രാവിലെ അരമനസ്സോടെയാണു ഒരുങ്ങിയത്; അതിന്റെ എല്ലാ നീരസവും എനിക്കുണ്ടായിരുന്നു താനും. ഞായറാഴ്ചയായിട്ടു സുഖമായിട്ട് ഒരു കറക്കം കിട്ടുന്നതിന്റെ രസം ഒരു വശത്ത്. പെണ്ണുകാണൽ പോലെ ഒരു ബോറു പരിപാടിക്ക് കൂട്ടു പോകുന്നതിന്റെ ചളിപ്പ് മറ്റൊരു വശത്ത്. അതും ഒരനിയന്റെ തുണക്കാരനായിട്ട്. എന്തു ചെയ്യാനാ, വിളിച്ചാൽ ഒഴിവാക്കാൻ വയ്യാത്ത കേസായിപ്പോയി.
“ഒൻപതു മണിയായിട്ടും ആടി തൂങ്ങി നിന്നോ കേട്ടോ... സമയത്തു ചെല്ലണം എന്നൊരു വിചാരമില്ല..” ശ്രീമതി പരാതിപ്രവാഹം തുടരുകയാണ്.
“പിന്നെ... പെണ്ണുകാണാനല്ലേ പോകുന്നത്, കല്യാണം കഴിക്കാനൊന്നും അല്ലല്ലോ. കൃത്യം മുഹൂർത്തം പാലിക്കാൻ?” എന്റെ കൗണ്ടർ.
“ദേ.. നമ്മുടെ കുടുംബത്തിൽ തന്നെ വെയ്റ്റിങ്ങിൽ ഒരു പാർട്ടിയെ വഴിയിൽ നിർത്തിയിട്ട് ആദ്യം വന്ന കൂട്ടരെ പെണ്ണു കാണിച്ചിട്ടുണ്ട് കേട്ടോ.. അതു കൊണ്ട് പറഞ്ഞ സമയത്ത് തന്നെ ചെല്ലാൻ നോക്ക്. എങ്ങാനും പത്തു പതിനഞ്ച് മിനിറ്റിൽ കൂടുതൽ താമസിച്ചാൽ നേരത്തെ തന്നെ ഒന്നു വിളിച്ചു പറഞ്ഞേക്കണം.”
എന്തിനും ഏതിനുമുള്ള അവളുടെ ഉപദേശം എനിക്ക് ഈർഷ്യ ഉണ്ടാക്കുമെങ്കിലും ഇതിലും ഒരു പോയിന്റുണ്ടെന്ന് എനിക്കു തോന്നി. സ്വന്തം പെണ്ണുകാണൽ കഥകൾ പോലും ശോകം സീനുകളാണ്. അതുകൊണ്ട് ഇത് ഒരു ബോറു പരിപാടിയാണെന്ന ചിന്ത എന്നിൽ പിന്നെയും പിന്നെയും പൊന്തി വന്നു.
രസം അതല്ല, കൂടെ വരുന്ന വിദ്വാനു പെണ്ണുകാണലേ ഇഷ്ടമല്ല. പെണ്ണുകാണൽ പോട്ടെ, സാമ്പ്രദായികമായ കല്യാണമേ ഇഷ്ടമല്ല. 'ഒരു രക്തഹാരമങ്ങോട്ടിടും, ഒരെണ്ണം ഇങ്ങോട്ടിടും, പാർട്ടി സൂക്തങ്ങൾ ഉറക്കെ ചൊല്ലും' ഈ ലൈനാകും അവന്റെ കല്യാണം എന്ന് കുടുംബവൃത്തങ്ങളിൽ ഒരു ശ്രുതി പണ്ടേയുണ്ട്. അതു പക്ഷേ അവന്റെ പാർട്ടിപ്രേമം കൊണ്ടായിരുന്നു. ഇപ്പോ പാർട്ടിയോട് വലിയ പ്രേമമില്ലെങ്കിലും ആദർശവാനായി ജീവിച്ചവൻ അതിൽ നിന്നും ഒട്ടും പിന്നോട്ട് പോയിട്ടില്ല എന്നാണ് എന്റെ ധാരണ. പറ്റുമെങ്കിൽ ഇഷ്ടൻ തന്നെക്കാൾ പ്രായമുള്ള ഒരാളെ തന്നെ കെട്ടിക്കൂടെന്നില്ല. സാമ്പ്രദായികരീതിയെ വെല്ലുവിളിക്കാൻ ഇവൻ എന്ത് കടുംകയ്യും ചെയ്യും എന്നുറപ്പുള്ള അപ്പനും അമ്മയും ഇരുകൂട്ടർക്കും ഒത്തു പോകാവുന്ന മാർഗ്ഗങ്ങൾ തേടുന്നതിന്റെ ഭാഗമാണ് ഈ ആദ്യ പെണ്ണുകാണൽ.
ഒരു ലോഡ് വ്യവസ്ഥകൾ വെച്ചിട്ടാണ് ഇവൻ ഈ ചടങ്ങിനു ഇറങ്ങി പുറപ്പെട്ടതു തന്നെ. തുണ പോകേണ്ടത് ഞാനാണെന്ന് അറിഞ്ഞപ്പോൾ ഒഴിവാകുന്നെങ്കിൽ ഒഴിവാകട്ടെ എന്ന മട്ടിൽ ഞാനും അവന്റെ മുന്നിൽ കുറെ ഉപാധികൾ വെച്ചു. അതിൽ ഒന്നാമത്തേത് അലസമായ താടിയും മുടിയും പാടില്ല എന്നതാണ്. രണ്ട്, അലക്കിയ ഡ്രസ്സ് ധരിക്കണം; വൃത്തി വേണം എന്നതാണ്. മൂന്ന് തലേദിവസം കള്ളു കുടിക്കരുത്.... അങ്ങനെയങ്ങനെ. മുടിയാനായി അവൻ എല്ലാം സമ്മതിച്ചു. കാരണം മറ്റുള്ള ആരുടെയെങ്കിലും കൂടെ പെണ്ണു കാണാൻ പോകുന്നത് മൃതിയേക്കാൾ ഭയാനകം ആകാമെന്നത് തന്നെ. എന്തായാലും കാണാൻ പോകുന്നവനും കൂട്ടു പോകുന്നവനും ഒരുപോലെ താല്പര്യമില്ലാതെ ഈ പ്രഹസനത്തിനു ഇറങ്ങിത്തിരിച്ചു.
പെണ്ണിനെ ഇവന് ഇഷ്ടപ്പെട്ടാൽ തിരിച്ചു വീട്ടിൽ വരുന്നതിനു മുൻപു ചെലവു ചെയ്തേക്കാമെന്നാണ് എന്റെ ഓഫർ. ‘ഇന്നതു മിക്കവാറും കിട്ടീതു തന്നെ’ (മുതലാളിയുടെ മുഖത്തു പുച്ഛം)എന്നുറപ്പിച്ചാണ് അവനും.
“എടാ, നീയൊക്കെ ഇതേതു കാലത്താ ജീവിക്കുന്നത്? ഇത്ര വയ്യാഴിക ആരുന്നേൽ നിനക്ക് കോഫീ ഷോപ്പിലോ പാർക്കിലോ വല്ലോം വെച്ചു പെണ്ണുകണ്ടാൽ പോരാരുന്നോ? അല്ലെങ്കിൽ ഒരു ദിവസം വല്ല റെസ്റ്റോറന്റിലേക്കും വിളിച്ച് ഒന്നിച്ച് ആഹാരം കഴിച്ചാൽ പോരാരുന്നോ?”
“എന്റെ പൊന്നുചേട്ടായീ.. ഞാൻ വീട്ടിൽ ആവതു പറഞ്ഞതാ അങ്ങനെ വല്ലോം ആണെങ്കിൽ ഞാൻ നല്ല കംഫർട്ടബിൾ ആയേനേന്ന്.. അപ്പോ പറയുവാ, അതവർ ഇങ്ങോട്ട് പറയാതെ നമ്മളെങ്ങനാ അങ്ങോട്ട് ആവശ്യപ്പെടുന്നേന്ന്?”
“ഇതൊക്കെ ഒരു പ്രശ്നമാണോഡേ?”
“ഒന്നെടപെടാൻ പറഞ്ഞാൽ ചേട്ടായിക്ക് വയ്യല്ലോ?”
“പൊന്നനിയാ... പോരുമ്പോൾ ഇഷ്ടപ്പെട്ടാലും ഇല്ലേലും നിനക്കു ചെലവു ചെയ്യാം. മാപ്പ്. മേലിൽ ഇങ്ങനെ ഒരു കോനാകൃതി ഉണ്ടാവാതെ നിന്നെ ഞാൻ കാത്തുകൊള്ളുകയും ആവാം. വാക്ക്.” വണ്ടി പാഞ്ഞു.
ഡിങ്കഭഗവാന്റെ അനുഗ്രഹത്താൽ നേരം വൈകാതെയും കഷ്ടപ്പാടുകൾ കൂടാതെയും ഞങ്ങൾ സ്ഥലത്തെത്തി.ഒരു തുടക്കക്കാരന്റെ എല്ലാ പതർച്ചയോടും കൂടി ആ ചടങ്ങ് നടന്നു. മനുഷ്യരുടെ എല്ലാ സെൻസറുകളും പ്രവർത്തിക്കുന്ന സമയമാണ് ഇത്തരം സമയങ്ങൾ. ഞായറാഴ്ച ആയിക്കൊണ്ട് അയല്പക്കങ്ങളിൽ എവിടെയോ ബീഫ് വേകുന്നുണ്ടെന്ന് അവിടെ ചെന്നിറങ്ങിയതേ മനസ്സിലായി. പോർച്ചിൽ കിടന്ന കാറിന്റെയും സ്കൂട്ടറിന്റെയും നമ്പർ ഹൃദിസ്ഥമാക്കിയത് ഞാനും അവനും ഒരുപോലെ കഴിഞ്ഞു എന്ന് പിന്നീടുള്ള ഞങ്ങളുടെ ചർച്ചയിൽ വെളിവായി. കാർഷികപരമായി ഒന്നും ഇല്ല എന്നു തൊടിയിലെ ശുഷ്കിച്ച വാഴകളും വാടിയ ചേനകളും കാട്ടിത്തന്നു. വീടിന്റെ ഇടതുവശത്തായി കിണർ ഉണ്ട്. വച്ചിരിക്കുന്നത് ശേഷികുറഞ്ഞ പമ്പ്സെറ്റ് ആണെന്നതിനാൽ കിണറിനു വലിയ ആഴമില്ലെന്നും വേനലിലും വെള്ളത്തിനു വലിയ പ്രയാസമില്ലെന്നും കണക്കു കൂട്ടി. ഇടത്തരം വലിപ്പമുള്ള ഒരു കറിവേപ്പ് മുറ്റത്തോട് ചേർന്നു പറമ്പിൽ ഉള്ളതായും അതിൽ നിന്നും പതിവായി ഇല നുള്ളാറുണ്ടെന്നും ലക്ഷണങ്ങൾ കൊണ്ട് വ്യക്തം. വീടിന്റെ ഏകദേശ പഴക്കം, വീട്ടുവളപ്പിന്റെ ഏകദേശ വിസ്തീർണ്ണം (സെന്റിൽ), അവിടെ നില്ക്കുന്ന മൂപ്പെത്താത്ത അഞ്ചോളം തേക്കുമരങ്ങൾ, മൂന്നു ജാതി, ഒരു ആഞ്ഞിലി എന്നിവ എന്റെ ഫസ്റ്റ് ലുക്കിൽ പെട്ടെപ്പോളേക്കും ഞങ്ങൾക്ക് അകത്തു കയറാനുള്ള ക്ഷണം വന്നു.
വീടിന്റെ പരിസരത്തും ഉള്ളിലുമായി പതിവുള്ള ഇറെഗുലാരിറ്റീസ് കാണൻ സാധിച്ചതിൽ ഇവരുടെ ലൈഫ് സ്റ്റൈലിൽ കൃത്രിമമായ ഒരു അഡ്ജസ്റ്റുമെന്റും ഞങ്ങളുടെ വരവ് പ്രമാണിച്ച് നടത്തിയിട്ടില്ല എന്നു വ്യക്തമായി. ഗൃഹനാഥനുമായി പത്തു വീതം ചോദ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നടത്തി. ഇങ്ങോട്ടുള്ള ചോദ്യങ്ങൾ പരമാവധി ഒഴിവാക്കാൻ അവന്റെ കുടുംബത്തെ പറ്റി വിക്കിപ്പീഡിയ പേജ് പോലെ ഞാൻ വിവരണം നല്കി. അതിനിടെ അവൻ ആ മുറി മുഴുവൻ ഒരു ഡിറ്റക്ടീവിനെ പോലെ നോക്കി വിലയിരുത്തുന്നുണ്ടായിരുന്നു. പ്രസന്റേഷൻ ബോധ്യപ്പെട്ടതിനാലാവണം അങ്ങേർ അവരുടെ കുടുംബത്തെപ്പറ്റി ഇങ്ങോട്ടും ഒരു ക്ലാസ് തന്നു. കേട്ടതു പോലെ ആൾ അധ്യാപകൻ തന്നെ. കുറെക്കാലമായി ചൊല്ലുന്ന പാഠം പോലെ ഉണ്ട് ആ വിവരണവും. ഭാര്യയെയും പരിചയപ്പെടുത്തിയ ശേഷം “തണുത്തത് എന്തെങ്കിലും കുടിക്കാൻ ആവാമല്ലേ” എന്ന മുഖവുരയോടെ നായികയെ വിളിച്ചു. ചമ്മലും മടിയുമൊക്കെ പതിറ്റാണ്ടു മുൻപേ പടിയിറങ്ങിപ്പോയവരുടെ കൂട്ടത്തിൽ നിന്നും ഒരു സ്മാർട്ട് പെണ്ണു വന്ന് ട്രേയിൽ നിരത്തിയ ഗ്ലാസുകളിൽ ഓറഞ്ച് നിറമുള്ള ഏതോ ദ്രാവകം ഞങ്ങൾ ഇരുവർക്കും അച്ഛനുമായി നല്കി.
താങ്ക്സ് പറയാഞ്ഞതിനു ഞാൻ അവന്റെ നേരെ ഒന്നു നോക്കി. ടെൻഷനോ ചൂടോ കാരണം അവന്റെ മൂക്കിന്റെ തുമ്പത്ത് ഉരുണ്ടു കൂടിയ നേർത്ത വിയർപ്പു തുള്ളികളെ ഞാൻ മാത്രമേ കണ്ടുള്ളൂ. അവ യഥാസമയം നീക്കം ചെയ്യാൻ ഫാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു. ദ്രാവകം ഒരു സിപ് എടുത്തിട്ട് ഗ്ലാസ് ഞാൻ താഴ്ത്തി പിടിച്ചു. ഒള്ളത് പറയണമല്ലോ നല്ല സൊയമ്പൻ ഓറഞ്ച് ജ്യൂസ് ആ സമയത്ത് എന്തുകൊണ്ടും ഒരു അനിവാര്യത ആയിരുന്നു. പറഞ്ഞു കൊടുത്തത് പോലെ കുട്ടിയുടെ മുഖത്തു നോക്കി ഉടനെ തന്നെ ഗ്ലാസ് എടുത്തു, അടുത്ത സെക്കന്റിൽ ഒന്നുകൂടി നോക്കി, കുട്ടി പോയി അമ്മയുടെ അടുക്കൽ നിന്നു, ഞങ്ങൾ ഇരുവരും ഒരു തവണ ഗ്ലാസ് മൊത്തി.
ക്രിട്ടിക്കൽ മൊമന്റ് ഇതാണ് എന്നു തിരിച്ചറിഞ്ഞ് ഞാൻ അനിയനെ എല്ലാവർക്കുമായി പരിചയപ്പെടുത്തി. അതേ സമയം അച്ഛൻ അമ്മയെ വിളിച്ച് മൂപ്പരുടെ ഒപ്പം ഇരുത്തി. സുഖശീതളമായ ജ്യൂസ് നുകർന്നുകൊണ്ട് ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കുടുംബ വൃത്താന്തങ്ങളും വ്യക്തി വിവരങ്ങളും ചോദിച്ചറിഞ്ഞു. കാര്യം, പേരും പഠിപ്പും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും അറിയാമായിരുന്നതു കൊണ്ട് അതിന്റെ വിശദാംശങ്ങളാണ് കൂടുതലും ചോദിച്ചത്. അവൻ വല്ലാതെ വീർപ്പുമുട്ടുന്നുണ്ടെന്ന് എനിക്ക് സാഹചര്യത്തിന്റെ പിരിമുറുക്കം കാരണം തോന്നി. പെട്ടെന്നുതന്നെ ചെറുക്കനും പെണ്ണിനും സ്വകാര്യമായി സംസാരിക്കാനുള്ള സമയം അനുവദിച്ചു. അതൊരു പത്തിരുപതു മിനിറ്റ് നീണ്ടതിനാൽ എനിക്ക് അവനോട് എന്തെന്നില്ലാത്ത അമർഷം തോന്നി. “എന്താ ചൂട്, അല്ലെ” എന്ന ക്ലീഷെ സംഭാഷണോദ്ഘാടന ഡയലോഗ് മുതൽ തുടങ്ങിയിട്ട് എന്റെ റേഞ്ച് പോകുന്ന ഒരു ഘട്ടമെത്തിയപ്പോളാണ് പന്തികേടില്ലാത്ത ഒരു പുഞ്ചിരിയുമായി നായിക മെയിൻ സ്റ്റേജിലേക്കു തിരികെ വന്നതും പിന്നാലെ അവൻ പ്രവേശിച്ചതും. ഉള്ളിടത്തോളം കാര്യങ്ങൾ ഓകെ ആണെന്നു കണ്ട്, ‘വീട്ടുകാരുമൊക്കെയായി സംസാരിച്ച് ബാക്കി നടപടികൾ ആലോചിക്കാം’ എന്ന് എങ്ങും തൊടാതെ, എന്നാൽ പോസിറ്റീവ് ആയ ഒരു മറുപടിയും കൊടുത്ത് ഞങ്ങൾ ഇറങ്ങി.
തിരിച്ചുള്ള യാത്രയിൽ അവനിൽ സമ്മിശ്ര വികാരങ്ങൾ ആയിരുന്നു. എന്തായാലും ചെലവ് എന്റെ ആയതു കൊണ്ട്, നിനക്കു ആളെ ഇഷ്ടപ്പെട്ടു അല്ലെ എന്ന് ചോദിച്ചു.
“ഇഷ്ടപ്പെട്ടൂ...” എന്നാലും എന്തോ ബാക്കി നില്ക്കുന്നു എന്ന മട്ടിൽ ആയിരുന്നു മറുപടി.
“സംഭവം ഒക്കെ കണ്ടിടത്തോളം കൊള്ളാം. താല്പര്യം ഉള്ള രീതിയിലാ എല്ലാവരും സംസാരിച്ചെ. എന്നാലും എനിക്കൊരു...” അവനു പിന്നെയുമെന്തെല്ലാമോ അങ്കലാപ്പ്.
“അതിപ്പോ നീ തിരക്കിട്ടു ഒന്നും തീരുമാനിക്കണ്ട. വീട്ടുകാരും കൂടി വന്നു കാണണമല്ലോ. അന്നും നിങ്ങൾ തമ്മിൽ സംസാരിക്കൂ. വേണമെങ്കിൽ പിന്നെ എപ്പോളെങ്കിലും പുറത്തെവിടേലും വെച്ചു കാണൂ. നിങ്ങൾ തമ്മിൽ ഒരു സിങ്ക് ആകും എന്നു തോന്നുന്നെങ്കിൽ മാത്രം നമുക്ക് മുന്നോട്ട് പോയാൽ മതി. എന്തു പറയുന്നു.?”
“ഉമ്മ്..” മൂളലിൽ അവന്റെമറുപടി ഒതുങ്ങി.
മുൻ ധാരണ പ്രകാരം ഞാൻ ബാറിന്റെ പാർക്കിങ്ങിലേക്ക് വണ്ടി കയറ്റി.
ഓരോ തണുപ്പൻ ബിയർ ഉള്ളിലേക്കിറങ്ങാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു.
“ചേട്ടായീ, ഈ യാതൊരു പരിചയവും ഇല്ലാത്ത ഒരാളെ പരിചയപ്പെട്ട്, ‘ഇഷ്ഠപ്പെട്ട്’ ഒക്കെയും കെട്ടുക എന്നു പറഞ്ഞാൽ ഒരു സീനാണ് അല്ലെ?”
എന്താണ് അവന്റെ നീക്കമെന്നറിയാതെ ഞാൻ ഉഴറി.
“ആ, ആണ്.. എന്നാലും , അങ്ങനെ ഒക്കെ അല്ലെ പൊതുവിൽ കാര്യങ്ങൾ?”
“അപ്പോൾ എന്റെ ചോദ്യം ഇതാണ്.. ആ സ്ഥിതിക്ക് നമ്മൾ എന്തിനു ലൈഫിൽ കോമ്പ്രമൈസ് ചെയ്യണം?”
“കവി ഉദ്ദേശിച്ചത്?”
“നമുക്കീ ആലോചന ഡ്രോപ്പ് ചെയ്യാം?”
ഞാൻ ഞെട്ടി. “എന്നിട്ട്.. അല്ലല്ല.. എന്തിന്...?”
“ഇവളു വേറെ ആരെയേലും കല്യാണം കഴിക്കട്ടെ..!”
“നീ..??”
“ഞാൻ ഇന്നാളു ഒരു ആൾടെ കാര്യം പറഞ്ഞില്ലേ? ഓർക്കുന്നുണ്ടോ?”
ഉദ്വേഗം കാരണം ഞാൻ ബീയർ മഗ് വേഗം കാലിയാക്കി.
“ആ.. ഒണ്ട്! പണ്ട്. അതിനു്? ആ കേസ് മാര്യേജിലൊന്നും എത്തില്ല; തീർന്നു; തകർന്നു എന്നൊക്കെ നീ തന്നെയല്ലേ പറഞ്ഞത്? എന്നിട്ടിപ്പോ?”
“ഞാൻ അവളെ ഒന്നുകൂടി വിളിച്ചു സംസാരിക്കട്ടെ. അവളാകുമ്പോ, എനിക്ക് അവളെയും അവൾക്ക് എന്നെയും അറിയാം.. അതു തന്നെയല്ലെ അതിന്റെ ഒരു ഇത്..?”
ഞാൻ അല്പ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. സംഭവം അവൻ പറഞ്ഞത് പോയിന്റാണ്.
“ഗുഡ് യാ. ആ സ്ഥിതിക്ക്... പിന്നെ.. ഒഴിച്ചുവെച്ച ബീയർ തണുപ്പു മാറും മുൻപേ അടിക്കുന്നതാണ് ഇതിന്റെ ഒരത്!”
“ചേട്ടാ.. രണ്ടു ചിൽഡൂടെ പോന്നോട്ടെ. നാലു പൊറോട്ടയും ഒരു ബീഫ് റോസ്റ്റും ഒരു എഗ് ബുർജിയും കൂടെ!!”
(THE END)