അഞ്ചു മിനിറ്റു കഴിഞ്ഞില്ല ഇതാ വരുന്നു വീണ്ടും സ്റ്റീവിന്റെ വിളി. "ഇറച്ചിക്കട കാണുന്നില്ലല്ലോ! ഞാന്‍ കുറേ നടന്നു!" സ്റ്റീവ് വഴിപിഴച്ചു പോയെന്നു ഞങ്ങള്‍ ഉറപ്പിച്ചു. ധൃതിയില്‍ താഴെ റോഡിലേക്കു ഞാന്‍ ചെന്നപ്പോള്‍ സ്റ്റീവ് വീട്ടിലേക്കുള്ള വഴിക്കു തിരിയുന്നുണ്ട്. അച്ഛന്‍ അവിടെ ഉണ്ടായിരുന്നത് അവനു രക്ഷയായി. തലേദിവസത്തെ അവന്റെ പണിപ്രാരാബ്‌ധവും യാത്രാദുരിതവും ഒക്കെ പറഞ്ഞ് ഞങ്ങള്‍ വീട്ടിലേക്കുള്ള കയറ്റം കയറി. സ്റ്റീവും കയറ്റത്ത് അല്‍പം കിതയ്‌ക്കാതിരുന്നില്ല.
അതെ, ഇതാണ് അരുണ്‍ സ്റ്റീഫന്‍. പി.എസ്.സി. പരീക്ഷയിലോ ബാങ്ക് ടെസ്റ്റിലോ 'മലയാളചളിയുടെ പിതാവാര്' എന്നൊരു ചോദ്യം കണ്ടാല്‍ കണ്ണുമടച്ച് ഇവന്റെ പേര് എഴുതിക്കോളുക. എല്ലാം കൊടുക്കുന്നോര്‍ക്ക് എന്തെങ്കിലുമൊരു കുറവ് ദൈവം ബാക്കിവെക്കും എന്നതിന്റെ ഉത്തമ ഉദാഹരണം. സംസാരത്തില്‍ ഓഫ് ടോപ്പിക് അടിക്കാനും 'ഒന്നു മിണ്ടാതിരിക്കാമോ' എന്നു കേള്‍വിക്കാരെക്കൊണ്ട് ചോദിപ്പിക്കുന്നയിനം കൂതറ തമാശ ഇറക്കാനും ഇവനുള്ള വ്യഗ്രതയാണ് ആ കുറവ്. എന്‍ട്രന്‍സ് എഴുതിയപ്പോള്‍ എന്‍ജിനീയറിങ്ങിനു നല്ല റാങ്കും(വിത്ത് ഫ്ലൈയിങ്ങ് കളേഴ്‌സ്) മെഡിക്കലിനു മോശം റാങ്കും കിട്ടിയത് ഏതൊക്കെയോ രോഗികളുടെ ആയുസ്സിന്റെ ബലം. അല്ലെങ്കില്‍ ഡോക്‌ടറുടെ തമാശ കേട്ട് രോഗി മരിച്ചു എന്നൊക്കെ ഇക്കാലത്തു നാം പത്രത്തില്‍ വായിച്ചേനെ. ഇവനെന്തായാലും മനുഷ്യനെ ചികില്‍സിക്കുന്ന ഡോക്‌ടര്‍ ആവില്ലാരുന്നു എന്നു റംസ് അടക്കം പറയുന്നു. കണ്ടാല്‍ തെറ്റൊന്നും പറയില്ല. ഒത്ത പൊക്കം, പാകത്തിനു വണ്ണം. ഹൃദ്യമായ പെരുമാറ്റം. അറിവ്, വിവരം, ബുദ്ധി, ശക്തി, നട്ടെല്ല് എല്ലാ സംഗതികളും ഉണ്ട്. മള്‍ട്ടിയുടെയത്ര സഹൃദയനല്ല. അതുകൊണ്ടു തന്നെ നിറ്റ്‌സ് വ്യാകുലപ്പെടുന്നതെന്തിനോ അതൊന്നും ഇവനൊരു വിഷയമേയല്ല. റംസിന്റെ 'എന്നാലും അവളെന്നെ പറ്റിച്ചല്ലോ' എന്ന ഭാവം മുഖത്തിന്റെ ഏഴയലത്തുകൂടി പോയിട്ടില്ല. ചിക്കുവിന്റെ സന്തത സഹചാരിയായ മൗനം ഇവന്‍ നില്‍ക്കുന്ന താലൂക്കില്‍ പോലും കാണില്ല. യാതൊരു ദു:ശീലവും ഇല്ല താനും. പറഞ്ഞിട്ടെന്താ, ഈ മള്‍ട്ടിയെയും ചിക്കുവിനെയും നിറ്റ്‌സിനെയും ഒക്കെ സമ്മതിക്കണം. സ്റ്റീവിന്റെ കൂടെ കഴിഞ്ഞ് ഇവരുടെയെല്ലാം ക്ഷമകോഷ്യന്റ് ബുര്‍ജ് ദുബായിയുടെ മേലെയാണിപ്പോള്‍ നില്‍ക്കുന്നത്. അല്ലെങ്കില്‍ പിന്നെ ഇവനെ അവര്‍ എമ്പണ്ടേ അടിച്ചു കൊന്നേനെ! ഈ ഒരുദാഹരണം കൂടി പറയാതെ സ്റ്റീഫന്‍ പരിചയം പൂര്‍ത്തിയാവില്ല.
ഈ യാത്രയ്‌ക്കിടയില്‍ സ്റ്റീവ് എന്നോടൊരു കടംകഥ ചോദിച്ചു. ഒരു പെയിന്റര്‍ ആമസോണ്‍ വനത്തില്‍ അകപ്പെട്ടു പോയി. അയാളുടെ കയ്യില്‍ പണമായി ആകെ പത്തു രൂപയാണുള്ളത്. അയാള്‍ക്ക് തോപ്പുംപടിക്ക്(നമ്മടെ എറണാകുളത്തെ തോപ്പുംപടി, അതുതന്നെ, പീഡനം നടന്ന സ്ഥലം) പോകണം. അയാളെങ്ങനെ ഈ സെറ്റപ്പില്‍ നിന്നു തോപ്പുംപടിക്കു പോകുമെന്നാണു ചോദ്യം. ഞാന്‍ തലയറഞ്ഞാലോചന തുടങ്ങി. കഥയറിയാവുന്ന ബാക്കി നാലുപേരും എന്റെ ചിന്താഭാരം കണ്ടു ചിരിയും തുടങ്ങി. അവസാനം ഞാന്‍ സുല്ലിട്ടു. ചളിക്കുടയ ചാരുമൂര്‍ത്തി ചളിശ്രീ പീ.ജേ.ഭൂഷണം ശ്രീ സ്റ്റീവ് കഥയുടെ കുരുക്കഴിച്ചുതന്നു.
"അയാളിപ്പോ എവിടെയാ?"
"ആമസോണ്‍ വനത്തില്"
"ആ ആണല്ലോ. അപ്പോ അവിടെ കാണുന്ന ഒരു ഇല അങ്ങു പറിക്ക്യ. ആളൊരു പെയിന്ററല്ലേ? ആ ഇലയില്‍ വെളുത്ത പെയിന്റ് അടിക്ക്യ. ഇപ്പോ ആ ഇല എന്തായി? വെള്ള ഇല. എന്നു വെച്ചാ വൈറ്റ്-ഇല. വൈറ്റിലയില്‍ നിന്നാല്‍ തോപ്പുംപടിക്ക് വണ്ടി കിട്ടാനാണോ പാട്? കയ്യിലുള്ള പത്തുരൂപാ ബസ്സുകൂലിക്ക്.. സിമ്പിള്‍..!!"
ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ സ്റ്റീവും മറ്റവന്മാര്‍ ഞങ്ങളിതെത്ര കണ്ടിരിക്കുന്നു എന്ന ഭാവേന തകര്‍ത്തു ചിരിയും. ഞാന്‍ ഒന്നും പറഞ്ഞില്ല. ഒരു തെറി പോലും പറഞ്ഞില്ല. സ്റ്റീവിന്റെ കൂട്ടുകാരോട് സഹതാപം പ്രകടിപ്പിച്ചില്ല. ഒരു രണ്ടു മൂന്നു മിനിറ്റത്തേക്ക് തലയില്‍ കൈ വെച്ച് ഒരേയിരിപ്പായിരുന്നു.
***** ***** *****
സ്റ്റീവിനെയും കുളിപ്പിച്ചു കപ്പയും തീറ്റിച്ചെങ്കിലും പുറത്തേക്കിറങ്ങാനുള്ള മൂഡായില്ല. വാളുവെച്ച ക്ഷീണത്തിനു ബദലായിക്കിട്ടിയ കപ്പയുടെ ആലസ്യത്തിനു വഴിപ്പെട്ട് മള്‍ട്ടിയും നിറ്റ്‌സും കിടന്നുറക്കമായി. ആ കിടപ്പൊന്നു കാണണമായിരുന്നു. ഇരുവരും ഒരേ പോസില്‍. കൈത്തലം തുടകള്‍ക്കിടയില്‍ അമര്‍ത്തിവെച്ച് കൊഞ്ച് ചുരുണ്ടിരിക്കുന്നതുപോലെ വളഞ്ഞു കിടന്ന് ഒരുറക്കം. അവരുടെ പ്രത്യേക അഭ്യര്‍ഥനപ്രകാരം ആ ദൃശ്യം ഇതുവരെ പുറത്തു വിട്ടിട്ടില്ല.
സ്റ്റീവ് പാത്രം വടിച്ചു നക്കുന്നു, ചിക്കു പത്രവും.
അവരെ ഉറങ്ങാന്‍ വിട്ടിട്ട് ഞാനും ചിക്കുവും റംസും സ്റ്റീവും കൂടി പറമ്പിലൊക്കെ ഒന്നു കറങ്ങാന്‍ പോയി. ഏലച്ചെടികളെ പരിചയപ്പെട്ടു, പച്ചക്കാ ഇറുത്തു രുചിച്ചു, കുളം കണ്ടു, കുരുമുളകും കാപ്പിയും കണ്ടു. പറമ്പിന്റെ അങ്ങേ അറ്റത്തെത്തി. അടുത്ത പറമ്പില്‍ ഉശിരോടെ ഉയര്‍ന്നുവരുന്ന റബര്‍ മരങ്ങള്‍ക്കിടയില്‍ തോട്ടപ്പയര്‍ തഴച്ചു വളര്‍ന്നു കിടക്കുന്നു. അടുത്തിടെ അവിടെ നിന്നും വമ്പനൊരു മൂര്‍ഖന്‍ പാമ്പിനെ ഒരു അയല്‍പക്കംകാരന്‍ കണ്ടതായി ഞാന്‍ പറഞ്ഞപ്പോള്‍ റംസ് പറഞ്ഞു: "നമുക്കിനി തിരിച്ചു പോയാലോ?"
***** ***** *****
ഇവന്റെ ജനനം പാല്‍പ്പാത്രം നിറച്ചു
വീണ്ടും വിശ്രമവും തുടര്‍ന്ന് ഊണും. ഊണിനു രാവിലത്തെ മീന്‍കറി തന്നെ പ്രധാന വിഭവം. എടുത്തു പറയാനൊന്നും വേറെയില്ല. ഊണു കഴിഞ്ഞ് പിന്നേം വിശ്രമം. ഇങ്ങനെ വിശ്രമിച്ചോണ്ടിരുന്നാല്‍ നമ്മള്‍ വന്ന കാര്യം നടക്കില്ലല്ലോ! ഉച്ച കഴിഞ്ഞിട്ടും നിനക്കൊക്കെ തണുപ്പാണോ? വാ വല്ലയിടത്തും പോകണ്ടേ? ചോദ്യങ്ങളുടെ ശരമാരി സംഘത്തിന്റെ കര്‍ത്തവ്യബോധത്തെ പിടിച്ച് ഇക്കിളിയിട്ടു. രാജ് ഭയങ്കര റിയലിസ്റ്റിക്കാണ്, മാത്രവുമല്ല നമ്മള്‍ക്ക് ഈ സ്ഥലമൊന്നും വെല്യ പിടീമില്ല. അത് കൊണ്ട് പുള്ളി പറയുന്നതിനു കാതോര്‍ക്കാം.
നമ്മടെ ഈ സെറ്റപ്പ് വെച്ച് മൂന്നാറൊന്നും കറങ്ങുന്ന കാര്യം ഓര്‍ക്കണ്ട. കുമളിയില്‍ എന്തൊക്കെയോ പ്രശ്‌നമാണെന്നു കേള്‍ക്കുന്നു, അതുകൊണ്ട് തേക്കടി സന്ദര്‍ശനവും വെട്ടാം. അവിടെ ഒന്നു കറങ്ങണമെങ്കില്‍ ഒരു പകുതി പകല്‍ സമയമെങ്കിലും വേണം താനും. ഇടുക്കി ഡാം സന്ദര്‍ശനം. സാധാരണ ക്രിസ്‌മസ്-പുതുവല്‍സരം പ്രമാണിച്ച് തുറന്നു കൊടുക്കാറുള്ളതാണ്. ഇത്തവണ അങ്ങനെയൊന്നും കേട്ടില്ല. അതിന്റെ കാര്യവും ഗോവിന്ദ. ഇനി പെട്ടെന്നു തീര്‍ക്കാവുന്നതും ലളിതവുമായ രണ്ട് ഐറ്റങ്ങള്‍ ഉള്ളത് ഒന്ന്, കട്ടപ്പനയുടെ പ്രാന്തപ്രദേശമായ കല്യാണത്തണ്ട് മലയാണ്. വലിയ അപകടമൊന്നുമില്ലാത്ത ഒരു ട്രെക്കിംഗ്. രണ്ട്, രാമക്കല്‍മേട്. കുഞ്ഞു ട്രെക്കിംഗ്. കിടിലന്‍ വ്യൂപോയിന്റ്. പക്ഷേ പത്തിരുപതു കി.മീ.യാത്രയുണ്ട്, ഇന്നിത്ര താമസിച്ചതുകൊണ്ട് അതിനി നടക്കില്ല. സോ, നമ്മുടെ മുന്നിലെ ഏക വഴി കല്യാണത്തണ്ടിലേക്ക്! വേറെ ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട് തീരുമാനം ഐകകണ്‌ഠ്യേന അംഗീകരിക്കപ്പെട്ടു.
പിന്നെ ഒരു കൂട്ടപ്പൊരിച്ചില്‍. ക്യാമറയെടുക്കുന്നു, ഡ്രെസ്സു ചെയ്യുന്നു, ഫോണെടുക്കുന്നു, ജാക്കറ്റിടുന്നു, ബാഗില്‍ കുടിക്കാന്‍ വെള്ളം കരുതുന്നു.... ടപ്പേന്നെല്ലാവരും റെഡിയായി. കൊച്ചുതോവാളയിലത്തി. ഒറ്റ വണ്ടിയില്ല. ഓട്ടോ, അത് ആപേ ആയാലും, ഞങ്ങള്‍ ആറുപേര്‍ക്ക് തികയില്ല. കടയിലെ സജി ചേട്ടന്‍ അവിടെയുണ്ട്. ജീപ്പ്പും കിടപ്പുണ്ട്. പുള്ളിയെ കട്ടപ്പനയ്‌ക്ക് ഓട്ടം വിളിച്ചു. അല്‍പസമയത്തിനകം സജി ചേട്ടന്‍ തയ്യറായി വന്നു. ജീപ്പ്പിലേക്കു കയറുന്ന വഴിക്ക് മടക്കി വെച്ചിരുന്ന ആംറെസ്റ്റ് ചാഞ്ഞു വരികയും തെറ്റില്ലാത്ത വിധം ചിക്കുവിന്റെ നെറ്റി അതിനൊരുമ്മ കൊടുക്കുകയും ചെയ്‌തു. ചിക്കു നേരിട്ട ക്ലേശങ്ങളുടെ തുടക്കം ആ ജീപ്പ്പിന്റെ ചവിട്ടുപടിയില്‍ നിന്നു തുടങ്ങി.
പത്തു മിനിട്ടിനകം ഞങ്ങള്‍ കട്ടപ്പന ഐ.ടി.ഐ. ജംക്‌ഷനു സമീപം ഇന്‍ഫന്റ് ജീസസ് സ്‌കൂളിനടുത്ത് വണ്ടിയിറങ്ങി. അവിടെയാണ് ബ്ലോഗറുടെ ഉറ്റസുഹൃത്ത് ജോബി എന്ന ജോച്ചായന്റെ വീട്. കല്യാണത്തണ്ടിലേക്കുള്ള ബ്ലോഗറുടെ മുന്‍യാത്രകള്‍ ഈ ജോബിക്കൊപ്പം ആയിരുന്നു. അതിനാല്‍ ഈ യാത്രയിലും ബ്ലോഗര്‍ക്കു ജോച്ചായന്‍ ഒപ്പം വേണമെന്നൊരു മോഹം. ആയത് മുന്‍കൂട്ടി വിളിച്ച് അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ ഒരു മൂന്നു മണി കഴിഞ്ഞിട്ടുണ്ടാവണം. അച്ചായന്റെ വീട്ടില്‍ കയറിയെന്നു വരുത്തി(പഴം തിന്നാന്‍ വേണ്ടി മാത്രം). മള്‍ട്ടിയാണെങ്കില്‍ അന്നു കപ്പയും ചോറുമൊന്നും കഴിച്ചില്ലെന്നു സംശയം ജനിപ്പിച്ചു. റംസ് ഒരു മല്‍സരത്തിനു ശ്രമിച്ചെങ്കിലും ഒന്നാം ലാപ്പില്‍ തന്നെ പിന്‍വാങ്ങി. അധികം താമസിയാതെ(ബോറാക്കാതെ) ഞങ്ങള്‍ പുറപ്പെട്ടു.
വഴിക്ക് സന്ദര്‍ശകര്‍ അച്ചായനുമായി പരിചയപ്പെട്ടു. തമാശകള്‍ പറഞ്ഞും മള്‍ട്ടിയുടെ ജീവിതരഹസ്യങ്ങള്‍ തേടിയും നടക്കുന്നതിനിടയില്‍ ആദ്യത്തെ കയറ്റം അത്ര വിഷമിപ്പിച്ചില്ല. പിന്നീട് കുത്തനെയുള്ള ഒരിറക്കം. തുടക്കത്തില്‍ അങ്ങു ദൂരെ തലയുയര്‍ത്തി നില്‍ക്കുന്ന കല്യാണത്തണ്ടുമലയുടെ ഉച്ചി കാണുമാറായി. മുഖങ്ങളില്‍ 'ഇതിനു വരേണ്ടിയിരുന്നോ' എന്നൊരു ഭാവം 'ഏതു മലയും ഇന്നു കീഴടക്കിയിട്ടേയുള്ളൂ' എന്ന നിശ്ചയദാര്‍ഢ്യവുമായി പോരടിച്ചു നിന്നു. ചിതറിക്കിടക്കുന്ന ഉരുളന്‍ കല്ലുകളില്‍ ചവിട്ടി ചിക്കു ഒന്നുരണ്ടു വട്ടം സ്ലിപ്പായി. ആലപ്പുഴയില്‍ ഇങ്ങനത്തെ വഴികളും ഇറക്കവും കല്ലുകളും ഇല്ലാത്തതു കൊണ്ടാവും. ചമ്മല്‍ മറയ്‌ക്കാനെന്നോണം അവന്‍ ചെരിപ്പിനെ കുറ്റം പറഞ്ഞു. അതിന്റെ കണ്ടീഷന്‍ മോശമാണത്രേ. പിച്ച പിച്ച ചിച്ചു, വീണ്ടും ഒരു സ്‌കേറ്റിംഗ് വിദഗ്‌ധനെപ്പോലെ തെന്നി നീങ്ങി. ഞങ്ങളുടെ ചിരി അതിരുകടന്നപ്പോള്‍ ഇനിയെന്തായാലും വീഴാതെ നോക്കണം എന്ന വാശിയിലായി ആശാന്‍. ഭാഗ്യം, ഇറക്കം തീര്‍ന്നു. ആ വഴി ചെന്നുചേരുന്ന റോഡിനക്കരെ മറ്റൊരു മണ്‍റോഡ്. അതൊരു ഒന്നര കയറ്റം. ചങ്കിടിപ്പിനു ശക്തി കൂടി. നടപ്പിനു വേഗം വല്ലാതെ കുറഞ്ഞു. 'ഈ കുന്നും മലയുമൊക്കെ കണ്ടുപിടിച്ചവനെ കൊല്ലണം' സ്റ്റീവ് പറഞ്ഞതു മറ്റെല്ലാവരും കേട്ടില്ലെന്നു നടിച്ചു. ചുറ്റും കാപ്പിയും മുളകും ഏലവുമൊക്കെ വളരുന്ന കൃഷിയിടങ്ങള്‍. അതിനെല്ലാം മധ്യത്തില്‍ ഓരോ വീടുകള്‍. നഗരത്തിന്റെ ശബ്‌ദങ്ങളില്ലാത്ത അന്തരീക്ഷം. പോക്കുവെയിലിനു ചൂടുണ്ടെങ്കിലും തണുത്ത കാറ്റ് അതിനും വിയര്‍പ്പിനും മരുന്നായി.
രണ്ടാമത്തെ കയറ്റത്തിനപ്പുറം അല്‍പം നിരപ്പ്. നടപ്പിന്റെ വേഗം തെല്ലു കൂടി. ആ റോഡിന്നവസാനം പാറമാത്രമെന്നു തോന്നിക്കുന്ന ഒരു കുന്നിന്റെ ചുവട്ടിലെത്തി. നില്‍ക്കാതെ നടപ്പു തുടരവേ ബ്ലോഗര്‍ പറഞ്ഞു 'ദേ, ഈ പാറേടെ പുറത്തൂടെ കേറിവേണം പോകാന്‍!'
'ഈ പാറേടെയോ?' ചോദ്യം പലനാവുകളില്‍ നിന്നും ഒന്നിച്ചു പൊങ്ങി. നടന്നും കുന്നുകയറിയും സഹികെട്ട സഹയാത്രികര്‍ ബ്ലോഗറെ അടിച്ചു കൊന്നാല്‍ വീട്ടിലറിയിക്കാനായിരിക്കും അച്ചായനെകൂടെ കൂട്ടിയത്.
'നടക്കെടാ ഉവ്വേ.. ഒരു ടൂര്‍ ഓപ്പറേറ്ററും കാണിക്കാത്ത കാഴ്‌ചകളിലേക്കാണു ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്നത്!' ബ്ലോഗറുടെ വാക്കുകള്‍ ബൂസ്റ്റിന്റെ ഫലം ചെയ്‌തു.
'വീയാര്‍ റോക്കിങ്ങ്..!' സ്റ്റീവ് ആവേശത്തോടെ അലറി.
ശ്വാസമെടുക്കാന്‍ തത്രപ്പെടുന്നതിനിടയില്‍ ചിക്കു ചോദിച്ചു: "എന്തോന്നു റോക്കിങ്ങ്?"
"എടാ നമ്മള്‍ പാറപ്പുറത്തുകൂടി കയറുവാന്ന്..!"
കാളച്ചാണകം എന്ന് ഇംഗ്ലീഷില്‍ പറഞ്ഞുകൊണ്ട് അല്‍പം ഓക്‍സിജന്‍ കിട്ടുമോന്നറിയാന്‍ റംസ് കിഴക്കോട്ടു തിരിഞ്ഞു നിന്നു.
പക്ഷേ ആ പാറ കയറിയപ്പോള്‍ ആദ്യത്തെ പിറ്റ്‌സ്റ്റോപ്പിനുള്ള വിളി മുഴങ്ങി. അല്‍പനേരം വിശ്രമം. സകലവനും പട്ടിയെപ്പോലെ കിതച്ചു ഫ്ലാറ്റ് ആയി. ബ്ലോഗറുടെ ആവേശമൊക്കെ വാചകത്തിലേ ഉള്ളൂ എന്നു മലബാറുകാരു തിരിച്ചറിഞ്ഞു.
പിന്നെയും ഒരു ഇരുനൂറു മീറ്റര്‍ കൂടി. സകലരും തളര്‍ന്നു. ചെരിഞ്ഞു വിശാലമായിക്കിടക്കുന്ന പാറമേല്‍ ഞങ്ങളിരുന്നു. രണ്ടാമത്തെ പിറ്റ്‌സ്റ്റോപ്.
"അങ്ങനെ പാതി വഴിയായി!" ബ്ലോഗര്‍ പ്രഖ്യാപിച്ചതു കേട്ട് അച്ചായന്‍ ഒന്നു ചിരിച്ചു.
"പകുതിയേ ആയൊള്ളോ? അയ്യോ...!" ചിക്കു നിരാശ മറച്ചു വെച്ചില്ല.
"സമയമൊന്നു നോക്കിയേ! നമ്മള്‍ നടക്കാന്‍ തുടങ്ങിയിട്ട് ഒരു മണിക്കൂര്‍ പോലും ആയില്ല." അപ്പോഴാണ് എല്ലാവരും അക്കാര്യം ശ്രദ്ധിച്ചത്. വഴി ഉയര്‍ത്തിയ വെല്ലുവിളികള്‍ ഒരുപാടു നടന്നതായി തോന്നിപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്‌തു. മള്‍ട്ടിയും നിറ്റ്‌സും പാറപ്പുറത്ത് മാനം നോക്കി മലര്‍ന്നു കിടന്നു. വെയിലിന്റെ ചൂടുണ്ട് പാറയ്‌ക്ക്. സൂര്യന്‍ മലയ്‌ക്കപ്പുറത്തു പടിഞ്ഞാറു ചായാന്‍ പോകുന്നു. കൃഷിസ്ഥലങ്ങളെല്ലാം തീര്‍ന്നു. ഞങ്ങളിരുന്നിടത്തു നിന്നും കിഴക്കോട്ടു നോക്കിയാല്‍ കട്ടപ്പന പട്ടണവും അതിനു കിഴക്ക് അതിരുതീര്‍ക്കുന്ന മലനിരകളും പ്രകൃതിയുടെ വിശാലമായ കാന്‍വാസിലെ ഹരിതാഭമായ ഒരു ചിത്രം പോലെ. ഇനി മേലേക്ക് കുറ്റിച്ചെടികളും പുല്ലും മാത്രം വളര്‍ന്നു നില്‍ക്കുന്ന മേട് മാത്രം, പക്ഷേ കയറ്റം തന്നെ.
കല്യാണത്തണ്ടിലേക്കുള്ള വഴിയില്‍ നിന്നും കട്ടപ്പന പട്ടണത്തിന്റെ ദൃശ്യം
നടപ്പിന്റെ ഇടവേളയിലെ കിടപ്പിന്റെ സുഖം - മള്‍ട്ടിയും റംസും
വെള്ളം കുടിച്ചു. ഇരുന്നും കിടന്നും കിതപ്പാറ്റി, വിയര്‍പ്പു തോര്‍ന്നപ്പോള്‍ ഒറ്റകുതിപ്പിനു മുകളിലെത്താമെന്നു തോന്നിപ്പോയി. വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ക്കിടയിലൂടെ, കല്ലിലും മുള്ളിലും ചവിട്ടി മലകയറി. ഏറ്റവും മുകളില്‍ കല്യാണത്തണ്ട് ക്ഷേത്രം കാണാം. പക്ഷേ ആ ദിശയിലല്ല, പിന്നെയും വലത്തോട്ടാണു ഞങ്ങള്‍ക്കു പോകേണ്ടത്. പുല്ലുപടര്‍ന്നു വളര്‍ന്ന മലഞ്ചെരിവിലൂടെ പിന്നെയും ഉയരങ്ങള്‍ താണ്ടി നടപ്പ്. അവസാനം നിറുകയിലെത്തി, സഹ്യന്റെ ഉച്ചിയിലെന്നു തോന്നിക്കും വിധം മനോഹരമായ പ്രകൃതിയുടെ നിറുകയില്‍!