Sunday, May 11, 2008

നാമവിശേഷം - ഭാഗം 1

"ഡാ.. ഡേവച്ചായന്‍ പിന്നേം തൊടങ്ങീട്ടോ..." ഉച്ചകഴിഞ്ഞു മൂന്നേകാലിനു ശേഷം എന്‍റെ പതിവുള്ള കോട്ടുവായുത്സവത്തിനിടയില്‍ സുത്തീടെ വിളി.

"എന്നതാടാ? പൊടിയാടീല്‍ അവനു വേണ്ടീട്ടു മാത്രം എല്‍. ഐ.സിയുടെ പുതിയ ബ്രാഞ്ചു തുടങ്ങിയോ? അതോ ഇത്തവണയെങ്കിലും വായില്‍നോക്കി നടന്നു വല്ല പെണ്‍പിള്ളേരുടെയും കയ്യീന്നു തല്ലു വാങ്ങിയോ?"

കുറേക്കൂടി സംശയങ്ങളും ആശങ്കകളും മനസ്സില്‍ ഓടിയെത്തിയതാണ്‌. അതും പറഞ്ഞോണ്ടിരുന്നാല്‍ സുത്തി പറയാന്‍ വന്നതിന്‍റെ രസം പോകും.

"ബ്ലണ്ടറുകള്‍ വിളമ്പുവാനായി ഡേവച്ചായന്റെ ജന്മം ഇനിയും ബാക്കി..." സുത്തി വീണ്ടും പഴയ എല്‍.പി. സ്കൂള്‍ മോണോ ആക്റ്റ്‌ കാലഘട്ടത്തിലേക്കു തിരിച്ചു പോകുമോ എന്നു ഞാന്‍ ഒരുവേള ചിന്തിച്ചു പോയി. "എന്നതാന്നോ? എടാ ഇവിടെയെ പ്രതീക്‌ എന്നു പേരുള്ള ഒരു പാര്‍ട്ടി ഉണ്ടേയ്‌. ഒരു ദിവസം പുള്ളി ഡേവനോട്‌ ചോദിച്ചു, പുള്ളീടെ പേരു ഡേവിനറിയാമോന്ന്‌. അപ്പോ ഡേവ്‌ പറഞ്ഞു 'ആഹ്‌, പിന്നേ, എനിക്കറിയാം.... പ്രാകൃത്‌ അല്ലേ?'

അങ്ങനെയൊരു മോഡിഫിക്കേഷന്‍ ഒരുകാലത്തും പ്രതീക്‌ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കക്ഷി ഒന്നു ഡിമ്മായെങ്കിലും ഡേവിനെ തിരുത്തി.

'ആ കോപ്പ്‌, 'ബാബൂ'ന്നു വിളിക്കും, വേണേ വിളി കേട്ടോണം' എന്നു പണ്ടാരാണ്ടു പറഞ്ഞ പോലെ കാര്യമൊക്കെ മനസ്സിലായെങ്കിലും ഡേവ്‌ പിന്നെ പ്രാകൃത്‌ എന്നു തന്നെയാണു വിളി. അതുപോലെ മറ്റൊരു പരിചയക്കാരന്‍ താഹയെ ഡേവ്‌ 'തായ' എന്നാണു വിളിക്കുന്നതു പോലും.

ഇത്തരത്തില്‍ ഡേവ്‌ പേരു നല്‍കിയ അനേകര്‍ എന്‍റെ ചുറ്റുമുണ്ട്‌. സുത്തിയുടെ സുത്യേവ്‌ എന്ന പേര്‌ ഡേവ്‌ ആദ്യകാലത്ത്‌ പറഞ്ഞിരുന്നത്‌ സുഖ്ദേവ്‌ എന്നായിരുന്നു. അതു പിന്നെ ഒരു സാമ്യം ഉണ്ടെന്നു വെയ്ക്കാം. കോഴിക്കോടുകാരന്‍ ബിനോജിന്‍റെ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന പേര്‌ ബിച്ചു എന്നാണെങ്കിലും പണ്ടു കളരി പഠിച്ചിരുന്നതിന്‍റെ ഓര്‍മ്മയ്ക്കായി 'ഗുരുക്കള്‍', 'മര്‍മ്മാണി' എന്നീ നാമധേയങ്ങളും ഡേവ്‌ അവര്‍കള്‍ ചാര്‍ത്തിക്കൊടുത്തതായിട്ട്‌ 'ഗുണ്ടുമോന്‍' എന്നൊരു വിസ്ഫോടനാത്മകനാമവും കൂടി ഉണ്ട്‌. മറ്റൊരു സഹപ്രവര്‍ത്തകനെ (അവന്‍റെ സ്വഭാവം കൊണ്ടാണെന്നു പറയപ്പെടുന്നു) പുളൂസ്‌ എന്നാണത്രേ വിളിക്കുക, അദ്ദേഹത്തിനത്‌ അത്ര ഇഷ്ടമല്ലെങ്കില്‍ക്കൂടിയും. ചിലപ്പോള്‍ അവിചാരിതമായിട്ടാണ്‌ പലര്‍ക്കും ഇരട്ടപ്പേരു വീഴുക. ഒരിക്കല്‍ ഒരു സഹവര്‍ക്കര്‍ നല്ല ടൈറ്റ്ഫിറ്റ്‌ ടീഷര്‍ട്ടും ജീന്‍സും ഇട്ട്‌ കറുത്തുകുറുകിയ ശരീരത്തിലെ മസ്സിലും പെരുപ്പിച്ച്‌ ഓഫീസിലോട്ടു കയറി വരുന്നതു കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞുപോയി - "ആസ്സനേയ്‌..." അതീപ്പിന്നെ ഡേവ്‌ ആ പാവത്തിനെ കൊച്ചിന്‍ ഹനീഫാന്നേ പറയൂ. ഡേവിന്‍റെ പേര്‌ എന്താണെന്നോ? അപ്പുക്കുട്ടന്‍! കാരണം അറിയണമെങ്കില്‍ 'ഇന്‍ ഹരിഹര്‍നഗര്‍' എന്ന സിനിമ കാണുക. ഏതാണ്ടാ ഒരു പ്രസരിപ്പും ഉത്സാഹവും മനോനിലവാരവുമൊക്കെയാണു കക്ഷിക്ക്‌!

ആരു ടോസ്സ്‌ നേടി എന്നു നേരിട്ടു ചോദിച്ച്‌ ഗൂഗിളിനെപ്പോലും വിറപ്പിച്ച താര അവള്‍ ഒരു തിര്‌വന്തോരംകാരിയാണെന്ന ഒറ്റക്കുറ്റത്തിന്‍റെ പേരില്‍ 'പയലേ' എന്നു വിളിക്കപ്പെട്ടു പോരുന്നു. പടര്‍ത്തിയിട്ട മുടിയുമായി സ്ഥിരം ഓഫീസില്‍ വരുന്ന മറ്റൊരു സ്ത്രീരത്നത്തെ വിശേഷിപ്പിക്കുന്നത്‌ വെളിച്ചപ്പാട്‌ ഉറഞ്ഞുതുള്ളുന്നതുപോലെ തലകുലുക്കിക്കൊണ്ട്‌ "ദേവീ..." എന്നാണ്‌. അങ്ങനെയാണു തന്‍റെ ഇരട്ടപേരെന്ന്‌ ഇന്നും ആ പെണ്‍കൊച്ചിനറിയില്ല.

ശരീരപ്രകൃതിയും ഇരട്ടപ്പേരുനിര്‍ന്നയത്തില്‍ ഒരു സുപ്രധാന ഘടകമാവാറുണ്ട്‌. പ്ലസ്‌ ടുവില്‍ എന്‍റെ ക്ലാസ്സ്‌മേറ്റായിരുന്ന അനീഷിനെ സ്നേഹംകൂടുമ്പോള്‍ 'റോളറേ' എന്നും 'അമ്മാവന്‍കല്ല്‌' എന്നുമൊക്കെയായിരുന്നു വിളിച്ചോണ്ടിരുന്നത്‌. ഞാനുള്‍പ്പെടുന്ന ഒരു ചെറുസംഘത്തിനുള്ളില്‍ മാത്രം 'ഇറച്ചിക്കോഴി' എന്ന്‌ ഒരു പെണ്‍കിടാവ്‌ അറിയപ്പെട്ടിരുന്നു. ഒരിക്കല്‍ ക്ലീന്‍ ഷേവ്‌ ചെയ്തു വന്നു കണ്ണാടിക്കാരനായ ദീപുവിനെ ഒരു കത്തനാരുടെ ഛായ ഉണ്ടായിരുന്നതുകൊണ്ട്‌ അച്ചന്‍ എന്നു വിളിച്ചു. ആ ക്ലാസ്സില്‍ രണ്ടു ദീപുമാരുണ്ടായിരുന്നതുകൊണ്ട്‌ ഇന്നും 'അച്ചന്‍ ദീപു' എന്നു പറഞ്ഞാല്‍ ആളെ പെട്ടെന്നു പിടികിട്ടും. പുള്ളി ഇപ്പോള്‍ കല്ലട ബസ്സിലെ സാരഥിയാണ്‌. ഏ.കെ. ജി പടി എന്ന സ്ഥലത്തു നിന്നും വന്നിരുന്ന എന്‍റെ കൂട്ടുകാരന്‍ ഏ.കേ.ജി. എന്നു തന്നെ അറിയപ്പെട്ടു. തിരിച്ചും സംഭവിക്കാറുമുണ്ട്‌ - ചില ഏരിയാകള്‍ ആളിന്‍റെ പേരിലാവും അറിയപ്പെടുക. അക്കാലത്ത്‌ ഇരട്ടയാര്‍-കട്ടപ്പന റൂട്ടിലെ ഒരു വളവ്‌ അറിയപ്പെട്ടിരുന്നത്‌ 'അമ്പിളി വളവ്‌' എന്നായിരുന്നു. എങ്കിലും, അമ്പിളിയുടെ വീട്‌ അവിടെയെങ്ങാനുമാണോ എന്ന്‌ ഇന്നും എനിക്കു നിശ്ചയം പോരാ.

യാതൊരു ലോജിക്കും ഇല്ലാതെയാണു ചില പേരുകള്‍ നല്‍കപ്പെട്ടിരിക്കുന്നത്‌ എന്നും കാണാം. ഒരുദാഹരണത്തിന്‌ എന്നെ ഡേവ്‌ ഫോണ്‍ ചെയ്യുമ്പോഴും മറ്റും വിളിക്കുന്നത്‌ 'അന്തോണീ'ന്നാണ്‌. എന്തിനാ? ആ!

അല്ല, ഇമ്മാതിരി പേരുകള്‍ ചിലപ്പോള്‍ യഥാര്‍ഥ പേരിനെക്കാള്‍ ഹിറ്റാവാറുണ്ട്‌. എന്‍റെ ആത്മാര്‍ത്ഥസുഹൃത്ത്‌ ജോബി വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കട്ടപ്പനയില്‍ നിന്നും കോട്ടയം സി.എം.എസ്സ്‌ കോളേജില്‍ പഠിക്കാന്‍ ചെന്നപ്പോള്‍ വീണ പേര്‌ - മൗഗ്ലി -ഇന്നും വാലിഡ്‌ ആണ്‌. അന്നും ഇന്നും ഹൈറേഞ്ചില്‍ നിന്നും നാട്ടുമ്പുറത്തു പഠിക്കാന്‍ ചെല്ലുന്നവന്‌ ഇതാണു സ്ഥിതി. ഈ മൗഗ്ലിവഴി പരിചയപ്പെട്ട ഒരു അരുണ്‍ പരക്കെ അറിയപ്പെട്ടിരുന്നത്‌ ലൂണാര്‍ എന്ന പേരിലാണ്‌. കുറേക്കാലം അവന്‍റെ യഥാര്‍ത്ഥ പേര്‌ അതു തന്നെയാണെന്നാണു ഞാന്‍ കരുതിയിരുന്നത്‌. മൂപ്പരിപ്പോള്‍ വക്കീലാണ്‌. ഇനി ചീഫ്‌ ജസ്റ്റീസായാലും ആ പേരുമാറുമെന്നും തോന്നുന്നില്ല! അതുപോലെ തന്നെ ഒരു ലാദന്‍ - അവന്‍റെ വീട്ടുകാര്‍ വരെ ഇപ്പോള്‍ പയ്യന്‍റെ ചെല്ലപ്പേരിനോട്‌ ഇണങ്ങിക്കഴിഞ്ഞു. ഫോണ്‍ ചെയ്യുമ്പോഴൊക്കെ 'ലാദനുണ്ടോ?' 'ലാദനൊന്നു കൊടുക്കാമോ?' എന്നൊക്കെയാണ്‌ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ചോദിക്കുക! ഈ പേരു വീണത്‌ സെപ്റ്റംബര്‍ 11-നു ശേഷമാണോ എന്നെനിക്കറിഞ്ഞുകൂടാ.

നേഴ്സറിയില്‍ പഠിച്ചിരുന്ന കാലത്ത്‌ സന്തോഷ്‌ എന്നു പേരുള്ള ഒരു പാവം പയ്യനുണ്ടായിരുന്നു എന്‍റെ ക്ലാസ്സില്‍. അവന്‌ ആ നാലുവയസ്സുതലയില്‍ ഏതോ ഒരുവന്‍ ചാര്‍ത്തിയ പേരാണ്‌ 'ഓച്ചിക്കുട്ടന്‍' അഥവാ 'ഓച്ചി'. പിന്നീടു ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്തൊരിക്കല്‍ വൈകുന്നേരം ഞാന്‍ പലചരക്കുകടയില്‍ സാധനം വാങ്ങാന്‍ പോയപ്പോള്‍ ഈ സന്തോഷ്‌ അവിടെ വരുകയും സാധനങ്ങള്‍ വാങ്ങുന്നതിനിടയില്‍ തലകറങ്ങി വീഴുകയും ചെയ്തു. അവിടെ കൂടി നിന്നവരെല്ലാം ചേര്‍ന്ന് ഈ കൊച്ചനെ എടുത്ത്‌ തിണ്ണയിലെ ബെഞ്ചില്‍ കിടത്തുകയും വീശിക്കൊടുക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. വിചിത്രമായ സംഭവമെന്തെന്നാല്‍ ഓച്ചി എന്ന ഇരട്ടപ്പേരല്ലാതെ അവിടെയുണ്ടായിരുന്ന ആര്‍ക്കും ഇവന്‍റെ യഥാര്‍ത്ഥ പേരറിഞ്ഞുകൂടായിരുന്നു എന്നതാണ്‌.

ചിലപേരുകള്‍ കാലവും ചില സംഭവങ്ങളും ചേര്‍ന്നു മായ്ച്ചുകളയാറുണ്ട്‌. ഉയരംകൂടിയ ഒരു കക്ഷിയുണ്ടായിരുന്നു ഞങ്ങളുടെ ഗ്രാമത്തില്‍. മൂപ്പിലാന്‍റെ ചെല്ലപ്പേരായിരുന്നു മോഴ. കാരണം അജ്ഞാതമാണു കേട്ടോ. അങ്ങേരുകല്യാണമൊക്കെ കഴിച്ചു ഒരു ചെറിയ ജോലിയൊക്കെയായി ഒതുങ്ങിയതോടെ ആ പേരൊക്കെയങ്ങു മാഞ്ഞുപോയി. പക്ഷെ ചിലപേരുകള്‍ ഏഷ്യന്‍ പെയിന്‍റ്‌സുപോലെ കാലങ്ങളോടു പൊരുതി നില്‍ക്കും. അത്തരം പേരുകാര്‍ ഒരുപാടുണ്ട്‌ നാട്ടില്‍.

Saturday, May 03, 2008

ശീതയുദ്ധം

ബോബിസാര്‍ ശനിയാഴ്ചയും, പള്ളീല്‍ പോക്കു കഴിഞ്ഞാല്‍ ഞായറാഴ്ചയും തിരക്കിലാണ്‌. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വര്‍ക്‍ഷോപ്പില്‍ എറണാകുളത്തെ ഏതോ ഡമ്പിംഗ്‌ യാര്‍ഡില്‍ നിന്നും കൊണ്ടു വന്ന എട്ടുപത്തു ഫ്രിഡ്ജുകളുടെ പ്രേതങ്ങള്‍ ഉണ്ട്‌. ഒപ്പം രണ്ട്‌ വാഷിംഗ്‌ മെഷീനുകളും ഒരു ഏസിയും. അതൊക്കെ പരിശോധിക്കലും നന്നാക്കലും അഴിക്കലും പിടിപ്പിക്കലുമൊക്കെയാണു പണി. ഇവയെല്ലാം ഒരു മിനിലോറിയില്‍ ഇന്‍സ്റ്റിറ്റ്‌യൂട്ടിന്‍റെ മുന്നില്‍ കൊണ്ടുവന്നിറക്കിയ ദിവസം ആ ലോറിയുടെ മുന്നില്‍ 'ഞാനാണിതിന്‍റെയെല്ലാം നാഥന്‍' എന്ന മട്ടില്‍ ബോബിസാര്‍ നിന്നു. കമ്പ്യൂട്ടര്‍ ലാബിലേക്ക്‌ ഇന്‍റെല്‍ സെലിറോണ്‍ 1.4 GHz പ്രോസസ്സറും 128MB മെമ്മറിയും 17 ഇഞ്ച്‌ മോണിട്ടറുമുള്ള സൊയമ്പന്‍ സെക്കന്‍റാന്‍റ്‌ സിസ്റ്റം (അപ്പോള്‍ നിലവിലുള്ളതിന്‍റെ സ്റ്റാന്‍ഡേര്‍ഡ്‌ ഊഹിച്ചോണം!)കൊണ്ടിറക്കിയപ്പോള്‍ മനോജ്‌ സാറിന്‍റെ പോലും മുഖത്തു വിരിയാതിരുന്ന അഭിമാനം അന്നു ബോബിസാറില്‍ കണ്ടു!

ക്ലാസ്സുള്ള ദിവസങ്ങളില്‍ വെളുത്ത നിറമുള്ള 210 ലിറ്റര്‍ കെല്‍വിനേറ്റര്‍ ഫ്രിഡ്ജിനു നേരെയാണ്‌ ബോബിസാറിന്‍റെയും ശിഷ്യന്മാരുടെയും ആക്രമണം. സ്പാനറുകളും സ്ക്രൂഡ്രൈവറുകളും ബ്ലോലാമ്പുമെല്ലാം ഇവരുടെ കൈകളിലൂടെ പാറിപ്പറന്നു നടന്നു ജോലി ചെയ്തു. വന്‍ പ്രയത്നത്തിനൊടുവില്‍ ഫ്രിഡ്ജിന്‍റെ ശരീരം തുരുമ്പുചീകി പുട്ടിയടിച്ചു മിനുക്കി വെച്ചു. രണ്ടു പ്രാവശ്യം ഗ്യാസ്‌ ചാര്‍ജു ചെയ്തിട്ടും തൃപ്തി വരാഞ്ഞിട്ടാണോ എന്തോ ആശാന്‍ ഒരിക്കല്‍ക്കൂടി ഫ്രിഡ്ജ്‌ ഗ്യാസ്‌ ചാര്‍ജ്‌ ചെയ്തിട്ടുണ്ടായിരുന്നു. അതോടെ അയ്യപ്പസ്വാമിയുടെ തിരുവാഭരണം പോലെ പരിപാവനമായി കൊണ്ടുവന്ന അഞ്ചു കിലോയുടെ കൂളന്‍റ്‌ സിലിണ്ടര്‍ കാലിയായി.

ഈ വാര്‍ത്തയറിഞ്ഞ മുതലാളി നെഞ്ചില്‍ കൈവെച്ചു ചോദിച്ചു - "ഇതു പുകിലാകുമോ?"

പിന്നെ സ്വയം ആശ്വസിച്ചു - എറണാകുളത്തു ഫ്രിഡ്ജിന്‍റെയും ഏസീയുടേം എടേക്കെടന്നു വിലസിയവനല്ലേ, സംശയിക്കേണ്ട കാര്യമൊന്നുമില്ല. ആറുമാസത്തെ കോഴ്സിനു വന്ന പിള്ളേരെയെല്ലാം റെഫ്രിജറേഷന്‍റെ മറുകര കാണിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ്‌ ബോബി ഏറ്റിരിക്കുന്നത്‌. വെറുതേ ഒരുത്തനും ഈ വെല്ലുവിളി ഏറ്റെടുക്കില്ലല്ലോ!

രാവിലെ മുതല്‍ തുടങ്ങുന്ന ഭഗീരഥപ്രയത്നത്താല്‍ ക്ഷീണിതനായി എന്നും മൂന്നരയാകുമ്പോള്‍ ഓഫീസിലെത്തുന്ന ബോബിയോട്‌ സാര്‍ തല്‍സ്ഥിതി അന്വേഷിക്കും. എന്നുമെന്നും ഓരോരോ വിവരണങ്ങള്‍ ബോബി നല്‍കും. അതു കത്തിപ്പോയി, ഇത്‌ ഒടിഞ്ഞുപോയി, അതിനു പകരം മറ്റേ ഫ്രിഡ്ജിന്‍റെ എടുത്തുവെച്ചു, കമ്പ്രസ്സര്‍ സ്റ്റാര്‍ട്ട്‌ ആയി, ജെയിംസ്‌ ഇന്നു ഉച്ചകഴിഞ്ഞു പറയാതെ മുങ്ങി, വേസ്റ്റ്‌ തീര്‍ന്നു, ഷൈജുമോന്‍ ഇപ്പോള്‍ കുറെ നാളായി വരുന്നില്ല, ഇലക്ട്രോണിക്സിലെ പിള്ളേര്‍ റെഫ്രിജറേഷന്‍റെ റൂമില്‍ക്കയറി സ്ക്രൂഡ്രൈവര്‍ എടുത്തു എന്നിങ്ങനെ നീളും പട്ടിക. എന്തായാലും ഇവന്‍ കാര്യങ്ങളെല്ലാം നോക്കുന്നുണ്ടല്ലോ, എല്ലാം മുറയ്ക്കെന്നെ അറിയിക്കുന്നുണ്ടല്ലോ എന്നു വിചാരിച്ച്‌ സാര്‍ സമാധാനിക്കും.

ആഴ്ചകള്‍ മൂന്നാലു കടന്നു പോയി. ഫ്രിഡ്ജ്‌ ശരിയായി എന്ന വാര്‍ത്ത ബോബീടെ വായില്‍ നിന്നും കുട്ടികളെല്ലാവരും ഫീസടച്ചു എന്നൊരു വാര്‍ത്ത അക്കൗണ്ടന്‍റിന്‍റെ വായില്‍ നിന്നും കേള്‍ക്കാന്‍ കൊതിച്ച്‌ പഞ്ചേന്ദ്രിയങ്ങള്‍ അലര്‍ട്ടാക്കി സാറിരുന്നു.

ശ്ശെടാ പുകിലേ, ഇവന്‍ വെല്യ മെക്കാനിക്കാണെങ്കില്‍ ഇവനും പിന്നെ ശിഷ്യരായ അഞ്ചെട്ടെണ്ണത്തിനും കൂടിച്ചേര്‍ന്നു വെറും 210 ലി കപ്പാസിറ്റിയുള്ള ഒരു ഫ്രിഡ്ജ്‌ നന്നാക്കാന്‍ ഒരു മാസത്തിലേറെ സമയം വേണോ? സാര്‍ വീണ്ടും ശങ്കകളുടെ കയങ്ങളില്‍ മുങ്ങിത്താണു. വിദേശത്തുള്ള ക്ലയന്‍റിനോട്‌ 'ദിപ്പോ ശരിയാക്കിത്തരാം' എന്നു ഇന്ത്യയിലെ സോഫ്റ്റ്വെയര്‍ കമ്പനിക്കാര്‍ ഇടയ്ക്കിടയ്ക്കു പറയുന്നതുപോലെ ബോബിയുടെ കളിപ്പീരുകുറെയായപ്പോള്‍ സാര്‍ പറഞ്ഞു-

"അതേ ബോബീ, ആ ഫ്രിഡ്ജ്‌ എത്രേം വേഗം നന്നാക്കണം കെട്ടോ. അടുത്തയാഴ്ച്ച നമുക്കതു വില്‍ക്കണം. എത്ര പേരാന്നോ സാധനം അന്വേഷിച്ചു വരുന്നത്‌. അതുകൊണ്ട്‌ മാക്സിമം വേഗം ഒള്ള ഫ്രിഡ്ജെല്ലാം റെഡിയാക്കി വെച്ചോ. എത്ര ഫ്രിഡ്ജ്‌ വില്‍ക്കുന്നോ അത്രേം നമുക്കു ബെനഫിറ്റ്‌ ആണേ..! അല്ല, ബോബിക്കറിയാമല്ലോ?"

പിന്നേ, പറയാനൊണ്ടോ? ബോബിക്കറിയില്ലേ സാറിന്‍റെ പ്ലാനുകളൊക്കെ! കാരണം വില്‍ക്കുന്ന ഫ്രിഡ്ജിനു കിട്ടുന്ന വിലയുടെ ഒരു വീതം ബോബിക്ക്‌ അര്‍ഹതപ്പെട്ടതാണ്‌!

കോഴ്സ്‌ നടത്തി പിള്ളേരെ പഠിപ്പിക്കുകേം ചെയ്യാം, അങ്ങനെ നന്നാക്കിയെടുക്കുന്ന ഫ്രിഡ്ജുകള്‍ സെക്കന്‍റ്‌ഹാന്‍റ്‌ കമ്പോളത്തില്‍ വില്‍ക്കുകയും ആവാമെന്ന തന്ത്രം മുറ്റാണല്ലോ? എന്തായാലും ഇതു തനിക്കുകിട്ടുന്ന അവസാനത്തെ ഡെഡ്‌ലൈനാണെന്ന് ആരും വിശദീകരിക്കാതെതന്നെ കൊടകരക്കാരന്‍ ബോബിക്കു പിടികിട്ടി. പിന്നെ രാപകലില്ലാതെ ഒരു അലച്ചിലും അധ്വാനവുമായിരുന്നു. വല്‍സലശിഷ്യന്മാരില്‍ ന്നിന്നും ഒരാളെ വശത്താക്കി കയ്യാളാക്കി നിര്‍ത്തി ബോബി ടാര്‍ഗറ്റ്‌ എത്തിക്കാന്‍ ഓവര്‍ടൈം കഠിനപ്രയത്നം ചെയ്തുപോന്നു. ബോബിയുടെ സഹായത്താല്‍ നടന്നുപൊയ്ക്കൊണ്ടിരുന്ന അല്ലറചില്ലറ ശിപായിവേലകളെല്ലാം ഇതോടെ മുടങ്ങിയതോടെ ഓഫീസ്‌സ്റ്റാഫുകള്‍ക്ക്‌ മൂപ്പിലാന്‍റെ വില മനസ്സിലായി.

ഇതിനിടയില്‍ ബ്ലോലാമ്പിലെ മണ്ണെണ്ണ തീരുക, ശരീരത്തിലെ രോമവും മുടിയും കരിയുക, നട്ടില്‍ നിന്നും സ്പാനര്‍ തെന്നി കൈ വേദനിക്കുക, അല്ലറചില്ലറ മുറിവുകള്‍ പറ്റുക, വെദ്യുതാഘാതമേല്‍ക്കുക എന്നിങ്ങനെ പല പ്രതിസന്ധികള്‍ ബോബിസാറും ശിഷ്യനും അനുഭവിച്ചു. ഈ സര്‍ക്കസ്സുകള്‍ക്കെല്ലാമൊടുവില്‍ ഒരു ശനിയാഴ്ചദിവസം വൈകുന്നേരം താമസസ്ഥലത്തു വന്ന്‌ ഒരു നെടുവീര്‍പ്പോടെയും അതിലേറേ അഭിമാനത്തോടെയും ബോബിസാര്‍ പറഞ്ഞു:

"ഹരിച്ചേട്ടാ, ഹൈയ്‌ ഹരിച്ചേട്ടാ, ആ ഫ്രിഡ്ജ്‌ ഇപ്പ വര്‍ക്ക്‌ ചെയ്യണിണ്ട്‌!!"

ഹരിച്ചേട്ടന്‍ മാര്‍ക്കറ്റിംഗ്‌ ഡിവിഷനിലെ കോഓര്‍ഡിനേറ്ററാണ്‌. ബോബിസാറിന്‍റെയൊക്കെ സഹവാസി.

ഹരിച്ചേട്ടന്‍റെ അദ്ഭുതം ബോബിസാര്‍ ഒരു അവാര്‍ഡ്‌ പോലെ നെഞ്ചേറ്റുവാങ്ങി. ഇത്രനാളും ഇതു ശരിയാകാഞ്ഞതിന്‍റെ ആകുലത ഒളിപ്പിച്ച 'അവനു പണി അറിയാവുന്നതു തന്നെയാണോ' എന്ന സംശയം അന്നോടെ മുതലാളിക്കു മാറിക്കിട്ടി. തെളിവായി ആ ഫ്രിഡ്ജിലുണ്ടാക്കിയ ഐസ്‌, കേക്കാണെന്നപോല്‍ ബോബി ഓഫീസ്‌ സ്റ്റാഫുകള്‍ക്കു നല്‍കി ആഘോഷിച്ചു.

'ആദ്യം നമ്മള്‍ റിപ്പയര്‍ ചെയ്ത ഫ്രിഡ്ജ്‌! ഇനി ഇതുപോലെ എത്രയെത്ര ഫ്രിഡ്ജ്‌ നമ്മള്‍ നന്നാക്കി വില്‍ക്കും..!' ദാസനും വിജയനും പശുവിനെ വാങ്ങിയ രാത്രിയില്‍ കണ്ട മാതിരി സ്വപ്നങ്ങള്‍ സാറും ബോബിയും കണ്ടുകാണണം. സാറിന്‍റെ മുഖത്തു നിന്നും 'ഇതേ, നമുക്കുടനേതന്നെ വില്‍ക്കണം' എന്ന വാക്കു കേട്ടപ്പോളാണ്‌ അപ്പോ തനിക്ക്‌ കിട്ടിയ സമയപരിധി ഒരു ആപ്പ്‌ ആയിരുന്നുവെന്ന്‌ ബോബിസാറിന്‌ പിടികിട്ടിയത്‌.

ഹരിച്ചേട്ടന്‍റെ പ്രത്യേകതാല്‍പര്യപ്രകാരം ആദ്യമായി ഇന്‍സ്റ്റിറ്റ്‌യൂട്ടില്‍ നന്നാക്കിയ ഫ്രിഡ്ജ്‌ കമ്പനി മെസ്സിലേക്ക്‌ മുതല്‍ക്കൂട്ടാമെന്ന ആശയത്തിന്‌ പെട്ടെന്നുതന്നെ മേലാവില്‍ നിന്നും അനുമതി കിട്ടി. ഉടന്‍ തന്നെ ടി ഉപകരണം മുതലാളിയുടെ സ്വന്തം സ്വത്തും കമ്പനിയുടെ വിവിധോദ്ദേശവാഹനവുമായ ഒമ്‌നിയില്‍ ജീവനക്കാരുടെ മെസ്സ്‌-കം-ഡൈനിംഗ്‌ ഹാള്‍-കം-ഡ്രസ്സിംഗ്‌ റൂം ആയ മുറിയിലെത്തി. 'വിശേഷിച്ച്‌' എന്തെങ്കിലുമൊരു സാധനം ഇതിനുള്ളില്‍ വച്ചൊന്നു തണുപ്പിക്കണം എന്ന ബോബിസാറിന്‍റെ ആഗ്രഹത്തിന്‍റെ ഗ്യാസ്‌ അതോടെ ലീക്കായി.

പുതുപ്പെണ്ണിനെ സന്ദര്‍ശിക്കാന്‍ അയലത്തെ പെണ്ണുങ്ങള്‍ വരുന്നപോലെ പുതിയ വീട്ടിലെത്തിയ ഫ്രിഡ്ജ്‌ ഒന്നു കാണാന്‍ ഓഫീസിലെ സ്ത്രീജീവനക്കാര്‍ ഒന്നും രണ്ടുമായി മെസ്സിലേക്കെത്തി. വീണ്ടും അമ്മാതിരി സന്ദര്‍ശനങ്ങള്‍ ഉണ്ടാകുമെന്നു ഭയന്ന മനോജ്‌ സാര്‍ തന്‍റെ അടിവസ്ത്രങ്ങള്‍ അയകളില്‍ തോരണം ചാര്‍ത്താതെ ഉണങ്ങിക്കിട്ടിയാലുടന്‍ ഗോഡൗണിലെക്കു മാറ്റാന്‍ ശ്രദ്ധിച്ചു. ആദ്യ ദിവസങ്ങളില്‍ത്തന്നെ നമ്മുടെ പുത്തനച്ചി തണുപ്പിക്കലു പോരാ എന്നൊക്കെ പരാതി കേള്‍പ്പിച്ചു.

"യേയ്‌, അങ്ങനെ വരാന്‍ വഴിയില്ലല്ലോ" എന്നു ബോബിസാര്‍.

എന്തായാലും ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും സാധനം പോയപോലെതന്നെ തിരിച്ചു വര്‍ക്‍ഷോപ്പിലെത്തി. കാരണം, ഫ്രിഡ്ജ്‌ ഓണാക്കുമ്പോഴേക്കും ഇലക്ട്രിസിറ്റി മീറ്റര്‍ ഒളിമ്പിക്സിലെ 100 മീറ്റര്‍ മല്‍സരാര്‍ഥിയെപ്പോലെ ഓടെടാ ഓട്ടം. ഫാന്‍ വച്ചു കാറ്റടിപ്പിച്ചു കൊടുത്താല്‍ ഫ്രിഡ്ജിലെക്കാള്‍ നന്നായി തണുപ്പുകിട്ടും എന്നു മറ്റൊരു നിരീക്ഷണം. ഒരുപാടു ദുഷ്പ്പേരു കേള്‍പ്പിക്കാനൊന്നും നില്‍ക്കാതെ ഫ്രിഡ്ജ്‌ പതുക്കെ പണിയുമങ്ങു നിര്‍ത്തി. പക്ഷേ, ദോഷം പറയരുതല്ലോ, ഫ്രിഡ്ജിന്‍റെ വാതില്‍ തുറക്കുമ്പോള്‍ അകത്തെ ലൈറ്റ്‌ കത്തുമായിരുന്നു.