Saturday, September 25, 2010

കൊട്ടേഷന്‍

നേരിന്റെ നിറമെന്നു മറ്റുള്ളവര്‍ പറഞ്ഞതെല്ലാം
ചോരയാണെന്നു ഞാനറിഞ്ഞതു വൈകിയാണ്‌.
അരിവാള്‍ത്തലയുടെ മൂര്‍ച്ച തെളിയുന്നത്‌
ഒരു ചീന്തില്‍ ഉയിരറുക്കുമ്പോഴാണെങ്കിലും
എന്റെ സിരകളില്‍ പുളഞ്ഞുമറിയുന്ന
കരിനാഗങ്ങളുടെ പിടി അയയാന്‍
വീശിവീശി അരിയണം!
പച്ചമാംസത്തില്‍ ഇരുമ്പ്‌ നൂണ്ടിറങ്ങി
അസ്ഥിയുടെ കോട്ടകള്‍ തകര്‍ക്കണം
പിന്നെ പറ്റുമെങ്കില്‍, ചീറ്റിത്തെറിച്ച ചോര
പുറം കൈ കൊണ്ട്‌ മുഖത്തു നിന്നും തുടയ്ക്കണം.
പോകുവാന്‍ നേരം അവനെ കാല്‍ കൊണ്ട്‌ തൊഴിച്ചുരുട്ടണം.
ചുറ്റും ഭീതി നിഴലിക്കുന്ന മുഖങ്ങളുണ്ടായേക്കാം.
അവയിലേക്ക്‌ യമധര്‍മ്മത്തിന്റെ അന്തകവിത്തുകള്‍
തീയില്‍ മുളപ്പിച്ചെറിയാന്‍ മറക്കരുത്‌.
പിന്നെ കരയുന്ന ഒരു ഭാര്യയുടെ മുടിക്കുത്ത്‌
അഥവാ ഒരു കുഞ്ഞിന്റെ കൈ - അതില്‍പിടിച്ചുയര്‍ത്തി
ഭീഷണിയുടെ ബ്രഹ്മാസ്ത്രമെയ്യണം.
അതൊന്നു പത്തായി, പത്തുനൂറായങ്ങനെ
പെരുക്കുന്നതു കണ്ട്‌ മനമറിഞ്ഞലറണം.
ഇരുട്ടുപെണ്ണിന്റെ ചുരുള്‍മുടിയിലെ വിയര്‍പ്പുഗന്ധം തിരയണം.
എന്നിട്ടു കിളി ചിലയ്ക്കുന്ന നേരമെത്തുമ്പോള്‍
ചെവികള്‍ കൊട്ടിയടച്ച്‌ പുലരിക്കു മുന്‍പേ
മാളത്തില്‍ ഒളിക്കണം.
ഒടുക്കം ശിരസ്സറ്റു സ്വയം വീഴുമ്പോള്‍
ഒരുവേള 'എന്തുനേടി'യെന്നൊന്നു സ്വയം ചോദിക്കാന്‍
അര നിമിഷം തരുമോയെന്നിരക്കണം.
കിട്ടിയാലും ഇല്ലെങ്കിലും പിളര്‍ന്ന ഉടലില്‍ നോക്കി
ഈ വരികളുറക്കെ ചൊല്ലണം.
'അതു മനുഷ്യര്‍ കേള്‍ക്കുന്നില്ലല്ലോ' എന്നു ദൈവം പറയുമ്പോള്‍
ഈ വരികള്‍ തിരുത്താനൊരു ജന്മം കൂടി കടം ചോദിക്കണം.
മനുഷ്യനായല്ല, ഒരു മൃഗമായിട്ടെങ്കിലും!

Thursday, September 23, 2010

പിതൃപര്‍വ്വം

അങ്ങനെ ഇന്നലെ ഞാന്‍ ഒരു അപ്പനായി. ദൈവം സഹായിച്ച് അമ്മയും മോളും സുഖമായിരിക്കുന്നു.