Showing posts with label Boby. Show all posts
Showing posts with label Boby. Show all posts

Saturday, May 03, 2008

ശീതയുദ്ധം

ബോബിസാര്‍ ശനിയാഴ്ചയും, പള്ളീല്‍ പോക്കു കഴിഞ്ഞാല്‍ ഞായറാഴ്ചയും തിരക്കിലാണ്‌. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വര്‍ക്‍ഷോപ്പില്‍ എറണാകുളത്തെ ഏതോ ഡമ്പിംഗ്‌ യാര്‍ഡില്‍ നിന്നും കൊണ്ടു വന്ന എട്ടുപത്തു ഫ്രിഡ്ജുകളുടെ പ്രേതങ്ങള്‍ ഉണ്ട്‌. ഒപ്പം രണ്ട്‌ വാഷിംഗ്‌ മെഷീനുകളും ഒരു ഏസിയും. അതൊക്കെ പരിശോധിക്കലും നന്നാക്കലും അഴിക്കലും പിടിപ്പിക്കലുമൊക്കെയാണു പണി. ഇവയെല്ലാം ഒരു മിനിലോറിയില്‍ ഇന്‍സ്റ്റിറ്റ്‌യൂട്ടിന്‍റെ മുന്നില്‍ കൊണ്ടുവന്നിറക്കിയ ദിവസം ആ ലോറിയുടെ മുന്നില്‍ 'ഞാനാണിതിന്‍റെയെല്ലാം നാഥന്‍' എന്ന മട്ടില്‍ ബോബിസാര്‍ നിന്നു. കമ്പ്യൂട്ടര്‍ ലാബിലേക്ക്‌ ഇന്‍റെല്‍ സെലിറോണ്‍ 1.4 GHz പ്രോസസ്സറും 128MB മെമ്മറിയും 17 ഇഞ്ച്‌ മോണിട്ടറുമുള്ള സൊയമ്പന്‍ സെക്കന്‍റാന്‍റ്‌ സിസ്റ്റം (അപ്പോള്‍ നിലവിലുള്ളതിന്‍റെ സ്റ്റാന്‍ഡേര്‍ഡ്‌ ഊഹിച്ചോണം!)കൊണ്ടിറക്കിയപ്പോള്‍ മനോജ്‌ സാറിന്‍റെ പോലും മുഖത്തു വിരിയാതിരുന്ന അഭിമാനം അന്നു ബോബിസാറില്‍ കണ്ടു!

ക്ലാസ്സുള്ള ദിവസങ്ങളില്‍ വെളുത്ത നിറമുള്ള 210 ലിറ്റര്‍ കെല്‍വിനേറ്റര്‍ ഫ്രിഡ്ജിനു നേരെയാണ്‌ ബോബിസാറിന്‍റെയും ശിഷ്യന്മാരുടെയും ആക്രമണം. സ്പാനറുകളും സ്ക്രൂഡ്രൈവറുകളും ബ്ലോലാമ്പുമെല്ലാം ഇവരുടെ കൈകളിലൂടെ പാറിപ്പറന്നു നടന്നു ജോലി ചെയ്തു. വന്‍ പ്രയത്നത്തിനൊടുവില്‍ ഫ്രിഡ്ജിന്‍റെ ശരീരം തുരുമ്പുചീകി പുട്ടിയടിച്ചു മിനുക്കി വെച്ചു. രണ്ടു പ്രാവശ്യം ഗ്യാസ്‌ ചാര്‍ജു ചെയ്തിട്ടും തൃപ്തി വരാഞ്ഞിട്ടാണോ എന്തോ ആശാന്‍ ഒരിക്കല്‍ക്കൂടി ഫ്രിഡ്ജ്‌ ഗ്യാസ്‌ ചാര്‍ജ്‌ ചെയ്തിട്ടുണ്ടായിരുന്നു. അതോടെ അയ്യപ്പസ്വാമിയുടെ തിരുവാഭരണം പോലെ പരിപാവനമായി കൊണ്ടുവന്ന അഞ്ചു കിലോയുടെ കൂളന്‍റ്‌ സിലിണ്ടര്‍ കാലിയായി.

ഈ വാര്‍ത്തയറിഞ്ഞ മുതലാളി നെഞ്ചില്‍ കൈവെച്ചു ചോദിച്ചു - "ഇതു പുകിലാകുമോ?"

പിന്നെ സ്വയം ആശ്വസിച്ചു - എറണാകുളത്തു ഫ്രിഡ്ജിന്‍റെയും ഏസീയുടേം എടേക്കെടന്നു വിലസിയവനല്ലേ, സംശയിക്കേണ്ട കാര്യമൊന്നുമില്ല. ആറുമാസത്തെ കോഴ്സിനു വന്ന പിള്ളേരെയെല്ലാം റെഫ്രിജറേഷന്‍റെ മറുകര കാണിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ്‌ ബോബി ഏറ്റിരിക്കുന്നത്‌. വെറുതേ ഒരുത്തനും ഈ വെല്ലുവിളി ഏറ്റെടുക്കില്ലല്ലോ!

രാവിലെ മുതല്‍ തുടങ്ങുന്ന ഭഗീരഥപ്രയത്നത്താല്‍ ക്ഷീണിതനായി എന്നും മൂന്നരയാകുമ്പോള്‍ ഓഫീസിലെത്തുന്ന ബോബിയോട്‌ സാര്‍ തല്‍സ്ഥിതി അന്വേഷിക്കും. എന്നുമെന്നും ഓരോരോ വിവരണങ്ങള്‍ ബോബി നല്‍കും. അതു കത്തിപ്പോയി, ഇത്‌ ഒടിഞ്ഞുപോയി, അതിനു പകരം മറ്റേ ഫ്രിഡ്ജിന്‍റെ എടുത്തുവെച്ചു, കമ്പ്രസ്സര്‍ സ്റ്റാര്‍ട്ട്‌ ആയി, ജെയിംസ്‌ ഇന്നു ഉച്ചകഴിഞ്ഞു പറയാതെ മുങ്ങി, വേസ്റ്റ്‌ തീര്‍ന്നു, ഷൈജുമോന്‍ ഇപ്പോള്‍ കുറെ നാളായി വരുന്നില്ല, ഇലക്ട്രോണിക്സിലെ പിള്ളേര്‍ റെഫ്രിജറേഷന്‍റെ റൂമില്‍ക്കയറി സ്ക്രൂഡ്രൈവര്‍ എടുത്തു എന്നിങ്ങനെ നീളും പട്ടിക. എന്തായാലും ഇവന്‍ കാര്യങ്ങളെല്ലാം നോക്കുന്നുണ്ടല്ലോ, എല്ലാം മുറയ്ക്കെന്നെ അറിയിക്കുന്നുണ്ടല്ലോ എന്നു വിചാരിച്ച്‌ സാര്‍ സമാധാനിക്കും.

ആഴ്ചകള്‍ മൂന്നാലു കടന്നു പോയി. ഫ്രിഡ്ജ്‌ ശരിയായി എന്ന വാര്‍ത്ത ബോബീടെ വായില്‍ നിന്നും കുട്ടികളെല്ലാവരും ഫീസടച്ചു എന്നൊരു വാര്‍ത്ത അക്കൗണ്ടന്‍റിന്‍റെ വായില്‍ നിന്നും കേള്‍ക്കാന്‍ കൊതിച്ച്‌ പഞ്ചേന്ദ്രിയങ്ങള്‍ അലര്‍ട്ടാക്കി സാറിരുന്നു.

ശ്ശെടാ പുകിലേ, ഇവന്‍ വെല്യ മെക്കാനിക്കാണെങ്കില്‍ ഇവനും പിന്നെ ശിഷ്യരായ അഞ്ചെട്ടെണ്ണത്തിനും കൂടിച്ചേര്‍ന്നു വെറും 210 ലി കപ്പാസിറ്റിയുള്ള ഒരു ഫ്രിഡ്ജ്‌ നന്നാക്കാന്‍ ഒരു മാസത്തിലേറെ സമയം വേണോ? സാര്‍ വീണ്ടും ശങ്കകളുടെ കയങ്ങളില്‍ മുങ്ങിത്താണു. വിദേശത്തുള്ള ക്ലയന്‍റിനോട്‌ 'ദിപ്പോ ശരിയാക്കിത്തരാം' എന്നു ഇന്ത്യയിലെ സോഫ്റ്റ്വെയര്‍ കമ്പനിക്കാര്‍ ഇടയ്ക്കിടയ്ക്കു പറയുന്നതുപോലെ ബോബിയുടെ കളിപ്പീരുകുറെയായപ്പോള്‍ സാര്‍ പറഞ്ഞു-

"അതേ ബോബീ, ആ ഫ്രിഡ്ജ്‌ എത്രേം വേഗം നന്നാക്കണം കെട്ടോ. അടുത്തയാഴ്ച്ച നമുക്കതു വില്‍ക്കണം. എത്ര പേരാന്നോ സാധനം അന്വേഷിച്ചു വരുന്നത്‌. അതുകൊണ്ട്‌ മാക്സിമം വേഗം ഒള്ള ഫ്രിഡ്ജെല്ലാം റെഡിയാക്കി വെച്ചോ. എത്ര ഫ്രിഡ്ജ്‌ വില്‍ക്കുന്നോ അത്രേം നമുക്കു ബെനഫിറ്റ്‌ ആണേ..! അല്ല, ബോബിക്കറിയാമല്ലോ?"

പിന്നേ, പറയാനൊണ്ടോ? ബോബിക്കറിയില്ലേ സാറിന്‍റെ പ്ലാനുകളൊക്കെ! കാരണം വില്‍ക്കുന്ന ഫ്രിഡ്ജിനു കിട്ടുന്ന വിലയുടെ ഒരു വീതം ബോബിക്ക്‌ അര്‍ഹതപ്പെട്ടതാണ്‌!

കോഴ്സ്‌ നടത്തി പിള്ളേരെ പഠിപ്പിക്കുകേം ചെയ്യാം, അങ്ങനെ നന്നാക്കിയെടുക്കുന്ന ഫ്രിഡ്ജുകള്‍ സെക്കന്‍റ്‌ഹാന്‍റ്‌ കമ്പോളത്തില്‍ വില്‍ക്കുകയും ആവാമെന്ന തന്ത്രം മുറ്റാണല്ലോ? എന്തായാലും ഇതു തനിക്കുകിട്ടുന്ന അവസാനത്തെ ഡെഡ്‌ലൈനാണെന്ന് ആരും വിശദീകരിക്കാതെതന്നെ കൊടകരക്കാരന്‍ ബോബിക്കു പിടികിട്ടി. പിന്നെ രാപകലില്ലാതെ ഒരു അലച്ചിലും അധ്വാനവുമായിരുന്നു. വല്‍സലശിഷ്യന്മാരില്‍ ന്നിന്നും ഒരാളെ വശത്താക്കി കയ്യാളാക്കി നിര്‍ത്തി ബോബി ടാര്‍ഗറ്റ്‌ എത്തിക്കാന്‍ ഓവര്‍ടൈം കഠിനപ്രയത്നം ചെയ്തുപോന്നു. ബോബിയുടെ സഹായത്താല്‍ നടന്നുപൊയ്ക്കൊണ്ടിരുന്ന അല്ലറചില്ലറ ശിപായിവേലകളെല്ലാം ഇതോടെ മുടങ്ങിയതോടെ ഓഫീസ്‌സ്റ്റാഫുകള്‍ക്ക്‌ മൂപ്പിലാന്‍റെ വില മനസ്സിലായി.

ഇതിനിടയില്‍ ബ്ലോലാമ്പിലെ മണ്ണെണ്ണ തീരുക, ശരീരത്തിലെ രോമവും മുടിയും കരിയുക, നട്ടില്‍ നിന്നും സ്പാനര്‍ തെന്നി കൈ വേദനിക്കുക, അല്ലറചില്ലറ മുറിവുകള്‍ പറ്റുക, വെദ്യുതാഘാതമേല്‍ക്കുക എന്നിങ്ങനെ പല പ്രതിസന്ധികള്‍ ബോബിസാറും ശിഷ്യനും അനുഭവിച്ചു. ഈ സര്‍ക്കസ്സുകള്‍ക്കെല്ലാമൊടുവില്‍ ഒരു ശനിയാഴ്ചദിവസം വൈകുന്നേരം താമസസ്ഥലത്തു വന്ന്‌ ഒരു നെടുവീര്‍പ്പോടെയും അതിലേറേ അഭിമാനത്തോടെയും ബോബിസാര്‍ പറഞ്ഞു:

"ഹരിച്ചേട്ടാ, ഹൈയ്‌ ഹരിച്ചേട്ടാ, ആ ഫ്രിഡ്ജ്‌ ഇപ്പ വര്‍ക്ക്‌ ചെയ്യണിണ്ട്‌!!"

ഹരിച്ചേട്ടന്‍ മാര്‍ക്കറ്റിംഗ്‌ ഡിവിഷനിലെ കോഓര്‍ഡിനേറ്ററാണ്‌. ബോബിസാറിന്‍റെയൊക്കെ സഹവാസി.

ഹരിച്ചേട്ടന്‍റെ അദ്ഭുതം ബോബിസാര്‍ ഒരു അവാര്‍ഡ്‌ പോലെ നെഞ്ചേറ്റുവാങ്ങി. ഇത്രനാളും ഇതു ശരിയാകാഞ്ഞതിന്‍റെ ആകുലത ഒളിപ്പിച്ച 'അവനു പണി അറിയാവുന്നതു തന്നെയാണോ' എന്ന സംശയം അന്നോടെ മുതലാളിക്കു മാറിക്കിട്ടി. തെളിവായി ആ ഫ്രിഡ്ജിലുണ്ടാക്കിയ ഐസ്‌, കേക്കാണെന്നപോല്‍ ബോബി ഓഫീസ്‌ സ്റ്റാഫുകള്‍ക്കു നല്‍കി ആഘോഷിച്ചു.

'ആദ്യം നമ്മള്‍ റിപ്പയര്‍ ചെയ്ത ഫ്രിഡ്ജ്‌! ഇനി ഇതുപോലെ എത്രയെത്ര ഫ്രിഡ്ജ്‌ നമ്മള്‍ നന്നാക്കി വില്‍ക്കും..!' ദാസനും വിജയനും പശുവിനെ വാങ്ങിയ രാത്രിയില്‍ കണ്ട മാതിരി സ്വപ്നങ്ങള്‍ സാറും ബോബിയും കണ്ടുകാണണം. സാറിന്‍റെ മുഖത്തു നിന്നും 'ഇതേ, നമുക്കുടനേതന്നെ വില്‍ക്കണം' എന്ന വാക്കു കേട്ടപ്പോളാണ്‌ അപ്പോ തനിക്ക്‌ കിട്ടിയ സമയപരിധി ഒരു ആപ്പ്‌ ആയിരുന്നുവെന്ന്‌ ബോബിസാറിന്‌ പിടികിട്ടിയത്‌.

ഹരിച്ചേട്ടന്‍റെ പ്രത്യേകതാല്‍പര്യപ്രകാരം ആദ്യമായി ഇന്‍സ്റ്റിറ്റ്‌യൂട്ടില്‍ നന്നാക്കിയ ഫ്രിഡ്ജ്‌ കമ്പനി മെസ്സിലേക്ക്‌ മുതല്‍ക്കൂട്ടാമെന്ന ആശയത്തിന്‌ പെട്ടെന്നുതന്നെ മേലാവില്‍ നിന്നും അനുമതി കിട്ടി. ഉടന്‍ തന്നെ ടി ഉപകരണം മുതലാളിയുടെ സ്വന്തം സ്വത്തും കമ്പനിയുടെ വിവിധോദ്ദേശവാഹനവുമായ ഒമ്‌നിയില്‍ ജീവനക്കാരുടെ മെസ്സ്‌-കം-ഡൈനിംഗ്‌ ഹാള്‍-കം-ഡ്രസ്സിംഗ്‌ റൂം ആയ മുറിയിലെത്തി. 'വിശേഷിച്ച്‌' എന്തെങ്കിലുമൊരു സാധനം ഇതിനുള്ളില്‍ വച്ചൊന്നു തണുപ്പിക്കണം എന്ന ബോബിസാറിന്‍റെ ആഗ്രഹത്തിന്‍റെ ഗ്യാസ്‌ അതോടെ ലീക്കായി.

പുതുപ്പെണ്ണിനെ സന്ദര്‍ശിക്കാന്‍ അയലത്തെ പെണ്ണുങ്ങള്‍ വരുന്നപോലെ പുതിയ വീട്ടിലെത്തിയ ഫ്രിഡ്ജ്‌ ഒന്നു കാണാന്‍ ഓഫീസിലെ സ്ത്രീജീവനക്കാര്‍ ഒന്നും രണ്ടുമായി മെസ്സിലേക്കെത്തി. വീണ്ടും അമ്മാതിരി സന്ദര്‍ശനങ്ങള്‍ ഉണ്ടാകുമെന്നു ഭയന്ന മനോജ്‌ സാര്‍ തന്‍റെ അടിവസ്ത്രങ്ങള്‍ അയകളില്‍ തോരണം ചാര്‍ത്താതെ ഉണങ്ങിക്കിട്ടിയാലുടന്‍ ഗോഡൗണിലെക്കു മാറ്റാന്‍ ശ്രദ്ധിച്ചു. ആദ്യ ദിവസങ്ങളില്‍ത്തന്നെ നമ്മുടെ പുത്തനച്ചി തണുപ്പിക്കലു പോരാ എന്നൊക്കെ പരാതി കേള്‍പ്പിച്ചു.

"യേയ്‌, അങ്ങനെ വരാന്‍ വഴിയില്ലല്ലോ" എന്നു ബോബിസാര്‍.

എന്തായാലും ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും സാധനം പോയപോലെതന്നെ തിരിച്ചു വര്‍ക്‍ഷോപ്പിലെത്തി. കാരണം, ഫ്രിഡ്ജ്‌ ഓണാക്കുമ്പോഴേക്കും ഇലക്ട്രിസിറ്റി മീറ്റര്‍ ഒളിമ്പിക്സിലെ 100 മീറ്റര്‍ മല്‍സരാര്‍ഥിയെപ്പോലെ ഓടെടാ ഓട്ടം. ഫാന്‍ വച്ചു കാറ്റടിപ്പിച്ചു കൊടുത്താല്‍ ഫ്രിഡ്ജിലെക്കാള്‍ നന്നായി തണുപ്പുകിട്ടും എന്നു മറ്റൊരു നിരീക്ഷണം. ഒരുപാടു ദുഷ്പ്പേരു കേള്‍പ്പിക്കാനൊന്നും നില്‍ക്കാതെ ഫ്രിഡ്ജ്‌ പതുക്കെ പണിയുമങ്ങു നിര്‍ത്തി. പക്ഷേ, ദോഷം പറയരുതല്ലോ, ഫ്രിഡ്ജിന്‍റെ വാതില്‍ തുറക്കുമ്പോള്‍ അകത്തെ ലൈറ്റ്‌ കത്തുമായിരുന്നു.

Saturday, April 26, 2008

അലക്കുയന്ത്രം

ഒരു ഒനിഡ വാഷിംഗ്‌ മെഷീന്‍. കപ്പാസിറ്റി 5 കിലോ ആണെന്നു തോന്നുന്നു. സമാന്യം നല്ല പഴക്കം ഉണ്ടെങ്കിലും കാഴ്ചയില്‍ പ്രായം തോന്നില്ല. ആ സാധനം പക്ഷേ ബോബിസാറിന്‍റെ ശിഷ്യര്‍ക്കൊന്ന്‌ ഉപ്പു നോക്കാന്‍ കൂടി കിട്ടിയില്ല. അതിന്‍റെ റിപ്പയറിങ്ങെന്ന അവകാശം ബോബിസാര്‍ സ്വന്തം കുത്തകയാക്കി സൂക്ഷിച്ചു.

ശനിയാഴ്ചയും ഞായറാഴ്ചയും എന്നുവേണ്ട പറ്റുമെങ്കില്‍ ഇടദിവസങ്ങള്‍ രാത്രിയിലും എല്ലാം ബോബിസാര്‍ ആ അലക്കുയന്ത്രത്തെ മെരുക്കാന്‍ ശ്രമിച്ചുപോന്നു. അതിന്‍റെ മോട്ടോറും മറ്റു മെക്കാനിക്കല്‍ ഘടകങ്ങളുമെല്ലാം അദ്ദേഹത്തിന്‍റെ കരവിരുതില്‍ ഒന്നൊന്നായി ശ്വാസമെടുക്കാന്‍ തുടങ്ങി. വയറിംഗ്‌ ഫുള്ളെ മാറ്റിച്ചെയ്തു. അതിന്‍റെ ബോഡി വര്‍ക്‌‍ഷോപ്പിലെ സിമന്‍റുതറയിലിട്ട്‌ ഉരുട്ടിയും നിരക്കിയും ചീകിയും ചിരണ്ടിയും നശിപ്പിച്ചു. എന്നിട്ടു സ്പ്രേ പെയിന്‍റുചെയ്ത്‌ കുട്ടപ്പനാക്കിയെടുത്തു.

ഇത്രേം ഒപ്പിച്ചെടുത്തെങ്കിലും പുള്ളിക്കാരന്‍റെ കയ്യില്‍ നില്‍ക്കാത്ത ഒരു സാധനമുണ്ടായിരുന്നു - അതിന്‍റെ കണ്ട്രോള്‍ ബോര്‍ഡ്‌. മറ്റു യന്ത്രഭാഗങ്ങളില്‍ നിന്നും കണക്ടറുകളെല്ലാം വേര്‍പെടുത്തിയിട്ട്‌ ബോര്‍ഡ്‌ കയ്യിലെടുത്ത്‌ തിരിച്ചും മറിച്ചും നോക്കിയപ്പോള്‍ പുള്ളിക്കാരന്‌ ബോര്‍ഡ്‌ യന്ത്രത്തിനൊരു അധികപ്പറ്റായിത്തോന്നിയോ എന്തോ?

എന്തായാലും നന്നാക്കണമല്ലോ? പിന്നെ അതിന്‍റെ ഫേസും ന്യൂട്രലും എര്‍ത്തുമൊക്കെ തപ്പിപ്പിടിച്ച്‌ ഗുസ്തി അതിനുമേലായി. മോട്ടോറിലേക്കുപോകുന്ന ഔട്ട്‌പുട്ടില്‍ 60 വാട്ട്‌സിന്‍റെ ഒരു ബള്‍ബ്‌ പിടിപ്പിച്ച്‌ ആശാന്‍ ഈ ഇ-നിയന്ത്രണപ്പലകയെ അനുസരണ പഠിപ്പിക്കാന്‍ തുടങ്ങി. മള്‍ടിമീറ്റര്‍ വെച്ച്‌ കണ്ടിന്യൂയിറ്റി ടെസ്റ്റ്‌ ചെയ്തും ഓരോ മോഡ്‌ മാറ്റുമ്പോഴും അനുയോജ്യമായ എല്‍.ഇ.ഡി. ഇന്‍ഡിക്കേറ്ററുകള്‍ കത്തുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തിയും പണി കൊഴുത്തു. വാഷിംഗ്‌ മെഷീന്‍ ഒന്നു രണ്ടു മോഡുകളില്‍ വര്‍ക്കുചെയ്യുന്നില്ല എന്നു കക്ഷി ഇതിനിടെ കണ്ടെത്തി. മറ്റു മോഡുകളില്‍ സംഭവം ജോറാണെന്ന്‌ ബള്‍ബ്ബിന്‍റെ മിന്നിയും കെട്ടുമുള്ള പ്രവര്‍ത്തനത്തിലൂടെയും മറ്റും ഉറപ്പാക്കി. ടി ബോര്‍ഡിന്‌ ബള്‍ബ്ബിനെ മാത്രമല്ല മോട്ടോറിനെയും പ്രവര്‍ത്തിപ്പിക്കാനാകുമെന്ന്‌ പകരം മോട്ടോര്‍ തന്നെ വെച്ചു നോക്കി ബോധ്യപ്പെട്ടു. അപ്രകാരമുള്ള ഒരു പരീക്ഷണയോട്ടത്തിനിടയില്‍ ആശാന്‍ സ്വിച്ച്‌ ഓണാക്കിയതും പമ്പരം കറങ്ങുന്നതുപോലെ തറയില്‍ക്കിടന്നു മോട്ടോര്‍ ഒരു കറക്കം. അതു പാഞ്ഞുവന്ന്‌ ആശാന്‍റെ കാലേലെങ്ങും കേറാഞ്ഞതു നന്നായി.

പക്ഷേ, ആ പലകയില്‍ സോള്‍ഡര്‍ ചെയ്തുറപ്പിച്ചിരുന്ന ഒരൊറ്റ റെസിസ്റ്റര്‍ - കപ്പാസിറ്റര്‍ -ട്രാന്‍സിസ്റ്റര്‍ കുണ്ടാമണ്ടികളിലും കൈ വയ്ക്കാന്‍ പുള്ളിക്കൊത്തില്ല. കാരണം ആ ബോര്‍ഡിലെ ഘടകഭാഗങ്ങളെയെല്ലാം സീല്‍ ചെയ്ത മാതിരി എം.ആര്‍.ഫെവിക്കോള്‍ ഉറഞ്ഞുകൂടിയതുപോലത്തെ ഒരു വസ്തു കൊണ്ട്‌ കട്ടിയുള്ള ഒരാവരണം നല്‍കിയിട്ടുണ്ടായിരുന്നു. പിന്നെ കുത്തിയിരുന്ന്‌ അതെല്ലാം കുത്തിയിളക്കി പരിശോധിക്കലായി. നമ്മളെക്കൊണ്ടാവില്ലിപ്പണി എന്നു മനസ്സിലായതോടെ ബോര്‍ഡ്‌ ഒരു ഇലക്ട്രോണിക്സ്‌ സര്‍വ്വീസ്‌ സെന്‍ററില്‍ കൊണ്ടുകൊടുത്തു.

"ഇതെന്നാത്തിന്‍റെ ബോര്‍ഡാ?" മെക്കാനിക്കിന്‍റെ ചോദ്യം.

"ദ്‌.. ഒരു വാഷിംഗ്‌ മെഷീന്‍റെ ബോര്‍ഡാണ്‌". ഇതിനെന്താ കുഴപ്പം എന്നയര്‍ത്ഥത്തില്‍ മെക്കാനിക്ക്‌ ബിജു അതു തിരിച്ചും മറിച്ചും നോക്കിയപ്പോള്‍ ബോബിസാര്‍ കാര്യം പറഞ്ഞു.

"ഈ സ്വിച്ച്‌ പവ്വര്‍ ആണ്‌. ഇതാണ്‌ മോഡ്‌ സ്വിച്ച്‌. ഇതില്‍ മൂന്നു പ്രാവശ്യം ഞെക്കിക്കഴിയുമ്പോള്‍ ദേ ആ ഔട്ട്‌പുട്ട്‌ ലൈനില്‍ വിട്ട്‌ വിട്ട്‌ പവ്വര്‍ വരണം. ഇപ്പോള്‍ ദ്‌ വര്‍ണില്ല." ഒറ്റ ശ്വാസത്തില്‍ കാര്യം മനസ്സിലാക്കിക്കൊടുത്തു.

"അതിനു മോട്ടറൊന്നുമില്ലാതെയെങ്ങനെയാ.." ബിജുച്ചേട്ടനു സംശയം.

"ഹൈയ്‌, അതിനൊര്‌ ബള്‍ബിട്ടു നോക്കിയാ മതീന്ന്‌!" കളി കൊളവിയോടാ എന്നമട്ടില്‍ ബോബിസാറിന്‍റെ ഉത്തരം.

"അപ്പോ, ലോഡ്‌ - ആമ്പിയറേജ്‌ പ്രശ്നമാവത്തില്ലിയോ?" വീണ്ടും ബിജു ചെട്ടന്‍ സംശയാലുവായി.

"ഹൈയ്‌, അതൊന്നു വര്‍ക്ക്‌ ചെയ്യിച്ചു താന്ന്‌. ബാക്കി പിന്നെയല്ലേ?"

അങ്ങനെ മുപ്പതു രൂപ മുടക്കില്‍ - ഡയാക്കാണോ അതൊ ട്രയാക്കണോ - ആ സുനാപ്പി മാറ്റിയിട്ടതോടെ ബള്‍ബും ബോബിസാറിന്‍റെ മനസ്സും ഒരുപോലെ തെളിഞ്ഞു. 'മോട്ടര്‍' പ്രവര്‍ത്തിപ്പിച്ച്‌ സംഗതി ഭദ്രമാണെന്നുറപ്പു വരുത്തി. പാച്ച്‌ വര്‍ക്ക്‌ മുഴുവന്‍ തീര്‍ത്തു. പടികയറിവന്നപ്പോള്‍ ഇളംപച്ചനിറമായിരുന്ന വാഷിംഗ്‌ മെഷീനെ ബോഡിയും പ്ലാസ്റ്റിക്‌ ടോപ്പും എല്ലാം ക്രീമിവൈറ്റ്‌ നെരോലാക്‌ പെയിന്‍റടിച്ചു കുട്ടപ്പനാക്കി. അഭിമാനപൂര്‍വ്വം തലയുയര്‍ത്തിനിന്ന്‌ ശിഷ്യരെയും സഹപ്രവര്‍ത്തകരെയും തന്‍റെ പ്രയത്നഫലത്തിന്‍റെ ഡെമോ കാണിച്ചു.

ഈ വാഷിംഗ്‌ മെഷീന്‍ സ്വന്തം ഭാര്യവീട്ടിലേക്ക്‌ എന്നു മുതലാളി തീരുമാനിച്ചു കഴിഞ്ഞിരുന്നു. ദിനവും വര്‍ക്‌‍ഷോപ്പിലെ ആസ്ബറ്റോസ്‌ മേല്‍ക്കൂരയ്ക്കുകീഴില്‍ വിയര്‍ത്തുമുഷിഞ്ഞു പണിയെടുക്കുന്ന തന്‍റെ ഷര്‍ട്ടും പാന്‍റ്‌സും ഒന്നലക്കാന്‍ ബോബിസാറിന്‌ അവസരം കിട്ടുന്നതിനും മുന്‍പേ മുതലാളി ബോബിസാറിനെ വിളിച്ചു യന്ത്രത്തിന്‍റെ സ്റ്റാറ്റസ്‌ അന്വേഷിച്ചു.

"വാഷിംഗ്‌ മെഷീനല്ലേ, അതോക്കെയാണ്‌" എന്ന ബോബ്ബിസാറിന്‍റെ മറുപടി കേട്ട സാര്‍ ഉടന്‍ തീരുമാനം പറഞ്ഞു - "എന്നാല്‍ നമുക്ക്‌ അടുത്ത ദിവസം വെള്ളയാംകുടിക്കു കൊണ്ടുപോയേക്കാം, എന്താ?"

"ആയിക്കോട്ടെ സാറേ". സ്വന്തം പ്രൊഡക്റ്റ്‌ ലോഞ്ച്‌ ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത ബോബിസാറിനെ എത്രമാത്രം സന്തോഷിപ്പിച്ചോ ആവോ?

ഒരു ദിവസം വൈകുന്നേരം പണിയൊക്കെ കഴിഞ്ഞു വെറുതെ കത്തിവെച്ചിരിക്കുമ്പോള്‍ ബോബിസാര്‍ കമ്പനി ടൂവീലറിന്‍റെ ചാവിയുമെടുത്ത്‌ പുറത്തേക്കു നടന്നു. കെ ഇ ആര്‍ റെജിസ്ട്രേഷന്‍ സീരീസിലുള്ള ആ ഐ എന്‍ ഡി സുസുകിയ്ക്ക്‌ പഴയ യമഹാ ആര്‍ എക്സ്‌ 100-ന്‍റെ ശബ്ദമാണ്‌. നല്ല പുള്ളിങ്ങും താഴ്‌ന്ന മൈലേജുമുള്ള ആ ശകടം അഞ്ചു കിക്കുകള്‍ക്കുള്ളില്‍ സ്റ്റാര്‍ട്ടാക്കാന്‍ ബോബിസാറിനു മാത്രമേ അറിയൂ. ബൈക്ക്‌ എരപ്പിച്ചു നിര്‍ത്തി ബോബിസാര്‍ എന്നെ വിളിച്ചു. സംശയത്തോടെ ഞാന്‍ കാര്യമന്വേഷിക്കാന്‍ ചെന്നപ്പോള്‍ 'വാ കയറ്‌, നമുക്കി ടൗണീ വരെ പോയേച്ചു വരാം' എന്നു പറഞ്ഞു. ഞാന്‍ കയറി.

"ഇവിടെയേ ഈ വാഷിംഗ്‌ മെഷീന്‍ ഒക്കെ വില്‍ക്കുന്ന മെയിന്‍ കട ഏതാ?" പുള്ളീടെ ചോദ്യം.

"എന്നാത്തിനാ?"

"നമുക്കവിടെ വരെയൊന്നു പോണം. ക്ക്‌ര്‌ ആവശ്യ്ണ്ട്‌."

ഞാന്‍ കട്ടപ്പനയിലെ ഒരു പ്രധാന സ്ഥാപനത്തിന്‍റെ പേരു പറഞ്ഞു.

"അവിടെ ആരേയേലും പരിചയമുണ്ടോ?"

"ഇല്ല..ആട്ടെ, എന്നാ വാങ്ങാനാ?"

"ഒരു സാധനം കിട്ടുമോന്നു നോക്കണം. ആഹ്‌, മ്‌ക്ക്‌ നോക്കാം" അപ്പോഴും എന്‍റെ ചോദ്യം ഉത്തരമില്ലാതെ നിലകൊണ്ടു.

കടയില്‍ പോയി മൂപ്പര്‍ സംഗതി ഒക്കെ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. അതൊക്കെ കസ്റ്റമേഴ്സ്‌ തന്നെ കൊണ്ടുപോകും എന്ന്‌ അവിടുത്തെ ഒരു സെയില്‍സ്മാന്‍ ബോബിസാറിനോട്‌ പറയുന്നതു ഞാന്‍ കേട്ടു. പിന്നീട്‌ എന്തൊ ഒരു കാറ്റലോഗ്‌ ആണു പുള്ളി അന്വേഷിക്കുന്നതെന്ന് എനിക്കു മനസ്സിലായി.

തുടര്‍ന്നു വന്ന അവധിദിവസം അലക്കുയന്ത്രം സാറിന്‍റെ ഭാര്യവീട്ടിലെത്തി. ബോബി എന്ന മെക്കാനിക്കിന്‍റെ, വയര്‍മാന്‍റെ, പെയിന്‍ററുടെ, അദ്ധ്വാനിയുടെ അഭിമാനസ്തംഭമായി അലക്കുയന്ത്രം ഡെലിവര്‍ ചെയ്തു. അതു കൊണ്ടുപോകുമ്പോള്‍ ഞാന്‍ കൂടെച്ചെല്ലാമോ എന്നു ബോബിസാര്‍ എന്നോടു ചോദിച്ചു. മുതലാളിയുടെ ഒമ്നിയിലാണ്‌ സാധനം കൊണ്ടോണത്‌. വേണമെങ്കില്‍ ബൈക്കും എടുക്കാം എന്നു പറഞ്ഞ്‌ എന്നെ പ്രലോഭിപ്പിക്കുകയും ചെയ്തു. പക്ഷേ, ആ പണിക്കു പോയാല്‍ വൈകുന്നേരം 6.50-നുള്ള റ്റി എം എസ്സ്‌ ബസ്സ്‌ പോയിട്ട്‌ പാതിരാത്രിയില്‍ പോലും വീട്ടിലെത്തുമെന്ന്‌ ഉറപ്പില്ലാത്തതിനാല്‍ ഞാന്‍ തന്ത്രപൂര്‍വ്വം ഒഴിവായി. കൂടാതെ ബോര്‍ഡുനന്നാക്കാന്‍ കൊടുക്കലും വാങ്ങലുമൊക്കെയായി ബോബിസാറിന്‍റെ പിന്‍സീറ്റ്‌ യാത്ര ഞാന്‍ കുറെ നടത്തിക്കഴിഞ്ഞിരുന്നു. അപ്പോഴും ബോബിസാര്‍ കാറ്റലോഗു കിട്ടാത്തതിന്‍റെ വിഷമം 'ശ്ശെ' എന്നും 'എന്തു ഛെയ്യും' എന്നുമുള്ള രണ്ടു പതിവു ശൈലികള്‍ ചേര്‍ത്തു പ്രകടിപ്പിച്ചു.


"ബോബീ, നമുക്കാ വാഷിംഗ്‌ മെഷീനങ്ങു കൊണ്ടുപോയേക്കാം, എന്താ?" വൈകിട്ടത്തെ പതിവുതിരക്കുകള്‍ തീര്‍ന്നപ്പോള്‍ മുതാലാളിയുടെ ചോദ്യം.

"ശരി സാറെ, പോയേക്കാം" അതു പറയുമ്പോള്‍ ബോബിസാറിന്‍റെ സ്വരത്തില്‍ എന്തോ ഒരു വിശ്വാസക്കേട്‌, ഒരു പന്തികേട്‌. സാര്‍ ചോദിച്ചു- "എന്താ ബോബീ, അവിടെച്ചെല്ലുമ്പോഴേക്കും മെഷീന്‍ കണ്ണടയ്ക്കുമോ?"

"ഇല്ല സാറെ, ഞാന്‍ വര്‍ക്കു ചെയ്യിച്ചതാ!" ബോബിസാര്‍ മുതലാളിയെ ധൈര്യപ്പെടുത്തി. "...പക്ഷെ സാറെ, അതിന്‍റെ ഒരു കാറ്റലോഗ്‌ കിട്ടിയാല്‍ കൊള്ളാമായിരുന്ന്‌"

"ങ്‌ഹേ! ഹതിപ്പോ എന്നാത്തിനാ?" സാറിന്‍റെ പുരികമുയര്‍ന്നു.

"അല്ല, ചുമ്മാ ഒരു റഫറന്‍സിന്‌"

"ഓ... അതിനിപ്പോ എന്നാത്തിനാ കാറ്റലോഗ്‌. ഓപ്പറേഷനൊക്കെ ബോബി തന്നെയങ്ങു കാണിച്ചു കൊടുത്താ മതി." സീന്‍ കട്ട്‌.


അടുത്ത സീന്‍ സാറിന്‍റെ ഭാര്യവീട്‌. അലക്കുയന്ത്രം വര്‍ക്കേറിയായിലെ അനുയോജ്യമായ സ്ഥലത്തു വച്ചിരിക്കുന്നു. അടുത്തുള്ള പവര്‍പ്ലഗ്ഗില്‍ നിന്നും ഊര്‍ജ്ജം മെഷീനിലേക്കു ഒഴുകുന്നുണ്ട്‌. ബോബിസാര്‍ യന്ത്രം ലോഡൊന്നുമില്ലാതെ ഒന്നു പ്രവര്‍ത്തിപ്പിച്ചു കാണിച്ചു. അപ്പോഴേക്കും കുറേ തുണികളുമായി വീട്ടുകാരി അരങ്ങത്ത്‌- 'ഇതാദ്യം അലക്കി നോക്കാം!' സാര്‍ ഇടപെട്ടു- 'അതൊന്നും ഇപ്പോ വേണ്ട. അതു കമ്പ്ലീറ്റ്‌ ഒന്നു ക്ലീന്‍ ചെയ്തിട്ടു മതി നല്ല തുണിയൊക്കെ കഴുകുന്നത്‌. ഇപ്പോ വല്ല പഴന്തുണിയും കൊണ്ടുവാ. നമുക്കൊന്നു ട്രൈ ചെയ്തു നോക്കാം.'

ബോബിസാര്‍ ആണ്‌ ഓപ്പറേറ്റര്‍ എന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? യന്ത്രത്തില്‍ വെള്ളമൊക്കെ നിറച്ചു. സ്വിച്ചുകള്‍ ഒന്നൊന്നായി പ്രസ്സ്‌ ചെയ്ത്‌ അകത്തിട്ട പഴഞ്ചന്‍ തോര്‍ത്തിനെ എല്ലാരും ചേര്‍ന്നു വശംകെടുത്തി. അങ്ങനെ 'അലക്ക്‌' കഴിഞ്ഞു. ബോബിസാര്‍ 'എന്നാ ശെരി. കഴിഞ്ഞില്ലേ, പോയേക്കാം' എന്ന ഭാവത്തില്‍ നില്‍ക്കുകയാണ്‌.

"അല്ല ബോബീ, തുണി പിഴിയണ്ടേ? എടുക്കണ്ടേ?" ചോദ്യം കൂടെവന്ന ഹരിച്ചേട്ടന്‍ വക.

'ഞാന്‍ പെട്ടു' എന്ന ഭാവത്തോടെ ബോബിസാര്‍ മെഷീന്‍റെ അടുത്തുചെന്ന്‌ അതിനെ ഒരജ്ഞാതവസ്തുവിനെയെന്നപോലെ നോക്കി. അനന്തരം അതിന്‍റെ പാനലിലുള്ള സ്വിച്ചുകളില്‍ ഞെക്കി ഞെക്കി ഉഴറി. പല പല കോംബിനേഷനുകള്‍ പയറ്റി മടുത്തപ്പോള്‍ തന്‍റെ ചുറ്റിലും കൂടി നില്‍ക്കുന്ന സാര്‍, ഹരിച്ചേട്ടന്‍, സാറിന്‍റെ പേരന്‍റ്‌സ്‌-ഇന്‍-ലാ എന്നിവരുടെയെല്ലാം മുഖത്തേക്കു ദയനീയമായി നോക്കി. അവസാനം ഹരിച്ചേട്ടന്‍റെ നേരേ തിരിഞ്ഞുകൊണ്ട്‌ പറഞ്ഞു-

"ഹരിച്ചേട്ടാ, ഇതിന്‍റെ ഡ്രെയിന്‍ സ്വിച്ച്‌ എവിടെയെന്നു ഒരു പിടിയും കിട്ടണില്ലന്ന്‌. ഒരു കാറ്റലോഗ്‌ കിട്ടിയാല്‍....."

"ന്‍റെ പൂര്‍ണ്ണത്രയേശാ..!" എന്നു വ്യാകുലപ്പെടാന്‍ പാകത്തില്‍ ഒരു അര്‍ദ്ധോക്തി!

അപ്പോള്‍ അവിടെ പരന്ന മൗനം ഇരുട്ടിനെക്കാള്‍ കനത്തതായിരുന്നു.

അവസാനം ഹരിച്ചേട്ടന്‍, മുതലാളി, ബോബിസാര്‍ എന്നിവരുടെ സംയുക്തശ്രമഫലമായി ഡ്രെയിന്‍ സ്വിച്ച്‌ കണ്ടു പിടിച്ചുകഴിഞ്ഞപ്പോഴാണ്‌ മൂപ്പിലാന്‍റെ ശ്വാസം നേരേ വീണത്‌. അതൊരു സ്വിച്ചല്ലായിരുന്നു, മറിച്ച്‌ സ്റ്റാന്‍ഡ്‌ ബൈയും മറ്റൊരു സ്വിച്ചും ചേര്‍ന്ന ഒരു ഡ്രെയിന്‍ ലോജിക്കായിരുന്നു.

പിന്‍കുറിപ്പ്‌: ഈ ഡ്രെയിന്‍സ്വിച്ച്‌ ഇഷ്യൂ ബോബിസാറിന്‍റെ കരിയറിലെ ഒരു വന്‍ വീഴ്ചയായി പിന്നീടു കരുതപ്പെട്ടു പോന്നു. കാരണം, ഗൗരവതരമായ ജോലികള്‍ ഏല്‍പ്പിക്കുമ്പോള്‍ അലക്കുയന്ത്രം അനങ്ങുന്നില്ല എന്നൊരു കംപ്ലെയിന്‍റ്‌ കേട്ടു. ടെസ്റ്ററും മീറ്ററുമൊക്കെയായി ബോബിസാര്‍ ചെക്കുചെയ്യാന്‍ പോയപ്പോള്‍ അകമ്പടിക്കു ഞാനുമുണ്ടായിരുന്നു. കരണ്ടും വോള്‍ടേജുമൊക്കെ അളവിലും ആയത്തിലും എല്ലായിടത്തും വരുന്നുണ്ട്‌. പക്ഷേ മെഷീന്‍ കോമയിലാണ്‌. ഒരാഴ്ച കഴിഞ്ഞപ്പോള്‍ മുതലാളിയുടെ ഭാര്യാപിതാവ്‌ ഫോണ്‍ വിളിച്ചു പറഞ്ഞതിന്‍പ്രകാരം അലക്കുയന്ത്രം തിരികെ ഇന്‍സ്റ്റിട്യൂട്ടിലെത്തി.

Wednesday, January 02, 2008

ബെല്ലും ബ്രേക്കും

ഇത്‌ മഹാനായ ബോബിസാറിന്‍റെ കഥയാണ്‌. ഞാന്‍ ഡിഗ്രി പഠനം കഴിഞ്ഞ്‌ കട്ടപ്പനയിലെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കമ്പ്യുട്ടറുകളുമായി അല്‍പ്പസ്വല്‍പ്പം ഗുസ്തിയൊക്കെ പിടിച്ചു കഴിഞ്ഞു കൂടുന്നു. അവിടേക്ക്‌ ഏസി റെഫ്രിജറേഷന്‍ ഇന്‍സ്ട്രക്ടര്‍ ആയി മേല്‍പ്പടി ബോബി എന്ന മെലിഞ്ഞുകുറിയ സത്യക്രിസ്ത്യാനിയും പരമസാധുവുമായ കഥാപാത്രം വന്നു ചേര്‍ന്നു. ബോബിസാര്‍ തൃശ്ശൂര്‍ ജില്ലയിലെ കൊടകര സ്വദേശിയാണ്‌. അദ്ദേഹം എറണാകുളത്തുള്ള ഒരു സ്ഥാപനത്തില്‍ ഏസി മെക്കാനിക്കായി ജോലി നോക്കവേയാണു കട്ടപ്പനയില്‍ എത്തിപ്പെടുന്നത്‌. ഇവിടെ പുതിയ വേഷം പുതിയ ഭാവം. സത്യം പറയാമല്ലോ..ആദ്യമൊക്കെ വെല്യ പാടാരുന്നേയ്‌.. ആ തൃശ്ശൂര്‍ ഭാഷ ഒന്നു മനസ്സിലാക്കിയെടുക്കാന്‍. ഹൈ.. പിന്നെ നമ്മളത്‌ വശത്താക്കീന്ന്..

ക്ലാസ്സൊക്കെ തുടങ്ങി. പത്തും ഗുസ്തിയും കഴിഞ്ഞു വന്ന പിള്ളേരെ കറന്‍റ്‌ എന്നാല്‍ ഹോസിന്‍റെ അകത്തുകൂടെ വെള്ളം ഒഴുകുന്നപോലെ സഞ്ചരിക്കുന്ന ഒരു ഊര്‍ജ്ജരൂപമാണെന്നും വോള്‍ട്ടേജ്‌ എന്നു വെച്ചാല്‍ വീട്ടിലെ ലൈറ്റ്‌ മങ്ങുമ്പോള്‍ ഇല്ലാതാകുന്ന സാധനം എന്താണോ അത്‌ ആണെന്നുമൊക്കെ വളരെ കഷ്ടപ്പെട്ടു പഠിപ്പിച്ചു പോന്നു. സ്വതവേ ടെക്നിക്കല്‍ കോഴ്സുകള്‍ക്ക്‌ വനിതകള്‍ അഡ്മിഷന്‍ വാങ്ങുന്നതു ദുര്‍ലഭമായ ഒരു ഏര്‍പ്പാടാകയാല്‍, ഇന്‍റര്‍വെല്‍ സമയങ്ങളില്‍ മേല്‍പ്പടിയാന്‍റെ ശിഷ്യഗണം ഞങ്ങളുടെ വര്‍ക്‍ഷോപ്പിനു സമീപം നല്ല ഹാജര്‍ നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കോ-ഓപ്പറേറ്റീവ്‌ കോളേജിനു അഭിമുഖമായി നിന്നു കാറ്റു കൊള്ളാന്‍ തുടങ്ങുകയും, 'നമ്മളെല്ലാം ഒരു കുടുംബക്കാരല്ലേ' എന്ന മനോഭാവത്തോടെ വല്ലപ്പോഴും ബോബിസാറും ഈ കലാപരിപാടിയില്‍ അവരെ സഹായിച്ചും പോന്നു.

ഒരിക്കല്‍ ആ വിദ്യാലയത്തിന്‍റെ ഉപസ്ഥാപനമായ മാര്‍ക്കറ്റിംഗ്‌ കമ്പനിയുടെ ഒരു മാനേജര്‍ ബോബിസാറിനോട്‌ 'നീ ഒരു സാര്‍ അല്ലേ? എന്നും ഷര്‍ട്ട്‌ ഇന്‍ ചെയ്തു പോകണം' എന്നു നിര്‍ദ്ദോഷകരമായി ഉപദേശിച്ചു. സ്വന്തം ആയിരുന്നിട്ടും പാന്‍റ്‌സ്‌ തന്‍റെ അര, പൃഷ്ഠം, തുട എന്നീ അവയവങ്ങളുമായി സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു എന്ന സത്യത്തെ തൃണവല്‍ഗണിച്ചുകൊണ്ട്‌ ജീവിതത്തിലാദ്യമായി ബോബിസാര്‍ ഇന്‍സര്‍ട്ട്‌ ചെയ്തതു അദ്ദേഹത്തിന്‍റെ വ്യക്തിപ്രഭാവത്തെ സംബന്ധിച്ചിടത്തോളം കുഞ്ഞുമോന്‍ ചേട്ടന്‍റെ പൊടിമില്ലില്‍ ത്രീ ഫേസ്‌ കണക്ഷന്‍ ലഭിച്ചതു പോലത്തെ ഒരു സംഭവം ആയി.

ഉച്ചകഴിഞ്ഞു മൂന്നു മണിക്കു ക്ലാസ്സ്‌ തീരുന്നതോടെ ബോബിസാറിന്‍റെ ഔദ്യോഗികജീവിതത്തിലെ രണ്ടാം റോള്‍ ആരംഭിക്കുകയായി. വര്‍ക്‍ഷോപ്പില്‍ നിന്നും മെയിന്‍ ഓഫീസ്‌ ബില്‍ഡിങ്ങിലെത്തുന്ന ബോബിസാറിനെ കാത്തു ഒരു പ്യൂണിന്‍റേതുള്‍പ്പടെയുള്ള പണികള്‍ വേറെ കാണും. നിഷ്കളങ്കനും ദയാലുവും 'ഹെല്‍പ്‌ മീ ടു ഹെല്‍പ്‌ യു' എന്ന മനസ്ഥിതിക്കാരനുമായിരുന്ന ടിയാന്‍ അതെല്ലാം സസന്തോഷം ഏറ്റെടുത്തു സാമാന്യം ഭംഗിയായി നിര്‍വ്വഹിച്ചു പോന്നു.

പറഞ്ഞു വന്ന സംഗതി മറ്റൊന്നാണ്‌. ഇദ്ദേഹം ഒരിക്കല്‍ കട്ടപ്പനയില്‍ നിന്നും എറണാകുളത്തിനു പോയ കഥ. പോയ ആവശ്യം നിഗൂഢം. ഒഫീഷ്യല്‍ അല്ല എന്നു വ്യക്തം. സര്‍പ്രൈസിങ്ങ്‌ലി, ബോബിസാറിന്റെ കൂടെ ഒരു വല്‍സല ശിഷ്യനും ഉണ്ടായിരുന്നു. എറണാകുളത്തു രാവിലെ തന്നെ എത്താന്‍ പാകത്തില്‍ കട്ടപ്പനയില്‍ നിന്നും പാതിരാ കഴിഞ്ഞ നേരത്തു പുറപ്പെട്ട എംഎംഎസ്സ്‌ ബസ്സ്‌ ഒരു പത്തുപതിനഞ്ചു കിലോമീറ്റര്‍ പിന്നിട്ട്‌ ഇടുക്കിക്കു മുന്‍പുള്ള പത്താം മൈല്‍-നാരകക്കാനം ഭാഗത്തുകൂടി ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടു പായുകയാണ്‌. യാത്രക്കാര്‍ ഭൂരിഭാഗവും നല്ല ഉറക്കം.

പൊടുന്നനെ ആ സത്യം വണ്ടിക്കുള്ളില്‍ പരന്നു. മറ്റൊന്നുമല്ല- ബസ്സിന്‍റെ ബ്രേക്ക്‌ പോയിരിക്കുന്നു!

ഇടതു വശം പാറയും കുറ്റിച്ചെടികളും നിറഞ്ഞ തിട്ട. വലതു വശം നല്ല ഒന്നാംതരം കൊക്ക. താഴോട്ടെങ്ങാനും പോയാല്‍ 'പൊടി പോലുമില്ല കണ്ടുപിടിക്കാന്‍' എന്നു പറഞ്ഞതു പോലെയാകും.

ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍? ഡ്രൈവര്‍ എങ്ങനെയോ വാഹനത്തിന്‍റെ വേഗം കുറച്ചു. ഇപ്പോള്‍ ബസ്സ്‌ നീങ്ങുന്നതു വളരെ ഇഴഞ്ഞാണ്‌. എതിരെ മറ്റൊരു വാഹനം വരുന്നതിനു മുന്‍പേ സുരക്ഷിതമായ ഒരു ഭാഗത്തു വണ്ടി ഇടിപ്പിച്ചു നിര്‍ത്തുന്നതിനായി അങ്ങനെ പോകുന്നു, പോയിക്കൊണ്ടിരിക്കുന്നു. വേഗം തീരെ കുറവാകയാല്‍, മുങ്ങാന്‍ പോകുന്ന കപ്പലില്‍ നിന്നെന്ന പോലെ ഓരോരുത്തര്‍ അവസരം നോക്കി ചാടിയിറങ്ങുന്നുമുണ്ട്‌.

ബോബിസാര്‍ സംഭവം അറിഞ്ഞിരിക്കുന്നു.! അദ്ദേഹം ഉണര്‍ന്നു. ബസിന്‍റെ പിന്‍ഭാഗത്തെ ഡോറില്‍ കിളി എന്ന സ്റ്റാഫിന്‍റെ അഭാവം നമ്മുടെ മിസ്റ്റര്‍ കൊടകര തിരിച്ചറിഞ്ഞു. സ്വയം ആ സ്ഥാനം ആശാന്‍ ഏറ്റെടുത്തു, കാര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കി പുറത്തേക്കു തലയിട്ടുകൊണ്ടു രംഗവീക്ഷണം നടത്തുന്നു.

അത്തരുണത്തില്‍, ഒരാള്‍ തന്‍റെ ലഗേജുമായി ഡോറിനു സമീപം എത്തുകയും ഇറങ്ങണമെന്ന്‌ ആംഗ്യം കാണിക്കുകയും ചെയ്തു. ഇല്ല. ബോബിസാര്‍ വഴിമുടക്കിത്തന്നെ നിന്നു.

"ഹൈ, ഇപ്പോള്‍ ഇറങ്ങാന്‍ പറ്റില്ലാന്ന്‌." പോരാഞ്ഞിട്ടു കൈ കൊണ്ടു ചെറിയൊരു ബാരിക്കേഡും നിര്‍മ്മിച്ചു.

"ഞാന്‍ വണ്ടിയേന്ന് ഇറങ്ങുന്നതിനു ഇയാള്‍ക്കിതെന്തോന്നിന്‍റെ കേടാ?" എന്ന് ആ യാത്രക്കാരനു തോന്നിയിരിക്കണം.

അയാള്‍ വീണ്ടും നിര്‍ബന്ധം പിടിച്ചപ്പോള്‍ ബോബിസാര്‍ വേണ്ടതു ചെയ്തു. മുന്നില്‍ ഞാന്നു കിടന്ന ചരടില്‍ പിടിച്ചു മനസ്സില്ലാ മനസ്സോടെ ഒറ്റ വലി..!!

"ടിന്‍...."

തള്ളേ, സിംഗിള്‍ ബെല്‍..!!

എന്നിട്ടൊരു പറച്ചിലും- "ബണ്ടി നിക്കട്ടേന്നു..!!"

കൊച്ചുവെളുപ്പാന്‍ കാലത്തു എവിടെയെങ്കിലും സ്വസ്ഥമായി ഒന്നു ക്രാഷ്‌ ലാന്‍റ്‌ ചെയ്യാന്‍ അതിസാരം പിടിപെട്ടവനെപ്പോലെ ബ്രേക്കില്ലാതെ ഓടുന്ന നേരത്ത്‌ വണ്ടി നിര്‍ത്താന്‍ സിംഗിള്‍ ബെല്‍ അടിച്ച പയല്‌ എവനെടാ എന്നു ബസ്സ്‌ പോലും ഒരു വേള ചിന്തിച്ചുകാണണം.