക്കാനായില്ല.

"ഇറ്റ്‌സ്‌ ഓ.കെ." അത്രയും പറഞ്ഞിട്ട്‌ ഞാന്‍ ഇറങ്ങി.

ഞാനും അജിതും സ്റ്റേഷനില്‍ നിന്നും പുറത്തു കടക്കവേ അയാള്‍ ഞങ്ങളെ മറികടന്നു പോയി.

കാര്‍ സ്‌റ്റാര്‍ട്ടാക്കുമ്പോള്‍ അജിത്‌ എന്തോ ആലോചിക്കുന്നതുപോലെ തോന്നി.

"എന്തു പറ്റി...?"

"അല്ല... മുന്‍പേ പോയ, തോളില്‍ ബാഗിട്ട ആ പുള്ളിയില്ലേ? അവന്‍ എന്റെ കൂടെ പണ്ട്‌ പഠിച്ച ഒരുത്തനാണോ എന്നൊരു സംശയം! അവന്റെ പേരെന്താ..? അരുണെന്നോ മറ്റോ ആയിരുന്നു..."

"ഓ.. പിന്നെ.. ഒരു കൂട്ടുകാരന്‍! വേഗം പോകാന്‍ നോക്ക്‌. ഇപ്പോത്തന്നെ ലേറ്റായി."

ഞാന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടത്‌ എന്തിനായിരുന്നു?