Monday, September 26, 2011

എന്റെ മകളോട്‌...

ചിരിക്കാതിടംകൈയ്യാല്‍ വിടനല്‍കി നീയെന്നെ
ഇന്നലെപ്പിന്നെയും യാത്രയാക്കി.
ചുമരിലെച്ചിരിയോലും ചിത്രവും സമ്മാന-
പ്പൊതികളും ചൊല്ലി നിന്‍ പ്രായമൊന്ന്‌.
കനമുള്ള മാറാപ്പു തോളേറ്റി വഴിവക്കില്‍
ഒരു മാത്ര നിന്നു തിരിഞ്ഞു നോക്കി.
ചിരിയില്ലയപ്പൊഴും, നനവില്ല കണ്‍കളില്‍
സുഖശാന്തമായ നിസ്സംഗഭാവം.
കരയില്ല നീ! യാത്ര വേര്‍പാടെന്നറിയാത്ത
തളിരാണു കുഞ്ഞേ, കുറച്ചു നാള്‍ നീ.
പിരിയുന്ന വേളതന്‍ നോവറിയാത്തയീ
വയസ്സാണു ജീവനില്‍ നല്ല കാലം.

പലനാള്‍ കഴിഞ്ഞൊരു പുലര്‍കാലനേരത്തു
കൊതിയോടെയോടിയണഞ്ഞീടവേ
പിറവിയില്‍ത്തൊട്ടേ കരയാന്‍ പഠിച്ചതി-
ങ്ങുറവയായ്‌ വന്നെന്‍ മുഖം കാണവേ!
'അച്ഛനാ,ണാങ്ങൂന്നു വരികയാണെ'ന്നുള്ള
വാക്കിനും നല്‍കി നീ പുല്ലുവില!
എന്‍.എച്ചിലെപ്പൊടിയേറ്റയെന്‍ ദേഹവും
മുള്ളുപോല്‍ നോവിക്കുമെന്‍ മീശയും
ഏറുമാവേശത്തിലറിയാതുയര്‍ന്നൊരെന്‍
'മോളൂ' വിളി കേട്ടു നീ ഭയന്നോ?
നീറ്റല്‍ പരത്തി മുഖം മാറ്റി നീ, തുടര്‍-
ന്നമ്മ തന്‍ മാര്‍ച്ചൂടിലാഴ്‌ന്നമര്‍ന്നൂ.

പിന്നെയും തെല്ലിട നേരം കഴിയെ നീ
പുഞ്ചിരിതൂകിയെന്‍ ചാരെവന്നു!
കൈകള്‍ നിന്‍ നേര്‍ക്കൊന്നു നീട്ടേണ്ട താമസം
പൂവുടല്‍ എന്‍ നേര്‍ക്കു ചാഞ്ഞുവന്നു.
'വേഗത്തിലച്ഛനോടൊത്തു ചേര്‍ന്നോ'യെന്ന
ചോദ്യത്തെ നോക്കി നീ കണ്ണിറുക്കി!

പിന്നെപ്പതുക്കെയീ താമസം മാറി നീ
കാണുന്ന മാത്ര തിരിച്ചറിഞ്ഞു.
അച്ഛന്‍ വരുന്ന നിമിഷം മനസ്സിലി-
ട്ടെത്രയോ മുത്തങ്ങള്‍ നീ കൊതിപ്പൂ.

എങ്കിലുമിപ്പോഴും പോരുന്ന നേരമ-
തെന്തെന്നറിയാതെ കൈ വീശവേ,
ചിന്തിച്ചു പോകുന്നു നീയിറ്റു സങ്കടം
കണ്ടാലറിയാത്ത ഭാഗ്യവതി!

അച്ഛന്‍ വരുന്നുവെന്നിന്നറിയുന്നപോല്‍
പോവതും പോകെത്തിരിച്ചറിയും.
കാണുന്ന നേരത്തെപ്പുഞ്ചിരിമുത്തിനെ
അശ്രുരത്നങ്ങള്‍ കടത്തിവെട്ടും.
അന്നും വഴിക്കല്‍ നിന്നൊന്നൂടി നോക്കുമ്പോള്‍
നിന്റെയും കരളില്‍ ഞാന്‍ നോവു കാണും.
അതുവരെ സങ്കടമറിയാതെ വാഴുന്ന
തളിരാണു കുഞ്ഞേ, കുറച്ചു നാള്‍ നീ.

Tuesday, September 20, 2011

പെട്രോള്‍ വില കുത്തനെ താഴ്‌ന്നു; നാളെ മുതല്‍ തേനും പാലും

ന്യൂയോര്‍ക്ക്‌: ഇന്നലെ കേരളത്തില്‍ ഇന്ധന വിലവര്‍ദ്ധനയ്ക്കെതിരേ നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന്‌ പെട്രോള്‍ വില കുത്തനെ ഇടിഞ്ഞു. എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുടെ സമിതി അടിയന്തിരമായി യോഗം ചേര്‍ന്ന്‌ ക്രൂഡ്‌ ഓയിലിന്റെ രാജ്യാന്തര വിലയില്‍ ഇരുപതു ശതമാനം കുറവു വരുത്താന്‍ തീരുമാനിക്കുകയായിരുന്നു. കെരളത്തിന്റെ പൊതുവികാരം ലോകസാമ്പത്തിക വ്യവസ്ഥിതിയെ പ്രതിഫലിപ്പിക്കുന്നതാണെന്നും ആയതിനാലാണ്‌ ഈ തീരുമാനം കൈക്കൊണ്ടതെന്നു ഒപെക്‌ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ അറിയിച്ചു.

രാജ്യാന്തരവിലയില്‍ വന്ന വ്യതിയാനത്തെത്തുടര്‍ന്ന് കേരളത്തില്‍ പെട്രോള്‍ വില ലിറ്ററിനു 14 രൂപ കുറയും. ഇതു കൂടാതെ സംസ്ഥാനം ഈടാക്കുന്ന വില്‍പന നികുതി പാടേ ഒഴിവാക്കാന്‍ ആലോചിക്കുന്നതായി ധനമന്ത്രി തിരുവനന്തപുരത്തു പ്രസ്താവിച്ചു. ഇന്നു വൈകുന്നേരം അടിയന്തിരമായി ചേരുന്ന കാബിനറ്റ്‌ യോഗം ഇതില്‍ തീരുമാനം എടുക്കും. തുടര്‍ന്ന് പുതുക്കിയ വില രാത്രി വൈകി പ്രഖ്യാപിക്കും. കുറഞ്ഞ വില ഇന്ന്‌ അര്‍ദ്ധരാത്രി തന്നെ പ്രാബല്യത്തില്‍ വരും.

സമരത്തെ തുടര്‍ന്ന്‌ ഒരു സംസ്ഥാനം തന്നെ നിശ്ചലമായ സാഹചര്യത്തില്‍ കേന്ദ്ര തീരുവയില്‍ ഇളവുവരുത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന്‌ കേരളത്തില്‍ നിന്നുള്ള എം.പി.മാര്‍ ഡല്‍ഹിയില്‍ സംയുക്തതീരുമാനമെടുത്തു. എം.പി.മാരുടെ സംഘം ഇന്നുച്ചയ്ക്ക്‌ പ്രധാനമന്ത്രിയെയും പെട്രോളിയം മന്ത്രിയെയും കാണും. ഇതില്‍ വിജയിച്ചാല്‍ രാജ്യത്തിനാകെ നേട്ടവും സമ്പദ്‌ വ്യവസ്ഥയ്ക്കു പുത്തനുണര്‍വ്വും ആകുമെന്ന്‌ എം.പി.മാരുടെ സംഘം പ്രത്യാശ പ്രകടിപ്പിച്ചു.

മറ്റൊരു സാമ്പത്തിക തകര്‍ച്ചയിലേക്കു നീങ്ങുന്ന അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്കു കിട്ടിയ ലൈഫ്‌ ജാക്കറ്റാണ്‌ ഇന്ധന വിലയില്‍ വന്ന കുറവെന്ന്‌ ബറാക്ക്‌ ഒബാമ വൈറ്റ്‌ ഹൗസില്‍ നടത്തിയ പ്രത്യേക പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ഇതിനു സഹായിച്ച കേരളത്തിലെ രാഷ്ട്രീയനേതാക്കളോട്‌ അമേരിക്ക എക്കാലവും കടപ്പെട്ടിരിക്കുന്നു എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തിന്റെ മഹത്വം ലോകജനതയ്ക്കു തന്നെ അനുഗ്രഹമായതിന്റെ മകുടോദാഹരണമാണിത്‌- അദ്ദേഹം പറഞ്ഞു.

നാളെ മുതല്‍ ഓരോ ലിറ്റര്‍ പെട്രോളിനൊപ്പം 100 മില്ലി പാലും അന്‍പതു മില്ലി തേനും കൂടി വിതരണം ചെയ്യുമെന്നു പെട്രോളിയം കമ്പനികള്‍ വാഗ്ദാനം ചെയ്തു. തേനും പാലും ഒഴുകുന്ന സുന്ദരമായ ഒരു നാടിനു നാന്ദി കുറിക്കുവാനാണ്‌ തങ്ങള്‍ ശ്രമിക്കുന്നതെന്ന്‌ പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രസ്താവനയില്‍ എടുത്തു പറയുന്നു. വിലയിടിവിനെത്തുടര്‍ന്ന്‌ ഡീലര്‍മാര്‍ക്കുണ്ടാവുന്ന നഷ്ടം പരിഹരിക്കാന്‍ വില്‍പന നടത്തുന്ന ഉല്‍പന്നങ്ങള്‍ ഒരു കിലോലിറ്ററിനു 10 ലിറ്റര്‍ എന്ന കണക്കില്‍ സൗജന്യമായി ഡീലര്‍മാര്‍ക്കു നല്‍കും.

മാറിയ സാഹചര്യത്തില്‍ എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില കുറയ്ക്കാന്‍ സത്വര നടപടി സ്വീകരിക്കാന്‍ പൊതുഭരണവകുപ്പും ഭക്ഷ്യ-സിവില്‍ സപ്ലൈസ്‌ വകുപ്പും യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമം തുടങ്ങി. ഇളവു ചെയ്ത ബസ്‌ ചാര്‍ജ്ജ്‌, ടാക്സി-ഓട്ടോ നിരക്കുകളും ഇന്നു രാത്രിയോടെ തന്നെ പ്രഖ്യാപിച്ചേക്കും. സാമ്പത്തിക ഈ രംഗത്തുണ്ടാവുന്ന വന്‍ മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടേ കേന്ദ്ര സര്‍ക്കാര്‍ ധനകാര്യ സെക്രട്ടറി അദ്ധ്യക്ഷനായി ഒരു അനാലിസിസ്‌ കമ്മിറ്റിക്കു രൂപം നല്‍കി. ഇന്ത്യയെ ഇനി പിടിച്ചാല്‍ കിട്ടില്ലെന്നു കോണ്‍ഗ്രസ്സ്‌ അദ്ധ്യക്ഷയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു. ഈ കണ്ട മാറ്റങ്ങളെല്ലാം തങ്ങള്‍ കാരണമാണു ഉണ്ടായതെന്നും ആകയാല്‍ സംസ്ഥാന സര്‍ക്കാര്‍ രാജിവെച്ച്‌ അധികാരം ഒഴിയണമെന്നും സമരസമിതി കണ്‍വീനര്‍ ആവശ്യപ്പെട്ടു. അതേ സമയം വിലക്കുറവിനു സംസ്ഥാന സര്‍ക്കാരിന്റെ നടപടികളും കാരണമായിട്ടുണ്ടെന്നും രാജി വെയ്ക്കാനുള്ള അവശ്യം പ്രതിപക്ഷത്തിന്റെ വിലകെട്ട രാഷ്ട്രീയ കുതന്ത്രമാണെന്നും രമേശ്‌ ചെന്നിത്തല തിരിച്ചടിച്ചു.

എന്നിരുന്നാലും പെട്രോളിയം അടിസ്ഥാനമാക്കിയുള്ള ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും ഉച്ചയ്ക്കു ശേഷം കൂപ്പു കുത്തി. ഒന്നു ചീഞ്ഞു മറ്റൊന്നിനു വളമാകുന്നതാണെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകില്ലെന്നും സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ വൃത്തങ്ങള്‍ അറിയിച്ചു. പൊതുജങ്ങളും ആശാവഹമായ പ്രതികരണമാണു നല്‍കുന്നത്‌. ഓട്ടോക്കൂലി മിനിമം അഞ്ചുരൂപയാകുമെന്ന്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു. എന്നാല്‍ സ്വര്‍ണ്ണത്തിന്റെ വില ഇപ്പോഴും ഉയര്‍ന്നുതന്നെ ആണല്ലോ എന്നായിരുന്നു ചില വീട്ടമ്മമാരുടെ പരിഭവം.

Thursday, September 15, 2011

പൊറോട്ടാമേക്കറും ഒരു സമരചിന്തയും

"എന്നതാടാ ബിജൂ, ഇന്നു കടേല്‍ പോണില്ലേ?"

"ഇല്ല മാഷെ. ഇന്നു സമരമാ!"

"സമരമോ? ആരു സമരം ചെയ്യുന്നു?"

"ഞങ്ങള്‌ തന്നെ. അഖില കേരളാ ഹോട്ടല്‍ തൊഴിലാളി യൂണിയന്‍. ഹോട്ടലുകളുടെ അകത്തളങ്ങളില്‍ പുകയും കരിയുമേറ്റ്‌ എച്ചില്‍പ്പാത്രം കഴുകി അധ്വാനിക്കുന്ന അസംഘടിത തൊഴിലാളി വര്‍ഗ്ഗം!"

"ഹതു ശരി. അപ്പോ നിങ്ങള്‍ക്കും യൂണിയനൊക്കെ ആയി അല്ലേ? ആട്ടെ എന്നാത്തിനാ സമരം പോലും?"

"അങ്ങനെ ചോദിച്ചാ... കൂലി ഏകീകരിക്കണം, ക്ഷേമനിധിയും പെന്‍ഷനും വേണം, തൊഴില്‍ സ്ഥിരതയും വേതനവര്‍ദ്ധനയും അടിസ്ഥാന അവകാശങ്ങളായി പ്രഖ്യാപിക്കണം... അങ്ങനെ കൊറേ.."

"കൊള്ളാമല്ലോടാ..!"

"പിന്നെ, എന്നായാലും ഇതൊക്കെ വേണ്ടതല്ലേ?! ഒരുത്തന്‍ കുഴയ്ക്കുന്നു, ഒരുത്തന്‍ പരത്തുന്നു, ഒരുത്തന്‍ ചുടുന്നു, വേറൊരുത്തന്‍ വെളമ്പുന്നു. മൊതലാളി കാശെടുത്ത്‌ പുള്ളീടെ മേശയ്ക്കകത്തോട്ടു തട്ടുന്നു. എന്നിട്ടോ അതീന്നു നമുക്കു കിട്ടുന്നതു നക്കാപ്പിച്ച!"

"അപ്പോ എറണാകുളത്തൊക്കെ ഒരു പൊറോട്ടമേക്കര്‍ക്കു പത്തും പന്തീരായിരോം ഒക്കെ ശമ്പളമുണ്ടെന്നു കേക്കുന്നതൊന്നും ഒള്ളതല്ലേ?"

"ഒള്ളതു തന്നെ, പക്ഷേ എല്ലാരും അങ്ങനെ അല്ലല്ലോ! ഒരു സാദാ ഹോട്ടലിലെ പണിക്കാരനു കൂടിപ്പോയാല്‍ 150 ഉലുവാ കിട്ടും. കൂലിപ്പണിക്കാരന്‌ അതിന്റെ ഇരട്ടിയുണ്ട്‌. അതെന്നാ ആരും കണക്കാക്കാത്തെ?"

"അപ്പോ സമരം കഴിഞ്ഞാല്‍ നിന്റെ സ്ഥിതി മെച്ചപ്പെടുവാരിക്കും, അല്ലിയോ?"

"അതൊക്കെ കണക്കാരിക്കും മാഷേ! എന്നാലും നമുക്കു പറയാനുള്ളതു പറയണമല്ലോ. പണ്ടാരാണ്ടു പറഞ്ഞപോലെ, എങ്ങാനും ബിരിയാണി വെളമ്പുന്നുണ്ടെങ്കിലോ.. ഒന്നുമല്ലേലും ഇന്നല്ലെങ്കില്‍ പിന്നെ ഒരു കാലത്ത്‌ ഈ ആനുകൂല്യങ്ങളൊക്കെ ഉണ്ടാവുമെന്നേ!"

"അതു നല്ല കാര്യം തന്നെ...!"

"എന്നാ ശരി മാഷേ.. എനിക്ക്‌ ഇന്നു രവി മേസ്തിരീടെ കൂടെയാ പണി. സമരമാണെന്നുംകൊണ്ട്‌ വെറുതേയിരുന്നു 350 രൂപായ്ക്കു പണിയാനുള്ള ചാന്‍സ്‌ കളയുന്നതെന്തിനാ? എന്നാ... ഞാന്‍ നടക്കട്ടേ?"

അവന്‍ പോകുന്നതും നോക്കി ഞാന്‍ അവിടെ നിന്നുപോയി.

ബിജൂനോട്‌ അന്നുവരെയില്ലാത്ത ഒരു ബഹുമാനം തോന്നി. 'ഒരുത്തന്‍ കുഴയ്ക്കുന്നു, ഒരുത്തന്‍ പരത്തുന്നു, ഒരുത്തന്‍ ചുടുന്നു, വേറൊരുത്തന്‍ വെളമ്പുന്നു. മൊതലാളി കാശെടുത്ത്‌ പുള്ളീടെ മേശയ്ക്കകത്തോട്ടു തട്ടുന്നു.' പറയുമ്പോ ഞാനാരാ? ഐ.ടി. പ്രൊഫഷണല്‍, എന്റേം അവസ്ഥ ഇതു തന്നെ. കഴുത്തില്‍ തൂക്കിയിരുന്ന ടാഗ്‌ ഞാന്‍ ചുരുട്ടിക്കൂട്ടി പോക്കറ്റിലിട്ടു. എന്നിട്ട്‌ ഇടംവലം നോക്കാതെ ഒറ്റ നടപ്പങ്ങു വെച്ചുകൊടുത്തു.