തൊണ്ണൂറുകളിലെ ഒരു പുതുവര്‍ഷദിനം. ഇരട്ടയാര്‍ സെന്റ് തോമസ് ഹൈസ്കൂള്‍. ഗ്രൌണ്ട് ഫ്ലോര്‍. അങ്ങേയറ്റത്തെ മുറി. പത്ത് എ മറ്റൊരു അധ്യയനദിവസത്തിലേക്ക് ഉണരുകയാണ്.
ഞാന്‍ അന്നു വാങ്ങിയ പുതിയ നോട്ട്ബുക്കിന്റെ രണ്ടാം താളില്‍ പേര്, ക്ലാസ്, റോള്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ എഴുതിച്ചേര്‍ത്തുകൊണ്ടിരിക്കുന്നു. പേജിന്റെ ഒത്ത നടുക്ക് വിലങ്ങനെ വിഷയത്തിന്റെ പേരുകൂടി എഴുതി അടിയില്‍ നെടുനീളത്തില്‍ ഒരു വര കൂടി ഇട്ടു. ന്യൂ ഇയറല്ലേ, ഇതു കൂടി ഇരിക്കട്ടെ എന്നു വിചാരിച്ച് ആ പേജിന്റെ നെറ്റിയില്‍ "ഹാപ്പി ന്യൂ ഇയര്‍" എന്നു ഭംഗിയായി എഴുതി അതിനു ചുറ്റും കലാവാസന കൊണ്ട് ഒരു വേലിയും തീര്‍ത്തു. ബുക്ക് അല്പം അകറ്റിപ്പിടിച്ച് അതിന്റെ ഭംഗി ഒന്നുകൂടി ആസ്വദിച്ചു.
ആഴ്ചയിലെ എല്ലാ ദിവസവും ആദ്യപീരീഡ് ക്ലാസ്സ് ടീച്ചര്‍ കൂടിയായ പോള്‍ ജോസഫ് സാറിന്റെ മലയാളം ക്ലാസ്സ് ആണ്. ക്ലാസില്‍ എത്ര നേരത്തെ വന്നാലും എല്ലാവരും മിണ്ടാതിരുന്നു പഠിച്ചുകൊള്ളണമെന്നാണ് ഉത്തരവ്. ആയത് അതീവശ്രദ്ധയോടെ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എസ്.എസ്.എല്‍.സി. പരീക്ഷ അടുത്തതോടെ നിയമങ്ങള്‍ വളരെ കര്‍ക്കശമാണ്. അതു പത്ത് എ-യിലാവുമ്പോള്‍ അതീവഗൌരവമാകും. അന്ന് എന്റെ അടുത്തിരുന്നു ഡോണി ഏതോ പാഠപുസ്തകത്തിന്റെ താളുകള്‍ ധൃതിയില്‍ മറിക്കുന്നു. അവനു പഠിക്കാന്‍ അങ്ങനെ താള്‍ മറിച്ചാല്‍ മതി.
അജയ്‌മോന്‍ എതോ ബുക്കിലേക്കു തല കുമ്പിട്ടിരിക്കുന്നു. പഠിക്കുവൊന്നുമല്ല, എങ്കിലും സാര്‍ വരുമ്പോള്‍ തെറ്റിദ്ധരിക്കണമല്ലോ! ഞാന്‍ പിന്നിലേക്കു നോക്കി ക്ലാസ്സ് ലീഡര്‍ ജോബിയുടെ മുന്നില്‍ നിയമം ലംഘിക്കുന്നവരുടെ പേരെഴുതുന്ന കടലാസ് ഉണ്ടോയെന്നും നോക്കി. ഇല്ലല്ലോ! അതെന്തു പറ്റി? അവനെ എന്നെ നോക്കി ഒന്നു ചിരിച്ചെന്നു വരുത്തി. ഇന്നെന്നാ അവനൊരു ജാഡ? ഓ... ആരന്വേഷിക്കുന്നു? മൂപ്പരു ചിലപ്പോള്‍ നല്ല ഒന്നാംതരം പിന്‍ബെഞ്ചുകാരനാവും, മറ്റു ചിലപ്പോള്‍ മര്യാദക്കാരനും നീതിമാനും നിയമപാലകനുമായ ലീഡറായി മാറും. ഇന്നു ലീഡറാണെന്നു തോന്നുന്നു.
പെട്ടെന്ന്‍ പോള്‍ സാര്‍ ക്ലാസ്സിലേക്ക് കടന്നുവന്നു. ഇടതുകയ്യില്‍ മലയാളപാഠാവലിയും ഹാജര്‍ബുക്കും കണ്ണട സൂക്ഷിക്കുന്ന പെട്ടിയും പിടിച്ച്, തേച്ചു മടക്കിയ ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ച് ഗംഭീരമായ ഒരു വരവ്. ആര്‍ക്കും ആദരം തോന്നിപ്പോവുന്ന അദ്ധ്യാപകന്‍. കൃഷ്ണഗാഥയും ‘ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി‘യുമൊക്കെ നല്ല ഈണത്തില്‍ ചൊല്ലിയാണു പോള്‍ സാര്‍ പഠിപ്പിക്കുക. ഒപ്പം സാറിന്‍റെ കാര്‍ക്കശ്യം, ചിട്ട, ശിക്ഷ എന്നിവയും പേരുകേട്ടതാണ്.
സാര്‍ വന്നപാടെ എല്ലാവരുംകൂടി ആഞ്ഞൊരു ഗുഡ്മോര്‍ണിങ് വീശി. തിരിച്ചും കിട്ടി ഒരെണ്ണം. ഒപ്പം നവവത്സരാശംസകളും. എനിക്കുള്ള ഗിഫ്റ്റ് വരാനിരിക്കുന്നതേയുള്ളൂ എന്ന് അപ്പോളൊന്നും ഞാനറിഞ്ഞിരുന്നില്ല.
എന്നിട്ടു പതിവുപോലെ ഹാജരെടുത്തു. അതും കഴിഞ്ഞ് പതുക്കെ കസേരയില്‍ നിന്നെണീറ്റു. ക്ലാസിലെ പ്രധാന അനൌണ്‍സ്മെന്‍റുകള്‍ അപ്പോഴാണുണ്ടാവുക. പരീക്ഷകള്‍, അച്ചടക്കം, പിരിവുകള്‍ എന്നീ ഔദ്യോഗിക വിഷയങ്ങളും ക്രമസമാധാനപ്രശ്നങ്ങള്‍, കൌമാരചാപല്യങ്ങള്‍ ഇത്യാദി അസുഖങ്ങള്‍ക്കൊക്കെയുള്ള ചികിത്സാവിധികളും ഈയവസരത്തിലാണു നടക്കുക.
എന്തായാലും അന്നെണീറ്റപാടെ സാര്‍ വടിയാണന്വേഷിച്ചത്. ഉത്സാഹവാനായി ജോബി മുന്നിലേക്കു ചെന്ന്‍ ബ്ലാക്ക്ബോര്‍ഡിനു പിന്നില്‍ വച്ചിരുന്ന വടി എടുത്ത് സാറിനു നല്‍കി. കയ്യിലിട്ടൊന്നു പുളച്ച് സാര്‍ വടിയെ ഉറക്കത്തില്‍ നിന്നുണര്‍ത്തി. എന്നിട്ടു ജോബിയെ നോക്കി ചോദിച്ചു: "ഇന്നലെ ഇംഗ്ലീഷിന്റെ പീരിഡില്‍ ക്ലാസ്സില്‍ ബഹളം വെച്ചതാരൊക്കെയാടാ?"
ഒരു നിമിഷം ഞാന്‍ ഭൂമിയിലുമല്ല ആകാശത്തിലുമല്ല എന്നു തോന്നിപ്പോയി. ‘പെട്ടു മോനേ, പെട്ടു‘ - അകത്തിരുന്നു എന്‍റെ സ്വരത്തില്‍ ആരോ എന്നോടു പറഞ്ഞു.
അഞ്ചിന്ദ്രിയങ്ങളും മിന്നല്‍പ്പണിമുടക്കു നടത്തിയ ആ വേളയിലും ജോബിയുടെ കണ്ഠനാളത്തില്‍ നിന്നും പോള്‍ സാറിന്‌റെ ചെവി ലക്ഷ്യമാക്കിപ്പാഞ്ഞ സന്ദേശത്തിന്‍റെ ഒരു കോപ്പി എന്‍റെ ഇന്‍ബോക്സിലും കിട്ടി. ദ് മെസേജ് റീഡ്‌സ്- "രാജ്, ഡോണി, അജയ് !!"
കര്‍ത്താവേ..! ഞാന്‍ വീണ്ടും ഞെട്ടി! ഞങ്ങള്‍ മൂന്നുപേര്‍ മാത്രം! ഇന്നലെയും അതിനു മുന്‍പും ഇംഗ്ലീഷ് ക്ലാസ്സില്‍ ഞങ്ങള്‍ കാണിച്ച കോപ്രായങ്ങള്‍ക്കെല്ലാം വലിയൊരളവു വരെ ഓശാന പാടിയവനാണു ഞങ്ങള്‍ക്കെതിരേ ഇന്നു സാക്ഷി പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ഇന്നലെ ഈ ക്ലാസ്സില്‍ അലമ്പുകാട്ടിയ മറ്റുള്ളവര്‍ (ഞങ്ങള്‍ ചെയ്തയത്ര വരില്ലെങ്കിലും) എല്ലാവരും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ മൂന്നുപേര്‍ക്കുമിടയിലുള്ള മുടിഞ്ഞ സൌഹൃദം ഇവനു സുഖിക്കാത്തതാന്നോ ഈ ഒറ്റിനു കാരണം? ഇന്നലെ വൈകുന്നേരം ഇവന് ഇംഗ്ലീഷ് ടീച്ചറിനോട് അന്നുവരെയില്ലാത്ത ഒരു സഹതാപം തോന്നാന്‍ മാത്രം എന്നാ സംഭവിച്ചെ?
തനി അച്ചായന്‍ സ്റ്റൈലിലാണു പോള്‍ സാര്‍ സംസാരിക്കുക. "ഇങ്ങെറങ്ങി വരിനെടാ!!!"
ഒരുപാടു ചിന്തിക്കാന്‍ സമയമില്ലായിരുന്നു. കമാന്‍ഡ് കിട്ടിക്കഴിഞ്ഞു.അവിടെത്തന്നെ നിന്നുകളഞ്ഞാലെങ്ങനെയാ, സാറു വിളിച്ചിട്ടു ചെന്നില്ലെങ്കില്‍ മോശമല്ലേ?
ബെഞ്ചിന്റെ വശത്തിരുന്നവര്‍ ഞങ്ങള്‍ക്കു കടന്നുപോകാന്‍ ഭവ്യതയോടെ വഴിയൊരുക്കിത്തന്നു. നമ്രശിരസ്കരായി ഞങ്ങള്‍ മുന്നിലേക്കു ചെന്നു. ക്ലാസ്സില്‍ പിന്‍ഡ്രോപ്പ് സൈലന്‍സ്.
"ഹിങ്ങു മാറി നില്ലെഡാ.!"
‘സ്ഥലം എസ്.ഐ. തേങ്ങാക്കള്ളനോട് കാട്ടുന്ന മാതിരി ഒരു ട്രീറ്റ്മെന്റാണല്ലോ ഈശ്വരാ, രാവിലെ!'
ഈശ്വരന്‍: ‘അല്ലെഡാ, നിന്നെയൊക്കെ മാലയിട്ടു സ്വീകരിക്കാം, ദേ, എന്നെക്കൊണ്ടൊന്നും പറയിക്കണ്ട!’
തൊട്ടുമുന്‍പു കിട്ടിയ ആജ്ഞയുടെ ആഘാതത്തില്‍ അജയ് അല്പം പിന്നോട്ടു മാറിയതിനാലും, ആള്‍റെഡി ഡോണിയുടെ നില്‍പ്പ് അല്പം പമ്മി പിന്നിലായിരുന്നതിനാലും ആദ്യ ഇര ഞാനായി. ആല്ഫബെറ്റിക് ഓര്‍ഡറില്‍ അടി വീഴുമെന്ന എന്റെ പ്രതീക്ഷയുടെ ശവപ്പെട്ടിയിലെ അവസാനത്തെ സ്‌ക്രൂ!
"നിനക്കൊക്കെ ക്ലാസ്സില്‍ മര്യാദയ്ക്കിരുന്നാ എന്നതാടാ?" എന്നൊരു ചോദ്യത്തോടെ ദേഷ്യം കൊണ്ട് വിറയ്ക്കുന്ന മുഖത്തോടെ സാര്‍ എന്നെ സമീപിച്ചു. മുഖഭാവം പരമാവധി നിര്‍വ്വികാരമാക്കാന്‍ ശ്രമിച്ച് ഞാന്‍ നിശ്ചലനായി നിന്നു. എപ്പോള്‍ വേണമെങ്കിലും വീഴാവുന്ന അടി സ്വീകരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തി. ശരീരത്തിലെ രക്തം മുഴുവന്‍ ചന്തി മുതല്‍ തുട ഉടനീളം കുതിച്ചൊഴുകി. മനസ്സില്‍ ആംബുലന്‍സുകള്‍ അലമുറയിട്ടു. "പരേ...ഡ്, സാവ്‌ധാന്‍!" എന്നു കേട്ടതുപോലാണു ക്ലാസ്സിന്‍റെ ആകെ അവസ്ഥ.
അലക്കിത്തേച്ച വെളുത്ത ഷര്‍ട്ടും കറുത്ത പാന്‍റ്സുമിട്ട് അള്‍ത്താരബാലനെപ്പോലെ ഞാന്‍ നില്ക്കവേ, സാര്‍ എന്റെ ഷര്‍ട്ടിന്റെ തുമ്പിലും പാന്റ്സിന്റെ പ്ലീറ്റിലും ചേര്‍ത്തുവലിച്ചു പിടിച്ചു - പ്രസരണനഷ്ടം കൂടാതെ അടി ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള വിദ്യ.
റ്റൈമര്‍ സീറോയിലേക്കടുക്കുന്നു. സാറിന്റെ വലതു കൈ വായുവിലുയര്‍ന്നു. "റെഡ് അലര്‍ട്ട്!!!" അകത്തെ രാജ് അലറി. ഞാന്‍ ശ്വാസം പിടിച്ചു നിര്‍ത്തി. ഇട്ടിരിക്കുന്ന ജെട്ടിയുടെ കനത്തില്‍ വെല്യ വിശ്വാസം തോന്നിയില്ല.
"വ്യൂശ്..പ്റ്റഖ്..!!!"
സൂപ്പര്‍! അന്നുവരെ പോള്‍ സാര്‍ കാഴ്ചവച്ചിട്ടില്ലാത്ത പ്രകടനം!
"ഹ്ശ്ശ്ശ്..!" ശബ്ദമുയര്‍ന്നതു എന്റെ വായില്‍ നിന്നല്ല, ക്ലാസില്‍ നിന്ന്.
പെണ്ണുങ്ങളൊക്കെയായിരിക്കണം. സത്യം പറയാല്ലോ, അപ്പോള്‍ അല്പം തിരക്കായിരുന്നതു കൊണ്ട് ആരൊക്കെയായിരുന്നു എന്നു ശ്രദ്ധിക്കാന്‍ പറ്റിയില്ല.
ജെട്ടിക്കൊന്നും രക്ഷിക്കാന്‍ പറ്റുമായിരുന്നില്ല. ചന്തിയിലല്ല, എന്നാലങ്ങൊത്തിരി താഴെയുമല്ല. കമ്പി പഴുപ്പിച്ചു വെച്ച പോലെ ഒരു ഫീലിങ്, അനുഭൂതി, നിര്‍വൃതി... മാങ്ങാത്തൊലി!
സെക്കന്റു വൈകിയില്ല, അടുത്തതും വീണുകഴിഞ്ഞു- "വ്യൂശ്..പ്റ്റഖ്..!!!"
മുന്‍പ് ആക്രമണമേറ്റതിന്റെ സമീപപ്രദേശത്തു തന്നെ. എഫക്റ്റ് സെയിം ആസ് എബോവ്.
കഴിഞ്ഞു!! ഞാന്‍ ശ്വാസകോശത്തിനേര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതിലേറെ ഞെട്ടിച്ചു കൊണ്ട് സെല്ലോഫേന്‍ ടേപ്പു ചുറ്റിയ ചൂരല്‍ ഒരിക്കല്‍ക്കൂടി എന്റെ തുടയില്‍ ആഞ്ഞുപതിച്ചു. പ്രത്യേകിച്ചു തയ്യാറെടുപ്പൊന്നുമില്ലായിരുന്നതുകൊണ്ട് മുന്‍പത്തെ രണ്ടെണ്ണത്തെക്കാള്‍ മികച്ചതായി ഇത്തവണത്തേത്. ത്രീ ഇന്‍ എ റോ!! തേര്‍ഡ് ഹിറ്റ്
എങ്ങനെ വിശദീകരിക്കണം എന്നെനിക്കറിഞ്ഞുകൂടാ.
ഞാന്‍ നടന്നുനീങ്ങുന്ന വഴി ‘വണ്‍, ടൂ, ത്രീ........... വണ്‍, ടൂ, ത്രീ’ എന്നു മനസ്സില്‍ എണ്ണി. നമ്മുടെ കൂട്ടുകാരുടെ ഷെയറേ! പുതുവര്‍ഷദിനത്തില്‍ ഞങ്ങള്‍ക്കു ഹാട്രിക്ക്, സാറിനു ട്രിപ്പിള്‍ ഹാട്രിക്ക്. ഒരു പക്ഷേ ആ സ്കൂളിന്റെ ചരിത്രത്തില്‍ത്തന്നെ ആദ്യമായിരിക്കും.
"യേയ്... വേദനയോ? എനിക്കോ?" എന്ന മുഖഭാവത്തോടെ ബെഞ്ചില്‍ വന്നിരുന്നു. ബുക്കിലെ ‘ഹാപ്പി ന്യൂ ഇയര്‍’ എന്ന വാചകം എന്നെ നോക്കി കൊഞ്ഞനം കുത്തി. ബെഞ്ചില്‍ ഇരുന്നപ്പോഴാണ് അടിയുടെ ചൂട് എന്ന വാക്കിന്റെ അര്‍ഥം മനസ്സിലായത്. അല്‍പ്പനേരം ഭാവനാക്കസേരയിലിരുന്നു. പാന്റ്സിനു പുറമേകൂടി പതിയെ തുടയില്‍ വിരലോടിച്ചു, അടിയുടെ തടിപ്പ് അറിയാം. സാവധാനം അമര്‍ന്നിരുന്നു. എന്നിട്ടും ഇരിപ്പുറച്ചില്ല. ഞങ്ങള്‍ മൂന്നു പേരെയും മൂന്നു ബെഞ്ചുകളിലാക്കി അന്നു തന്നെ പിരിച്ചു. ഞാനും ‘സഹവഷളന്മാരും‘ പരസ്പരം മുഖത്തു നോക്കിയില്ല. ഇതിനു പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ആരാണെന്നു ഞങ്ങള്‍ക്കു പക്ഷേ മനസ്സിലായിക്കഴിഞ്ഞിരുന്നു.
എങ്കിലും, ഞങ്ങള്‍ എപ്പോഴും അലമ്പന്മാരല്ലായിരുന്നു. ക്രിസ്റ്റീന റ്റീച്ചറിന്റെ കണക്കുപീരീഡില്‍ ഞങ്ങള്‍ മൂന്നു പേരും വാശിയോടെ മത്സരിച്ചു കണക്കു ചെയ്തിരുന്നു. ട്രിഗ്ണോമെട്രിയിലെ ചില കണക്കുകള്‍ ചെയ്യാന്‍ കണ്ടെത്തിയ കുറുക്കുവഴിക്ക് ‘റാഡ് (രാജ്-അജയ്-ഡോണി)തിയറി’ എന്നു പേരുനല്‍കി സ്വയം കുഞ്ഞു ശാസ്ത്രജ്ഞന്മാരെന്നു ഭാവിച്ചിരുന്നു. ഒരുവന്‍ തെറ്റിയാല്‍ മറ്റു രണ്ടുപേരും സഹായിച്ചിരുന്നു. ഡിക്ഷ്ണറി തപ്പിത്തിരഞ്ഞ് രസകരമായ വാക്കുകള്‍ കണ്ടെത്തി പരസ്പരം കൈമാറിയിരുന്നു. ഉദാ:‘ബൂസ്സ്‘ എന്ന വാക്ക് എന്നെ പഠിപ്പിച്ചത് അജയ് ആണ്. അതേസമയം, പത്ത് ബിയിലെയും സിയിലെയും സുന്ദരികളെ ഒരുമിച്ചു വായില്‍ നോക്കിയിരുന്നു. പരസ്പരം ഇരട്ടപ്പേരുകള്‍ വിളിച്ചും പെണ്‍കുട്ടികളുടെ പേരു ചേര്‍ത്തു കളിയാക്കിയും പോരടിച്ചിരുന്നു. എല്ലാം ഒരുദിവസം കൊണ്ട് പെട്ടെന്ന് ഇല്ലാതായ പോലെ.
സാറിന്റെ പീരീഡു കഴിഞ്ഞപ്പോള്‍ പലരും വന്നു ഞങ്ങളെ ആശ്വസിപ്പിച്ചു. കിട്ടേണ്ടതു ഞങ്ങള്‍ക്കു കിട്ടി. സഹതപിക്കുന്നവരോടും മാറിനില്‍ക്കുന്നവരോടും പ്രത്യേകിച്ചു ഞങ്ങള്‍ക്കു ഭേദമില്ല. പക്ഷേ, ലീഡറേ, ഇതു വെല്യ ചതിയായിപ്പോയി. ഇന്നലെ ഞങ്ങള്‍ ക്ലാസ്സില്‍ കാട്ടിയ തമാശകള്‍ - നര്‍മ്മം നിറച്ച കുറിപ്പുകള്‍ കൈമാറുന്നതും ഗോഷ്ടി കാണിക്കുന്നതും അടുത്തിരിക്കുന്നവനെ ചിരിപ്പിക്കാന്‍ നടത്തുന്ന ഏതു ശ്രമവും നീയും ആസ്വദിച്ചിരുന്നു. ഒരു മുന്നറിയിപ്പു പോലും തരാതെ നീയിന്നലെപ്പോയി പോള്‍ സാറിനോടു റിപ്പോര്‍ട്ടുചെയ്തു. രാവിലെ ക്ലാസില്‍ വന്നു നീ പൂച്ചക്കുട്ടിയെപ്പോലെ ഇരുന്നു. ക്ലാസ്സ് ലീഡറെ തെരഞ്ഞെടുക്കുന്ന കാലത്ത് നിനക്കെതിരേ ഈ ഞാന്‍ നിന്നിരുന്നെങ്കില്‍ ഈ ജാഡ കാണിക്കാന്‍ നീ ലീഡര്‍ സ്ഥാനത്തുണ്ടാവുമായിരുന്നില്ല. വെറുതേ ഓരോരോ വള്ളിക്കെട്ടു പിടിക്കണ്ട എന്നും കരുതി അന്ന്‍ ഉപേക്ഷ വിചാരിച്ചു. ആഹ്, ഇപ്പോള്‍ ഞാന്‍ എന്തിനതു ചിന്തിക്കണം? പോട്ടെ! അന്ന് ക്ലാസ്സ് ലീഡറുടെ പ്രവൃത്തിയെ അപലപിക്കുകയും എന്റെ വ്യക്തിപരമായ ദുഃഖത്തില്‍ എന്നോട് അനുതപിക്കുകയും ചെയ്ത സുമോദ്. എന്‍, സന്തോഷ് പി. കെ, രതീഷ് എം. എസ്. എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു. ബഹുമാനപ്പെട്ട ലീഡറിന്റെ പക്ഷപാതപരവും ദുരുദ്ദേശപരവുമായ പ്രവൃത്തി മൂലം താരതമ്യേന പഠിക്കാന്‍ മിടുക്കരും പൊതുവേ അത്ര ശല്യക്കാരല്ലാത്തവരുമായ മൂന്നു വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായി ശിക്ഷിക്കപ്പെട്ടുവെന്ന സത്യം എല്ലാവരും മനസ്സിലാക്കി.
പതിനൊന്നരയ്ക്കുള്ള ഇന്‍റര്‍വെല്ലില്‍ ഞങ്ങള്‍ മൂവരും മീറ്റു ചെയ്തു. ഞങ്ങളുടേതായ എല്ലാ വിനോദങ്ങളിലും ഏര്‍പ്പെട്ടു. എങ്കിലും ക്ലാസ്സിനകത്തെ ഞങ്ങളുടെ ഐക്യം നഷ്ടപ്പെട്ടിരുന്നു. ഞങ്ങളെ ശിക്ഷിച്ചതില്‍ പോള്‍ സാറിനോട് വിദ്വേഷമോ അന്നത്തെ കുസൃതിത്തരങ്ങളുടെ കൂട്ടുകാരായിരുന്നിട്ടും ശിക്ഷിക്കപ്പെടാതെ പോയ സഹപാഠികളോട് കെറുവോ എനിക്കില്ല. പക്ഷേ, ഇതിനു ശേഷം ജോബിക്ക് ഞങ്ങളോട് പൊതുവേ ഒരകല്‍ച്ച ഉണ്ടായതായി ഞങ്ങള്‍ മനസ്സിലാക്കി. ഞങ്ങളൊന്നും ചെയ്തിട്ടല്ലല്ലോ! ആ അകല്‍ച്ചയുടെ ലാഞ്ഛന പോലുമില്ലാതെയാണു ഞങ്ങള്‍ അവനോട് പെരുമാറിയത്.
ഈ സംഭവം കൊണ്ടുണ്ടായ ഗുണങ്ങള്‍: എനിക്കു കുറച്ചു കൂടി ഉത്തരവാദിത്വബോധം വന്നു. അദ്ധ്യപനപരിചയം കുറവായ ആ പാവം ഇംഗ്ലീഷ് ടീച്ചറുടെ ക്ലാസ്സില്‍ ആരും തന്നെ വേലത്തരങ്ങള്‍ കാണിക്കാതായി. ഞങ്ങള്‍ മൂന്നു പേരും പ്രത്യേകിച്ചും. റിവിഷനും മറ്റും മുറയ്ക്കു നടന്നു. പയ്യെപ്പയ്യെ പോള്‍ സാര്‍ എന്റെ ഏറ്റവും ബഹുമാനപ്പെട്ട അദ്ധ്യാപകരില്‍ ഒരാളായി. ധര്‍മ്മരാജാ എന്ന ഉപപാഠപുസ്തകത്തില്‍ നിന്നും ഏതാനും ഉപന്യാസങ്ങള്‍ അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിക്കൊടുത്തപ്പോള്‍ കിട്ടിയ അഭിനന്ദനം എസ്.എസ്.എല്‍.സിക്കു കിട്ടിയ മാര്‍ക്കിനെക്കാള്‍ വിലപ്പെട്ടതാണ്. എന്തോ, അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ വേണ്ടപ്പെട്ട ആരോടോ സംസാരിക്കുന്നതു പോലെ ഒരു ബോധം മനസ്സില്‍ വന്നുതുടങ്ങി. ഞങ്ങള്‍ എല്ലാവരും സാമാന്യം നല്ല മാര്‍ക്കോടെ പരീക്ഷ പാസ്സായി (എനിക്കു നാല്പതില്‍ കൂടുതല്‍ മാര്‍ക്കു ലഭിച്ച പേപ്പറുകള്‍ മലയാളം മാത്രമാണ്). പിന്നീടു കാണുമ്പോഴെല്ലാം അദ്ദേഹത്തിന്റെ കരുതലും സ്നേഹവും ഒരു അനുഗ്രഹം പോലെ ലഭിച്ചു. ജന്മത്തിലെ ഏറ്റവും ഭാഗ്യമായ ജോലിയില്‍ ജോയിന്‍ ചെയ്യാന്‍ പോയ വഴിക്കും അദ്ദേഹത്തെ കാണാനും ആ ശുഭദര്‍ശനത്തിന്റെ ധന്യതയില്‍ എന്റെ ആദ്യ ഔദ്യോഗിക ഒപ്പുചാര്‍ത്താനും ഗുരുത്വമുണ്ടായി.
എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയതിന് തുട പൊള്ളിച്ച ചൂരല്‍ക്കഷായത്തിനോടും അതിലുപരി ആ നല്ല മനസ്സിനോടും ഈ ജന്മം കടപ്പെട്ടിരിക്കുന്നു, പ്രിയപ്പെട്ട പോള്‍ സര്‍!
ആര്പ്പോന്നു കൂവി, ആര്‍ത്തൊന്നു പാടി,
പഴങ്കഥയോതി, കളിവാക്കു ചൊല്ലി,
കള്ളം പറഞ്ഞുമൊന്നോടിത്തിമിര്ത്തും
ആകെച്ചിരിച്ചുമൊരല്പം കരഞ്ഞും...
Showing posts with label punishment. Show all posts

Sunday, August 10, 2008
പുതുവത്സരസമ്മാനം
Labels:
punishment,
നൊസ്റ്റാള്‍ജിയ
Monday, February 18, 2008
ശിക്ഷ
അടി എന്ന രണ്ടക്ഷരം കാണുമ്പോള്‍ അത് അളവിനെക്കുറിക്കുന്ന അടിയാണെങ്കില്‍ എനിക്കു വെല്യ താല്‍പര്യം തോന്നാറില്ല. നല്ല ശുദ്ധമായ തല്ലിന്‍റെ കാര്യമാണെങ്കില്‍ കൊള്ളാനുള്ള കുരുത്തക്കേടുകള്‍ അന്നും ഇന്നും ചെയ്യുന്നുണ്ട്. ഗുരുക്കന്മാരുടെ കയ്യില്‍ നിന്നു പ്രസാദം വാങ്ങിയ അനുഭവങ്ങള്‍ ഏറെയുണ്ടെങ്കിലും അച്ഛനമ്മമാരുടെ പേരില്‍ വിരലിലെണ്ണാവുന്ന സംഭവങ്ങളേ ഉള്ളൂ. അതിലെ ഏറ്റവും മഹത്തായ ഒന്നാണ് ഇനി ഇതള്‍ വിരിയുന്നത്.
അന്നെനിക്കു പ്രായം എട്ടോ ഒന്‍പതോ. കുട്ടിഷര്‍ട്ടും നിക്കറുമിട്ട് മുള്ളന്‍പീലി പോലത്തെ മുടിയും കൈവയ്ക്കുന്ന മേഖലകളിലെല്ലാം കുസൃതിയുമായി അടിച്ചു പൊളിക്കുന്ന എല്‍. പി. സ്കൂള്‍ കാലം. ഞങ്ങളുടെ ഗ്രാമത്തില്‍ ആളനക്കമുണ്ടാകുന്ന രണ്ടേ രണ്ടു സംഭവങ്ങളാണ് വോട്ടെടുപ്പും കൊച്ചുതോവാള സെന്‍റ് ജോസഫ്സ് പള്ളിയിലെ പെരുന്നാളും. ചെണ്ട മേളവും ബാന്‍റുമേളവും എന്നെ എപ്പോഴും ഞെട്ടിച്ചുകൊണ്ട് കതിനാവെടികളും മുഴങ്ങുന്ന ഒരു പെരുന്നാള്‍ കാലം. ഈ രണ്ടു ദിവസങ്ങളിലാണ് അന്നാട്ടിലെ അത്രയധികം പുരോഗമിച്ചിട്ടില്ലാത്ത പ്രജകള്‍ക്ക് അത്യാവശ്യം കോസ്മെറ്റിക്സും ടോയ്സും സ്വീറ്റ്സും ഗോള്‍ഡ് സ്പോട്ട്, സിട്രാ മുതലായ കോളകളും വാങ്ങാനും ആസ്വദിക്കാനുമൊക്കെ ലഭിക്കുന്ന അസുലഭാവസരം. ഇമ്മാതിരി കച്ചോടങ്ങള്‍ക്കെല്ലാം സ്ഥലം ലേലത്തിനെടുത്ത്, കുറ്റി നാട്ടി, തൂണു കുത്തി, മറച്ചുകെട്ടി, വലിയ വീഞ്ഞപ്പെട്ടികളില്‍ കളിപ്പാട്ടങ്ങളും ചാന്ത്-പൊട്ട്-കണ്മഷി-വള എന്നിത്യാദി അവശ്യ വസ്തുക്കളും കൊണ്ടിറക്കി, എടുത്തു നിരത്തി, അടുക്കിയലങ്കരിച്ച് കച്ചോടത്തിനു നേര്‍ച്ചയിട്ടു തുടക്കം കുറിക്കുന്നതുവരെയുള്ള സംഗതികള്‍ക്ക് അക്കാലത്ത് കറുത്ത ഹോസ് വളയമാക്കി വണ്‍വീലര്‍ വണ്ടിയോടിച്ചു നടന്നിരുന്ന ഞാനുള്‍പ്പടെയുള്ള ബാല്യങ്ങള്‍ കൗതുകത്തോടെ സാക്‍ഷ്യം വഹിച്ചിരുന്നു.
അങ്ങനെ ആ വര്‍ഷവും പെരുനാളിന് ഇത്തരം ഒന്നുരണ്ട് കട (വെച്ചുവാണിക്കട എന്നാണു നാട്ടുഭാഷ, ചിന്തിക്കട എന്നും പറയും) ഉണ്ടായിരുന്നു. അതും പള്ളിക്കു മുന്നിലെ റോഡിലെ നല്ല കണ്ണായ സ്ഥലത്തു തന്നെ. പിന്നെ ഉഴുന്താട, ഹല്‍വ, മുറുക്ക്, മിക്സ്ചര്‍ തുടങ്ങിയ പലഹാരശാലകള്‍ വേറേ. കിട്ടിയാല്‍ വല്ലതും തിന്നും എന്നല്ലാതെ അതിലേക്കു നമുക്കു വെല്യ താല്‍പര്യമൊന്നുമില്ല. മേല്‍പ്പടി കടകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചതോടെ ഞാനുള്‍പ്പടെയുള്ള സംഘം സാധനങ്ങളുടെ സ്റ്റോക്ക് എടുക്കാന്‍ തുടങ്ങി. അവിടെയൊക്കെ ചുറ്റിപ്പറ്റി നിന്ന് വില ചോദിച്ച് ചോദിച്ച് കടക്കാരന്‍റെ മുഖഭാവം മാറുമ്പോള്‍ അയാള്‍ക്കിഷ്ടപ്പെടുന്നില്ല എന്ന മഹാസത്യം മനസ്സിലാക്കി അല്‍പനേരത്തേക്ക് ഒന്നു കറങ്ങി വന്ന് വീണ്ടും പഴയ പണി തുടരും.
കളിപ്പാട്ടങ്ങളുടെ കൂട്ടത്തില്‍ ഒരു സാധനവുമായി ഞാന്‍ പ്രഥമദൃഷ്ട്യാ പ്രണയത്തിലായി - ഒരു കുഞ്ഞു ഫയര്‍ എഞ്ചിന്‍. ഉള്ളിലിരിക്കുന്ന ഡ്രൈവറുടെയും ഫയര്‍മാന്‍മാരുടെയും ചിത്രം ഭംഗിയായി ആലേഖനം ചെയ്തിട്ടുള്ള, മുകളില്‍ സ്വര്‍ണ്ണനിറമുള്ള മണിയും പച്ചനിറമുള്ള ഗോവണിയും ഫിറ്റു ചെയ്തിട്ടുള്ള, ഓടുമ്പോള്‍ മണിയൊച്ച മുഴങ്ങുന്ന ആ ചുവന്ന കളിപ്പാട്ടം കീ കൊടുക്കാതെ തന്നെ എന്‍റെയുള്ളില്‍ കിടന്നോടാന്‍ തുടങ്ങി. എങ്ങനെയും അതു കരസ്ഥമാക്കണം എന്നു ഞാനുറച്ചു.
എന്‍റെ ഏറ്റവും വലിയ ഫിനാന്‍ഷ്യല്‍ റിസോഴ്സായിരുന്നു ചാച്ചന്‍ എന്നു ഞങ്ങള്‍ മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെ വിളിക്കുന്ന എന്‍റെ അപ്പൂപ്പന്‍. അക്കാലത്തു എന്‍റെ വിനോദപരമായ ചെലവുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ചാച്ചനായിരുന്നു. അച്ചായിയെ അപേക്ഷിച്ചു നോക്കുമ്പോള്‍ സ്വന്തം ആവശ്യങ്ങള്‍ സങ്കോചം കൂടാതെ പറഞ്ഞു ബോദ്ധ്യപ്പെടുത്താനും നേടിയെടുക്കാനുമുള്ള എളുപ്പവും അദ്ദേഹത്തിനു എന്നോടുള്ള പ്രത്യേക വാല്‍സല്യവുമായിരുന്നു ഇതിന്‍റെ പിന്നിലെ പ്രധാന കാരണങ്ങള്‍. പിന്നെ അച്ചായിയുടെപോലെ എപ്പോഴും ഗൗരവം നിറഞ്ഞ മുഖമല്ല ചാച്ചന്‍റെ. പിന്നെ ഞാന്‍ കുസൃതി കാട്ടിയാല്‍ ചാച്ചനാണെങ്കില്‍ ദേഷ്യപ്പെടില്ല എന്ന വിലപ്പെട്ട അനുഭവജ്ഞാനവും. അതുകൊണ്ട് ഫയര്‍ എഞ്ചിന്‍ വാങ്ങണമെങ്കില്‍ ചാച്ചന്‍ തന്നെ കനിയണം. പക്ഷെ ചാച്ചന്‍ ആള്‍റെഡി എനിക്കനുവദിക്കാവുന്ന സാങ്ങ്‌ഷന്‍ ലിമിറ്റ് കടന്നു നില്‍ക്കുന്നു. മേല്‍പ്പടി കളിക്കോപ്പിന്‍റെ വില ഇരുപത്താറു രൂപ എന്നത് അത്രയെളുപ്പം ബജറ്റില്‍ വകകൊള്ളിക്കാന്‍ പറ്റാത്തത്. കച്ചവടമാണെങ്കില്‍ ഞായറാഴ്ച വൈകുന്നേരം വരെ മാത്രവും. ഇതെല്ലാം ചിന്തിച്ച് സാമ്പത്തിക പരാധീനത മൂലം ആ അസുലഭാവസരം പാഴാവുമോ എന്നു ഭയന്ന ഞാന്‍ കാമുകിയെ പെണ്ണുകാണാന്‍ ആളു വരുന്നുണ്ടെന്നറിഞ്ഞ കാമുകന്‍റെ അവസ്ഥയിലായി.
ഇറ്റ്സ് നൗ ഓര്‍ നെവര്‍- എന്‍റെ മനസ്സു പറഞ്ഞു. കയ്യിലുള്ള ചില്ലറ കൂട്ടി നോക്കിയാല്‍ ഒന്നിന്‍റെ പട്ടിക പഠിക്കാന്‍ പോലും തികയില്ല. എന്തായാലും ചാച്ചനോടു തന്നെ പറഞ്ഞു നോക്കാം. കേന്ദ്രപൂളില്‍ നിന്നും സഹായം തേടുകയല്ലാതെ മാര്‍ഗമില്ലല്ലോ. നേരേ ചാച്ചനെ ചെന്നു കണ്ടു. "ചാച്ചാ.. അവിടെയേ...ഒരേ... സാതനവൊണ്ടേ... " എന്നൊക്കെ നയത്തിലും ന്യായത്തിലും കാര്യം അവതരിപ്പിച്ചു. ചാച്ചനും ഞാനുമുള്‍പ്പെടുന്ന പര്‍ച്ചേസ് കമ്മിറ്റി ടി എസ്റ്റിമേറ്റ് പ്രഥമദൃഷ്ട്യാ അംഗീകരിക്കുകയും സാധനം വാങ്ങാനായി കടയില്‍ ചെല്ലുകയും ചെയ്തു. സംഗതിയുടെ വിലയില്‍(ഐഡിയ സ്റ്റാര്‍ സിംഗറിലെ സംഗതിയല്ല!) യാതൊരു കുറവും വരില്ല എന്നറിഞ്ഞപാടെ 'ഇതിനു വില കൂടുതലാ, വാങ്ങേണ്ട' എന്ന് കമ്മറ്റി ചെയര്‍മാന്‍ ഏകപക്ഷീയമായി തീരുമാനിച്ച് എസ്റ്റിമേറ്റ് തള്ളിക്കളഞ്ഞു കയ്യും വീശി തിരിച്ചൊരു നടപ്പ്! ഏറ്റവും സ്മൂത്ത് ആയ വഴി അടഞ്ഞുകഴിഞ്ഞതോടെ ഞാന്‍ വായും പൊളിച്ചു നിന്നു. സാമാന്യം നല്ലൊരു തുകയ്ക്കുള്ള കളിപ്പാട്ടങ്ങള്‍ നേരത്തെതന്നെ ചാച്ചനെക്കൊണ്ടു വാങ്ങിപ്പിച്ച എന്‍റെ വിവരക്കേടിനെ ഞാന്‍ അറിഞ്ഞു ശപിച്ചു.
അടുത്തതു സംസ്ഥാന ഗവണ്മെന്‍റ് ആണ്-സ്വന്തം പിതാശ്രീ. പര്‍ച്ചേസ് കമ്മിറ്റി പോയിട്ട് ഒരു കേസ് സ്റ്റഡി പോലും നടത്താന്‍ നില്‍ക്കാതെ നിവേദനം വലിച്ചുകീറി കയ്യില്‍ തന്നു. 'പിന്നെ, ഫയര്‍ എഞ്ചിന്‍, പൊക്കോണം അവിടുന്ന്..!'. എനിക്കു തൃപ്തിയായി. എന്തു ചെയ്യും? തീരെ പ്രതീക്ഷയില്ലെങ്കിലും അമ്മ, വെല്യമ്മച്ചി(അമ്മൂമ്മ) എന്നിവരുടെ പക്കല്‍ നിന്നും ചില്ലറ ഫണ്ടു തിരിമറികള്‍ക്കോ അറ്റ്ലീസ്റ്റ് ഒരു റെക്കമെന്‍റേഷനോ സാദ്ധ്യത അന്വേഷിച്ചെങ്കിലും അതെല്ലാം പള്ളിയില്‍ കത്തിക്കുന്ന അമിട്ടിനെക്കാള്‍ നീറ്റായി പൊട്ടി.
തോല്‍ക്കാന്‍ ഞാനൊരുക്കമല്ലായിരുന്നു. ഞാന്‍ ഒരു കവര്‍ച്ച പ്ലാന്‍ ചെയ്തു. അച്ചായി എന്തിനോ പുറത്തു പോയ സമയം, അമ്മ വീട്ടുജോലികളില്‍ വ്യാപൃതയായിരുന്ന പൊരിഞ്ഞ വെയിലുള്ള ആ ഉച്ചനേരം. അച്ചായിയുടെ പണപ്പെട്ടി താക്കോല്‍ക്കിലുക്കങ്ങള്‍ക്ക് ഇടകൊടുക്കാതെ ഞാന്‍ തുറന്നു. കുറച്ചു പത്തുരൂപാനോട്ടുകള്‍ ഞാന്‍ പ്രതീക്ഷിച്ചെങ്കിലും എന്നെ നിരാശപ്പെടുത്തിക്കൊണ്ട് പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ പടമേന്തിയ ഒരന്‍പതു രൂപ നോട്ട് മാത്രമേ അതില്‍ ഉണ്ടായിരുന്നുള്ളു(ഒരുപാടു നോട്ടുകളുണ്ടെങ്കില്‍ രണ്ടുമൂന്നെണ്ണം അതില്‍നിന്നെടുത്താല്‍ തിരിച്ചറിയുക പാടായിരിക്കും എന്ന അപക്വമായ ബുദ്ധി). ഇന്നും നിര്‍വ്വചിക്കാനാവാത്ത ഒരുള്‍പ്രേരണയില്‍ ഫയറെഞ്ചിനോടുള്ള അഗാധപ്രണയത്തെ സാക്ഷിയാക്കി ഞാനാ കാശെടുത്തു നാലായി മടക്കി നിക്കറിന്‍റെ പോക്കറ്റില്‍ തിരുകി. പെട്ടിയുടെ വലിപ്പു വൃത്തിയായി അടച്ചുപൂട്ടി സ്ഥലം കാലിയാക്കി.
മിനിറ്റുകള്‍ക്കുള്ളില്‍ എന്‍റെ സ്വപ്നം സാക്ഷാല്‍ക്കരിച്ചു. ഫയറെഞ്ചിനുമായി ഞാന്‍ വീട്ടിലെത്തുമ്പോള്‍ അമ്മയും പുറത്തെവിടെയോ ആയിരുന്നു. മുന്‍വാതില്‍ അടച്ചിട്ടു ഞാന്‍ മണി കിലുക്കിയുള്ള ഫയറെഞ്ചിന്‍റെ ഓട്ടം ആസ്വദിച്ചു. ആ ആഹ്ലാദത്തിനൊരയവു വന്നപ്പോഴാണ് ബാക്കിയുണ്ടായിരുന്ന പണം തിരികെ പെട്ടിക്കുള്ളില്‍ വെയ്ക്കുന്ന കാര്യം ഞാന്‍ ഓര്‍ത്തത്. മുന്‍പ് അന്‍പതു രൂപ കണ്ടിടത്ത് അതിന്‍റെ പകുതിയോളം മാത്രം കണ്ടപ്പോള്‍ എനിക്കുതന്നെ ഒരു വല്ലാഴിക തോന്നിയെങ്കിലും കയ്യിലിരുന്ന ചുവന്ന കളിപ്പാട്ടത്തെ ഓര്‍ത്ത് ഞാനതങ്ങു സഹിച്ചു.
പക്ഷേ അച്ചായിക്കതു സഹിക്കനാവുമായിരുന്നില്ല എന്നു ഞാന്‍ പിന്നീടറിഞ്ഞു. മറ്റെന്തോ ആവശ്യത്തിനു നീക്കിവെച്ചിരുന്ന പണം അന്വേഷിച്ചപ്പോള്‍ ടി തുകയില്‍ കാര്യമായ കുറവു വന്നിട്ടുണ്ടെന്നു കാണുകയും ആയത് അമ്മയുടെ അറിവോടെയല്ല ചെലവായത് എന്നറിയുകയും ചെയ്തതിന്‍റെ വെളിച്ചത്തില്‍ പ്രതിസ്ഥാനത്ത് സംശയരഹിതമായി ഞാന്‍ വരികയും തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ കട്ടിലിനു കീഴെ നിന്നും തൊണ്ടിമുതല്‍ കീ സഹിതം കണ്ടെടുക്കുകയും വളരെ വേഗം കഴിഞ്ഞു. പെരുനാള്‍ സ്ഥലത്തെ ഉച്ചയ്ക്കു ശേഷമുള്ള രണ്ടാമത്തെ റൗണ്ട്‌സും കഴിഞ്ഞു വീട്ടിലെത്തിയ ഉടനെ തന്നെ എനിക്കു കാര്യങ്ങളുടെ കിടപ്പു പിടികിട്ടി.
'ആരാടാ നിനക്കു ഫയറെഞ്ചിന്‍ വാങ്ങിത്തന്നേ?' ചോദ്യം മാതാശ്രീ വക. നമുക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ എത്രയും വൈകുന്നോ അത്രയും നല്ലത് എന്നു മനസ്സില്‍ വിചാരിച്ച് 'ചാച്ചന്‍' എന്നു പറഞ്ഞു ഞാന്‍ തല്‍ക്കാലം തടിതപ്പി. അനന്തരം അച്ചായിയുടെ കണ്ണില്‍ പെടാതിരിക്കന്‍ പതുക്കെ അവിടെ നിന്നും വലിഞ്ഞു. അച്ചായി വീട്ടിലെത്തിയെന്ന അറിവു കിട്ടിയ നിമിഷം ഞാന്‍ ഒളിവില്‍ പോയി. ഞാന്‍ വീണ്ടും കവലയില്‍ പോയെന്ന് ഓര്‍ത്തോളും. വൈകിട്ടു സാഹചര്യം മോശമാകുന്നെങ്കില്‍ ചാച്ചന്‍റെയോ വെല്യമ്മച്ചിയുടെയൊ ഒപ്പം നിന്നാല്‍ സംഭവിക്കാന്‍ സാധ്യതയുള്ള പുകിലുകളുടെ ഡോസ് കുറയ്ക്കാം എന്നൊക്കെയായിരുന്നു എന്‍റെ ചിന്ത. ഓന്തോടിയാല്‍ വേലിക്കല്‍ വരെ! ഞാന്‍ വീടിനു ചുറ്റുമുള്ള പറമ്പില്‍ അങ്ങുമിങ്ങും അലഞ്ഞു നടന്നു. കൊതുകുകടിയൊക്കെ വെറും പുല്ല്.
വീട്ടില്‍ അരങ്ങേറുന്ന തിരക്കഥയുടെ ശബ്ദരേഖ എനിക്കു കേള്‍ക്കാം.
'അവനെവിടെ?' അച്ചായിയുടെ ചോദ്യം.
'ഇവിടെങ്ങാണ്ടോ ഉണ്ടാരുന്നാല്ലോ..'പിന്നെ കേട്ടതു എന്നെ പേരെടുത്ത് നിര്‍ത്താതെയുള്ള വിളി.
എനിക്കെങ്ങനെ വിളി കേള്‍ക്കാന്‍ പറ്റും? നിങ്ങളു പറയ്. വിചാരണ നേരിടാന്‍ ധൈര്യമില്ലാത്ത ഒരു മോഷ്ടാവിനെപ്പോലെ ഞാന്‍ ഏലച്ചെടികളുടെ തടത്തിലിടാന്‍ മണ്ണു വെട്ടിയെടുത്തുണ്ടായ ഒരു കുഴിയില്‍ പതുങ്ങിയിരുന്നു. ഒരു വേള എന്‍റെ ബങ്കറിന്‍റെ പതിനഞ്ചുമീറ്റര്‍ അടുത്തുവരെ അച്ചായി എത്തിയതായി ഞാന്‍ മനസ്സിലാക്കി. അപ്പോഴും വിളി ഘോരഘോരം മുഴങ്ങുന്നു. ക്രമേണ വിളിയുടെ വികാരത്തില്‍ ദേഷ്യവും അക്ഷമയുമൊക്കെ കലരുന്നതു ഞാനറിഞ്ഞു.
വീട്ടിലെ കൃഷിപ്പണികള്‍ക്കു നിന്നിരുന്ന രാജന്‍ ചേട്ടനും കൂടി എന്നെ പൊക്കാനിറങ്ങിയപ്പോള്‍ അധികം വൈകാതെ തന്നെ എന്‍റെ അറസ്റ്റ് നടക്കുമെന്നു ഞാനുറപ്പിച്ചു.
അച്ചായി നിലവില്‍ എത് അക്ഷാംശരേഖാംശത്തിലാണു നില്‍ക്കുന്നതെന്നു മനസ്സിലാക്കാനായി ഞാന്‍ പയ്യെ തല പൊക്കി. അപ്പോള്‍ എന്നെ രാജന്‍ ചേട്ടന്‍ കാണുകയും നേരെ മേലാവിനോട് ഞാനിരുന്ന ഭാഗം ചൂണ്ടിക്കാട്ടി 'ദാ അവിടെ' എന്നു ടാര്‍ഗറ്റ് റിപ്പോര്‍ട്ട് നല്‍കിയതും....
ഒരു ചുഴലിക്കൊടുങ്കാറ്റു പോലെ അച്ചായി എന്‍റെ നേര്‍ക്കു പാഞ്ഞു വരുന്നതാണു ഞാന്‍ കണ്ടത്. പ്ലാവും മാവും കരണയും തണല്‍ വിരിച്ചു നില്‍ക്കുന്ന ഏലച്ചെടികള്‍ക്കിടയിലൂടെ കൈത്തണ്ടയില്‍ പിടിച്ചെന്നെ തൂക്കിയെടുത്തുകൊണ്ട് അച്ചായി ഇടവഴിയിലേക്കു നടന്നു.
"നിനക്കു വിളിച്ചാല്‍ കേള്‍ക്കത്തില്ല അല്ലേടാ?" എന്നു എന്‍റെ വിളറിയ മുഖത്തു നോക്കി ആക്രോശിച്ചു.
ദൈവമേ, അപ്പോള്‍ മോഷണത്തെക്കാളും വെല്യ കുറ്റം കോടതിയലക്‍ഷ്യമാണോ? എന്താണു സംഭവിക്കുന്നതെന്നു പിടികിട്ടുംമുന്‍പേ വഴിയരികില്‍ നിന്നിരുന്ന കൂഴപ്ലാവില്‍ പടര്‍ന്നു കയറിയ കുരുമുളകു ചെടിയുടെ രണ്ടൂമൂന്നടി നീളം വരുന്ന ഒരു തല(വള്ളി) അച്ചായി അടര്‍ത്തിയെടുക്കുകയും ഇടത്തുകൈ ചുരുട്ടിപ്പിടിച്ച് ആ വള്ളി വിരലുകള്‍ക്കിടയിലൂടെയിട്ടൊന്നു വലിക്കുകയും ഇലകളെല്ലാം ആ വള്ളിയില്‍ നിന്നും ഉതിര്‍ന്നുപോകുകയും ഒപ്പം കഴിഞ്ഞു.
അച്ചായിയുടെ വലതുകൈ വായുവിലൊന്നുയര്‍ന്നു താണു.
'ഹ്യൂശ്...' എന്ന ശബ്ദത്തോടെ കൊടിവള്ളി അന്തരീക്ഷത്തിലൂടെ പാഞ്ഞു വന്ന് 'റ്റക്ക്' എന്ന് എന്‍റെ ഇടതുതുടയിലും വലതുതുടയിലും ഒരുമിച്ചു ലാന്‍റ് ചെയ്തു. തീര്‍ന്നില്ല, നീണ്ടുകിടന്ന അറ്റം വലതുതുടയെ ചുറ്റി വരിഞ്ഞു. അടുത്ത അടിക്ക് ഓങ്ങവേ ഇപ്പോളുണ്ടായ ചെമന്നുതടിച്ച ചൂടാറാത്ത ചാലിലൂടെ അതിവേഗം വള്ളി വലിഞ്ഞുനീങ്ങി. വിവരിക്കാനാവാത്ത ഏതോ ഒരനുഭൂതിയില്‍ എന്‍റെ ശരീരം വില്ലുപോലെ വളഞ്ഞുനിന്നു വിറകൊണ്ടു. ജനനസമയത്തിനു ശേഷം ജീവിതത്തിലെ എന്‍റെ ആത്മാര്‍ത്ഥമായ രണ്ടാമത്തെ കരച്ചില്‍ അവിടെ മുഴങ്ങി. കാണാവതല്ലിത്തൊഴിലെന്നകാണ്ഡേ ഇളംപച്ചനിറമാര്‍ന്ന തണ്ടുകളില്‍ അറ്റന്‍ഷനായി നിന്ന് ഏലച്ചെടികള്‍ എന്നോട് അനുതപിച്ചു.
അടുത്ത അടി ഇപ്പോള്‍ വീഴും..!
"നീയിനി വിളിച്ചാല്‍ വിളി കേള്‍ക്കുമോടാ???" അച്ചായി അടുത്ത തല്ലിനോങ്ങി നില്‍ക്കുകയാണ്...
"കേട്ടോളാമേ..."അലറിക്കരയുന്നതിനിടയിലും ഞാന്‍ നല്ല ഉച്ചാരണശുദ്ധിയോടെ മറുപടി പറഞ്ഞു.
അല്ല, എങ്ങനെ പറയാതിരിക്കും? സെയിം രീതിയിലുള്ള അടി ഒന്നു കൂടി പൊട്ടി. അതും വരവുവെച്ചു. രോദനത്തിന്‍റെ ട്രെബിള്‍ ഞാനല്‍പ്പം കൂടി ഉയര്‍ത്തി. ഉയര്‍ന്നു എന്നു പറയുന്നതാണു കൂടുതല്‍ ശരി.
തുട രണ്ടും നീറിപ്പൊള്ളിപ്പുകയുന്നു. കണ്ണുനീരിന്‍റെ ആതിരപ്പള്ളിയൊഴുകുന്നു. വേദന, കുറ്റബോധം, അപമാനം, അടി, തേങ്ങാക്കൊല....
എന്‍റെ കുഞ്ഞുമനസ്സിന്‍റെ ആഗ്രഹങ്ങള്‍ക്ക് ഇവിടെ ഒരു വിലയുമില്ലേ?
പാവം ഞാന്‍...
സാവധാനം തുടയിലൂടെ വിരലോടിച്ചു. "ഈശ്വരാ..." എന്നതിലെ "ശ്ശ്" മാത്രമേ പുറത്തേക്കു വന്നുള്ളൂ. മരത്തുമ്മേല്‍ ബന്ധനസ്ഥനായി അമ്പുകളേറ്റ നിലയില്‍ പള്ളിയിലെ രൂപക്കൂടിനുള്ളില്‍ നില്‍ക്കുന്ന എന്‍റെ സെബസ്ത്യാനോസുപുണ്യാളാ, അങ്ങെന്തു വേദന സഹിച്ചു കാണും..!
ഞാന്‍ വീണ്ടും മുങ്ങി. നേരം ഇരുട്ടിത്തുടങ്ങിയിട്ടും കാണാതെ വിഷമിച്ച് എന്നെ തിരഞ്ഞിറങ്ങിയ വെല്യമ്മച്ചിയുടെ തലോടലുകള്‍ക്കും ആശ്വാസവചനങ്ങള്‍ക്കും മുന്നില്‍ ഞാന്‍ സറണ്ടര്‍ ആയി. അപ്പോള്‍ വീണ്ടും ഞാന്‍ കരഞ്ഞു. അതു വേദന കൊണ്ട് മാത്രമായിരുന്നില്ല.
വാലുകള്‍
(1) ഇതിനു മുന്‍പും പിന്‍പും അച്ചായി എന്നെ അടിച്ച ഓരോ സംഭവങ്ങള്‍ വീതമുണ്ടെങ്കിലും അവ രണ്ടും ഈ അടിയുടെ വൈകാരികതീവ്രതയുടെ മുന്നില്‍ തീരെച്ചെറുതാണ്.
(2) ആ അടിയോടെ ഞാന്‍ ഒത്തിരി നന്നായി പോയി.
(3) രണ്ടു ദിവസം ഞാന്‍ അച്ചായിക്ക് ഉപരോധമേര്‍പ്പെടുത്തി. എപ്പോഴും ചാച്ചന്‍റെയോ വെല്യമ്മച്ചിയുടെയോ നിഴല്‍ പോലെ കൂടി. പിന്നെ അപ്പനാണല്ലോ എന്നോര്‍ത്തു കോമ്പ്രമൈസായി.
(4) ഈ സംഭവത്തിന്‍റെ വെളിച്ചത്തിലാണ് പില്‍ക്കാലത്ത് പ്രോഗ്രസ് കാര്‍ഡിലെ 'രക്ഷകര്‍ത്താവിന്‍റെ ഒപ്പ്' എന്ന കോളത്തില്‍ ഞാന്‍ ചാച്ചനെക്കൊണ്ട് ഒപ്പിടീച്ചുകൊള്ളാം എന്നു പ്രഖ്യാപിച്ചത്. അതിന് കാരണം അന്വേഷിച്ചപ്പോള്‍ "അച്ചായി ശിക്ഷകര്‍ത്താവാണ്, ചാച്ചനാണ് എന്‍റെ രക്ഷകര്‍ത്താവ്" എന്നായിരുന്നു എന്‍റെ മറുപടി.
(5) 2008 ഫെബ്രുവരി മാസം രണ്ടാം തീയതി എന്‍റെ രക്ഷകര്‍ത്താവ് ഞങ്ങളെ എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞു.

Subscribe to:
Posts (Atom)