Showing posts with label devotional. Show all posts
Showing posts with label devotional. Show all posts

Friday, November 20, 2009

വീണ്ടും വൃശ്ചികം

ഇതു വൃശ്ചികം. കുളിരാര്‍ന്നു വിരിയുന്ന ഓരോ വൃശ്ചികപ്പിറവിയിലും അയ്യപ്പസ്വാമിയുടെ മുഖമാണു മനസ്സില്‍ ഓടിയെത്തുക. ഒരിക്കലെങ്കിലും മല ചവിട്ടിയവര്‍ക്ക്‌ മണ്ഡലകാലമെത്തുമ്പോള്‍ അയ്യപ്പന്റെ വിളി കേള്‍ക്കാം, ഉള്ളില്‍. ആ ക്ഷണത്തെ കണ്ടില്ലെന്നു നടിക്കാനാവുമായിരുന്നില്ല ഇത്തവണ. 2005-ലാണ്‌ ഇതിനു മുന്‍പ്‌ ശ്രീധര്‍മ്മശാസ്താവിനെ ദര്‍ശിച്ചത്‌. ഇപ്പോഴിത്‌ മൂന്നാം നിയോഗം. ഭക്തന്‍ തന്നെ ദൈവമാകുന്ന അപൂര്‍വ്വപുണ്യം അയ്യപ്പന്റെ ദാസനു മാത്രം സ്വന്തം. മാലയിട്ട്‌ വ്രതം നോറ്റ്‌, ജീവിതത്തിലെ സുഖവും ദു:ഖവും ഇരുമുടിയില്‍ നിറച്ച്‌, മനസ്സും ശരീരവും ഭഗവാനിലര്‍പ്പിച്ച്‌ വീണ്ടുമൊരു തീര്‍ത്ഥയാത്ര. എന്റെ ഗുരുനാഥനെത്തേടി.

മനസ്സില്‍ ശരണമന്ത്രങ്ങള്‍ നിറയുമ്പോള്‍ ആദ്യ മലയാത്ര ഓര്‍മ്മ വരുന്നു. ഞാനുള്‍പ്പടെ മൂന്ന് അയ്യപ്പന്മാര്‍ മാത്രമുള്ള ആ സംഘം മല ചവിട്ടിയത്‌ ഏകദേശം ഏഴുവര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. ശര‍ണം വിളികള്‍ ചവിട്ടുപടികളാക്കി മാമലയേറുമ്പോള്‍ വ്രതം നല്‍കിയ ആത്മവിശ്വാസവും കാര്‍ന്നോന്മാരുടെ ആശീര്‍വ്വാദവും അയ്യപ്പസ്വാമിയുടെ അനുഗ്രഹവും മാത്രമായിരുന്നു കൈമുതല്‍. എരുമേലിയില്‍ വാവരെ തൊഴുത്‌ പേട്ടശാസ്താവിനെ വണങ്ങി പേട്ടകെട്ടി പമ്പയിലേക്ക്‌. ദക്ഷിണഗംഗയായ പമ്പയില്‍ കുളിച്ച്‌ പിതൃക്കള്‍ക്ക്‌ തര്‍പ്പണം നടത്തി, മഹാഗണപതിക്ക്‌ നാളികേരമുടച്ച്‌ പന്തളരാജാവിന്റെ ആശീര്‍വാദം വാങ്ങുമ്പോള്‍ കാനനവാസന്റെ കാല്‍ച്ചുവട്ടിലെത്തി എന്നൊരു നിറവാണ്‌ ഉള്ളില്‍.

കര്‍പ്പൂരദീപം തൊഴുത്‌ മലയേറ്റം തുടങ്ങുന്ന ഭക്തന്റെ മുന്നില്‍ സ്വന്തം ജീവിതം തന്നെയാണ്‌ കല്ലും മുള്ളും കാട്ടുമൃഗങ്ങളും നിറഞ്ഞ കാനനപാതയായി തെളിയുന്നത്‌. ശബരീശനാമം ഒരൂഞ്ഞാലിലെന്നപോലെ ഭക്തനെ മലയേറ്റുന്നു. വഴിയില്‍ മലദൈവങ്ങളെ വണങ്ങി, ഭൂതഗണങ്ങള്‍ക്ക്‌ അരിയുണ്ടയെറിഞ്ഞ്‌, ശരംകുത്തിയാലില്‍ അമ്പു തറച്ച്‌ ഞാനും അയ്യന്റെ പടയാളിയെന്ന ദാസ്യഭാവത്തോടെ നടപ്പുതുടരുന്നു. ക്ഷമയോടെ ക്യൂവില്‍ നിന്ന് പൊന്നമ്പലത്തിലെ ആ തിരുസ്വരൂപം തെല്ലിട നേരത്തേക്കു കണ്ടു തൊഴുമ്പോള്‍ അപക്വമായ എന്റെ മനസ്സ്‌ ശൂന്യമായിരുന്നു. എല്ലാ വ്യഥകളും മോഹങ്ങളും സന്തോഷങ്ങളും മാഞ്ഞ്‌ ഉള്ളില്‍ ശാന്തി നിറയുന്ന നിര്‍വൃതി. അവലും മലരും ശര്‍ക്കരയും അരിയും പഴവും നാളികേരവും നറുനെയ്യും അയ്യനര്‍പ്പിച്ചപ്പോള്‍ ഞാനാരുമല്ല എന്ന് എന്നൊരു തിരിച്ചറിവും മറിച്ച്‌ ഞാന്‍ തന്നെ ഈശ്വരനെന്നൊരു വെളിപാടും കൈവന്നപോലെ. കാണിപ്പൊന്നു സമര്‍പ്പിച്ച്‌ സാഷ്ടാംഗം ആ തിരുമുറ്റത്ത്‌ നമിച്ചപ്പോള്‍ നിസ്സാരനായ ഞാന്‍ വീണ്ടുമൊരു മണ്‍തരിയായപോലെ. മതിയായില്ല, പിന്നെയും തൊഴുതു. പിന്നെ മാളികപ്പുറവും നവഗ്രഹങ്ങളും നാഗരാജാവും മറ്റു ദേവീദേവന്മാരും.

ഒടുവില്‍ അയ്യപ്പസ്വാമിയുടെ പ്രസാദം ഉച്ചയൂണ്‌. ഇത്രയും രുചിയോടെയും തൃപ്തിയോടെയും അന്നും ഇന്നും വേറെ ഭക്ഷണം കഴിച്ചിട്ടില്ല. ഇല്ലായ്മയറിയിക്കാതെ എന്നും പോറ്റിപ്പരിപാലിക്കുന്ന എന്റെ അന്നദാനപ്രഭുവിനെ ഞാന്‍ നേരിട്ടറിഞ്ഞ മുഹൂര്‍ത്തം.

മലയിറക്കത്തിലാണ്‌ വിസ്മയിച്ചു പോകുക! ഇക്കണ്ട ദുര്‍ഘടപാതയെല്ലാം സ്വാമീ ഞാന്‍ തന്നെയോ നടന്നു കയറിയതെന്ന് ഭക്തിപ്രഹര്‍ഷത്തോടെ മാത്രമേ ഓര്‍ക്കൂ. പമ്പയിലെത്തുമ്പോഴേക്കും മലയേറുന്ന ബാലകരും വൃദ്ധരും രോഗികളും വികലാംഗരും ഉള്ളിലെ വിശ്വാസനാളം ഒന്നുകൂടി ജ്വലിപ്പിക്കും.

പിന്നീടൊരിക്കല്‍ എരുമേലി പേട്ടകെട്ടു കാണാനൊരു യാത്ര. എന്റെ മുത്തച്ഛന്റെ മണ്ണാണത്‌. ദശാബ്ദങ്ങള്‍ക്കു മുന്‍പേ അന്നം തേടിയുള്ള യാത്രയില്‍ പിന്നിലാക്കിപ്പോന്ന ഈറ്റില്ലം. അവിടെ ഉത്സവഹര്‍ഷത്തില്‍ മഹിഷീനിഗ്രഹസ്മരണ ആഘോഷിക്കുന്ന ഭക്തരെ സേവിക്കാന്‍ ലഭിച്ച അവസരവും പാഴാക്കിയില്ല. ഒടുവില്‍ പാരമ്പര്യമഹിമ വിളിച്ചോതുന്ന വേളയില്‍ നട്ടുച്ചയ്ക്ക്‌ ആകാശത്തില്‍ ഗരുഡവാഹനത്തിലേറി പാര്‍ത്ഥസാരഥി എഴുന്നള്ളി. മാനത്തു ദിവ്യശോഭയായി നക്ഷത്രം തെളിഞ്ഞു. പരസഹസ്രം നാവുകളില്‍ നിന്നും ശരണമന്ത്രങ്ങള്‍ ഉയര്‍ന്നു. എല്ലാവരുടെയും മുഖത്ത്‌ ഒരേ തേജസ്‌, എല്ലാ നാവിലും ഒരേ മന്ത്രം. മതവും ജാതിയും വേഷവും ഭാഷയും പരബ്രഹ്മത്തിന്റെ മുന്നില്‍ ഒന്നാകുന്ന അസുലഭദര്‍ശനപുണ്യം.

അതെ, ഇവിടെ തമിഴനും തെലുങ്കനും കന്നഡിഗനും മലയാളിയുമില്ല. എന്തിന്, മനുഷ്യനും ദൈവവുമില്ല. പകരം ഭക്തനും ഭഗവാനും ഒന്നാവുന്ന ജന്മസാഫല്യം മാത്രം. തത്ത്വമസി. സ്വാമി ശരണം!

Thursday, December 04, 2008

വന്ദേഹം ശ്രീശബരീശം


1) സ്വാമിയേയ്‌...
2) ഹരിഹര സുതനേ
3) അന്നദാന പ്രഭുവേ
4) ആരണ്യ വാസനേ
5) അരവണ പ്രിയനേ
6) അറിവില്ലാ പൈതങ്ങളാണു സ്വാമിയേ
7) ഭൂലോക നാഥനേ
8) ഭൂമിക്കുടയ നാഥനേ
9) ഭൂമിയില്‍ അവതരിച്ച ദേവനേ
10) ഭൂതാദി നാഥനേ
11) ഭൂതഗണ നാഥനേ
12) ദര്‍ശനം നല്‍കേണം സ്വാമിയേ
13) ധര്‍മ്മ സംസ്ഥാപന മൂര്‍ത്തിയേ
14) ദോഷങ്ങള്‍ അകറ്റേണം സ്വാമിയേ
15) എരുമേലി പേട്ടയേ
16) എരുമേലി ശാസ്താവേ
17) ഗുരുസ്വാമിയേ
18) ഹരിഹര നന്ദനേ
19) അപ്പാച്ചി മേടേ
20) ഇരുമുടിക്കെട്ടേ
21) ഇരുമുടിയേന്തണം സ്വാമിയേ
22) കാനന വാസനേ
23) കാണിക്ക കൈക്കൊള്ളണം സ്വാമിയേ
24) കാത്തു രക്ഷിക്കണം പൊന്നു ഭഗവാനേ
25) കലികാല മൂര്‍ത്തിയേ
26) കലിയുഗ വരദനേ
27) കണ്‍കണ്ട ദൈവമേ
28) കണ്ടു തൊഴാന്‍ കനിയണം സ്വാമിയേ
29) കരിമല കയറ്റമേ
30) കര്‍പ്പൂരപ്രിയനേ
31) കര്‍പ്പൂരാഴിയേ
32) കര്‍പ്പൂരദീപമേ
33) കഷ്ടങ്ങള്‍ പോക്കേണം സ്വാമിയേ
34) കൈവല്യദായക മൂര്‍ത്തിയേ
35) കെട്ടില്‍ കുടി കൊള്ളേണം സ്വാമിയേ
36) കെട്ടിനു കൂട്ടായി വരേണം സ്വമിയേ
37) കൊച്ചുകടുത്ത സ്വാമിയേ
38) മാളികമേല്‍ വാഴും ദേവിയേ
39) മാമലമേല്‍ വാഴുന്ന മൂര്‍ത്തിയേ
40) മഹിഷീ മോക്ഷകനേ
41) മകര ജ്യോതിയേ
42) മകര വിളക്കേ
43) മലരവില്‍ പ്രിയനേ
44) മാളികപ്പുറത്തമ്മ ദേവി ലോക മാതാവേ
45) മാമകര തിടമ്പേ
46) മാമലയേറ്റണം സ്വാമിയേ
47) മണികണ്ഠ സ്വാമിയേ
48) മോഹിനീസുതനേ
49) മോക്ഷദായകനേ
50) നാഗ രാജാവേ
51) നീലിമല കയറ്റമേ
52) നെഞ്ചിലെന്നും വാഴേണം സ്വാമിയേ
53) നെയ്യഭിഷേക പ്രിയനേ
54) നിത്യബ്രഹ്മചാരിയാം ഭഗവാനേ
55) ഒംകാരപൊരുളേ
56) ഒംകാരസ്വരൂപനേ
57) പടി തൊട്ടു തൊഴേണം സ്വാമിയേ
58) പമ്പയില്‍ ആറാട്ടേ
59) പമ്പ വിളക്കേ
60) പമ്പാ തീര്‍ഥമേ
61) പമ്പാവാസനേ
62) പമ്പയില്‍ ബലിയേ
63) പമ്പയില്‍ സ്നാനമേ
64) പമ്പാഗണപതിയേ
65) പമ്പാനദിയേ
66) പന്തള കുമാരനേ
67) പന്തള നന്ദനനേ
68) പന്തളത്തുണ്ണിയേ
69) പതിനെട്ടു മാമലകള്‍ക്കും നാഥനേ
70) പെരിയസ്വാമിയേ
71) പേട്ട കൊണ്ടാട്ടമേ
72) പൊന്നമ്പല മേടേ
73) പൊന്നമ്പല വാസനേ
74) പുലിവാഹനനേ
75) പുണ്യപാപ ചുമടുകളേ
76) സച്ചിന്മയരൂപനേ
77) ശനീശ്വരനേ
78) ശനികാലം പോക്കണം സ്വാമിയേ
79) സന്മാര്‍ഗ്ഗ ദീപമേ
80) ശരം കുത്തിയാലേ
81) സര്‍വ്വവേദാന്ത പൊരുളേ
82) സത്യമായ പൊന്നു പതിനെട്ടാം പടിയേ
83) ശ്രീ ശബരി നാഥനേ
84) ശ്രീഭൂതനാഥനേ
85) ശ്രീധര്‍മ്മ ശാസ്താവേ
86) ശ്രീമണികണ്ഠനേ
87) സ്വാമിയുടെ ഗുരുദക്ഷിണയേ
88) സ്വാമിയുടെ കാണിപ്പൊന്നേ
89) സ്വാമിയുടെ കന്നിക്കാരേ
90) സ്വാമിയുടെ പഴമക്കാരേ
91) സ്വാമിയുടെ നെയ്‌മുദ്രയേ
92) സ്വാമിയുടെ നെയ്യഭിഷേകമേ
93) സ്വാമിയുടെ പടിപൂജയേ
94) സ്വാമിയുടെ മുദ്രാമാലയേ
95) സ്വാമിയുടെ പൂങ്കാവനമേ
96) സ്വാമിയുടെ തീര്‍ഥങ്ങളേ
97) സ്വാമിയുടെ തിരുവാഭരണങ്ങളേ
98) തീര്‍ഥത്തില്‍ സ്നാനമേ
99) തൃപ്പടി താണ്ടണം സ്വാമിയേ
100) ഉത്രം നക്ഷത്ര ജാതനേ
101) വാജിവാഹനനേ
102) വാവരിന്‍ തോഴനേ
103) വാവരു സ്വാമിയേ
104) വലിയ കടുത്ത സ്വാമിയേ
105) വീരമണികണ്ഠനേ
106) വില്ലാളി വീരനേ
107) പാണ്ടി മഥുര മലയാളം കാശി രാമേശ്വരം അടക്കിവാഴും അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനേ
108) ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയേയ്‌... ശരണമയ്യപ്പാ!!